പൊന്മുട്ടയിടുന്ന താറാവിനെ കൊല്ലണോ .?

//പൊന്മുട്ടയിടുന്ന താറാവിനെ കൊല്ലണോ .?
//പൊന്മുട്ടയിടുന്ന താറാവിനെ കൊല്ലണോ .?
വായനക്കാരുടെ സംവാദം

പൊന്മുട്ടയിടുന്ന താറാവിനെ കൊല്ലണോ .?

Print Now
ലയാളിയുടെ അര നൂറ്റാണ്ട് പിന്നിടുന്ന അറബി പൊന്നും തേടിയുള്ള യാത്രക്ക് ഇന്ന് കണ്ണീരിന്റെ നനവാണ്‌. പ്രവാസികളുടെ വിയർപ്പിന് പോലും ലോകത്തെ വിറപ്പിച്ചു കൊണ്ടിരിക്കുന്ന വൈറസിന്റെ ഗന്ധമുണ്ടെന്ന് കുഞ്ഞുങ്ങൾ വരെ വിളിച്ചു പറയുന്നു. ലോകം മുഴുവൻ മരുന്നില്ലാത്ത മഹാമാരിയുടെ മുമ്പിൽ മുട്ടുമടക്കുമ്പോൾ എങ്ങിനെയെങ്കിലും തന്റെ പ്രിയപ്പെട്ടവരുടെ അടുത്തെത്താൻ ഏഴാം കടലിനക്കരെയുള്ള മരുഭൂമിയിൽ കിടന്ന് അവൻ ആശിച്ചപ്പോൾ ആ സ്വപ്നങ്ങൾക്ക് ചിറകുകൾ ഇല്ലാതായി. അവനെ അവന്റെ പ്രിയപ്പെട്ടവരുടെ അടുത്തെത്തിക്കുന്ന ആകാശ പറവകൾ വിശ്രമത്തിലായിപ്പോയി. അവന്റെ ഏങ്ങലുകളും, കണ്ണീർ കണങ്ങളും മണലാരണ്യത്തിന് മുകളിൽ ഉയർന്നു പൊങ്ങിയ അത്തറിന്റെ മണമില്ലാത്ത കാറ്റിൽ നേർത്തലിഞ്ഞില്ലാതെയായി തീർന്നു.

ഗൾഫ് നാടുകളിൽ പലയിടങ്ങളിലും കോവിഡ് 19 അതിന്റെ മൂന്നാം ഘട്ടത്തിലേക്ക് കടന്നിരിക്കെ പ്രവാസികളിൽ പലരും വല്ലാത്ത മാനസിക സംഘർഷത്തിലാണ്. ഉള്ള ജോലി നഷ്ടപ്പെടുമോ എന്ന് ഭയപ്പെടുന്നവർ, ലേബർ ക്യാമ്പിലും മറ്റും കൂട്ടത്തോടെ കഴിഞ്ഞു കൂടുമ്പോൾ ഒരാൾക്ക് രോഗം വന്നാൽ തന്നെയും ഈ മഹാമാരി ഏതു നിമിഷവും കീഴ്‌പ്പെടുത്തുമോ എന്ന് ആശങ്കപ്പെടുന്നവർ. തങ്ങളുടെ പ്രിയപ്പെട്ടവർക്ക് ഭക്ഷണത്തിന് പോലും പണമയക്കാൻ കഷ്ടപ്പെടുന്നവർ. രോഗം കൊണ്ട് വലയുന്ന പ്രായമേറെ ചെന്നവർ.

മരുഭൂമിയിലെ മരുപ്പച്ച പോലെ ഇവിടുത്തെ ഭരണ കർത്താക്കളുടെ ഇടപെടലുകൾ പ്രവാസികൾക്ക് ഏറെ ആശ്വാസകരമാണ്. സൗജന്യ ചികിത്സയും, ഭക്ഷണ വിതരണവും എല്ലാം അവന്റെ ഉള്ളിലെ തീയണക്കുന്ന കുളിർ തെന്നലാണ്‌. കയ്യും മെയ്യും മറന്ന് കെ എം സി സിയെപ്പോലുള്ള സന്നദ്ധ സംഘടനകളുടെ സ്നേഹ തലോടലുകൾ അവന് നൽകുന്ന കരുത്ത്‌ പറഞ്ഞറിയിക്കാവതല്ല.

പച്ചപ്പ്‌ പുതച്ചു കിടക്കുന്ന മാമലകളുടെ നാട്ടിൽ തന്റെ മനസ്സിനെ പണയം വെച്ച് സ്വന്തം ശരീരത്തെ വിമാന ചിറകിലേറ്റുമ്പോൾ സ്വന്തക്കാർ വിഷമിക്കാതിരിക്കാനായി പ്രവാസിയുടെ ചുണ്ടിൽ വിരിയുന്ന ഒരു പുഞ്ചിരിയുണ്ട്, ലോകത്ത് അവന് മാത്രം അവകാശപ്പെട്ട പുഞ്ചിരി, ആ പുഞ്ചിരിയോടെ ഈ മഹാമാരിയെ ഓരോ പ്രവാസിയും നേരിടുക തന്നെ ചെയ്യും. പ്രവാസികളെ ഉടനടി നാട്ടിലെത്തിക്കേണ്ടി വരുമെന്ന് വ്യാജ വാർത്ത പടച്ചു വിടുന്നവരോട് കാലം കണക്ക് ചോദിച്ചിരിക്കും. ഇതൊരു തിരിച്ചറിവിന്റെ കാലഘട്ടമാണ്. ഏത് വേദനയിലും, പ്രയാസത്തിലും തന്റെ കൂടെ തന്റെ പ്രിയപ്പെട്ടവരും, ഭരണ ചക്രം തിരിക്കുന്നവരും ഉണ്ടാവുമെന്ന വ്യാമോഹത്തിന്റെ ശവപ്പെട്ടിയിലെ അവസാനത്തെ ആണിയടിക്കാനുള്ള അസുലഭ നിമിഷങ്ങൾ.

ഇന്ന് എല്ലാ സൗഭാഗ്യങ്ങൾക്കു നടുവിലും ഒറ്റപ്പെടലിന്റെ വേദനയുടെ ആഴക്കടലിൽ മുങ്ങിത്താഴുമ്പോഴും, ഇത് പോലെ മരണ ശേഷം താൻ ഒറ്റക്കായിരിക്കുമെന്നും, തനിക്ക് തന്റെ സത്പ്രവർത്തികൾ മാത്രമേ കൂട്ടിനുണ്ടാവുകയുള്ളൂ എന്നുമുള്ള തിരിച്ചറിവിന്റെ കാലം.

തങ്ങളുടെ പ്രിയപ്പെട്ടവരുടെ അത്യാഗ്രഹങ്ങളെ സഫലീകരിച്ച് മെഴുകുതിരിയെപ്പോലെ സ്വയം ഇല്ലാതാവാനുള്ളതല്ല തന്റെ വിലപ്പെട്ട ജീവിതമെന്ന് മറ്റുള്ളവർക്ക് കാണിച്ചു കൊടുക്കാൻ ഓരോ പ്രവാസിക്കും ഈ പരീക്ഷണ ഘട്ടം ക്ഷമ കൊണ്ടും, സഹനം കൊണ്ടും തരണം ചെയ്യാൻ സാധിക്കട്ടെ..

കേരളത്തിന്റെ നട്ടെല്ലെന്ന് വിശേഷിപ്പിക്കുന്ന ഈ പൊന്മുട്ടയിടുന്ന താറാവുകളായ പ്രവാസികളെ കൊല്ലണോ എന്ന് ഭരണ കർത്താക്കൾ തീരുമാനിക്കട്ടെ..

5 Comments

 • മാഷാ അല്ലാഹ്..
  മരണത്തെ ഓർമ്മിപ്പിക്കാൻ..
  മരണാനന്തരത്തെ ഓർത്തു ജീവിക്കാൻ..
  പ്രവാസികളെയും ഒരു ഓർമ്മപ്പെടുത്തൽ..

  Mansoor/manoj kalathil 18.04.2020
 • പല പ്രതിസന്ധികളെ തരണം ചെയ്യുന്ന പ്രവാസി ഈ കോവിഡ് കാലത്തെയും തരണം ചെയ്യും ..

  ഷാഫി 18.04.2020
 • Well said جزاكم الله خيرا

  Nasar 18.04.2020
 • മാഷാ അല്ലാഹ്….

  അബ്ദുൽ ഗഫൂർ ചുണ്ടക്കാടൻ 18.04.2020
 • ആഷിക്ക് മഞ്ചേരി
  എന്റെ സഹപ്രവാത്തകൻ.
  നല്ല എഴുത്ത്

  FIROZ 20.04.2020

Leave a comment

Your email address will not be published.