
ചെറുതെങ്കിലും സമൂഹത്തിലെ ഏറ്റവും സങ്കീർണ്ണമായ സ്ഥാപനമാണ് കുടുംബം. ഏതൊരു വലിയ സ്ഥാപനത്തെയും പോലെ തന്നെ ഒരുപാട് വകുപ്പുകൾ ദിനേന പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഒരു വ്യവസ്ഥിതി. മാതാവെന്നും പിതാവെന്നും പദവി നൽകപ്പെട്ട രണ്ട് പ്രധാന വകുപ്പ് തലവൻമാരാണ് ഇതിനെ നിയന്ത്രിക്കുന്നത്. കുക്കിംഗ്, ഹൗസ് കീപ്പിംഗ്, ലോൻട്രി, ബേബി ക്രഷ്, ഹെൽത്ത് & സാനിറ്റേഷൻ, പെറ്റ്സ്, കിച്ചൺ ഫാർമിംഗ്, ലാൻഡ്സ്കേപിംഗ്, ഗാർഡ്നിംഗ്, ചിൽഡ്രൻസ് ഗ്രൂമിംഗ് തുടങ്ങിയ വകുപ്പുകൾ മാതാവും ഫിനാൻസ്, ട്രാൻസ്പോർട്ടേഷൻ, മെയ്ന്റനൻസ്, റിസപ്ഷൻ, ഔട്ട് ഡോർ, റിക്രിയേഷൻ, ജനറൽ മാനേജിംഗ് തുടങ്ങിയവ പിതാവും ബോധപൂർവമോ അല്ലാതെയോ കൈകാര്യം ചെയ്തു വരുന്നതാണ് പൊതുവെ കുടുംബമെന്ന സ്ഥാപനത്തിന്റെ രീതി. ഈ വകുപ്പുകളിലും വകുപ്പ് തലവൻമാർ തമ്മിലും ഉണ്ടാകുന്ന താളപ്പിഴകൾ സ്ഥാപനത്തെ നശിപ്പിക്കുക മാത്രമല്ല പരസ്പര കൊലപാതകത്തിലേക്ക് വരെ നയിച്ചേക്കാം. ഇത്രയും വകുപ്പുകളുടെ ക്രയവിക്രയങ്ങൾ ദിനേന കണ്ടും പരിചയിച്ചും വളരുന്ന കുട്ടിയുടെ വളർച്ചയ്ക്ക് ബോധപൂർവം നൽകുന്ന കൈത്താങ്ങാണ് പാരന്റിംഗ് അഥവാ രക്ഷാകർതൃത്ത്വം. അതിനെ ഉപമിക്കാവുന്നത് കുഴച്ചുവെച്ച കളിമണ്ണിന് താങ്ങാവുന്ന കൊശവന്റെ കൈയ്യിനോടാണ്. പാരന്റിംഗിലേക്ക് പ്രവേശിക്കുന്നതിന് മുൻപ് അതിന്റെ അഞ്ച് അടിസ്ഥാന തത്ത്വങ്ങൾ നാം മനസ്സിലാക്കേണ്ടതുണ്ട്.(16)
1. പാരന്റിംഗിന് മുൻഗണന നൽകുക
നാം ദിനേന ചെയ്യുന്ന കർമ്മങ്ങൾ പോലെ പാരന്റിംഗിനും ബോധപൂർവം അൽപം സമയം മാറ്റിവെയ്ക്കുകയും അതിന് മുൻഗണന നൽകുകയും ചെയ്യുക. നാം നമ്മുടെ ലോകത്ത് തിരക്കിലായിരിക്കുന്നതും ബോധപൂർവമല്ലാതെ മക്കളിൽ നിന്ന് അകന്നിരിക്കുന്നതും അവർ ശ്രദ്ധിക്കുന്നുണ്ടെന്ന് തിരിച്ചറിയുക. അവർക്ക് വേണ്ട ശ്രദ്ധയും പിന്തുണയും വീട്ടിൽ നിന്ന് കിട്ടിയില്ലെങ്കിൽ അത് കിട്ടുന്നിടത്തേക്ക് പോകാൻ അവർ താത്പര്യപ്പെടും. നിങ്ങൾ അവർക്ക് എന്തെല്ലാം വാങ്ങികൊടുക്കുന്നു എന്നതല്ല, നിങ്ങൾ അവർക്ക് എത്ര സമയം കൊടുക്കുന്നു എന്നതാണ് പ്രധാനം. പ്രവാചകൻ മുഹമ്മദ് നബി (സ) കുട്ടികളുമായി കളിക്കാൻ ഒരുപാട് സമയം കണ്ടെത്തിയിരുന്നതായി നിരവധി ഹദീഥുകളിൽ നിന്ന് നമുക്ക് വായിക്കാം.
2. നിങ്ങളുടെ അധികാരത്തെ ഉപയോഗിക്കുക
രക്ഷിതാക്കൾക്ക് മക്കളുടെ ജീവിതത്തിൽ ചില അധികാരങ്ങളുണ്ട്. അത് വേണ്ട പോലെ പ്രയോഗിക്കുക എന്നത് അവരുടെ ബാധ്യതയും ഉത്തരവാദിത്തവുമാണ്. അച്ചടക്കമെന്നാൽ പെരുമാറ്റങ്ങൾക്ക് പരിധി നിശ്ചയിച്ച് അതിനെ സാമൂഹികമായി അംഗീകരിക്കപ്പെട്ട നിയതമായതും വസ്തുനിഷ്ഠമായതുമായ ധാർമികതയിലേക്ക് പതിയെ വഴിനടത്തലാണ്. അത്കൊണ്ട് തന്നെ ചില സന്ദർഭങ്ങളിൽ ‘പറ്റില്ല’ എന്ന് തീർത്ത് പറയേണ്ടതായിട്ട് വരും. യാതൊരു നിയമങ്ങളും ഇല്ലാത്ത ഒരു ഫുട്ബോൾ മത്സരവും, കളിയുടെ നിയമങ്ങളെല്ലാമുള്ള ഒരു മത്സരവും സങ്കൽപ്പിച്ചു നോക്കുക, ഏതായിരിക്കും മനോഹരമായത്? മുസ്ലിമിനെ സംബദ്ധിച്ചിടത്തോളം വസ്തുനിഷ്ഠമായ ധാർമികത എന്നത് ഖുർആനിലേക്കും സുന്നത്തിലേക്കും ആനയിക്കലാണ്.
3. സ്വയം മാതൃകയാവുക
സ്വയം സൽസ്വഭാവിയായിരിക്കുകയെന്നത് പാരന്റിംഗിനെ സംബന്ധിച്ച് വളരെ പ്രധാനമാണ്. നമ്മൾ മക്കളിൽ വളർത്താൻ ആഗ്രഹിക്കുന്ന സദ്ഗുണങ്ങളെ കുറിച്ച് നേരത്തെ ധാരണയുണ്ടായിരിക്കുകയും പ്രസ്തുത ഗുണങ്ങൾ നമ്മിൽ തന്നെ ആദ്യം പരിശീലിക്കുകയും ചെയ്യേണ്ടത് അനിവാര്യമാണ്.
4. കുടുംബത്തെ ബോധപൂർവം പടുത്തുയർത്തുക
ഏതൊരു ബിസ്നസ് സ്ഥാപനത്തിന്റെ ഉയർച്ചക്ക് പിന്നിലും അഹോരാത്രം സമയം ചെലവഴിച്ച വ്യക്തികളുണ്ടാവുമെന്നത് തീർച്ചയാണ്. കുടുംബവും അത്പോലെ തന്നെയാണ്. നല്ല കുടുംബങ്ങൾക്ക് പിന്നിലും ഇത് പോലെ അദ്ധ്വാനിച്ച ആരെങ്കിലുമുണ്ടാകും. ‘അന്തസ്സുള്ള കുടുംബം’ എന്ന നമ്മുടെ നാട്ടിലെ പ്രയോഗം ഇത്തരം കുടുംബങ്ങളെ ഉദ്ദേശിച്ചാണ്. ഒരു കുടുംബത്തിലെ എല്ലാവരും സൽസ്വഭാവികളാവുമ്പോഴാണ് ‘അന്തസ്സുള്ള കുടുംബ’മായി മാറുന്നത്. അതിന് ബോധപൂർവമുള്ള നിതാന്ത പരിശ്രമം ആവശ്യമാണ്. വീട്ടിൽ എല്ലാവരിലും ഉണ്ടായിരിക്കേണ്ട സദ്ഗുണങ്ങൾ, മൂല്യങ്ങൾ എന്നിവ എഴുതിവെയ്ക്കാവുന്നതും അത് പാലിക്കുമെന്ന് കുടുംബസമ്മേതം തീരുമാനമെടുക്കുകയും ചെയ്യാം.
5. കുട്ടിയുടെ സ്കൂൾ ജീവിതത്തിൽ ഇടപെടുക
സ്കൂളുകളിലെ പാരന്റ്സ് മീറ്റിംഗിൽ പൊതുവെ പാരന്റ്സിന്റെ സാന്നിധ്യം വളരെ കുറവായിരിക്കും. വരുന്നവർ തന്നെ കുട്ടിയുടെ മാർക്ക് എങ്ങനെ കുറഞ്ഞുവെന്നും അത് കൂട്ടാൻ എന്തെല്ലാം ചെയ്യണമെന്നും ചർച്ച ചെയ്യാനാണ് വരുന്നത്. സ്കൂൾ ജീവിതത്തിൽ ഇടപെടുക എന്നത്കൊണ്ടുള്ള വിവക്ഷ പഠനത്തിൽ മാത്രം ശ്രദ്ധിക്കുക എന്നല്ല. ഇരുപത്തിനാല് മണിക്കൂർ ജീവിതത്തിൽ നമ്മുടെ കുട്ടി ദിനേന എട്ട് മണിക്കൂർ മറ്റൊരു സ്ഥാപനത്തിലാണ് ചെലവഴിക്കുന്നത്. അവിടെ നമ്മുടെ കുട്ടിയുടെ പെരുമാറ്റ രീതികൾ എന്തെല്ലാമാണ് എന്നറിയാൻ കൂടിയാവണം ഈ ഇടപെടൽ. ക്ലാസ്സ് ടീച്ചറുമായി നിരന്തരം ഈ വിഷയങ്ങൾ സംസാരിക്കുക. നമ്മുടെ മക്കളിൽ വളർത്തികൊണ്ടുവരാൻ ഉദ്ദേശിക്കുന്ന സദ്ഗുണങ്ങൾ അവരുമായി പങ്ക്വെയ്ക്കുക. പതിനാറ് മണിക്കൂർ കുട്ടി ചെലവഴിക്കുന്ന സ്ഥാപനത്തിന്റെ ‘പ്രിൻസിപ്പാളായ’ രക്ഷിതാക്കളിൽ പലരും കുട്ടിയുടെ മോശം പ്രവർത്തികൾക്ക് എട്ട് മണിക്കൂർ ചെലവഴിക്കുന്ന സ്കൂളിലെ പ്രിൻസിപ്പാളിനോട് ദേഷ്യപ്പെടുന്നത് എന്തൊരു വിരോധാഭാസമാണ്. സ്കൂളും വീടും ഒത്തുചേർന്നുള്ള പ്രവർത്തനങ്ങളിലൂടെ മാത്രമേ നല്ല സ്വഭാവരൂപീകരണം സാധ്യമാകൂ.
ഈ അഞ്ച് അടിസ്ഥാന തത്ത്വങ്ങൾ അറിഞ്ഞിരിക്കേണ്ടതും ഉൾക്കൊള്ളേണ്ടതും രക്ഷാകർതൃത്ത്വത്തിന് അനിവാര്യമാണ്. മറ്റൊരു പ്രധാന കാര്യം, കുട്ടികൾ എങ്ങനെയാണ് ഈ സദ്ഗുണങ്ങൾ സ്വയാത്തമാക്കുന്നത് എന്നതാണ്. മൂന്നു രൂപത്തിലാണ് കുട്ടികൾ ഇത് ശീലിക്കുന്നത്;
1. നിരീക്ഷണം
കുട്ടികൾ ഏറ്റവും നന്നായി പെരുമാറ്റങ്ങൾ ശീലിച്ചെടുക്കുന്നത് ചുറ്റുപാടുകളുമായുള്ള നിരീക്ഷണത്തിലൂടെയാണ്, പ്രത്യേകിച്ച് കുട്ടി ബഹുമാനിക്കുന്നവരുടെ പെരുമാറ്റങ്ങൾ. നാം പറയുന്നതിനേക്കാൾ കുട്ടി ശീലിക്കുക നാം ചെയ്യുന്നതാണ്. അത്കൊണ്ട് തന്നെ നമ്മിൽ നല്ല ശീലങ്ങൾ ഉണ്ടായിരിക്കുകയെന്നതും, കുട്ടിയുടെ നിരീക്ഷണ പരിധിയിൽ ദുശ്ശീലങ്ങൾ ഇല്ലാതിരിക്കാനും ശ്രദ്ധിക്കുക.
2. മാർഗദർശനം
നിരന്തരം ചെയ്യാൻ കൽപ്പിക്കപ്പെടുന്ന സംഗതികൾ കുട്ടി ശീലമാക്കും. നാം കുട്ടികളിൽ വളർത്താൻ ആഗ്രഹിക്കുന്ന ശീലങ്ങൾ നിരന്തരം അവനെ ഓർമ്മപ്പെടുത്തികൊണ്ടിരിക്കുക. എന്ത് ചെയ്യണം, എങ്ങനെ ചെയ്യണം എന്നതിനേക്കാൾ ഉപരി എന്തിന് വേണ്ടിയാണ് അങ്ങനെയൊരു പെരുമാറ്റം ശീലിക്കേണ്ടത് എന്ന് പറഞ്ഞു മനസ്സിലാക്കുക. മൂന്നു കാര്യങ്ങൾ കൊണ്ട് നല്ലത് ചെയ്യാൻ പ്രേരിപ്പിക്കാം,
എ) ഇത് ചെയ്തില്ലെങ്കിൽ നിന്നെ ഞാൻ അടിക്കും.
ബി) ഇത് ചെയ്താൽ നിനക്ക് ഞാൻ ഒരു സമ്മാനം തരാം.
സി) ഇതാണ് ഈ സമയത്ത് ചെയ്യേണ്ട ശരിയായ ശീലം.
കുട്ടിയെ കൊണ്ട് ഒരു നല്ല ശീലം ചെയ്യിപ്പിക്കാൻ നിങ്ങൾ ഏറ്റവും പ്രധാന്യം നൽകുന്നത് ഇതിൽ ഏത് കാര്യത്തിനായിരിക്കും? മൂന്നാമത്തേതെ ആകാൻ പാടുള്ളൂ. കുട്ടികൾ ഒരു നല്ലശീലം പരിശീലിക്കേണ്ടത് ആ സമയത്ത് അങ്ങനെ ചെയ്യുന്നതാണ് നന്മ എന്ന ബോധ്യത്തോട് കൂടിയായിരിക്കണം.(17) അത് എന്ത്കൊണ്ട് എന്ന് മനസ്സിലാക്കി കൊടുക്കേണ്ടത് രക്ഷിതാക്കളുടെ കടമയാണ്. ഇവിടെ ഇസ്ലാമികമായി മറ്റൊരു കാര്യം കൂടി ബോധ്യപ്പെടുത്താവുന്നതാണ്, പ്രവാചകൻ മുഹമ്മദ് നബി (സ) ഇങ്ങനെയാണ് ചെയ്തിരുന്നത്, മുസ്ലിംകളായ നമ്മളും അത് മാത്രമേ ചെയ്യാൻ പാടുള്ളൂ, അങ്ങനെ ചെയ്താൽ മരിച്ച് കഴിഞ്ഞ് സ്വർഗത്തിൽ എത്തുമ്പോൾ അല്ലാഹു നിനക്ക് ഇഷ്ടം പോലെ ചോക്ലേറ്റ് തരും (കുട്ടിക്ക് ഏറ്റവും ഇഷ്ടമുള്ള എന്തും പറയാം), ഇല്ലെങ്കിൽ ബാക്കിയുള്ളവരൊക്കെ ചോക്ലേറ്റ് കഴിക്കുമ്പോ നിനക്ക് മാത്രം കിട്ടില്ല. അല്ലാഹുവിന്റെ ശിക്ഷയെ കുറിച്ചും, നരകത്തെ കുറിച്ചും കുട്ടി പക്വതയെത്തുന്നതിന് അനുസരിച്ച് മാത്രം പറയുക. അന്ത്യനാളിൽ അല്ലാഹുവിന്റെ കാരുണ്യം അവന്റെ കോപത്തെ മറികടക്കുമെന്നാണ്. അത്കൊണ്ട് തന്നെ അല്ലാഹുവിന്റെ കാരുണ്യവും സ്നേഹവുമാണ് കുട്ടികൾക്ക് ആദ്യം പറഞ്ഞുകൊടുക്കേണ്ടത്.
3. ഉപദേശം
തെറ്റ് കണ്ടാൽ കുട്ടികളെ ഗുണദോഷിക്കുക. ആളുകളുടെ മുമ്പിൽ വെച്ച് ഉപദേശിക്കാതിരിക്കാൻ ശ്രദ്ധിക്കുക, എന്നാലും തടയേണ്ടത് തടയുക. തെറ്റുകളോട് ചാടിക്കേറി പ്രതികരിക്കാതിരിക്കുക. ദേഷ്യത്തേക്കാളുപരി നീരസം പ്രകടപ്പിക്കുക. സംഭവത്തിൽ നിന്നും പിന്തിരിച്ച ശേഷം, പിന്നീട് വാത്സല്യത്തോടെ അടുത്തിരുത്തി, തലയിൽ തലോടിക്കൊണ്ട് അങ്ങനെ ചെയ്യുന്നത് കൊണ്ട് എന്ത് സംഭവിക്കുമെന്നും, നല്ലത് ശീലിച്ചാൽ എന്ത് സംഭവിക്കുമെന്നും കുട്ടിയോട് തന്നെ ചോദ്യമായി ചോദിക്കുക. അവന്റെ ഉത്തരങ്ങൾക്ക് അനുസരിച്ച് അവനെ അതിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തുക.
മേൽപറഞ്ഞ കാര്യങ്ങളെല്ലാം മുൻ നിർത്തികൊണ്ട് ഗർഭകാലം മുതൽ കൗമാരം വരെയുള്ള ഒരോ ഘട്ടത്തിലും സൽസ്വഭാവം നട്ടുവളർത്താൻ രക്ഷിതാക്കൾ മനസ്സിലാക്കേണ്ടതും സ്വീകരിക്കാവുന്നതുമായ നിർദേശങ്ങളാണ് അടുത്ത ഒരോ ഭാഗങ്ങളിലുമായി പറയാനുദ്ദേശിക്കുന്നത്. കുട്ടികളിൽ അവരുടെ ശാരീരിക-മാനസിക വളർച്ചക്കനുസൃതമായി പതുക്കെ മാത്രമേ സദ്ഗുണങ്ങൾ വികസിച്ചുവരികയുള്ളൂവെന്ന് മറയ്ക്കാതിരിക്കുക. അതിനാൽ നൻമ നിറഞ്ഞ മക്കളെ വാർത്തെടുക്കാൻ ക്ഷമ അനിവാര്യമാണ്. അല്ലഹു നമ്മുടെയെല്ലാം മക്കളെ സൽസ്വഭാവികളായി തീർക്കുമാറാകട്ടെ, ആമീൻ.
(തുടരും)
കുറിപ്പുകൾ
16. ibid 122
17. Thomas Lickona, How to raise kind kids, Penguin books, New York (2018): 129
👍🥰
നിന്നെ ഞാൻ അടിക്കും എന്നതിനോട് യോജിക്കുന്നില്ല
എ) ഇത് ചെയ്തില്ലെങ്കിൽ നിന്നെ ഞാൻ അടിക്കും.
ബി) ഇത് ചെയ്താൽ നിനക്ക് ഞാൻ ഒരു സമ്മാനം തരാം.
സി) ഇതാണ് ഈ സമയത്ത് ചെയ്യേണ്ട ശരിയായ ശീലം.
കുട്ടിയെ കൊണ്ട് ഒരു നല്ല ശീലം ചെയ്യിപ്പിക്കാൻ നിങ്ങൾ ഏറ്റവും പ്രധാന്യം നൽകുന്നത് ഇതിൽ ഏത് കാര്യത്തിനായിരിക്കും? മൂന്നാമത്തേതെ ആകാൻ പാടുള്ളൂ. കുട്ടികൾ ഒരു നല്ലശീലം പരിശീലിക്കേണ്ടത് ആ സമയത്ത് അങ്ങനെ ചെയ്യുന്നതാണ് നന്മ എന്ന ബോധ്യത്തോട് കൂടിയായിരിക്കണം.(