ഒരിക്കലും പ്രതീക്ഷിക്കാത്ത ഇന്നത്തെ സങ്കീർണ്ണമായ ജീവിത സാഹചര്യത്തെ നേരിടുന്ന നാമോരോരുത്തരും കടുപ്പമുള്ള പരീക്ഷണത്തെയാണ് അഭിമുഘീകരിച്ചു കൊണ്ടിരിക്കുന്നത്. സ്രഷ്ടാവിലേക്ക് എത്രമാത്രം അടുക്കുന്നുവോ അതിനനുസരിച്ച് അവന്റെ പരീക്ഷണത്തിന്റെ മൂർച്ചയും കൂടി ക്കൊണ്ടിരിക്കും. പരീക്ഷണത്തിന്റെ അളവ് കൂടുന്നതിനനുസരിച്ചു കൊണ്ട് നമ്മുടെ വിശ്വാസവും, ഭരമേല്പിക്കലും വർദ്ധിക്കേണ്ടതുണ്ട്.
മനുഷ്യർ എത്ര നിസ്സാരന്മാരാണ്. അവന്റെ ശരീരത്തിന്റെ നിയന്ത്രണം പോലും അവന്റെ കയ്യിലില്ല. അവൻ ഒരിക്കലും അറിയാതെയും, ആഗ്രഹിക്കാതെയും അവന്റെ മുടി നരക്കുന്നു, കണ്ണിന്റെ കാഴ്ച മങ്ങുന്നു, തൊലി ചുളിയുന്നു, മാരക രോഗങ്ങൾ അവനെ കീഴടക്കുന്നു.
ഈ കൊറോണ കാലം ജ്യോത്സന്മാർക്കോ, സിദ്ധന്മാർക്കോ, ആൾദൈവങ്ങൾക്കോ പ്രവചിക്കാൻ സാധിച്ചില്ലെന്ന് മാത്രമല്ല പ്രശ്ന സങ്കീർണമായ ഈ കാലത്തെ നേരിടാനാവാതെ അവരൊക്കെ മാളത്തിലൊളിച്ചു എന്നുള്ളത് നാം ഇത്തരുണത്തിൽ സ്മരിക്കേണ്ടതുണ്ട്.
പ്രിയപ്പെട്ടവരുടെ ചാരത്തണയാൻ കഴിയാതെ പ്രവാസികൾ കണ്ണീർ വാർക്കുകയാണ്, സുഹൃത്തുക്കളെ ചേർത്ത് നിർത്താൻ സാധിക്കാതെ പലരും മാനസികമായി തകർന്നിരിക്കുന്നു. പല പ്രവാസികൾക്കും ജോലി നഷ്ടപ്പെട്ടു, ശമ്പളം എന്ന് കിട്ടുമെന്നറിയാതെ വിഷമിച്ചിരിക്കുന്നവർ, മാസ വേതനം വെട്ടിക്കുറച്ചതിന്റെ പേരിൽ വെട്ടിലായവർ, അങ്ങിനെ പല രൂപത്തിൽ പ്രയാസപ്പെടുന്നവർ, ഇവരിൽ എത്ര പേർക്ക് രക്ഷിതാവിന്റെ മുമ്പിൽ തന്റെ നീറുന്ന പ്രശ്നങ്ങൾ കാഴ്ച വെക്കാൻ സാധിച്ചിട്ടുണ്ട് എന്നുള്ളത് നാം ഗൗരവത്തോടെ ഓർക്കേണ്ടതാണ്.
താൻ കെട്ടിപ്പൊക്കിയ മണി മാളികകളോ, തന്റെ ആഡംബര വാഹനങ്ങളോ അല്ലാഹുവിന്റെ പരീക്ഷണത്തിൽ നിന്നും തന്നെ രക്ഷിക്കുകയില്ല എന്ന് പ്രളയം നമ്മെ ബോധ്യപ്പെടുത്തിയതാണ്.
ഇതെല്ലാം സംഭവിക്കുന്നത് ലോകരക്ഷിതാവായ അല്ലാഹുവിന്റെ തീരുമാനപ്രകരമാണെന്ന് ബോധ്യമുണ്ടാവുമ്പോൾ ഏത് പ്രതിസന്ധിയിലും സ്രഷ്ടാവിൽ ഭരമേല്പിക്കാൻ ഒരു വിശ്വാസിക്ക് സാധിക്കും.
പ്രയാസമുണ്ടാവുമ്പോൾ നമ്മെ ഏറെ സ്നേഹിക്കുന്ന നമ്മുടെ രക്ഷിതാവിനോട് തുറന്നു പറയാൻ നമുക്ക് സാധിക്കാറുണ്ടോ..? സാധിക്കുന്നില്ലെങ്കിൽ അവനുമായുള്ള നമ്മുടെ ബന്ധത്തിന് എവിടെയോ പാകപ്പിഴവുകൾ സംഭവിച്ചിരിക്കുന്നു എന്ന് നാം തിരിച്ചറിയേണ്ടതുണ്ട്.
നിനച്ചിരിക്കാത്ത അപകടങ്ങൾ കൊണ്ടോ, മാരക രോഗങ്ങളാലോ കിടപ്പിലായിപ്പോയാൽ തീരുന്ന ബന്ധങ്ങളാണ് നമുക്കുള്ളത്, എന്നാൽ ചെയ്യരുതെന്ന് പറഞ്ഞ തെറ്റുകൾ ഇഷ്ടം പോലെ ചെയ്യുന്ന; നമ്മുടെ ചാരത്തേക്ക് ഓടി വന്ന് നമ്മുടെ പാപങ്ങളെ പൊറുത്ത് തരുന്ന കാരുണ്യവാനായ റബ്ബിന്റെ മുമ്പിൽ നമ്മുടെ പ്രശ്നങ്ങൾ പറയാൻ നമുക്ക് സാധിക്കുന്നുണ്ടോ..
‘ആരെങ്കിലും അല്ലാഹുവിൽ ഭാരമേല്പിച്ചാൽ അവന് അല്ലാഹു തന്നെ മതി’ (65:3)
എത്ര നീറിപ്പുകയുന്ന പ്രശ്നങ്ങൾക്കുമുള്ള പരിഹാരം അല്ലാഹു മാത്രമാണ് എന്നർത്ഥം.
ഒരു ഡോക്ടറുടെ മുമ്പിൽ ചെന്ന് തന്റെ അസുഖങ്ങൾ പറയുമ്പോഴോ, സാമ്പത്തിക പ്രയാസം കാരണം ഒരു പണക്കാരന്റെ മുമ്പിൽ ചെന്ന് സഹായം അഭ്യർത്ഥിക്കുമ്പോഴോ നമ്മുടെ മനസ്സിലൊരു വിശ്വാസമുണ്ട്. അവർക്ക് തന്റെ പ്രശ്നം പരിഹരിക്കാനാവുമെന്ന്, എന്നാൽ എത്ര വലിയ പ്രതിസന്ധിയിലും അല്ലാഹുവിന് തന്റെ ജീവിതത്തിൽ ഇടപെടാൻ സാധിക്കുമെന്ന ഉറച്ച വിശ്വാസം മനസ്സിൽ നിറയുന്നില്ലെങ്കിൽ നമ്മുടെ വിശ്വാസത്തെ നാം ചികിത്സിക്കേണ്ടതുണ്ട്.
തന്റെ മകൻ നഷ്ട്ടപ്പെട്ടു എന്നറിഞ്ഞപ്പോൾ യഅ്ഖൂബ് നബി (അ) പറഞ്ഞത് താൻ അല്ലാഹുവിൽ എല്ലാം അർപ്പിക്കുന്നു എന്നാണ്. ഭംഗിയുള്ള ക്ഷമ കൊണ്ട് ആ പ്രതിസന്ധിയെ തരണം ചെയ്ത നിലപാട് തന്നെയാണ് നമ്മുടെയും മുമ്പിലുണ്ടാവേണ്ടത്.
തന്റെ പാപങ്ങളെ പൊറുത്തു നൽകാനായി തന്റെ മുന്നിലെത്തുന്ന പരീക്ഷണങ്ങളോട് ഭംഗിയായി ക്ഷമിക്കാനും, സർവ്വതും അല്ലാഹുവിൽ അർപ്പിക്കാനും നമുക്ക് സാധിക്കേണ്ടതുണ്ട്.
ഏത് ഘട്ടത്തിലും അല്ലാഹുവിൽ എല്ലാം ഏൽപ്പിക്കുകയും, അവനെ സ്തുതിക്കുകയും ചെയ്യുന്ന ഒരു മനസ്സാണ് നമുക്ക് വേണ്ടത്.
സമുദ്ര സമാനമായ പ്രശ്നങ്ങൾ ആർത്തലച്ചു വരുമ്പോഴും അല്ലാഹു തന്റെ കൂടെയുണ്ടെന്നും, അവൻ ഒരു വഴി കാണിച്ചു തരുമെന്നുമുള്ള വിശ്വാസമാണ് നമ്മുടെ പ്രശ്നങ്ങൾ ഇല്ലാതാക്കി തീർക്കുന്നത്. ആ വിശ്വാസം നൽകുന്ന കുളിരിൽ നമുക്ക് ജീവിതത്തെ മുന്നോട്ട് നയിക്കാനാവും.
ഇഹലോകത്തെ പരീക്ഷണങ്ങളേക്കാൾ കടുപ്പമാണ് പാരത്രിക പരീക്ഷണങ്ങൾ. ആരാരും തുണയില്ലാത്ത അറ്റമില്ലാത്ത പാരത്രിക ജീവിതത്തിൽ കുടുംബ സമേതം സ്വർഗ്ഗത്തിൽ പ്രവേശിക്കാനുള്ള സത്കർമ്മങ്ങളിൽ നിരതരാവാൻ നമുക്കെല്ലാം സാധിക്കുമാറാകട്ടെ ..
No comments yet.