പശ്ചാത്താപം; പാപങ്ങളിൽ നിന്നുള്ള വിടുതലും പരിഹാരവും

//പശ്ചാത്താപം; പാപങ്ങളിൽ നിന്നുള്ള വിടുതലും പരിഹാരവും
//പശ്ചാത്താപം; പാപങ്ങളിൽ നിന്നുള്ള വിടുതലും പരിഹാരവും
സർഗാത്മക രചനകൾ

പശ്ചാത്താപം; പാപങ്ങളിൽ നിന്നുള്ള വിടുതലും പരിഹാരവും

Print Now
സ്‌ലാം മനുഷ്യന്റെ പ്രകൃതിയെ പരി​ഗണിക്കുന്ന മതമാണ്. ഭൗതികലോകത്താണ് അവന്റെ ജീവിതം എന്നുള്ളത് കൊണ്ടുതന്നെ മലക്കുകളെ പോലെ തീർത്തും പരിശുദ്ധരായി ജീവിക്കാൻ അവർക്കാകില്ല. പ്രവാചകന്മാരല്ലാത്ത എല്ലാ മനുഷ്യനേയും പാപകർമ്മങ്ങളിൽ വീഴ്ത്താൻ പോന്ന സംവിധാനമാണ് ദുനിയാവിന്റേത്. ആർക്കും അവരുടെ ചുറ്റുപാടുകൾ സുരക്ഷിതമല്ല. കണ്ണഞ്ചിപ്പിക്കുന്ന നിഷിദ്ധങ്ങളും, അവിയിലേക്ക് കയറിട്ടു വലിക്കുന്ന പിശാചും സജീവമാണ്. യഥാർത്ഥമായി ഈമാനും തഖ്‌വയും ഇഴചേർന്ന ജാഗ്രതയോടെയുള്ള മനസ്സുള്ളവർക്കാണ് അധികം വീഴ്ച്ചകളിൽ നിന്ന് രക്ഷപ്പെടാനാകൂ. അതേ സമയം, വീഴ്ച്ചകളില്ലാത്ത ജീവിതത്തിന് മനുഷ്യർക്കാർക്കും സാധ്യമല്ല എന്നതാണ് വാസ്തവം.
അനസ് (റ) നിവേദനം: നബി (സ്വ) പറഞ്ഞു. “ആദമിന്റെ പുത്രൻമാരെല്ലാം തെറ്റു ചെയ്യുന്നവരാണ്. തെറ്റു ചെയ്യുന്നവരിൽ ഉത്തമർ പശ്ചാത്തപിക്കുന്നവരാണ്.” (തിർമിദി)

സത്യവിശ്വാസികൾ പരിശുദ്ധമായ ആദർശത്തിന്റെ ആളുകളാണ്. ജീവിതത്തിലെ എല്ലാ രം​ഗത്തും അവർ പരിശുദ്ധി കാത്തു സൂക്ഷിക്കണം. ഹൃദയശുദ്ധിയിൽ നിന്നാണ് പ്രവർത്തനങ്ങൾക്കെല്ലാം പരിശുദ്ധി ലഭിക്കുക. ഇരുലോകത്തും അല്ലാഹുവിന്റെ പ്രീതിയും രക്ഷയും പ്രതീക്ഷിക്കുന്ന മുഅ്മിനുകൾ ഹൃദയത്തിലെ കളങ്കങ്ങളും ജീവിത്തിലെ പാപങ്ങളും എപ്പോഴും വൃത്തിയാക്കണം. അതിന്ന് തൗബ അഥവാ പശ്ചാത്താപമാണ് മരുന്ന്.
അനസ്(റ) നിവേദനം. നബി (സ്വ) അരുളി: “നിങ്ങളെ ബാധിക്കാവുന്ന പ്രധാന രോ​ഗവും, നിങ്ങൾക്കുള്ള മരുന്നും ഞാൻ പറഞ്ഞു തരട്ടെ? പാപങ്ങളാണ് നിങ്ങളുടെ രോ​ഗം. നിങ്ങൾക്ക് അതിനുള്ള മരുന്ന് പശ്ചാത്താപവുമാണ്.”
(ബൈഹഖി)

പശ്ചാത്താപത്തിന്റെ ആദ്യപാഠം ആരംഭിക്കുന്നത്, ആ​ദം നബിയിൽ(അ) നിന്നാണ്. തന്നിൽ നിന്നും ഒരു അപാകത സംഭവിച്ചു എന്ന് തിരിച്ചറിഞ്ഞ ഉടൻ അദ്ദേഹം അങ്ങേയറ്റം ഖേദിക്കുകയും അല്ലാഹു പഠിപ്പിച്ച വിധം പശ്ചാത്തപിച്ച് പ്രാർത്ഥിക്കുകയും ചെയ്തു. സൂറത്തുൽ അഅ്റാഫിൽ 23-ാം വചനം അദ്ദേഹത്തിന്റെ പ്രസ്തുത പ്രാർത്ഥനയാണ്.

ഖേദം പശ്ചാത്താപമാണ്. പാപങ്ങൾ സകലതും ഇനിയവ ആവർത്തിക്കില്ലെന്ന് ഉറച്ച തീരുമാനമെടുത്ത് അല്ലാഹുവിലേക്ക് ഖേദിച്ചു മടങ്ങുന്നത് സത്യവിശ്വാസിയുടെ സൽ​ഗുണമാണ്. മുഅ്മിൻ ഉൾക്കൊണ്ടിട്ടുള്ള തൗഹീദിന്റെ താത്പര്യമാണ് പാപമോചനത്തിനുവേണ്ടിയുള്ള പ്രാർത്ഥന. പാപമേശാത്ത ജീവിതത്തിന്റെ ഉടമയായിരുന്നിട്ടും ദിവസത്തിൽ നൂറു തവണ, അല്ലാഹുവേ, നിന്നോട് ഞാൻ മാപ്പിരക്കുന്നു, എന്ന് പ്രാർത്ഥിച്ചിരുന്നു, മുഹമ്മദ് നബി (സ്വ).

ദാസീദാസന്മാരോട് കരുണയുള്ള റബ്ബിന്റെ പ്രത്യേക ആഹ്വാനമാണ്. വിശ്വാസികൾ പശ്ചാത്തപിക്കുന്നവരാകണം എന്നത്. അല്ലാഹു പറഞ്ഞു:
“സത്യവിശ്വാസികളേ, നിങ്ങൾ അല്ലാഹുവിലേക്ക് നിഷ്‌കളങ്കമായ പശ്ചാത്താപം കൈകൊണ്ട് മടങ്ങുക”
(തഹ്‌രീം -8)

തൗബ ചെയ്യുന്ന വിശ്വാസിയെ അല്ലാഹുവിന്ന് ഇഷ്ടമാണ്. വിജനമായ മരുഭൂമിയിൽ നഷ്ടപ്പെട്ട യാത്രാമൃ​ഗം തിരിച്ചു കിട്ടുമ്പോൾ യാത്രക്കാരനുണ്ടാകുന്ന സന്തോഷത്തേക്കാൾ കേമമായ സന്തോഷം എന്നാണ് അല്ലാഹുവിന്റെ സന്തോഷത്തെ നബി (സ്വ) വിശദീകരിച്ചത്.

ജീവിതത്തിൽ പാപങ്ങൾ സംഭവിച്ചു എന്നത് മുഅ്മിനുകളെ നിരാശപ്പെടുത്തേണ്ടതില്ല. പാപങ്ങൾക്കു പരിഹാരം പശ്ചാത്താപമാണ്. അല്ലാഹുവിന്റെ ആശ്വാസ വചനം കാണുക.
“പറയുക. സ്വന്തം ആത്മാക്കളോട് അതിക്രമം ചെയ്ത എന്റെ ദാസന്മാരെ, അല്ലാഹുവിന്റെ കാരുണ്യത്തെപ്പറ്റി നിങ്ങൾ നിരാശപ്പെടരുത്. തീർച്ച, അല്ലാഹു പാപങ്ങളെല്ലാം പൊറുക്കുന്നതാണ്.”
(സുമർ -53)

താൻ പ്രവർത്തിച്ചത് തെറ്റാണെന്നും, പാപിയാണെന്നും ബോധ്യം വന്നാൽ ഉടൻ കരുണാനിധിയായ അല്ലാഹുവിന്റെ മുമ്പിൽ കൈകളുയർത്തി ഖേദിച്ചു പ്രാർത്ഥിക്കുകയും, തുടർന്ന് പ്രവർത്തനങ്ങൾ നന്നാക്കുകയുമാണ് വേണ്ടത്. എങ്കിൽ അല്ലാഹു പൊറുത്തു തരും എന്നതിൽ സംശയമില്ല. അല്ലാഹു പറ‍ഞ്ഞു: “നിങ്ങളുടെ രക്ഷിതാവ് കാരുണ്യത്തെ തന്റെ മേൽ (ബാധ്യതയായി) നിശ്ചയിച്ചിരിക്കുന്നു. അതായത് നിങ്ങളിൽ ആരെങ്കിലും അവിവേകത്താൽ വല്ല തിന്മയും ചെയ്തു പോകുകയും, അതിനു ശേഷം പശ്ചാത്തപിക്കുകയും കർമ്മങ്ങൾ നന്നാക്കിത്തീർക്കുകയും ചെയ്യുന്ന പക്ഷം അവൻ ഏറ്റം പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.”(അൻആം: 54)

ശൈഖുൽ ഇസ്‌ലാം ഇബ്നുതൈമിയ (റ) പറഞ്ഞു: ‘ഹൃദയവിശാലതയും ഈമാനിന്റെ മാധുര്യവും സന്മാർഗത്തിന്റെ പ്രകാശവും ഇനിയും അനുഭവപ്പെടാത്തവർ തൗബയും ഇസ്‌തിഗ്‌ഫാറും വർദ്ധിപ്പിച്ചു കൊള്ളട്ടെ.’ പശ്ചാത്തപിക്കുന്ന മനസ്സുകളിലാണ് ഈമാനിന്റെ യഥാർത്ഥ മധുരമനുഭവപ്പെടുക എന്നാണ് ശൈഖുൽ ഇസ്‌ലാം വ്യക്തമാക്കുന്നത്.

ജീവിതത്തിൽ നിന്ന് രാപ്പകലുകൾ യാത്രയായിക്കൊണ്ടിരിക്കുകയാണ്. പ്രഭാതത്തിൽ ഉണരാനാകുന്നതും രാത്രിയാകുവോളം ജീവിക്കാനാകുന്നതും അല്ലാഹുവിന്റെ ഔദാര്യമാണ്. ഒരു ദിവസത്തെ ജീവിതകർമ്മങ്ങളിൽ അരുതാത്തവയൊന്നും സംഭവിച്ചിട്ടില്ല എന്ന് പറയാൻ നമ്മുക്കാവില്ല. എങ്കിൽ മാപ്പിരന്നു കൊണ്ടാകണം നമ്മുടെ ഉണർച്ചയും ഉറക്കവും. ഇസ്‌തിഗ്‌ഫാറാണ് വിശ്വാസിയുടെ വിജയമാർ​ഗം എന്ന് അലി (റ) പറഞ്ഞിട്ടുണ്ട്. മാപ്പു നൽകാൻ നമുക്ക് ഒരു നാഥനുണ്ട്. മാപ്പിരക്കാൻ നാം സന്നദ്ധമാകുകയേ വേണ്ടൂ. ആകയാൽ പശ്ചാത്തപിക്കുക, പശ്ചാത്താപമാണ് പാപത്തിന്റെ പരിഹാരം.

(ജുബൈൽ ഇന്ത്യൻ ഇസ്‌ലാഹീസെന്റർ ഇക്കഴിഞ്ഞ റമദാനിൽ വനിതകൾക്കായി നടത്തിയ അൽ-ഇനാബ ഉപന്യാസ മത്സരത്തിൽ രണ്ടാം സമ്മാനർഹമായ രചന.)

No comments yet.

Leave a comment

Your email address will not be published.