പരീക്ഷണങ്ങളില്‍ പതറാതിരിക്കുക!

//പരീക്ഷണങ്ങളില്‍ പതറാതിരിക്കുക!
//പരീക്ഷണങ്ങളില്‍ പതറാതിരിക്കുക!
സർഗാത്മക രചനകൾ

പരീക്ഷണങ്ങളില്‍ പതറാതിരിക്കുക!

മനുഷ്യരെ ഭൂമിയിലേക്ക് പറഞ്ഞയച്ചിരിക്കുന്നത് അവരില്‍ ആരാണ് നന്മയില്‍ മുന്നേറുകയും തിന്മയില്‍ നിന്ന് അകന്നു നില്‍ക്കുകയും ചെയ്യുകയെന്ന് പരീക്ഷിക്കുവാനാണെന്ന് വിശുദ്ധ ഖുര്‍ആന്‍ വ്യക്തമാക്കുന്നു.

”കൂടിച്ചേര്‍ന്നുണ്ടായ ഒരു ബീജത്തില്‍ നിന്ന് തീര്‍ച്ചയായും നാം മനുഷ്യനെ സൃഷ്ടിച്ചിരിക്കുന്നു; അവനെ പരീക്ഷിക്കുവാനായിട്ട്. അങ്ങനെ അവനെ നാം കേള്‍വിയുള്ളവനും കാഴ്ചയുള്ളവനുമാക്കിയിരിക്കുന്നു.  തീര്‍ച്ചയായും നാം അവന്ന് വഴി കാണിച്ചുകൊടുത്തിരിക്കുന്നു. എന്നിട്ട് ഒന്നുകില്‍ അവന്‍ നന്ദിയുള്ളവനാകുന്നു. അല്ലെങ്കില്‍ നന്ദികെട്ടവനാകുന്നു.” (76:2,3)

”നിങ്ങളില്‍ ആരാണ് കൂടുതല്‍ നന്നായി പ്രവര്‍ത്തിക്കുന്നവന്‍ എന്ന് പരീക്ഷിക്കുവാന്‍ വേണ്ടി മരണവും ജീവിതവും സൃഷ്ടിച്ചവനാകുന്നു അവന്‍. അവന്‍ പ്രതാപിയും ഏറെ പൊറുക്കുന്നവനുമാകുന്നു.” (67:2)

തിന്മയില്‍ നിന്ന് പരമാവധി അകന്നുനില്‍ക്കുകയും നന്മയിലേക്ക് മുന്നേറുവാന്‍ പരിശ്രമിക്കുകയും ചെയ്യുന്നവരാണ് മുസ്‌ലിംകള്‍. സ്വര്‍ഗം സമ്മാനമായി കൊടുക്കുമെന്ന് അല്ലാഹുവിനാല്‍ വാഗ്ദാനം ചെയ്യപ്പെട്ടവരെ അല്ലാഹു പരീക്ഷിക്കുമെന്നും അവയില്‍ ക്ഷമ കൈവിടാതെ ഉറച്ചു നില്‍ക്കുകയും ദൈവമാര്‍ഗത്തില്‍ അചഞ്ചലമായി നിലകൊള്ളുകയും ചെയ്യുന്നവര്‍ക്കാണ് ദൈവാനുഗ്രഹങ്ങള്‍ ഉണ്ടാവുകയെന്നും ഖുര്‍ആന്‍ പഠിപ്പിക്കുന്നു.

”കുറച്ചൊക്കെ ഭയം, പട്ടിണി, ധനനഷ്ടം, ജീവനഷ്ടം, വിഭവനഷ്ടം എന്നിവ മുഖേന നിങ്ങളെ നാം പരീക്ഷിക്കുക തന്നെ ചെയ്യും. (അത്തരം സന്ദര്‍ഭങ്ങളില്‍) ക്ഷമിക്കുന്നവര്‍ക്ക് സന്തോഷവാര്‍ത്ത അറിയിക്കുക. തങ്ങള്‍ക്ക് വല്ല ആപത്തും ബാധിച്ചാല്‍ അവര്‍ (ആ ക്ഷമാശീലര്‍) പറയുന്നത്; ഞങ്ങള്‍ അല്ലാഹുവിന്റെ അധീനത്തിലാണ്. അവങ്കലേക്ക് തന്നെ മടങ്ങേണ്ടവരുമാണ് എന്നായിരിക്കും.” (2:155,156)

തങ്ങളുടെ ചുറ്റുപാടുള്ളവരെ സത്യത്തിലേക്ക് ക്ഷണിക്കുന്നവരാണ് പ്രബോധകന്‍മാര്‍. പ്രവാചകന്മാരുടെ പാത പിന്‍തുടര്‍ന്നുകൊണ്ട് സഹജീവികളെ നരകത്തില്‍ നിന്ന് രക്ഷിക്കാന്‍ പരിശ്രമിക്കുകയെന്ന കടമ നിര്‍വഹിക്കുന്നവരാണവര്‍. സത്യമത പ്രബോധനത്തിനു വേണ്ടി  അല്ലാഹു തെരഞ്ഞെടുത്തയച്ച പ്രവാചകന്മാര്‍ പരീക്ഷിക്കപ്പെട്ടിട്ടുണ്ടെന്ന് ഖുര്‍ആന്‍ വ്യക്തമാക്കുന്നുണ്ട്. പിഞ്ചു പൈതലിനെയും മാതാവിനെയും മരുഭൂമിയില്‍ തനിച്ചാക്കിപ്പോരുവാനുള്ള കല്‍പന ശിരസാവഹിച്ച ഇബ്‌റാഹീം നബി(അ)യും രോഗങ്ങളും ദുരിത ങ്ങളും നല്‍കിയ ത്രീവവേദനയാല്‍ പ്രായാസപ്പെടുമ്പോഴും അല്ലാഹുവിന്റെ കാരുണ്യത്തെയും അനുഗ്രഹങ്ങളെയും അനുസ്മരിച്ച അയ്യൂബ്നബി(അ)യും യജമാനത്തിയുടെ ലൈംഗികാഭിനിവേശത്തിനുവഴങ്ങാതെ വിശുദ്ധിപാലിച്ച യൂസ്ഫ് നബി(അ)യുമെല്ലാം അല്ലാഹുവിന്റെ ത്രീവമായ പരീക്ഷണങ്ങളെ അതിജീവിച്ച മഹാപ്രവാചകന്മാരാണെന്ന് ഖുര്‍ആനില്‍ വ്യക്തമാക്കുന്നു. മണ്ണില്‍ കുഴിച്ചിട്ട് ശിരസ്സു മുതല്‍ ഈര്‍ച്ചവാളുകൊണ്ട് നടുവെ ഛേദിക്കപ്പെട്ടവരും ഇരുമ്പു ചീര്‍പ്പുകൊണ്ട് ശരീരത്തിലെ മാംസം വാര്‍ന്നെടുക്കപ്പെട്ടവരും പൂര്‍വ്വകാല പ്രവാചകന്‍മാരുടെ അനുയായികളിലുണ്ടായിരുന്നുവെന്ന് പ്രവാചകന്‍(സ)പഠിപ്പിച്ചു തന്നിട്ടുണ്ട്. ഇങ്ങനെ പരീക്ഷിക്കപ്പെടു മ്പോഴും അല്ലാഹുവിനെ തള്ളിപ്പറയുകയോ തങ്ങള്‍ക്ക് മേല്‍ വന്ന് ഭവിക്കുന്ന പ്രയാസങ്ങള്‍ക്ക് അവനെ കുറ്റപ്പെടുത്തുകയോ ചെയ്യാതെ ക്ഷമിച്ച അവരില്‍നിന്ന് പാഠമുള്‍ക്കൊള്ളണമെന്നും പരീക്ഷണങ്ങളെ ക്ഷമയോടെ തരണം ചെയ്യണമെന്നും ഖുര്‍ആന്‍ വിശ്വാസികളെ ഉല്‍ബോധിപ്പിക്കുന്നു.

”അല്ല, നിങ്ങളുടെ മുമ്പ് കഴിഞ്ഞുപോയവര്‍ (വിശ്വാസികള്‍)ക്കുണ്ടായതു പോലുള്ള അനുഭവങ്ങള്‍ നിങ്ങള്‍ക്കും വന്നെത്താതെ സ്വര്‍ഗത്തില്‍ പ്രവേശിക്കാനാകുമെന്ന് നിങ്ങള്‍ ധരിച്ചിരിക്കയാണോ? പ്രയാസങ്ങളും ദുരിതങ്ങളും അവരെ ബാധിക്കുകയുണ്ടായി. അല്ലാഹുവിന്റെ സഹായം എപ്പോഴായിരിക്കും എന്ന് അവരിലെ ദൈവദൂതനും അദ്ദേഹത്തോടൊപ്പം വിശ്വസിച്ചവരും പറഞ്ഞുപോകുമാറ് അവര്‍ വിറപ്പിക്കപ്പെടുകയും ചെയ്തു. എന്നാല്‍ അല്ലാഹുവിന്റെ സഹായം അടുത്തു തന്നെയുണ്ട്.” (2:214)

പരീക്ഷണങ്ങള്‍ പലതരമുണ്ട് അത് ശാരീരികമോ മാനസികമോ ആയ പീഡനങ്ങളാവാം; ധനനഷ്ടമോ സന്താനനഷ്ടമോ ആകാം; ദുരിതങ്ങളും രോഗങ്ങളും പ്രായസങ്ങളുമാകാം; ആരോപണങ്ങളും കുറ്റപ്പെടുത്തലുകളുമാകാം. എന്തു തന്നെയാണെങ്കിലും അതെല്ലാം അല്ലാഹുവി ന്റെ അലംഘനീയമായ വ്യവസ്ഥയുടെ ഭാഗമാണെന്നു തിരിച്ചറിയുകയും അവനില്‍ കാര്യങ്ങളെല്ലാം ഭരമേല്‍പ്പിക്കുകയും താന്‍ അനുഭവിക്കുന്ന പ്രയാസങ്ങളെ ആത്യന്തികമായി നന്‍മയാക്കിത്തീര്‍ക്കുവാന്‍ സര്‍വ്വശക്തനോട് പ്രാര്‍ഥിക്കുകയും ചെയ്യുന്നവനാകണം വിശ്വാസി. അതല്ലാതെ, പരീക്ഷണങ്ങളില്‍ പകച്ചു പോവുകയും ദൈവകാരുണ്യത്തില്‍ നിരാശനായിത്തീരുകയും കര്‍മങ്ങളോടെല്ലാം വിമുഖത കാണിക്കുകയും ചെയ്യന്നവനായിത്തീരുവാനാണ് ഒരാള്‍ സന്നദ്ധനാവുന്നതെങ്കില്‍ അയാള്‍ പരാജയപ്പെടുന്നുവെന്നര്‍ഥം. പരാജയപ്പെടുന്നവരുടെ പട്ടികയിലായിക്കൂടാ പ്രാബോധകന്മാരുടെ സ്ഥാനം. ഏത് പരീക്ഷണങ്ങളെയും അല്ലാഹുവില്‍ ഭരമേല്‍പ്പിച്ച് നേരിടുവാന്‍ അവര്‍ക്ക് കഴിയണം. ഭൗതികമായ പ്രയാസങ്ങളെയും പ്രശ്‌നങ്ങളെയും സമചിത്തതയോടെ നേരിടാന്‍ കഴിയുന്നവര്‍ പോലും വ്യാജ ആരോപണങ്ങളുടെയും കുറ്റപ്പെടുത്തലുകളുടെയും മുന്നില്‍ അടിപതറിപ്പോകാറുണ്ട്. മാനസികമായി പീഡിപ്പിക്കപ്പെടാത്ത പ്രവാചകന്മാര്‍ ആരാണുള്ളത്? പ്രാവാചകപാത പിന്‍പറ്റി പ്രബോധനപ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്നവര്‍ക്കും ഇത്തരം പീഡനങ്ങള്‍ നേരിടേണ്ടി വന്നേക്കാം. അത്തരം രംഗങ്ങളില്‍ ആരോപണങ്ങള്‍ക്ക് പ്രത്യാരോപണങ്ങളും തെറിവിളികള്‍ക്ക് അതേ നാണയത്തിലുള്ള തിരിച്ചടിയും നല്‍കുന്നവരായിരുന്നില്ല പ്രാവാചകന്മാര്‍. തങ്ങളെ പീഡിപ്പിച്ചവര്‍ക്കു കൂടി സന്‍മാര്‍ഗം കാണിച്ചു കൊടുക്കണമേയെന്നായി രുന്നു അവരുടെ പ്രാര്‍ഥന. അവരില്‍ മാതൃക കണ്ടെത്തുന്നവര്‍ക്കും ചെയ്യാനുള്ളത് പ്രസ്തുത പ്രാര്‍ഥന തന്നെയാണ്. എല്ലാം കാണുകയും കേള്‍ക്കുകയും അറിയുകയും ചെയ്യുന്ന അല്ലാഹുവില്‍ കാര്യങ്ങളെല്ലാം ഭരേമേല്‍പ്പിക്കുന്നവര്‍ പിന്നെ എന്തിനെ ഭയപ്പെടാനാണ്.

”അദ്ദേഹം പറഞ്ഞു: എന്റെ മക്കളേ, നിങ്ങള്‍ ഒരേ വാതിലിലൂടെ പ്രവേശിക്കാതെ വ്യത്യസ്ത വാതിലുകളിലൂടെ പ്രവേശിക്കുക. അല്ലാഹുവിങ്കല്‍ നിന്നുണ്ടാകുന്ന യാതൊന്നും നിങ്ങളില്‍ നിന്ന് തടുക്കുവാന്‍ എനിക്കാവില്ല. വിധികര്‍ത്തൃത്വം അല്ലാഹുവിന് മാത്രമാകുന്നു. അവന്റെ മേല്‍ ഞാന്‍ ഭരമേല്‍പ്പിക്കുന്നു. അവന്റെ മേല്‍ തന്നെയാണ് ഭരമേല്‍പ്പിക്കുന്നവര്‍ ഭരമേല്‍പ്പിക്കേണ്ടത്.” (12:67)

print

2 Comments

  • Very good message

    Salil 05.03.2019
  • Alhamdulillah Thawakkalthu ala Allah

    Samariya 17.05.2019

Leave a comment

Your email address will not be published.