പതറരുത്; നമ്മെ സഹായിക്കുവാൻ അല്ലാഹുവുണ്ട് !!!

//പതറരുത്; നമ്മെ സഹായിക്കുവാൻ അല്ലാഹുവുണ്ട് !!!
//പതറരുത്; നമ്മെ സഹായിക്കുവാൻ അല്ലാഹുവുണ്ട് !!!
ആനുകാലികം

പതറരുത്; നമ്മെ സഹായിക്കുവാൻ അല്ലാഹുവുണ്ട് !!!

Print Now
“ലോകത്ത് ഇന്നേവരെ ഒരു ജനതയും അനുഭവിക്കാത്ത പീഡനങ്ങളാണ് മംഗോളിയക്കാരുടെ അധിനിവേശകാലത്ത് ഇസ്‌ലാമും മുസ്‌ലിംകളും അനുഭവിച്ചത്” എന്ന് ക്രിസ്താബ്ദം 1233 ൽ മരണപ്പെട്ട, ‘അൽ കാമിലു ഫിത്താരീഖ്‌’എന്ന പതിനൊന്ന് വാള്യങ്ങളുള്ള ബ്രഹത്തായ ചരിത്രഗ്രൻഥത്തിന്റെ കർത്താവായ അലി ഇബ്ൻ അഥീറിൽ നിന്ന് ബ്രിട്ടീഷ് ഓറിയന്റലിസ്റ്റായ എഡ്വേർഡ് ഗ്രാൻവില്ലെ ബ്രൗൺ ഉദ്ധരിക്കുന്നുണ്ട്. (Edward G. Browne: A Literary History of Persia, Cambridge, 1902, Vol. II, Pages 427-431). 1206ൽ തന്റെ കിരീടധാരണത്തിനു ശേഷം അയൽനാടുകളെ കീഴടക്കിക്കൊണ്ടാരംഭിച്ച ചെങ്കിസ്ഖാന്റെ പടയാളികൾ മുസ്‌ലിം നാടുകളിലെത്തുന്നത് 1218ഓടുകൂടിയാണ്. മുസ്‌ലിംസാധാരണക്കാരോട് ആദ്യമെല്ലാം മമതയോട് കൂടിയാണ് മംഗോളിയക്കാർ പെരുമാറിയത്. ചില മുസ്‌ലിം രാജാക്കന്മാരോടുള്ള പക പോക്കലിൽ നിന്ന് തുടങ്ങിയതാണെന്ന് തോന്നുന്നു, പിൽക്കാലത്തുള്ള മംഗോളിയക്കാരുടെ വർത്തനങ്ങളെ ഭീതിയോടെയല്ലാതെ ഓർക്കാൻ ഇന്നും മുസ്‌ലിംലോകത്തിന് കഴിയില്ല. നിഷാപൂരിൽ 17,47,000 പേരെയും ബാഗ്ദാദിലും ഹീരത്തിലും പതിനാറ് ലക്ഷം പേരെ വീതവും സമർക്കന്റിൽ ഒൻപതര ലക്ഷം പേരെയും മെർവിൽ ഏഴ് ലക്ഷം പേരെയും അലെപ്പോയിൽ അമ്പതിനായിരം പേരെയും കൊന്നൊടുക്കിക്കൊണ്ടാണ് മംഗോളിയക്കാർ തങ്ങളുടെ സാമ്രാജ്യം വികസിപ്പിച്ചതെന്ന് സയ്യിദ് അമീർ അലി തന്റെ ‘സാരസന്മാരുടെ ലഘുചരിത്രം’ എന്ന പുസ്തകത്തിൽ പറയുന്നുണ്ട്. (Syed Ameer Ali: A Short History Of The Saracens, New York, 1899, Pages 393, 394). ബാൽഖ്, ഖിവ, ഹറാൻ തുടങ്ങിയ മുസ്‌ലിം നഗരങ്ങൾ പൂർണമായും നശിപ്പിക്കപ്പെട്ടു. ലോകത്തിന്റെ രത്നം എന്ന് വിളിക്കപ്പെട്ടിരുന്ന ബാഗ്ദാദ് തകർന്നു തരിപ്പണമായി. നദികളായ യൂഫ്രട്ടീസും ടൈഗ്രീസും മനുഷ്യരക്തം കൊണ്ട് ചുവന്നു. അഞ്ചുനൂറ്റാണ്ടു കാലത്തെ വൈജ്ഞാനിക മുന്നേറ്റത്തിന്റെ രേഖകളായ ഗ്രന്ഥങ്ങളാൽ സമൃദ്ധമായിരുന്ന ലോകപ്രശസ്തമായ ഗ്രന്ഥശാലകളെല്ലാം ചുട്ടു ചാമ്പലാക്കി. സ്ത്രീകൾ കൂട്ടമായി ബലാൽസംഗം ചെയ്യപ്പെട്ടു. ഇസ്‌ലാമികമായ രീതിയിൽ മൃഗങ്ങളെ അറുക്കുന്നത് നിരോധിക്കുകയും മംഗോളിയൻ രീതിപ്രകാരം അറുത്തത് തിന്നുവാൻ മുസ്‌ലിംകളെ നിർബന്ധിക്കുകയും ചെയ്തു. ചേലാകർമ്മം നിരോധിക്കപ്പെട്ടു. ചെങ്കിസ്ഖാൻ മുസ്‌ലിംകളെ വിളിച്ചത് അടിമകൾ എന്നായിരുന്നുവെന്ന് ആസ്‌ത്രേലിയൻ ചരിത്രഗവേഷകനായ ഡൊണാൾഡ് ഡാനിയൽ ലെസ്‌ലി തന്റെ The Integration of Religious Minorities in China: The Case of Chinese Muslims എന്ന പ്രബന്ധത്തിൽ പറയുന്നുണ്ട്. (https://web.archive.org ൽ ഈ പ്രബന്ധം ലഭിക്കും) ഇബ്നു അഥീറിൽ നിന്ന് തോമസ് ആർനോൾഡ് ഉദ്ധരിച്ച വചനങ്ങൾ മതി എത്രത്തോളം വലിയ പരീക്ഷണങ്ങളാണ് അന്നത്തെ മുസ്‌ലിം സമുദായം നേരിട്ടതെന്ന് മനസ്സിലാക്കുവാൻ. “ജുഗുപ്സാവഹവും അങ്ങേയറ്റം ക്രൂരവുമായ അന്നത്തെ സംഭവങ്ങളെ വിവരിക്കുവാൻ വിചാരിക്കുമ്പോഴെല്ലാം ഞാൻ വല്ലാതെ ചുരുങ്ങിപ്പോകുന്നു. ഇസ്‌ലാമിന്റെയും മുസ്‌ലിംകളുടെയും മരണത്തിന്റെ പാട്ടുപാടിയിരുന്ന സംഭവങ്ങളെ ലഘുവായി വിവരിക്കാൻ ആർക്കാണ് കഴിയുക. അത് പറയാൻ ഇപ്പോഴും എനിക്ക് വൈമനസ്യമുണ്ട്. എന്റെ ഉമ്മ എനിക്ക് ജന്മം നല്കാതിരുന്നുവെങ്കിൽ!! ( Thomas Walker Arnold: The Preaching of Islam: a history of the propagation of the Muslim faith, London, 1913, Page 18)

പീഡനപർവ്വത്തിന്റെ പാരമ്യത്തിൽനിന്ന് തങ്ങളെ രക്ഷിക്കുവാൻ അല്ലാഹുവിനോട് കരളുരുകി പ്രാർത്ഥിക്കുകയല്ലാതെ മറ്റൊരു മാർഗവും മുസ്‌ലിംകളുടെ പക്കലുണ്ടായിരുന്നില്ല. മംഗോളിയക്കാരുടെ ഭരണം അത്രയ്ക്കും അജയ്യമായിരുന്നു. തകർക്കാനാവാത്തതാണ് താർത്താരീ സാമ്രാജ്യമെന്ന് ലോകം വിധിയെഴുതി. അവർക്കെതിരെ ആയുധമെടുക്കുന്നത് പോയിട്ട് എഴുന്നേറ്റു നിൽക്കാൻ പോലും മറ്റുള്ളവർ ഭയന്നു. പക്ഷെ, അല്ലാഹുവിന്റെ തീരുമാനം മറ്റൊന്നായിരുന്നു. ആരുടെ കരങ്ങളാലാണോ മുസ്‌ലിംകൾ പീഡിപ്പിക്കപ്പെട്ടത് അവരുടെ കരങ്ങളെ തന്നെ മുസ്‌ലിംകളുടെ രക്ഷക്ക് നിമിത്തമാക്കുകയെന്നതായിരുന്നു അല്ലാഹുവിന്റെ പദ്ധതി. ഭരണാധികാരികൾ തോറ്റപ്പോൾ ചരിത്രത്തിൽ പേരുപോലും രേഖപ്പെടുത്തപ്പെടാത്ത സാധാരണക്കാരിലൂടെ ചരിത്രത്തെ അവൻ മാറ്റിമറിച്ചു. ഇസ്‌ലാമിന്റെ അന്തകരെന്ന് കരുതിയവർ തന്നെ ഇസ്‌ലാമികപ്രബോധകരായിത്തീരുന്ന അത്ഭുതമാണ് ചരിത്രത്തിൽ സംഭവിച്ചത്. ഏതൊരു സാമ്രാജ്യമാണോ ഇസ്‌ലാമിനെയും മുസ്‌ലിംകളെയും നശിപ്പിക്കുന്നതിന് വേണ്ടി തുല്യതയില്ലാത്ത പീഡനങ്ങൾ അഴിച്ചുവിട്ടത് അതേ സാമ്രാജ്യം തന്നെ ഇസ്‌ലാമിന്റേതായിത്തത്തീരുകയെന്ന മഹാൽഭുതത്തിന് ചരിത്രം സാക്ഷിയായി. അതിന് നിമിത്തമായതാകട്ടെ, സാധാരണക്കാരിൽ സാധാരണക്കാരായ ചിലർ തങ്ങളുടെ ദൗത്യമായ പ്രബോധനപ്രവർത്തനങ്ങൾ നടത്തിയതും!!

ചെങ്കിസ്ഖാന്റെ മൂത്ത മകനായിരുന്ന ജോച്ചിഖാന്റെ മകനായ ബെർകെഖാൻ തന്റെ പടയോട്ടകാലത്ത് ഇസ്‌ലാം സ്വീകരിക്കുന്നതോടെയാണ് മംഗോളിയൻ അധിനിവേശത്തിന്റെ ചരിത്രം മാറുന്നത്. സുവർണ സംഘം (golden horde) എന്ന് വിളിക്കപ്പെട്ട മംഗോളിയൻ സാമ്രാജ്യഭാഗത്തിന്റെ ഭരണമേറ്റെടുക്കുന്നതിന് അഞ്ചു വർഷങ്ങൾക്ക് മുൻപ്, തന്റെ മുപ്പത്തിരണ്ടാമത്തെ വയസ്സിലാണ് ബെർകെ ഖാൻ ഇസ്‌ലാം സ്വീകരിക്കുന്നത്. മംഗോളിയൻ പടയെ നയിച്ചുകൊണ്ട് സാറായ് ജൂക്കിലെത്തിയ താൻ യാത്രാമധ്യേ കണ്ടുമുട്ടിയ ബുഖാറയിൽ നിന്നുള്ള കച്ചവടസംഘവുമായി നടത്തിയ സംഭാഷണമാണ് ബെർകെഖാന്റെ ഇസ്‌ലാം സ്വീകരണത്തിന് കാരണമായത്. ബുഖാറയിൽ നിന്നുള്ള യാത്രാസംഘം കിട്ടിയ അവസരത്തിൽ ബെർകെഖാനിന് ഇസ്‌ലാമിനെ നല്ല രീതിയിൽ പരിചയപ്പെടുത്തി. ഇസ്‌ലാമിന്റെ ആദർശങ്ങളുടെ സത്യത ബോധ്യപ്പെട്ട അദ്ദേഹം താമസിയാതെ തന്നെ ഇസ്‌ലാം സ്വീകരിച്ചു. അദ്ദേഹത്തിന്റെ പ്രബോധനഫലമായി സഹോദരനായ തുഖ്‌-തിമൂറും മുസ്‌ലിമായി. ചെങ്കിസ്ഖാന്റെ പാത തന്നെ പിന്തുടർന്നു കൊണ്ട് മുസ്‌ലിംകളെ ഉപദ്രവിക്കുകയും മുസ്‌ലിംലോകത്ത് കുഴപ്പങ്ങളുണ്ടാക്കുകയും ചെയ്യുന്നതിന് മുന്നിൽ നിന്ന മറ്റൊരു പേരമകനായ ഹുലാഗുഖാനുമായി ഏറ്റുമുട്ടിയതും മുസ്‌ലിംകൾക്ക് ആശ്വാസം നല്കിയതുമെല്ലാം പിന്നെ ബെർകെ ഖാനും തുഖ്‌-തിമൂറും കൂടിയാണ്. മംഗോളിയൻ സാമ്രാജ്യഭാഗങ്ങളായ നീല സംഘവും (blue horde) സുവർണ സംഘവും ഔദ്യോഗികമായി തന്നെ ഇസ്‌ലാമിനെ ആ നാടുകളുടെ മതമായി അംഗീകരിച്ചു. ഇസ്‌ലാമിനെ നശിപ്പിക്കാനായി വാളെടുത്തവർ പിന്നെ ഇസ്‌ലാമികപ്രബോധനത്തിനും മുസ്‌ലിംകളുടെ സംരക്ഷണത്തിനും വേണ്ടി പോരാടി. ഈ മാറ്റങ്ങളുടെയെല്ലാം അടിസ്ഥാന കാരണം ബുഖാറയിൽ നിന്നുള്ള ആ കൊച്ചു കച്ചവടസംഘത്തിലെ സാധാരണക്കാർ അവരുടെ ബാധ്യത നിർവഹിച്ചതാണ്. കൊല്ലാൻ വരുന്ന പടയാളിയുടെ മുന്നിലും ഇസ്‌ലാമിനെ സമർപ്പിച്ച അവരിലൂടെ അല്ലാഹു താർത്താരികളെ പരിവർത്തിപ്പിച്ചു. ചരിത്രത്തിലെ ഈ മഹാത്ഭുതത്തിന് ചരിത്രത്തിലെവിടെയും പേര് രേഖപ്പെടുത്തുക പോലും ചെയ്യാത്ത ആ സാധാരണക്കാർ നിമിത്തമാവുകയായിരുന്നു.

പരീക്ഷണങ്ങളുടെ പെരുമഴക്കാലത്തും ഇസ്‌ലാമികപ്രബോധനമെന്ന ഉത്തരവാദിത്തം നിർവഹിച്ചുകൊണ്ട് ഇസ്‌ലാമികസംസ്കാരത്തിന്റെ സംരക്ഷകരായിത്തീർന്ന സാധാരണക്കാരെക്കുറിച്ച് മൗലാനാ അബുൽ ഹസൻ അലി നദ്‌വി തന്റെ “ഇസ്‌ലാമിക ചൈതന്യത്തിന്റെ സംരക്ഷകർ” എന്ന ഗ്രന്ഥത്തിൽ പ്രതിപാദിക്കുന്നുണ്ട്. ക്രൂരന്മാരായിരുന്ന താർത്താരികളിൽ ഒരാളെ മുസ്‌ലിമാക്കിത്തതീർത്ത സംഭവം തോമസ് ആർണോൾഡിൽ നിന്ന് (പുറങ്ങൾ 234-235) മൗലാന ഉദ്ധരിക്കുന്നതിങ്ങനെയാണ്: പേർഷ്യക്കാരനായ ഒരു സാധാരണ പണ്ഡിതനായിരുന്നു ശൈഖ്‌ ജമാലുദ്ദീൻ. ഒരു കച്ചവടക്കാരൻ. തങ്ങളുടെ ഒരു യാത്രക്കിടയിൽ അദ്ദേഹത്തിനും കൂട്ടുകാർക്കും അബദ്ധവശാൽ രാജകുമാരനായ തുക്ലുക് തൈമൂർഖാന്റെ വേട്ടപ്രദേശത്ത് കൂടി സഞ്ചരിക്കേണ്ടി വന്നു. രാജകിങ്കരന്മാർ ശൈഖിനെ ബന്ധനസ്ഥനാക്കി കുമാരന്റെ അടുക്കലെത്തിച്ചു. താൻ മാത്രം വേട്ടക്ക് വേണ്ടി ഉപയോഗിക്കുന്ന സ്ഥലത്തുകൂടി സഞ്ചരിക്കുവാൻ താങ്കൾക്കെങ്ങനെ ധൈര്യം വന്നുവെന്ന രാജകുമാരന്റെ ചോദ്യത്തിന് തങ്ങൾ ഇവിടെ അപരിചിതാരാണെന്നും പേർഷ്യക്കാരായതിനാൽ ഇത് സഞ്ചാരം പാടില്ലാത്ത സ്ഥലമാണെന്ന് അറിയില്ലായിരുന്നുവെന്നും അദ്ദേഹം മറുപടി പറഞ്ഞു. അപ്പോൾ രാജകുമാരൻ പറഞ്ഞു: “പേർഷ്യക്കാരോ… നിങ്ങൾ ഒരു നായയുടെ വില പോലുമില്ലാത്തവരാണല്ലോ..” ഉടൻ തന്നെ ശൈഖ് പറഞ്ഞു: “ശരിയാണ്… ശരിയായ വിശ്വാസമില്ലായിരുന്നുവെങ്കിൽ ഞങ്ങളെല്ലാം നായയേക്കാൾ അധഃപതിച്ചവരാകുമായിരുന്നു; ഇപ്പോഴുള്ള എന്റെ വിശ്വാസത്തിന് തകരാറൊന്നുമില്ലാതെയാണ് ഞാൻ മരണപ്പെടുന്നതെങ്കിൽ ഞാൻ നായയേക്കാൾ ഉത്തമനായിരിക്കും; അല്ലെങ്കിൽ നായയായിരിക്കും എന്നേക്കാൾ ഉത്തമൻ.” ധൈര്യസമേതമുള്ള ഈ ഉത്തരം കേട്ട് കുമാരൻ ഞെട്ടി. വേട്ട കഴിഞ്ഞ് കൊട്ടാരത്തിലെത്തിയാൽ ഇവരെ തന്റെ മുന്നിൽ ഹാജരാക്കണമെന്ന് കിങ്കരന്മാരോട് അദ്ദേഹം കല്പിച്ചു. കൊട്ടാരത്തിലെത്തിയ ശൈഖ് ജമാലുദ്ധീനോട് എന്താണ് ശരിയായ വിശ്വാസം കൊണ്ട് താങ്കൾ ഉദ്ദേശിച്ചതെന്ന് തുക്ലുക് തൈമൂർഖാൻ ചോദിച്ചു. ഇസ്‌ലാമിക വിശ്വാസങ്ങളെക്കുറിച്ച് വിശദമായി വിവരിക്കുവാനുള്ള അവസരമായി ഈ സന്ദർഭത്തെ ശൈഖ് ഉപയോഗപ്പെടുത്തി. ഇസ്‌ലാമിനെക്കുറിച്ച് ശരിയായി മനസ്സിലാക്കിയതോടെ തുക്ലുക് രാജകുമാരന്റെ മനസ്സലിഞ്ഞു. ഇസ്‌ലാമാണ് സത്യമെന്ന് അദ്ദേഹത്തിന് മനസ്സിലായി. ശൈഖിനോടായി അദ്ദേഹം പറഞ്ഞു: “ഞാനിപ്പോൾ ഇസ്‌ലാം സ്വീകരിച്ചതായി പ്രഖ്യാപിച്ചാൽ എന്റെ പ്രജകളെ സത്യമാർഗ്ഗത്തിലേക്ക് നയിക്കാൻ കഴിയാതെ വന്നേക്കും. എന്നോട് അല്പകാലം ക്ഷമിക്കുക. എന്റെ പൂർവപിതാക്കളിലൂടെ കൈമാറിവന്ന അധികാരം എനിക്ക് ലഭിച്ച ശേഷം എന്റെയടുക്കൽ ഒരിക്കൽ കൂടി വരിക” ഛിന്നഭിന്നമായിക്കിടന്നിരുന്ന ഛഗാതായ്‌ സാമ്രാജ്യത്തെ ഒരുമിപ്പിക്കുകയെന്ന തന്റെ ദൗത്യനിർവഹണത്തിൽ തുക്ലുക് നിമഗ്നനായി. വീട്ടിലേക്ക് തിരിച്ചെത്തി ഏറെ കഴിയുന്നതിനു മുൻപ് തന്നെ ശൈഖ് ജമാലുദ്ധീൻ മരണപ്പെടുകയും ചെയ്തു. മരണാസന്നനായപ്പോൾ ശൈഖ് തന്റെ മകൻ റഷീദുദ്ധീനെ വിളിച്ചു തുക്ലുക് രാജകുമാരന്റെ വാഗ്ദാനത്തെക്കുറിച്ച് പറയുകയും അദ്ദേഹത്തിന്റെ കിരീടാരോഹണം കഴിഞ്ഞ ശേഷം ഈ വാഗ്ദാനത്തെക്കുറിച്ച് ഓർമിപ്പിക്കണമെന്ന് ചുമതലപ്പെടുത്തുകയും ചെയ്തു. ഏതാനും വർഷങ്ങൾ കഴിഞ്ഞപ്പോൾ തുക്ലുക് രാജാവായി. സ്വന്തം പിതാവിന്റെ ഉപദേശം സ്വീകരിച്ചുകൊണ്ട് രാജാവിനെ തന്റെ വാഗ്ദാനത്തെക്കുറിച്ച് ഓർമപ്പെടുത്താൻ റഷീദുദ്ധീൻ ശ്രമിച്ചെങ്കിലും രാജകൊട്ടാരത്തിലെത്താൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. രാജാവിനടുത്തെത്താൻ അവസാനം അദ്ദേഹം ഒരു സൂത്രം പ്രയോഗിച്ചു. രാജാവിന്റെ തമ്പിനടുത്ത് വെച്ച് റഷീദുദ്ധീൻ പ്രഭാതനമസ്കാരത്തിന്റെ ബാങ്ക് ഉച്ചത്തിൽ വിളിച്ചു. രാജാവിന്റെ ഉറക്കത്തെ ശല്യപ്പെടുത്തിയവൻ എന്ന നിലയിൽ റഷീദുദ്ധീനെ രാജസന്നിധിയിലെത്തിക്കാൻ ഉത്തരവായി. രാജാവിനടുത്തെത്തിയപ്പോൾ ശൈഖ് ജമാലുദ്ധീന് നൽകിയ വാഗ്ദാനത്തെക്കുറിച്ച് മകൻ അദ്ദേഹത്തെ ഓർമിപ്പിച്ചു. കിരീടധാരണം നടന്നത് മുതൽ താൻ ശൈഖ് ജമാലുദ്ധീനെ അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്നും ഇപ്പോൾ തന്നെ ഇസ്‌ലാം സ്വീകരണത്തിന് താൻ സന്നദ്ധമാണെന്നും തുക്ലുക് രാജാവ് പറയുകയും അദ്ദേഹം മുസ്‌ലിമാവുകയും ചെയ്തു. അദ്ദേഹത്തിന്റെ പ്രബോധനം വഴി തന്റെ നാട്ടിലുള്ള നിരവധി പേർ ഇസ്‌ലാമിലേക്ക് വന്നു. (S. Abul Hasan Ali Nadwi (Trans: Mohiudheen Ahmed): Saviours of Islamic Spirit, Lucknow, 1976, Volume1, Pages 308, 309)

അല്ലാഹുവിന്റേതാണ് ഈ പ്രപഞ്ചം. അത് സൃഷ്ടിച്ചതും പരിപാലിക്കുന്നതും അതിലെ ചെറുതും വലുതുമായ പ്രതിഭാസങ്ങളെയെല്ലാം ഭരിക്കുന്നതും അല്ലാഹു മാത്രമാണ്. കോടിക്കണക്കിന് നക്ഷത്രങ്ങളിലൊന്നായ സൂര്യനെയും അതിന്റെ ഗ്രഹങ്ങളെയും ജീവന്റെ നിലനില്പുകൊണ്ട് സവിശേഷഗ്രഹമായ ഭൂമിയെയുമെല്ലാം ഭരിക്കുന്നതും അല്ലാഹു തന്നെ. അതിലൊന്നും ആർക്കും യാതൊരു പങ്കുമില്ല. പ്രപഞ്ചത്തിന്റെ സാക്ഷാൽ രാജാവാണവൻ; രാജാക്കന്മാരുടെയെല്ലാം രാജാവ്. ക്വുർആൻ പറയുന്നു: “സാക്ഷാല്‍ രാജാവായ അല്ലാഹു അത്യുന്നതനായിരിക്കുന്നു.” (20: 114)

“ആകാശങ്ങളുടെയും, ഭൂമിയുടെയും, അവയ്ക്കിടയിലുള്ളതിന്‍റെയും എല്ലാം ആധിപത്യം അല്ലാഹുവിനത്രെ. അവങ്കലേക്ക്‌ തന്നെയാണ്‌ മടക്കം.” (5: 18)

സവിശേഷമായ സ്വാതന്ത്ര്യം നൽകിക്കൊണ്ട് ഭൂമിയിലേക്ക് അല്ലാഹു നിയോഗിച്ചയച്ച സൃഷ്ടികളാണ് മനുഷ്യർ. സാമൂഹ്യജീവിയായ മനുഷ്യർ അനുസരിക്കേണ്ട അടിസ്ഥാനപരമായ ധാർമിക നിയമങ്ങൾ പഠിപ്പിക്കുവാനാണ് പ്രവാചകന്മാരെ അല്ലാഹു നിയോഗിച്ചത്. സമൂഹത്തിന്റെ നിലനിൽപിന് മനുഷ്യർക്കിടയിൽ ഭരണസംവിധാനം നില നിൽക്കേണ്ടതുണ്ട്; ഇല്ലെങ്കിൽ തികഞ്ഞ അരാജകത്വമാണുണ്ടാവുക. ഭരണസംവിധാനമുണ്ടാവുമ്പോൾ ചിലർ ഭരിക്കുന്നവരും മറ്റു ചിലർ ഭരിക്കപ്പെടുന്നവരുമായിത്തീരും. ഭരിക്കപ്പെടുന്നവരുടെ മേൽ ഭരണകർത്താക്കൾക്ക് ചില സവിശേഷമായ അധികാരങ്ങളുണ്ടാവുകയും ചെയ്യും. മനുഷ്യരാശിയുടെ നിലനില്പിനാവശ്യമായ ഇത്തരം നിയമങ്ങളുടെയെല്ലാം അടിസ്ഥാനദാതാവ് അല്ലാഹു തന്നെയാണ്. അവനാണ് ചിലരെ ഭരണാധികാരികളാക്കുന്നത്. ആധിപത്യം നൽകുന്നവനും പതിത്വം നല്കുന്നവനുമെല്ലാം അല്ലാഹു തന്നെ. “പറയുക: ആധിപത്യത്തിന്‍റെ ഉടമസ്ഥനായ അല്ലാഹുവേ, നീ ഉദ്ദേശിക്കുന്നവര്‍ക്ക്‌ നീ ആധിപത്യം നല്‍കുന്നു. നീ ഉദ്ദേശിക്കുന്നവരില്‍ നിന്ന്‌ നീ ആധിപത്യം എടുത്തുനീക്കുകയും ചെയ്യുന്നു. നീ ഉദ്ദേശിക്കുന്നവര്‍ക്ക്‌ നീ പ്രതാപം നല്‍കുന്നു. നീ ഉദ്ദേശിക്കുന്നവര്‍ക്ക്‌ നീ നിന്ദ്യത വരുത്തുകയും ചെയ്യുന്നു. നിന്‍റെ കൈവശമത്രെ നന്‍മയുള്ളത്‌. നിശ്ചയമായും നീ എല്ലാ കാര്യത്തിനും കഴിവുള്ളവനാകുന്നു.” (ക്വുർആൻ 3: 26)

നല്ലവർക്കും ചീത്തവർക്കുമെല്ലാം ആധിപത്യം നൽകുന്നവൻ അല്ലാഹുവാണെന്ന വസ്തുത ഉൾക്കൊള്ളേണ്ടവനാണ് മുസ്‌ലിം. പ്രവാചകന്മാരായ ദാവൂദിനും (അ) സുലൈമാനും (അ) രാജാധിപത്യം നൽകിയ അല്ലാഹു തന്നെയാണ് ധിക്കാരികളായ നംറൂദിനും ഫിർഔനിനും ആധിപത്യം നൽകിയത്. നംറൂദ്-ഇബ്‌റാഹീം സംവാദത്തെക്കുറിച്ച് പരാമർശിക്കുമ്പോൾ “അല്ലാഹു അവന്ന്‌ ആധിപത്യം നല്‍കിയതിനാൽ” (2: 258) എന്ന് ദൈവനിഷേധത്തിലധിഷ്ഠിതമായ നംറൂദിന്റെ വാദങ്ങളെ പ്രതിപാദിച്ചുകൊണ്ട് ക്വുർആൻ പറഞ്ഞത്തിൽ നിന്ന് ഇക്കാര്യം മനസ്സിലാക്കാൻ വിശ്വാസികൾക്ക് കഴിയേണ്ടതുണ്ട്. ചില ഭരണാധികാരികൾ സേവകരായിരിക്കും; മറ്റുചിലർ പീഡകരും. മുസ്‌ലിംകളല്ലാത്ത ഭരണാധികാരികളിൽ തന്നെ പീഡകരും സേവകരുമുണ്ടാവാം. അബ്സീനിയയിലെ ഭരണാധികാരിയായ നജ്‌ജാശിയുടെ രാജ്യത്തേക്ക് തന്റെ അനുയായികളെ പലായനത്തിന് പറഞ്ഞയച്ചത് അദ്ദേഹം സേവകനായ അമുസ്‌ലിം ഭരണാധികാരിയാണെന്ന് പ്രവാചകന് അറിയുന്നത് കൊണ്ടായിരുന്നു. ചില ഭരണസംവിധാനങ്ങൾ പ്രജകൾക്ക് വലിയ അനുഗ്രഹമായിരിക്കും; മറ്റു ചിലവ വലിയ പരീക്ഷണവും. അനുഗ്രഹമാവുമ്പോൾ അതിന് കൃതജ്ഞത പ്രകടിപ്പിക്കേണ്ടത് അല്ലാഹുവിനോടാണ്. പരീക്ഷണമാവുമ്പോൾ അതിൽ നിന്ന് രക്ഷ തേടേണ്ടതും അല്ലാഹുവിനോട് തന്നെ. “അല്ലാഹുവെ, ഞങ്ങളോട് കാരുണ്യമില്ലാത്തവരും നിന്നെ ഭയപ്പെടാത്തവരുമായവരെ ഞങ്ങളുടെമേൽ അധികാരപ്പെടുത്തരുതേ” എന്ന് പ്രാർത്ഥിച്ചുകൊണ്ടാണ് പരീക്ഷണങ്ങളായിത്തത്തീരുന്ന ഭരണസംവിധാനങ്ങളിൽ നിന്ന് രക്ഷ തേടാൻ വിശ്വാസികൾ പരിശ്രമിക്കേണ്ടത് എന്നാണ് പ്രവാചകൻ (സ) പഠിപ്പിച്ചിരിക്കുന്നത്.

വ്യക്തിപരമാണെകിലും സാമൂഹികമാണെങ്കിലും പരീക്ഷണങ്ങളോടുള്ള വിശ്വാസികളുടെ നിലപാട് എന്തായിരിക്കണമെന്ന് ക്വുർആനും പ്രവാചകചര്യയും കൃത്യമായി വിശദീകരിച്ചിട്ടുണ്ട്. പരമ കാരുണികനാണ് അല്ലാഹുവെന്ന വസ്തുത മനസ്സിലാക്കുന്ന വിശ്വാസിയെ സംബന്ധിച്ചിടത്തോളം അവന്റെ അനുഗ്രഹങ്ങളും പരീക്ഷണങ്ങളുമെല്ലാം അവന്റെ കാരുണ്യപ്രകടനത്തിന്റെ ഭാഗം മാത്രമാണ്. ഇപ്പോൾ പ്രയാസകരമായി തോന്നുന്ന കാര്യങ്ങളടക്കം ആത്യന്തികമായി അല്ലാഹുവിന്റെ കാരുണ്യത്തിന്റെ നിദർശനം മാത്രമാണ്, വിശ്വാസിക്ക്. താൻ അനുഭവിക്കുന്ന പ്രയാസങ്ങളുടെ പിന്നിലെ അല്ലാഹുവിന്റെ കാരുണ്യം ചിലപ്പോൾ ഇഹലോകത്ത് വെച്ച് തന്നെ അവന് അനുഭവിക്കാൻ കഴിഞ്ഞേക്കും; മരണാനന്തരമുള്ള അല്ലാഹുവിന്റെ കാരുണ്യത്തിന്റെ സമ്പൂർണമായ പ്രകാശനത്തിന് ഭാഗ്യം ലഭിക്കുന്നതിന് വേണ്ടിയുള്ളതായിരിക്കും ചിലപ്പോൾ അത്. ഏതായിരുന്നാലും പരീക്ഷണങ്ങളുടെ പ്രയാസകാലത്തും അല്ലാഹുവിന്റെ കാരുണ്യത്തിൽ പ്രതീക്ഷയർപ്പിക്കുന്നവനായിരിക്കും വിശ്വാസി; നിരാശപ്പെടുന്നവനായിരിക്കില്ല. അനുഗ്രഹങ്ങളുടെയും പരീക്ഷണങ്ങളുടെയും പാരമ്യം അനുഭവിച്ചയാളായി ക്വുർആൻ പരിചയപ്പെടുത്തുന്നയാളാണ് അയ്യൂബ് നബി (അ). തന്റെ സമ്പത്തും സന്താനങ്ങളും ആരോഗ്യവുമെല്ലാം നഷ്ടപ്പെട്ട് പൊട്ടിയൊലിക്കുന്ന വ്രണങ്ങളാൽ ആളുകളൊന്നും തന്റെ സമീപത്തുപോലും വരാൻ തയ്യാറാകാതിരുന്ന സമയത്തുപോലും അല്ലാഹുവിന്റെ കാരുണ്യത്തിൽ പ്രതീക്ഷയർപ്പിച്ചു കൊണ്ട് പ്രാർത്ഥിക്കുന്ന അയൂബാണ് (അ) വിശ്വാസികളുടെ മാതൃക. അല്ലാഹു പറയുന്നത് നോക്കുക: “അയ്യൂബിനെയും (ഓര്‍ക്കുക.) തന്‍റെ രക്ഷിതാവിനെ വിളിച്ച്‌ കൊണ്ട്‌ അദ്ദേഹം ഇപ്രകാരം പ്രാര്‍ത്ഥിച്ച സന്ദര്‍ഭം: എനിക്കിതാ കഷ്ടപ്പാട്‌ ബാധിച്ചിരിക്കുന്നു. നീ കാരുണികരില്‍ വെച്ച്‌ ഏറ്റവും കരുണയുള്ളവനാണല്ലോ. അപ്പോള്‍ അദ്ദേഹത്തിന്‌ നാം ഉത്തരം നല്‍കുകയും, അദ്ദേഹത്തിന്‌ നേരിട്ട കഷ്ടപ്പാട്‌ നാം അകറ്റിക്കളയുകയും ചെയ്തു. അദ്ദേഹത്തിന്‍റെ കുടുംബാംഗങ്ങളെയും, അവരോടൊപ്പം അവരുടെ അത്രയും പേരെ വേറെയും നാം അദ്ദേഹത്തിന്‌ നല്‍കുകയും ചെയ്തു. നമ്മുടെ പക്കല്‍ നിന്നുള്ള ഒരു കാരുണ്യവും, ആരാധനാനിരതരായിട്ടുള്ളവര്‍ക്ക്‌ ഒരു സ്മരണയുമാണത്‌.” (ക്വുർആൻ 21: 83-84)

പരമ കാരുണികനായ അല്ലാഹുവിൽ നിന്നുള്ള കാരുണ്യവും ആശ്വാസവും എപ്പോഴും പ്രതീക്ഷിച്ചുകൊണ്ടിരിക്കേണ്ടവനാണ് വിശ്വാസിയെന്ന വലിയ പാഠം പഠിപ്പിക്കുന്ന സംഭവങ്ങളുടെ ശൃംഖല തന്നെ വിവരിക്കുന്ന അധ്യായമാണ് സൂറത്ത് യൂസുഫ്. മക്കൾ രണ്ട് പേരും എന്നെന്നേക്കുമായി നഷ്ടപ്പെട്ടുവെന്ന് കരുതിയ സന്ദർഭത്തിൽ പോലും യഅ്ക്കൂബ് നബി (അ) പറയുന്ന വാക്കുകളാണ് ആ അധ്യായത്തിന്റെ കാതൽ: “എന്‍റെ മക്കളേ, നിങ്ങള്‍ പോയി യൂസുഫിനെയും അവന്‍റെ സഹോദരനെയും സംബന്ധിച്ച്‌ അന്വേഷിച്ച്‌ നോക്കുക. അല്ലാഹുവിങ്കല്‍ നിന്നുള്ള ആശ്വാസത്തെപ്പറ്റി നിങ്ങള്‍ നിരാശപ്പെടരുത്‌. അവിശ്വാസികളായ ജനങ്ങളല്ലാതെ അല്ലാഹുവിങ്കല്‍ നിന്നുള്ള ആശ്വാസത്തെപ്പറ്റി നിരാശപ്പെടുകയില്ല, തീര്‍ച്ച.” (12: 87)

യൂസുഫ് നബി (അ) തന്റെ ജീവിതത്തിൽ അനുഭവിച്ച പരീക്ഷണങ്ങളെല്ലാം ഈജിപ്തിന്റെ ഭക്ഷ്യമന്ത്രിയാവുകയെന്ന വലിയ ലക്ഷ്യത്തിലേക്കുള്ള ചവിട്ടുപടികളായിരുന്നുവെന്ന സത്യം ക്വുർആനിൽ നിന്ന് യൂസുഫ് ചരിത്രം പഠിച്ചിട്ടുള്ളവർക്ക് ഇന്ന് മനസ്സിലാക്കാൻ പ്രയാസമില്ല. എന്നാൽ പ്രസ്തുത പരീക്ഷണങ്ങളിലൂടെ കടന്നു പോവുന്ന ഘട്ടങ്ങളിൽ യൂസുഫിനെ കാണുന്നവർക്കൊന്നും അത് മനസ്സിലാക്കാൻ കഴിയില്ല. യൂസുഫിനെ കൊല്ലുകയെന്ന് ഗൂഡമായി തീരുമാനിച്ചവരോടൊപ്പം കാട്ടിലേക്ക് പോകുന്ന ആ പിഞ്ചുബാലനെ കാണുന്നവർക്കെങ്ങനെ അത് മന്ത്രിപദത്തിലേക്കുള്ള ആദ്യത്തെ കാൽവെപ്പാണെന്ന് മനസ്സിലാവും?! കിണറ്റിലെറിയപ്പെട്ട യൂസുഫിനെ കാണുന്നവർക്ക് ആ ബാലന്റെ ദുർഗതിയോർത്ത് പരിതപിക്കാനേ കഴിയൂ. ഈജിപ്തിലെ അടിമച്ചന്തയിൽ വില്പനക്ക് വെച്ചിരിക്കുന്ന യൂസുഫിൽ പ്രതീക്ഷയുടെ മങ്ങിയ നാളം പോലും കാണാൻ കാഴ്ചക്കാർക്കൊന്നും കഴിയില്ല. യജമാനഭാര്യയെ പ്രാപിക്കാൻ ശ്രമിച്ചുവെന്ന കുറ്റം ചുമത്തി ജയിലടക്കപ്പെട്ട അടിമയായ യൂസുഫിന് ഇനിയെന്ത് ഭാവി എന്ന് ചിന്തിക്കാനേ ആർക്കും സാധിക്കൂ. തന്റെ സ്വപ്നവ്യാഖ്യാനം പ്രഭുവിനെ അറിയിക്കണമെന്ന യൂസുഫിന്റെ അഭ്യർത്ഥന സഹതടവുകാരൻ മറക്കുക കൂടി ചെയ്തതോടെ അദ്ദേഹത്തിന് രക്ഷപ്പെടാനുള്ള അവസാനത്തെ അവസരവും നഷ്ടമായിയെന്നാണ് നമുക്ക് തോന്നുക. പക്ഷെ, ഇവയെല്ലാം മന്ത്രിപദത്തിലേക്കുള്ള തയ്യാറെടുപ്പ് പടികളായിരുന്നുവെന്ന സത്യം ക്വുർആനിൽ പറയുന്ന യൂസുഫ് കഥയുടെ മധ്യഭാഗത്തെത്തുമ്പോൾ നാം തിരിച്ചറിയുന്നു. “താങ്കള്‍ എന്നെ ഭൂമിയിലെ ഖജനാവുകളുടെ അധികാരമേല്‍പിക്കൂ. തീര്‍ച്ചയായും ഞാന്‍ വിവരമുള്ള ഒരു സൂക്ഷിപ്പുകാരനായിരിക്കും.” (12: 55) എന്ന് ഈജിപ്തിലെ രാജാവിനോട് ആവശ്യപ്പെടാൻ വിദൂരദേശത്തുനിന്ന് യൂസഫ് (അ) എത്തണമെന്ന അല്ലാഹുവിന്റെ തീരുമാനം നടപ്പാവുന്നതിനു വേണ്ടിയായിരുന്നു പ്രസ്തുത പരീക്ഷണങ്ങളെല്ലാം എന്ന സത്യമാണ് നാം ഇവിടെ വെച്ച് മനസ്സിലാക്കുന്നത്.

തന്റെ പ്രിയപ്പെട്ട മകൻ രാജ്യരക്ഷകനായ ഭക്ഷ്യമന്ത്രിയുടെ കസേരയിലിരിക്കുന്നത് കാണുകയെന്ന വലിയ അനുഗ്രഹത്തിലെത്തുവാനാണ് യഅ്ഖൂബ് നബി(അ)ക്ക് പുത്രവിരഹത്താൽ കണ്ണിന്റെ കാഴ്ച നഷ്ടപ്പെടുമാറ് കരഞ്ഞുകൊണ്ടിരിക്കുകയെന്ന വലിയ പരീക്ഷണത്തിന്റെ പടികൾ കയറേണ്ടി വന്നതെന്ന സത്യവും യുസുഫിന്റെ അധികാരാരോഹണത്തെക്കുറിച്ച കഥനം പാരായണം ചെയ്ത് അല്പം കഴിയുമ്പോൾ ക്വുർആൻ പഠിതാവ് തിരിച്ചറിയുന്നു. ഇവിടെ വെച്ചാണ് “അല്ലാഹുവിങ്കല്‍ നിന്നുള്ള ആശ്വാസത്തെപ്പറ്റി നിങ്ങള്‍ നിരാശപ്പെടരുത്‌. അവിശ്വാസികളായ ജനങ്ങളല്ലാതെ അല്ലാഹുവിങ്കല്‍ നിന്നുള്ള ആശ്വാസത്തെപ്പറ്റി നിരാശപ്പെടുകയില്ല, തീര്‍ച്ച.” എന്ന യഅ്ഖൂബ് നബി(അ)യുടെ വർത്തമാനം എത്രത്തോളം അർത്ഥപൂർണമായിരുന്നുവെന്ന് നമുക്ക് മനസ്സിലാവുക. എത്ര വലിയ പരീക്ഷണ ഘട്ടമാണെങ്കിലും അല്ലാഹുവിന്റെ കാരുണ്യത്തിൽ നിരാശരാവാതിരിക്കുകയും അവനിൽ നിന്നുള്ള ആശ്വാസം പ്രതീക്ഷിക്കുകയും അതിനു വേണ്ടി പ്രാർത്ഥിക്കുകയും പ്രവർത്തിക്കുകയും ചെയ്യേണ്ടവനാണ് വിശ്വാസിയെന്ന വലിയ പാഠമാണ് യഅഖൂബ് നബി (അ) വിശ്വാസികളെ പഠിപ്പിക്കുന്നത്.

വിശ്വാസികൾക്ക് പരീക്ഷണങ്ങളുണ്ടാവുമെന്നും അപ്പോഴെല്ലാം അവർ ക്ഷമിച്ചുകൊണ്ട് അല്ലാഹുവിൽ ഭരമേല്പിച്ച് മുന്നോട്ടു പോവുകയാണ് ചെയ്യേണ്ടതെന്നും ക്വുർആൻ ആവർത്തിച്ച് പഠിപ്പിക്കുന്നുണ്ട്. “ഭയം, വിശപ്പ്, സ്വത്തുക്കളിലും ദേഹങ്ങളിലും ഫലങ്ങളിലും കുറവ് എന്നിവയിൽപെട്ട വല്ലതുംകൊണ്ട് നിശ്ചയമായും നാം നിങ്ങളെ പരീക്ഷിക്കുന്നതാണ്. ക്ഷമിക്കുന്നവർക്ക് നീ സന്തോഷവാർത്ത അറിയിക്കുകയും ചെയ്യുക. അതായത് അവർക്ക് വല്ല ആപത്തും ബാധിച്ചാൽ അവർ പറയും : ഞങ്ങൾ അല്ലാഹുവിനുള്ളവരാണ്. ഞങ്ങൾ അവങ്കലേക്ക് തന്നെ മടങ്ങുന്നവരുമാകുന്നു. (2: 155, 156)

പരീക്ഷണങ്ങളെല്ലാം സ്വർഗപ്രവേശനത്തിനുള്ള നിമിത്തമാണെന്ന് മനസ്സിലാക്കുന്ന വിശ്വാസികളുടെ മനസ്സ് എത്ര കഠിനമായ പരീക്ഷണങ്ങളുടെ മുന്നിലും ചഞ്ചലപ്പെടുകയില്ല. നിരാശരാവുകയോ വിശ്വാസം വെടിയുകയോ ചെയ്യാതെ അല്ലാഹുവിൽ നിന്നുള്ള സഹായത്തിന് വേണ്ടി പ്രാർത്ഥിക്കുകയും അത് പ്രതീക്ഷിക്കുകയുമാണ് അവർ ചെയ്യുക. “അതല്ല, നിങ്ങൾക്ക് സ്വർഗത്തിൽ പ്രവേശിക്കാമെന്നാണോ നിങ്ങൾ കരുതിയിരിക്കുന്നത്? നിങ്ങളുടെ മുമ്പ് കഴിഞ്ഞുപോയിട്ടുള്ളവരുടെ മാതൃക നിങ്ങൾക്ക് വന്ന് കഴിഞ്ഞിട്ടല്ലാതെ? അവർക്ക് വിഷമതയും കഷ്ടതയും ബാധിക്കുകയുണ്ടായി. മാത്രമല്ല, ദൂതനും കൂടെ വിശ്വാസികളും ‘അല്ലാഹുവിന്റെ സഹായം എപ്പോഴായിരിക്കും’ എന്ന് ചോദിക്കുമാറ് അവർ കിടിലം കൊള്ളുകയും ചെയ്തു. അല്ല.. നിശ്ചയമായും അല്ലാഹുവിന്റെ സഹായം സമീപത്ത് തന്നെയാകുന്നു.” (2: 214)

പരീക്ഷണങ്ങളെ അവസരങ്ങളായി കാണുന്ന വിശ്വാസികളെ തോല്പിക്കുവാൻ ആർക്കാണ് കഴിയുക?! ശരീരവും മനസ്സുമെല്ലാം അല്ലാഹുവിനായി സമർപ്പിച്ചവരുടെ മനസ്സിനെ ചഞ്ചലമാക്കാൻ ഒരു പരീക്ഷണത്തിനും കഴിയില്ല. അവരുടെ ആത്മവീര്യത്തിനു മുമ്പിൽ ജയിലറകളും കൊലക്കയറുകളുമെല്ലാം തോറ്റതായാണ് ചരിത്രം. പരീക്ഷങ്ങളോട് പൊരുതിയ ശൈഖുൽ ഇസ്‌ലാം ഇബ്നുതൈമിയ പറഞ്ഞതായി ഇമാം ഇബ്നുൽ ഖയ്യിം ഉദ്ധരിക്കുന്ന വാക്കുകൾ ശ്രദ്ധേയമാണ്. ”എന്റെ ശത്രുക്കൾക്ക് എന്നെ എന്താണ് ചെയ്യാനാവുക? എന്റെ സ്വർഗ്ഗവും തോട്ടവുമെല്ലാം എന്റെ മനസ്സിലാണുള്ളത്. ഞാൻ എവിടേക്ക് പോയാലും അവയെ എന്നിൽ നിന്ന് വേർപെടുത്തായാനാവില്ല. എന്നെ കാരാഗൃഹത്തിലടച്ചാൽ എനിക്കത് ആരാധനക്ക് പറ്റിയ ഏകാന്തവാസമാണ്. അവരെന്നെ നാടുകടത്തിയാൽ എനിക്കത് നാട് കാണാനുള്ള യാത്രയാണ്. അവരെന്നെ കൊന്നുകളഞ്ഞാലോ എനിക്കത് രക്തസാക്ഷ്യവുമാണ്” (അൽ വാബിലു സ്സ്വയ്യിബ് മിനൽ കലിമത്ത്വയ്യിബ്‌, 1/ 48)

അതെ. പരീക്ഷണങ്ങളെയെല്ലാം അല്ലാഹുവിലേക്ക് അടുക്കുവാനുള്ള മാർഗങ്ങളായി കാണുന്നവനാണ് വിശ്വാസി. ഒരു പരീക്ഷണവും അവനെ തളർത്തുകയില്ല. അവയെയെല്ലാം ഇസ്‌ലാമിക ജീവിതത്തിനും പ്രബോധനനത്തിനുമുള്ള പുതിയ അവസരങ്ങളായേ അവൻ കാണൂ. പരീക്ഷണങ്ങൾ എത്ര തന്നെ വലുതാണെങ്കിലും അവിടെയെല്ലാം അല്ലാഹുവിന്റെ സഹായത്തിലായിരിക്കും അവന്റെ പ്രതീക്ഷ. തന്നെ സഹായിക്കുന്നവരെ അവൻ സഹായിക്കുമെന്ന് അല്ലാഹു വാഗ്ദാനം നല്കിയിട്ടുള്ളതാണ്. “സത്യ വിശ്വാസികളേ… നിങ്ങൾ അല്ലാഹുവിനെ സഹായിക്കുക. എങ്കിൽ അവൻ നിങ്ങളെ സഹായിക്കും; നിങ്ങളുടെ കാലുകൾ അവൻ ഉറപ്പിച്ചു നിർത്തുകയും ചെയ്യും.” (47: 7)

മാനവരാവശിക്കായി അല്ലാഹു അവതരിപ്പിച്ച അവന്റെ സന്ദേശം മറ്റുള്ളവർക്ക് എത്തിക്കുന്നതിൽ പങ്കാളികളായിക്കൊണ്ടാണ് വിശ്വാസികൾ അല്ലാഹുവിനെ സഹായിക്കേണ്ടത്. അങ്ങനെ സഹായിക്കുന്നവരെ അല്ലാഹു സഹായിക്കുമെന്ന വാഗ്ദാനം അവൻ പാലിച്ചിട്ടുണ്ട് എന്നതിന് മുസ്‌ലിംകളുടെ പതിനാലു നൂറ്റാണ്ട് കാലമായുള്ള ചരിത്രം സാക്ഷികയാണ്. അല്ലാഹുവിനെ സഹായിക്കാൻ ബുഖാറയിൽ നിന്നുള്ള പേരറിയാത്ത ഏതാനും വർത്തകർ സന്നദ്ധമായപ്പോൾ അവരിലൂടെ ഇസ്‌ലാമിനെയും മുസ്‌ലിംകളെയും നാമാവശേഷമാക്കാനായി ആയുധമെടുത്തവരെ മുസ്‌ലിംകളുടെ രക്ഷകന്മാരാക്കിത്തിത്തീർത്ത അത്ഭുതം പ്രവർത്തിച്ചവനാണ് അല്ലാഹു; അവൻ അന്നും ഇന്നും എന്നെന്നും ജീവിച്ചിരിക്കുന്നവനാണ്. സാധാരണക്കാരായ ശൈഖ് ജമാലുദ്ധീനിനും മകൻ റഷീദുദ്ധീനിനും ഒരു സാമ്രാജ്യത്തെത്തന്നെ മാറ്റാനുള്ള വിത്തിടാൻ കഴിഞ്ഞുവെങ്കിൽ ഇന്നും വിശ്വാസികളുടെ കൈയിലുള്ളത് അതേ വിത്ത് തന്നെയാണ്. നരകത്തിൽ ആപതിപ്പിക്കുന്ന ജീവിതാസ്വാദനത്തിൽ അഭിരമിക്കുന്നവരെ സ്വർഗ്ഗവാതിൽ തുറപ്പിക്കുന്ന ആദർശത്തിലേക്ക് വിളിക്കുക തന്നെയാണ് ആ വിത്ത്. അത് വിതക്കുകയും വളർത്തുകയും ചെയ്തുകൊണ്ട് അല്ലാഹുവിനെ സഹായിക്കുവാൻ സന്നദ്ധമാണെങ്കിൽ അല്ലാഹു വിശ്വാസികളെ സഹായിക്കും. അവന്റെ സഹായമാണ് വിശ്വാസികൾക്ക് ഔന്നത്യം നൽകുക. അവന്റെ വാഗ്ദാനത്തിലാണ് അവരുടെ പ്രതീക്ഷ. “നിങ്ങളില്‍ നിന്ന്‌ വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരോട്‌ അല്ലാഹു വാഗ്ദാനം ചെയ്തിരിക്കുന്നു; അവരുടെ മുമ്പുള്ളവര്‍ക്ക്‌ പ്രാതിനിധ്യം നല്‍കിയത്‌ പോലെതന്നെ തീര്‍ച്ചയായും ഭൂമിയില്‍ അവന്‍ അവര്‍ക്ക്‌ പ്രാതിനിധ്യം നല്‍കുകയും, അവര്‍ക്ക്‌ അവന്‍ തൃപ്തിപ്പെട്ട്‌ കൊടുത്ത അവരുടെ മതത്തിന്‍റെ കാര്യത്തില്‍ അവര്‍ക്ക്‌ അവന്‍ സ്വാധീനം നല്‍കുകയും, അവരുടെ ഭയപ്പാടിന്‌ ശേഷം അവര്‍ക്ക്‌ നിര്‍ഭയത്വം പകരം നല്‍കുകയും ചെയ്യുന്നതാണെന്ന്‌. എന്നെയായിരിക്കും അവര്‍ ആരാധിക്കുന്നത്‌. എന്നോട്‌ യാതൊന്നും അവര്‍ പങ്കുചേര്‍ക്കുകയില്ല. അതിന്‌ ശേഷം ആരെങ്കിലും നന്ദികേട്‌ കാണിക്കുന്ന പക്ഷം അവര്‍ തന്നെയാകുന്നു ധിക്കാരികൾ” (ക്വുർആൻ 24: 55)

വിഷയവുമായി ബന്ധപ്പെട്ട വീഡിയോ

6 Comments

 • Plz adjust the font so that its easier to read.

  Rashid 29.05.2019
 • Jazakallah khair.

  Ajmal 30.05.2019
 • بارك الله فيكم

  abdussammed 04.06.2019
 • Mashaallah Great

  Mahamood thadathil 05.06.2019
 • അൽ ഹംദുലില്ലാഹ്
  Coppy & publish

  Saeed 12.09.2019
 • വളരെ നല്ല ലേഖനം
  ജാസാക്കല്ലാഹ്‌ ഖൈർ…

  Aboobacker 14.09.2019

Leave a Reply to Aboobacker Cancel Comment

Your email address will not be published.