നൗഷാദുമാരെ സൃഷ്ടിക്കുന്നതെന്തോ അതാണ് മതം

//നൗഷാദുമാരെ സൃഷ്ടിക്കുന്നതെന്തോ അതാണ് മതം
//നൗഷാദുമാരെ സൃഷ്ടിക്കുന്നതെന്തോ അതാണ് മതം
ആനുകാലികം

നൗഷാദുമാരെ സൃഷ്ടിക്കുന്നതെന്തോ അതാണ് മതം

Print Now
പ്രളയബാധിതർക്ക് വേണ്ടി തന്റെ കടയിലുള്ള മുഴുവൻ വസ്ത്രങ്ങളും ചാക്കിൽ കെട്ടി നൽകിയ നൗഷാദാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം; എല്ലാവരും അദ്ദേഹത്തെ പുകഴ്ത്തുന്നു. അദ്ദേഹത്തിന്റെ ത്യാഗത്തെ വാഴ്ത്തുന്നു; അദ്ദേഹത്തെപ്പോലെയാകണമെന്ന് കച്ചവടക്കാരോടും പണക്കാരോടും സാധാരണക്കാരോടുമെല്ലാം ആവശ്യപ്പെടുന്നു; അദ്ദേഹത്തിൽ നിന്ന് പ്രചോദനമുൾക്കൊള്ളണമെന്ന് ഒരേ മനസ്സോടെ അഭിപ്രായവ്യത്യാസങ്ങളെല്ലാം മറന്ന് കേരളീയരെല്ലാം കരുതുന്നു; ചിത്രകാരന്മാർ അദ്ദേഹത്തിന്റെ ചിത്രം വരക്കുന്നു; സിനിമാനടന്മാർ അദ്ദേഹത്തെ വിളിച്ച് ആശംസകൾ അർപ്പിക്കുന്നു…. സജീവമാണ് നൗഷാദിനെക്കുറിച്ച ചർച്ചകൾ…..

പ്രശസ്തിയോ ഭൗതികമോഹങ്ങളോ ആഗ്രഹിക്കാതെ സേവനസന്നദ്ധരാവുന്ന നൗഷാദുമാരെ സൃഷ്ടിക്കുവാൻ നമ്മുടെ സമൂഹത്തിന് കഴിയണമെന്ന കാര്യത്തിൽ ആർക്കും അഭിപ്രായവ്യത്യാസമില്ല. അതാണ് നമ്മുടെ സമൂഹം അനുഭവിക്കുന്ന സ്നേഹദാരിദ്ര്യത്തിനുള്ള പരിഹാരം. എങ്ങനെ സൃഷ്ടിക്കാൻ കഴിയുമെന്ന് നൗഷാദ് തന്നെ വ്യക്തമാക്കിയിട്ടുണ്ട്. സിനിമാ നടന്മാരോടും മീഡിയാപ്രവർത്തകരോടുമെല്ലാം ഒരേ സ്വരത്തിൽ നൗഷാദ് പറഞ്ഞതിങ്ങനെ: “ഞാനിതൊന്നും ചെയ്തത് അറിയപ്പെടാൻ വേണ്ടിയല്ല. കഴിഞ്ഞ പ്രളയകാലത്തും എന്നെക്കൊണ്ട് കഴിയുന്നതെല്ലാം ഞാൻ ചെയ്തിരുന്നു. അല്ലാഹുവിന്റെ തൃപ്തിയും പ്രതിഫലവുമല്ലാതെ യാതൊന്നും ആഗ്രഹിച്ചല്ല ഞാനിതൊന്നും ചെയ്തത്. ഇപ്പോഴുള്ളതെല്ലാം എനിക്ക് തന്ന അല്ലാഹു ഇനിയും എനിക്ക് തരുമെന്ന് എനിക്കുറപ്പാണ്. നമ്മളാരും ഇതൊന്നും കൊണ്ട് പോവുകയില്ലല്ലോ….”

ഇതാണ് ഇസ്‌ലാമിന്റെ വീക്ഷണത്തിൽ മതം. ദുരിതമനുഭവിക്കുന്നവരുടെ പ്രയാസങ്ങൾ കാണാൻ കഴിയാത്തവർ മതനിഷേധികളാണെന്നാണ് ക്വുർആൻ പഠിപ്പിക്കുന്നത്. അനാഥകളെ സംരക്ഷിയ്ക്കാതിരിക്കുകയും അഗതികൾക്ക് തണലാകാതെയിരിയ്ക്കുകയും ചെയ്യുകയും മതത്തിന്റെ ചിഹ്നങ്ങളുമായി ജീവിക്കുകയും ചെയ്യുന്നവരുടെ നമസ്കാരം പോലും അവർക്ക് നാശമാണ് വരുത്തുകയെന്ന് പഠിപ്പിയ്ക്കുന്നതാണ് ക്വുർആനിലെ നൂറ്റിയേഴാമത്തെ അദ്ധ്യായം. ആരുടെയും പ്രശംസയോ ആശംസയോ കാംക്ഷിക്കാതെ, തന്നെ സൃഷ്ടിക്കുകയും തനിക്ക് അനുഗ്രഹങ്ങൾ നൽകുകയും ചെയ്യുന്ന അല്ലാഹുവിന്റെ തൃപ്തി മാത്രം ആഗ്രഹിച്ചുകൊണ്ട് ചെയ്യുന്ന കർമങ്ങൾക്കാണ് യഥാർത്ഥ സേവനത്തിന്റെ സുഗന്ധം പരത്താൻ കഴിയുക. ക്യാമറയുടെ മുന്നിൽ വെച്ച് നടത്തുന്ന സേവനാഭാസങ്ങളുമായി താരതമ്യത്തിന് പോലും പറ്റുന്നതല്ല ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്നുയരുന്ന ഈ സേവനസന്നദ്ധത. പടച്ചവന്റെ തൃപ്തിയല്ലാതെ മറ്റൊന്നും ആഗ്രഹിയ്ക്കാതെ ദുരിതാശ്വാസപ്രവർത്തങ്ങൾ നടത്താൻ സന്നദ്ധതയുള്ള നിരവധി പേരുടെ പരിശ്രമങ്ങളാണ് ദുരിതമനുഭവിക്കുന്നവർക്ക് എപ്പോഴും താങ്ങായിത്തീരാറുള്ളതെന്ന സത്യം ആ രംഗത്ത് പ്രവർത്തിക്കുന്നവർക്കെല്ലാം അറിയാവുന്നതാണ്. ദൈവബോധവും പരലോകചിന്തയുമാണ് മാനവികതയെ ദീപ്തമാക്കുന്നതെന്ന സത്യം നൗഷാദുമാർ വാർത്തയാകുമ്പോഴെങ്കിലും മനസ്സിലാക്കാൻ സമൂഹം സന്നദ്ധമായെങ്കിൽ!

ദൈവബോധത്തിനും പരലോകചിന്തക്കും മാത്രമേ ആത്യന്തികമായി മാനവികതയെ ദീപ്തമാക്കാൻ കഴിയൂവെന്ന് പറയുന്നത് മതഗ്രൻഥങ്ങൾ അങ്ങനെ അവകാശപ്പെടുന്നത് കൊണ്ട് മാത്രമല്ല; പ്രത്യുത, ചരിത്രം അതിന് സാക്ഷ്യം നിൽക്കുന്നത് കൊണ്ടുകൂടിയാണ് . മലയാളത്തിന്റെ ശ്രദ്ധേയനായ കഥാകാരൻ സി. രാധാകൃഷ്‌ണന്റെ വരികൾ വായിക്കുക: “.. വിശുദ്ധ ക്വുര്‍ആൻ എന്നെ പഠിപ്പിച്ച ആദ്യപാഠം ഈ ലോകം ഒരു നാഥനില്ലാ കളരിയല്ല എന്നാണ്. സര്‍വ്വ ശക്തനായ ഈശ്വരന്‍ എല്ലാം സൃഷ്ടിച്ച് എല്ലാറ്റിനെയും എല്ലാരേയും കാരുണ്യത്തോടെ കാണുന്നു. ആ ശക്തിയെ മറികടക്കാന്‍ വേറെയൊരു ശക്തിയും ഈ ഭൂമിയില്‍ എന്നല്ല പ്രപഞ്ചത്തില്‍ എങ്ങുമില്ല. ഉണ്ടാവുകയുമില്ല. എല്ലാം നശിച്ചാലും ആ ശക്തിക്ക് നാശമില്ല. ആ ശക്തിക്ക് ആദിയും അന്ത്യവുമില്ല. നമ്മുടെ കണ്‍മുന്നിലെ സ്ഥലകാലങ്ങൾ വച്ച് അളക്കാവുന്ന ഒന്നല്ല ആ സര്‍വ്വ ശക്തി. നമ്മുടെ കണ്ണുകൾ കൊണ്ട്‌ കാണാനാവുകയുമില്ല.”

“… വിശുദ്ധ ക്വുര്‍ആന്റെ കാര്യത്തില്‍ മറ്റൊരു പ്രധാനപ്പെട്ട തിരിച്ചറിവും അക്കാലത്തു തന്നെ എനിക്കുണ്ടായി. പൊന്നാനി അങ്ങാടിയിലെ തോട്ടുവക്കത്തെ ചില കച്ചവടക്കാരും എന്റെ നാട്ടുകാർ തന്നെയായ ആലി മാസ്റ്ററും വെറ്റില കച്ചവടക്കാരൻ അയമുട്ടിപ്പാപ്പയും കുവളകത്തെ അവുതള ഹാജിയും അത്തരക്കാരായ മറ്റു ചിലരുമാണ് ഇതിനു പിന്നില്‍. വിശുദ്ധ ഗ്രന്ഥത്തിന്റെ വെളിച്ചത്തിലാണ് ഇക്കൂട്ടർ ജീവിച്ചു പോന്നത്. അത്തരമൊരു ജീവിതം സാധ്യമാണെന്ന് തെളിയിക്കുകയായിരുന്നു എന്റെ കണ്ണില്‍ ഇവർ.”

“പൊന്നാനിയിലെ ആ കച്ചവടക്കാര്‍ ദൈവ നിയോഗം പോലെയാണ് കച്ചവടം നടത്തിയിരുന്നത്. നമസ്കാരത്തിന് സമയമായാല്‍ പണപ്പെട്ടിയും പീടികയും പൂട്ടാതെയാണ് യാത്ര. (മുസ്‌ലിംകള്‍ തിങ്ങി ജീവിച്ച ഒരു ദേശത്തിന്റെ ധാര്‍മ്മിക മികവ് സൂചിപ്പിക്കുന്നു – പകർപ്പുകാരൻ) വാക്കാണ് കച്ചവടത്തിന് ആധാരം. കടലാസും രശീതും ഉടമ്പടിയുമല്ല. വിശക്കുന്ന ആര്‍ ചെന്നു കൈ നീട്ടിയാലും സഹായമുണ്ട്. കണ്ണില്‍ സദാ കാണാവുന്നത് കാരുണ്യം മാത്രം. 1944 ല്‍ നാട്ടില്‍ കോളറ ഉണ്ടായപ്പോൾ അരി സംഭാവനയായി ചോദിച്ചു ചെന്ന സന്നദ്ധസംഘത്തിന് പാതാറിലെ ഗുദാമിന്റെ താക്കോൽ നീട്ടി വേണ്ടത്‌ എടുത്തു കൊള്ളാൻ പറഞ്ഞ ദയാമയരായ ആ ആളുകളെപ്പറ്റി എന്റെ അച്ഛൻ പലതവണ പലരോടും പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. ”

“അയമുട്ടിപ്പാപ്പ വെറ്റില നുള്ളി വീടു വീടാന്തരം കൊണ്ടു നടന്നു വില്‍ക്കുന്ന ഒരു നിസ്വനായിരുന്നു. സ്കൂളിലേക്ക് പോകുന്ന ഞങ്ങളുടെ കൂടെ കടത്തു തോണിയില്‍ എന്നുമുണ്ടാകും. ചെറിയ വട്ടക്കൂടയില്‍ വെറ്റില രണ്ടു വിഭാഗങ്ങളാക്കി വെവ്വേറെ വച്ചിരിക്കും. ഒരു വശത്ത് അന്ന് നുള്ളിയത്, മറ്റേത് തലേന്നാൾ നുള്ളിയത്. വെള്ളം തളിച്ചും വാഴയിലയിലും പോളയിലും പൊതിഞ്ഞും സംരക്ഷിക്കുന്നതിനാല്‍ ‍ഇന്നലെ അറുത്തതിന് കാര്യമായ വാട്ടമൊന്നും ഉണ്ടാവില്ല. എങ്കിലും രണ്ടും രണ്ടായിത്തന്നെ വച്ചിരിക്കും. വിലയിലും മാറ്റമുണ്ട്. നാഴിക്ക് ഒരുറുപ്പികത്തോതില്‍ പത്തുനാഴി പാലുവാങ്ങി നാലുനാഴി വെള്ളം ചേര്‍ത്ത് ഒന്നേകാല്‍ ഉറുപ്പിക നിരക്കില്‍ വിറ്റാല്‍ ലാഭശതമാനമെത്ര എന്ന കറക്കു ഗണിതം പഠിച്ചു പാസ്മാര്‍ക്ക് നേടാന്‍ സ്കൂളിലേക്ക് പോകുന്ന ഞങ്ങളില്‍ ചിലര്‍ അയമുട്ടിപ്പാപ്പയെക്കൊണ്ട് ഈ വെറ്റിലയുടെ കാര്യത്തിലെങ്കിലും ഒരു കള്ളം പറയിക്കാന്‍ ആവതും ശ്രമിച്ചിട്ടുണ്ട്. ഉപ്പാപ്പ അവസാനം ഞങ്ങളെ തുറന്നുതന്നെ അറിയിച്ചു: “അറിഞ്ഞുകൊണ്ട് കളവു പറഞ്ഞാല്‍ പടച്ച തമ്പുരാന്‍ പൊറുക്കില്ല മക്കളേ”. ഇക്കാര്യം പ്രതിപാദിക്കുന്ന വേദഭാഗങ്ങള്‍ ഞങ്ങളെ ചൊല്ലിക്കേള്‍പ്പിക്കുകയും ചെയ്തു. വിശുദ്ധ ഗ്രന്ഥം മുഴുക്കെ കാണാതെ അറിയാമായിരുന്ന ഉപ്പാപ്പയ്ക്ക് അതിന്‍റെ സരളമായ അര്‍ത്ഥതലവും നല്ല നിശ്ചയമായിരുന്നു.”

“ഗാന്ധിജിയുടെ ഖിലാഫത്ത് പ്രസ്ഥാനത്തെ വര്‍ഗ്ഗീയ ലഹളയാക്കി മാറ്റിത്തീര്‍ക്കുന്നതില്‍ വെള്ളക്കാര്‍ വിജയിച്ചതിനെത്തുടര്‍ന്ന് നാടുനീളെ അക്രമം അരങ്ങേറിയപ്പോള്‍ ഈ ഗ്രാമത്തിലേക്ക് കയറിവരാന്‍ പുറപ്പെട്ട അക്രമി സംഘത്തെ തനിച്ച് ചെറുത്തുനിന്നു തിരിച്ചയച്ച അതികായനായ ശൂരനാണ് അവുതള ഹാജി. “എന്‍റെ മയ്യിത്തിന് മുകളിലൂടെയേ നിങ്ങള്‍ക്കിവിടെ കടക്കാന്‍ കഴിയൂ” എന്ന് ഭാരതപ്പുഴയുടെ തീരത്തെ ഉയര്‍ന്ന മണ്‍തിട്ടയില്‍ കയറി നിന്ന് അദ്ദേഹം ഉദ്ഘോഷിച്ചു. ഈ നാടിനെ രക്ഷിച്ച അദ്ദേഹത്തെ ലഹളക്കാരനെന്നു മുദ്രകുത്തി വെള്ളക്കാരുടെ ഗൂര്‍ഖാ പട്ടാളം കെട്ടിപ്പൂട്ടി ഗുഡ്സ് വാഗണിലിട്ട് കൊണ്ടുപോയതും കയ്യിലെ കത്തികൊണ്ട് വാഗണ്‍ ഭിത്തിയുടെ കാരിരുമ്പ് തുരന്നു അതില്‍ മൂക്കുവെച്ച് ശ്വസിച്ച് പ്രാണന്‍ നിലനിര്‍ത്തി അദ്ദേഹം തിരിച്ചെത്തിയതും വളരെ പ്രായമായ ശേഷവും പുഴയോരത്തിരുന്ന് കുട്ടികളായ ഞങ്ങളോട് ‘ഒരു തുലാം ഇരിമ്പും ഒരു തുലാം പഞ്ഞിയും ഒരു തുലാസിന്‍റെ രണ്ടു തട്ടുകളില്‍ വച്ചാല്‍ ഏതുഭാഗം തൂങ്ങും?’ എന്ന് ചോദിക്കാറുള്ളതും ശരിയായും തെറ്റായും ഉത്തരം പറയുന്ന എല്ലാവര്‍ക്കും ഗോട്ടിമിഠായി വിതരണം ചെയ്യാറുള്ളതും ആ ധന്യജീവിതത്തിന്‍റെ തുടര്‍ക്കഥ. നന്മയുടെ പ്രതീകമായിരുന്ന അദ്ദേഹം ജീവിച്ചതും വിശുദ്ധ ഗ്രന്ഥത്തില്‍ പറയുന്നതിന്‍റെ പ്രായോഗികരൂപമായിട്ടായിരുന്നു.

“ആലി മാസ്റ്ററുടെ കഥ ഇതിലേറെ വിചിത്രമാണ്. സ്ക്കൂളില്‍ പോകാന്‍ മടിച്ച് ഞങ്ങള്‍ കാരപ്പഴം പറിച്ചു തിന്ന് ‘ഒളിവില്‍’ നടക്കവേ ഞങ്ങളുടെ കാലൊച്ച കേട്ട് പള്ളിയില്‍നിന്ന് ആലിമാസ്റ്റര്‍ തലനീട്ടി ഞങ്ങളെ കണ്ടത് ഇന്നും ഞാന്‍ ഓര്‍ക്കുന്നു. പിടിച്ച് സ്ക്കൂളിലേക്ക് കൊണ്ടുപോയി ബെഞ്ചില്‍ കയറ്റി നിര്‍ത്തുമെന്ന് ഭയന്നത് വെറുതെയായി. അപൂര്‍വ്വമായ അവധി എടുത്തായിരുന്നു മാസ്റ്ററുടെ ആ ഇരിപ്പ്. ക്ലാസില്‍ പോകാന്‍ വയ്യാത്തത് കൊണ്ട് അവധി എടുത്തതാണ്. ഇന്‍സ്പെക്ഷന്‍ നടക്കുന്നതിനാലാണ് സ്കൂളില്‍ പോകാന്‍ വയ്യാതായത്. ഇന്‍സ്പെക്ടര്‍ വരുന്ന ദിവസം മാനേജര്‍ അടുത്ത ക്ലാസ്സിലെ കുട്ടികളെ മാസ്റ്ററുടെ ക്ലാസ്സില്‍ കൊണ്ടുവന്ന് ഇരുത്തും. ആ കുട്ടികളൊക്കെ തന്‍റെ ക്ലാസ്സില്‍ പഠിക്കുന്നവരാണെന്ന് ആലി മാസ്റ്റര്‍ സാക്ഷ്യപ്പെടുത്തണം. അത്രയെ വേണ്ടൂ. പക്ഷേ, ആ ഒരു കളവുപറയാന്‍ വയ്യാത്തതുകൊണ്ട് ആലിമാസ്റ്റര്‍ അവധിയെടുത്ത് പ്രാര്‍ഥിക്കാനിരിക്കുന്നു.”

“പ്രവാചകന്‍റെ ഇംഗിതമനുസരിച്ച് ജീവിക്കാന്‍ കഴിയും എന്നതിന് അന്നെനിക്ക് കണ്‍മുന്നില്‍ കിട്ടിയ തെളിവുകള്‍ ഇവര്‍ മാത്രമായിരുന്നു. ഉപനിഷത്തോ ബൈബിളോ അടിത്തറയാക്കി ജീവിതം കെട്ടിപ്പടുത്ത ആരെയും എനിക്ക് കണ്ടെത്താനായില്ല. കണ്ടിട്ടും ഞാന്‍ കാണാതിരുന്നതോ യഥാര്‍ത്ഥത്തില്‍ എന്‍റെ കണ്‍വെട്ടത്തെങ്ങും ഇല്ലാതിരുന്നതോ എന്ന് തിട്ടമില്ല. രണ്ടുമാകാം. വേറെയാരും ഉണ്ടായില്ല എന്നതല്ല പ്രധാനം. ഇവര്‍ ഉണ്ടായി എന്നതാണ്. നബിതിരുമേനിയുടെ വാക്കുകള്‍ ശരിയായും ആത്മാര്‍ത്ഥമായും ഉള്‍ക്കൊണ്ട സമൂഹം എങ്ങനെയിരിക്കും എന്ന് സങ്കല്‍പ്പിക്കാന്‍ എനിക്ക് സാധിച്ചു.”

“ഇന്നും ഈ വ്യത്യാസം ഞാന്‍ കണ്‍മുന്നില്‍ കാണുന്നുണ്ട്. എന്‍റെ ചുറ്റുപാടുള്ളവരും യാത്രകള്‍ക്കിടയിലും അന്യദേശങ്ങളിലും ഞാന്‍ കാണുന്നവരുമായ ആളുകളില്‍ മഹാഭൂരിഭാഗവും മതവിശ്വാസികളാണ്. പല മതങ്ങളിലും വിശ്വസിക്കുന്നു എന്ന് സ്വയം കരുതുകയും ആ മതങ്ങള്‍ക്കായി വാദിക്കുകയും ചെയ്യുന്ന അവരില്‍ ഭൂരിഭാഗവും അതത് പ്രവാചകന്മാരുടെ വചനങ്ങള്‍ക്കനുസാരമായല്ല ജീവിക്കുന്നത് എന്ന് അവരുമായി കുറച്ചിടയുള്ള പെരുമാറ്റം കൊണ്ടുതന്നെ വെളിപ്പെടുന്നു. കാതല്‍ ചിതല്‍ തിന്ന വിശ്വാസം കുപ്പായം പോലെയേ ഉള്ളൂ. അര്‍ത്ഥവത്തായ വിശ്വാസദാര്‍ഡ്യം താരതമ്യേന കൂടുതല്‍ കാണുന്നത് ഇസ്‌ലാം മതത്തില്‍ വിശ്വസിക്കുന്നവര്‍ക്കിടയിലാണ്. ‘പരമശക്തനായ ദൈവം മനുഷ്യനെ ഏറ്റവും നല്ല മൂശയില്‍ വാര്‍ത്തത്’ എന്തിനെന്നും ആ കാരുണ്യം എന്ത് പ്രയോജനം ചെയ്യുന്നു എന്നും അറിയാന്‍ ഇവരുമായി അല്‍പനേരം ഇടപഴകിയാല്‍ ധാരാളം മതി. ഇതുതന്നെയാണ് വിശുദ്ധ ക്വുര്‍ആന്‍റെ പ്രസക്തി എന്ന് എനിക്ക് തോന്നുന്നു.”

“വിശുദ്ധ ക്വുര്‍ആന്‍ സജീവകവും പ്രായോഗിവുമാണ്. അതിന്‍റെ പേരു പറഞ്ഞോ അതില്‍ പറയുന്ന കാര്യങ്ങള്‍ തെറ്റായി മനസ്സിലാക്കിയോ അക്രമം കാണിക്കുന്നവരില്ലേ എന്ന ചോദ്യത്തിന് ജീവനുള്ള മറുപടികളാണ് ഇവര്‍. ഇവരുടെ പ്രഥമവും പ്രധാനവുമായ ഉടമ്പടി സര്‍വ്വ ശക്തനായ ദൈവത്തോടാകയാല്‍ ഇവര്‍ അങ്ങാടിയിലിറങ്ങി സ്വയം പ്രദര്‍ശിപ്പിക്കാറില്ല എന്നേയുള്ളൂ. അന്വേഷിച്ചാലേ കണ്ടെത്തൂ. ‘മുട്ടുവിന്‍ തുറക്കപ്പെടും’ എന്നുതന്നെ. പക്ഷേ, ഇതിനു ശ്രമിക്കുന്നത് വെറുതെ. കാരണം, ഈ ദുശീലമുള്ളവരുടെ വഴിയില്‍ നിന്ന് ആ ക്രാന്തദർശികള്‍ എന്നോ മാറിപ്പോയിരിക്കും.” (പ്രബോധനം ക്വുര്‍ആന്‍ വിശേഷാല്‍പതിപ്പ് 2002 )

അറിയുക; മാനവികതയെ ദീപ്തമാക്കുകയെന്ന മതത്തിന്റെ ദൗത്യം ഇന്നും അത് നിർവ്വഹിച്ചുകൊണ്ടിരിക്കുന്നുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ജീവിക്കുന്ന ആയിരക്കണക്കിന് നൗഷാദുമാരാണ് അതിന്നുള്ള തെളിവ്. അത് ശ്രദ്ധിക്കാതെ മതത്തിന്റെ പേരിൽ കൊലവിളികൾ നടത്തുന്ന ‘മതനിഷേധി’കളിൽ നിന്നേ മതത്തെ മനസ്സിലാക്കൂവെന്ന് വാശി പിടിക്കുന്നവർക്ക് അങ്ങനെ ആകാവുന്നതാണ്. അവർക്ക് അവരുടെ നിന്ദാട്രോളുകളും വിമർശനബ്ലോഗുകളും ദുർവ്യാഖ്യാനയന്ത്രങ്ങളുമായി വിവരസാങ്കേതികപാതയിൽ നിരന്തരമായ ആഭാസ നൃത്തമാടാവുന്നതുമാണ്. വിമർശങ്ങളുടെ ആയുധമെടുത്തവരെയടക്കം ഉൾക്കൊള്ളുവാനും പരിവർത്തിപ്പിക്കാനും കഴിയുന്നതാണ് മതത്തിന്റെ മാനവികതയെന്ന സത്യമാണ് ലോകത്തിന്റെ വ്യത്യസ്ത ഭാഗങ്ങളിൽ നിന്നുള്ള മാറ്റത്തിന്റെ വാർത്തകൾ വെളിപ്പെടുത്തുന്നത്. ആർ എങ്ങനെ മലീമസമായി അവതരിപ്പിക്കുവാൻ ശ്രമിച്ചാലും കൃത്യമായ ദൈവബോധവും വ്യക്തമായ പരലോകബോധവും പ്രസരിപ്പിച്ചുകൊണ്ട് യഥാർത്ഥ മനുഷ്യരെ സൃഷ്ടിക്കുകയെന്ന ധർമ്മവുമായി മതം മുന്നോട്ട് കുതിക്കുക തന്നെ ചെയ്യും, തീർച്ച.

“പറയുക: സത്യം വന്നിരിക്കുന്നു. അസത്യം തകർന്നിരിക്കുന്നു. തകരാനുള്ളതുതന്നെയാണ് മിഥ്യ, തീർച്ച” (ക്വുർആൻ 17:81)

4 Comments

 • Masha allah

  Ibrahim cm 14.08.2019
 • നമുക്കിതിനെ ചുരുക്കി ഇങ്ങനെ പറയാം….. മാനവികതയെ കൂടുതൽ തിളക്കമാർന്നതാക്കാൻ ഇസ്‌ലാമിന് മാത്രമേ കഴിയൂ…. അല്ലെങ്കിൽ നൗഷാദ് ഇസ്‌ലാമായതുകൊണ്ടാണ് ഇത്തരം പ്രവർത്തികൾക്ക് അദ്ദേഹത്തെ പ്രേരിപ്പിച്ചത് എന്ന്…

  അപ്പോൾ ലോകത്തുള്ള മുസ്ലീങ്ങളൊക്കെ ചെയ്യുന്ന തെറ്റുകളും ഈ മതം ഏറ്റെടുക്കേണ്ടതല്ലേ ? അല്ലെങ്കിൽ ഞങ്ങൾ ചെയ്യുന്നതിന്റെ നന്മ മാത്രം ഇങ്ങുപോരട്ടെ തിന്മ നിങ്ങളെടുത്തോ എന്ന നയമാണോ ?

  രത്നാകരൻ തൂവയിൽ 14.08.2019
  • രത്‌നാകരന്റെ പ്രതികരണം വായിച്ചു. ചില കാര്യങ്ങൾ: 

   ഒന്ന്) മുസ്ലിംകളുടെ  നന്മകൾ മതത്തിൽ നിന്നുള്ളതാണെന്ന് വാദിക്കുകയാണെങ്കിൽ തിന്മകളും മതത്തിൽ നിന്നുള്ളതാണെന്ന് സമ്മതിക്കേണ്ടതല്ലേ എന്നാണ് ചോദ്യം. വേണ്ടതില്ല എന്നാണ് ഉത്തരം. മുസ്ലിം നന്മ ചെയ്യുമ്പോൾ അയാൾ അല്ലാഹുവിന്റെ നിയമങ്ങൾ അനുസരിക്കുകയാണ്. അതിന്ന് അവനെ പ്രചോദിപ്പിക്കുന്നത് ദൈവത്തിന്റെ തൃപ്തി നേടാനാവും എന്ന ചിന്തയാണ്. തിന്മ ചെയ്യുമ്പോൾ അയാൾ ദൈവത്തെ ധിക്കരിക്കുകയാണ് ചെയ്യുന്നത്. ദൈവബോധം അയാളിൽ വേണ്ടത്ര സ്വാധീനം ചെലുത്താത്തതുകൊണ്ടാണ് അങ്ങനെ ഉണ്ടാവുന്നത്. “ഞാനിതൊന്നും ചെയ്തത് ഒരു പബ്ലിസിറ്റിക്കും വേണ്ടിയായിരുന്നില്ല; അല്ലാഹുവിന്റെ പ്രീതി മാത്രം ആഗ്രഹിച്ചാണ്” എന്ന നൗഷാദിന്റെ വാക്കുകൾ അയാളെ എങ്ങനെ ദൈവവിശ്വാസം സ്വാധീനിച്ചുവെന്ന്  വ്യക്തമാക്കുന്നു. മുസ്ലിംകളെന്ന് അവകാശപ്പെടുന്നവർ ചെയ്യുന്ന തിന്മകളൊന്നും തന്നെ ഖുർആനോ സുന്നത്തോ പഠിപ്പിച്ചവയല്ല എന്നതിനാൽ അവയ്ക്ക് ഇസ്‌ലാമിനെ പ്രതിക്കൂട്ടിലാക്കുന്നത് ന്യായമല്ല. അവ ചെയ്യുന്നവരുടെ മാത്രം തിന്മയാണ്; പ്രസ്തുത തിന്മകൾ അവർ ഇസ്‌ലാമിനെ വേണ്ട രൂപത്തിൽ ഉൾക്കൊള്ളാത്തതു കൊണ്ടാണ് സംഭവിക്കുന്നത്. പ്രമാണങ്ങൾ പഠിപ്പിച്ച പ്രകാരം അല്ലാഹുവിനെ അറിഞ്ഞ് തിന്മകളിൽ നിന്ന് മാറി നിൽക്കുവാനാണ്  അവരോട് അടക്കം എല്ലാവരോടും ഇസ്‌ലാം നിർദേശിക്കുന്നത്. 

    

   രണ്ട്) മതത്തിന്റെ പേരിൽ നടക്കുന്ന ഭീകരപ്രവർത്തങ്ങൾ ചൂണ്ടിക്കാണിച്ച് ‘മതം ഉപേക്ഷിക്കുക; മനുഷ്യരാവുക’ എന്ന് പ്രചരിപ്പിക്കുന്ന കേരളത്തിലെ യുക്തിവാദികളെ പ്രധാനമായും മനസ്സിൽ കണ്ട് കൊണ്ടാണ് ഞാൻ എന്റെ കുറിപ്പെഴുതിയത്. അവരുടെ  കണ്ണ് തുറപ്പിക്കാൻ ആയിരം നൗഷാദുമാരുടെ ജീവിതസാക്ഷ്യം കൊണ്ടും കഴിയില്ലെന്ന് അനുഭവങ്ങളിൽ നിന്ന് അറിയുന്നയാളാണ് ഞാൻ. മതം ഉപേക്ഷിക്കുക വഴി ‘മനുഷ്യ’രായവർ ചെയ്തുകൂട്ടുന്ന പേക്കൂത്തുകളാണ് കഴിഞ്ഞ ഒരു നൂറ്റാണ്ടിനിടയ്ക്ക്  ലോകത്തെ ദുരിതപൂർണമാക്കിയതെന്നും ഇപ്പോഴും ആക്കിക്കൊണ്ടിരിക്കുന്നതെന്നുമുള്ള സത്യം അറിയണമെങ്കിൽ അന്ധമായ നിരീശ്വരവാദത്തിന്റെ വാല്മീകങ്ങളെ പൊട്ടിച്ചെറിഞ്ഞ് ലോകത്തെ കാണാൻ അവർ സന്നദ്ധമാവണം. നൗഷാദുമാരുടെ മനസ്സ് വായിക്കുവാനുള്ള മാപിനികളൊന്നും ഭൗതികവാദം കണ്ടെത്തിയിട്ടില്ലാത്തതിനാൽ ഇത്തരം സേവനസന്നദ്ധതകൾക്കെല്ലാം അവരുടേതായ ഭൗതികവ്യാഖ്യാനങ്ങളുണ്ടായിരിക്കും. വ്യക്തികളുടെ സഹജീവി സ്നേഹമാണ് നന്മകൾക്ക് പ്രേരിപ്പിക്കുന്നത് എന്ന് പറയുന്ന യുക്തിവാദികൾ എന്തുകൊണ്ട് അത്തരം സഹജീവിസ്നേഹം ഉണ്ടായിയെന്ന് കൂടി വിശദീകരിക്കാൻ ബാധ്യസ്ഥരാണ്. സ്വന്തത്തെ ബലികൊടുത്തതും സഹജീവിയെ രക്ഷിക്കുകയെന്ന സേവനസന്നദ്ധതയ്ക്ക് പരിണാമവാദപ്രകാരം എന്ത് വിശദീകരണമാണുള്ളത്? സ്വാർത്ഥതയുള്ളവർ മാത്രം അതിജീവിക്കുന്ന നില നില്പിനുവേണ്ടിയുള്ള സമരത്തിൽ മറ്റു ജീവികൾക്കൊന്നുമില്ലാത്ത ബോധപൂർവ്വമുള്ള ഈ സേവനസന്നദ്ധത എങ്ങനെ മനുഷ്യർക്ക്‌ മാത്രം ഉണ്ടായി?  സ്രഷ്ടാവിന്റെ തൃപ്തി ആഗ്രഹിച്ചുകൊണ്ട് ജീവിക്കുവാനും ആ ജീവിതത്തിന്റെ മധുരം ആസ്വദിക്കുവാനും സാധിക്കാത്തവർക്ക് മനസ്സിലാക്കാൻ കഴിയാത്തതാണ് ഈ സേവനസന്നദ്ധത. മതത്തിന്റെ പേരിൽ കഠാര ചുഴറ്റുന്ന, ഖുർആനിന്റെ ഭാഷയിൽ പറഞ്ഞാൽ മതനിഷേധികളുടെ, അട്ടഹാസങ്ങളിൽ മാത്രമേ യുക്തിവാദികൾക്ക്  മതത്തെ കാണാൻ കഴിയൂ. അത് അവരുടെയൊന്നും വൈയക്തികമായ പരിമിതിയല്ല; അവരുടെ തലച്ചോറുകളെ ഭരിക്കുന്ന ജീവിതദർശനമാണ് അവർക്ക് ഈ അന്ധത സമ്മാനിക്കുന്നത്. ഖുർആൻ പറയുന്നതെത്ര ശരി! “അവരുടെ കണ്ണുകൾക്കല്ല; മനസ്സുകൾക്കാണ് അന്ധത ബാധിച്ചിരിക്കുന്നത്” (22:46)

   ഐ.എ. റഹ്‌മാൻ 

   I.A Rahman 16.08.2019
 • “ഓരോ വ്യക്തിയുടെയും ഉള്ളിലുള്ള സഹജീവി സ്നേഹമാണ്

  അല്ലാതെ ദൈവ പ്രീതിയല്ല,, ഇതിന് പ്രേരിപ്പിക്കുന്നത് ”

  – ഒരു യുക്തിവാദി

  മറുപടി എന്ത്?

  റമീസ് മാഷ് 14.08.2019

Leave a comment

Your email address will not be published.