ന്യൂസ്‌ലാന്റിലെ കൂട്ടക്കൊല; നാസ്തികരോട് ഒരു അഭ്യർത്ഥന

//ന്യൂസ്‌ലാന്റിലെ കൂട്ടക്കൊല; നാസ്തികരോട് ഒരു അഭ്യർത്ഥന
//ന്യൂസ്‌ലാന്റിലെ കൂട്ടക്കൊല; നാസ്തികരോട് ഒരു അഭ്യർത്ഥന
ആനുകാലികം

ന്യൂസ്‌ലാന്റിലെ കൂട്ടക്കൊല; നാസ്തികരോട് ഒരു അഭ്യർത്ഥന

Print Now

“ഗോത്രീയതയിൽ നിന്നും വംശീയതയിൽ നിന്നും മാനവികതയിലേക്കുള്ള ദൂരം ഓരോ ആക്രമണങ്ങളും നമ്മെ ഓർമ്മിപ്പിക്കുന്നു” – ന്യൂസിലാൻഡ് ആക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് ആദരാഞ്ജലികൾ.

പ്രമുഖ മലയാളീ നാസ്തികനായ സി.രവിചന്ദ്രൻ 16. 03. 2019 ന് വൈകുന്നേരം 6:34 ന് തന്റെ ഫേസ്ബുക്കിൽ ഷെയർ ചെയ്ത ‘എസ്സെൻസ് മെൽബണിന്റെ’ പോസ്റ്ററിലെ സന്ദേശം കണ്ടപ്പോൾ കുറിക്കണമെന്ന് തോന്നിയ ചില ചിന്തകൾ പങ്കു വെക്കുകയാണ്. മലയാളികളായ മുഴുവൻ നാസ്തികരെയും അഭിസംബോധന ചെയ്തുകൊണ്ടുള്ളതാണ് ഈ കുറിപ്പ്.

സുഹൃത്തുക്കളെ,

നാസ്തികതക്ക് സഹസ്രാബ്ദങ്ങളുടെ ചരിത്രമുണ്ട്; മതത്തിന്   അതിനേക്കാളധികം ചരിത്രമുണ്ടായിരിക്കും. ദൈവമുണ്ടോ ഇല്ലേയെന്ന വിഷയത്തിലുള്ള തർക്കം നാഗരികതയുടെ രൂപീകരണകാലം തൊട്ടുതന്നെ നടന്നു വന്നിരുന്നുവെന്നാണ് വിവിധ സംസ്കാരങ്ങളുടെ ചരിത്രം പരിശോധിച്ചാൽ മനസ്സിലാവുക. ആ തർക്കം ഇന്നും നാളെയും തീരുന്നതല്ല. മതവിശ്വാസികളും നാസ്തികരും തമ്മിലും വിവിധ മതവിശ്വാസികൾ തമ്മിലുമെല്ലാമുള്ള സൃഷ്ടിപരമായ സംവേദനത്തിലൂടെയും സംവാദങ്ങളിലൂടെയുമാണ് തത്വശാസ്ത്രം വളർന്നു വന്നത്. മനുഷ്യരുടെ ധിഷണാമുന്നേറ്റങ്ങൾക്കും ശാസ്ത്രീയമായ വിപ്ലവങ്ങൾക്കുമെല്ലാം നിമിത്തമായത് തത്വശാസ്ത്രത്തിന്റെ വളർച്ചയാണ്. തർക്കശാസ്ത്രവും തത്വശാസ്ത്രവുമെല്ലാം നില നിൽക്കുന്നിടത്തോളം ഈ തർക്കങ്ങൾ  തുടരും; നാം ആഗ്രഹിച്ചാലും ഇല്ലെങ്കിലും.

നാസ്തികരും മതവിശ്വാസികളുമായി സൃഷ്ടിപരമായ സംവാദങ്ങൾ മലയാളത്തിലും നടന്നിട്ടുണ്ട്. എ.ടി. കോവൂരും എം.സി. ജോസഫും പി.സി. കടലുണ്ടിയുമടങ്ങുന്ന യുക്തിവാദീധിഷണാശാലികൾ പല മതപണ്ഡിതരുമായും സംവാദങ്ങൾ നടത്തിയിട്ടുണ്ട്. അവയിൽ എം.സി. ജോസഫും പി.സി. കടലുണ്ടിയും നാസ്തികതയിൽ നിന്ന് മതത്തിലേക്ക് വന്ന ഡോ: ഉസ്മാൻ സാഹിബുമായി സൽസബീൽ മാസികയിലൂടെ നടത്തിയ സംവാദം, ഗൗരവവായന തുടങ്ങിയ നാളുകളിൽ എന്റെ ആശയവളർച്ചക്ക് ഏറെ ഉപകാരപ്പെട്ടിട്ടുണ്ട്. ഖുർആനിനെയും മുഹമ്മദ് നബിയെയും വിമർശിച്ചുകൊണ്ട് ഇടമറുകിന്റെ ‘ഖുർആൻ ഒരു വിമർശനപഠനം’ എന്ന ഗ്രൻഥം പുറത്ത് വന്നപ്പോൾ അതിനെതിരെ കേരളത്തിൽ നിന്ന് ഒരു ഫത്‍വയുമുണ്ടായിട്ടില്ല; പുസ്തകത്തെ വസ്തുനിഷ്ഠമായി വിമർശിച്ചുകൊണ്ട് പത്തോളം പുസ്‌തകങ്ങൾ രചിച്ചുകൊണ്ടാണ്  മലയാളീ മുസ്‌ലിംകൾ അതിന് പ്രതികരിച്ചത്. കേരള യുക്തിവാദി സംഘം പ്രസിഡന്റ് കലാനാഥൻ മാസ്റ്ററുമായി തുറന്ന വേദികളിൽ വെച്ച്  ഞാൻ തന്നെ രണ്ട് തവണ സംവാദങ്ങളിലേർപ്പെട്ടിട്ടുണ്ട്. എനിക്ക് ആ സംവാദങ്ങൾ  വ്യക്തിപരമായി ഏറെ ഉപകാരപ്പെട്ടിട്ടുണ്ട്. മാസ്റ്റർക്കും ഉപകാരപ്പെട്ടിട്ടുണ്ടാവുമെന്നാണ് എന്റെ പ്രതീക്ഷ. വിമർശനങ്ങളും സംവാദങ്ങളുമെല്ലാം സൃഷ്ടിപരമാണെങ്കിൽ അത് നമുക്കെല്ലാം വ്യക്തിപരമായും സമൂഹത്തിനും ഉപകാരപ്പെടുമെന്ന്  വ്യക്തമാക്കാൻ  വേണ്ടിയാണ് ഇത്രയും സൂചിപ്പിച്ചത്.

ഇതെഴുതുമ്പോൾ എന്റെ മുന്നിൽ ന്യൂസീലാൻഡിൽ നാല്പത്തിയൊൻപത് പേരെ വെടിവെച്ച കൊന്ന ബ്രെന്റൺ റ്ററന്റ് ഈ ക്രൂരകൃത്യം ചെയ്യുന്നതിന് രണ്ട് ആഴ്ചകൾക്കു മുമ്പ് എഴുതി തയ്യാറാക്കിയ  ‘മഹത്തായ പുനഃസ്ഥാപനം’ (The Great Replacement) എന്ന എഴുപത്തിമൂന്നു പുറങ്ങളുള്ള മാനിഫെസ്റ്റോ തുറന്നു വെച്ചിട്ടുണ്ട്. ആസ്‌ത്രേലിയയിൽ നിന്നുള്ള സാധാരണക്കാനും ചെറിയ വരുമാനമുള്ള കുടുംബത്തിൽ നിന്നുള്ളവനുമായ  ഒരു യുവാവാണ് താൻ എന്ന്  പരിചയപ്പെടുത്തിക്കൊണ്ട് തുടങ്ങുന്ന  ഇരുപത്തിയൊൻപതുകാരനായ കൊലയാളി  താൻ ഈ ക്രൂരതക്കൊരുങ്ങുന്നത് എന്തിനാണെന്ന് വ്യക്തമാക്കിക്കൊണ്ട്  എഴുതിയതാണ് ഈ  മാനിഫെസ്റ്റോ.  ഇതിൽ  പറയുന്ന കാര്യങ്ങൾ ഇസ്‌ലാംഭീതിയും വംശവെറിയും  എത്രത്തോളം മാരകമായ മനോരോഗത്തിലേക്കാണ് പാശ്ചാത്യൻ യുവാക്കളെ കൊണ്ടുപോയിക്കൊണ്ടിരിക്കുന്നത് എന്ന വ്യക്തമാക്കുന്നുണ്ട്. ഇസ്‌ലാമും മുസ്‌ലിം സമൂഹവും വളർന്നു വരുന്നത് യൂറോപ്പിന്റെ ഭാവിയെ സാരമായി ബാധിക്കുമെന്നും  അത് തടയേണ്ടത് നാടിനെ സ്നേഹിക്കുന്ന ഓരോരുത്തരുടെയും കടമയാണെന്നും കുടിയേറ്റവും മുസ്‌ലിംകളുടെ എണ്ണ വർധനവും തടയേണ്ടതുണ്ടെന്നും തന്റെ  തലമുറയിലെയും അടുത്ത തലമുറയിലെയും വളർന്നു വരുന്ന വെളുത്ത മക്കളുടെ ഭാസുരമായ ഭാവിക്കു വേണ്ടിയാണ്  സ്വയം ബലിയാടായിക്കൊണ്ട് താൻ ഈ ക്രൂരത ചെയ്യുന്നത് എന്നുമാണ്  അദ്ദേഹം പറയുന്നതിന്റെ ചുരുക്കം. ഇസ്‌ലാമിനെയും മുസ്‌ലിംകളെയും കുറിച്ച് മീഡിയയും സമൂഹവുമുണ്ടാക്കിയ തെറ്റായ അവബോധത്തിന്റെ സ്വാധീനം മാനിഫെസ്റ്റോയിൽ നിറഞ്ഞു നിൽക്കുന്നുണ്ട്.

ഞാൻ ഒന്നിലധികം തവണ ആസ്‌ത്രേലിയ സന്ദർശിച്ചിട്ടുണ്ട്. രവിചന്ദ്രന്റെ സന്ദർശനത്തിന് ഏകദേശം ഒരു മാസത്തിന് ശേഷം ഞാൻ അവിടെയുണ്ടായിരുന്നു. വ്യത്യസ്ത മതവിശ്വാസികൾ എത്ര സൗഹൃദത്തോടെയാണ് അവിടെ കഴിയുന്നതെന്ന് അനുഭവിച്ചറിഞ്ഞയാളാണ് ഞാൻ. രവിചന്ദ്രനും അത് മനസിലാക്കിയിട്ടുണ്ടാവും. അങ്ങനെയുള്ള ആസ്‌ത്രേലിയയിൽ ജനിച്ചുവളർന്ന ഒരു യുവാവിന്റെ മനസ്സിൽ ഇത്ര വലിയ വിഷം കയറിയത് എങ്ങനെയായിരിക്കും? ഉത്തരം അയാളുടെ മാനിഫെസ്റ്റോയിൽ തന്നെയുണ്ട്. ഇന്റർനെറ്റിലൂടെ വരുന്ന വിവരങ്ങളിൽ നിന്നാണ് ഇസ്‌ലാമും മുസ്‌ലിംകളും എത്രത്തോളം അപകടകരമാണെന്ന് അദ്ദേഹത്തിന് മനസ്സിലായത് !! കുടിയേറ്റത്തിലൂടെയും വംശവർദ്ധനവിലൂടെയും മുസ്‌ലിംകൾ നടത്തുന്ന അധിനിവേശത്തിന്റെ ‘അപകടം’ അറിയുന്നതിനുമുള്ള അദ്ദേഹത്തിന്റെ പ്രധാന സ്രോതസ്സ് ഇന്റർനെറ്റാണ്. ന്യൂയോർക്കിലെ ‘ഡാറ്റ ആന്റ് സൊസൈറ്റി’ പ്രസിദ്ധീകരിച്ച ഗവേഷകയായ റബേക്കാ ലൂയിസിന്റെ  ‘Alternative Influence: Broadcasting the Reactionary Right on YouTube’  എന്ന പഠനം എങ്ങനെയാണ് യൂട്യുബിനെപ്പോലെയുള്ള ഇന്റർനെറ്റ് സൈറ്റുകളെയുപയോഗിച്ച് മനഃശാസ്ത്രപരമായി യുവാക്കളെ തീവ്രവാദികളാക്കുന്നതെന്ന് ഉദാഹരണങ്ങൾ സഹിതം വ്യക്തമാക്കുന്നുണ്ട്. കേരളത്തിൽ നിന്ന് ‘ഇസ്‌ലാമിക് സ്റ്റേറ്റി’ലേക്ക് പറന്നവരുടെ ‘മതവിജ്ഞാന’ത്തിന്റെ പ്രധാന സ്രോതസ്സ് ഇന്റർനെറ്റായിരുന്നുവെന്ന അവരുടെ കുടുംബങ്ങളുടെ സാക്ഷ്യം ഇതോട് ചേർത്ത് വായിക്കേണ്ടതാണ്. വംശീയതയും വർഗീയതയുമെല്ലാം യുവാക്കളുടെ മനസ്സിൽ വിത്തിടുകയും വളർത്തുകയും ചെയ്യുന്നതിനായി ഇന്റർനെറ്റിലൂടെയുള്ള ബോധപൂർവ്വവും സമർത്ഥവുമായ ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന വസ്തുതയാണ് നാം ഇതിൽ നിന്ന് വളരെ ഗൗരവത്തോടെ മനസ്സിലാക്കേണ്ടത്.

പാശ്ചാത്യൻ യുവാക്കൾക്കിടയിൽ ഇസ്‌ലാംഭീതിയെ ഒരു പകർച്ചവ്യാധിപോലെ പരത്തുന്നതിൽ ഇലക്ട്രോണിക് മീഡിയക്കും മറ്റു മീഡിയകൾക്കുമെല്ലാം പങ്കുള്ളതുപോലെ ഇസ്‌ലാമിനെ ആദർശപരമായി വെറുക്കുന്നവർക്കും അതിന്റേതായ പങ്കുണ്ട്. മിഷനറിമാരും നാസ്തികരുമാണ് ഇക്കാര്യത്തിൽ മുന്നിലുള്ളതെന്ന് പറയാതെ വയ്യ. ‘റിച്ചാർഡ് ഡോക്കിൻസ് ഫൗണ്ടേഷൻ ‘നാല് കുതിരക്കാർ’ (Four Horsemen) എന്ന തലക്കെട്ടിൽ പുറത്തിറക്കിയ  നവനാസ്തികതയുടെ കുതിരക്കാരായി സ്വയം തന്നെ പരിചയപ്പെടുത്തടുന്ന നാലു പേരുടെ  2007 സെപ്റ്റംബർ 30 – ന് നടത്തിയ രണ്ട് മണിക്കൂർ നീണ്ടു നിൽക്കുന്ന സംഭാഷണത്തിന്റെ വീഡിയോ എത്രത്തോളം വികലമായാണ് നാസ്തികബുദ്ധിജീവികൾ ഇസ്‌ലാമിനെ മനസ്സിലാക്കിയിട്ടുള്ളതെന്നും ഇസ്‌ലാംഭീതിയുടെ പ്രസാരണത്തിൽ അറിഞ്ഞോ അറിയാതെയോ അവർ എങ്ങനെ പങ്കാളികളാവുന്നുവെന്നും വ്യക്തമാക്കുന്നുണ്ട്. ഖുർആനോ നബിവചനങ്ങളോ ഒരു തവണ പോലും വായിച്ചിട്ടില്ലെന്ന് തുറന്നു സമ്മതിക്കുന്ന ഇവർ, അവരുടെ പുസ്തകങ്ങളിലും ട്വിറ്റർ സന്ദേശങ്ങളിലുമെല്ലാം  ഖുർആൻ വചനങ്ങളും നബിജീവിതത്തിലെ സംഭവങ്ങളും ഉദ്ധരിച്ച് ഇസ്‌ലാമിലെ ഭീകരതയെ നിർധരിക്കുന്നത് കണ്ടാൽ അത്ഭുതം തോന്നും! ‘ചില ആശയങ്ങൾ  അതിൽ വിശ്വസിക്കുന്നവരെ കൊല്ലുന്നത് ധാർമികമാക്കിത്തീർക്കുവാൻ പോലും പോന്ന രൂപത്തിൽ അപകടകരമായിരിക്കും’ എന്ന് ഇസ്‌ലാമിനെ സൂചിപ്പിച്ചുകൊണ്ട് പ്രസ്താവിക്കുന്ന സാംഹാരിസും മുസ്‌ലിം പള്ളികളിൽ നിന്ന് ആവർത്തിച്ച് കേൾക്കുന്ന ‘അല്ലാഹു അക്ബർ’ എന്ന ശബ്ദം പോലും അക്രമണോൽസുകമാണ് എന്ന് പറയുന്ന റിച്ചാർഡ് ഡോക്കിൻസുമെല്ലാം ഇസ്‌ലാംഭീതിയുടെ പ്രസാരണത്തിൽ കാര്യമായ പങ്കുവഹിക്കുന്ന നാസ്തികരാണ്. ഇക്കാര്യം അവരുടെ രചനകൾ വായിക്കുന്ന ആർക്കും മനസ്സിലാവും.

നവനാസ്തികരുടെ കൃതികൾ മലയാളത്തിൽ പുറത്തിറങ്ങുന്നതിന് മുൻപ് തന്നെ ഇസ്‌ലാമിനെക്കുറിച്ച അനാവശ്യമായ വെറുപ്പും ഭയവുമുണ്ടാക്കുന്നതിന് കേരളത്തിലെ യുക്തിവാദികൾ ശ്രമിച്ചു പോന്നിട്ടുണ്ട് എന്ന യാഥാർഥ്യം ആർക്കാണ് നിഷേധിക്കാൻ കഴിയുക?!. 1985 മാർച്ച് 29 ന് ചാന്ദ്മൽ ചോപ്രയെന്നയാൾ ഖുർആൻ നിരോധിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് കൽക്കട്ട ഹൈക്കോടതിയിൽ നൽകിയ ഹർജിയുടെ വിശദാംശങ്ങൾ മലയാളികൾക്ക് പരിചയപ്പെടുത്തിയത് ജോസെഫ് ഇടമറുകിന്റെ നേതൃത്വത്തിൽ  ദൽഹി ആസ്ഥാനമാക്കിയുള്ള  ഇന്ത്യൻ എത്തിയിസ്ററ് പബ്ലിഷേഴ്സ് ആയിരുന്നു. ഹിന്ദുത്വവാദിയായ സീതാറാം ഗോയൽ എഴുതുകയും അവരുടെ തന്നെ പ്രസാധനാലയമായ ‘വോയ്സ് ഓഫ് ഇന്ത്യ’ പ്രസിദ്ധീകരിക്കുകയും ചെയ്ത ‘കൽക്കട്ട ഖുർആൻ ഹരജി’ (The Calcutta Quran Petition) എന്ന പുസ്തകത്തിലുള്ള ഖുർആൻ കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ മലയാളത്തിൽ ‘കൽക്കട്ടാ ഖുർആൻ കേസ്’ എന്ന തലക്കെട്ടിൽ  പ്രസിദ്ധീകരിച്ചുകൊണ്ട്, അന്യമതവിദ്വേഷം പഠിപ്പിക്കുകയും മുസ്‌ലിംകളല്ലാത്തവരെയെല്ലാം കൊല്ലുകയും ചെയ്യണമെന്ന് ആഹ്വാനം ചെയ്യുന്നതിനാൽ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 153A, 295A വകുപ്പുകൾ പ്രകാരം ഖുർആൻ നിരോധിക്കേണ്ടത് ആവശ്യമാണെന്ന തരത്തിലുള്ള അവബോധം സൃഷ്ടിച്ചത്  ഇടമറുകായിരുന്നു. മലയാളികൾക്കിടയിൽ പുസ്തകം പ്രചരിപ്പിച്ചത് യുക്തിവാദികൾ എന്ന് സ്വയം അവകാശപ്പെടുന്നരായിരുന്നല്ലോ. യുദ്ധരംഗത്തെ നിയമങ്ങൾ  വിവരിക്കുന്ന ഇരുപത്തി നാല്  ഖുർആൻ വചനങ്ങൾ സന്ദർഭത്തിൽ നിന്ന് അടർത്തിയെടുത്ത് അവതരിപ്പിച്ച് മുസ്‌ലിംകളോട് മറ്റുള്ളവരെയെല്ലാം കൊന്നൊടുക്കുവാൻ ആഹ്വാനം ചെയ്യുന്ന ഗ്രൻഥമാണ്  ഖുർആൻ എന്ന് സമർത്ഥിക്കുന്ന ‘കൽക്കട്ട ഖുർആൻ ഹരജി’ മലയാളികൾക്ക് പരിചയപ്പെടുത്തിയത് കൊണ്ട് എന്ത് നേട്ടമാണ് യുക്തിവാദികൾക്ക് അവരുടെ ആശയ പ്രചാരണത്തിന് ഉണ്ടായിട്ടുള്ളത് എന്ന് ചിന്തിക്കാൻ എന്തുകൊണ്ടോ ഇസ്‌ലാം വിരോധം തലയ്ക്ക് പിടിച്ച യുക്തിവാദികളിൽ പലർക്കും കഴിയുന്നില്ല. ഇസ്‌ലാം വിരോധത്തിന്റെ വിത്തുകൾ സമൂഹത്തിൽ മുളപ്പിക്കുന്നതിലും പ്രസരിപ്പിക്കുന്നതിലും നവനാസ്തികരുടെ മുന്നിൽ നടന്നവരാണ് മലയാളീ യുക്തിവാദികൾ എന്നാണ്  ഇതിനർത്ഥം.

നവനാസ്തികരുടെ ഏറ്റവും വലിയ ബുദ്ധിജീവിയായ റിച്ചാർഡ് ഡോക്കിൻസ്  ഇസ്‌ലാമുമായി ബന്ധപ്പെട്ട അപഗ്രഥനങ്ങൾ വരുമ്പോഴെല്ലാം കേവലയുക്തിയെ പോലും ചവറ്റുകൊട്ടയിലെറിയുന്ന സമീപനമാണ്  സ്വീകരിക്കാറുള്ളത്. അത് വായിക്കുമ്പോൾ മലയാളീ യുക്തിവാദികളിൽ നിന്നാണോ അദ്ദേഹം പഠിച്ചത് എന്ന നമുക്ക് തോന്നിപ്പോകും.. ഒരിക്കൽപോലും ഖുർആനോ നബിവചനങ്ങളോ  വായിച്ചിട്ടില്ലെങ്കിലും ഇസ്‌ലാമാണ് ലോകത്തെ ഏറ്റവുമധികം തിന്മ നിറഞ്ഞ മതമെന്ന് എഴുതുന്നതിൽ നിന്ന്  (The Washington Times, 12. 06. 2017) തന്റെ  യുക്തിബോധം ഡോക്കിന്സിനെ  തടയുന്നില്ല. ഒരു ആദശത്തെക്കുറിച്ച് അഭിപ്രായം പറയണമെങ്കിൽ അതിന്റെ അടിസ്ഥാനപ്രമാണങ്ങൾ ഒരു തവണയെങ്കിലും വായിക്കണമെന്ന യുക്തിക്ക് അദ്ദേഹത്തിനുള്ള മറുപടി “ഖുർആൻ വായിക്കാതെയും താങ്കൾക്ക് ഇസ്‌ലാമിനെക്കുറിച്ച് ഒരു അഭിപ്രായമുണ്ടാവാം. നാസിസത്തെക്കുറിച്ച് ഒരു അഭിപ്രായമുണ്ടാവണമെങ്കിൽ മെയിൻ കാംഫ് വായിക്കണമെന്നില്ലല്ലോ” (25. 03. 2013  1:48 PM ന് ട്വിറ്ററിൽ കുറിച്ചത്) എന്നാണ്. ആര്യഅധീശത്വത്തിന്റെ പ്രത്യയശാസ്ത്രത്തെ മാനവികതയുടെ ദർശനമായ ഇസ്‌ലാമുമായി താരതമ്യം ചെയ്യുന്നതിലെ യുക്തിഭംഗം മനസ്സിലാക്കാതെയും  ഹിറ്റ്ലറെയും അദ്ദേഹത്തിന്റെ രചനകളെയും തന്റെ ക്രൂരതകൾക്ക് നാസീദർശനം  കാരണമായതിന്റെ രീതിയെയും കുറിച്ച് അപഗ്രഥിക്കാതെയും   നാസിസത്തെക്കുറിച്ച്  അഭിപ്രായം പറയുന്നവരാണ് നാസ്തികതയുടെ  മഹാബുദ്ധിജീവികളെങ്കിൽ അവരിലെ മറ്റുള്ളവരുടെ സ്ഥിതിയെന്തായിരിക്കും. ഖുർആനുമായി ബന്ധപ്പെട്ട ചർച്ചകളിലെല്ലാം നാസ്തികനായ ബുദ്ധിജീവികളുടെയും എഴുത്തുകാരുടെയും മാധ്യമപ്രവർത്തകരുടെയും സൈദ്ധാന്തികരുടെയുമെല്ലാം സമീപനം അതൊന്ന് വായിച്ച് നോക്കുക പോലും ചെയ്യാതെ അഭിപ്രായം പറയുകയെന്നതാണ്. ഈ സമീപനമാണ് ഇസ്‌ലാംഭീതിയും വെറുപ്പും ഒരു സാംക്രമിക മനോരോഗം പോലെ യുവാക്കൾക്കിടയിൽ പടരാനുള്ള കാരണങ്ങളിലൊന്ന്.

മുസ്‌ലിംകളല്ലാത്തവരെയെല്ലാം കൊന്നൊടുക്കണമെന്ന ഒരു ആഹ്വാനം ഖുർആനിലുണ്ടായിരുന്നുവെങ്കിൽ ലോകത്തിന്റെ അവസ്ഥ ഇതാകുമായിരുന്നില്ലെന്ന് ചിന്തിക്കുവാനുള്ള യുക്തി പോലും നവനാസ്തികരിൽ പലർക്കുമില്ല.  മുഹമ്മദ് നബിയിലൂടെ ഇസ്‌ലാം പൂർത്തീകരിക്കപ്പെട്ടിട്ട് ഒന്നര സഹസ്രാബ്ധത്തോളമായി. ഇതിനിടയിൽ അമുസ്‌ലിമായി എന്ന കാരണത്താൽ  മാത്രം ഒരാളെ ഖുർആനിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് ആരെങ്കിലും  കൊന്നതായി വ്യക്തമാക്കുന്ന രേഖകളൊന്നും തന്നെയില്ല. മുസ്‌ലിംകൾക്ക് ഭരണമില്ലാത്തതു കൊണ്ടാണ് അങ്ങനെ സംഭവിക്കാത്തത് എന്ന വാദമുന്നയിക്കുന്ന നാസ്തികരുണ്ട്. മുസ്‌ലിംകൾ ഭരിച്ച ഏഴെട്ട് നൂറ്റാണ്ടുകൾക്കിടയിൽ ഇന്ത്യയിലെവിടെയെങ്കിലും അങ്ങനെയൊന്ന് സംഭവിച്ചതായി ഉദ്ധരിക്കാൻ കടുത്ത ഇസ്‌ലാം വിരോധികളായ ചരിത്രകാരന്മാർക്ക് പോലും കഴിഞ്ഞിട്ടില്ല. മുസ്‌ലിം ഭരണത്തിന് കീഴിൽ അമുസ്‌ലിംകളൊന്നും കൊല്ലപ്പെട്ടിട്ടില്ല എന്നൊന്നുമല്ല ഞാൻ പറയുന്നത്. അങ്ങനെ കൊല്ലപ്പെട്ടിട്ടുണ്ടെങ്കിൽ അവയ്ക്ക് വ്യക്തമായ രാഷ്ട്രീയ കാരണങ്ങളും  അവയ്ക്കുണ്ടായിരിക്കും. ഇക്കാര്യം  ചരിത്രകാരന്മാർ സൂചിപ്പിച്ചിട്ടുണ്ട്. ഏതെങ്കിലുമൊരു ഖുർആൻ  വചനത്തിൽ  നിന്ന് പ്രചോദനമുൾക്കൊണ്ട് ഒരാളും മറ്റൊരാളെ അയാൾ അമുസ്‌ലിമായി എന്ന കാരണത്താൽ മാത്രം  കൊന്നതായി വ്യക്തമാക്കുന്ന രേഖകളില്ലെന്നാണ് ഇവിടെ സൂചിപ്പിക്കുന്നത്..

കേരളത്തിൽ മുസ്‌ലിംകളുണ്ടാകാനാരംഭിച്ചിട്ട് പതിനാലു നൂറ്റാണ്ടുകളായി. മുസ്‌ലിംകളല്ലാത്തവരുമായി എത്ര സൗഹൃദത്തോടെയാണ് അന്ന് മുതൽ ഇന്ന് വരെയുള്ള മുസ്‌ലിംകളെല്ലാം കഴിയുന്നത് എന്ന വസ്തുത എല്ലാവർക്കും അറിയാവുന്നതാണ്. മുസ്‌ലിം നാടുകളിലെ  മലയാളികളുടെ പ്രവാസജീവിതത്തിന് അര നൂറ്റാണ്ടിലധികം വയസ്സുണ്ട്. ഇതിനിടയിലെവിടെയെങ്കിലും ഒരാളെ അയാൾ അമുസ്‌ലിമായി എന്ന കാരണത്താൽ മാത്രമായി ഖുർആനിൽ നിന്ന് പ്രചോദനമുൾക്കൊണ്ട ആരെങ്കിലും കൊന്നതായി വാർത്തകളൊന്നുമുണ്ടായിട്ടില്ല. ഖുർആനിലെ തെറ്റിദ്ധരിപ്പിക്കപ്പെടുന്ന ആയത്തുകളിൽ നിന്ന് അമുസ്‌ലിംകളെല്ലാം കൊല്ലപ്പെടേണ്ടവരാണെന്ന് മുസ്‌ലിംകളൊന്നും മനസ്സിലാക്കിയിട്ടില്ലെന്ന വസ്തുത ഇതെല്ലാം വ്യക്തമാക്കുന്നുണ്ട്.   ഇത്തരം കാര്യങ്ങളൊന്നും ശ്രദ്ധിക്കാനെന്തു കൊണ്ടാണ് യുക്തിവാദികൾക്ക് കഴിയാത്തത്? അസഹിഷ്ണുതയുണ്ടാക്കുന്നതാണ് ഖുർആൻ എന്ന്  ലേഖനമെഴുതുകയും പ്രസംഗിക്കുകയും ചെയ്യുന്നതിന് മുമ്പ് തങ്ങൾ വിമർശിക്കുന്ന ഗ്രന്ഥമൊന്ന് വായിച്ച് നോക്കുകയെങ്കിലും ചെയ്യാൻ വിമർശകർ സന്നദ്ധമാകേണ്ടതല്ലേ?  എന്തിനാണീ ക്രൂരതയെന്ന ചോദ്യത്തിനുള്ള ഉത്തരം ഖുർആനിനെ തമസ്കരിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നല്ലാതെ മറ്റൊന്നുമല്ല. തങ്ങളാഗ്രഹിക്കുന്ന ധാർമിക പദ്ധതിയല്ല ഖുർആനിലുള്ളത് എന്നതുകൊണ്ടുള്ള വിരോധം തീർക്കൽ വഴി ഉണ്ടാവുന്ന സാമൂഹ്യ വിപത്തിന്റെ ആഴം വ്യക്തമാക്കുന്നതാണ് ന്യൂസിലാന്റ് സംഭവം. ഇതിൽ നിന്നെങ്കിലും മലയാളീ യുക്തിവാദികൾ പാഠമുൾക്കൊള്ളണമെന്ന് പറയാൻ വേണ്ടിയാണ് ഈ കുറിപ്പ്.

മുസ്‌ലിംകളല്ലാത്തവരെയെല്ലാം കണ്ടിടത്ത് വെച്ച് കൊല്ലണമെന്ന് ഖുർആൻ പറയുന്നുണ്ടെന്ന് പ്രചരിപ്പിച്ചുകൊണ്ട് കേരളത്തിലെ അറിയപ്പെടുന്ന ഒരു സ്വാമി പുറത്തിറക്കിയ വീഡിയോ ക്ലിപ്പിംഗ് കണ്ടത് ലക്ഷക്കണക്കിനാളുകളാണ്. തന്റെ വാദം സമർത്ഥിക്കാനായി  അദ്ദേഹമുപയോഗിച്ച ആയത്തുകളെല്ലാം ‘കൽക്കത്താ ഖുർആൻ കേസി’ലുള്ളവ തന്നെ. ഹിന്ദുത്വചാനലിൽ ഈ വിഷയം ഇപ്പോൾ  വ്യാപകമായി ചർച്ച ചെയ്യുന്ന ബുദ്ധിജീവിയും ഉപയോഗിക്കുന്നത് ഇതേ ആയത്തുകൾ തന്നെ. ഈ ആയത്തുകൾക്ക് അപ്പുറവും ഇപ്പുറവുമുള്ള ആയത്തുകളെങ്കിലും ഒരു തവണ വായിക്കാനുള്ള ക്ഷമ കാണിച്ചിരുന്നുവെങ്കിൽ അദ്ദേഹത്തിന് കാര്യം മനസ്സിലായേനെ. അങ്ങനെ ഒരു ഉദ്ദേശ്യം അദ്ദേഹത്തിനില്ലെന്ന് എല്ലാവർക്കുമറിയാം. ഇസ്‌ലാംഭീതി വളർത്തി അമേരിക്കയിൽ അധികാരത്തിലേറിയവർക്ക് ബുദ്ധി ഉപദേശിച്ചു കൊടുക്കുന്നവർ തന്നെയാണല്ലോ ഇവരുടെയും ഉപദേശകന്മാർ. അവരുടെ ഇസ്‌ലാം തമസ്കരണത്തിന്റെ യുക്തി നമുക്ക് മനസ്സിലാവും. നാട് കത്തിയായാലും അധികാരത്തിലിരിക്കുകയെന്ന ഫാഷിസത്തിന്റെ യുക്തി!

ഫാഷിസത്തിന്റെയും സാമ്രാജ്യത്വത്തിന്റെയും യുക്തി തന്നെയാണ് നാസ്തികന്മാരുടേതുമെന്ന് കരുതാൻ നമുക്കിഷ്ടമില്ല. മതങ്ങളെയെല്ലാം വിമർശിക്കുമ്പോൾ ജീവിച്ചിരിക്കുന്ന ഒരേയൊരു മതമായ ഇസ്‌ലാം കൂടുതൽ വിമർശിക്കപ്പെടുന്നത് മനസ്സിലാവും. പക്ഷെ പ്രസ്തുത വിമർശനം വസ്തുനിഷ്ഠമല്ലാത്ത വിവരങ്ങളുടെ അടിസ്ഥാനത്തിലാണെന്ന് മനസ്സിലായാലെങ്കിലും തിരുത്താൻ യുക്തിബോധമുള്ളവർ സന്നദ്ധമാകേണ്ടതല്ലേ? ഉദ്ധരിക്കപ്പെടുന്ന ഖുർആൻ വചങ്ങളുടെ യാഥാർഥ്യം വ്യക്തമാക്കുന്ന നിരവധി പഠനങ്ങൾ വാമൊഴിയായും വരമൊഴിയായും ഇൻറർനെറ്റിൽ സുലഭമാണ്. അവയൊന്നും ഒന്ന് പരിശോധിക്കാൻ പോലും സന്നദ്ധമാകാതെ ഖുർആൻ വിമർശനമുന്നയിക്കുന്നവർ മുസ്‌ലിംകളെ മതേതരന്മാരാക്കുകയാണ് ലക്ഷ്യമാക്കുന്നതെങ്കിലും സംഭവിക്കുന്നത് അതല്ല, പ്രത്യുത  ന്യൂസിലാന്റിലെ ബ്രെന്റൺ റ്ററന്റിനെപ്പോലെയുള്ള വംശീയവാദികളെ സൃഷ്ടിക്കുന്നതിനുള്ള ആശയ പരിസരമൊരുക്കുകയാണെന്ന് മനസ്സിലാക്കാൻ എന്തുകൊണ്ടാണ് സ്വയം യുക്തിവാദികളെന്ന് പരിചയപ്പെടുത്തുന്നവർക്ക്  കഴിയാതെ പോകുന്നത്?

2017 ആഗസ്തിൽ കാലിഫോർണിയയിലെ ബെർക്ലിയിൽ നടത്താനിരുന്ന തന്റെ  പ്രോഗ്രാം ഇസ്‌ലാമിനെയും മുസ്‌ലിംകളെയും അപഹസിച്ചുകൊണ്ട് റിച്ചാർഡ് ഡോക്കിൻസ്  നടത്തിയ പരാമർശങ്ങൾ മതനിന്ദാപരമാണ് എന്ന് ചൂണ്ടിക്കാണിച്ച്   അതിന്റെ സംഘാടകരായ KPFA റേഡിയോ ഉപേക്ഷിച്ച വിവരം കേരളത്തിലെ നാസ്തികന്മാരിൽ ചിലർക്കെങ്കിലും അറിയാതിരിക്കില്ല. എന്തുകൊണ്ടാണ് അങ്ങനെയൊരു തീരുമാനം മുസ്‌ലിംകൾക്ക് യാതൊരു സ്വാധീനവുമില്ലാത്ത റേഡിയോ അധികൃതരിൽ നിന്നുണ്ടായതെന്ന് യുക്തിവാദികൾ ചിന്തിച്ചിട്ടുണ്ടോ? ആശയവിമർശനങ്ങൾ സമൂഹത്തിന്റെ സംവേദനക്ഷമതയും ബൗദ്ധികനിലവാരവും വർദ്ധിപ്പിക്കുമ്പോൾ നിന്ദയും അപഹസിക്കലും തികച്ചും ഗുണകരമല്ലാത്ത ഫലങ്ങളാണ് സമൂഹത്തിലുണ്ടാക്കുകയെന്ന ബോധവും ബോധ്യവുമുള്ളവരാണ് മതനിന്ദ കുറ്റകരമാണെന്ന് നിയമനിർമാണം നടത്തിയവർ. വിമർശനത്തിന് പഠനവും ഗവേഷണവുമാവശ്യമാണ്; നിന്ദക്കാവട്ടെ, കേവലം നാവും പേനയും മാത്രം മതി. അത് സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങൾ വളരെ വലുതാണ് താനും. യാതൊരു തെളിവുകളും സമർപ്പിക്കാതെ  ‘ഇസ്‌ലാമാണ് ലോകത്തെ ഏറ്റവും തിന്മ നിറഞ്ഞ മത’മെന്നും ‘അല്ലാഹു അക്ബർ’ എന്ന പള്ളിയിൽ നിന്നുള്ള ശബ്ദം അക്രമണോൽസുകമാണെന്നുമെല്ലാം തുറന്നു ട്വീറ്റ് ചെയ്യുന്ന ഡോക്കിൻസിന്  പക്ഷെ താൻ പറയുന്നതൊന്നും ഇസ്‌ലാമിനെ അധിക്ഷേപിച്ചുകൊണ്ടുള്ളതാണെന്ന്  മനസ്സിലാകുന്നില്ല എന്നതാണ് രസകരവും സങ്കടകരവും. അത് മനസ്സിലാവാത്തത് കൊണ്ടാണല്ലോ താൻ മതനിന്ദയൊന്നും നടത്തിയിട്ടില്ലെന്ന് അദ്ദേഹം സംഘാടകർക്ക് കത്തെഴുതിയത്. വിമർശനവും നിന്ദയും തമ്മിലുള്ള അന്തരം പോലും തിരിച്ചറിയാത്ത മഹാബുദ്ധിജീവികളിൽ  നിന്ന് പഠിക്കുന്നവരും പ്രചോദനമുൾക്കൊള്ളുന്നവരുമെല്ലാം യൂറോപ്പിൽ പകർന്നു കൊണ്ടിരിക്കുന്ന ഇസ്‌ലാംഭീതിയെന്ന മനോരോഗം നട്ടുവളർത്തുന്നതിൽ ഗണ്യമായ പങ്കു വഹിക്കുന്നുണ്ട് എന്ന സത്യം നാം മനസ്സിലാക്കിയേ പറ്റൂ.

ഐഎസിനെപ്പോലെയുള്ളവർ അവരുടെ ദുഷ്ചെയ്തികളെ ന്യായീകരിക്കുവാൻ ഖുർആൻ ഉദ്ധരിക്കുന്നില്ലേ എന്നായിരിക്കും നിങ്ങളുടെ മറുചോദ്യം എന്നെനിക്കറിയാം. ശരിയാണ്; ഭീകരവാദികൾ തങ്ങളുടെ ക്രൂരതകളെ ന്യായീകരിക്കുവാൻ ഖുർആനും നബിവചനങ്ങളും പണ്ഡിതഗ്രൻഥങ്ങളുമെല്ലാം ഉദ്ധരിക്കാറുണ്ട്.  ഖുർആനിൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണ് ഐഎസും മറ്റ് ഭീകരസംഘങ്ങളുമുണ്ടായതെന്ന് ഇപ്പോഴും നിങ്ങൾ കരുതുന്നുവെങ്കിൽ പാശ്ചാത്യ മാധ്യമവിമർശകരായ നോം ചോംസ്കിയുടെയും എഡ്വേർഡ് സൈദിന്റെയുമെല്ലാം രചനകൾ നിങ്ങളൊന്ന് വായിക്കണമെന്ന് മാത്രമാണ് എനിക്ക് നിങ്ങളോട് അഭ്യർത്ഥിക്കുവാനുള്ളത്.  പാശ്ചാത്യൻരാഷ്ട്രാന്തരീയ സൃഗാലതന്ത്രങ്ങളുടെ ഭാഗമായി പരിണമിച്ചുണ്ടായതാണ് ഭീകരതയെന്ന രാഷ്ട്രീയ പ്രതിഭാസമെന്ന വസ്തുത അപ്പോൾ നിങ്ങൾക്ക് മനസ്സിലാവും. ഭീകരവാദികൾ അവരുടെ ന്യായീകരണത്തിനു വേണ്ടി മതഗ്രന്ഥങ്ങൾ ഉദ്ധരിക്കുന്നത് വിവരമില്ലാത്ത യുവാക്കളെ തെറ്റിദ്ധരിപ്പിച്ച് അവരിലേക്ക് ആകർഷിക്കാനാണെന്ന് ആർക്കാണ് അറിഞ്ഞുകൂടാത്തത്?! ഇക്കാര്യം പണ്ഡിതന്മാരെല്ലാം പലവുരു വ്യക്തമാക്കിയിട്ടുള്ളതാണ്. വ്യവസ്ഥാപിതമായ രീതിയിൽ മതം പഠിച്ചവരെ ആകർഷിക്കാൻ തങ്ങൾക്ക് കഴിയില്ലെന്നതുകൊണ്ടാണ്  ഇന്റർനെറ്റിലൂടെയുള്ള വിദ്വേഷപ്രചാരണം ഭീകരവാദികൾ തങ്ങളുടെ രീതിയായി തെരെഞ്ഞെടുത്തിരിക്കുന്നത്. തീവ്രവാദത്തിനും ഭീകരവാദത്തിനുമൊന്നും ഇസ്‌ലാമിൽ യാതൊരു സ്ഥാനവുമില്ലെന്ന വസ്തുത അവർ ഉദ്ധരിക്കുന്ന പ്രമാണങ്ങൾ തന്നെ ഒന്ന് മനസ്സിരുത്തി വായിച്ചാൽ ആർക്കും മനസ്സിലാവും.

ഞാനൊരു മുസ്‌ലിമാണ്. ലോകത്തുള്ള നൂറ്റി അറുപത് കോടി മുസ്‌ലിംകളിലൊരാൾ. ന്യൂസിലാൻഡിലെ അൽനൂർ പള്ളിയിൽ നമസ്കരിക്കാനായി  വന്ന തന്നെയും മറ്റുള്ളവരെയും കൊല്ലാനായി തോക്കുചൂണ്ടിയ ഭീകരവാദിയെ ‘ഹലോ  ബ്രദർ…’എന്ന്  സംബോധന ചെയ്ത അഫ്ഗാൻ വംശജനായ ദാവൂദ് എന്ന എഴുപത്തിയൊന്നുകാരനെപ്പോലെയുള്ള ഒരു മുസ്‌ലിം. ഞങ്ങൾ ഇസ്‌ലാമിനെ പഠിച്ചത് ഖുർആനിൽ നിന്നാണ്; ഞങ്ങളെല്ലാം ഞങ്ങളെക്കാൾ സ്നേഹിക്കുന്ന മുഹമ്മദ് നബിയുടെ ജീവിതത്തിൽ നിന്നാണ്. അവയിൽ നിന്ന് ഞങ്ങൾ പഠിച്ചത് സാഹോദര്യത്തിന്റെ പാഠങ്ങളാണ്;  മനുഷ്യസമത്വത്തിന്റെ സന്ദേശങ്ങളാണ്; മനുഷ്യർക്ക് മാത്രമല്ല, പച്ചക്കരളുള്ള മുഴുവൻ ജീവികൾക്കും കാരുണ്യം ചൊരിയണമെന്നാണ്; ഭൂമിയിലുള്ളവരോട് മുഴുവൻ കാരുണ്യം കാണിച്ച് പരമകാരുണ്യകന്റെ കാരുണ്യത്തിന് പാത്രമാകണമെന്നാണ് ഞങ്ങളുടെ പ്രവാചകൻ ഞങ്ങളെ പഠിപ്പിച്ചത്; വയറു നിറച്ച് ഉണ്ണുന്നതിനു മുൻപ് അയൽവാസികൾക്കാർക്കെങ്കിലും വിശക്കുന്നുണ്ടോയെന്ന് അന്വേഷിക്കണമെന്ന നബിവചനം  ഞങ്ങളെ പഠിപ്പിച്ച മതാധ്യാപകരൊന്നും അയൽവാസി ഏത് മതത്തിൽ പെട്ടവനാണെന്ന് ചികയണമെന്ന് പറഞ്ഞുതന്നിട്ടില്ല; അയൽവാസികളായ ഭരതേട്ടനും മക്കളും ഞങ്ങൾക്ക് സഹോദങ്ങളെപ്പോലെ സ്നേഹിക്കപ്പെടേണ്ടവരാണ്. അവരുടെ വേദനകൾ തങ്ങളുടേതായി ഏറ്റെടുക്കണമെന്നാണ് ഞങ്ങളുടെ മാതാപിതാക്കളും മദ്രസാധ്യാപകരും  കർമ്മങ്ങളിലൂടെ ഞങ്ങളെ പഠിപ്പിച്ചത്. നിഷ്കളങ്കരായ മനുഷ്യരെ ട്രക്ക് കയറ്റിക്കൊല്ലണമെന്ന വൃത്തികെട്ട പാഠം ഞങ്ങളൊന്നും മദ്രസയിൽ നിന്ന് പഠിച്ചിട്ടില്ല. മുസ്‌ലിംകളല്ലാത്തവരെയെല്ലാം വെറുക്കണമെന്ന ആശയം ഞങ്ങളുടെയൊന്നും ഉസ്താദുമാർ ഞങ്ങളെ പഠിപ്പിച്ചിട്ടുമില്ല. അങ്ങനെ ആരെങ്കിലും പഠിപ്പിച്ചിട്ടുണ്ടെങ്കിൽ അതിന് പടച്ചവന്റെ വർത്തമാനങ്ങളായി ഞങ്ങൾ മനസ്സിലാക്കുന്ന ഖുർആനോ ലോകത്തിനു മുഴുവൻ മാത്രകയായി വന്നയാളായി ഞങ്ങൾ ആദരിക്കുന്ന ഞങ്ങളുടെ പ്രവാചകന്റെ വചനങ്ങളോ അതിന് ഉത്തരവാദിയല്ല. അവരുടെ മതമല്ല ഞങ്ങളുടേത്; കൊലയാളിയെ സഹോദരനെന്ന് അഭിസംബോധന ചെയ്ത് രക്തസാക്ഷിയായ ഞങ്ങളുടെ സഹോദരൻ ദാവീദ് പോകണമെന്നാഗ്രഹിച്ച സ്വർഗ്ഗത്തിലേക്ക് പോകണമെന്നാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. വെറുപ്പിന്റെ പ്രത്യയശാസ്ത്രത്തിന് ഇസ്‌ലാം എന്ന പേര് നൽകിയ ദ്രോഹികളുടെ സ്വർഗ്ഗത്തിലേക്കല്ല; അത് നരകമാണെന്ന് ഞങ്ങൾക്കറിയാവുന്നതാണ്….

ഇസ്‌ലാമിനെ നിങ്ങൾക്ക് വിമർശിക്കാം; ഖുർആനിനെ നിരങ്കുശമായ അപഗ്രഥനത്തിന് വിധേയമാക്കാം; മുഹമ്മദ് നബി (സ) യുടെ ജീവിതത്തിൽ മാതൃകായോഗ്യമല്ലെന്ന് നിങ്ങൾക്ക് തോന്നിയ കാര്യങ്ങൾ അവതരിപ്പിക്കാം; നിങ്ങളുടെ വിമർശനങ്ങൾക്ക് മുസ്‌ലിംകൾക്ക് നൽകാനുള്ള മറുപടി കൂടി നിങ്ങൾ കേൾക്കുക; അവ സ്വീകരിക്കണമെന്നില്ല. അങ്ങനെയൊരു വശമുണ്ടെന്ന് നിങ്ങൾക്ക് മനസ്സിലാക്കുകയെങ്കിലും ചെയ്യാമല്ലോ. ദൈവമില്ലെന്ന് സ്ഥാപിക്കുവാൻ നിങ്ങളാൽ കഴിയുന്ന ശാസ്ത്രീയവും തത്വശാസ്ത്രപരവുമായ തെളിവുകളെല്ലാം നിങ്ങൾ അവതരിപ്പിക്കുക; ധാർമികനിയമങ്ങൾക്ക് ദൈവികമായ അടിത്തറയുടെ ആവശ്യമില്ലെന്ന്  നരവംശ ശാസ്ത്രത്തിന്റെയും  ഡോക്കിൻസിന്റെ ‘മീം സിദ്ധാന്തത്തി’ന്റെയുമെല്ലാം  വെളിച്ചത്തിൽ നിങ്ങൾ സമർത്ഥിക്കുക; ദൈവമുണ്ടെന്നതിനും സദാചാര നിയമങ്ങൾ ആവശ്യമാണെന്നതിനും മതവിശ്വാസികൾക്ക് മുന്നോട്ടു വെക്കാനുള്ള വാദങ്ങൾ കൂടി നിങ്ങൾ കേൾക്കണം; അവയുടെ പ്രതിവാദങ്ങൾ  തയാറാക്കാനെങ്കിലും  അത് ഉപകരിക്കുമല്ലോ. അങ്ങനെ മതവിശ്വാസികൾക്കും നാസ്തികർക്കുമിടയിൽ സംവാദത്തിന്റെ അന്തരീക്ഷമുണ്ടാവട്ടെ. സംവാദമാണ് അധിക്ഷേപവും നിന്ദയുമല്ല എല്ലാ തരങ്ങളിലുമുള്ള വികാസങ്ങൾക്കാവശ്യം. സമൂഹത്തിന് നന്മ നൽകുന്ന സംവാദങ്ങൾ വ്യക്തിയുടെയും സമൂഹത്തിന്റെയും വികാസത്തിന് ഉപകരിക്കും.

തങ്ങൾക്കിഷ്ടമില്ലാത്ത ആശയങ്ങളെ അധിക്ഷേപിക്കുന്നതിനായി അവർക്കില്ലാത്ത വാദങ്ങൾ അവതരിപ്പിക്കാതിരിക്കുവാൻ നമ്മളെല്ലാം ശ്രദ്ധിക്കേണ്ടത് അനിവാര്യമാണെന്നതാണ് ന്യൂസ്‌ലാൻഡ് കൂട്ടക്കൊല നമുക്ക് നൽകുന്ന വലിയ പാഠം. അത് ഓർമ്മിപ്പിക്കുന്നതിനു വേണ്ടിയാണ് ഈ കുറിപ്പ്. നമ്മുടെ കേരളത്തിൽ ബ്രെന്റൺ റ്ററന്റുകൾ ഉണ്ടായിക്കൂടായെന്ന് നമ്മളെല്ലാം ഒറ്റക്കെട്ടായി തീരുമാനിക്കണം. ഇസ്‌ലാം ഭീകരതയാണ് പഠിപ്പിക്കുന്നത് എന്നും ഖുർആൻ അന്യമതവിദ്വേഷമാണുൾകൊള്ളുന്നത് എന്നുമുള്ള നിരന്തരമായ പ്രചാരണങ്ങൾ വഴി ഉണ്ടാവുക മുസ്‌ലിംകൾക്കെതിരെ വംശീയവിദ്വേഷം വെച്ചുപുലർത്തുന്ന യുവതയുടെ നിർമ്മാണമാണ്. റിയാസ് മൗലവിയെയും കൊടിഞ്ഞി ഫൈസലിനേയുമെല്ലാം കൊന്നു കളഞ്ഞ യുവാക്കളെ നയിച്ച വികാരവും അതിന്റെ രാഷ്ട്രീയവും നമുക്ക് അറിയാവുന്നതാണ്. ഏതുതരം ക്രൂരതകൾക്കും പ്രേരിപ്പിക്കുന്ന അപകടകരമായ  ഒരു ഇസ്‌ലാംവിരുദ്ധ ബോധം നമ്മുടെ നാട്ടിലെ ചില യുവാക്കൾക്കിടയിലും  വളർന്നു വരുന്നുണ്ടെന്ന് നമുക്കെല്ലാം അറിയാം. ഭീകരതയുടെ പ്രതിയാക്കി ചിത്രീകരിച്ചു ക്കൊണ്ട്  ഇസ്‌ലാമിനെ വിമർശിക്കുന്ന നാസ്തികർ  ഹിന്ദുത്വശക്തികൾ വളർത്താനാഗ്രഹിക്കുന്ന പ്രതിലോമകരമായ ഈ ഇസ്‌ലാംഭീതിയെ  ശാക്തീകരിക്കുക മാത്രമാണ് യഥാർത്ഥത്തിൽ ചെയ്യുന്നത്. തെറ്റിദ്ധരിച്ചാണ് നാസ്തിക സുഹൃത്തുക്കൾ ഇസ്‌ലാം വിമർശനം നടത്തുന്നതെങ്കിൽ ഖുർആൻ ഒരു തവണ മുൻധാരണയില്ലാതെ വായിക്കുകയും പ്രവാചക ജീവിതത്തെ അറിയുകയും ചെയ്താൽ  തീരാവുന്നതേയുള്ളൂ ആ വിമർശനങ്ങൾ. നാസ്തികരായിരുന്ന പലരും ഇസ്‌ലാമിന്റെ പാളയത്തിലെത്തിയത് അങ്ങനെയാണല്ലോ. നിങ്ങളുടെ  തെറ്റിധാരണ മാറിയാലും നിങ്ങൾ ഉണ്ടാക്കിയ മാരകമായ ഇസ്‌ലാംഭീതി സമൂഹത്തിൽ നില നിൽക്കും. അത് നമ്മുടെ യുവതയെ വംശീയവാദികളാക്കിത്തീർക്കും. അവരുടെ ഭീകരത നമ്മുടെ നാടിനെ തകർക്കും. അതുണ്ടാവരുത്. ആശയങ്ങൾ പങ്കുവെച്ചും സൃഷ്ടിപരമായ സംവാദങ്ങളിലേർപ്പർട്ടും നമുക്ക് നമ്മുടെ നാടിന്റെ വീണ്ടെടുപ്പിൽ പങ്കാളികളാവാം.സൗഹൃദത്തിന്റെ മലയാളീമാതൃക വീണ്ടെടുക്കാൻ നമുക്ക് ഒറ്റക്കെട്ടായി ശ്രമിക്കുകയും ചെയ്യാം. നമ്മളെല്ലാം സ്നേഹിക്കുന്ന നമ്മുടെ നാടിനെ കത്തിക്കുവാനുള്ള വിറകുകൊള്ളികളായി നാസ്തികരുടെ ആശയപ്രചാരണം  മാറരുതെന്ന ഗുണകാംക്ഷ മാത്രമാണ് ഈ കുറിപ്പിന് പിന്നിൽ; നന്മ നിറഞ്ഞ നടപടികൾ പ്രതീക്ഷിച്ച് കൊണ്ട് നിർത്തട്ടെ…

8 Comments

 • Well wrote

  Salmanul faris ap 19.03.2019
 • ഒരു പ്രഫസറായ സി.രവിചന്ദ്രൻ പോലും ആശയ സംവാദത്തിനു പകരം പ്രവാചകനും ഇസ്ലാമിനുമെതിരായി അക്ഷേപ രീതിയിൽ അഭിപ്രായം പ്രകടിപ്പിക്കുന്ന എത്രയോ സന്ദർഭങ്ങൾ ഉണ്ടായിട്ടുണ്ട്. അത് കേട്ട് ചിരിക്കുകയും കൈയ്യടിക്കുകയും ചെയ്യുന്ന പത്തിരുന്നൂറ് (എസ്സൻസിന്റെ മീറ്റിങ്ങിൽ ഒന്നിലും ഇരുനൂറിന് മുകളിൽ ആൾക്കാരുണ്ടാകില്ല) നാസ്തികരെ കണ്ട് അദ്ദേഹം ഹർഷപുളകിതനാകുന്നതും നാം കാണുന്നു.

  Mubarak Ali.A. 19.03.2019
 • Good… $$$

  JABIR 19.03.2019
 • I wish to join your webcine

  Ummer 20.03.2019
 • Emotional and beautiful.
  Need of the hour.
  We must ensure that this reached them .

  Amjad Nihal .T 20.03.2019
 • good

  unni 20.03.2019
 • നല്ലൊരു സംവാദ സംസ്കാരം പോലും അർഹിക്കാത്ത ഒരു തരം മത വിരോധി സംഗമായി നാസ്തിക ജീവികൾ മാറിയിരിക്കുന്നു..

  ഷാഹുൽ 20.03.2019
 • Well written

  Nadheem 06.04.2019

Leave a comment

Your email address will not be published.

1 + 16 =