നിരീശ്വരവാദത്തിന്റെ നിരർഥകതയും, ദൈവാസ്തിത്വത്തിന്റെ അനിവാര്യതയും!

//നിരീശ്വരവാദത്തിന്റെ നിരർഥകതയും, ദൈവാസ്തിത്വത്തിന്റെ അനിവാര്യതയും!
//നിരീശ്വരവാദത്തിന്റെ നിരർഥകതയും, ദൈവാസ്തിത്വത്തിന്റെ അനിവാര്യതയും!
ശാസ്ത്രം / തത്ത്വശാസ്ത്രം

നിരീശ്വരവാദത്തിന്റെ നിരർഥകതയും, ദൈവാസ്തിത്വത്തിന്റെ അനിവാര്യതയും!

‘One dead and the other powerless to be born’ പത്തൊമ്പതാം നൂറ്റാണ്ടിൽ വിക്ടോറിയൻ ഇംഗ്ളണ്ടിൽ നിന്ന് പൊട്ടിപുറപ്പെട്ട മാത്യു അർനോൾഡിന്റെ ചരിത്രപ്രസിദ്ധമായ പ്രഖ്യാപനമാണ് മേൽ സൂചിപ്പിച്ചത്. മതങ്ങളുടെ ആണിക്കല്ലിളക്കിക്കൊണ്ട് ചരിത്രത്തിന്റെ താളുകളിൽ ശാസ്ത്രത്തിന്റെ നാഴികക്കല്ലാകാൻ പ്രാപ്തമായ കണ്ടുപിടുത്തമാണ് 1859 ൽ ചാൾസ് ഡാർവിൻ അവതരിപ്പിച്ച പരിണാമസിദ്ധാന്തം എന്ന് വിശ്വസിച്ചവരും വിശ്വസിക്കുന്നവരും അനേകമാണ്. എന്നാൽ പരിണാമസിദ്ധാന്തം ശാസ്ത്രലോകത്ത് പോലും പൂർണ്ണമായ നിലയിൽ അംഗീകരിക്കപ്പെട്ട ഒന്നല്ല.

പരിണാമത്തിന് തെളിവായി പ്രധാനമായും ഡാർവിൻ ഉന്നയിച്ചത് പാലിയന്റോലോജിക്കൽ എവിഡൻസാണ്. ഫോസിലുകളുടെ അവശിഷ്ടങ്ങൾ കണ്ടു പിടിച്ചാൽ ജീവികൾക്കിടയിലുള്ള ഇടക്കണ്ണി(missing link)യെ കണ്ടു പിടിക്കാൻ കഴിയുമെന്ന് ഡാർവിൻ വാദിച്ചു. പക്ഷെ രണ്ട് പതിറ്റാണ്ടിലേറെ കാലമായി 85 ലക്ഷം ജീവിവർഗങ്ങളുടെ ഫോസിലുകളെ തപ്പി നടന്നിട്ടും ഒരൊറ്റ ജീവിയുടെ പോലും മിസ്സിംഗ്‌ ലിങ്ക് ലഭിച്ചിട്ടില്ല. ഈ നൂറ്റാണ്ടിലെ പരിണാമ ശാസ്ത്രജ്ഞരിൽ പ്രധാനിയായ സ്റ്റീഫൻ ഗോൾഡ് ഒടുവിൽ ഡാർവിനിസത്തെ എതിർത്തുകൊണ്ട് പങ്ങ്ചുവേറ്റഡ് ഇക്യുലിബ്രിയും (punctuated equilibrium) എന്നൊരു സിദ്ധാന്തം തന്നെ രൂപപ്പെടുത്തി. പക്ഷെ അതും പരിണാമ സിദ്ധാന്തത്തിന് പിൻബലം നൽകാൻ അപര്യാപ്തമാണ്.

ദൈവത്തിൽ വിശ്വസിക്കുന്നവരെല്ലാം മഠയന്മാരാണെന്നും, ശാസ്ത്രത്തിന്റെ ആളുകളായ തങ്ങൾ മാത്രമാണ് ബൗദ്ധിക ജീവികളെന്നുമുള്ള അവകാശവാദമുയർത്തുന്നവരാണ് നവ നാസ്തികർ. ദൈവവിശ്വാസികളായ മുൻ കാല ശാസ്ത്രജ്ഞരെ പോലും അന്നത്തെ നിരീശ്വരവാദികൾ വിളിച്ചിരുന്നത് വിഡ്ഢികൾ എന്നുതന്നെയാണ്. വിദ്യാഭ്യാസമില്ലായ്മയും അജ്ഞതയുമാണ് ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും മനുഷ്യൻ ദൈവത്തിൽ വിശ്വസിക്കുന്നതിന്റെ അടിസ്ഥാനമെന്ന അനുമാനത്തിൽ നിന്ന് അവർ വ്യതിചലിച്ചിട്ടില്ല എന്നതാണ് സത്യം!.

സത്യമാണെന്ന് തെളിയിക്കാൻ കഴിയാത്തതും, മനുഷ്യസമൂഹത്തിന് യാതൊരുവിധ ഗുണവുമില്ലാത്ത തീർത്തും യുക്തിരഹിതമായ ആശയങ്ങളാണ് നിരീശ്വരവാദത്തെ മുന്നോട്ടു നയിക്കുന്നത്. നിരീശ്വരവാദത്തിന്റെ നിരർത്ഥതകൾ അനായാസം തെളിയിക്കാവുന്നതേയുള്ളൂ.
നിരീശ്വരവാദിയാണെന്ന് അവകാശവാദമുയർത്തുന്നവർ നാല് പദങ്ങൾ തങ്ങളോട് ചേർത്ത് പറയാറുണ്ട്.

Materialism (ഭൗതികവാദം)

നിരീശ്വരവാദത്തിന് സമാന്തരമായി ഉപയോഗിക്കുന്ന മറ്റൊരു പദമാണ് ഭൗതികവാദം. എന്നാൽ ഇവ രണ്ടും രണ്ട് തലങ്ങളാണ് എന്നതാണ് മനസ്സിലാക്കേണ്ട വസ്തുത. ഈ പ്രപഞ്ചത്തിലെ സർവ്വ വസ്തുക്കളും പദാർത്ഥത്താൽ നിർമ്മിതമാണ്. ഈ പദാർത്ഥങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രപഞ്ചം മുന്നോട്ടു നീങ്ങുന്നത്. ഭൗതിക പ്രപഞ്ചം മാത്രമാണ് നിലനിൽക്കുന്നതെന്നും, പദാർത്ഥങ്ങളെപ്പറ്റിയുള്ള പഠനം പ്രപഞ്ചത്തിലെ സർവതിനെയും വിശദീകരിക്കാൻ പ്രാപ്തമാണെന്നും ഭൗതികവാദം പറഞ്ഞുവയ്ക്കുന്നു. എന്നാൽ ആൽബർട്ട് ഐൻസ്റ്റീനിന്റെ ആപേക്ഷിക സിദ്ധാന്തം ഭൗതികവാദത്തെ നിരാകരിക്കുന്നതായി കാണാം. പ്രപഞ്ചത്തെ പൂർണ്ണമായി മനസിലാക്കണമെങ്കിൽ പ്രപഞ്ചത്തിന് പുറത്തേക്ക് കടക്കണം. അത് അസാധ്യമാണ് എന്നാണ് ആപേക്ഷിക സിദ്ധാന്തം പറയുന്നത്.

Naturalism (പ്രകൃതിവാദം)

ഭൗതികവാദത്തോട് ചേർത്ത് നിർത്താൻ കഴിയുന്ന സമാനമായൊരു ആശയമാണ് നാച്ചുറലിസം അഥവാ പ്രകൃതിവാദം. പ്രകൃതി മാത്രമാണ് നിലനിൽക്കുന്നത് എന്നാണ് പ്രകൃതിവാദികളുടെ പക്ഷം!. എന്നാൽ എന്താണ് പ്രകൃതിയെന്നോ ഏതാണ് പ്രകൃതിയുടെ പരിധിയെന്നോ വിശദീകരിക്കാൻ ഇവർ തയ്യാറല്ല. പ്രപഞ്ചം അനാധിയാണ് എന്ന് നിരീശ്വരവാദികൾ വിശ്വസിച്ചിരുന്നു. ബിഗ് ബാങ്ങ് തിയറിയുടെ കടന്നു വരവോടെ ആ വിശ്വാസം തകർന്നു. ഒരു മഹാവിസ്ഫോടനത്തിലൂടെ പ്രപഞ്ചം സൃഷ്ടിക്കപ്പെട്ടതാണ് എന്ന് തെളിയിക്കപ്പെട്ടു. പ്രപഞ്ചത്തിന് ഒരു തുടക്കമുണ്ടെന്ന് പറയേണ്ട നിർബന്ധിതാവസ്ഥയിൽ അവർ എത്തിച്ചേർന്നു. പക്ഷെ സങ്കീർണമായ പ്രപഞ്ചത്തിന് പിന്നിലെ സ്രഷ്ടാവിന്റെ അസ്തിത്വത്തെ അംഗീകരിക്കാൻ ഇവർ തയ്യാറാകുന്നില്ല എന്നതാണ് അതിശയം!.

Free thinking(സ്വതന്ത്രചിന്ത)

നിരീശ്വരവാദികളുടെ ഏറെ പ്രചാരം നേടിയൊരു അവകാശവാദമാണ് സ്വതന്ത്ര ചിന്ത. മറ്റൊന്നിന്റെയും സ്വാധീനമില്ലാതെ സ്വന്തം ഇച്ഛാശക്തിക്കും താല്പര്യങ്ങൾക്കും മാത്രം അനുസൃതമായി കാര്യങ്ങൾ തീരുമാനിക്കുകയും പ്രാവർത്തികമാക്കുകയും ചെയ്യണമെന്ന് പറയുന്നവരാണ് സ്വതന്ത്രചിന്തകരെന്ന് അവകാശവാദമുയർത്തുന്ന നാസ്തികർ. ഭാവിയുടെയോ ഭൂതത്തിന്റെയോ വൈകാരികതകളുടെയോ ഭാരമൊന്നുമില്ലാതെ സ്വതന്ത്രമായി തീരുമാനങ്ങളെടുക്കണമെന്ന് പറയുന്ന ഇവർ തങ്ങളുടെ ജീവിതത്തെ സ്വയം വ്യാഖ്യാനിക്കുന്നത് ഇങ്ങനെയാണ്: “my life, my rules, nothing beyond that”. എന്റെ ജീവിതം എന്റെ തീരുമാനങ്ങളാണ്, അതിനപ്പുറത്തേക്ക് ഒന്നുമില്ല. വിധിയെ തീരുമാനിക്കുന്നതിൽ മനുഷ്യന്റെ തിരഞ്ഞെടുപ്പുകൾക്ക് സ്ഥാനമില്ലെന്ന് ഒരു വിശ്വാസിയും പറയുന്നില്ല. മനുഷ്യന്റെ തീരുമാനങ്ങൾക്കുമപ്പുറത്തേക്കും കാര്യങ്ങളുണ്ട് എന്ന് മാത്രമാണ് വിശ്വാസികളുടെ പക്ഷം.

Rationalism (യുക്തിവാദം)

വളരെ ആത്മാഭിമാനത്തോടെ നിരീശ്വരവാദികളിൽ പലരും സ്വയം സംബോധന ചെയ്യുന്ന പദമാണ് ‘യുക്തിവാദി’. എന്നാൽ നാസ്തികരോട് തീരെ ചേർത്ത് വയ്ക്കാൻ കഴിയാത്തൊരു പദമാണിതെന്ന് നിസ്സംശയം പറയാം. മനുഷ്യൻ ജീവിക്കേണ്ടത് മനുഷ്യന്റെ യുക്തിക്കനുസരിച്ചാണ്. യുക്തിയാണ് മനുഷ്യന്റെ അടിസ്ഥാനം. യുക്തിസഹമായി കാര്യങ്ങളെ അവലോകനം ചെയ്തുകൊണ്ടാവണം മനുഷ്യൻ തന്റെ ജീവിതത്തിൽ തീരുമാനങ്ങളെടുക്കേണ്ടത് എന്നതാണ് യുക്തിവാദികളുടെ പക്ഷം.

Humanism (മാനവികതാവാദം)

മാനവകുലത്തിനു വേണ്ടി നിലകൊള്ളുന്ന, മനുഷ്യരാശിയുടെ നന്മ മാത്രം ലക്ഷ്യമിടുന്നയാളുകളാണ് മാനവികതാവാദികൾ.

‘മതമുപേക്ഷിക്കൂ മനുഷ്യനാകൂ’ എന്ന മുദ്രാവാക്യം കേൾക്കാത്ത സാമൂഹികമാധ്യമ ജീവികളുണ്ടാവില്ല. എന്നാൽ മതമുപേക്ഷിച്ചാൽ എങ്ങനെയാണ് മനുഷ്യനാവുക എന്ന ചോദ്യത്തിന് കൃത്യമായ ഉത്തരമുണ്ടോ എന്ന് ചോദിക്കരുത്! അതൊക്കെ അങ്ങനെ ആയിക്കോളും എന്നങ്ങ് അനുമാനിച്ചു കൊള്ളണം. പക്ഷെ മനുഷ്യകുലത്തിനു വേണ്ടി നിലകൊള്ളുന്ന മാനവികതാവാദികൾ കൊന്നൊടുക്കിയ ലക്ഷക്കണക്കിന് ജനങ്ങളുടെ രക്തരൂക്ഷിതമായ ചരിത്രങ്ങൾ മനുഷ്യമനസാക്ഷിയെ പിടിച്ചുലയ്ക്കും എന്നതാണ് സത്യം.

പരസ്പരം കലഹിക്കുന്ന ഇസങ്ങൾ

മേൽ പറഞ്ഞ അവകാശ വാദങ്ങളിൽ പരസ്പര വിരുദ്ധതകൾ കാണാൻ സാധിക്കും. പദാർത്ഥങ്ങളാൽ നയിക്കപ്പെടുന്ന മനുഷ്യന് സ്വന്തമായി തീരുമാനങ്ങളെടുക്കാനുള്ള സ്വാതന്ത്ര്യം അഥവാ ഫ്രീ വിൽ (സ്വതന്ത്രേച്ഛ) ഉണ്ടെന്ന് പറയാൻ ഭൗതികവാദികൾക്ക് കഴിയില്ല. കാരണം പദാർത്ഥങ്ങളുടെ അഥവാ മാറ്ററുകളുടെ ക്രമീകരണത്താലാണ് ലോകം മുന്നോട്ട് ചലിക്കുന്നത്. പദാർത്ഥങ്ങളുടെ പ്രവർത്തനത്തിന്റെ പ്രതിഫലനമാണ് മനുഷ്യന്റെ ചെയ്തികളും, തീരുമാനങ്ങളും. തീരുമാനങ്ങളുണ്ടാകുന്നത് തലച്ചോറിൽ നിന്നാണ്. പദാർത്ഥങ്ങൾ കൊണ്ടാണ് തലച്ചോറ് നിർമ്മിക്കപ്പെട്ടിരിക്കുന്നത്. അതായത് പദാർത്ഥങ്ങൾ നിയമങ്ങൾക്കനുസൃതമായിട്ടാണ് പ്രവർത്തിക്കുന്നത്. തലച്ചോറിന്റെ പ്രവർത്തനങ്ങൾ പോലും ചില രാസപദാർത്ഥങ്ങളുടെ ക്രമീകരണങ്ങൾ മൂലമാണ് നടക്കുന്നത്. ചില പ്രത്യേക രാസ പദാർത്ഥങ്ങൾ, ചില പ്രത്യേക അളവിൽ കടന്നു വന്നതുകൊണ്ടാണ് മനുഷ്യൻ ചില തീരുമാനങ്ങളിൽ എത്തിച്ചേരുന്നത്. അല്ലാതെ മനുഷ്യന് തിരഞ്ഞെടുക്കുവാനുള്ള സ്വാതന്ത്ര്യമില്ല. നിരീശ്വരവാദികളുടെ നാലു നേതാക്കളിൽ പ്രധാനിയായ സാം ഹാരിസ് പരസ്യമായി പ്രഖ്യാപിച്ചത് ഇങ്ങനെയാണ്: “Free will is an illusion”.

സ്വതന്ത്ര ചിന്തയെന്നത് ഒരു മിഥ്യാധാരണയാണെങ്കിൽ, നിരീശ്വരവാദികൾക്ക് ഒരിക്കലും ഒരു സ്വതന്ത്ര ചിന്തകനാകാൻ കഴിയില്ല. ഫ്രീ വിൽ ഇല്ലായെങ്കിൽ ഒരാൾ പറയുന്ന കാര്യം സത്യമാണോ മിഥ്യയാണോ എന്ന് തെളിയിക്കാനും സാധിക്കില്ല. കാരണം യുക്തിവാദികളുടെ വാദപ്രകാരം മനുഷ്യൻ തെരഞ്ഞെടുക്കുന്നതൊന്നും അവരുടെ താല്പര്യപ്രകാരം തിരഞ്ഞെടുക്കുന്നതല്ല. മനുഷ്യൻ സത്യമായി കരുതുന്നതൊന്നും തന്നെ സത്യമാണെന്ന് ഉറപ്പിക്കാനും സാധിക്കില്ല. കാരണം പദാർത്ഥങ്ങളുടെ പ്രവർത്തനമാണ് അത്തരമൊരു തെരഞ്ഞെടുപ്പിലേക്ക് അവരെ നയിക്കുന്നത്.

മനുഷ്യന് തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യമില്ല എന്ന് വാദിക്കേണ്ടി വരും. മാത്രമല്ല മോറൽ റെസ്പോൺസിബിളിറ്റി (ധാർമിക ഉത്തരവാദിത്വം) എന്നൊരു സംഗതിയെ തന്നെ നിഷേധിക്കണം. മനുഷ്യൻ ചെയ്യുന്ന കൊടിയ കുറ്റകൃത്യങ്ങൾ പോലും അവന്റെ തിരഞ്ഞെടുപ്പല്ല, അത് ചില പ്രത്യേക പദാർത്ഥങ്ങൾ അവനിൽ പ്രവർത്തിച്ചത് കൊണ്ടാണ് അത്തരത്തിൽ സംഭവിച്ചത് എന്നതാണ് ഇത്തരക്കാരുടെ അതിശയകരമായൊരു കണ്ടുപിടുത്തം. ഈ വാദത്തെ അടിസ്ഥാനപ്പെടുത്തിക്കൊണ്ട് കുറ്റവാളികളെ ശിക്ഷിക്കരുത് എന്ന മൂഢവാദങ്ങൾ ഉന്നയിക്കുന്ന അഭ്യസ്തവിദ്യർ പോലുമുണ്ട് എന്നതാണ് വിചിത്രം!.

യുക്തിവാദത്തിന്റെ അവകാശവാദങ്ങളെ പരിശോധിക്കുകയാണെങ്കിൽ മനുഷ്യന് യുക്തിയുണ്ട് എന്നതിൽ ആർക്കുമൊരു സംശയവുമില്ല. കാര്യങ്ങളെ അപഗ്രഥിച്ച് തീരുമാനമെടുക്കാനുള്ള മനുഷ്യമസ്തിഷ്ക്കത്തിലെ സംവിധാനത്തെയാണ് യുക്തിയെന്ന് വിളിക്കുന്നത്. എന്നാൽ ഈ യുക്തി ഉപയോഗിച്ച് സത്യത്തെ കണ്ടെത്താൻ കഴിയുമോ എന്നതൊരു ചോദ്യമാണ്. യുക്തി ശരിയാണെന്ന് തെളിയണമെങ്കിൽ യുക്തിക്ക് പുറത്തേക്ക് കടക്കണം. ഉദാഹരണത്തിന് ഗൂഗിളിൽ സെർച്ച്‌ ചെയ്ത കാര്യങ്ങൾ ശരിയാണെന്ന് തെളിയണമെങ്കിൽ ഗൂഗിളല്ലാത്ത മറ്റേതെങ്കിലും സെർച്ച്‌ എഞ്ചിൻ വച്ചു പരിശോധിക്കേണ്ടി വരും. അത് പോലെ യുക്തിയിലൂടെ കണ്ടെത്തുന്ന കാര്യങ്ങൾ ശരിയാണെന്ന് ഉറപ്പുവരുത്താൻ യുക്തിക്ക് പുറത്തേക്ക് കടക്കണം. ഇവിടെ മനുഷ്യന് അത് സാധ്യമല്ല. ‘Innocent until proven gulity’. കുറ്റവാളിയാണെന്ന് തെളിയിക്കപ്പെടുന്നത് വരെ ഒരാൾ നിരപരാധിയാണ്. ഈ സമീപനമാണ് യുക്തിയുടെ കാര്യത്തിലും സ്വീകരിക്കുന്നത്. കാരണം യുക്തി പറയുന്നത് തെറ്റാണെന്ന് കണ്ടെത്താൻ വേറെ ഒരു മാർഗ്ഗവും ഇവിടെയില്ല. അതിന് പ്രത്യേകിച്ച് ഒരു വഴിയുമില്ലാത്തതുകൊണ്ട് യുക്തി ശരിയാണെന്ന് അംഗീകരിക്കേണ്ടി വരുന്നു.

യുക്തി പറയുന്നത് ശരിയാണെന്ന് മനുഷ്യൻ സ്വയം നിഗമിക്കുകയാണ് ചെയ്യുന്നത്. പ്രകൃതിവാദിയായ, ഭൗതികവാദിയായ, ഒരു മനുഷ്യൻ തനിക്ക് യുക്തിയുണ്ടെന്നു പറയുന്നത് പരിണാമത്തിന്റെ അടിസ്ഥാനത്തിലാണ്. നാച്ചുറൽ സെലക്ഷൻ വഴിയാണ് മനുഷ്യന് യുക്തിയുണ്ടായത് എന്നാണ് പരിണാമ സിദ്ധാന്തത്തിന്റെ പ്രസ്താവന. അതായത് മാർഗ്ഗനിർദ്ദേശമില്ലാത്ത സ്വാഭാവികമായ തെരഞ്ഞെടുപ്പ്(unguided natural selection) ആണ് അവിടെ സംഭവിച്ചത്. ഒരാൾ മാർഗ്ഗനിർദേശം നൽകിയാൽ അത് അഭൗതികമാകും, പരിണാമവാദികളുടെ കണ്ണിൽ അത് സംഭവ്യമല്ല. അങ്ങനെ അൺഗൈഡഡ് നാച്ചുറൽ സെലെക്ഷനിൽ വിശ്വസിക്കുന്നൊരു പരിണാമ വാദിക്ക് സ്വാഭാവികമായും സംശയിക്കാനുള്ള കാരണങ്ങളുണ്ട്. കാരണം പരിണാമവാദ പ്രകാരം മനുഷ്യന് യുക്തിയുണ്ടായത് നിലനിൽപ്പിന് വേണ്ടിയാണ്. അതിജീവനം എന്നതിനപ്പുറത്തേക്ക് മറ്റൊരു ലക്ഷ്യമോ ഉദ്ദേശമോ പരിണാമത്തിനില്ല. അങ്ങനെ നോക്കുമ്പോ പരിണാമത്തിലൂടെ ട്രൂത് റിലീബി(truth reliable)ളല്ലാത്ത യുക്തി ജനിക്കാനാണ് കൂടുതൽ സാധ്യത. സത്യാന്വേഷണം എന്നൊരു കാര്യം തന്നെ അവിടെ കടന്നു വരുന്നില്ല. നിലനിൽപ്പ് എന്ന പരമപ്രധാനമായ ലക്ഷ്യം മാത്രം!. Evolutionary argument against naturalism എന്നൊരു ശാസ്ത്രീയ വാദം തന്നെ പരിണാമത്തിനെതിരെ നിലവിലുണ്ട്. ഒരേ സമയം ഒരു വ്യക്തിക്ക് പരിണാമത്തിലും നാച്ചുറൽ സെലെക്ഷനിലും വിശ്വസിക്കാൻ കഴിയില്ല എന്നത് സ്പഷ്ടം.

ഇനി മാനവികതാവാദത്തെ പരിശോധിച്ചാൽ, ഭൗതിക വാദികളെ സംബന്ധിച്ചിടത്തോളം പദാർത്ഥത്താൽ നിർമ്മിതമായ പ്രപഞ്ചത്തിലെ മനുഷ്യനടങ്ങുന്ന ജൈവ വസ്തുക്കളും മറ്റു അജൈവ വസ്തുക്കൾക്കും തമ്മിൽ എന്താണ് വ്യത്യാസം? അങ്ങനെ വരുമ്പോൾ മനുഷ്യന് മാത്രം മാനവികത, മനുഷ്യത്വം എന്നീ നിലകളിൽ അസാധാരണത്വം കൽപ്പിക്കുന്നത് മറ്റു വസ്തുക്കളോട് കാണിക്കുന്ന അനീതിയാണ്. മനുഷ്യനും മൃഗങ്ങൾക്കും ഒരേ അവകാശങ്ങളുണ്ട് എന്ന് വാദിക്കുന്നവരുണ്ടെന്ന വസ്തുതയും അനിഷേധ്യമാണ്. ഒരു കൊതുകോ കോഴിയോ മരിക്കുന്നതും മനുഷ്യൻ മരിക്കുന്നതും ഒരു പോലെ കരുതാൻ കഴിയോ? ലോകപ്രശസ്തനായ ഓസ്ട്രേലിയൻ തത്ത്വചിന്തകൻ പീറ്റർ സിംഗറിന്റെ അഭിപ്രായപ്രകാരം മനുഷ്യന് വലിയ പ്രത്യേകതകളൊന്നുമില്ല. ചിമ്പാൻസി കുഞ്ഞാണ് മനുഷ്യ കുഞ്ഞിനെക്കാൾ മികച്ചത്. ചുരുക്കത്തിൽ നിരീശ്വരവാദികളുടെ വീക്ഷണത്തിൽ മനുഷ്യ ജീവിതത്തിന് പ്രത്യേകിച്ച് ഉദ്ദേശങ്ങളൊന്നുമില്ല.

ദൈവമുണ്ടോ??

ഇനിയാണ് ഈ എഴുത്തിന്റെ പരമപ്രധാനമായ ലക്ഷ്യം. ദൈവമുണ്ട് എന്ന് പറയുന്നതിന് ബൗദ്ധികപരമായ തെളിവുകൾ സ്ഥാപിക്കാൻ കഴിയുമോ എന്ന ചോദ്യത്തിനുള്ള ഉത്തരം. തുടക്കം തന്നെ എടുത്തു പറയേണ്ട കാര്യമെന്തെന്നാൽ ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിൽ ‘ദൈവമില്ലെ’ന്ന് സ്ഥാപിക്കാൻ കഴിയില്ല. കാരണം ശാസ്ത്രം പ്രപഞ്ചത്തിനുള്ളിലെ പ്രതിഭാസങ്ങളെ വിശദീകരിക്കുന്ന പഠനമാണ്. അതിനപ്പുറത്തേക്ക് പോകാൻ ശാസ്ത്രം പ്രാപ്തമല്ല.

ദൈവം സ്വയം സ്ഥാപിതമായ സത്യ (Self Evident Truth) മാണ്. യഥാർത്ഥത്തിൽ അങ്ങനെ ഒരു യാഥാർഥ്യത്തെ നിഷേധിക്കുന്നവരാണ് തെളിവുകൾ നിരത്തി സമർത്ഥിക്കേണ്ടത്. ഇന്നലെ എന്ന ഒരു ദിവസം ഉണ്ടായിരുന്നൂവെന്ന് പറയുന്നതിനല്ല, ഇന്നലെ ഇല്ലായിരുന്നു എന്ന് സ്ഥാപിച്ചെടുക്കാനാണ് തെളിവുകൾ ആവശ്യം!. ഒരു കാര്യം സെൽഫ് എവിഡന്റ് ട്രൂത്ത് ആണെന്ന് പറയുന്നത് നാലുമാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ്.

1. Universal -cross cultural

ഒരു പ്രത്യേക സ്ഥലത്ത്, ഒരു പ്രത്യേക വിഭാഗത്തിൽ, ഒരു പ്രത്യേക സംസ്കാരത്തിൽ, മാത്രമൊതുങ്ങി നിൽക്കുന്ന വിശ്വാസങ്ങളെ സെൽഫ് എവിഡന്റ് ട്രൂത്ത് ആയി പരിഗണിക്കുക സാധ്യമല്ല. രാജ്യങ്ങൾക്കും, സംസ്കാരങ്ങൾക്കും, ഭൂഖണ്ഡങ്ങൾക്കുമപ്പുറം ആഗോളപരമായി സത്യമാണെന്ന് അനുഭവപ്പെടുന്ന കാര്യമായിരിക്കണം. ദൈവവിശ്വാസവും ഒരു പ്രത്യേക സ്ഥലത്ത് ഒരു പ്രത്യേക വിഭാഗത്തിൽ ഒരു പ്രത്യേക സംസ്കാരത്തിലോ മാത്രം ഒതുങ്ങുന്നതല്ല.

2. Untaught

ഒരാളും പറഞ്ഞു കൊടുക്കാതെ തന്നെ സത്യമാണെന്ന് ബോധ്യപ്പെടുന്ന സംഗതിയാകണം. മാതാപിതാക്കൾ ദൈവവിശ്വാസിയായതുകൊണ്ട് മാത്രമാണ് കുഞ്ഞുങ്ങളിലും ദൈവവിശ്വാസമുണ്ടാകുന്നതെന്ന് ചിന്തിക്കുന്നവർ അനവധിയാണ്. എന്നാൽ ഈ വിഷയത്തിൽ ഒരുപാട് പഠനങ്ങൾ നടന്നിട്ടുണ്ട്. പ്രപഞ്ചത്തിനൊരു സ്രഷ്ടാവുണ്ടെന്ന വാദം മറച്ചു വച്ചു കൊണ്ട് ഇത്തരം സാമൂഹിക സാഹചര്യങ്ങളിൽ നിന്ന് മാറ്റിനിർത്തപ്പെട്ട് വളർത്തിയ കുഞ്ഞുങ്ങൾ പോലും അഭൗതികമായ ഒരു അസ്തിത്വത്തിൽ (സൂപ്പർനാച്ചുറൽ എന്റിറ്റി) വിശ്വസിക്കുന്നു എന്ന് തന്നെയാണ് ആ പഠനങ്ങൾ തെളിയിച്ചത്. ഇത് കേരളക്കരയിലെ പ്രമുഖ നാസ്തികനായ വൈശാഖൻ തമ്പി പൊതുവേദിയിൽ ഇത് പറയുക കൂടി ചെയ്തിട്ടുണ്ട്.

3. Direct appreciation of nature

വക്ര ചിന്തകളും തർക്കവാദങ്ങളുമൊന്നുമില്ലാത്ത ശുദ്ധനായ ഒരു മനുഷ്യൻ പ്രകൃതിയിലേക്ക് നോക്കുമ്പോൾ എത്തിച്ചേരുന്ന നിഗമനത്തെയാണ് direct appreciation of nature എന്നതു കൊണ്ടുദ്ദേശിക്കുന്നത്. അത്തരത്തിലൊരു മനുഷ്യൻ ഈ പ്രപഞ്ചത്തിനു പിന്നിൽ ഒരു പടച്ചവനുണ്ടെന്ന വസ്തുതയെ അംഗീകരിക്കും.

4. Intuitive

അവബോധജന്യമായ അറിവുകളെയാണ് സ്വയം സ്ഥാപിതമായ സത്യമായി കണക്കാക്കുന്നത്. അത് ലളിതവും സമഗ്രവുമായ നിലയിൽ ഒരുപാട് ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ പ്രാപ്തമായിരിക്കണം. ആ ഉത്തരങ്ങൾ മനുഷ്യ മനസ്സിനെ തൃപ്തിപ്പെടുത്തുന്നതുമാകണം. ഒത്തിരി പ്രശ്നങ്ങൾക്ക് പരിഹാരമുൾക്കൊള്ളുന്ന വിശ്വാസമാകണം. ദൈവത്തിലുള്ള വിശ്വാസം ഇത്തരത്തിലുള്ള അവബോധജന്യമായ അറിവ് തന്നെയാണ്.

ഈ നിലയ്ക്ക് നോക്കുമ്പോൾ ദൈവത്തിന്റെ അസ്തിത്വം ഈ വാദങ്ങളെയൊക്കെയും സമർത്ഥിക്കുന്നത് തന്നെയാണ്. അത് കൊണ്ട് തന്നെ ഒരു പരിധിക്കപ്പുറത്തേക്ക് സെൽഫ് എവിഡന്റ് ട്രൂത്തിനെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് പ്രസക്തിയില്ല. ഉദാഹരണത്തിന് ഈ പ്രപഞ്ചം യാഥാർത്ഥ്യമാണ് എന്നത് സ്വയം സ്ഥാപിതമായ സത്യമാണ്. ഈ ലോകം സത്യമല്ല എന്ന് പറയുന്നവരാണ് തെളിവുകൾ നൽകേണ്ടത്. അതുപോലെ ദൈവത്തെ നിഷേധിക്കുന്നവർക്കാണ് തെളിവുകൾ നിരത്തി വാദിക്കേണ്ടി വരുന്നത്.

ഇനി ദൈവമില്ലെന്ന് പറയുന്നവരുടെ ബാലിശമായ വാദങ്ങളിലേക്ക് കടക്കാം.

1. Scientism ശാസ്ത്രമാത്രവാദം

What is science? The systematic study of the structure and behaviour of the physical and natural world through observation,experimentation and testing the theories against the evidence obtained. നമുക്ക് ലഭിച്ച തെളിവുകളുടെ സാന്നിധ്യത്തിൽ പരീക്ഷണനിരീക്ഷണങ്ങളുടെ അടിസ്ഥാനത്തിൽ ഭൗതികവും പ്രകൃതിദത്തവുമായ ലോകത്തെപ്പറ്റിയുള്ള പഠനമാണ് ശാസ്ത്രം. ഭൗതികമായ, പ്രകൃതിദത്തമായ, പരീക്ഷിക്കാനും നിരീക്ഷിക്കാനും, അത് വച്ചു പരീക്ഷിക്കണം നടത്താനും സാധിക്കുന്നതിനെ മാത്രമേ ശാസ്ത്രം വെച്ച് പരിശോധിക്കുവാൻ സാധിക്കുകയുള്ളൂ. എന്നാൽ ഇതിൽ ഏതിലെങ്കിലും പെടുന്നതാണോ ഈശ്വരൻ? പടച്ചവൻ അഭൗതികനാണ്, മെറ്റാ ഫിസിക്കലാണ്. പദാർത്ഥങ്ങളെ സൃഷ്ടിച്ച പദാർത്ഥതീതനായ പടച്ചവനെ ശാസ്ത്രത്തിന്റെ തുലാസിൽ അളന്നു തെളിയിക്കണമെന്ന് പറയുന്നത് തീർത്തും യുക്തിരഹിതമായ പരാമർശമാണ്. തെർമോമീറ്റർ കൊണ്ട് കിലോഗ്രാം തൂക്കമളന്നാൽ മാത്രമേ വിശ്വസിക്കുള്ളൂ എന്ന് പറയുന്നതിനേക്കാൾ വല്ല്യ വിഡ്ഢിത്തരമാണത്. പ്രപഞ്ചത്തിന്റെ പരിധിക്കുള്ളിൽ ഒതുങ്ങുന്നതല്ല പ്രപഞ്ചത്തെ സൃഷ്‌ടിച്ച ഈശ്വരൻ.

2. Subjective reasons

വ്യക്തി കേന്ദ്രീതിതമായ കാരണങ്ങൾ. (ഉസ്താദ് നുള്ളി, ഉമ്മ നിസ്കരിക്കാത്തതിന് തല്ലി എന്നിങ്ങനെയുള്ള വൈകാരികമായ കാരണങ്ങൾ ഉദാഹരണം)

3. problem of evil

കഷ്ടപ്പാടും ദുരിതവും അനുഭവിക്കുന്ന ഒട്ടനവധി മനുഷ്യർ ഈ ഭൂലോകത്തുണ്ട്. കഷ്ടപ്പാടും ദുരിതങ്ങളും ഈ ലോകത്തുള്ളത് കൊണ്ട് ദൈവമില്ലെന്നു പറയുന്നവർ നിരവധിയാണ്.
(നിങ്ങൾക്ക് നന്മ മാത്രമേ നൽകൂ എന്ന് പടച്ചവൻ പറഞ്ഞിട്ടില്ല. നിങ്ങൾ പരീക്ഷിക്കപ്പെടും എന്ന് തന്നെയാണ് പറഞ്ഞിട്ടുള്ളത്.)

ചുരുക്കി പറഞ്ഞാൽ എന്റെ ആഗ്രഹങ്ങൾക്കും, ഇഷ്ടങ്ങൾക്കും, ഞാൻ പറയുന്നതിനുമപ്പുറമായി ദൈവം വിധിച്ചാൽ, ദൈവമില്ലെന്ന വാദത്തിൽ ഞാൻ എത്തിച്ചേരണം.

How the universe exists??

പ്രപഞ്ചമുണ്ടാകാനുള്ള സാധ്യതകളുടെ അനുമാനം നാലുവിധമാണ്.

1. Universe created themselves (പ്രപഞ്ചം സ്വയം ഉണ്ടായി) ഇവിടെ ഒരേ സമയം തന്നെ പ്രപഞ്ചമുണ്ടെന്നും ഇല്ലെന്നും പറയേണ്ടിവരും. പ്രപഞ്ചത്തെ പ്രപഞ്ചമുണ്ടാക്കണമെങ്കിൽ ആദ്യമേ പ്രപഞ്ചമുണ്ടാകണം. അത് നടക്കില്ല. കാരണം നിലവില്ലാത്ത ഒന്നിന് മറ്റൊന്നിനെ ഉണ്ടാക്കാൻ കഴിയില്ല. ഒരു അമ്മയെ ആ അമ്മ തന്നെ പ്രസവിച്ചു എന്ന് പറയുന്നത് പോലെയാണിത്.

2. Created from nothing (ഒന്നുമായില്ലായ്മയിൽ നിന്നുണ്ടായി.)

0+0=0. എത്ര പൂജ്യങ്ങൾ തമ്മിൽ കൂട്ടിയാലും 0.1 കിട്ടില്ല. അപ്പോ അതും പ്രാവർത്തികമല്ല. ശൂന്യതിൽ നിന്ന് ഒന്നും തന്നെ ഉണ്ടാകില്ല.

3. By something uncreated (സ്വയമുണ്ടായ ഒന്ന് മറ്റെല്ലാത്തിനെയുമുണ്ടാക്കി)

സ്വയമുണ്ടായ ഒന്ന് മറ്റൊന്നിനെ ഉണ്ടാക്കണമെങ്കിൽ, ആ ഉണ്ടാക്കിയ ഒന്നിനെയും ആരെങ്കിലുമുണ്ടാക്കണം. അപ്പൊ അനന്തമായ അധോഗമനത്തിൽ ചെന്നവസാനിക്കും ആ ചിന്ത. അങ്ങനെ ആ സാധ്യതയും തകരും.
4. By something created

ഇതാണ് ഏക സാധ്യത. ഒന്നു കൂടി വ്യക്തമായി പറഞ്ഞാൽ ഇത് സാധ്യത മാത്രമല്ല നിർബന്ധിതാവസ്ഥയാണ്. സൃഷ്ടിക്കപ്പെടാത്ത ഒന്ന് സർവ്വതിനെയും സൃഷ്ടിച്ചു.

ഫ്രഡ്‌ ഹൊയാലിന്റെ പരീക്ഷണം

പ്രപഞ്ചത്തിന്റെ തുടക്കത്തിൽ ഹൈഡ്രജൻ, ഹീലിയം എന്നീ വാതകങ്ങളുണ്ടായിരുന്നു. എന്നാൽ ജീവനുണ്ടാകണമെങ്കിൽ കാർബൺ അനിവാര്യമാണ്. പക്ഷെ കാർബനുണ്ടാകാൻ മൂന്ന് ഹീലിയം ഒരുമിച്ച് ചേരണം. സർ ഫ്രഡ് ഹോയാൽ എന്ന ശാസ്ത്രജ്ഞന് ഈ മൂന്ന് ഹീലിയം എങ്ങനെ ഒന്നിച്ചുച്ചേരുമെന്ന് അറിയണമായിരുന്നു. ഇവ മൂന്നും ഒരുമിച്ച് ചേർത്താൽ ഒന്നും തന്നെ സംഭവിക്കുന്നില്ല എന്നദ്ദേഹം കണ്ടെത്തി. അതിനാൽ ഈ മൂന്ന് ഹീലിയങ്ങളും ഒരു പ്രത്യേക ന്യൂക്ലിയർ ഗ്രൗണ്ട് സ്റ്റേറ്റ് എനർജി ലെവലിൽ മാത്രമേ ഒന്നിച്ചു ചേരുകയുള്ളൂ എന്ന നിഗമനത്തിൽ അദ്ദേഹം എത്തിച്ചേർന്നു. അവ പ്രവർത്തിക്കുകയും ചെയ്തു. ഈ ന്യൂക്ലിയർ എനർജി ലെവലിൽ വ്യത്യാസമുണ്ടായിരുന്നെങ്കിൽ, അത് 1% വ്യത്യാസം മാത്രമാണെങ്കിൽ പോലും ഹീലിയം ഒരുമിച്ച് വരില്ലെന്ന് അദ്ദേഹത്തിന് ബോധ്യപ്പെട്ടു. ഈ കണ്ടുപിടുത്തത്തെക്കാൾ മറ്റൊന്നും തന്നെ തന്നിലെ നിരീശ്വരവാദിയെ തകർത്തിട്ടില്ലായെന്ന് അദ്ദേഹം തുറന്നു സമ്മതിച്ചു.

ബിഗ് ബാങ്ങിന്റെ പ്രാരംഭത്തിൽ ഡാർക്ക് എനർജി എന്നൊന്നുണ്ടായിരുന്നു. ഇത് നമ്മുടെ പ്രപഞ്ചത്തെ പുറത്തേക്ക് തള്ളുന്നു. ഈ ഫോഴ്സ് കൃത്യമായ അളവിലാണുള്ളത്(One by ten raised to twenty). ഈ ഫോഴ്സ് വളരെ കൂടുതലാണെങ്കിൽ പ്രപഞ്ചം പൊട്ടിത്തെറിക്കുമായിരുന്നു. ഒന്നും തന്നെ ഉണ്ടാവില്ലായിരുന്നു. ഈ ഫോഴ്സ് വളരെ കുറവാണെങ്കിൽ പ്രപഞ്ചം അതിലേക്ക് തന്നെ ചുരുങ്ങി പോകുമായിരുന്നു. അപ്പോഴും ഒന്നും തന്നെയുണ്ടാവില്ല. പ്രപഞ്ചത്തിൽ നമ്മുടെ ഗ്രഹമുണ്ടാകാനുള്ള സാധ്യത വളരെ കുറവാണ് Astrophysicist ആയ Hugh Ross അഭിപ്രായപ്പെട്ടു. One by 10 raised to 30 ആണ് നമ്മുടെ ഗ്രഹം പ്രപഞ്ചത്തിലുണ്ടാകുവാനുള്ള സാധ്യത. ഇതാണ് ഫൈൻ ട്യൂണിങ് ആർഗുമെന്റ്. ഈ പ്രപഞ്ചത്തിനു പിന്നിൽ ഒരു ഡിസൈനറുണ്ടെന്നുള്ളതിന് ഇത് മതിയായ തെളിവാണ്.

മതവും ശാസ്ത്രവും

ദൈവമുണ്ടെന്ന് ശാസ്ത്രീയമായി തെളിയിക്കാൻ കഴിയോ എന്നൊരു ചോദ്യം ചുറ്റുപാടും നിന്നും മുഴങ്ങുന്നുണ്ട്. എന്നാൽ എന്താണ് ശാസ്ത്രമെന്ന് തിരിച്ചറിയേണ്ടത് അത്യന്താപേക്ഷിതമാണ്. ശാസ്ത്രത്തിന് ഉപോൽബലകമായ ഒന്നല്ല മതം. മനുഷ്യന് ശാസ്ത്രത്തിന്റെ അറിവുകൾ പകർന്നു നൽകുക എന്നതുമല്ല മതത്തിന്റെ സുപ്രധാനലക്ഷ്യവും. മനുഷ്യനെ സന്മാർഗത്തിലേക്ക് നയിക്കുക എന്നത് മാത്രമാണ്. മനുഷ്യൻ എങ്ങനെ ജീവിക്കണമെന്നും എന്താണ് ധർമ്മമെന്നും എന്താണ് അധർമ്മമെന്നും പഠിപ്പിക്കുന്ന ദിശാസൂചികയും മാർഗരേഖയുമാണ് മതം. ധാർമികത നിർവചിക്കാൻ ശാസ്ത്രം പ്രാപ്തമല്ല. ധാർമികതക്ക് വിശദീകരണം നൽകാൻ നിരീശ്വരവാദികൾ കിണഞ്ഞു പരിശ്രമിക്കുന്നുണ്ടെങ്കിലും അവയെല്ലാം ദയനീയമായി പരാജയപ്പെടുകയാണ്. ഹാം പ്രിൻസിപ്പിൾ, ഗോൾഡൻ റൂൾ, ഹെഡോണിസം, എന്നിവ അവയിൽ ചിലത് മാത്രം. ഈ സിദ്ധാന്തങ്ങൾ പ്രകാരം ഒരു മനുഷ്യന് സന്തോഷവും സുഖവും നൽകുന്നത് എന്തും നന്മയാണ്, ദുഃഖം സമ്മാനിക്കുന്ന ചെയ്തികൾ തിന്മയും. ബഹുഭൂരിപക്ഷം ആളുകൾക്കും സന്തോഷം നൽകുന്ന പ്രവർത്തനങ്ങളെല്ലാം നന്മയാണെന്നാണ് യൂട്ടിലിറ്റേറിയനിസം പറയുന്നത്. എന്നാൽ ന്യൂനപക്ഷങ്ങളുടെ വികാരങ്ങൾ ഇവിടെ അപ്രധാനമാകുന്നു. ഒരു മനുഷ്യനെ ഒരുകൂട്ടം ആളുകൾ തല്ലി രസം കണ്ടെത്തുന്നത് പ്രസ്തുതവാദത്തിന്റെ കണ്ണിൽ ശരിയാണ്. കാരണം അവിടെ ഒരു വ്യക്തി മാത്രം വേദനിക്കപ്പെടുകയും മറ്റുള്ളവർക്ക് അതിലൂടെ സന്തോഷം ലഭിക്കുകയും ചെയ്യുന്നുണ്ട്.

മനുഷ്യന്റെ പരിമിതമായ ബുദ്ധിയും യുക്തിയും മാത്രമുപയോഗിച്ച് നിർമ്മിച്ച മനുഷ്യനിർമ്മിതമായ ഇത്തരം സങ്കീർണമായ ആശയങ്ങൾക്ക് ഒരുപാട് പ്രശ്നങ്ങളും മറു ചോദ്യങ്ങളും സ്വാഭാവികമാണ്. ഏറ്റവും ചുരുങ്ങിയ നിലയിൽ പറഞ്ഞാൽ പരിണാമവാദത്തിൽ ധാർമികത ലവലേശം കണ്ടെത്താൻ കഴിയില്ല. കാരണം അതിജീവനത്തിന് വേണ്ടി എന്തും പ്രവർത്തിക്കാം. നിലനിൽപ്പിന് വേണ്ടി പോരാടുന്നവക്ക് മാത്രമേ അസ്തിത്വമുള്ളൂ. നല്ല നാടൻ ഭാഷയിൽ പറഞ്ഞാൽ ‘കൈയ്യൂക്കുള്ളവൻ കാര്യക്കാരൻ’. അങ്ങനെ വരുമ്പോ ഭൗതികവാദത്തിന്റെ വീക്ഷണ കോണിൽ കൊലപാതകം പോലും അധാർമികമല്ല. വികലാംഗരായ കുരുന്നുകൾക്ക് ദയാവധത്തിന് അനുമതി നൽകണമെന്നും, ബുദ്ധിക്ക് മാന്ദ്യം ബാധിച്ചവരെ ലൈംഗികമായ ഉപയോഗിക്കാമെന്നും, വാദിച്ചു മോറാലിറ്റി നിർവചിച്ചവരുമുണ്ട് എന്നതാണ് അത്ഭുതം!.

ഇന്ന് ശാസ്ത്രത്തിന്റെ പിതൃത്വമേറ്റെടുക്കാൻ നടക്കുന്ന നാസ്തികർ ഒരിക്കൽ ശാസ്ത്രത്തോടും ശാസ്ത്രജ്ഞരോടും കാട്ടിയ ചതിയുടെ ചരിത്രങ്ങൾ ചെറുതല്ല. പ്രപഞ്ചത്തിനൊരു സ്രഷ്ടാവുണ്ടെന്ന സാധ്യത മുന്നോട്ട് വച്ച ശാസ്ത്ര പഠനങ്ങളെയെല്ലാം തടഞ്ഞു വയ്ക്കുകയും വിലക്ക് കൽപ്പിക്കുകയും അത്തരം ശാസ്ത്രജ്ഞരെ പീഡിപ്പിക്കുകയും ചെയ്ത കഥകൾ സോവിയറ്റ് യൂണിയന്റെ മുൻകാല ചരിത്രങ്ങൾ പരിശോധിച്ചാൽ കാണാൻ സാധിക്കും. എന്തിനേറെ അന്ന് സോവിയറ്റ് യൂണിയനിൽ അവതരിപ്പിച്ച ശാസ്ത്ര പഠനങ്ങൾക്ക് അംഗീകാരം നൽകിയത് പോലും ശാസ്ത്രത്തിന്റെ അളവുകോൽ വെച്ചിട്ടായിരുന്നില്ല, മറിച്ച് അവയിൽ ഏതൊക്കെയാണ് വൈദ്ധ്യാത്മക ഭൗതികവാദമെന്ന തത്ത്വചിന്തയോട് കൂടുതൽ ചേർന്ന് നിൽക്കുന്നത് എന്ന് നോക്കിയിട്ടായിരുന്നു.

“പ്രകൃതി ശാസ്ത്രത്തിന്റെ ഗ്ലാസിൽ നിന്നുള്ള ആദ്യകവിൾ വെള്ളം നിങ്ങളെ ഒരു നിരീശ്വരവാദിയാക്കും, പക്ഷേ ഗ്ലാസിന്റെ അടിത്തട്ടിലേക്ക് വരുമ്പോൾ ദൈവം നിങ്ങൾക്കായി കാത്തിരിക്കുന്നു”

പന്ത്രണ്ടാം ക്ലാസിലെ ശാസ്ത്ര വിദ്യാർഥികൾക്ക് പോലും ഏറെ സുപരിചിതനായ ഇരുപതാം നൂറ്റാണ്ടിന്റെ ഭൗതിക ശാസ്ത്രജ്ഞൻ ഹൈസൻബെർഗിന്റെ വാക്കുകളാണ്. ഹൈസൻബെർഗ് മാത്രമല്ല ക്വാണ്ടം മെക്കാനിക്ക്സിന്റെ പിതാവായ മാക്സ് പ്ലാങ്കും, രസതന്ത്രത്തിലും ഭൗതികശാസ്ത്രത്തിലും നിരവധി സംഭാവനകൾ നൽകിയ മൈക്കിൾ ഫാരഡെയും, കോംപ്റ്റോൻ എഫക്ട് ലോകത്തിനു മുന്നിലവതരിപ്പിച്ച ആർതർ ഹോളി കോംപ്റ്റണും, ഭൗതികശാസ്ത്രത്തിലെ എക്കാലത്തെയും മികച്ച ശാസ്ത്രജ്ഞരിൽ പ്രധാനിയായ ജെയിംസ് ക്ലാർക്ക് മാക്സ്വെല്ലും ഒക്കെ ബൗദ്ധികപരമായി ദൈവാസ്തിത്വത്തെ സമർത്ഥിച്ചവരാണ്.

ഇത്രയും പറഞ്ഞിട്ടും കലങ്ങാത്തവർക്ക് കണ്ടിജൻസി ആർഗുമെന്റ്, ആർഗുമെന്റ് ഫ്രം ഒറിജിൻ, ആർഗുമെന്റ് ഫ്രം ഡിഗ്രീ, കലാം കോസ്മോളേജിക്കൽ ആർഗുമെന്റ് എന്നിങ്ങനെ വിശ്വാസികൾ മുന്നോട്ട് വയ്ക്കുന്ന സ്ഥിതീകരിച്ച വാദങ്ങൾ കൂടി പരിശോധിക്കുന്നത് നന്നാവും. ഇവയെല്ലാം പറയുന്നത് വികസിച്ചുകൊണ്ടിരിക്കുന്ന പ്രപഞ്ചത്തിന് പിന്നിലെ സ്രഷ്ടാവിന്റെ അസ്തിത്വത്തെക്കുറിച്ച് തന്നെയാണ്. മറ്റൊന്നിനെയും ആശ്രയിക്കാത്ത, മറ്റെല്ലാ വസ്തുക്കളും ആശ്രയിക്കുന്ന, ജനനവും മരണവുമില്ലാത്ത ഈ പ്രപഞ്ചത്തെയും അതിനുള്ളിലുള്ള പ്രതിഭാസങ്ങളെയും സൃഷ്ടിച്ച അനിവാര്യമായ ഒരു അസ്ഥിത്വം അതുണ്ടായേ തീരൂ എന്ന് സാമാന്യബോധമുള്ള ഏതൊരു മനുഷ്യനും ലളിതമായ നിലയിൽ അനുമാനിക്കാം.

പക്ഷേ നവ നാസ്തികർക്കാവശ്യം ശാസ്ത്രസത്യങ്ങളല്ല. തങ്ങളുടെ സിദ്ധാന്തങ്ങൾ ശരിയാണെന്ന് പ്രചരിപ്പിക്കാൻ അവർ പല വസ്തുതകളെയും വളച്ചൊടിച്ച്, വികൃതവൽക്കരിച്ച് സമൂഹത്തിനു മുന്നിൽ അവതരിപ്പിക്കുന്നുണ്ട്. നവനാസ്തികതയുടെ അടിത്തറകളിൽ പ്രധാനം മതവിരുദ്ധതയാണ്. ഭൂമുഖത്തുനിന്നും തുടച്ചുനീക്കേണ്ട തിന്മയായിട്ടാണ് നവ നാസ്തികർ മതത്തെ കണക്കാക്കുന്നത്. റിച്ചാർഡ് ഡോക്കിൻസ് മുതൽ രവിചന്ദ്രൻ വരെയും പ്രചരിപ്പിക്കുന്നത് ഇതേ ആശയധാരകളാണ്. മറ്റൊരർത്ഥത്തിൽ പറഞ്ഞാൽ ഡോക്കിൻസിന്റെയും സാം ഹാരിസിന്റെയും വികലവാദങ്ങൾ അതേപടി പകർത്തുകയാണ് രവിചന്ദ്രനടക്കമുള്ള നിരീശ്വരവാദികൾ ചെയ്യുന്നത്. മതങ്ങൾ എന്ന് പറയുന്നുണ്ടെങ്കിലും ഇവരുടെയെല്ലാം കണ്ണിൽ കൊടിയ ശത്രുപക്ഷത്ത് നിലനിൽക്കുന്ന ഒരേയൊരു മതം ഇസ്ലാമാണ്. പാശ്ചാത്യൻ നവ നാസ്തികർ ചേർന്ന് നിൽക്കുന്നത് അമേരിക്കൻ മുതലാളിത്ത വ്യവസ്ഥിതിയോടാണെങ്കിൽ, കേരളത്തിലെ യുക്തിവാദികൾ മുട്ടിയൊരുമ്മി നിൽക്കുന്നത് ഇന്ത്യയിലെ ഹിന്ദുത്വവാദികളോടാണ്. സവർക്കറുടെയും ഗോഡ്സെയുടെയുമൊക്കെ അതേ മനസ്സുള്ള മനുഷ്യസ്നേഹികൾ പടച്ചുവിടുന്നത് ഇസ്ലാം വെറുപ്പുല്പാദനത്തിന്റെ വസ്തുതാ വിരുദ്ധമായ ആശയ പ്രചാരണങ്ങൾ മാത്രമാണ്!.

print

2 Comments

  • Masha Allah… Great write up… Educative

    NM 28.04.2023
  • പഠനാർഹമായ നല്ല എഴുത്ത്. ഒരു വാദം സ്ഥാപിക്കുമ്പോൾ അതിനെതിരിലുളള വാദങ്ങളെല്ലാം പരിശോധിച്ച് ഉദാഹരണ സഹിതം കാര്യങ്ങൾ സമർത്ഥിച്ചു കൊണ്ടുള്ള എഴുത്ത് നല്ല ഇഷ്ടായി❤️ നല്ല എഴുത്തുകൾക്കായി ഇനിയും പ്രതീക്ഷയോടെ….

    Shajir I T 30.04.2023

Leave a comment

Your email address will not be published.