വിശുദ്ധ ഖുർആനിൽ ഒരു ബന്ധവുമില്ല എന്ന് നമ്മൾ കരുതുന്ന വിശുദ്ധ ഖുർആനിലെ പല ആയത്തുകളും അഭേദ്യമായി ബന്ധപ്പെട്ടു കിടക്കുന്നതായാണ് നാം കാണുന്നത്. പ്രപഞ്ചനാഥൻ സൂറത്തുൽ വാഖിഅയിൽ നക്ഷത്രത്തെക്കുറിച്ച് പരാമർശിച്ച തൊട്ടുടനെ വിശുദ്ധ ഖുർആനെ കുറിച്ച് പരാമർശിക്കുന്ന ഒരു രംഗമുണ്ട്. നമ്മെ അത്ഭുതപ്പെടുത്തുന്ന ഹൃദ്യമായ ബന്ധം ആ സൂക്തങ്ങൾ തമ്മിൽ നമുക്ക് കാണാൻ കഴിയും. ഈ മഹാപ്രപഞ്ചത്തിൽ ഗോളങ്ങളുടെയും ക്ഷീരപദങ്ങളുടെയും താരങ്ങളുടെയും ഗ്രഹങ്ങളുടെയും കണക്കും വ്യവസ്ഥയും എത്രമേൽ കിറുകൃത്യമാണോ അതുപോലെ തന്നെ ഒരിക്കലും തെറ്റിപ്പോകാതെ മാറിപ്പോകാതെ എന്നെന്നും നിലനിൽക്കുന്നതായിരിക്കും അവന്റെ വചനങ്ങളും. വളരെ സുന്ദരവും സാഹിത്യ ശൈലിയും സുതാര്യവും സുദൃഢവും സുവ്യക്തവുമാണത്. അതിൽ യാതൊരു സംശയവുമില്ല. “ബില്യൺ കണക്കായ നക്ഷത്രങ്ങളിൽ ചിലവയെ നാം നഗ്നദൃഷ്ടി കൊണ്ടു കാണുമ്പോൾ മറ്റു ചിലവയെ കാണണമെങ്കിൽ ദൂരദർശിനികളും മറ്റുവാനനിരീക്ഷണോപകരണങ്ങളും വേണം. കാണുക എന്നതിനപ്പുറം അവയെക്കുറിച്ച് എന്തെങ്കിലും മനസ്സിലാക്കാൻ ഈ ഉപകരണങ്ങൾ കൊണ്ട് സാധിക്കുകയുമില്ല. ഈ നക്ഷത്രകോടികളത്രയും അനന്തവിശാലമായ വിഹായസ്സിൽ സ്ഥിതി ചെയ്യുകയാണ്..
ഒരു നക്ഷത്രത്തിന്റെ കാന്തവലയത്തിനകത്തേക്ക് മറ്റൊന്ന് കടന്ന് വരികയോ, രണ്ടെണ്ണം തമ്മിൽ കൂട്ടിയിടിക്കുകയോ ചെയ്യാൻ, പ്രശാന്തമായ മധ്യധാരണ്യാഴിയിലൂടെ ഒരേ വേഗത്തിൽ ഒരേ ദിശയിൽ സഞ്ചരിക്കുന്ന രണ്ട് കപ്പലുകൾ തമ്മിൽ കൂട്ടിയിടിക്കുന്നതത്ര സാധ്യത പോലുമില്ല തീർത്തും അനിഷേധ്യമല്ലെങ്കിലും വളരെ വളരെ വിദൂരത്താണ് ആ സാധ്യത.(From God and science). നമുക്കറിയാം വിശുദ്ധ ഖുർആനിൽ വൈവിധ്യങ്ങളായ വസ്തുക്കളെക്കുറിച്ച് വ്യത്യസ്ത സ്ഥലങ്ങളിൽ അല്ലാഹു സത്യം ചെയ്യുന്നതായി കാണാൻ കഴിയും. ഉദാ: والفجر، والضحى، والعصر ഇങ്ങനെ തുടങ്ങി നിരവധി പരാമർശങ്ങൾ വിശുദ്ധ ഖുർആനിൽ കാണാം. എന്തിനാണ് നാമൊരു കാര്യം സത്യം ചെയ്യുന്നത്.! സൂചിപ്പിക്കാൻ ഉദ്ദേശിക്കുന്ന കാര്യത്തെ ഗൗരവത്തിൽ ബലപ്പെടുത്താൻ വേണ്ടിയാണത്. അതായത് സത്യം ചെയ്യുന്നതിലൂടെ ആ കാര്യം ഒന്നുകൂടി ബലപ്പെടുന്നു. അല്ലാഹു ചില സ്ഥലങ്ങളിൽ സത്യം ചെയ്യാൻ ഉപയോഗിക്കുന്ന വസ്തുവും അതിലൂടെ ബലപ്പെടുത്താൻ ഉദ്ദേശിക്കുന്ന കാര്യവും നമുക്ക് ചിലപ്പോൾ ഒരു ബന്ധവുമില്ല എന്ന് തോന്നിയേക്കാം. പക്ഷെ സൂക്ഷമമായി നാം ചിന്തിക്കുമ്പോൾ അതെല്ലാം അത്ഭുതപ്പെടുത്തുന്ന അഭേദ്യമായ ബന്ധം സൃഷ്ടിക്കുന്നതായാണ് കാണുന്നത്. മാത്രവുമല്ല, ചില സ്ഥലങ്ങളിൽ സത്യം ചെയ്യാൻ അല്ലാഹു ഉപയോഗിച്ച യാഥാർത്ഥ്യം തന്നെ ശേഷം പറയാൻ പോകുന്ന കാര്യത്തിന്റെ തെളിവായി സൂചിപ്പിക്കുന്നത് കാണാം. എളുപ്പത്തിൽ മനസ്സിലാക്കാൻ ഒരുഉദാഹരണം സാന്ദർഭികമായി സൂചിപ്പിക്കുന്നു:
وَٱلۡعَصۡرِ (കാലം തന്നെയാണ് സത്യം)
إِنَّ ٱلۡإِنسَـٰنَ لَفِی خُسۡرٍ.
(തീര്‍ച്ചയായും മനുഷ്യന്‍ നഷ്ടത്തില്‍). ഇവിടെ നാം നിരീക്ഷിക്കുമ്പോൾ തന്നെ ബോധ്യമാകും മുഴുവൻ മനുഷ്യരും നഷ്ടത്തിലാണ് എന്നതിനുള്ള ഏറ്റവും വലിയ തെളിവ് അവൻ കടന്ന് പോയ്‌ക്കൊണ്ടിണ്ടിരിക്കുന്ന കാലംതന്നെയാണ്. അത് രണ്ടും തന്നെ പരസ്പരം ബന്ധപ്പെടുന്നതായി കാണാം. സൂറ: വാഖിഅയിൽ അല്ലാഹുപരാമർശിക്കുന്നത്;
” فَلَاۤ أُقۡسِمُ بِمَوَ ٰقِعِ ٱلنُّجُومِ”
(അല്ല, നക്ഷത്രങ്ങളുടെ അസ്തമന സ്ഥാനങ്ങളെകൊണ്ട് ഞാന്‍ സത്യം ചെയ്തു പറയുന്നു.)
“وَإِنَّهُۥ لَقَسَمࣱ لَّوۡ تَعۡلَمُونَ عَظِیمٌ”
(തീര്‍ച്ചയായും, നിങ്ങള്‍ക്കറിയാമെങ്കില്‍, അതൊരു വമ്പിച്ച സത്യം തന്നെയാണ്.) ഇവിടെ ശ്രദ്ധിക്കേണ്ട കാര്യം അല്ലാഹു നക്ഷത്രങ്ങളെ പിടിച്ചല്ല സത്യം ചെയ്യുന്നത്. മറിച്ച് അവയുടെ സ്ഥാനങ്ങളെയാണ്(Position). അതുമായി ബന്ധപ്പെടുത്തി നാം വിചിന്തനം ചെയ്യുമ്പോൾ നമുക്ക് ബോധ്യമാകുന്ന ഒരു കാര്യം രാത്രിയിൽ മനോഹാരികളായ നക്ഷത്രങ്ങള നമ്മുടെ നഗ്നനേത്രങ്ങൾ കൊണ്ട് കാണുവാൻ സാധിക്കുന്നു. പകൽ സമയത്ത് സൂര്യപ്രകാശം മൂലം ദർശിക്കാൻ സാധ്യമല്ല. നക്ഷത്രങ്ങൾ എന്നത് പ്രപഞ്ചത്തിൽ അല്ലാഹുവിന്റെ അത്ഭുതപ്പെടുത്തുന്ന ഒരു സൃഷ്ടിയും പ്രതിഭാസവുമാണ്. വിശുദ്ധ ഖുർആനിൽ നക്ഷത്രങ്ങള സംബന്ധിച്ച് നിരവധി പരാമർശങ്ങൾ കാണുവാൻ സാധിക്കും.
മാത്രവുമല്ല, ഒരു സൂറയുടെ നാമം തന്നെ നക്ഷത്രം എന്നാണ്. ഓരോ നക്ഷത്രവും അതി ശക്തമായ ഊർജ്ജമാണ് പുറത്ത് വിട്ടു കൊണ്ടിരിക്കുന്നത്. കാർബണും ഓക്സിജനും അടക്കം ഭൂമിയിൽ ഉൽപ്പാദിപ്പിക്കപ്പെടുന്ന ഒട്ടുമിക്ക എല്ലാ മൂലകങ്ങളുടെയും വലിയ കേന്ദ്രങ്ങളിലൊന്ന് നക്ഷത്രസമൂഹങ്ങളാണ്. ഭൂമിയോട് ഏറ്റവും അടുത്ത് സ്ഥിതിചെയ്യുന്ന സൂര്യനെന്ന മഹാനക്ഷത്രത്തെ മാത്രം നാം നിരീക്ഷിക്കുകയാണെങ്കിൽ അതിന്റെ പുറമെയുള്ള ഭാഗത്തെ ചൂട് മാത്രം സൂചിപ്പിക്കപ്പെടുന്നത് 6,000 degree centigrade ആണ്! ഇത്രയേറെ ചൂടാണ് അതിന്റെ ഔട്ടർ സർഫസിൽ മാത്രം. പിന്നീട് ഉള്ളിലേക്ക് പോകുന്തോറും ചൂട് അതി കഠിനമാകുന്നു. മാത്രവുമല്ല, ഭൂമിയേക്കാൾ 13 ലക്ഷം ഇരട്ടിയാണ് സൂര്യന്റെ വലിപ്പം.! സൂര്യന്റെ ഏറ്റവും അകത്തുള്ള ഭാഗത്തെ ചൂട് കണക്കാക്കപ്പെടുന്നത് 1.1 crore degree celsius ആണ്. ഇത്രയേറെ ഭീമമായ സൂര്യൻ തന്നെ നമ്മുടെ ഗാലക്സിയുമായി ബന്ധപ്പെടുത്തി ചിന്തിക്കുമ്പോൾ വളരെ ചെറിയ നക്ഷത്രമാണത്. നാം മനസ്റ്റിലാക്കേണ്ട കാര്യം ഇത്രയേറെ അത്ഭുത സൃഷ്ടി ആയിട്ടും ആ നക്ഷത്രങ്ങളെ ഒന്നും തൊട്ടല്ല അല്ലാഹു സത്യം ചെയ്യുന്നത്. മറിച്ച് അത് സ്ഥിതി ചെയ്യുന്ന അതിന്റെ സ്ഥാനത്തെ പിടിച്ചാണ്. അതാണ് നാം പരിശോദിക്കാൻ പോകുന്ന യാഥാർത്ഥ്യം. വിശുദ്ധ ഖുർആനിൽ മറ്റ് ഒട്ടുമിക്ക സ്ഥലങ്ങളിലും അല്ലാഹു സത്യം ചെയ്തതിന് ശേഷം നേരിട്ട് വിഷയങ്ങളിലേക്ക് കടക്കുന്നതായാണ് കാണുന്നത്. പക്ഷെ, ഇവിടെ സൂചിപ്പിച്ച സത്യം വീണ്ടും ഒരിക്കൽ കൂടി ആവർത്തിച്ച് പറഞ്ഞ് ബലപ്പെടുത്തുന്നതായാണ് കാണുന്നത്.
അതായത് ഈ പറയുന്ന യാഥാർത്ഥ്യത്തിനും സത്യത്തിനുമിടയിൽ ഒരായത്ത് കടന്ന് വരികയാണ്…:
“وَإِنَّهُۥ لَقَسَمࣱ لَّوۡ تَعۡلَمُونَ عَظِیمٌ”
(തീര്‍ച്ചയായും, നിങ്ങള്‍ക്കറിയാമെങ്കില്‍, അതൊരു വമ്പിച്ച സത്യം തന്നെയാണ്.) സൂചിപ്പിക്കപ്പെടുന്ന സത്യത്തിന്റെ യാഥാർത്ഥ്യം നാം മനസ്സിലാക്കുകയാണെങ്കിൽ പറയാൻ പോകുന്ന കാര്യം എത്രത്തോളം കനമുള്ളതാണെന്ന് നമുക്ക് മനസ്സിലാകും. ഇവിടെ നക്ഷത്രത്തിന്റെ സ്ഥാനമാണ് സത്യത്തിന് വേണ്ടി അല്ലാഹു ഉപയോഗിച്ചിരിക്കുന്നത്. നമുക്കറിയാം വിശുദ്ധ ഖുർആൻ സംസാരിക്കുന്നത് ഭൂമിയിലുള്ള ആളുകളോടാണ്. ഭൂമിയിൽ ജീവിക്കുന്ന ഒരൊറ്റ മനുഷ്യനും ഒരൊറ്റ നക്ഷത്രത്തെയും നേർക്കുനേരെ അതിൻറെ പൂർണ്ണതയിൽ കണ്ണുകൊണ്ട് കാണാൻ സാധിക്കുകയില്ല എന്നത് അത്ഭുതപ്പെടുത്തുന്ന ഒരു യാഥാർത്ഥ്യമാണ്.! നമുക്ക് വെളിച്ചം തരുന്ന സൂര്യനെ പോലും നാം കാണുന്നില്ല എന്നതാണ് യാഥാർത്ഥ്യം. ഭൂമിയിൽ നിന്നും 150 മില്യണിൽ പരം Km അകലെയാണ് സൂര്യനുള്ളത്. (15 കോടി Km അപ്പുറം). മണിക്കൂറിൽ 1000 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കുന്ന വിമാനത്തിൽ ഒരാൾ പോവുകയാണെങ്കിൽ പോലും സൂര്യനിൽ എത്തുമ്പോൾ 17 വർഷത്തിലധികം കഴിയും. മാത്രവുമല്ല നാം കാണുന്ന നക്ഷത്രങ്ങൾ എല്ലാം തന്നെ ലൈവ് ആയിട്ടുള്ള നക്ഷത്രങ്ങളല്ല എന്ന യാഥാർത്ഥ്യവും നാം മനസ്സിലാക്കേണ്ടതാണ്. അതിൻറെ ശാസ്ത്രീയ വശങ്ങൾ ഇവിടെ സൂചിപ്പിക്കാൻ ഉദ്ദേശിക്കുന്നില്ല. ഈ യാഥാർത്ഥ്യങ്ങളെല്ലാം മനസ്സിൽ വച്ചുകൊണ്ട് ഒരിക്കൽ കൂടി നാംആയത്തിലേക്ക് വരുകയാണെങ്കിൽ
(بمواقع النجوم)
എന്ന് പ്രയോഗിച്ചിരിക്കുന്നത് വളരെ കൃത്യമാണെന്ന് മനസ്സിലാകും. സൂറ: നഹ്ലിൽ അല്ലാഹു മറ്റൊരു കാര്യം കൂടിഉണർത്തുന്നു.:
“وَعَلَـٰمَـٰتࣲۚ وَبِٱلنَّجۡمِ هُمۡ یَهۡتَدُونَ”
• (പല വഴിയടയാളങ്ങളും ഉണ്ട്. നക്ഷത്രം മുഖേനയും അവര്‍ വഴി കണ്ടെത്തുന്നു.) അറിയാത്ത സ്ഥലങ്ങളിൽ നാം യാത്ര ചെയ്യുമ്പോൾ GPS കളുടെ സഹായം തേടാറുണ്ട്. ഈ സൂക്തത്തിന്റെ വിശദീകരണമായി നാം പൊതുവേ കേൾക്കാറുള്ളത് അറബികൾ ആയിട്ടുള്ള ആളുകൾ കച്ചവട ആവശ്യത്തിനായി വിദൂര ദിക്കുകളിലേക്ക് പോകുമ്പോൾ കൃത്യമായി അവരുടെ വഴികാട്ടിയായി ആയിരുന്നത് നക്ഷത്രങ്ങൾ ആയിരുന്നു എന്നതാണ്. പക്ഷേ അതിലുപരി ഇതിൻറെ യാഥാർത്ഥ്യം എന്തെന്നാൽ പ്രപഞ്ചത്തിലുള്ള ഏറ്റവും വലിയ natural GPS കളാണ് യഥാർത്ഥത്തിൽ നക്ഷത്രങ്ങൾ എന്നതാണ്.!
ഈ വിഷയം വളരെ എളുപ്പത്തിൽ മനസ്സിലാക്കാൻ വേണ്ടി ഞാൻ ലോക പ്രശസ്ത പണ്ഡിതനായ ശൈഖ് ഹംസ യൂസുഫിന്റെ അദ്ദേഹം സൂചിപ്പിച്ച ഒരു അനുഭവം സാന്ദർഭികമായി സൂചിപ്പിക്കുകയാണ്; ഒരിക്കൽ അദ്ദേഹം ഇംഗ്ലണ്ടിൽ നിന്നും സാൻ ഫ്രാന്സിസ്കോയിലേക്ക് യാത്ര ചെയ്യുന്ന സന്ദർഭത്തിൽ നമുക്കറിയാം, വിമാനത്തിൽ യാത്ര ചെയ്യുമ്പോൾ നമ്മൾ ഇരിക്കുന്ന ഇരിപ്പിടത്തിനു മുമ്പിൽ ഒരു ചെറിയ സ്ക്രീൻ ഉണ്ടാകും. അതിൽ നാം സഞ്ചരിക്കുന്ന ഫ്ലൈറ്റിന്റെ റൂട്ട് മാപ്പ് നിരന്തരം കാണിച്ചുകൊണ്ടിരിക്കും. മാത്രമല്ല ശൈഖിന് Navigation നെകുറിച്ച് ഒരല്പ്പം പാണ്ഡിത്യമുള്ള ആളായിരുന്നു. അങ്ങനെ യാത്ര ചെയ്യവേ അദ്ദേഹം റൂട്ട് മാപ്പ് നോക്കിയ സന്ദർഭത്തിൽ, യഥാർത്ഥത്തിൽ വിമാനം പോകേണ്ടിയിരുന്നത് 18 degree Celsius ചെരിഞ്ഞ് Gray cercil ലൂടെ ആയിരുന്നു. ഒരല്പം വഴി മാറിയാണ് വിമാനം സഞ്ചരിക്കുന്നത് എന്ന് അദ്ദേഹത്തിന് ബോധ്യപ്പെടുകയാണ്. അങ്ങനെ ഫ്ലൈറ്റ് അധികാരികളെ വിളിച്ച് അദ്ദേഹം കാര്യം പങ്കുവച്ചു. പക്ഷേ പൈലറ്റ് എല്ലാവരോടും പരിഭ്രാന്തി ആകേണ്ടതില്ല എന്നുണർത്തി. ഒരല്പം കഴിഞ്ഞ പൈലറ്റ് കോപ്പിറ്റിലേക്ക് ശൈഖിനെ ക്ഷണിച്ചു. അങ്ങനെ അവർ പരസ്പരം പരിചയപ്പെട്ടു. പൈലറ്റ് അദ്ദേഹത്തോട് ചോദിച്ചു താങ്കൾ ഒരു പൈലറ്റാണോ ? ശൈഖ് മറുപടി പറഞ്ഞു: അല്ല, പക്ഷെ, എനിക്ക് navigation നെ സംബന്ധിച്ച് ഒരല്പ്പം അറിയാം. സംഭാഷണങ്ങൾക്കൊടുവിൽ ശൈഖ് അവസാനം പൈലറ്റിനോട് ചോദിച്ചു; നിങ്ങളുടെ റൂട്ട് മാപ്പും മറ്റു GPS കണ്ട്രോളുകളുമെല്ലാം കൈവിട്ടു പോയാൽ നിങ്ങൾ എങ്ങനെയാണ് ഫ്ലൈറ്റ് മുന്നോട്ട് കൊണ്ടുപോകുക.? പൈലറ്റ് ആദ്യം ചെയ്തത് എന്തെന്നാൽ കോപ്പിറ്റിലിലുള്ള മുഴുവൻ ലൈറ്റുകളും ഓഫാക്കുകയും പുറമെയുള്ള ഗ്ലാസ്സ് നീക്കുകയും ചെയ്തു. ശൈഖ് പറയുകയുണ്ടായി; ഞാനറിയാതെ പറഞ്ഞു പോയി ‘سبحان الله’ എന്ന്. അല്ലാഹുവിന്റെ അതി മനോഹര സൃഷ്ടിയായ ആകാശത്തിന്റെ മനോജ്ഞമായ പ്രതാഭം എനിക്ക് അനുഭവിക്കാൻ കഴിഞ്ഞു. എത്ര സുന്ദരമാണ് എന്റെ നാഥന്റെ സൃഷ്ടിപ്പ്.! നക്ഷത്രങ്ങളെല്ലാം അടുത്ത് കാണുന്ന സുന്ദരമായ കാഴ്ച്ച.! എന്നിട്ട് ആ പൈലറ്റ് പറഞ്ഞ വാചകങ്ങാണ് നാം ശ്രദ്ധിക്കേണ്ടത്. എല്ലാ ബന്ധങ്ങളും ഞങ്ങൾക്ക് നഷ്ടപ്പെട്ടാലും ‘Star always there’ നക്ഷത്രങ്ങൾ എപ്പോഴും അവിടെയുണ്ട് എന്നതാണ്. അതായത് എല്ലാ ബന്ധങ്ങളും നഷ്ടപ്പെട്ടാലും ഒരിക്കലും വഴി തെറ്റാത്ത വഴികാട്ടിയായി നക്ഷത്രങ്ങൾ അവിടെയുണ്ട് എന്നതാണ് അദ്ദേഹം സൂചിപ്പിക്കുന്നത്. ഇന്നും Aeronautical navigationന് വേണ്ടി അവർ 57 നക്ഷത്രങ്ങളെ ഉപയോഗിച്ചു കൊണ്ടിരിക്കുന്നു. മറ്റൊരു കാര്യം ഈ 57 നക്ഷത്രങ്ങളിൽ 47 നും അറബി പേരുകളാണെന്ന് നമുക്ക് കാണാൻ കഴിയും. അതായത് പഴയ കാലത്തെ അറബികളും പേർഷ്യക്കാരുമെല്ലാം നക്ഷത്രങ്ങളെ നിരീക്ഷിച്ചപ്പോൾ കൊടുത്തിരുന്ന പേരുകളാണ് ഇന്നും നിലനിൽക്കുന്നത്. ഉദാ: അൽ ഖയ്ദ് എന്ന് വിളിക്കപ്പെടുന്ന നക്ഷത്രം യഥാർത്ഥത്തിൽ അൽ ഖാഇദ് ആണ്. അൽ തൈർ- അത്തൈർ എന്നതാണ്. ‘ദനബ്’ – എന്നത് ദനൂബാണ്. ‘ദൻബുൽ അസദ്’ – എന്നത് ഇന്ന് ദനബോള ആയതും ഇങ്ങനെ തന്നെ. സാന്ദർഭികമായിഇവിടെ സൂചിപ്പിച്ചു എന്ന് മാത്രം.!
രണ്ടു കാര്യങ്ങളാണ് അല്ലാഹു പ്രധാനമായും ഉണർത്തുന്നത്. ഒന്ന് അല്ലാഹു നക്ഷത്രങ്ങളുടെ സ്ഥാനത്തെ പിടിച്ച് സത്യം ചെയ്യുന്നു. മറ്റൊന്ന് അതിനെ വഴികാട്ടിയായും സൂചിപ്പിക്കുന്നു. ഇവിടെ ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട കാര്യം ശബദത്തിന് ശേഷം അല്ലാഹു ഇവിടെ ഒരു മഹാ യാഥാർത്ഥ്യത്തെക്കുറിച്ച് സൂചിപ്പിക്കാൻ ഒരുങ്ങുകയാണ്. അതാണ്;
“إِنَّهُۥ لَقُرۡءَانࣱ كَرِیمࣱ”
(തീര്‍ച്ചയായും ഇത് ആദരണീയമായ ഒരു ഖുര്‍ആന്‍ തന്നെയാകുന്നു.) അപ്പോൾ ഈ ശബദം അല്ലാഹു നടത്തിയത് തന്നെ അജയ്യമായ അവന്റെ കലാമിനെക്കുറിച്ച് പരാമർശിക്കാനാണ്. ഈ രണ്ടു യാഥാർത്ഥ്യങ്ങളും പരസ്പര അഭേദ്യമായി ബന്ധപ്പെട്ടു കിടക്കുകയാണ്. ഇരുളടഞ്ഞ വിഹായസ്സിൽ പ്രകാശം പ്രതിഫലിപ്പിച്ചുകൊണ്ട് ഇരുട്ടിൽ വഴിതെറ്റിയ അവനെ നക്ഷത്രങ്ങൾ കൈപിടിച്ചു കയറ്റുന്നു.! ഇതേ രൂപത്തിൽ തന്നെയാണ് അന്ധകാരം മൂടിയ ഈ ലോകത്ത് വഴിയറിയാതെ ഇരുട്ടിൽ തപ്പിത്തടയുന്നവനെ സൻമാർഗ്ഗത്തിന്റെ വെളിച്ചത്തിലേക്ക് ഓരോ മനുഷ്യനേയും വിശുദ്ധ ഖുർആൻ കരകയറ്റുന്നു.
“كِتَـٰبٌ أَنزَلۡنَـٰهُ إِلَیۡكَ لِتُخۡرِجَ ٱلنَّاسَ مِنَ ٱلظُّلُمَـٰتِ إِلَى ٱلنُّورِ.”
(മനുഷ്യരെ അവന്‍റെ രക്ഷിതാവിന്‍റെ അനുമതി പ്രകാരം ഇരുട്ടുകളില്‍ നിന്ന് വെളിച്ചത്തിലേക്ക് കൊണ്ടുവരുവാന്‍ വേണ്ടി നിനക്ക് അവതരിപ്പിച്ചു തന്നിട്ടുള്ള ഗ്രന്ഥമാണിത്.) എല്ലാ അർത്ഥത്തിലും അന്ധകാരം നിറഞ്ഞ ഈ ലോകത്ത് മനുഷ്യരാശിയെ ഒരിക്കലും വഴിതെറ്റിക്കാത്ത വഴികാട്ടിയായി ഖുർആൻ എന്നും നിലനിൽക്കുന്നു എന്നതാണ് യാഥാർത്ഥ്യം.! മാതമല്ല, നക്ഷത്രങ്ങൾ വഴി കാണിക്കുന്നത് വിശ്വാസികൾക്ക് മാത്രമല്ല. അതുപോലെ തന്നെയാണ് ആർക്കും എപ്പോഴും എന്തിനും ആശ്രയമായി മാർഗദർശിയായി എല്ലാകാലത്തിനും കാലാവസ്ഥക്കും കാലങ്ങളുടെ വ്യതിയാനങ്ങൾക്ക് വിധേയമാകാത്ത ശക്തി സത്യമായ ശക്തിസ്വത്വമായ അല്ലാഹുവിന്റെ കലാമുണ്ട് എന്നതാണ് ആശ്വാസം. ഓരോ നക്ഷത്രത്തിനും വളരെ കൃത്യമായ കണക്കും വ്യവസ്ഥയും അല്ലാഹു നിശ്ചയിച്ചു വെച്ചിട്ടുണ്ട്. അതുപോലെ വിശുദ്ധ ഖുർആനിലേക്ക് നാം സൂക്ഷ്മമായി നിരീക്ഷിച്ചാൽ അതിന്റെ ഓരോ പദങ്ങൾ പോയിട്ട് അക്ഷരങ്ങൾ പോലും കിറുകൃത്യമായി ഒരിക്കലും തെറ്റി പോകാത്ത ആർക്കും തെറ്റിക്കാൻ കഴിയാത്ത വിധത്തിൽ അല്ലാഹു അതിനെ സംരക്ഷിച്ചിരിക്കുന്നു. പടച്ചറബ്ബിന്റെ കൃത്യമായ ആസൂത്രണ മികവ് അതിന്റെ അഴക് ആഴത്തിൽ പഠിക്കുമ്പോഴാണ് നമുക്ക് മനസ്സിലാവുക. ഇവിടെ സൂചിപ്പിച്ച വമ്പിച്ച സത്യം അത് വിശുദ്ധ ഖുർആനായത് കൊണ്ട് തന്നെയാണ് അതിനെ അല്ലാഹു വീണ്ടും ബലപ്പെടുത്തി ശക്തിപ്പെടുത്തി സത്യം ചെയ്യുന്നത്.!
Subhanallah
Masha ALLAH