നിക്വാബും ഫാഷിസവും: രാജ്യസുരക്ഷയുടെ പിന്നാമ്പുറങ്ങൾ

//നിക്വാബും ഫാഷിസവും: രാജ്യസുരക്ഷയുടെ പിന്നാമ്പുറങ്ങൾ
//നിക്വാബും ഫാഷിസവും: രാജ്യസുരക്ഷയുടെ പിന്നാമ്പുറങ്ങൾ
ആനുകാലികം

നിക്വാബും ഫാഷിസവും: രാജ്യസുരക്ഷയുടെ പിന്നാമ്പുറങ്ങൾ

Print Now

‘കേരളവർമ്മയിലെത്തിയ ആദ്യദിവസമാണ്..നേരത്തെതന്നെ പരിചയമുള്ള എന്റെ സീനിയർ ഹിബയുടെ കൂടെ അഡ്മിഷൻ എടുക്കാനായി ഓഫിസിനു മുൻപിൽ നിൽക്കുമ്പോൾ അവളുടെ ഒരു സഹപാഠി ഞങ്ങളുടെ അടുത്തെത്തി എന്നെയും എന്റെ തട്ടത്തേയും നോക്കി വല്ലാത്ത ഒരു ചിരി ചിരിച്ചുകൊണ്ട് പറഞ്ഞു “ഹിബാ….നിനക്ക് ആടുമേക്കാൻ കൊണ്ടുപോവാൻ പുതിയ ഒരാളെ കിട്ടിയല്ലോ”…കളിയായി പറഞ്ഞതാണെങ്കിലും ആ വാക്കുകളിലെ പരിഹാസവും അസഹിഷ്ണുതയും എന്നെ അമ്പരപ്പിച്ചു.. അന്തിച്ചു നിൽക്കുന്ന എന്നോട് അന്ന് ഹിബ പറഞ്ഞിരുന്നു “നീ ആദ്യമായി കേൾക്കുന്നത് കൊണ്ടാണ്… കുറച്ചു കഴിഞ്ഞാൽ ശരിയായിക്കോളും…തട്ടമിട്ടത് കൊണ്ട് ഇവിടുള്ളോരൊക്കെ എന്നെ പൊട്ടക്കിണറ്റിലെ തവള എന്നാണ് വിളിക്കാറ്”

തൃശൂരിലെ ഒരു കോളേജിലെ സഹപാഠിയായ ആദില നാസറിനുണ്ടായ അനുഭവമാണിത്. പിന്നീടങ്ങോട്ടുള്ള പല ദിവസങ്ങളിലും ആ പെൺകുട്ടിക്ക് തട്ടസംബന്ധിയായ എന്തെങ്കിലുമൊക്കെ ചർച്ച ചെയ്യേണ്ടതായി വന്നിട്ടുണ്ട്. വീട്ടുകാർ ഭയങ്കര ഓർത്തഡോക്‌സ് ആയതുകൊണ്ടാണ് തട്ടമിടുന്നതെന്നും, ഹിജാബ് അണിയുന്നതെന്നും പറഞ്ഞ കൂട്ടുകാരിയോട് വീട്ടുകാർ ഇതുവരെ നിർബന്ധിച്ചിട്ടില്ലെന്നും ഇത് ആ പെൺകുട്ടിയുടെ ഇഷ്ടമാണെന്നും പറഞ്ഞപ്പോൾ ഇനിയിപ്പോ അങ്ങനെ സമാധാനിച്ചോ എന്നായിരുന്നു മറുപടി..തട്ടത്തെ ഒരു ചോയ്സ് ആയി ഒരിക്കലും അംഗീകാരിക്കാത്ത പൊതുബോധത്തെ കുറിച്ചാലോചിച്ചു പലപ്പോഴും അത്ഭുതം കൂറിയിട്ടുണ്ട് അവർ.

ഒരുപാടൊരുപാട് അനുഭവങ്ങൾ ഇതുപോലെ ആണ് ഈ ഇടക്കാലത്തായി സമൂഹ്യമാധ്യമങ്ങളിലും മറ്റുമായി നമ്മൾ കേട്ടുകൊണ്ടിരിക്കുന്നത്. രാജ്യത്തെ പൊതുവായ ഒരു പ്രശ്നമായി മാറിക്കൊണ്ടിരിക്കുന്നു പാവം നിരുപദ്രവകാരിയായ ബുർഖ!. അത് ചേർത്തു വെക്കുന്നതോ രാജ്യസുരക്ഷയോട് കൂടിയും. എത്രമേൽ അപകടത്തിലേക്കാണ് മുസ്‌ലിം സമൂഹം കൂപ്പുകുത്തുന്നതെന്ന് നമുക്ക് ചിന്തിക്കാൻ കഴിയില്ല. ഒരാളുടെ അല്ലെങ്കിൽ ഒരു സ്ത്രീയുടെ വ്യക്തിത്വത്തിന്റെ ഭാഗമായി തനിക്കിഷ്ടപ്പെട്ട വസ്ത്രം തെരഞ്ഞെടുത്താലും അതിനെ പൊതുസമൂഹത്തിന് മുൻപിൽ ന്യായീകരിക്കേണ്ടതും കാര്യകാരണസഹിതം വിശദീകരിക്കേണ്ടതും ചെയ്യേണ്ടി വരുന്ന അവസ്ഥാവിശേഷം നിരാശയോടെ മാത്രമേ നോക്കിക്കാണാൻ കഴിയുന്നുള്ളൂ. ഫാഷിസത്തിനു കുടപിടിക്കാൻ തുടങ്ങുന്ന നവകേരള സെക്കുലർ ചിന്തകർ; എങ്ങനെയാണ് ഒരു തുണി പ്രാകൃതവും അപരിഷ്‌കൃതവും ആയിത്തീരുന്നത്.? അതിനുള്ള മാനദണ്ഡങ്ങൾ എന്തായിരിക്കും.?

ഉത്തരേന്ത്യയിലൂടെ ഒന്നു സഞ്ചരിക്കാം. ഹൈദരാബാദ്, ബാംഗ്ലൂർ, തെലങ്കാന, പൂനെ, മുംബൈ പോലുള്ള നഗരങ്ങളിൽ റോഡരികിലും മറ്റും കാണാൻ കഴിയുക അധികവും മുഖാവരണം ധരിച്ച സ്ത്രീകളെയാകും. അതില്‍ മുസ്‌ലിമെന്നോ ഹിന്ദുവെന്നോ ക്രിസ്ത്യാനിയെന്നോ വകതിരിവില്ല എന്നത് അവരുടെ വസ്ത്രധാരണത്തില്‍ നിന്നും മനസ്സിലാക്കാം. ചൂട് കാലം തുടങ്ങിയാല്‍ ഉത്തരേന്ത്യയില്‍ മതഭേധമന്യേ നിഖാബ് വ്യാപകമാവും. ഷോപ്പിംഗിലും, മാളുകളിലും ട്രെയിനിലും, ബസ്സിലും യാത്ര ചെയ്യുമ്പോഴും അവര്‍ മുഖാവരണം ധരിച്ചു തന്നെയാവും. നമ്മുടെ കൊച്ചു കേരളത്തിൽ തന്നെ ഒരുപാട് സമരങ്ങളും സംഘട്ടനങ്ങളും മറ്റും വസ്ത്രസ്വാതന്ത്രത്തിന് വേണ്ടി നടന്നിട്ടുണ്ട്. മാറ് മറക്കല്‍ സമരം തുടങ്ങി പൊതുസ്ഥലങ്ങളില്‍ മുലയൂട്ടാനുള്ള അവകാശത്തിനു വേണ്ടിയുള്ള സമരം വരെ അതില്‍ പെടും. ഉരിയൽ സ്വാതന്ത്രമാണെങ്കിൽ ഉടുക്കൽ അവകാശമായി കാണാൻ കഴിയണം. മുസ്‌ലിം എന്നു പറയുമ്പോൾ തന്നെ മനസ്സിൽ തെളിയുന്ന കുറെ ചിത്രങ്ങൾ ഉണ്ട്. താടി, തൊപ്പി, പർദ, നിക്വാബ് തുടങ്ങിയവ. അതൊരു ഐഡൻറിറ്റി ആയി മാറിക്കഴിഞ്ഞു. എല്ലാ രീതികൾക്കും അടിസ്ഥാനപരമായി നേരിട്ട് പ്രമാണങ്ങളിൽ നിന്നും തെളിവ് ഉദ്ധരിക്കാൻ കഴിഞ്ഞുകൊള്ളണമെന്നില്ല. കാരണം പണ്ഡിതന്മാർക്കിടയിൽ തന്നെ ചർച്ചയാവുകയും, തർക്കമുള്ളവയുമാണ് ഈ വിഷയങ്ങൾ. ആധുനിക വസ്ത്രം സ്വീകരിക്കുന്നവരും മുസ്‌ലിംകളുടെ കൂട്ടത്തിലുണ്ട്. അവരവർ മനസ്സിലാക്കിയ ദീൻ അനുസരിച്ചുകൊണ്ട് അവർ ജീവിക്കുന്നു എന്നു മാത്രം. എന്നാൽ നിരുപദ്രവകരമായ ഒരു വസ്ത്രരീതിയെ ഇല്ലാതാക്കാൻ അൾട്രാ സെക്കുലർ ജീവികളും, യുക്തിവാദികളും അതിനോട് എതിർപ്പുള്ള അസഹിഷ്ണുത യാത്രികരും കഠിനമായി പ്രയത്നിക്കുന്നു. ഫലത്തിൽ പർദയും നിക്വാബിനെയും വരും കാലങ്ങളിൽ ജനങ്ങൾ ഭീകരമായും തീവ്രവാദികളുടെ വസ്ത്രമായും കാണുന്നു. ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ ഹനിക്കപ്പെടാനും, അവരെ അടിച്ചമർത്താനുമാണ് ഇതിനെ അംഗീകരികുന്ന ഏകാധിപത്യ പ്രവണതയുള്ള രാഷ്ട്ര നിർമാതാക്കൾ ചെയ്യുന്നത്. നിക്വാബ് നിരോധനത്തിനെതിരെ ഡെന്മാർക്കിൽ നടന്ന പ്രതിഷേധറാലിയിലെ കാര്യങ്ങൾ ഇവിടെ സൂചിപ്പിക്കാതെ വയ്യ. ജാതിമത ഭേദമന്യേ ആയിരക്കണക്കിനാളുകളാണ് അതിൽ പങ്കെടുത്തത്. അവർ നിക്വാബിനെ അനുകൂലിക്കുന്നവരും അനുകൂലിക്കാത്തവരും ഉണ്ട്. വ്യക്തിസ്വാതന്ത്ര്യത്തിലേക്കുള്ള കടന്നുകയറ്റമായാണ് അവരിൽ ഭൂരിഭാഗം പേരും അഭിപ്രായപ്പെട്ടത്. ഫ്രാൻസിലെയും സ്ഥിതി ഏതാണ്ട് ഇങ്ങനെയൊക്കെ തന്നെയായിരുന്നു. ഷാർളി എബ്ദോ ആക്രമണത്തിന് പിന്നാലെ ബുർഖ നിരോധിക്കുകയും പാർലമെന്റിൽ അതിനെതിരെ ശബ്ദമുയർത്തുകയും ചെയ്തവർ; ഒരു കഷ്ണം തുണിയെ ഈ തീവ്ര സെക്കുലർ ജീവികൾ എത്ര ഭയത്തോടെയും വെറുപ്പോടെയും ആണ് കാണുന്നത്.?

അതിൽ ഏറ്റവും പുതിയതായി വാർത്തകളിൽ നിറഞ്ഞുനിന്ന ഒന്നാണല്ലോ ഈസ്റ്റർ ദിനത്തിൽ ശ്രീലങ്കയിലെ ക്രിസ്ത്യൻ പള്ളികളിൽ നടന്ന ചാവേർ സ്ഫോടനവും തീവ്രവാദി ആക്രമണവും തുടർന്നുണ്ടായ ബുർഖ നിരോധനവും, പിന്നാലെ നിക്വാബ് നിരോധിച്ചുകൊണ്ടുള്ള എം.ഇ.എസ് സർക്കുലർ വിവാദവും എല്ലാം. സമൂഹത്തിലെ നാനാ തുറകളിൽ നിന്ന് അനുകൂലവും പ്രതികൂലവുമായ പ്രതികരണങ്ങളാണ് എം.ഇ.എസ് മേധാവിയായ ഫസൽ ഗഫൂർ നേരിടേണ്ടി വന്നത്. ഏറെ പ്രതിഷേധമാണ് ഈ സർക്കുലറിനെതിരെ ഉണ്ടായത്. ബോർഡിലെ അംഗങ്ങളിൽ ചിലർ രാജിവച്ചു പുറത്തുപോകുകയും ഉണ്ടായി. അതിലൂടെ ഒന്നു കണ്ണോടിച്ചു നോക്കിയാൽ നമുക്ക് മനസ്സിലാക്കാൻ ഒരുപാട് കാര്യങ്ങളുണ്ട്.

ഇന്ത്യന്‍ ഭരണ ഘടനയുടെ ആര്‍ട്ടിക്കിള്‍ 19 പ്രകാരം ഇഷ്ടമുള്ള വസ്ത്രം ധരിക്കാനുള്ള അവകാശം പൗരന് നല്‍കുന്നുണ്ട്. ഭരണ ഘടനയിലെ ആര്‍ട്ടിക്കിള്‍ 25,26 പ്രകാരം ഇഷ്ടമുള്ള മതം സ്വീകരിക്കാനും മതം അനുശാസിക്കുന്നത് പോലെ ജീവിക്കുവാനുമുള്ള അവകാശം പൗരന് നല്‍കുന്നുണ്ട്. അതിനിടെയാണ് ശ്രീലങ്കയിലെ ദൗർഭാഗ്യകരമായ ഭീകരാക്രമണം നടക്കുന്നത്. രാജ്യ സുരക്ഷയുടെ ഭാഗമായി അവിടെ നിക്വാബ് താല്‍കാലികമായി നിരോധിച്ചു. ഒരു രാജ്യത്തിന്റെ പരമപ്രധാനമായ സുരക്ഷാ കാര്യത്തില്‍ എടുക്കുന്ന ഒരു സര്‍ജിക്കല്‍ തീരുമാനമെന്ന നിലയില്‍ മുസ്‌ലിം സമൂഹം അതിനു മൗനാനുവാദം നല്‍കി. പക്ഷെ അതിന്‍റെ മറ പിടിച്ചു കേരളത്തില്‍ തീവ്ര സെക്കുലര്‍ ജീവി ചമയാന്‍ ശ്രമിക്കുന്നവർ മുസ്‌ലിം ഐഡൻറിറ്റികൾക് ചരമഗീതം പാടുകയാണ് ചെയ്യുന്നത്. സത്യത്തില്‍ എന്ത് കൊണ്ട് നിക്വാബ് പാടില്ലെന്നതാണ് ഉയര്‍ന്നുവരേണ്ട ചോദ്യം. ഒരു സ്ത്രീ അവളുടെ മുഖം ആരുടെ മുന്‍പില്‍ പ്രദര്‍ശിപ്പിക്കണമെന്നത് അവളുടെ സ്വാതന്ത്ര്യമാണ്. നിയമാനുസൃതമായി തന്നെ അവള്‍ക്കതിനു സാധിക്കുന്നുവെന്നത് ഉറപ്പുവരുത്തേണ്ടതുമാണ്. ഒരു ക്ലാസില്‍ നിക്വാബ് ധരിച്ചെത്തുന്ന മൂന്നോ നാലോ പേരെ തിരിച്ചറിയാന്‍ സ്ഥിരമായി കാണുന്ന സഹപാടിക്കോ അധ്യാപകനോ എന്താണ് പ്രയാസo.? തലമറക്കാനും ഫുള്‍ സ്ലീവ് വസ്ത്രം ധരിക്കാനുമുള്ള അവകാശം മുസ്‌ലിം വിദ്യാര്‍ഥിനികള്‍ക്ക് നിഷേധിച്ചുകൊണ്ട് ഒരു ക്രിസ്ത്യന്‍ സ്ഥാപനത്തിന്, മുൻപ് അനുകൂലമായി കോടതി നല്‍കിയ വിധിയെ ഉത്തരവാദപ്പെട്ട ഒരു മുസ്‌ലിം സംഘടന അതിന്റെ കീഴിലുള്ള സ്ഥാപനങ്ങളില്‍ മുഖാവരണം നിരോധിക്കാനും പര്‍ദക്കെതിരെ സൂചനകള്‍ നല്‍കാനുമൊക്കെ ഉപയോഗിക്കുന്നത് സ്വന്തം സമുദായത്തോട് ചെയ്യുന്ന വഞ്ചനയും ക്രൂരതയുമല്ലാതെ മറ്റെന്താണ്?

ഹൈക്കോടതി വിധിയുടെ നേരിയ പഴുതിലാണ് അദ്ദേഹം സര്‍ക്കുലറിനെ ന്യായീകരിക്കുന്നത്. യൂണിഫോമില്‍ മുഴുവന്‍ കുട്ടികളും അരക്കയ്യന്‍ വസ്ത്രം മാത്രം ധരിക്കാന്‍ പാടുള്ളൂ എന്നും തലമറയ്ക്കാന്‍ പാടില്ലെന്നും പറഞ്ഞു യൂണിഫോം സര്‍ക്കുലര്‍ ഇറക്കിയ സ്കൂള്‍ മാനേജ്മെന്റിനെതിരെ രണ്ട് വിദ്യാര്‍ത്ഥിനികള്‍ ഹൈകോടതിയെ സമീപിച്ചിരുന്നു. ഈ കേസ് പരിഗണിക്കവെയാണ് യൂണിഫോമില്‍ മാനേജ്മെന്റ് തീരുമാനം അംഗീകരിക്കണം എന്ന മട്ടില്‍ ഹൈകോടതി വിധി പുറപ്പെടുവിക്കുന്നത്. എന്നാല്‍ ആ വിധിക്കെതിരെ അപ്പീല്‍ പോവുകയും അത് കോടതിയുടെ പരിഗണനാവിഷയം ആവുകയും ചെയ്യുന്ന സമയത്താണ് തിടുക്കപ്പെട്ടു ഇങ്ങനെ ഒരു സര്‍ക്കുലര്‍ എം.ഇ.എസ് മാനേജ്മെന്‍റ് പുറത്തിറക്കുന്നത്. മുസ്‌ലിം വിഷയങ്ങള്‍ എപ്പോഴും പരമാവധി സെന്‍സേഷന്‍ നല്‍കാറുള്ള കേരളത്തിലെ മുൻനിര മാധ്യമങ്ങൾ അത് വേണ്ടപോലെ ആഘോഷിക്കുകയും ചെയ്തു. ഡോ: ഫസല്‍ ഗഫൂറിന്റേതായി ‘ദ ഹിന്ദു’ നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറയുന്നത് ഇങ്ങനെ വായിക്കാം: ‘എം.ഇ.എസ് മുസ്‌ലിം സ്ത്രീകളെ വിദ്യാഭ്യാസത്തിലൂടെയും തൊഴിലിലൂടെയും പൊതുജീവിതത്തിലൂടെയും ശാക്തീകരിക്കാനാണ് ശ്രമിക്കുന്നത്. മുസ്‌ലിം സ്ത്രീകള്‍ മുഖം മറക്കുന്നത് സ്ത്രീ വിരുദ്ധ നടപടിയാണ്. ഈ അടുത്ത കാലത്ത് മാത്രമാണ് കേരളത്തില്‍ അത് പ്രത്യക്ഷപ്പെട്ടു തുടങ്ങിയത്. അതിന് ഇസ്‌ലാമുമായി യാതൊരു ബന്ധവുമില്ല.’ തുടര്‍ന്ന് ഫസല്‍ പറയുന്ന കാര്യം ശ്രദ്ധിക്കുക: ‘പര്‍ദ (ശരീരം മുഴുവന്‍ മറയുന്ന വസ്ത്രം), ഹിജാബ് (കറുത്ത നിറത്തിലുള്ള, തലയും മുഖത്തിന്റെ ഒരു ഭാഗവും മറയ്ക്കുന്ന വസ്ത്രം), നിക്വാബ് (കണ്ണുകള്‍ മാത്രം കാണിക്കുന്ന മുഖം മറക്കുന്ന വസ്ത്രം) എന്നിവ കേരളീയ സമൂഹത്തിനു കാല്‍ നൂറ്റാണ്ടു മുമ്പ് വരെ കേട്ടുപരിചയമില്ലാത്ത കാര്യങ്ങളാണ്.’ അവർ ജീൻസ് , ലഗ്ഗിങ്സ് , മിനിസ്കർട് പോലുള്ളവ ധരിക്കുന്നത് ഒഴിവാക്കണം. മുഖ്യധാരാ സമൂഹം ഇത്തരം വസ്ത്രധാരണത്തെ അംഗീകരിക്കുന്നില്ല. ഞങ്ങളുടെ സർക്കുലർ പ്രോത്സാഹിപ്പിക്കുന്നത് സംസ്കാരത്തിനു നിരക്കുന്ന മാന്യത പുലർത്തുന്ന വസ്ത്രധാരണത്തെയാണ്. ഏതാണ് മോശം വേഷം, ഏതാണ് നല്ലതെന്ന് കൃത്യമായി പറയാനാവില്ല. സാരി മാന്യമായ വസ്ത്രമായാണ് കണക്കാക്കപ്പെടുന്നത്. പക്ഷെ മാന്യമായും മോശമായും സാരി ധരിക്കാം. പെൺകുട്ടികൾ മാത്രമല്ല ആൺകുട്ടികളും മാന്യമായ, പൊതുസമൂഹത്തിന് സ്വീകാര്യമായ വസ്ത്രം ധരിക്കേണ്ടതുണ്ടെന്നും മാന്യമായ വസ്ത്രം എന്നതു കൊണ്ട് ഞാനെനന്താണ് ഉദ്ദേശിക്കുന്നതെന്നു വെച്ചാൽ നമ്മുടെ അമ്മമാരും സഹോദരിമാരും ധരിക്കണമെന്ന് നാമാഗ്രഹിക്കുന്ന വസ്ത്രങ്ങൾ ആണെന്ന് ഫസൽ ഗഫൂർ പറയുന്നു. ഒരു തരത്തിലുള്ള ബാലൻസിങിനായി അദ്ദേഹം കഷ്ടപ്പെടുന്നുണ്ട്.!

കേരളത്തിലെ നിലവിലെ മുസ്‌ലിം സ്ത്രീകളിലെ വസ്ത്രധാരണ രീതിയെ വിമർശിച്ചും അദ്ദേഹം സംസാരിച്ചു.”തലയും ശരീരവും പൂർണ്ണമായി മറയ്ക്കുന്നതാണ് ബുർഖ. മുഖം മറയ്ക്കാതെ തലയും കഴുത്തും മറയ്ക്കുന്നതാണ് ഹിജാബ്. എന്നാൽ നിക്വാബ് കണ്ണൊഴികെ മുഖം മുഴുവൻ മറയ്ക്കും. ഇതെല്ലാം അറബ് രാജ്യങ്ങളിൽ നിന്ന് കഴിഞ്ഞ ഏതാനും ദശാബ്ദത്തിനിടെ വന്നതാണ്. ഈ വേഷങ്ങളൊന്നും ഇന്ത്യൻ മുസ്‌ലിംകളുടെ സംസ്കാരത്തിന്റെ ഭാഗമല്ല. ഇതെല്ലാം സാംസ്കാരിക അധിനിവേശമാണെന്ന് നാം ഇനിയെങ്കിലും അംഗീകരിക്കണം”, ഫസൽ ഗഫൂർ പറഞ്ഞു. ശരി, നിക്വാബ് പ്രാകൃത രീതിയാണെന്ന് പറഞ്ഞു പരിഹസിക്കുന്നവര്‍ അമേരിക്കയിലെയും ഇംഗ്ലണ്ട് അടക്കമുള്ള യൂറോപ്പ്യന്‍ രാജ്യങ്ങളിലേയും നിക്വാബ് അണിയുന്ന മഹിളകളെ കാണാതെ പോകരുത്. നാടും നഗരവും ശാസ്ത്രവും വളര്‍ന്നിട്ടും ഇപ്പോഴും മുഖാവരണം അണിയുന്നതില്‍ ആശ്വാസം കണ്ടെത്താന്‍ അവര്‍ക്ക് കഴിയുന്നുണ്ടെങ്കില്‍ ഇഷ്ടപ്പെട്ട് നിക്വാബ് ധരിക്കുന്നവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാന്‍ നമുക്ക് സാധിക്കണം. കേരളത്തിലെ നൂറോളം വരുന്ന എം.ഇ.എസ്. സ്ഥാപനങ്ങളില്‍ ഇനി മുതല്‍ മുഖാവരണം പാടില്ലെന്ന് സര്‍ക്കുലര്‍ പുറത്തിറക്കാന്‍ എല്ലാ എം.ഇ.എസ്. സ്ഥാപനങ്ങളിലും ശമ്പളം കൊടുക്കുന്നത് എം.ഇ.എസിന്റെ ഓഫീസില്‍ നിന്നോ അതോ സ്വന്തം പോക്കറ്റിൽ നിന്നോ അല്ലെന്ന കാര്യം ഓര്‍ക്കണം. സര്‍ക്കാര്‍ ഖജനാവില്‍ നിന്നാണ് അവിടെ ശമ്പളം നല്‍കുന്നത്. ഇങ്ങനെയുള്ള സ്ഥാപനങ്ങളില്‍ ഏതു മതവിഭാഗത്തില്‍ പെട്ടവര്‍ക്കും മാന്യമായ വസ്ത്രം ധരിച്ചുകൊണ്ട് പഠിക്കാനുള്ള അവകാശം ഭരണഘടന നല്‍കിയിട്ടുണ്ട്.

പുരോഗമനപരമായി ചിന്തിക്കുകയും ചെയ്യും, പ്രവർത്തിക്കുകയും, പറയുകയും ചെയ്താലും എന്നാൽ കൂടെ ഹിജാബും നിക്വാബും അണിയുകയും ചെയ്യുമ്പോളാണ് ഈ ലിബറൽ വാദികൾക്ക് കുരുപൊട്ടുന്നത്. സ്വമനസ്സാലെയാണ് ഹിജാബും, തട്ടവും, നിക്വാബും തെരഞ്ഞെടുത്തതെന്ന് മറ്റുള്ളവരെ പറഞ്ഞു ബോധ്യപ്പെടുത്തേണ്ടി വരികയും അവർക്ക്മുൻപിൽ പരാജയം സമ്മതിക്കേണ്ടി വരികയും ചെയ്യുന്നു. വിശ്വസിക്കാനും ഉൾക്കൊള്ളാനും അവർക്ക് കഴിയുന്നില്ല എന്നതാണ് വാസ്തവം. അതേ, അവരുടെ കണ്ണിലൂടെ നോക്കിയാൽ മുസ്‌ലിം സ്ത്രീകൾ അടിമകളും, ചാക്കിൽ പൊതിഞ്ഞവരും, ചൂടെടുക്കുന്നവരും, സ്വാതന്ത്രം വേണ്ടവരും ഒക്കെയാണ്. നിക്വാബും, ഹിജാബും അണിഞ്ഞു ജനങ്ങൾക്കിടയിൽ ജീവിക്കുന്നവരെയും, പൊതുസമൂഹത്തിലും, എന്തിന് സമൂഹമാധ്യമങ്ങളിൽ പോലും ഇവരെ കൂട്ടിലടക്കപ്പെട്ട കിളിയായും, അവരെ സഹതാപ-പുച്ഛത്തോടെയുമാണ് ആളുകൾ നോക്കിക്കാണുന്നത്. നിക്വാബണിഞ്ഞവരെ തീവ്രവാദിയായും അല്ലെങ്കിൽ അടിമയായും മാത്രം ഗണിക്കുന്നവരുടെ ഇടയിൽ അത് അണിയുക എന്നതും ഒരു പ്രതിഷേധമാണ്. സ്വതന്ത്രലൈംഗികതയും മാറുതുറന്നുള്ള സ്ത്രീയെ പ്രദർശനവസ്തുവാക്കുന്ന നിലപാടുകളും കാരണമുണ്ടാകുന്ന കുടുംബവ്യവസ്ഥിതി തകർക്കൽ, സ്ത്രീസുരക്ഷ, ധാർമികത തുടങ്ങിയ അടിസ്ഥാന പ്രശ്നങ്ങളെ ‘വ്യക്തിസ്വാതന്ത്ര്യം’ മാത്രം അടിസ്ഥാനമാക്കി തള്ളിക്കളഞ്ഞവരും മതിലുണ്ടാക്കിയവരും ആണ് ഇപ്പോൾ സുരക്ഷ പറഞ്ഞ് മുസ്‌ലിം സ്ത്രീകളുടെ വസ്ത്രധാരണത്തിൽ തങ്ങളുടെ നിലപാട് സ്വീകരിച്ചേ പറ്റൂ, നിക്വാബ് ഉപേക്ഷിച്ചേ മതിയാകൂ എന്നു നിലവിളിക്കുന്നത്. നിക്വാബും പർദയും അണിയുന്നവർ ഒന്നിനും കൊള്ളാത്തവരും അവർ അടിച്ചമർത്തപ്പെടേണ്ടവരുമാണെന്ന ചിന്തകളും പേറി നടക്കുന്നവരാണ് യഥാർത്ഥത്തിൽ തീവ്രവാദം വളർത്തുന്നത്.!

ചോദ്യം വളരെ പ്രസക്തമാണ്. ഇന്നാട്ടിലെ മുസ്‌ലിം സ്ത്രീകളെല്ലാം ഹിജാബും പര്‍ദ്ദയും ഉപേഷിച്ചാല്‍ ഭരണാധികാരികള്‍ക്ക് ഉറപ്പു നല്‍കാനാകുമോ 100% സുരക്ഷിതത്വവും ഭീകരാക്രമണ വിമുക്തവുമാക്കും നമ്മുടെ രാജ്യമെന്ന് ? ലെഗിംങ്ങ്സും ബിക്കിനിയും തെരഞ്ഞെടുക്കുന്നത് ഒരു സ്ത്രീയുടെ സ്വാതന്ത്രമാണെന്നതു പോലെ തന്നെ അവള്‍ക്ക് ഇഷ്ടമുള്ള വസ്ത്രം അവള്‍ ധരിക്കട്ടെ…!

അവളുടെ വസ്ത്ര സ്വാതന്ത്ര അവകാശങ്ങളെക്കുറിച്ച് ചിന്തിച്ചു തലപുണ്ണാക്കാതെ, സാരി ധരിക്കുന്നവള്‍ക്കും ഹിജാബ് ധരിക്കുന്നവള്‍ക്കും ഒരുപോലെ സുരക്ഷിതത്വം ഉറപ്പു വരുത്തുന്നതിനെക്കുറിച്ച് ചിന്തിക്കൂ…

5 Comments

 • ചോദ്യം വളരെ പ്രസക്തമാണ്. ഇന്നാട്ടിലെ മുസ്‌ലിം സ്ത്രീകളെല്ലാം ഹിജാബും പര്‍ദ്ദയും ഉപേഷിച്ചാല്‍ ഭരണാധികാരികള്‍ക്ക് ഉറപ്പു നല്‍കാനാകുമോ 100% സുരക്ഷിതത്വവും ഭീകരാക്രമണ വിമുക്തവുമാക്കും നമ്മുടെ രാജ്യമെന്ന്
  ഈ ചോദ്യത്തിന് ഏതെങ്കിലും നവോത്ഥാന നായകൻമാർക് ഉത്തരമുണ്ടോ..?

  Ibrahim cm 10.05.2019
 • Well said, Jazakallahu khairan

  Noushad 11.05.2019
 • വളരെ നല്ല ലേഖനം ഫസൽ ഗഫൂർ ഉൾപ്പെടെയുള്ള സമൂഹം ശ്രദ്ധയോടെ വായിച്ചിരുന്നെങ്കിൽ……..

  B. M. Nazar 11.05.2019
  • well said.
   വസ്തുതകൾ പറയേണ്ട നേരത്ത് പറയാനുള്ളത് തന്നെയാണ്.
   keep it up.

   Zaibunnisa 13.05.2019
 • well said.
  വസ്തുതകൾ പറയേണ്ട നേരത്ത് പറയാനുള്ളത് തന്നെയാണ്.
  keep it up.

  Zaibunnisa 13.05.2019

Leave a Reply to Ibrahim cm Cancel Comment

Your email address will not be published.