നാസ്‌തികനായ ദൈവവും വീണുടയുമ്പോൾ

//നാസ്‌തികനായ ദൈവവും വീണുടയുമ്പോൾ
//നാസ്‌തികനായ ദൈവവും വീണുടയുമ്പോൾ
ആനുകാലികം

നാസ്‌തികനായ ദൈവവും വീണുടയുമ്പോൾ

ണ്ടായിരമാണ്ടിന് ശേഷം മതങ്ങളോടുള്ള വെറുപ്പിൻ്റെ പുറത്ത് അമേരിക്കയിലും പിന്നീട് യൂറോപ്പിലുമായി വികസിച്ച വളരെ അക്രമോത്സുകമായ ഭൗതികവാദ ദർശനമാണ് New Atheism അഥവാ നവ നാസ്തികത. ഇസ്‌ലാമുമായുള്ള യുദ്ധത്തിലാണ് നാമെന്ന് പ്രഖ്യാപിച്ച സാം ഹാരിസിൽ നിന്നും, തിന്മയുടെ പ്രതിരൂപമാണ് ഇസ്‌ലാമെന്ന ഡോക്കിൻസിൻ്റെ വർത്തമാനത്തിൽ നിന്നും, അപരിഷ്കൃതസമൂഹമാണ് മുസ്‌ലിം നാടുകളെന്ന ക്രിസ്റ്റഫർ ഹിച്ചൻസിൻ്റെ പൊളിറ്റിക്കൽ വീക്ഷണത്തിൽ നിന്നും ഇവരുടെ മത വിരോധത്തിൻ്റെ തീവ്രതയളക്കാം. ഈ ഇസ്‌ലാമോഫോബിക് മിലിട്ടൻ്റ് ഗ്രൂപ്പിൽ നിന്ന് ഊർജ്ജമുൾക്കൊണ്ടാണ് കേരളീയ സാമൂഹ്യ മാധ്യമ പരിസരങ്ങളിൽ ഇസ്‌ലാം വെറുപ്പുമായി നവനാസ്തികർ കടന്നു വരുന്നത്. ഇന്ന് കേരളത്തിൽ വർഗ്ഗീയത ഊതി കത്തിക്കുന്നതിൽ ആസ്വാദനം കണ്ടെത്തുന്ന പ്രധാന വിഭാഗം ഏതെന്ന ചോദ്യത്തിന് നാസ്തികർ മാത്രമാണ് ഉത്തരം. ശിവലിംഗത്തെ സെക്സ് ടോയുമായി ഉപമിച്ച് ഒരു പ്രധാന നാസ്തികൻ ഇട്ട പോസ്റ്റിന് ആയിരത്തിലധികം ലൈക്കുകൾ കൊടുത്ത് അതിനെ പ്രോത്സാഹിപ്പിക്കാൻ നവനാസ്തികർക്ക് അല്ലാതെ ആർക്കാണ് കഴിയുക!? യേശുവിനെ പിതൃശൂന്യനെന്നും, യേശു മാതാവിനെ വേശ്യയെന്നും തുടങ്ങുന്ന നിരന്തര തെറിവിളികൾ നടത്തുന്ന ആളുകൾ നാസ്തികർക്ക് ആരാധനാ പാത്രമാകുന്നതിൽ നിന്ന് തന്നെ നമുക്കിടയിലെ ഈ വെറുപ്പ് തീനികളുടെ ഉള്ളിലെ അഴുക്ക് പ്രകടമാണ്. ഈ സംസ്കാര ശൂന്യതക്ക് ഇതേ നാസ്തികൻ ജയിലിൽ കിടക്കേണ്ടി വന്നപ്പോൾ അദ്ദേഹത്തിന് വേണ്ടി സംസാരിക്കാൻ മുന്നിൽ നിന്നവരിൽ പ്രമുഖ നാസ്തിക നേതാക്കളെല്ലാം ഉണ്ടായിരുന്നു. ഒരു സംഘം മുഴുവൻ അന്യനെ തെറി വിളിക്കുന്നതിനെയും അസഭ്യം പറയുന്നതിനെയും ആഘോഷിക്കുന്നു എന്നാൽ അതിനർത്ഥം അവർ അത്രമേൽ അധപധിച്ചു എന്നാണ്. ഒരു കൂട്ടം മനുഷ്യരെ ഇത്രമേൽ അപരിഷ്കൃതരാക്കാൻ കഴിഞു എന്നതിൽ തന്നെയുണ്ട് നാസ്തികത എത്രമേൽ ധാർമിക രാഹിത്യത്തിലേക്ക് ക്ഷണിക്കുന്നു എന്നതിൻ്റെ തെളിവ്.

മനുഷ്യൻ ധാർമിക ജീവിയോ?

മനുഷ്യൻ ധാർമിക ജീവിയോ എന്ന വിഷയത്തിൽ കഴിഞ്ഞ മാർച്ച് പതിനൊന്നിന് ഇസ്‌ലാമിക ചിന്തകൻ ടി മുഹമ്മദ് വേളത്തിനും നാസ്തിക നേതാവ് സി രവിചന്ദ്രനും ഇടയിൽ നടന്ന സംവാദം ശ്രദ്ധേയമാണ്. ധാർമികത മനുഷ്യ സഹചമാണ് എന്നും അതിനാൽ തന്നെ മനുഷ്യന് മറ്റൊരു മതമോ ദർശനമോ ധാർമികതക്ക് ആവശ്യമില്ലെന്നും രവിചന്ദ്രൻ വാദിച്ചു. അതേ സമയം മനുഷ്യന് ധാർമികമായ അത്തരമൊരു പെർഫെക്ഷൻ അവകാശപ്പെടാൻ കഴിയില്ലെന്നും അവൻ്റെ വ്യക്തി ജീവിതത്തിന് മൂല്യ ബോധം നൽകാനും അതിനെ യുക്തിഭദ്രമാക്കാനും ഇസ്‌ലാം സഹായിക്കുന്നു എന്നും ടി മുഹമ്മദ് വേളം സ്ഥാപിച്ചു. മനുഷ്യൻ അടിസ്ഥാനപരമായി സ്വാർഥൻ ആണെന്നിരിക്കെ പിന്നെ ആ മനുഷ്യൻ സ്വന്തം സുഖഭോഗ താല്പര്യങ്ങൾക്ക് വേണ്ടി മാത്രമാണ് ജീവിക്കുക. നന്മ ചെയ്യുകയെന്നാൽ എപ്പോഴും sacrifice ചെയ്യലാണ്. അവിടെ എന്തിന് അന്യനെ കാണണമെന്ന് പഠിപ്പിക്കുന്ന ദർശനമില്ലെങ്കിൽ സ്വന്തം ശാരീരിക ഇച്ഛകൾക്ക് അടിമപ്പെട്ട് അതിനു മാത്രം ജീവിക്കുന്ന മനുഷ്യരെയേ കാണൂ. അഥവാ സ്വന്തം സുഖ താൽപര്യങ്ങൾക്ക് വേണ്ടി മോഷ്ടിക്കുകയും, കൊള്ളയും, ബലാൽസംഗവും, തട്ടിപ്പും മനുഷ്യർ പ്രാക്ടീസ് ചെയ്യുന്ന സാഹചര്യത്തിന് അത് യുക്തി നൽകുന്നു. ഈ അവസ്ഥയാണ് psychological hedonism. നാസ്‌തികതയുടെ സ്വാഭാവിക പരിണിതി ഹെഡോണിസം മാത്രമാണ്.

നന്മ തിന്മകൾക്ക് ഇസ്‌ലാം പോലൊരു മാനദണ്ഡം ഇല്ലെങ്കിൽ പിന്നെ വ്യക്തികൾ അവർക്ക് തോന്നുന്ന പോലെ അവരുടെ ശരികളെ നിശ്ചയിക്കുന്ന അവസ്ഥയാണ് സംജാതമാവുക. വൈകല്യമുള്ള കുഞ്ഞുങ്ങളെ കൊല്ലാമെന്ന് പറയുന്ന, മൃഗങ്ങളുമായി ലൈംഗികത ആകാമെന്ന് പറയുന്ന നാസ്തികനായ പീറ്റർ സിംഗരെ മുഹമ്മദ് വേളം വേദിയിൽ ഉദാഹരിച്ചത് പ്രസക്തമാകുന്നത് അങ്ങനെയാണ്. ഇങ്ങനെ വസ്തുനിഷ്ടമായ ധാർമിക(objective morality) കാഴ്ചപ്പാടിനെ ഇസ്‌ലാമിന് നൽകാൻ കഴിയുമ്പോൾ നാസ്തികതക്ക് കഴിയാതിരിക്കുന്നത് അതിൻ്റെ ഒന്നാമത്തെ പരാജയമാണ്. രവിചന്ദ്രൻ പ്രതിനിധീകരിക്കുന്ന നാസ്തിക സംഘടനയുടെ വേദിയിൽ വെച്ച് തന്നെയാണ് മറ്റൊരു പ്രമുഖ നാസ്തികൻ മാതാപിതാക്കളും സഹോദരങ്ങളുമായി ലൈംഗിക ബന്ധമാകാം എന്ന് പ്രസംഗിച്ചത്. മറ്റൊരു നാസ്തിക പ്രചാരകനായ മെത്രേയൻ കഞ്ചാവ് നിയമ വിധേയമാക്കണമെന്ന് ഇപ്പോഴും ഉറക്കെ പറഞ്ഞ് കൊണ്ടിരിക്കുന്നു. ചുമ്പന സമരത്തിന് പിറകിലൂടെ പെൺവാണിഭം നടത്തി പിടിയിലായതും ഒരു കൂട്ടം നാസ്തികരാണ്, ഇപ്പോൾ ക്ലബ് ഹൗസിലടക്കം പങ്കാളികളെ കൈമാറ്റത്തിനായി (wife swapping) റൂമുകളിൽ സംസാരിക്കുന്ന നിരവധി മലയാളി നാസ്തികരെ കാണാം. കേവലം നാസ്തികർ തെറ്റ് ചെയ്യുന്നു എന്നതല്ല ഇവിടെയുള്ള വിഷയം, തെറ്റ് എല്ലാ മതത്തിലുള്ള വിശ്വാസികളിലും കാണാം. എന്നാൽ, വിശ്വാസി തെറ്റ് ചെയ്യുന്നത് അവൻ്റെ വിശ്വാസത്തിന് എതിരായിക്കൊണ്ടാണ് എങ്കിൽ നാസ്തിക ചിന്തയുമായി വൈരുദ്യത്തിലാകാതെ തന്നെ ഒരു നാസ്തികന് എന്ത് തെറ്റുമാകാം എന്നതാണ് അതിൻ്റെ പരിമിതി. തെറ്റിനെ തെറ്റായി പരിചയപ്പെടുത്താൻ നാസ്തിക വീക്ഷണം കൊണ്ട് കഴിയുന്നില്ല എന്നതാണ് ഇവിടെ വിഷയം. അതുകൊണ്ട് തന്നെ മനുഷ്യർ അവരുടെ യുക്തിക്ക് ആപേക്ഷികമായി തെറ്റുകളെ ന്യായീകരിക്കുന്ന അവസ്ഥ സംജാതമാകുന്നു. മൃഗ രതിയും ശവ രതിയും കൊലയും കൊള്ളയും അവനവൻ്റെ ശരികളായി പ്രഖ്യാപിക്കുന്നവർക്ക് ഇത് ന്യായം നൽകുന്നു.

ഭൗതിക വാദ വീക്ഷണത്തിൽ ആത്യന്തികമായ ശരിയോ തെറ്റോ ഇല്ലെന്നതാണ് അതിൻ്റെ മറ്റൊരു പ്രധാന പരിമിതി. എല്ലാം ആറ്റങ്ങളുടെയും മൂലകങ്ങളുടെയും ഒരു പ്രത്യേക രൂപത്തിലുള്ള മിശ്രിതം മാത്രമാണ്. ഒരു മൺ കലം ഉടക്കുന്നതോ, ഒരു മനുഷ്യനെ കൊല്ലുന്നതോ തമ്മിൽ അടിസ്ഥാനപരമായി വ്യത്യാസങ്ങൾ ഒന്നുമില്ല. ഭൗതിക തന്മാത്രകളെ മറ്റൊരു രൂപത്തിലേക്ക് മാറ്റുന്നു എന്നല്ലാതെ ഇതിലെവിടെയും ശരികേടുകൾ ഭൗതികവാദ വീക്ഷണത്തിൽ കാണില്ല. അവിടെ ശരിയും തെറ്റും മനുഷ്യ ലോകത്ത് മനുഷ്യ നിർവ്വചനം അനുസരിച്ച് മാത്രം നിലനിൽക്കുകയും മാറുകയും ചെയ്യുന്നതാകുന്നു.

എന്നാൽ മനുഷ്യന് കൃത്യമായ ധാർമിക കാഴ്ചപ്പാടുകൾ നൽകുകയും, അതിനെ പിൻപറ്റൽ ജീവിതത്തിൻ്റെ ലക്ഷ്യമായി തിട്ടപ്പെടുത്തുകയും ഇവിടെ നന്മ ചെയ്തവർക്ക് മറ്റൊരു നല്ല ലോകമുണ്ടെന്നും, ചെയ്യുന്ന തെറ്റുകൾക്ക് ഉത്തരം പറയേണ്ട ദിവസങ്ങൾ വരാനിരിക്കുന്നുണ്ടെന്നും ഇസ്‌ലാം പ്രഖ്യാപിക്കുന്നു. അഥവാ moral ആവുകയാണ് ഇസ്‌ലാമിലെ മനുഷ്യൻ്റെ ജീവിത ഉദ്ദേശ്യം തന്നെ.

എന്തിന് moral ആകണമെന്നതാണ് പ്രസക്തമായ മറ്റൊരു ചോദ്യം. നന്മ ചെയ്യുക എന്നാൽ എപ്പോഴും ചില sacrifice-കളാണ് എന്ന് പറഞ്ഞല്ലോ. ഉദാഹരണത്തിന് മറ്റൊരാൾക്ക് സമ്പത്ത് ദാനം ചെയ്യുമ്പോൾ ആ വ്യക്തി സ്വന്തം ധനത്തെ നഷ്ടപ്പെടുത്തുക കൂടിയാണ് ചെയ്യുന്നത്. വ്യഭിചാരത്തിൽ നിന്ന് മാറി നടക്കുമ്പോൾ തനിക്ക് ലഭിച്ചേക്കാവുന്ന ലൈംഗിക സുഖാനുഭൂതിയോട് നോ പറയുകയാണ് ചെയ്യുന്നത്. ലഹരി ഉപയോഗത്തിൽ നിന്നും വിട്ട് നിൽക്കുമ്പോഴും അങ്ങനെ തന്നെ. അഥവാ ധാർമികമാവുക എന്നാൽ ചില നഷ്ടപ്പെടുത്തലുകളാണ്. എങ്കിൽ ഭൗതിക ജീവിതം മാത്രമേ ഉള്ളൂ എന്ന് കരുതുന്ന ഒരു നാസ്തികൻ എന്തിന് ഈ നഷ്ടങ്ങൾ സഹിക്കണം?, സ്വാർത്ഥനായ മനുഷ്യൻ ഒരു പ്രേരണ ഇല്ലാതെ ഈ നഷ്ടങ്ങളെ തിരഞ്ഞെടുക്കില്ല. അഥവാ moral ആകില്ല.

എന്തിനുവേണ്ടി ധാർമികത കൈക്കൊള്ളണം എന്ന ചോദ്യത്തിന് മുന്നിൽ നാസ്തികതക്ക് ഉത്തരം ഇല്ലാതിരിക്കുമ്പോൾ ഇസ്‌ലാം ഈ വിടവിനെ യുക്തിഭദ്രമായി നികത്തുന്നു. ധാർമികത ഇസ്‌ലാമിൽ ദൈവിക നിയമത്തിൻ്റെ ഭാഗവും, അത് പാലിക്കൽ മനുഷ്യ ജീവിതത്തിൻ്റെ ബാധ്യതയും ആകുന്നു, അത് മൂലം ജീവിത വിജയവും സ്വർഗ്ഗ പ്രവേശനവും ലഭിക്കുന്നു. ഇതനുസരിച്ച് moral ആവുക മാത്രമാണ് പിന്നെ ഒരു മനുഷ്യന് ജീവിതത്തിൽ തിരഞ്ഞെടുക്കാവുന്ന മാർഗ്ഗം.

മനുഷ്യൻ സഹജമായി ധാർമിക ജീവിയാണ് എന്ന് പറഞ്ഞപ്പോഴും അതിനെ വിശദീകരിക്കാനോ സ്ഥാപിക്കാനോ കഴിഞ്ഞില്ല എന്നത് രവിചന്ദ്രനിൽ എടുത്ത് പറയാവുന്ന പരിമിതിയാണ്. മനുഷ്യൻ ധാർമിക ജീവിയാണ് എന്ന് പറഞ്ഞത് കൊണ്ട് ധാർമികമായ കാര്യങ്ങളെ മാത്രമേ മനുഷ്യൻ പ്രാക്ടീസ് ചെയ്യുകയുള്ളൂ എന്നതായിരുന്നോ രവിചന്ദ്രൻ്റേ വാദം? എങ്കിൽ പരമ അബദ്ധമാണിത്. മനുഷ്യൻ കൊള്ളയും കൊലയും ബലാൽസംഗവും, വർഗ്ഗീയതയും എല്ലാം പ്രാക്ടീസ് ചെയ്യുന്ന ജീവിയാണെന്ന് ഒരു ദിവസത്തെ പത്ര വായന പരിചയമുള്ള ആളുകൾക്ക് പോലുമറിയാം. ഒന്നാം ലോകയുദ്ധത്തിൽ പതിനഞ്ച് ദശലക്ഷവും രണ്ടാം ലോക യുദ്ധത്തിൽ അമ്പത്തിയഞ്ച് ദശലക്ഷം മനുഷ്യരെയും സംഘടിതമായി കൊന്നത് ഈ മനുഷ്യർ തന്നെയാണ്. മനുഷ്യ ചരിത്രം തന്നെ പരസ്പരമുള്ള ആക്രമണങ്ങൾ കൊണ്ട് ചുവന്നതാണ്. അതിനാൽ തന്നെ മനുഷ്യൻ ധാർമികമായ കാര്യങ്ങളെ മാത്രമേ സ്വയം പ്രവർത്തിക്കൂ എന്ന് വാദിക്കുന്നതിൽ അർത്ഥമില്ല.

സഹജമായി ധാർമികത ഉണ്ടെന്ന് പറഞ്ഞത് കൊണ്ട് ചില നന്മകൾ മനുഷ്യനിൽ കാണുന്നുണ്ട് എന്ന് പറയാനാണ് രവിചന്ദ്രൻ ശ്രമിച്ചതെങ്കിൽ അതിൽ തെറ്റൊന്നുമില്ല, എന്നാൽ അത്തരം സഹജമായ നന്മകൾ പോലെ തന്നെ തിന്മകളും മനുഷ്യനിലുണ്ട്. വർഗ്ഗീയത, ബലാത്സംഗം, ചൂഷണ സ്വഭാവം തുടങ്ങിയവ മനുഷ്യനിൽ സഹജമായി രൂപപ്പെട്ട് വന്നത് വിശദീകരിക്കുന്ന പഠനങ്ങളുണ്ട്. അപ്പോൾ ഈ യുക്തി അനുസരിച്ച് മനുഷ്യൻ സഹജമായ അധാർമികത ഉള്ളവനാണെന്ന് കൂടി പറയേണ്ടി വരും. ഏത് അർത്ഥത്തിൽ നോക്കിക്കണ്ടാലും രവിചന്ദ്രൻ്റേ അടിസ്ഥാന വാദം തന്നെ അബദ്ധമാണെന്ന് ചുരുക്കം.

ചാക്യാർകൂത്തുമായി ധൈഷണിക സംവാദം!?

മുന്നേ തയ്യാറാക്കിയ ദുർവ്യാഖ്യാനങ്ങളും പരിഹാസ വാക്കുകളും കൊണ്ട് മതത്തെ ആക്രമിക്കുകയും പിന്നെ സ്വയം ചിരിക്കുകയും അണികൾക്ക് ചിരിക്കാൻ പ്രോത്സാഹനം നൽകുകയും ചെയ്യുന്ന സ്റ്റാൻഡപ്പ് കോമഡി ടൈപ്പ് ചാക്യാർ കൂത്താണ് വാസ്തവത്തിൽ നിലവിലെ നവ നാസ്തിക പക്ഷത്തെ ഇസ്‌ലാം വിമർശന വേദികൾ. ഒരു വിഭാഗം മനുഷ്യരുടെ മത വിരോധത്തിൽ നിന്നുണ്ടാകുന്ന ഫ്രസ്ട്രേഷൻ തീർക്കാൻ ഇതുകൊണ്ട് കഴിയുന്നു എന്നതിൽ നിന്നാണ് ഇതുകേൾക്കാൻ അണികൾ ഉണ്ടാകുന്നത് തന്നെ. എന്നാൽ ഈ സ്റ്റാൻഡപ്പ് കൊമേഡിയൻ നിലവാരവും കൊണ്ട് ധൈഷണിക സംവാദത്തിന് ചെന്നാൽ എന്ത് സംഭവിക്കുമെന്ന് ഈ സംവാദം തെളിയിച്ചു. സുന്നി ഇസ്‌ലാമിന് ഒരു പ്രവാചകനെ ഉള്ളൂവെന്നും, ഇസ്‌ലാമിലെ ദൈവം മുഹമ്മദ്(സ) ആണെന്നും, കുറ്റം ചെയ്ത മുസ്‌ലിമിന്റെ തെറ്റ് മറ്റ് മുസ്‌ലിങ്ങൾ മറച്ച് വെക്കുമെന്നും, അമുസ്‌ലിംകളുമായി വേദി പങ്കിടാൻ പാടില്ലെന്ന് ഖുർആൻ വചനമുണ്ടെന്നും, കോൺഫിഡൻസോടെ ഒരു സമൂഹത്തിന് മുന്നിൽ രവിചന്ദ്രൻ പറഞ്ഞതിൽ തന്നെ അദ്ദേഹത്തിൻ്റെ വിവരക്കേടിൻ്റെ ആഴമുണ്ട്. ഈ പറഞ്ഞതൊന്നും സ്ഥാപിക്കാൻ അതിൻ്റെ റെഫറൻസ് ഉദ്ദരിക്കാനുള്ള നിലവാരം പോലും അദ്ദേഹത്തിൽ കാണുന്നില്ല എന്നതാണ് മറ്റൊരു പരിമിതി. ഉദാഹരണത്തിന് അവിശ്വാസികളുമായി വേദി പങ്കിടരുതെന്ന് ഇസ്‌ലാമിൽ ഉണ്ടെന്ന് പറയുന്ന അദ്ദേഹം ശേഷം അത് ഖുർആനിൽ ആണോ അല്ലയോ എന്ന് തനിക്ക് അറിയില്ലെന്ന് സ്വയം സമ്മതിക്കുന്നു. എന്നിട്ടും ഒരു അധ്യായത്തിൻ്റെ വചനം നമ്പർ പറയുന്നു, പക്ഷേ 4: 110 എന്ന് അദ്ദേഹം പറഞ്ഞ ആ വചനം ഇങ്ങനെ ഒരു വിഷയവുമായി പുലബന്ധം ഇല്ലാത്തതാണ്. ഇനി സമാന സ്വഭാവത്തിൽ സംസാരിക്കുന്ന ഖുർആൻ വചനം കാണാം. എന്നാൽ അതും രവിചന്ദ്രൻ ഉന്നയിച്ച ആശയത്തിലല്ല.
“അല്ലാഹുവിന്‍റെ വചനങ്ങള്‍ നിഷേധിക്കപ്പെടുന്നതും പരിഹസിക്കപ്പെടുന്നതും നിങ്ങള്‍ കേട്ടാല്‍ അത്തരക്കാര്‍ മറ്റുവല്ല വര്‍ത്തമാനത്തിലും പ്രവേശിക്കുന്നത്‌ വരെ നിങ്ങള്‍ അവരോടൊപ്പം ഇരിക്കരുതെന്നും, അങ്ങനെ ഇരിക്കുന്ന പക്ഷം നിങ്ങളും അവരെപ്പോലെത്തന്നെ ആയിരിക്കുമെന്നും ഈ ഗ്രന്ഥത്തില്‍ അല്ലാഹു നിങ്ങള്‍ക്ക്‌ അവതരിപ്പിച്ചു തന്നിട്ടുണ്ടല്ലോ”

ഇവിടെ രവിചന്ദ്രൻ പറഞ്ഞ പോലെ കേവല നിരാസം കൊണ്ട് നടക്കുന്നവരോടുള്ള സമീപനമല്ല വിഷയം, മറിച്ച് അധിക്ഷേപിക്കുകയും പരിഹസിക്കുകയും ചെയ്യുന്നവരോട് ചേർന്നിരിക്കേണ്ടതില്ല എന്നതാണ് ഇസ്‌ലാമിക അധ്യാപനം. അധിക്ഷേപം ഒരു സംസ്കാരം അല്ലെന്നും അത് സംസ്കാര ശൂന്യതയാണെന്നും ആരെ അധിക്ഷേപിക്കുന്നതും നല്ലതല്ലെന്നും, മറ്റ് ദൈവ സങ്കല്പങ്ങളെ അധിക്ഷേപിക്കുന്നത് കൂടി ഇസ്‌ലാം വിലക്കുന്നു എന്നും വേദിയിൽ വെച്ച് തന്നെ മുഹമ്മദ് വേളം പറഞ്ഞത് ഇസ്‌ലാമിനെ സംബന്ധിച്ച അത്തരം തെറ്റിദ്ധാരണകൾ കൊണ്ട് നടക്കുന്നവർക്കുള്ള കൃത്യമായ ഉത്തരമായിരുന്നു. ഇസ്‌ലാമിനെ അധിക്ഷേപിക്കുക മാത്രം സംഘടനാ ദൗത്യമായി കാണുകയും എന്നാൽ ഇസ്‌ലാമിനെ സംബന്ധിച്ച് അഞ്ജരായി ജീവിക്കുകയും ചെയ്യുന്ന ഒരു സംഘടനയുടെ പ്രതിനിധി എന്ന നിലക്ക് ആ വർത്തമാനത്തിൽ നിന്ന് പോലും രവിചന്ദ്രന് പഠിക്കാൻ ഏറെയുണ്ട്.

രവിചന്ദ്രൻ പറഞ്ഞ മറ്റൊരു കളവ് കൂടി നോക്കുക. ഒരു മുസ്‌ലിം തെറ്റ് ചെയ്താൽ അത് മറ്റ് മുസ്‌ലിങ്ങൾ മറച്ച് വെക്കണം. അവൻ പിടിക്കപ്പെടുന്നതിൽ നിന്നും രക്ഷിക്കൽ മുസ്‌ലിമിൻ്റെ ബാധ്യതയാണ്. ഇങ്ങനെ ബുഖാരിയിൽ ഹദീസുണ്ട് എന്ന് നമ്പർ സഹിതം ഉദ്ധരിച്ചാണ് രവിചന്ദ്രന്റെ വാദം. അദ്ദേഹം പറയുന്ന റെഫറൻസ് നമ്പരും ഹദീസും ഇതാണ്: സ്വഹീഹ് ബുഖാരി 6951, Book 89, Hadith 12, .”അല്ലാഹുവിൻ്റെ പ്രവാചകർ പറഞ്ഞു: ഒരു മുസ്‌ലിം മറ്റൊരു മുസ്‌ലിംമിൻ്റെ സഹോദരനാകുന്നു. അതിനാൽ അവൻ തൻ്റെ സഹോദരനെ പീടിപ്പിക്കരുത്. മറ്റൊരു ചൂഷകന് അവനെ പീഡനത്തിന് വിട്ട് നൽകുകയും അരുത്. തൻ്റെ സഹോദരൻ്റെ ആവശ്യങ്ങൾ പൂർത്തീകരിച്ച് നൽകുന്നവൻ്റെ ആവശ്യങ്ങളെ അല്ലാഹു പൂർത്തീകരിച്ച് നൽകുന്നു.” ഇവിടെ തെറ്റ് ചെയ്യുന്നവനെ നിയമത്തിൽ നിന്ന് മറച്ച് വെക്കണമെന്നല്ല മറിച്ച് ചൂഷകനായ വ്യക്തിയുടെ പീഡനത്തിൽ നിന്നും സഹോദരനെ രക്ഷിക്കണമെന്ന് മാത്രമാണ് ഉള്ളത്. പരസ്പര സാഹോദര്യം ഉദ്‌ഘോഷിക്കുക്കുന്ന ഈ വർത്തമാനത്തിൽ പോലും വെറുപ്പ് ആരോപിക്കാനും കളവ് പറയാനും നിസ്സാര തൊലിക്കട്ടി പോര. അല്ലെങ്കിൽ തന്നെ ഇസ്‌ലാമിക ശരീഅത്ത് അനുസരിച്ച് മുസ്‌ലിം രാഷ്ട്രങ്ങളിൽ മുസ്‌ലിം തെറ്റ് ചെയ്താൽ അതവിടെ മറച്ച് വെക്കപ്പെടുമെന്നും മുസ്‌ലിങ്ങൾക്ക് ശിക്ഷ ലഭിക്കില്ല എന്നുമൊക്കെ ആത്മാർത്ഥമായി വിശ്വസിക്കാൻ മാത്രം വിവരമില്ലായ്മ രവിചന്ദ്രന് ഉണ്ടോ? തീർന്നില്ല, ഇസ്‌ലാമിൽ ബഹുദൈവാരാധന മാത്രമേ വലിയ തെറ്റ് ആകുന്നുള്ളൂ, വ്യഭിചാരവും ലഹരിയും കൊലയുമൊന്നും ഇസ്‌ലാമിൽ വലിയ കുറ്റമൊന്നുമല്ല എന്നൊക്കെ സഹതാപാർഹമായ രീതിയിൽ ഇദ്ദേഹം പറഞ്ഞ് പോകുന്നുണ്ട്. ഒരു വിശകലന നിലവാരം പോലുമില്ലാത്ത ഇത്തരം ആരോപണങ്ങളുമായി സംവാദത്തിന് വരാൻ രവിചന്ദ്രൻ കാണിച്ച ധൈര്യം മാത്രമാണ് ഇദ്ദേഹത്തിൽ പ്രശംസനീയമായി അവശേഷിക്കുന്നത് എന്ന് പറയാതെ വയ്യ.

print

1 Comment

  • Well written, it could have been break it into parts, for readability

    Abu yousuf 25.03.2023

Leave a comment

Your email address will not be published.