നാസ്‌തികത: നിര്‍വ്വചനം, പരിമിതികൾ!

//നാസ്‌തികത: നിര്‍വ്വചനം, പരിമിതികൾ!
//നാസ്‌തികത: നിര്‍വ്വചനം, പരിമിതികൾ!
ആനുകാലികം

നാസ്‌തികത: നിര്‍വ്വചനം, പരിമിതികൾ!

പൊതുവില്‍ ദൈവാസ്ഥിത്വത്തെ അംഗീകരിക്കുന്നവര്‍ ആസ്‌തികരും(THEISTS), നിഷേധിക്കുന്നവർ നാസ്‌തികരും (ATHEISTS), ഇത് രണ്ടിനുമിടയിലുള്ള സംശയനിലപാട് സ്വീകരിക്കുന്നവര്‍ ആജ്ഞേയവാദി(AGNOSTICS)കളുമെന്ന സമീകരണത്തിലാണ് വിലയിരുത്തപ്പെടുന്നത്. ഇത്തരം പൊതുധാരണകള്‍ക്കപ്പുറം കൃത്യമായ നിര്‍വ്വചനങ്ങളെയോ അവയുടെ യുക്തിപരമായ അവലോകനങ്ങളോ സംബന്ധിച്ച മലയാള എഴുത്തുകള്‍ കണ്ടിട്ടില്ല. സാമാന്യമായ ഈ ലോകവീക്ഷണങ്ങള്‍ക്കെല്ലാം ഉപശാഖാപരമായ ചര്‍ച്ചകളുണ്ട് താനും. പ്രധാനമായ നിര്‍വ്വചനങ്ങളെ സംബന്ധിച്ച അഭിപ്രായ വ്യത്യാസങ്ങള്‍ നാസ്‌തികതയെ ചുറ്റിപ്പറ്റിയാണ്. 

അത്തരം സംവാദങ്ങളിലേക്ക് കടക്കും മുമ്പ് നിരീശ്വരവാദം പൊതുവില്‍ നിർവചിക്കപ്പെടുന്നതെങ്ങനെയാണെന്ന് നോക്കാം. ഇംഗ്ലീഷ് ഭാഷയില്‍ ഏറ്റവും ആധികാരമെന്ന് പറയാവുന്ന ഡിക്ഷ്ണറികള്‍ പരിശോധിച്ചാല്‍ താഴെ കാണും വിധമാണ് അവ ATHEISM എന്ന പദത്തെ നിര്‍വ്വചിച്ചിരിക്കുന്നതെന്നു കാണാം.

“THE THEORY OR BELIEF THAT GOD DOES NOT EXIST” (OXFORD DICTIONARY OF PHRACE AND FABLE)
“THE BELIEF THAT GOD DOES NOT EXIST.” (CAMBRIDGE DICTIONARY)
“LACK OF BELIEF OR A STRONG DISBELIEVE IN THE EXISTENCE OF A GOD OR ANY GODS”(MARRIAM WEBSTER DICTIONARY)

ദൈവമില്ലെന്നുള്ള കടുത്ത വിശ്വാസമോ, ദൈവത്തിലുള്ള അവിശ്വാസമോ ആണ് നാസ്‌തികത എന്ന നിര്‍വ്വചനമാണ് ഇതെല്ലാം പൊതുവില്‍ നല്‍കുന്നത്. 

ATHEISM എന്ന പദത്തെ വാക്കര്‍ത്ഥത്തില്‍ പരിശോധിച്ചാല്‍ THEISM (ആസ്‌തികത) എന്നതിന് മുന്നില്‍ ‘A’ എന്ന അക്ഷരമുപയോഗിച്ചുണ്ടാകുന്ന പദമാണിത്.

ഇംഗ്ലീഷ് ഭാഷാ നിയമമനുസരിച്ച് ഒരു പദത്തിനോട് ചേര്‍ത്ത് ‘A’ എന്ന അക്ഷരം ഉപയോഗിച്ചാല്‍ ആ പദത്തിലെ ആശയത്തിന്റെ നിരാകരണമാകുന്നത്. അതുകൊണ്ട് തന്നെ ആസ്‌തികതയെന്ന ആശയത്തിന്റെ എതിരാശയമാണ് “A” THEISM എന്നത് കൊണ്ട് ഉദ്ദേശമാവുക.

ഇത് തന്നെയാണ് മലയാളത്തില്‍ നാം ഉപയോഗിക്കുന്ന ‘നാസ്‌തികത’ എന്ന പദത്തിന്റെയും പ്രകൃതം. ദൈവാസ്‌തിത്വത്തെ അംഗീകരിക്കുന്ന ആസ്‌തിക കാഴ്ചപ്പാടിനോടുള്ള നിഷേധമെന്ന നിലക്കാണ് നഃ എന്ന അക്ഷരം അതിന്റെ ആദ്യത്തില്‍ വരുന്നത്. സംസ്‌കൃതത്തില്‍ നഃ എന്ന പദമുപയോഗിക്കുന്നത് നിഷേധ സ്വരത്തിലാണ്.

നേര്‍ വിപരീതത്തിലായിരിക്കുക എന്ന ഉദ്ധ്യമമാണ് ‘A’ ‘ന’ തുടങ്ങിയ പദങ്ങള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ തന്നെ നാസ്‌തിക – ആസ്‌തിക ദർശനങ്ങൾ അടിസ്ഥാനപരമായി വിപരീത സ്വരത്തിലായിരിക്കും. ഒരിക്കലും ആശയപരമായി ഇവയൊത്തു പോകില്ല.

ആജ്ഞേയ വാദത്തിന്റെ സ്ഥാനം ഇവ രണ്ടിനുമിടയ്ക്കായി കാണാം. ദൈവമുണ്ടെന്നോ ഇല്ലെന്നോ ഉള്ള മൂര്‍ത്തമായ നിലപാടുകളൊന്നും ആജ്ഞേയവാദത്തിനില്ല. മറിച്ച് മനുഷ്യനറിയാന്‍ കഴിയുന്നതിന്റെ അപ്പുറമാണ് ഇത്തരം കാര്യങ്ങള്‍ എന്നതാണ് ഇവരുടെ പ്രാഥമിക നിലപാട്. അഥവാ മനുഷ്യന് ദൈവാസ്ഥിത്വത്തെ മനസ്സിലാക്കാന്‍ കഴിയുമോ എന്നതിനെ സംബന്ധിച്ച ജ്ഞാനശാസ്ത്രപരമായ (EPISTEMIC)സംശയ നിലപാടാണ് ആജ്ഞേയവാദം.

നാസ്‌തിക: തെളിവില്ലായ്മയുടെ തെളിവ്!

നാസ്‌തികതയുടെ നിര്‍വ്വചനം തന്നെയാണ് ആസ്‌തിക ദര്‍ശനങ്ങളുമായുള്ള അതിന്റെ പ്രധാന സംവാദ വിഷയവും. അഥവാ ദൈവമില്ലെന്നുള്ള വാദമാണ് നാസ്‌തികതയുടെ അടിസ്ഥാന പ്രത്യയശാസ്ത്രമെന്ന് പറയാം. സ്വാഭാവികമായും പ്രത്യയശാസ്ത്രങ്ങളുടെ ആശയ സംവാദ മുഖത്ത് അവയുടെ അടിസ്ഥാന വീക്ഷണങ്ങള്‍ ചോദ്യം ചെയ്യപ്പെടും. ദൈവാസ്ഥിത്വത്തെ സംബന്ധിച്ച മത വീക്ഷണങ്ങളെയെല്ലാം ചോദ്യം ചെയ്താണ് നാസ്‌തികത നിലനില്‍ക്കുന്നതെന്നപോലെ ദൈവ നിരാസത്തിനുള്ള ന്യായങ്ങള്‍ എന്തൊക്കെയാണെന്ന മറു ചോദ്യമുണ്ട്. ഇത്തരം ഒരു മറു ചോദ്യത്തോടുള്ള കേരളീയ നാസ്‌തിക നിലപാട് കൂടുതല്‍ വൈരുദ്ധ്യാത്മകമാണെന്ന് കാണാം.

ഒരസ്തിത്വമുണ്ടെന്ന് വാദിക്കുന്നവരുടെ ഉത്തരവാദിത്തമാണ് അതിനുള്ള തെളിവ് നല്‍കല്‍. ഇല്ലെന്ന് വാദിക്കുന്നവര്‍ക്ക് അതിന്റെ ആവശ്യമില്ലെന്നതാണ് ഈ പൊതു നിലപാട്. തത്ത്വ ശാസ്ത്രപരമായി പോസറ്റീവ് വാദങ്ങള്‍ക്ക്  മാത്രമാണ് തെളിവ് നല്‍കേണ്ടതെന്നും, നെഗറ്റീവ് വാദങ്ങള്‍ക്ക് തെളിവ് ഹാജരാക്കേണ്ടതായിട്ടില്ലെന്നും ഇവര്‍ വാദിക്കുന്നു.

ദൈവാസ്തിത്വം സംബന്ധിച്ച ചർച്ചയിൽ ദൈവം ഉണ്ടെന്നുള്ള വാദമാണ് പോസിറ്റീവ് ആയത് (possitive claim). അതുകൊണ്ട് അത്തരം ഒരു വാദം പറയുന്നവർ അതിന് തെളിവ് ഹാജരാക്കാൻ ബാധ്യസ്ഥരാണ്. ദൈവം ഇല്ലെന്ന നെഗറ്റീവ് ആയ അവകാശ വാദം പറയുന്നവർക്ക് അത്തരം ഉത്തരവാദിത്തങ്ങൾ ഇല്ലെന്ന് പല ഉദാഹരണങ്ങളിലൂടെയും ഇവർ സമർത്ഥിക്കാനും ശ്രമിക്കുന്നു. എന്നാൽ ജ്ഞാനശാസ്ത്രപരമായി ഈ നിലപാട് വൻ അബദ്ദമാണെന്ന് കാണാം. ഉദാഹരണത്തിന് എല്ലാവർക്കും പരിചിതമായ സ്കൂളിലെ ഹാജർ എടുക്കുന്ന പ്രക്രിയ തന്നെ എടുക്കാം. ഇവിടെ ഹലീമാ എന്ന കുട്ടി ക്ലാസിൽ ഉണ്ടെന്ന വാദം ഒരു പോസിറ്റീവ് ക്ലൈം ആണ്. നേരിട്ട് നിരീക്ഷിക്കുന്നതിലൂടെ വേണം അതുറപ്പിക്കാൻ. ഇനി നേരെ തിരിച്ച് ഹലീമ ക്ലാസിൽ ഇല്ലെന്നാണ് വാദമെന്ന് കരുതുക. ഇത് ഈ വിഷയത്തിലെ നെഗറ്റീവ് ആയ വാദമാണ്. എന്നാല്‍ ഹലീമ ക്ലാസിലില്ലെന്ന നെഗറ്റീവ് അവകാശവാദത്തിന്റെ കാര്യത്തിലും ഇവിടെ തെളിവ് അന്വേഷിക്കേണ്ടതായിട്ടുണ്ട്.

അഥവാ ഈ രണ്ടു അവസ്ഥകള്‍ക്കും ന്യായമായി തെളിവ് വേണം. അങ്ങനെ തെളിവ് അന്വേഷിക്കാന്‍ കഴിയാത്തത്രയും ഹലീമ ക്ലാസിലുണ്ടോയെന്ന വിഷയത്തില്‍ സന്ദേഹ നിലപാടെ ഒരാള്‍ക്ക് സ്വീകരിക്കാന്‍ കഴിയൂ. ഏതൊരു അവകാശവാദത്തിനും (FOR ANY CLAIMS) തെളിവ് വേണമെന്നതാണ് ഈ ഉദാഹരണം കാണിക്കുന്നത്. നിഷ്പക്ഷമായ നിലപാടുകള്‍ക്കേ തെളിവ് വേണ്ടാത്തതായിട്ടുള്ളു. ആ നിലയ്ക്ക് നാസ്‌തികരും ദൈവനിഷേധത്തിന് തെളിവ് സമര്‍ത്ഥിക്കാന്‍ ബാധ്യസ്ഥരാണ്.

ആന്റണി ഫ്ള്യൂവിന്റെ നിരപരാധി വാദം

നാസ്‌തികർ തെളിവ് സമര്‍ത്ഥിക്കേണ്ടതുണ്ടോ എന്ന ചര്‍ച്ചയുമായി ബന്ധപ്പെട്ട് ‘THE PRESUMPTION OF ATHEISM’ എന്ന ലേഖനത്തില്‍ ആന്റണി ഫ്ള്യൂ (ANTONY FLEW) പറയുന്നൊരു വാദമുണ്ട്.

തെറ്റ് തെളിയിക്കുന്നതുവരെ കോടതിക്ക് മുന്നില്‍ ഒരാള്‍ നിരപരാധിയായി കണക്കാക്കപ്പെടും എന്ന പോലെത്തന്നെ ദൈവമുണ്ടെന്നതിന് ആസ്‌തിക വാദികള്‍ക്ക് തെളിവ് സമര്‍ത്ഥിക്കാന്‍ കഴിയാത്തത്രയും സ്വാഭാവികമായും ആര്‍ക്കും നാസ്‌തികനായിരിക്കാം.

ഫ്ള്യൂ ഇവിടെ പറയുന്നതും നാസ്‌തികര്‍ തെളിവ് ഹാജരാക്കേണ്ടാത്തവരാണ് എന്ന നിലപാടാണ്. എന്നാല്‍ അതിനദ്ദേഹം തെറ്റായ ഉദാഹരണത്തെക്കൊണ്ട് ന്യായീകരിക്കാന്‍ ശ്രമിച്ചതാണെന്ന വിമര്‍ശനം ഉണ്ടായിട്ടുണ്ട്.

ഒരു വ്യക്തിയെ ആദ്യം തന്നെ നിരപരാധിയെന്ന് കോടതി കണക്കാക്കുന്നത് ധാര്‍മ്മികമായ ഒരു ന്യായവിധിക്ക് അതനിവാര്യമായതുകൊണ്ടാണ്. അതൊരു നിഷ്പക്ഷ സമീപനം തന്നെയാണ്. അഥവാ തെളിവില്ലാതെ ഒരു നിരപരാധിയെ കുറ്റവാളിയായി കണക്കാക്കുന്നതിനെക്കാള്‍ നല്ലത് കുറ്റം തെളിയിക്കപ്പെടുന്നതു വരെ ഒരു മനുഷ്യനെ നിരപരാധിയായിക്കാണുക എന്നതാണ് ധാര്‍മ്മികമായി കൂടുതല്‍ യോജിച്ചത്.

തെളിവില്ലാത്ത ഒരാളെ അപരാധിയായി കാണാമെങ്കില്‍ അപരാധിയല്ലാത്ത ആരുമില്ലെന്ന പ്രശ്‌നമാണുണ്ടാവുക. നിരപരാധിയല്ലാത്ത ഒരാള്‍ക്ക് ജഡ്ജ് ചെയ്യാന്‍ കഴിയില്ലെന്നു കൊണ്ട് ഒരാളുടെ നിരപരാധിത്വം സ്ഥാപിക്കാന്‍ ഒരു ന്യായാധിപനും പറ്റില്ലെന്നു വരും. ഈ മഹാവൈരുദ്ധ്യംകൊണ്ടാണ് ന്യായവിധിയുടെ കാര്യത്തില്‍ തെറ്റ് തെളിയിക്കും വരെ എല്ലാവരും നിരപരാധികള്‍ ആയിരിക്കുമെന്നുള്ള വീക്ഷണമുള്ളത്. ഇതുവെച്ച് നാസ്‌തികതയെ ന്യായീകരിക്കാന്‍ ശ്രമിക്കുന്നതൊരു തെറ്റായ സമീകരണ തന്ത്രമാണ്.

നാസ്‌തികത ദൈവത്തെ സംബന്ധിച്ച ഒരു നെഗറ്റീവ് അവകാശവാദമായതുകൊണ്ടുതന്നെ തെളിവില്ലാതെ അതിനെ അംഗീകരിക്കുന്നത് അന്ധവിശ്വാസമാണ്. യാതൊരടിസ്ഥാനമോ, തെളിവോ, ന്യായമോ കൂടാതെ അത്തരമൊന്നിനെ ഉള്‍ക്കൊള്ളാം എന്ന വാദത്തിനും അതിനാല്‍ നിലനില്‍പ്പില്ല.

കോടതിക്ക് പുറത്തുള്ള മറ്റവസ്ഥകളിലും ഒരു മുന്‍ധാരണയ്ക്ക് സ്ഥാനമില്ലെന്ന് കാണാം. ഉദാഹരണത്തിന്, ശാസ്ത്രലോകത്തിന് പരിചിതമായ നിലപാടാണ്. ഒരു ഹൈപോത്തിസിസനുസരിച്ച് തെളിവ് ലഭിക്കുവോളം അത്തരമൊരു ശാസ്ത്ര സിദ്ധാന്തത്തെ ശരിയെന്നോ തെറ്റെന്നോ തീര്‍പ്പാക്കരുതെന്ന വീക്ഷണം. HYPOTHETICO DEDUCTIVE METHOD എന്നിത് അറിയപ്പെടുന്നു. തെളിവില്ലാത്തൊരു വിഷയത്തില്‍ നിഷ്പക്ഷമായിരിക്കലാണ് ശാസ്ത്രീയമായ നിലപാട് പോലും എന്നാണിത് തെളിയിക്കുന്നത്. അഥവാ നാസ്‌തികപക്ഷം വാദിക്കുന്നത് പോലെ ദൈവാസ്‌തിത്വത്തിന് തെളിവുകളൊന്നുമില്ലായെന്ന വാദം സമ്മതിച്ചാൽ പോലും അതുപയോഗിച്ച് ദൈവമില്ലെന്ന സമീകരണത്തിൽ എത്തുന്നത് ശാസ്ത്ര വിരുദ്ധമായ അന്ധവിശ്വാസമാണ്.

ഇതില്‍ത്തന്നെ രസകരമായ മറ്റൊരു കാര്യം ദൈവം ഉണ്ടെന്ന് തെളിയിക്കപ്പെടുന്നത് വരെ നിരീശ്വരവാദിയായിരിക്കാമെന്നതിന് കോടതിയുടെ ന്യായവാദ നിലപാടുകളെ ഉദാഹരിച്ച ആന്റണി ഫ്ള്യൂ തന്നെ തന്റെ അവസാന കാലങ്ങളില്‍ കടുത്ത ദൈവ വിശ്വാസിയാവുകയും ‘ഇവിടൊരു ദൈവമുണ്ട്’ (THERE IS A GOD) എന്ന പേരിലൊരു പുസ്തകം തന്നെ രചിക്കുകയും ചെയ്തുവെന്നതാണ്. അപ്പോള്‍ ദൈവമുണ്ടെന്നതിന് തന്റെ യുക്തിക്കംഗീകരിക്കാവുന്ന തെളിവുകളൊക്കെയുണ്ടെന്ന് ഈ വാദം ഉന്നയിച്ച ആള്‍ തന്നെ അംഗീകരിച്ചു കഴിഞ്ഞു.

തെളിവില്ലായ്മയെന്ന തെളിവ്

ദൈവത്തെ അംഗീകരിക്കേണ്ടി വരുമോ എന്നതുകൊണ്ട് പലരും ബിഗ് ബാംഗ് സിദ്ധാന്തത്തെ (പ്രപഞ്ചോത്പത്തിയെ സംബന്ധിച്ച ഒരു തിയറി) വരെ നിരാകരിക്കുന്നതായി കാണുന്നു. അതിന്റെയാവശ്യമൊന്നുമില്ല. ദൈവമില്ലെന്നതിന്റെ തെളിവ് ദൈവത്തിന് തെളിവൊന്നും ഇല്ലായെന്നത് തന്നെയാണ്. (THE ABSENCE OF EVIDENCE IS THE EVIDENCE OF ABSENCE). നാസ്‌തിക വേദികളിലെ ഒരു സ്ഥിരം ശാസ്ത്ര പ്രഭാഷകന്റെ വര്‍ത്തമാനങ്ങളിലൊന്നാണിത്.

ഒന്നിനെ സംബന്ധിച്ച തെളിവില്ലായ്മ തന്നെയാണ് അങ്ങിനെയൊന്നില്ല എന്നതിനുള്ള തെളിവ് എന്ന് പ്രമുഖ നാസ്‌തിക ബുദ്ധിജീവികളെല്ലാം ആവര്‍ത്തിച്ച് പറഞ്ഞു കൊണ്ടിരിക്കുന്നു. അതിനെതിരെ തത്ത്വശാസ്ത്രരംഗത്തു നിന്നും വന്നിട്ടുള്ള വിമര്‍ശനങ്ങളെ പോലും കണ്ടിട്ടില്ലെന്ന മട്ടിലാണ് ഈ സ്വയം പ്രഖ്യാപിത ബുജികള്‍ ഇത് പ്രധാനപ്പെട്ടൊരു വാദമായി പറഞ്ഞു നടക്കുന്നത്. മാര്‍ട്ടിന്‍ റീസും, കാള്‍ സാഗനുമൊക്കെ ഇത്തരമൊരു സമീകരണം തന്നെ അബദ്ദമാണെന്ന് പറഞ്ഞിട്ടുള്ളവരാണ്.

അജ്ഞതയിൽ നിന്നുള്ള വാദം(ARGUMENT FROM IGNORANCE) എന്നു വിശേഷിപ്പിക്കാവുന്ന ഒരു തരം ന്യായവൈകല്യം മാത്രമാണീ വാദം തന്നെ. അറിവില്ലായ്മയില്‍ നിന്നും ഒരു കാര്യത്തെ തെറ്റെന്നോ ശരിയെന്നോ വിലയിരുത്തുന്നത് വളരെ തെറ്റായൊരു സമീകരണമാണെന്നു മാത്രമല്ല തനിക്കൊന്നിനെ സംബന്ധിച്ച അറിയില്ല എന്നതുകൊണ്ട് അത്തരമൊന്ന് തന്നെയില്ലെന്ന് ചിന്തിക്കുന്നത് ബൗദ്ധികമായ അഹങ്കാരമാണ്. അപ്പോള്‍ തനിക്കറിയാത്തതായി യാതൊന്നുമില്ലെന്ന നിലവാരമില്ലായ്മയിലാണ് സ്വാഭാവികമായും മനുഷ്യനെത്തുക. നാസ്‌തികര്‍ ദൈവത്തെ ഇല്ലാതാക്കാന്‍ പറയുന്ന ഈയൊരു വാദത്തെ മനുഷ്യ മുൻഗാമികൾ സ്വീകരിച്ചിരുന്നുവെങ്കിലുള്ള അവസ്ഥയെന്താകുമെന്നൊന്ന് ചിന്തിച്ചുനോക്കുക. മനുഷ്യൻ തങ്ങള്‍ക്കറിയാത്തതായി പലതുമുണ്ടെന്നും അതന്വേഷിച്ച് കണ്ടെത്തേണ്ടതായിട്ടുണ്ടെന്നും അങ്ങനെ തന്റെ ജീവിതനിലവാരം മെച്ചപ്പെടുത്തേണ്ടതാണെന്നും കരുതിയതുകൊണ്ടാണ് നമ്മളീ കാണുന്ന ശാസ്ത്ര വികാസങ്ങളൊക്കെ ഉണ്ടായതുതന്നെ.

മറിച്ച് തങ്ങള്‍ക്കറിയില്ല എന്നതിനർത്ഥം അങ്ങനെയൊന്ന് തന്നെയില്ല എന്നാണെന്ന് മനുഷ്യന്‍ ചിന്തിച്ചിരുന്നെങ്കില്‍ സ്വാഭാവികമായും ഇല്ലായെന്നവന് മുന്‍വിധിയുള്ള ഒന്നിനെയും സംബന്ധിച്ച അന്വേഷണങ്ങളോ പഠനങ്ങളോ ഉണ്ടാകില്ല. അന്വേഷണ ചിന്തകളില്ലാതെ മനുഷ്യകുലത്തിന് പുരോഗതിയും ഉണ്ടാകില്ല. ഉദാഹരണത്തിന് യാതൊരു തെളിവോ ന്യായമോ കൂടാതെ മറ്റ് പ്രപഞ്ചങ്ങളോ, അന്യഗ്രഹ ജീവ സാധ്യതകളോ ഇല്ലെന്ന് അന്ധമായി നിങ്ങൾ വാദിക്കാൻ തുടങ്ങുന്നു എന്ന് കരുതുക. ശാസ്ത്രലോകത്തിന്റെ ചവറ്റ് കൊട്ടയിൽ മാത്രമായിരിക്കും അവയുടെ സ്ഥാനമുണ്ടാവുക. കാരണം സ്വതന്ത്രമായ സയൻസിന്റെ അന്വേഷണ മനോഭാവത്തിനും, ഉൾകൊള്ളൽ ക്ഷമതക്കും ബാധിക്കുന്ന അടിയാണ് അന്ധമായുള്ള സമാന നിഷേധ നിലപാടുകൾ എല്ലാം. അങ്ങനെ എന്തെങ്കിലും മുൻവിധി (BIAS) സയൻസിനെ ബാധിച്ച് കഴിഞ്ഞാൽ പിന്നെ ശാസ്ത്രത്തിന്റെ രീതി ശാസ്ത്രം തന്നെ മരിച്ചു എന്നാണ് അതിനർത്ഥം. അപ്പോൾ ആദിമമനുഷ്യരിലാര്‍ക്കും ഇത്തരമൊരു നാസ്‌തിക ന്യായം തോന്നാതിരുന്നതിന് ദൈവത്തോട് തന്നെ നന്ദി പറയണം.

അഥവാ അങ്ങേയറ്റത്തെ ശാസ്ത്രവിരുദ്ധമായ ഒരു നിലപാടാണ് ദൈവത്തെയില്ലാതാക്കാന്‍ നാസ്‌തികര്‍ പയറ്റിക്കൊണ്ടിരിക്കുന്നത് എന്ന് ചുരുക്കം…!

എല്ലാവരും നിരീശ്വരവാദികള്‍!?
“Everybody is an atheist in saying that there is a god – from Ra to Shiva – in which he does not believe. All that the serious and objective atheist does is to take the next step and to say that there is just one more god to disbelieve in.”

ലോക പ്രശസ്ത നവനാസ്‌തിക ചിന്തകനായ റിച്ചാര്‍ഡ് ഡോക്കിന്‍സിന്റെ ഒരു സുപ്രസിദ്ദ വചനമാണിത്.
”ഒരു ദൈവമുണ്ടെന്ന് പറയുമ്പോള്‍ തന്നെ സര്‍വ്വരും നാസ്‌തികരാണ്. പ്രാചീന ഈജിപ്തിലെ സൂര്യദേവ സങ്കല്‍പമായ ‘റ’ മുതല്‍ ശിവന്‍ വരെയുള്ള ദൈവ സങ്കല്പങ്ങളെയെല്ലാം അവര്‍ അവിശ്വസിക്കുന്നു. എന്നാല്‍ കടുത്ത നാസ്‌തികര്‍ ഒരു പടി കൂടെ കടന്ന് നിങ്ങളുടെ ഒരു ദൈവത്തില്‍ കൂടെ അവിശ്വസിക്കാമെന്ന് പറയുന്നു.” 

ഡോക്കിന്‍സിന്റെ മാത്രമല്ല പല പ്രമുഖ നാസ്‌തിക പ്രചാരകരുടെ  ഒരു സ്ഥിരം വാര്‍ത്തമാനമാണിത്.
”നാലായിരത്തിനടുത്ത് ദൈവങ്ങളും മതങ്ങളുമുള്ള ഈ ഭൂമിയില്‍ ബാക്കിയല്ലാത്തിന്റെ കാര്യത്തിലും ഒരു ദൈവമുണ്ടെന്ന് വാദിക്കുന്നവര്‍ നാസ്‌തികരാണ്. ഞങ്ങള്‍ ഞിങ്ങളുടെ ദൈവത്തെ കൂടി നിഷേധിക്കുന്നു. അഥവാ നിങ്ങള്‍ തൊണ്ണൂറ്റി ഒന്‍പത് ശതമാനം നാസ്‌തികരാണ് ഞങ്ങള്‍ നൂറ് ശതമാനവും” അടിസ്ഥാനപരമായ സര്‍വ്വരും നാസ്‌തികരാണെന്ന ചിന്ത പറയാന്‍ സാധാരണയായി നാസ്‌തികര്‍ ഉന്നയിക്കുന്ന ഇത്തരം വര്‍ത്തമാനങ്ങള്‍ അവരെ അഭിമുഖീകരിച്ചിട്ടുള്ളവര്‍ കേള്‍ക്കാതെയിരിക്കാന്‍ വഴിയില്ല. പ്രധാനമായും സോഷ്യല്‍ മീഡിയകള്‍ ഇത്തരം ലളിത യുക്തികള്‍ പ്രചരിക്കാന്‍ ഒരു കാരണമായിട്ടുണ്ട് എന്നുവേണം പറയാന്‍. കുറഞ്ഞ വാക്കുകളില്‍ കുറിക്കാവുന്ന ട്വീറ്റുകളും, ട്രോളുകളുമൊക്കെയാണ് സാമൂഹ്യ മാധ്യമ ഉപഭോക്താക്കാളിലേക്ക് പെട്ടെന്ന് എത്തുക. അതുകൊണ്ട് തന്നെ വലിയ ചിന്താശേഷിയൊന്നും ഇല്ലാത്തവരെ ബൗദ്ധികമായി കബളിപ്പിക്കാന്‍ ഇതുകൊണ്ടാകും. ഇത്തരം ലളിത വാദങ്ങളിലെ അബദ്ധങ്ങള്‍ മനസ്സിലാക്കിത്തരുന്ന തത്ത്വശാസ്ത്ര പ്രശ്‌നങ്ങളൊന്നും സാധാരണക്കാര്‍ വായിക്കാറില്ല. എന്നതുകൊണ്ട് തന്നെ ഇത്തരം ലളിത യുക്തികള്‍ പൊതു ശ്രദ്ധ നേടിയെടുക്കുകയും ചെയ്യുന്നു. ഏതായാലും ഒരു ദൈവത്തെ അംഗീകരിക്കുകയും ബാക്കി ദൈവ സിദ്ധാന്തങ്ങളെ നിരാകരിക്കുകയും ചെയ്യുന്നവരെ തൊണ്ണൂറ്റി ഒമ്പത് ശതമാനം നാസ്‌തികരായി കാണാമെന്ന് വാദിക്കുന്നതിലെ പൊള്ളത്തരം മനസ്സിലാക്കാന്‍ സമാനമായ ഒരു വാദം കൂടി നോക്കാം.

”ലോകത്ത് കോടിക്കണക്കിന് അച്ഛന്മാര്‍(FATHERS) ഉണ്ട്. നിങ്ങള്‍ക്ക് ഒരു അച്ഛനെ ഉള്ളൂ എന്ന് പറയുന്നതിലൂടെ ബാക്കിയുള്ള കോടിക്കണക്കിന് അച്ഛന്മാരെ നിങ്ങള്‍ നിഷേധിക്കുന്നു. അഥവാ നിങ്ങളൊരു തൊണ്ണൂറ്റി ഒമ്പത് ശതമാനം അച്ഛനില്ലാത്തവനാണ്. ഞാന്‍ ഒരു പടി കൂടി കടന്ന് നിങ്ങളുടെ അച്ഛനെന്ന് നിങ്ങള്‍ പറയുന്ന ആളെക്കൂടി നിഷേധിച്ച് നിങ്ങള്‍ ഒരു നൂറ് ശതമാനം അച്ഛനില്ലാത്തവന്‍ ആണെന്ന് പറയുന്നു. അടിസ്ഥാനപരമായി എല്ലാവരും അച്ഛനില്ലാത്തവരാണ്.” സര്‍വ്വരെയും നാസ്‌തികരാക്കാന്‍ നാസ്‌തികർ ഉന്നയിക്കുന്ന വാദത്തിലെ യുക്തി ഉപയോഗിച്ച് എത്താവുന്ന സമാനമായൊരു വാദമാണ് മുകളിലത്തെയും.

എല്ലാവരും ഇറച്ചി തിന്നുന്നവരാണ് ഞാന്‍ ഒരു പടി കടന്ന് മനുഷ്യ ഇറച്ചി കൂടി തിന്നുന്നു. അതുകൊണ്ട് അടിസ്ഥാനപരമായി ഞമ്മളൊക്കെ ഒന്നാണ് എന്ന് ഒരു കാനിബല്‍ (മനുഷ്യ മാംസം തിന്നുന്നവന്‍) പറഞ്ഞാല്‍ അതെത്ര വൈരുദ്ധ്യമോ അതിന് സമം തന്നെയാണീ നാസ്‌തിക ന്യായവും. ഇത്തരം വന്‍ മണ്ടത്തരങ്ങള്‍ കൊണ്ട് ദൈവത്തെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നത് അവരുടെ ആസ്ഥാന ദാര്‍ശികരാണ് എന്നതാണ് ഞെട്ടിക്കുന്നത്.

എന്താണ് നാസ്‌തികതയെന്നതിന്റെയും, ആസ്‌തികതയെന്നതിന്റെയും നിര്‍വ്വചനമെങ്കിലും അറിയാവുന്നവര്‍ ഇത്തരം മഹാ അബദ്ധങ്ങള്‍ വലിയ വായില്‍ പറഞ്ഞ് നടക്കില്ല. ഒരു ദൈവത്തെയെങ്കിലും അംഗീകരിച്ചു കഴിഞ്ഞാല്‍ അവന്‍ ആസ്തകവാദിയും (THEIST)ഒന്നിനേയും അംഗീകരിക്കാത്തവന്‍ നാസ്‌തികനും(ATHEIST) എന്ന കൃത്യമായ നിര്‍വ്വചനമിരിക്കുമ്പോള്‍ സാമാന്യബോധമുള്ളവർ ഇങ്ങനൊരു വാദമുന്നയിക്കില്ല.

മറ്റനേകം വിരുദ്ധാഭിപ്രായങ്ങള്‍ ഉള്ളതുകൊണ്ട് ഒന്നു മാത്രം ശരിയെന്ന് കരുതുന്നത് അബദ്ധമാണ് എന്നാണ് വാദമെങ്കില്‍ കൃത്യമായി ഏതൊരു നിലപാട് പോലും സ്വീകരിക്കാന്‍ നാസ്‌തികര്‍ക്കൊരിക്കലും കഴിയില്ല. ഉദാഹരണത്തിന് ഭൂമി പരന്നതാണെന്ന വിരുദ്ധാഭിപ്രായക്കാര്‍ ഉള്ളതുകൊണ്ട് ഭൂമിക്ക് ഗോളാകൃതിയാണെന്ന് പറയാന്‍ പാടില്ല എന്ന് പറഞ്ഞാല്‍ അതത്രെ വലിയ മണ്ടത്തരമാകും. ഒന്നും ഒന്നും രണ്ടാണെന്ന സത്യത്തിന് വിരുദ്ധമായി ഒന്നും ഒന്നും പതിനാറായിരവും, ഇരുപത്തിനാലായിരവുമാണെന്ന് തുടങ്ങി നൂറ് എതിരഭിപ്രായങ്ങൾ വന്നു എന്നു കരുതി ഒന്നും ഒന്നും രണ്ടല്ലാതാകുമോ.മറ്റനേകം എതിരഭിപ്രായത്തില്‍ നിന്നും ഒന്നു മാത്രം സ്വീകരിക്കുന്നത് അത് മാത്രം ശരിയാണെന്ന ബോധ്യമുള്ളത് കൊണ്ടാണ്. എല്‍.കെ. ജി പിള്ളേര്‍ക്ക് പോലും തിരിയുന്ന ലോജിക് നവനാസ്‌തികതയുടെ മഹാകുതിരക്കാര്‍ക്ക് തിരിയാത്തതാണ് മതം ഇന്ന് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി.

കാരശ്ശേരിയും രവിചന്ദ്രനും ആരാണ് ശരി?

കേരളത്തില്‍ സന്ദേഹവാദികൾക്ക്‌ (AGNOSTICS) അറിയപ്പെടുന്ന സംഘടനയേതുമില്ലാത്തതുകൊണ്ട് അജ്ഞേയവാദം നമ്മുടെ സംവാദ മണ്ഡലത്തില്‍ കാര്യമായി കണ്ടിട്ടില്ല. പൊതുവില്‍ അവിശ്വാസികളായി നാസ്‌തികര്‍ മാത്രം വിലയിരുത്തപ്പെടുന്ന പൊതുബോധം ശരിയല്ല. സന്ദേഹവാദികളും കൃത്യമായ നിലപാടുകളോടെ അവിശ്വാസത്തെ പ്രഖ്യാപിക്കുന്നവരാണ്.

ആ രീതിക്ക് കേരളത്തില്‍ അറിയപ്പെടുന്നൊരു സന്ദേഹവാദിയായി പറയാനാവുക ശ്രീ എം.എൻ കാരശ്ശേരി മാഷിനെയാണ്. കേരളത്തിലെ നിരീശ്വര വേദികളില്‍ പ്രസംഗിക്കുമ്പോള്‍ പോലും ദൈവമില്ലെന്ന് തനിക്ക് പറയാന്‍ കഴിയില്ലെന്നും, താന്‍ അതറിയില്ലെന്ന് പറയാന്‍ ഇഷ്ടപ്പെടുന്ന വ്യക്തിയാണെന്നും സമ്മതിച്ചിട്ടുള്ള വ്യക്തിയാണദ്ദേഹം.

ശ്രീ രവിചന്ദ്രന്റെ പല രാഷ്ട്രീയ കാഴ്ചപ്പാടുകളും ഉള്‍ക്കാഴ്ചയില്ലായ്മയില്‍ നിന്നുണ്ടാകുന്നതാണെന്ന് വിമര്‍ശിച്ച് കാരശ്ശേരി നടത്തിയ ഒരു വര്‍ത്തമാനത്തിനിടക്ക്‌ രവിചന്ദ്രന്റെ തീവ്ര നാസ്‌തികതപക്ഷ വര്‍ത്തമാനങ്ങളോടുള്ള ചില വിമര്‍ശനങ്ങള്‍ കൂടി ഉന്നയിക്കുന്നുണ്ട്. ഇതിനെ നാസ്‌തിക – ആജ്ഞേയ വാദങ്ങള്‍ക്കിടയിലുള്ള ഒരു പ്രധാന മലയാളീ സംവാദമായിക്കാണാവുന്നതാണ്.
ഒരു ചോദ്യോത്തര വേദിയില്‍ സന്ദേഹവാദത്തെ സംബന്ധിച്ച് രവിചന്ദ്രനോട് ചോദിക്കുന്നുണ്ട്. ഭീരുക്കളായ നാസ്‌തികരാണ് സന്ദേഹവാദികള്‍ എന്നാണ് അതിന് കൊടുക്കുന്ന മറുപടിയില്‍ രവിചന്ദ്രന്‍ പറയുന്നത്. ഇതിനുള്ള വിമര്‍ശനമെന്ന നിലയ്ക്ക് നാസ്‌തിക ആസ്‌തിക മണ്ഡലങ്ങള്‍ക്കിടയ്ക്ക് മറ്റൊരു സാധ്യതയെക്കാണാന്‍ കഴിയാത്ത ആളാണ് രവിചന്ദ്രനെന്നാണ് കാരശ്ശേരി മറുപടി പറയുന്നത്. ഇതിനെത്തുടര്‍ന്ന് ഈ അഭിപ്രായവ്യത്യാസങ്ങള്‍ നേര്‍ക്കുനേരുള്ള സംവാദങ്ങള്‍ വരെയെത്തി. എന്നാല്‍ കൊറോണ പകര്‍ച്ച കാരണമായി പിന്നെയത് നടക്കാതെ നീണ്ടുപോയി. സന്ദേഹവാദത്തെ ഭീരുത്വം എന്നു വിളിക്കാന്‍ മാത്രം എന്ത് ജ്ഞാനശാസ്ത്ര മേന്‍മയാണ് നാസ്‌തികതയ്ക്ക് അവകാശപ്പെടാന്‍ രവിചന്ദ്രന്റെ വാക്കുകളില്‍ തന്നെയുള്ളതെന്ന് ഇതിനെത്തുടര്‍ന്ന് സ്വന്തമായി ഒന്ന് അന്വേഷിച്ചിരുന്നു.

ദൈവമില്ലെന്നതിന് അംഗീകരിക്കാവുന്ന തെളിവുകളൊന്നും അദ്ദേഹം തന്റെ മണിക്കൂറുകള്‍ നീളുന്ന നാസ്‌തിക വര്‍ത്തമാനങ്ങളില്‍ പറയുന്നതായി കാണാനില്ലെന്നു മാത്രമല്ല ജ്ഞാനശാസ്ത്രപരമായി ഒരസ്ഥിത്വത്തെയും ഇല്ലായെന്ന് തെളിയിക്കാന്‍ കഴിയാവുന്നതല്ലായെന്നും അദ്ദേഹം പല പ്രഭാഷണങ്ങളിലായി സമ്മതിക്കുന്നുണ്ട്. അതിനര്‍ത്ഥം നാസ്‌തികത ഒരിക്കലും തെളിയിക്കാന്‍ കഴിയാത്ത ഒരവകാശവാദമാണെന്നാണ്. അഥവാ ഇന്നുവരെ നാസ്‌തികതയ്ക്ക് തെളിവ് നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് മാത്രമല്ല ഇനിയൊരു തെളിവ് കൊണ്ടുവരവും സാധ്യമല്ലെന്ന് രവിചന്ദ്രന്‍ തന്നെയംഗീകരിക്കുന്നു.

തെളിവില്ലാതെയൊന്നിനെ വിശ്വസിക്കുന്നതിനെ അന്ധവിശ്വാസമെന്ന് വിളിക്കാമെങ്കില്‍ ഒരു തെളിവും ഒരിക്കലും സമര്‍ത്ഥിക്കാന്‍ കഴിയാത്ത നാസ്‌തികത കൊണ്ട് നടക്കുന്നതും അന്ധവിശ്വാസമാണെന്ന തീര്‍പ്പിലെത്താം. ഇങ്ങനെയൊരു അന്ധവിശ്വാസത്തെ പിന്തുണയ്ക്കാതെ തനിക്കറിയാത്ത കാര്യം അറിയില്ലെന്ന് പറയുന്നതിനെയാണ് രവിചന്ദ്രന്‍ ഭീരുത്വം എന്നു വിളിച്ചത് എന്നത് എത്ര വലിയ സത്യസന്ധതയില്ലായ്മയാണ്.

എന്തുകൊണ്ട് ഡിങ്കനില്ല

എന്തുകൊണ്ട് ദൈവമില്ല?….എന്ന് ചോദിക്കുന്നവരോട് തിരിച്ച് എന്തുകൊണ്ട് ഡിങ്കനില്ല എന്നും ചോദിക്കാം. ഡിങ്കനില്ലാ എന്ന് തെളിയിക്കാന്‍ കഴിയാത്തതു പോലെ തന്നെയാണ് ദൈവമില്ലെന്നും തെളിയിക്കാന്‍ കഴിയാത്തത്.

ദൈവമില്ലെന്നു വാദിക്കാന്‍ തെളിവൊന്നും വേണ്ടതായിട്ടില്ലെന്ന പൊതു നാസ്‌തിക നിലപാടിനെ ന്യായീകരിക്കാന്‍ സാധാരണയായി പല നാസ്‌തിക പ്രമുഖരും ഉന്നയിച്ചു കാണുന്ന മറ്റൊരു വാദമാണിത്. ഇതു തന്നെ വലിയൊരാശയമായിക്കണ്ട് നടക്കുന്ന ഡിങ്കോയിസ്റ്റുകള്‍ എന്നൊരു ഹാസ്യാനുകരണ വിഭാഗം പോലും കേരളത്തിനുണ്ട്. പൊതുവില്‍ ആഗോളതലത്തില്‍ തന്നെ മതദര്‍ശനങ്ങളെ അപഹസിക്കാന്‍ ഉപയോഗിക്കുന്ന പാസ്റ്റഫാരിയനിസം (Pastafarianism) എന്ന ഹാസ്യാനുകരണ(parady) ചിന്തയുടെ ഒരു മലയാളീ വേര്‍ഷന്‍ ആണ് ഡിങ്കോയിസം! അഥവാ ഡിങ്കനുണ്ടെന്ന് വിശ്വസിച്ച് അതിനു വേണ്ടി ആത്മാര്‍ത്ഥമായി വാദിക്കുന്നതല്ലിത്. എന്നാലും ദൈവവും ഡിങ്കനുമൊക്കെ സമമാണെന്ന് നിരത്താന്‍ ഉദ്ദേശിച്ചുള്ള ഇത്തരം ബൗദ്ധിക സര്‍ക്കസുകള്‍ അതിന്റെ നിരര്‍ത്ഥക ബോധ്യപ്പെടാന്‍ വിലയിരുത്താവുന്നതാണ്. എങ്കിലും ശാസ്ത്രീയമായി ഒരിക്കലും ഡിങ്കനില്ലെന്ന് തീര്‍പ്പിലെത്താന്‍ കഴിയില്ലെന്നതൊരു വസ്തുതയാണ്. സ്വന്തം ജ്ഞാനപരിമിതിക്കപ്പുറമുള്ള യാതൊന്നിനെ സംബന്ധിച്ചും മൂര്‍ത്തമായൊരു വാദം ഉന്നയിക്കാന്‍ സയൻസ് ഉതകില്ല. അതുകൊണ്ടു തന്നെ തത്ത്വശാസ്ത്രപരമായാണ് (philosophically) മനുഷ്യന്‍ ഇത്തരം വിഷയങ്ങളില്‍ യുക്തിപരമായ നിലപാടുകളിലെത്തുന്നത്. ഒരു അസ്ഥിത്വത്തെ സംബന്ധിച്ച് അറിയുന്നതിന് ജ്ഞാനശാസ്ത്ര മാനദണ്ഡപ്രകാരം കല്‍പിക്കപ്പെടുന്ന പ്രാഥമിക നിബന്ധന അത്തരമൊരസ്ഥിത്വവുമായി കാരണപരമായി എന്തെങ്കിലും ബന്ധം നമുക്കുണ്ടാവലാണ്.

ഉദാഹരണത്തിന് അരിസ്റ്റോട്ടില്‍ ജീവിച്ചിരുന്നതായി നാം മനസ്സിലാക്കുന്നത് അദ്ദേഹം ജീവിച്ചിരുന്നതായി തെളിയിക്കുന്ന അദ്ദേഹവുമായി ബന്ധപ്പെട്ട കാര്യങ്ങളിലൂടെയാണ്. അത് അദ്ദേഹത്തിന്റെ കൃതികളിലോ അദ്ദേഹത്തെക്കുറിച്ച് എഴുതപ്പെട്ട കൃതികളോ എല്ലാം ആയിരിക്കും. അരിസ്റ്റോട്ടിലില്‍ നിന്നും നമ്മളിലേക്ക് നീളുന്ന കാര്യകാരണപരമായ ഒരു ശൃംഖലയുള്ളതുകൊണ്ടാണ് നാം ഇവിടെ അരിസ്റ്റോട്ടിലിനെ അറിയുന്നത്.

എന്നാല്‍ അരിസ്റ്റോട്ടിലിന്റെ സമകാലികരായി ഒട്ടനേകം വ്യക്തികള്‍ ജീവിച്ചിട്ടുണ്ടാകും. അവരാരെന്നോ എന്തെന്നോ അറിയിക്കുന്ന ഒരു ബന്ധവും നമുക്കും അവര്‍ക്കും ഇടയില്‍ ഇല്ലാത്തതാണ് അവരുടെ അസ്ഥിത്വം നമുക്കറിയാതിരിക്കാന്‍ കാരണം.

ഡിങ്കനില്ലെന്നതിനും, ദൈവമുണ്ടെന്നതിനും പറയാവുന്ന ഒന്നാമത്തെ കാരണം ഈ ജ്ഞാനശാസ്ത്രപരമായ യുക്തിയാണ്. ഡിങ്കനുണ്ടെന്നറിയിക്കുന്ന ഒരു കാര്യകാരണപരമായ യുക്തിയും ഇല്ല. എന്നാല്‍ പ്രപഞ്ചത്തെ നിരീക്ഷിക്കുന്നതില്‍ നിന്നും ദൈവം ഉണ്ടായിരിക്കൽ അനിവാര്യമാണെന്ന ബോധ്യമാണുണ്ടാവുക. ഈ എപിസ്റ്റമോളജിയുടെ മാനദണ്ഡപ്രകാരം തന്നെ ദൈവത്തില്‍ നിന്നും മനുഷ്യലോകത്തേക്ക് നീളുന്ന കാര്യകാരണബന്ധമായാണ് ഇസ്‌ലാം വേദഗ്രന്ഥങ്ങളെയും, പ്രവാചകന്‍മാരെയും പഠിപ്പിക്കുന്നത്. ഇവയ്ക്കിടയിലെ വിശകലനങ്ങളില്‍ നിന്നും, എത്താവുന്ന ആധികാരികമായ യുക്തിയില്‍ നിന്നും ലോകജനതയുടെ വലിയൊരു ശതമാനം തന്നെ ദൈവത്തിലെത്തുന്നു എന്നതു തന്നെ അവയുടെ യുക്തിപരമായ നിലനില്‍പ്പ് വ്യക്തമാക്കുന്നുണ്ട്.

ഡിങ്കനില്ലെന്ന് പറയാവുന്ന രണ്ടാമത്തെ കാരണം അതിന്റെ ചരിത്ര പശ്ചാത്തലമാണ് (HISTORICAL BACKGROUND). യഥാര്‍ത്ഥത്തില്‍ ഇല്ലാത്ത ഒരു “കഥാപാത്രം” മാത്രമാണ് ഡിങ്കൻ എന്നതാണ് അതിന്റെ ആമുഖ ചരിത്രം തന്നെ. എന്നാല്‍ പ്രപഞ്ചമൊന്നാകെ നിലനില്‍ക്കുന്നതിന്റെ അനിവാര്യഹേതു (NECESSARY EXISTENCE) എന്നതാണ് ദൈവത്തിന്റെ ചരിത്രപരമായ വിശേഷണം.

ദൈവസങ്കല്‍പ്പങ്ങള്‍ക്കെതിരെയുള്ള ഒരു ഹാസ്യാനുകരണമെന്ന നിലക്കാണ് ഡിങ്കനെ അവതരിപ്പിക്കുന്നതെന്നതു കൊണ്ട് അതിന്റെ ദൈവിക സാധ്യതയെത്രയുണ്ടെന്ന് കൂടി പരിശോധിക്കാം. ഡിങ്കനെന്നതു കൊണ്ട് പരിമിതമായ രൂപവും ആകാരവും വിശേഷണങ്ങളുള്ള ഒരു സങ്കല്പത്തെയാണ് മുന്നോട്ടു വെക്കുന്നത്. എന്നാല്‍ ഇതെല്ലാം സൃഷ്ടിപരമായ വിശേഷണങ്ങളാണ് താനും. ഒരു ഭൗതിക ഗുണം പ്രകടിപ്പിക്കുന്നതു കൊണ്ടു തന്നെ എന്തുകൊണ്ടാ ഗുണം അവയിൽ കാണുന്നു എന്നുചോദിക്കാം. ഉദാഹരണത്തിന് എന്തുകൊണ്ടൊരു നിശ്ചിത രൂപം? (WHY A LIMITED SHAPE?) എന്തുകൊണ്ട് നിശ്ചിത നിറം? തുടങ്ങി ഒന്നില്‍ കാണുന്ന ഭൗതികമായ ഏതോരു ഗുണത്തിനും കാരണമെന്തെന്ന ചോദ്യത്തിലെത്തും. ഇങ്ങനെ ചോതിക്കാൻ കഴിയുന്നത് ഭൗതികമായ ഏതൊരു ഗുണവും മറ്റൊന്നു കാരണമായി ഉണ്ടാകുന്നതാണ് എന്നത് കൊണ്ടാണ്. ഡിങ്കന്‍ എന്ന സങ്കല്‍പ്പത്തിന് ധാരാളം ഭൗതികമായ സവിശേഷതകള്‍ കാണുന്നത് കൊണ്ടു തന്നെ അതിന്റെ സൃഷ്ടിപ്പിന് പിറകില്‍ മറ്റു കാരണങ്ങളുണ്ട്. അഥവാ തത്ത്വശാസ്ത്രപരമായ അവലോകനങ്ങളില്‍ നിന്നും ഡിങ്കന്‍ സൃഷ്ടിയാണെന്നു വരും. ഇത്തരമൊന്നിന് സ്രഷ്ടാവാകാന്‍ കഴിയില്ല.

ബാലിശമായ ഈ വര്‍ത്തനമാനങ്ങളെയൊന്നും കാര്യമായ വിശകലനങ്ങള്‍ക്ക് എടുക്കേണ്ടതില്ല എന്നറിയാം. പക്ഷേ നാസ്‌തികരുമായുള്ള സംവാദങ്ങളില്‍ അത്തരമൊരു മാനദണ്ഡം പാലിക്കൽ ബുദ്ധിമുട്ടായി വരിക സ്വാഭാവികമാണ്. മറ്റ് കാര്യങ്ങളിലെല്ലാം ശരാശരി മനുഷ്യര്‍ക്ക് സമാനമായി സംസാരിക്കുന്ന ഡോക്കിൻസ് മതവുമായി ബന്ധപ്പെട്ട വിഷയങ്ങളിലെത്തുമ്പോള്‍ മാത്രം വളരെ ബാലിശമായ യുക്തിയില്‍ പെരുമാറുന്നതായി കാണുന്നു എന്ന വിമര്‍ശനമുണ്ടായിട്ടുണ്ട്. ആസ്ഥാന ദാര്‍ശനികരുടെ കോലം ഇതാണെങ്കില്‍ ഞമ്മടെ ലോക്കല്‍ നാസ്‌തികരുടെ നിലവാരമില്ലായ്മയില്‍ പരിഭ്രമിച്ചിട്ട് കാര്യമില്ലല്ലോ.

print

1 Comment

  • ആസ്തികതയും നാസ്തികതയും നേർക്കുനേർ കാണാനിരിക്കുന്ന ജനുവരി 9നു മുന്പ്, നാസ്തികതയുടെ നിർവചനവും പരിധികളും പരാധീനതകളും വ്യക്തമാക്കിത്തരുന്ന വൈജ്ഞാനിക ലേഖനം. ഡിങ്കനിസത്തെക്കുറിച്ച അവസാന ചർച്ച ആദ്യഭാഗ ചർച്ചയിലെ മർമ്മത്തിൽ നിന്ന് വായനക്കാരൻറെ ശ്രദ്ധ തിരിക്കുമൊ എന്ന സന്ദേഹമുണ്ട്.

    Kabeer M. Parali 05.01.2021

Leave a comment

Your email address will not be published.