നാസ്തികതക്കെന്ത് ധാർമികത!? യുക്തിവാദീ മാഷിന് മറുപടി ..

//നാസ്തികതക്കെന്ത് ധാർമികത!? യുക്തിവാദീ മാഷിന് മറുപടി ..
//നാസ്തികതക്കെന്ത് ധാർമികത!? യുക്തിവാദീ മാഷിന് മറുപടി ..
ആനുകാലികം

നാസ്തികതക്കെന്ത് ധാർമികത!? യുക്തിവാദീ മാഷിന് മറുപടി ..

Print Now
‘മതം ഉപേക്ഷിക്കൂ, മനുഷ്യനാകൂ… എന്നൊരു ചപലവും നിലവാരമില്ലാത്തതുമായ മുദ്രാവാക്യം കുറച്ചു മാസങ്ങള്‍ക്ക് മുമ്പ് വരെ സമൂഹമാധ്യമങ്ങള്‍ വഴി നാസ്തികര്‍ വ്യാപകമായി പ്രചരിപ്പിച്ചിരുന്നു. ന്യൂനാല്‍ ന്യൂനപക്ഷമായ നിരീശ്വരജീവികള്‍ തങ്ങളുടെ നിരീശ്വര വിശ്വാസത്തെ അംഗീകരിക്കാത്തവരെയൊന്നും മനുഷ്യരായിപ്പോലും ഗണിക്കില്ല എന്നു ഒരു ബഹുസ്വര സമൂഹത്തില്‍കിടന്ന് ഉറക്കെപ്പാടി ശബ്ദമലിനീകരണം ഉണ്ടാക്കുന്നതിലെ അല്‍പത്തരം തുറന്നുകാട്ടി അന്നുതന്നെ കേരളീയ സമൂഹം അതിനോട് പ്രതികരിച്ചതാണ്.

ഈ നവനാസ്തികതയുടെ ചപലമായ യുക്തിവാദ വര്‍ഗീയതയോടുള്ള പ്രതികരണമെന്ന നിലക്കാണ് ‘മതം ഉപേക്ഷിച്ച് മനുഷ്യനല്ല മാലിന്യമാണ് ആവുക’ എന്ന തലക്കെട്ടില്‍ സ്‌നേഹസംവാദം വെബ്‌സിനില്‍ ഈയടുത്ത് ഞാനും ഒരു ലേഖനം എഴുതിയത്. മതം ഉപേക്ഷിച്ച് (നിരീശ്വര) മനുഷ്യനാകാന്‍ പറയുന്നവരുടെ ആശയ ചാപല്യതയെ മനസ്സിലാക്കിക്കൊടുക്കാന്‍ ആ ലേഖനത്തില്‍ പ്രധാനമായും ഉന്നയിച്ചിരുന്ന ചോദ്യങ്ങളുടെ രത്‌നച്ചുരുക്കം ഇങ്ങനെയാണ്.

നാസ്തികനായാല്‍ മാനവികതയുണ്ടാകുമെന്നു പറയാന്‍ നിരീശ്വര വിശ്വാസത്തില്‍ എവിടെയാണ് മാനവികതയ്ക്കും ധാര്‍മികതയ്ക്കുമൊക്കെ അടിത്തറ?
കേവലം പദാര്‍ത്ഥമിശ്രിതമായ കുരങ്ങന്‍ പരിണമിച്ചുണ്ടായ മറ്റൊരു മൃഗമായ മനുഷ്യന്‍ ഇവിടെ ആരുടെ നിയമങ്ങള്‍ അനുസരിക്കണം?
തന്റെ സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്ക് വിഘാതമായി നിലനില്‍ക്കുന്ന കേവലം മനുഷ്യനിര്‍മിതമായ നിയമങ്ങള്‍ക്ക് എന്തിനു വഴങ്ങണം?
ഓരോ മനുഷ്യന്റെയും യുക്തി വ്യത്യസ്തമാണ്. ആരുടെ യുക്തിക്ക് തോന്നുന്ന നന്മയാണ് ഇവിടെ നന്മ? ആരുടെ യുക്തിക്ക് തോന്നുന്ന തിന്മയാണ് തിന്മ?
ഭൗതികവാദത്തിന്റെ കാഴ്ചപ്പാടില്‍ വളരെ യാദൃശ്ചികമായി കിട്ടിയതും മരിച്ചാല്‍ മറ്റൊരിക്കല്‍ ലഭിക്കാത്തതുമായ ഈ ജീവിതത്തെ പരമാവധി മുതലാക്കുക എന്നതാണ് സ്വാര്‍ത്ഥമായ മനുഷ്യന്റെ യുക്തിയെന്നിരിക്കെ മറ്റൊരാള്‍ക്ക് തിന്മയായി ഭവിക്കുമെന്നതുകൊണ്ടുമാത്രം തനിക്ക് സുഖം നല്‍കുന്ന ഒന്നിനെ മനുഷ്യന്‍ എന്തിന് ഉപേക്ഷിക്കണം?
പരിണാമപരമായി ഭക്ഷണത്തിലും ലൈംഗികതയിലും അതിജീവിതത്തിനുമെല്ലാം സ്വാര്‍ത്ഥയുക്തി പ്രയോഗിച്ചവരാണ് അതിജീവനത്തിനു യോഗ്യരായവര്‍. ജീവശാസ്ത്രപരമായി തന്നെ ജനിതകത്തില്‍ സ്വാര്‍ത്ഥത പേറുന്ന ഈ മനുഷ്യന്‍ എന്തിനു മറ്റുള്ളവരുടെയും സമൂഹത്തിന്റെയും അവകാശങ്ങളെയും അവകാശ ലംഘനങ്ങളെയും പരിഗണിക്കണം? ധാര്‍മികതയ്ക്ക് പോലും അടിസ്ഥാനമില്ലാത്തവര്‍ക്ക് എന്ത് അധാര്‍മികത? എന്ത് അവകാശം? എന്ത് അവകാശലംഘനങ്ങള്‍? എന്ത് മാനവികത?

യാതൊരു ധാര്‍മിക മാനവിക അടിത്തറയുമില്ലാതെ ഞങ്ങളാണ് മാനവകിതയുടെ അപ്പോസ്തലരെന്നും ഞങ്ങളുടെ നിരീശ്വരവിശ്വാസം ഉള്‍ക്കൊള്ളാതെ മാനവികത ഉണ്ടാവുകയില്ലെന്നുമൊക്കെ വിഡ്ഡിത്തം പറയുന്നവർക്ക് ലേശമൊക്കെ ബോധോദയം ഉണ്ടാകാന്‍ ഈ പറഞ്ഞ ചോദ്യങ്ങളെയൊക്കെ തന്നെ ഒന്നു സത്യസന്ധമായി അഭിമുഖീകരിച്ചാല്‍ മതി. എന്നാല്‍ ഒരു പ്രമുഖ നാസ്തിക ഗ്രൂപ്പിലൂടെ ആ ലേഖനത്തിനോട് പ്രതികരണമറിയിച്ച് സുപ്രസിദ്ധ യുക്തിവാദി നേതാവ് എഴുതിയ ലേഖനത്തിലൊരിടത്തും ഞാന്‍ ഉന്നയിച്ച നാസ്തിക വിമര്‍ശനങ്ങള്‍ക്കോ ചോദ്യങ്ങള്‍ക്കോ മറുപടി തരുന്നില്ലെന്നു മാത്രമല്ല അവയെ സ്പര്‍ശിക്കുക കൂടെ ചെയ്യുന്നില്ല അദ്ദേഹം!
അദ്ദേഹം ആ ലേഖനത്തിലൂടെ ആകെ ചെയ്യുന്നത് കുറേ മറുചോദ്യങ്ങളും വിമര്‍ശനങ്ങളും അറിയിക്കുക മാത്രമാണ്. അഥവാ ആ ലേഖനത്തില്‍ ഉന്നയിച്ച വിമര്‍ശനങ്ങളെല്ലാം ഒരു യുക്തിവാദി നേതാവിനുപോലും മറുപടി നല്‍കാന്‍ കഴിയാത്ത തരത്തില്‍ സത്യങ്ങളായിത്തന്നെ നിലനില്‍ക്കുന്നു. ചുരുക്കത്തില്‍ ധാര്‍മികരാഹിത്യം തന്നെയാണ് നാസ്തികത.

നമുക്കറിയാം സമൂഹത്തില്‍ ഏതൊരാശയവും ആദര്‍ശവും നിലനില്‍ക്കുന്നത് അതിന്റെ യുക്തിപരമായ അടിത്തറ കൊണ്ടും സാമൂഹ്യ ഉന്നതിക്ക് അനുഗുണമായ അതിന്റെ ആശയവശ്യത കൊണ്ടും ധാര്‍മിക മാനവിക മൂല്യങ്ങള്‍ കൊണ്ടും ഒക്കെയാണ്. ഇനി ഈ ഗുണങ്ങളില്‍ എന്താണ് അവകാശപ്പെടാനായി നിരീശ്വര ആശയങ്ങളില്‍ ഉള്ളതെന്നു നോക്കാം.
ഒന്നാമതായി നാസ്തികതയുടെ അടിത്തറ തന്നെ ദൈവമില്ലെന്ന വാദമാണ്. എന്നാല്‍ ഇന്നോളമുള്ള ചരിത്രത്തിലെവിടെയും ദൈവമില്ലെന്ന് ഒരു തെളിവിന്റെയോ ന്യായത്തിന്റെയോ ബലത്തില്‍ സ്ഥാപിക്കാന്‍ ഭൂലോക നാസ്തികര്‍ക്കാര്‍ക്കും ഇന്നുവരെ സാധിച്ചിട്ടില്ല.

അങ്ങനെ ദൈവമില്ലെന്നു സ്ഥാപിക്കാന്‍ സമീപഭാവിയില്‍പോലും തങ്ങള്‍ക്ക് കഴിയില്ലെന്ന് തോന്നിത്തുടങ്ങിയതു കൊണ്ടായിരിക്കാം ഒന്നില്ലായെന്നു തെളിയിക്കാന്‍ ആര്‍ക്കും കഴിയില്ലെന്നും ഒരസ്തിത്വം ഇല്ലെന്നു വാദിക്കുന്നത് തെളിവിനാല്‍ സ്ഥാപിക്കാവുന്ന (Provable) വാദമല്ലെന്നും നവനാസ്തികര്‍ തന്നെയിന്ന് സ്റ്റേജുകളില്‍ കയറി പറഞ്ഞു തുടങ്ങിയിരിക്കുന്നു. അഥവാ നിരീശ്വരവാദത്തിന്റെ അടിസ്ഥാന ആദര്‍ശം തന്നെ തെളിയിക്കാന്‍ കഴിയാത്തതാണെന്നും (Non provable) അതിനാല്‍ തെളിവ് (Evidence) ഇല്ലാതെയാണ് തങ്ങള്‍ ദൈവമില്ലെന്നു വിശ്വസിച്ച് നടക്കുന്നതെന്നും അതുകൊണ്ട് തന്നെ തെളിവില്ലാതെ ഒന്നിനെ അന്ധമായി നിഷേധിച്ചും അതിനുവേണ്ടി വാദിച്ചും ജീവിതം കളയുന്ന നാസ്തികരെല്ലാം വെറും അന്ധവിശ്വാസികള്‍ മാത്രമാണെന്നും ഈ നവനാസ്തികരുടെ വാദങ്ങളില്‍ നിന്നും തന്നെ തെളിയുന്നു!

രണ്ടാമതായി ഒരാശയത്തിന്റെ നിലനില്‍പ് സാമൂഹ്യ ഉന്നതിക്ക് അനുഗുണമായി മാനവികമോ ധാര്‍മികമോ ആയ മൂല്യവത്തായ അതിന്റെ ആദര്‍ശങ്ങള്‍ കൊണ്ടാണ്. ഇവിടെയും നിരീശ്വരവാദത്തിന്റെ കാര്യമെടുത്തു നോക്കിയാല്‍ നാസ്തികര്‍ തന്നെ സമ്മതിക്കുന്നപോലെ കേവലമൊരു ദൈവമില്ലാ വാദത്തിലുപരി കൃത്യമായൊരു ധാര്‍മിക വീക്ഷണമോ (Objective Morality) മാനവിക മൂല്യബോധമോ നാസ്തികയ്ക്കില്ല.

ഇത്രയും പരിശോധിച്ചതില്‍ നിന്നുതന്നെ നാസ്തികതയെ ഇങ്ങനെ വിലയിരുത്താം.
നിരീശ്വരവാദത്തിന് അതിന്റെ അടിസ്ഥാന ആദര്‍ശവും വിശ്വാസവുമായ ദൈവമില്ലാ വാദത്തിനുതന്നെ യാതൊരു തെളിവും ന്യായവുമില്ല. അതിനാല്‍ നിരീശ്വരവാദം ഒരന്ധവിശ്വാസം മാത്രമാണ്. സാമൂഹ്യ ഉന്നതിക്കനുഗുണമായി ഒരാശയവും നാസ്തികതയ്ക്ക് നല്‍കാനില്ല! അതിനാല്‍ നിരീശ്വരവാദം എന്നത് ഒരാശയ ദാരിദ്ര്യവും കൂടിയാണ്. ദൈവനിഷേധ പ്രസ്ഥാനങ്ങൾ ചുമക്കുന്നത് എത്ര ബാലിശമായ ചിന്തയാണെന്ന് ബോധ്യമാകാൻ ഈ ചെറിയൊരു അവലോകനം തന്നെ ധാരാളമാണ്.

മാഷ് ഉന്നയിച്ച വിമര്‍ശനങ്ങള്‍ക്കെല്ലാം മറുപടി പറഞ്ഞു തുടങ്ങുന്നതിനു മുമ്പ് മാഷ് നാസ്തിക വിശ്വാസത്തെ തന്നെയൊന്ന് പുനഃപരിശോധിച്ച് തുടങ്ങണം. ദൈവമില്ലെന്ന ഒരു പ്രാകൃത അന്ധവിശ്വാസത്തിനും, അത് ചുമക്കുന്ന ധാര്‍മികരഹിതമായ ആശയശൂന്യതക്കും വേണ്ടി മറ്റു മതദര്‍ശനങ്ങളെയെല്ലാം അപഹസിച്ചും പരദൂഷണം പറഞ്ഞും നടക്കുന്നത് എത്ര വലിയ അല്‍പത്തവും വിഡ്ഡിത്തവുമാണെന്ന് മാഷിന് മനസ്സിലാകാന്‍ ഇത്തരമൊരു പുനരാലോചന ഉപകരിക്കും.

ഇനി മാഷ് എഴുതിയ മറുപടിയിലേക്കു വരാം. മാഷ് മറുപടി എഴുതി തുടങ്ങുന്നതുതന്നെ സ്‌നേഹസംവാദത്തില്‍ ഉന്നയിച്ച വിമര്‍ശനങ്ങള്‍ക്കെല്ലാം നിരവധി തവണ പല വേദികളിലായും പല കുറിപ്പുകളിലായും മുമ്പേ മറുപടി തന്നതാണെന്നും എന്നിട്ടും ഇത്തരം വിമര്‍ശനങ്ങള്‍ ആവര്‍ത്തിക്കുന്നത് ആശയപാപ്പരത്തമാണെന്നും ആരോപിച്ചാണ്. വാസ്തവത്തില്‍ നാസ്തികത നേരിടുന്ന ധാര്‍മികരാഹിത്യം മറച്ചുവെക്കാനായി നിരവധി പ്രോഗ്രാമുകളിലൂടെ നാസ്തികതയ്ക്ക് കുറേ വ്യാഖ്യാനിച്ചൊപ്പിക്കേണ്ടി വന്നിട്ടുണ്ട് എന്നത് യാഥാര്‍ത്ഥ്യമാണ്.
റിച്ചാര്‍ഡ് ഡോക്കിന്‍സ് മുതല്‍ രവിചന്ദ്രന്‍ വരെയുള്ളവരുടെ അത്തരം വ്യാഖ്യാന കസര്‍ത്തുകള്‍ ഞാന്‍ കേട്ടതുമാണ്. എന്നാല്‍ നാസ്തിക ആശയങ്ങള്‍ക്ക് ധാര്‍മിക അടിത്തറ ഇല്ലാത്തതുകൊണ്ട് തന്നെ അങ്ങനെയൊരു ധാര്‍മിക അടിത്തറയുടെ ആവശ്യം ഞങ്ങള്‍ക്കില്ലായെന്നു നിരുത്തരവാദിത്തപരമായി പറയുന്ന വഷളന്‍ വ്യാഖ്യാനങ്ങള്‍ അല്ലാതെ മറുപടി എന്നു പറയാന്‍ മാത്രമൊന്നും അവയില്‍ ഒന്നുമില്ല. ഇനി അഥവാ ഇതല്ലാത്ത വല്ല സ്‌പെഷ്യല്‍ മറുപടികളും മാഷിന്റെ കയ്യില്‍ ഉണ്ടായിരുന്നെങ്കില്‍ എനിക്ക് മറുപടി എഴുതിയെ ലേഖനത്തിലെങ്കിലും അവ ഉദ്ധരിക്കണമായിരുന്നു. അത് ചെയ്യാതെ തന്റെ കയ്യില്‍ യമണ്ടന്‍ മറുപടികള്‍ ഉണ്ടെന്നു വീമ്പുപറയുന്നതുകൊണ്ട് എന്തര്‍ത്ഥമാണുള്ളത്?

അഥവാ മുന്നേ മറുപടി തന്ന വിമര്‍ശനങ്ങളെ ആവര്‍ത്തിക്കുകയാണ് ഞാന്‍ ചെയ്തതെന്ന വാദം തന്നെ അടിസ്ഥാനരഹിതമാണ്. മാത്രമല്ല മറുപടി തന്ന വിമര്‍ശനങ്ങള്‍ ആവര്‍ത്തിച്ചാല്‍ ആശയ പാപ്പരത്തം ആണതെന്നാണ് മാഷ് ലേഖനത്തില്‍ പറയുന്നത്. വാസ്തവത്തില്‍ ഇതുതന്നെയാണ് ഞങ്ങളും പറയുന്നത്!
മുസ്‌ലിം ലോകം മറുപടി തന്നിട്ടില്ലാത്ത എന്തു സ്‌പെഷ്യല്‍ വിമര്‍ശനമാണ് മാഷിന്റെ കയ്യില്‍ മാത്രമായി ഉള്ളത്? മുസ്‌ലിം ലോകം പലയാവര്‍ത്തി മറുപടി പറഞ്ഞു കഴിഞ്ഞ വിമര്‍ശനങ്ങളെത്തന്നെയല്ലേ മാഷും ആവര്‍ത്തിച്ചു പറഞ്ഞു നടക്കുന്നത്.! എങ്കില്‍ മാഷ് ഈ ചെയ്യുന്നതൊക്കെ ആശയ പാപ്പരത്തവും ഗതികേടും അല്ലാതെയന്താണ്?

ധാര്‍മികതയുടെ കാര്യത്തില്‍ ഇസ്‌ലാമിലെ സ്വര്‍ഗ സങ്കല്‍പത്തെ മോഹിച്ചും നരക സങ്കല്‍പത്തെ ഭയന്നുമാണോ മനുഷ്യന്‍ നന്മ ചെയ്യേണ്ടത് എന്ന സ്ഥിരം നാസ്തിക ചോദ്യത്തെ മാഷും എനിക്കെഴുതിയ മറുപടി ലേഖനത്തില്‍ ആവര്‍ത്തിക്കുന്നുണ്ട്.
വാസ്തവത്തില്‍ തെറ്റ് ചെയ്യുന്നവരെ അതില്‍നിന്നും പിന്തിരിപ്പിക്കാന്‍ മാത്രം ഭയപ്പെടുത്തുന്നതു തന്നെയാണ് ഇസ്‌ലാമിലെ നരകവീക്ഷണം. നന്മ ചെയ്യുന്നവര്‍ക്ക് കൊതിപ്പിക്കുന്ന പ്രചോദനം തന്നെയാണ് ഇസ്‌ലാമിലെ സ്വര്‍ഗ വീക്ഷണവും.

എന്നാല്‍ ഇസ്‌ലാം മുന്നോട്ടുവെക്കുന്ന ധാര്‍മിക വ്യവസ്ഥിതി ഈ സ്വര്‍ഗ നരക സങ്കല്‍പങ്ങളില്‍ മാത്രമൊതുങ്ങുന്നവ അല്ല എന്നതാണ് യാഥാര്‍ത്ഥ്യം. അവയെ ആശയരഹിതമായ നാസ്തിക വീക്ഷണവുമായി ചേര്‍ത്ത് അപഗ്രഥനം ചെയ്താല്‍ നാസ്തികതയുടെ ഈ ധാര്‍മികരാഹിത്യം മാഷിനുതന്നെ ബോധ്യമാകും.
ഇസ്‌ലാം ആദ്യമായി മനുഷ്യരൊന്നടങ്കം ഒരു മാതാവില്‍നിന്നും പിതാവില്‍നിന്നും ആണെന്നും അതുകൊണ്ട് തന്നെ മനുഷ്യരെല്ലാം സഹോദരീസഹോദരന്‍മാരാണെന്നുമുള്ള വര്‍ഗീയ വിവേചനരഹിതമായ മാനവിക ആശയം പങ്കുവെക്കുന്നു. അതിനാല്‍ തന്നെ സമൂഹത്തെ ഒന്നടങ്കം സഹോദരസ്ഥാപനത്തു കാണുന്ന ഉയര്‍ന്ന സാമൂഹ്യ മാനവിക ബോധത്തിന് ഇസ്‌ലാം നിദാനമാകുന്നു.

ഇനി നാസ്തിക വീക്ഷണത്തിലെ സമൂഹത്തിന്റെ അവസ്ഥ നോക്കാം. നിരീശ്വര വീക്ഷണത്തില്‍ സമൂഹത്തിനു പോയിട്ട് മനുഷ്യനുപോലും സവിശേഷമൂല്യങ്ങള്‍ ഒന്നുമില്ല! ജീവികളെല്ലാം യാദൃശ്ചികമായ പരിണാമ പ്രക്രിയയുടെ ഉല്‍പന്നങ്ങള്‍ മാത്രമാണെന്നും മനുഷ്യനും അതിന്റെയൊരു ഭാഗം മാത്രമാണെന്നും സിദ്ധാന്തിക്കുന്നിടത്ത് മാനവികതയ്ക്ക് എന്താണ് പ്രസക്തി?
കുരങ്ങനും മനുഷ്യനും തമ്മില്‍ എന്തു മൂല്യ വ്യത്യാസമാണുള്ളത്? മറ്റു ജന്തുക്കളെയെല്ലാം സ്വന്തം ഉപയോഗത്തിനായി ചൂഷണം ചെയ്യുന്നവനാണ് മനുഷ്യന്‍. എങ്കില്‍ നാസ്തിക വീക്ഷണത്തില്‍ വെറും മനുഷ്യ ജന്തുവായ മറ്റുള്ളവരെ ചൂഷണം ചെയ്യുന്നതില്‍ എന്തു തെറ്റാണുള്ളത്? അല്ലെങ്കില്‍ തന്നെ നിരീശ്വര വിശ്വാസപ്രകാരം എങ്ങനെയാണ് ഒന്നു തെറ്റാകുന്നത്? ഒന്നിനെ തെറ്റെന്നു വിലയിരുത്താന്‍ എന്താണ് നാസ്തികതയില്‍ മാനദണ്ഡം?
മറ്റൊരാളെ ചൂഷണം ചെയ്യുന്നതിലൂടെ ഭൗതികസുഖവും നേട്ടങ്ങളും മനുഷ്യന് സമ്പാദിക്കാന്‍ കഴിയുന്നുണ്ട്. എങ്കില്‍ എന്തുകൊണ്ട് മനുഷ്യന്‍ ചൂഷണോപാധികള്‍ വെടിയണം? അങ്ങനെ വെടിയണമെന്നു പറയാന്‍ നാസ്തികതയിലൂന്നിയ എന്തു ന്യായമാണ് മാഷിനു പറയാനുള്ളത്?
നാസ്തികതയുടെ അടിസ്ഥാന ലോകവീക്ഷണത്തെ സംബന്ധിച്ച ഈ ചോദ്യങ്ങളിങ്ങനെ തുടര്‍ന്നുകൊണ്ടിരുന്നാല്‍ ഡോക്കിന്‍സിന്റെയും ഹിച്ചന്‍സിന്റെയും സാം ഹാരിസിന്റെയും ഭൂലോക നാസ്തിക രചനകള്‍ കുത്തിയിരുന്ന് വായിച്ചാലും മാഷിനു മറുപടി കിട്ടില്ല!
അതുകൊണ്ട് തല്‍ക്കാലം ഈ ചോദ്യങ്ങള്‍ക്ക് ഫുള്‍ സ്റ്റോപ്പ് ഇടുന്നു.
ഇനി മാഷ് ഒന്ന് സത്യസന്ധമായി വിലയിരുത്തുക.

വര്‍ഗ വര്‍ണ ദേശ ഭാഷാ വിഭാഗീതയകള്‍ക്ക് എല്ലാം അതീതമായി മനുഷ്യരെല്ലാം ഒരേ മാതാപിതാക്കളില്‍ നിന്നാണെന്നും അതുകൊണ്ട് അവരെല്ലാം സഹോദര മനുഷ്യരാണെന്നും ഒരു സമുദായമാണെന്നും അവര്‍ക്കൊരു ദൈവവും ഒരു ജീവിത വ്യവസ്ഥയുമാണെന്നുമൊക്കെയുള്ള സമ്പൂര്‍ണ ഏകത്വത്തിന്റെ ആശയം ഖല്‍ബുകളില്‍ നിറക്കുന്ന ഇസ്‌ലാമും മനുഷ്യരെപ്പോലും മൃഗങ്ങളായി കാണാന്‍ പ്രേരിപ്പിക്കുന്ന മാനവിക ധാര്‍മിക മൂല്യബോധങ്ങളോ ജീവിത വ്യവസ്ഥയോ …. നല്‍കാനില്ലാത്ത വരണ്ട നാസ്തിക ദര്‍ശനങ്ങളും എങ്ങനെയാണ് താരതമ്യം പോലും അര്‍ഹിക്കുക?

ഈ നിരീശ്വര ആശയ പാപ്പരത്തത്തില്‍ മാഷിനു തന്നെ നല്ല ബോധ്യമുണ്ടാകുമെന്നാണ് ഞാന്‍ കരുതുന്നത്. അതല്ലാതെ നാസ്തികതയ്ക്ക് എന്തെങ്കിലും മഹിമയുണ്ടെന്നു കണ്ടാണ് താങ്കള്‍ നിരീശ്വര വിശ്വാസിയായതെങ്കില്‍ അതിന്റെ ഗുണങ്ങള്‍ വര്‍ണിക്കുന്ന ധാരാളം നാസ്തിക വര്‍ണന സാഹിത്യങ്ങള്‍ താങ്കളില്‍ നിന്നുണ്ടായേനെ! എന്നാല്‍ അതിനുമാത്രം വലിയ നിലവാരമൊന്നും നാസ്തികതയ്ക്കില്ലെന്ന പൂര്‍ണബോധ്യം മാഷിനുള്ളതു കൊണ്ടായിരിക്കണമല്ലോ പരിപാടികളിലൊന്നും താങ്കള്‍ നിരീശ്വരവാദം പറയാതെ കേവലം ഇസ്‌ലാമിനെ പരദൂഷണം പറയുന്നതില്‍ മാത്രം നിമജ്ഞനായിരിക്കുന്നത്. ഇസ്‌ലാം വിമര്‍ശനം എന്ന പേരില്‍ കുറേ പരദൂഷണ വര്‍ത്തമാനങ്ങള്‍ പറഞ്ഞു നടക്കുന്നതും ഇസ്‌ലാമിനെ അപഹസിക്കുന്നതും എല്ലാം വാസ്തവത്തില്‍ നിരീശ്വര വിശ്വാസത്തിന്റെ നിലവാരമില്ലായ്മയെ മാത്രമാണ് കാണിക്കുന്നത് എന്നു മാഷ് തിരിച്ചറിയണം.

ഒരു ദര്‍ശനത്തിനു മുന്നില്‍ തന്റെ ആശയങ്ങള്‍ കൊണ്ട് പിടിച്ചുനില്‍ക്കാന്‍ കഴിയില്ല എന്ന് പൂര്‍ണ ബോധ്യം ഉണ്ടാകുന്നിടത്തു നിന്നാണ് സ്വന്തം ആശയം പറയുന്നത് നിര്‍ത്തി മറ്റു ദര്‍ശനങ്ങളെ ആക്ഷേപിച്ചും പരദൂഷണം പറഞ്ഞും ആശ്വാസം തേടേണ്ടി വരുന്നത്. എങ്കില്‍ മാഷ് ജീവിതത്തിന്റെ വലിയൊരു കാലയളവ് തന്നെ ഇസ്‌ലാമിനെ പരദൂഷണം പറയാന്‍ ഉഴിഞ്ഞുവെക്കുന്നെങ്കില്‍ എത്ര വലിയൊരു ആശയ പാപ്പരത്തവും ഗതികേടുമാണിത്?

തന്റെ മനസ്സിലെ വൃത്തികെട്ട ചിന്തകള്‍ക്ക് ജനസമ്മതിയുണ്ടാക്കിയെടുക്കാന്‍ ഹിറ്റ്‌ലറും ഉപയോഗിച്ചത് നിരന്തരമായി എതിര്‍ ആശയക്കാര്‍ക്കെതിരെ പരദൂഷണം പറയുക എന്ന മാഷിനു സമാനമായ പ്രോപഗണ്ട തന്നെയായിരുന്നു. ഒരു നുണ ഒരിക്കല്‍ മാത്രം പറയുമ്പോള്‍ അത് നുണയാകുന്നു. പലയാവര്‍ത്തി അതാവര്‍ത്തിക്കുമ്പോള്‍ സത്യമെന്നു ജനങ്ങള്‍ വിശ്വസിക്കുന്നു എന്ന ഗീബല്‍സിയന്‍ ബുദ്ധിയെ ഹിറ്റ്‌ലര്‍ പ്രയോഗവല്‍ക്കരിച്ചതിനു സമാനമായി തന്നെയാണ് മാഷും ഉപയോഗിക്കുന്നത്.
ഉത്തരേന്ത്യയിൽ മുസ്‌ലിം ശരീരങ്ങള്‍ കത്തുമ്പോഴും ഫാഷിസത്തിന്റെ പ്രയോഗവല്‍ക്കരണവും ആള്‍ക്കൂട്ട കൊലപാതകങ്ങളും കണ്‍മുന്നില്‍ അരങ്ങു തകര്‍ക്കുമ്പോഴും ആദ്യം മുസ്‌ലിംകള്‍ നല്ല മനുഷ്യരാകട്ടെ എന്നും മലപ്പുറത്ത് മുസ്‌ലിംകള്‍ അധികമുള്ളതുകൊണ്ട് അവിടെ കുറ്റങ്ങളും കൂടുതലാണ് എന്നുമൊക്കെ നിര്‍ലജ്ജം എഴുതിവിടുന്ന താങ്കളുടെ മതവിദ്വേഷ, ഇസ്‌ലാം വിരുദ്ധ സാഹിത്യങ്ങളെ അല്‍പമെങ്കിലും മാനവിക ബോധമുണ്ടെങ്കില്‍ താങ്കള്‍ തന്നെ എരിച്ചു കളഞ്ഞേനെ!

ഇത്രയും പറഞ്ഞുവന്നത് മതമുപേക്ഷിച്ച് മനുഷ്യനാകാന്‍ പറയുന്ന താങ്കളുടെ മാനവിക നിലവാരം ബോധ്യമാക്കിത്തരാന്‍ കൂടിയാണ്. ഇനിയും സമയം വൈകിയിട്ടില്ല! മാഷ് ഈ മതവിദ്വേഷത്തിന്റെ നിരീശ്വരമതം ഉപേക്ഷിക്കൂ… നല്ലൊരു മനുഷ്യനാകൂ…

(മറുപടി തുടരും)

7 Comments

 • Well said

  Afsal 19.07.2019
 • Excellent…

  Shameer s 19.07.2019
 • വൈക്കോലുണ്ടയുമായി വീണ്ടും !
  പലവുരു വിശദീകരിച്ചിട്ടും പഴയ ചവറു ചോദ്യങ്ങളുമായി പിന്നെയും ചർവ്വിതചർവ്വണം നടത്തുന്ന സംവാദക്കാർ തങ്ങളുടെ മരുന്നില്ലായ്മയുടെയും വിഷയദാരിദ്രത്തിൻ്റെയും പടുകുഴിയിൽ കിടന്നു നിലവിളിക്കുകയാണു .
  യുക്തിവാദവും സ്വതന്ത്രചിന്തയും മാനവികതയുമൊക്കെ അവർ കൂട്ടിക്കെട്ടി നാസ്തികത എന്ന വൈക്കോലുണ്ടക്കുള്ളിലാക്കി ഒളിപ്പിച്ചു വെച്ചാണു പുതിയ നിലവിളി.

  ഞാൻ പല തവണ വിശദമാക്കിയ കാര്യമാണു നാസ്തികത എന്ന കേവലാശയമല്ല സ്വതന്ത്ര ചിന്തയുടെ ആകെ സത്ത . ദൈവം ഉണ്ടോ ഇല്ലേ എന്നതല്ല മനുഷ്യൻ്റെ ചിന്താവിഷയം. കേരളത്തിലെ യുക്തിചിന്താപ്രസ്ഥാനം രൂപം കൊണ്ടതു തന്നെ നവോഥാനപ്രസ്ഥാനത്തിൻ്റെ ഭാഗമെന്ന നിലയിലാണു. മനുഷ്യനെ മനുഷ്യനായി കാണാൻ പരിശീലിപ്പിക്കുകയും അതിനു വിഘാതമായി നിൽക്കുന്ന മൂഡവിശ്വാസങ്ങളെയും പാരമ്പര്യ മൂല്യങ്ങളെയും ചോദ്യം ചെയ്യുകയും ചെയ്തുകൊണ്ടാണു ഈ പ്രസ്ഥാനം വന്നത്. പട്ടിക്കും പൂച്ചക്കുമുള്ള അവകാശങ്ങൾ പോലും മനുഷ്യരിൽ ഒരു വിഭാഗത്തിനു നിഷേധിക്കപ്പെട്ടിരുന്ന ഒരു കാലത്തു മനുഷ്യാവകാശങ്ങൾക്കായുള്ള പോരാട്ടത്തിൻ്റെ ഭാഗമായാണു നവോഥാനവും സ്വതന്ത്ര ചിന്തയുമൊക്കെ കേരളസമൂഹത്തിലേക്കു കടന്നു വരുന്നത്. അതിൻ്റെ ഭാഗമായാണു ഞങ്ങളൊക്കെ ഈ പ്രസ്ഥാനത്തിൻ്റെ ഭാഗമാകുന്നതും.
  ഞാൻ ജനിച്ചുവളർന്ന സമുദായത്തിൽ മതാന്ധവിശ്വാസം മൂലം ഒരു സമൂഹം സാമൂഹ്യമായും ധാർമ്മികമായും പിന്നാക്കാവസ്ഥയുടെ ചളിക്കുണ്ടിലാണ്ടു കിടക്കുന്ന യാഥാർത്ഥ്യം ഉൾക്കൊണ്ടുകൊണ്ട് ആ സമൂഹത്തിലും വിശ്വാസമുക്തമായ സ്വതന്ത്ര ചിന്തയുടെ കാറ്റും വെളിച്ചവും കടത്താനുള്ള ഒരു എളിയ ശ്രമം എന്ന നിലയിലാണു ഞാനും ഈ പ്രസ്ഥാനത്തോടൊപ്പം സഞ്ചരിച്ചു തുടങ്ങിയത്.
  എൻ്റെ മതനിരാസം തന്നെ കേവലം ദൈവാസ്തിക്യവുമായി ബന്ധപ്പെട്ട കാര്യമേയല്ല. ദൈവം ഒരു കാലത്തും ഞാനൊരു മുഖ്യ ചർച്ചാവിഷയമായി എടുത്തിട്ടുമില്ല. മറിച്ച് മാനവിക ധാർമ്മികതയ്ക്കും മനുഷ്യപുരോഗതിക്കും ഇസ്ലാം എന്ന അന്ധവിശ്വാസം എത്രമാത്രം വിഘാതമാകുന്നു എന്നതിലായിരുന്നു എൻ്റെ ശ്രദ്ധ. കുർ ആനിലും ഹദീസിലും മറ്റു മതപ്രമാണങ്ങളിലുമുള്ള മനുഷ്യത്വവിരുദ്ധവും പ്രാകൃതവും അധാർമ്മികവുമായ കാര്യങ്ങളെ എടുത്തു കാണിച്ചു ഈ മതം ദൈവനിർമ്മിതമല്ല എന്നും ഇതു അപരിഷ്കൃത മനുഷ്യൻ്റെ വികലവും വികൃതവുമായ ഭാവനയിൽ ഉരുവം കൊണ്ട കെട്ടുകഥയാണു എന്നുമാണു ഞാൻ ഇതുവരെയും പറയാൻ ശ്രമിച്ചിട്ടുള്ളത്.
  ഇവിടെയാണു നമ്മുടെ സംവാദക്കാരുടെ സ്റ്റ്രോമാൻ എഴുന്നള്ളിപ്പിലെ കാപട്യവും കുടികൊള്ളുന്നത്.
  മാനവികതയിലൂന്നിയുള്ള മതവിമർശനങ്ങളെ വൈക്കോലുണ്ടയ്ക്കുള്ളിൽ ഒളിപ്പിച്ച് കേവലമായ നാസ്തികത എന്ന ഒരു നോക്കുകുത്തിയെ പൊക്കിക്കാട്ടിയുള്ള കസർത്താണിത്. മതത്തിനെതിരെ പ്രമാണങ്ങളും രേഖകളും തെളിവുകളും നിരത്തി നടത്തി വന്നിട്ടുള്ള ഒരൊറ്റ വിമർശനത്തിനും മറുവാദമില്ലാതെ കുഴയുമ്പോൾ മറ്റു മാർഗ്ഗമില്ലാതെ വിഷമിക്കുകയാണിവർ.

  ഇനി സംവാദകൻ്റെ ചില ചർവ്വിതചർവ്വണ ചോദ്യങ്ങൾ ഒരിക്കൽ കൂടി പരിശോധിക്കാം.

  “….
  നാസ്തികനായാല്‍ മാനവികതയുണ്ടാകുമെന്നു പറയാന്‍ നിരീശ്വര വിശ്വാസത്തില്‍ എവിടെയാണ് മാനവികതയ്ക്കും ധാര്‍മികതയ്ക്കുമൊക്കെ അടിത്തറ?

  കേവലം പദാര്‍ത്ഥമിശ്രിതമായ കുരങ്ങന്‍ പരിണമിച്ചുണ്ടായ മറ്റൊരു മൃഗമായ മനുഷ്യന്‍ ഇവിടെ ആരുടെ നിയമങ്ങള്‍ അനുസരിക്കണം?

  തന്റെ സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്ക് വിഘാതമായി നിലനില്‍ക്കുന്ന കേവലം മനുഷ്യനിര്‍മിതമായ നിയമങ്ങള്‍ക്ക് എന്തിനു വഴങ്ങണം?

  ഓരോ മനുഷ്യന്റെയും യുക്തി വ്യത്യസ്തമാണ്. ആരുടെ യുക്തിക്ക് തോന്നുന്ന നന്മയാണ് ഇവിടെ നന്മ? ആരുടെ യുക്തിക്ക് തോന്നുന്ന തിന്മയാണ് തിന്മ?

  ഭൗതികവാദത്തിന്റെ കാഴ്ചപ്പാടില്‍ വളരെ യാദൃശ്ചികമായി കിട്ടിയതും മരിച്ചാല്‍ മറ്റൊരിക്കല്‍ ലഭിക്കാത്തതുമായ ഈ ജീവിതത്തെ പരമാവധി മുതലാക്കുക എന്നതാണ് സ്വാര്‍ത്ഥമായ മനുഷ്യന്റെ യുക്തിയെന്നിരിക്കെ മറ്റൊരാള്‍ക്ക് തിന്മയായി ഭവിക്കുമെന്നതുകൊണ്ടുമാത്രം തനിക്ക് സുഖം നല്‍കുന്ന ഒന്നിനെ മനുഷ്യന്‍ എന്തിന് ഉപേക്ഷിക്കണം?…”

  മാനവികതയ്ക്കും ധാർമ്മികതയ്ക്കും “നിരീശ്വരവിശ്വാസത്തിൽ” എവിടെയാണു അടിത്തറ എന്ന ചോദ്യം തന്നെ വൈക്കോലുണ്ടയാണു. നിരീശ്വരവിശ്വാസം എന്നൊന്നില്ല. ഈശ്വരവിശ്വാസം എന്നതിനു തെളിവില്ലാത്തതിനാൽ ആ വിശ്വാസത്തെ നിരാകരിക്കുക മാത്രമാണു നാസ്തികർ ചെയ്യുന്നത്. അതൊരു “വിശ്വാസ”മല്ല. വിശ്വാസമില്ലായ്മയാണു.

  മാനവികതയും ധാർമ്മികതയും വിശ്വാസമോ വിശ്വാസമില്ലായ്മയോ ആയി ബന്ധപ്പെട്ട കാര്യമേയല്ല. അതു സാമൂഹ്യബോധവുമായി ബന്ധപ്പെട്ടതാണു. നാസ്തികരായാലും ആസ്തികരായാലും സന്ദേഹികളായാലും പ്രകൃതിവാദികളായാലും മറ്റേതു ആശയക്കാരായാലും മനുഷ്യൻ ഒരു സാമൂഹ്യ ജീവിയാണു. അതായതു സംഘജീവിതം മാത്രം സാധ്യമായ ഒരു ജീവിവർഗ്ഗം. മനുഷ്യൻ എന്ന ജീവി പദാർത്ഥം പരിണമിച്ചുണ്ടായതായാലും കുരങ്ങു പരിണമിച്ചുണ്ടായതായാലും കളിമണ്ണുകൊണ്ടു ഉരുട്ടിക്കുഴച്ചുണ്ടാക്കിയതായാലും ഇന്നു മനുഷ്യൻ ഒരു ജീവിയായി ജീവിക്കുന്നു എന്നതും മനുഷ്യൻ ഒരു സംഘജീവിയായാണു ജീവിക്കുന്നത് എന്നതും ഒരു യാഥാർത്ഥ്യമാണല്ലോ. അതാർക്കും നിഷൃധിക്കാനുമാവില്ല. ഈ സമൂഹ ജീവിതം എന്ന യാഥാർഥ്യത്തിനുള്ളിൽ മാത്രമാണു മാനവികത, ധാർമ്മികത, മനുഷ്യത്വം നന്മ തിന്മ തുടങ്ങിയ സങ്കല്പങ്ങൾക്കെല്ലാം സാംഗത്യം ഉള്ളത്.

  ഇന്ന് പരിഷ്കൃത മനുഷ്യർ പ്രകൃതിയിലെ അന്യ ജീവിവർഗ്ഗങ്ങളോടും എമ്പതി കാണിക്കുന്ന വിധം ധാർമ്മികതയെ വികസിപ്പിച്ചുകൊണ്ടും ഇരിക്കുന്നു.
  സാമൂഹ്യ ജീവിതം സുഗമവും സന്തോഷകരവും സമാധാനപരവും ആകണമെങ്കിൽ സമൂഹത്തിലെ അംഗങ്ങളായ വ്യക്തികൾ പരസ്പരം ചില ചട്ടങ്ങളും മര്യാദകളും നിയമങ്ങളുമൊക്കെ പാലിക്കേണ്ടതുണ്ട് എന്നതു ഒരു ഉയർന്ന സാമൂഹ്യ ബോധത്തിൻ്റെ ഭാഗമായി ഉണ്ടാകേണ്ട തിരിച്ചറിവാണു. അവിടെ ദൈവത്തിനു യാതൊരു പങ്കും ഇല്ല. ധാർമ്മികതയും മാനവികതയും ഒന്നും ദൈവത്തിൻ്റെ ആവശ്യമല്ല, മനുഷ്യൻ്റെ ആവശ്യമാണു. അതൊന്നും ഇല്ലാതെ ഓരോ വ്യക്തിയും അവരവർക്കു തോന്നിയപോലെ പ്രവർത്തിച്ചാൽ ആ പ്രവർത്തിക്കുന്നവർക്കു പോലും സുഖമായും സമാധാനമായും സന്തോഷമായും ജീവിതം ആസ്വദിക്കാനാവില്ല എന്നതു മനസ്സിലാക്കാൻ ഒരു ദൈവത്തിൻ്റെയും വെളിപാടോ തിട്ടൂരമോ ആവശ്യമില്ല. സ്വതന്ത്രമായി ചിന്തിക്കുന്ന മനുഷ്യർക്കാണു ഏറ്റവും ഉയർന്ന നിലയിൽ സാമൂഹ്യ ചിന്തയും മാനവബോധവും ഉൾക്കൊള്ളാനാവുക. അന്ധവിശ്വാസികൾക്ക് ആ വിശ്വാസം രൂപം കൊണ്ട പ്രാകൃത ഗോത്രകാല ചിന്തയിൽ അള്ളിപ്പിടിച്ചിരിക്കാൻ മാത്രമേ കഴിയൂ. അതുകൊണ്ടു തന്നെയാണു മതവാദി ഇപ്പോഴും അപരിഷ്കൃതത്വം മുറുകെ പിടിക്കുന്നതും മര്യാദയുള്ള ഒരു ഭാഷ പോലും ഉപയോഗിക്കാതെ ഉറഞ്ഞു തുള്ളുന്നതും.

  സ്വാർഥ ചിന്ത എല്ലാ ജീവികളിലുമെന്ന പോലെ മനുഷ്യനിലും സഹജമായി ഉണ്ട്. പരിണാമം സമ്മാനിച്ച അതിജീവന ഉപായങ്ങളിലൊന്നാണത്. എന്നാൽ സംഘ ജീവിതത്തിൽ സ്വാർത്ഥതയെ മറി കടന്നു സംഘബോധം ഉയർന്ന ധാർമ്മികതയിലേക്കു വളർത്തിയെടുക്കേണ്ടതുണ്ട്. അതു പരിശീലനങ്ങളിലൂടെയും അനുഭവജ്ഞാനത്തിലൂടെയും വിദ്യാഭ്യാസത്തിലൂടെയുമൊക്കെ ആർജ്ജിക്കേണ്ട ഗുണമാണു. സ്വാർത്ഥതയും സാമൂഹികതയും തമ്മിലുള്ള ഒരു ഏറ്റുമുട്ടലാണു ഓരോ മനുഷ്യൻ്റെ ഉള്ളിലും നടക്കുന്ന ധാർമ്മിക സംഘർഷം. അവിടെ സ്വാർത്ഥതയെ നിയന്ത്രിക്കുകയും പരമാവധി വയക്തിസ്വാതന്ത്ര്യം അനുവദിക്കപ്പെടുകയും ചെയ്തുകൊണ്ടുള്ള ഒരു സന്തുലിത ജീവിതമാണു പരിഷ്കൃത സമൂഹം വിഭാവനം ചെയ്യുന്നത്.
  അപരിഷ്കൃത ഗോത്ര സമൂഹങ്ങളിൽ വ്യക്തികളെ ഗോത്ര സംഘ ജീവിതം പരിശീലിപ്പിക്കാൻ കെട്ടുകഥകളും അന്ധവിശ്വാസങ്ങളുമൊക്കെ ഉപയോഗപ്പെടുത്തിയിരുന്നു. എന്നാൽ സ്വയം തിരിച്ചറിവിലൂടെ ഉയർന്ന സാമൂഹ്യബോധം കൈവരിക്കാൻ കഴിയുന്ന ഒരു പരിഷ്കൃത ലോകത്തു ഈ കോത്താമ്പിക്കഥകൾക്കു പ്രസക്തിയില്ല. മാത്രമല്ല ആ കഥകൾ തന്നെ ഇക്കാലത്തു വലിയ അധാർമ്മികതയായി പരിണമിച്ചിട്ടുമുണ്ട്. അതിൻ്റെ ഉദാഹരണങ്ങളാണു മതവിമർശകർ നിരന്തരം ഇവിടെ ചൂണ്ടിക്കാട്ടുന്നത്.
  ആരുടെ യുക്തിക്കു തോന്നുന്നതാണു ശരി എന്ന ചോദ്യത്തിനുള്ള ഏറ്റവും ഫലപ്രദമായ ഉത്തരമാണു ആധുനിക ജനാധിപത്യം എന്ന സംസ്കാരം. മതങ്ങളും മറ്റു ഗോത്ര ആശയങ്ങളും ജനാധിപത്യം ഉൾക്കൊള്ളുന്നില്ല. പകരം ഏകാധിപധികളായ ഫാസിസ്റ്റുകളുടെ അടിമകളായി ജീവിക്കാൻ ഉപദേശിക്കുകയാണു ചെയ്യുന്നത്. ഇല്ലാത്ത ദൈവം ഈ ഫാസിസ്റ്റുകളുടെ ഡമ്മികളായി
  പ്രജകളെ കബളിപ്പിക്കുകയും ചെയ്യുന്നു.
  മനുഷ്യർക്കു വേണ്ട നിയമങ്ങളെല്ലാം മനുഷ്യർ തന്നെയാണു നിർമ്മിക്കുന്നത്. ദൈവത്തിൻ്റെ പേരിൽ വെളിപാടുകളായി ഉണ്ടാക്കിയതും മനുഷ്യർ തന്നെയാണു. ദൈവം “ഇറക്കി”ത്തന്ന വെളിപാടു നിയമങ്ങൾ പത്തു പേർക്കു പതിനെട്ടു കോലത്തിലാണു മനസ്സിലാക്കാൻ പറ്റുന്നത് എന്നതു കൊണ്ടാണല്ലോ മതം കാക്കത്തൊള്ളായിരം ഗ്രൂപ്പുകളായി പരസപരം പൊട്ടിത്തെറിച്ചു ചാവുകയും കൊല്ലുകയും ചെയ്യുന്നത്. ആരുടെ യുക്തിക്കു തോന്നുന്നതാണു ശരി എന്ന ചോദ്യം ആരുടെ യുക്തിയനുസരിച്ചു വ്യാഖ്യാനിക്കുന്നതാണു ശരി എന്നു കൂടി ചോദിക്കേണ്ടി വരുന്നു. ജനാധിപത്യത്തിൻ്റെ ബാലപാഠം പോലും ഉൾക്കൊള്ളാൻ മതം പഠിപ്പിക്കുന്നില്ല എന്നതിൻ്റെ ദുരന്തമാണത്.
  സ്വതന്ത്ര ചിന്തകരായ ജനാധിപത്യ വാദികൾക്ക് ഇതൊരു വലിയ പ്രശ്നമൊന്നുമല്ല. ഏതു കാര്യത്തിലും പരസ്പരസ്നേഹത്തോടെ ആശയസംവാദങ്ങൾ നടത്തി തീരുമാനത്തിലെത്താൻ ഉയർന്ന സാമൂഹ്യധാർമ്മിക ബോധമുള്ള പരിഷ്കൃത മനുഷ്യർക്കു കഴിയും. അതുകൊണ്ടു തന്നെയാണു ലോകം ഇന്നു മുൻ കാലങ്ങളെ അപേക്ഷിച്ചു സമാധാനവും സന്തോഷവും നിറഞ്ഞ ഒന്നായി മാറിയിട്ടുള്ളതും.

  ജീവിക്കാൻ കിട്ടിയ അവസരം മുതലാക്കുകയും തിന്മ ചെയ്യുകയും വേണം എന്നതു ഒരു വിഡ്ഢിയുടെ ഉപദേശം മാത്രമാണു. കാരണം തിന്മ ചെയ്തു ജീവിതം “മുതലാക്കാൻ” ശ്രമിക്കുന്നവർക്കു ജീവിതം അത്ര സുഖകരമൊന്നും ആവില്ല എന്നും സഹജീവികളുടെ സ്നേഹവും സഹകരണവും ആദരവും കിട്ടിയുള്ള ജീവിതമാണു തിനമ ചെയ്തുള്ള ഒളിജീവിതത്തെക്കാൾ സന്തോഷകരമാവുക എന്നും യുക്തിയുള്ളവർക്കൊക്കെ തിരിച്ചറിയാൻ കഴിയും. അത്തരം തിനമകൾ ചെയ്തു സഹജീവികളെ വഞ്ചിക്കാൻ ശ്രമിച്ച്ഗവർക്കു ഇവിടെ തന്നെ എന്തു സംഭവിച്ചു എന്നു ചിന്തിച്ചു നോക്കുക. അത്തരം ആളുകൾ സമൂഹത്തിൽ തീർത്തും അദൃശ്യരായും വെറുക്കപ്പെട്ടവരായും ഒറ്റപ്പെടുന്നു എന്നതിനു ഇവിടെ തന്നെ ഉദാഹരണങ്ങളുണ്ടല്ലൊ. അതു തന്നെയാണു തിനം ചെയ്യുന്നവർക്കുള്ള “ശിക്ഷ” !

  കൂടുതൽ വിശദമായ മറുപടി നൽകാൻ ആവശ്യമായതിനാൽ ഇനി ഏതാനും മറുചോദ്യങ്ങൾ അങ്ങോട്ടു ചോദിക്കാം:-
  ദൈവത്തിനു മനുഷ്യർ ധാർമ്മികതയോടെ ജീവിക്കുന്നതുകൊണ്ട് എന്താണു പ്രയോജനം? മനുഷ്യർക്കു പ്രയോജനമുള്ളതുകൊണ്ടാണു മനുഷ്യർ ധാർമ്മികത വികസിപ്പിച്ചിട്ടുള്ളത് എങ്കിൽ അതു തിരിച്ചറിയാൻ ദൈവത്തിൻ്റെ തിട്ടൂരം ആവശ്യമില്ലല്ലൊ.
  മനുഷ്യൻ ദൈവം നിർമ്മിച്ച നിയമങ്ങളാണു അനുസരിക്കേണ്ടതെങ്കിൽ ഏതു ദൈവം ഏതു കിതാബിൽ പറയുന്നതാണു അനുസരിക്കേണ്ടത്? അതിൻ്റെ യുക്തിയെന്ത്? കാക്കത്തൊള്ളായിരം “ദൈവീക” പ്രമാണങ്ങൾ ഉള്ളതിൽ ഒറിജിനൽ ഏതെന്നു കണ്ടെത്താനുള്ള മാനദൺഡമെന്ത്?

  എല്ലാ നന്മ കളും തിന്മകളും ദൈവം തന്നെയാണു സൃഷ്ടിച്ചതെന്നും തിന്മകളും ദൈവത്തിൽ നിന്നാണു വരുന്നതെന്നും പിശാചിനെ ദൈവമാണു സൃഷ്ടിച്ചു കയറൂരി വിട്ടതെന്നും മതം പറയുന്നു. എങ്കിൽ ഈ ദൈവത്തിനു സ്വയം ധാർമ്മികത ഉപദേശിക്കാൻ എന്തു യോഗ്യതയാണുള്ളത്?

  സ്വന്തം സൃഷ്ടികളെ പരീക്ഷണമൃഗങ്ങളാക്കി ചതിക്കുഴിയിൽ വീഴ്ത്തി അതിൻ്റെ പേരിൽ ആ ഗിനിപ്പന്നികളെ ശിക്ഷിക്കുമെന്നു ആക്രോശിക്കുന്ന ദൈവം നാളെ നീതി നടപ്പിലാക്കും എന്നു പറയുന്ന കഥയിൽ എന്തു യുക്തി? എന്തു ധാർമ്മികത?

  അടിമത്തം പോലുള്ള അതിനീചമായ സാമൂഹ്യ തിനമകളെ പ്പോലും യാതൊരു ഉളുപ്പുമില്ലാതെ ന്യായീകരിക്കുകയും തൻ്റെ അന്ത്യപ്രവാചകൻ ഉൾപ്പെടെ സകല ദൂതരെയും അടിമത്തത്തിൻ്റെ ഗുണഭോഗ്താക്കളാക്കി അവതരിപ്പിച്ചു “മാതൃക” കാട്ടുകയും ചെയ്ത ദൈവങ്ങൾക്കു മനുഷ്യരോടു ധാർമ്മികത ഉപദേശിക്കാൻ എന്തു യോഗ്യതയാണുള്ളത്?
  മനുഷ്യൻ എഴുതിപ്പടച്ച ഇമ്മാതിരി അധാർമ്മികതകളെയും മണ്ടത്തരങ്ങളെയും ഇല്ലാത്ത ദൈവങ്ങളുടെ പിരടിക്കു കെട്ടി ആ സങ്കല്പങ്ങളെ പോലും അവഹെളിക്കുകയല്ലേ മതം ചെയ്യുന്നത്?

  ഇ എ ജബ്ബാർ 20.07.2019
  • ധാർമ്മികതയുടെ അടിത്തറ സംവാദാത്മകതയാണെന്നാണ് പുതിയ വെളിപാട്. ഉന്നതമായ സാമൂഹ്യബോധമുള്ള സമൂഹങ്ങളിലുളള ശീലങ്ങളെന്തോഅതായിരിക്കും ഉത്തമ ധാർമ്മികത.
   അതെ ആ ഉട്ടോപ്യൻ സ്വർഗ്ഗത്തിലാണ് നമ്മുടെ മാഷ് വിശ്വസിക്കുന്നത്……???
   അപ്പോഴും ധാർമ്മികത എന്നത് തീർത്തും അമൂർത്തവും ദുർഗ്രഹവുമായ ഒരു പദാവലിയായി മാറുന്നു…..
   നേർത്തേ ചോദിച്ച ചോദ്യം തന്നെ ബാക്കി നിൽക്കുന്നു…
   മൃഗഭോഗം ഒരു സ്വീകാര്യമായ പ്രവൃത്തിയായി അംഗീകരിക്കാനുള്ള ശ്രമങ്ങൾ ചില രാജ്യങ്ങളിലെ ലിബറലുകൾ അഹമഹമികയാ നടത്തിക്കൊണ്ടിരിക്കുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു!!
   …. സംസ്കാരത്തിന്റ പര കോടിയിൽ വിരാജിക്കുന്ന രാജ്യങ്ങളായത് കൊണ്ട് അവ നമുക്ക് സ്വീകാര്യമായിരിക്കും!!!

   നമ്മുടെ ധാർമ്മികതയെ തകർക്കാൻ ഒരു സദാചാര വാദിയേയും അനുവദിക്കരുത്……

   ജാഗ്രതൈ??????????

   Shihab Tangal 21.07.2019
   • “ഉന്നതമായ സാമൂഹ്യബോധമുള്ള സമൂഹങ്ങളിലുളള ശീലങ്ങളെന്തോഅതായിരിക്കും ഉത്തമ ധാർമ്മികത.”

    നിന്റെയൊക്കെ ധാർമികതയായിയിരിക്കും ഇന്നോവയിലിട്ടു കുലുക്കുന്നതും, പാമരനെക്കൊണ്ട് മുടിവെള്ളം മുതൽ കീറകഷ്ണങ്ങളും, മണ്ണും, പൊടിപടങ്ങളും, വസിയിലെഴുതിയ മഷി കുടിപ്പിക്കുന്നതും, സിഹ്റും, ഒടിയും, അസ്മാഹും അങ്ങിനെ പരശ്ശതം കുണ്ടാമണ്ടികളും കള്ളക്കളികളും തട്ടിപ്പും വെട്ടിപ്പും ആളുകളെ പറ്റിക്കലും ഒക്കെ ചെയ്‌യുന്നത്‌ അല്ലേ?.
    ഇവിടെ ഏത്‌ മതഭ്രാന്തന്മാരുടെ സമൂഹത്തിനാണ് നീ ഈ പറയുന്ന ‘ഉന്നതമായ സാമൂഹ്യബോധമുള്ള സമൂഹങ്ങളിലുളള ശീലങ്ങളെന്തോഅതായിരിക്കും ഉത്തമ ധാർമ്മികത.’ നില നിൽക്കുന്നത്? കാക്കത്തൊള്ളായിരം മതങ്ങളും അവയുടെ അവാന്തര വിഭാഗങ്ങളും ഒക്കെ പറയുന്നു അവരാണ്‌ ശരി അവരുടെ ദൈവമാണ്‌ ശാരി അവരുടെ ധാർമികതയാണ് ശരി അവരുടെ സമൂഹമാണ് ഉത്തമം എന്ന്!. ഹോ….🤔🤔🤔
    ഓരോരുത്തരും ജനിച്ചു ജീവിച്ചുപോന്ന മാർഗം മുന്തിയ ഉന്നതമായ സാമൂഹ്യബോധമുള്ള സമൂഹമാണെന്ന് സ്ഥാപിക്കാൻ കണ്ണടച്ച് ശ്രമിക്കുന്നു. സ്വന്തം സമൂഹത്തിലെ ചീഞ്ഞളിഞ്ഞ ദുർഗന്ധം മൂടിവെച്ചു വെള്ള വസ്ത്രങ്ങൾ കൊണ്ടും താടിയും തലപ്പാവ് കൊണ്ടും നാട്‌ നാടാന്തരാം റോഡ് റോടാന്തരം കവലകൾ തോറും ഏലക്ക ഗീർവാണങ്ങളും, സ്വലാത്ത്കളും നടത്തിയത്‌കൊണ്ടും ഒന്നും മറക്കപ്പെടുന്നില്ല. – കാവിയും ജഡയും രുദ്രാക്ഷമാലയും ചുഴറ്റി ലോകത്തിലെ ഉന്നത സംസ്കാരമെന്ന സിന്ധു സംസ്കാരത്തിന്റെ അഹന്തയിൽ കൊലയും കലാപങ്ങളും ജാതിവെറിയും ജീവിത ഭക്ഷണ സ്വാതന്ത്ര്യം കശാപ്പ് ചെയ്യപ്പെടുന്നവരും പറയുന്നത്‌ താൻ പറഞ്ഞ ഉത്തമ ധാർമികതയാണോ? – ളോഹയും കുരിശ് മാലയും കുർബാനയും ഹിസ്റ്റീരിയ ബാധിച്ചപോലുള്ള ഉറഞ്ഞ്തുള്ളി രോഗശാന്തി പ്രഘോഷങ്ങളും കൃപാസാന പത്രങ്ങളും വിന്യസിച്ചു കൊണ്ടിരിക്കുന്നതാണോ താൻ പറഞ്ഞ ഉത്തമ ധാർമികത?.

    മതവും, ജാതിയും, വർഗ്ഗവിവേചനവും, വർഗ്ഗീയതയും (മതമായാലും രാഷ്ട്രീയമായാലും) വിട്ടൊഴിഞ്ഞവരുടെ ഉന്നതമായ സാമൂഹ്യബോധവും, ഉത്തമ ധാർമ്മികതയും പരശ്ശതം ദൈവങ്ങളെയും മതങ്ങളെയും അതിൽ കൂടുതൽ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും വർഗ്ഗീയ വിദ്വേഷവും വെച്ചു പുലർത്തുന്ന നീ പ്രതിനിധാനം ചെയ്യുന്ന അല്ലെങ്കിൽ അത്‌പോലുള്ള സമൂഹത്തിന് അവകാശപ്പെടാൻ ഉണ്ടോ?.

    നീ പറഞ്ഞ ഉന്നത സാമൂഹ്യബോധവും, ഉത്തമ ധാർമ്മികതയും ഞങ്ങൾ പലപ്പോഴും കണ്ടിട്ടുണ്ട് നിങ്ങൾ ഒരേ മത വിശ്വാസികൾ തന്നെ തമ്മിൽ തമ്മിൽ ചെയ്ത് കൂട്ടുന്നത്‌. AP കാരും EK കാരും പള്ളികള് പള്ളികളും മദ്രസ്സകളും തമ്മിൽ തമ്മിൽ അടിച്ചു തകർക്കുകയും ആക്രമിച്ച് പരിക്കേല്പിക്കുകയും ചെയ്യുന്നത്. കവലകൾ തോറും സ്റ്റേജുകൾ കെട്ടി തമ്മിൽ തമ്മിൽ ഭത്സക്കുന്നത്.! ഒരേ മതത്തിന്റെ അവാന്തര വിഭാഗങ്ങൾ തമ്മിൽ വേറേയും!. എണ്ണിയാളോടുങ്ങാത്തത് പറയാനുണ്ട്.!. ഉന്നത ധാർമികതയുമായി വന്നിരിക്കുന്നു…😂🤣😂🤣😂.

    Moosakutty Thandthulan 27.07.2019
  • വൈക്കോലുണ്ടയും മറ്റേ സാധനവും ഒക്കെ അവിടെ വെക്കൂ… നിങ്ങൾക് ധാർമികത ഉണ്ടോ? എന്ന ചോദ്യത്തിന് ജീവികൾ വികസിച്ചു മനുഷ്യൻ ആയെന്നും, മനുഷ്യന്റെ വികാസത്തിന് അനുസരിച്ചു ധാർമികതയുടെ മൂല്യം കൂടി വരുന്നു എന്നുമാണ്.. വിശ്വാസിയും നിരീശ്വര വിശ്വാസിയും ബുദ്ധിയുള്ളവരും ഇല്ലാത്തവരും എല്ലാം ചേർന്നിട്ടും ഉണ്ടാക്കാൻ കഴിയാത്തത്, ഒരു ബുദ്ധിയുമില്ലാത്ത കല്ലും മണ്ണും ലോഹവും ചൂടും പ്രകാശവും ഊർജവും ഒക്കെ കൂടി കുറെ കൊല്ലം സ്വയം പണിയെടുത്ത പ്രകൃതി, നമ്മുടെ തലച്ചോറും ജീവി വർഗ്ഗവും നക്ഷത്ര ഗോളങ്ങളും ഒക്കെ ഉണ്ടാക്കിയെങ്കില്, ഈ ധാർമിക മൂല്യവും പ്രകൃതി താനെ ഉണ്ടാക്കേണ്ടതല്ലേ, നിങ്ങൾ എന്തിനാണ് നിങ്ങളുടെ വിശ്വാസം പങ്കിടാത്ത മനുഷ്യനെ പരിഹസിക്കുന്നതും കൂക്കി വിളിക്കുന്നതും , സമയം നഷ്ടപ്പെടുത്തുന്നതും… നിങ്ങൾക് സ്വന്തമായി ഒരു ധാർമികതയും ഇല്ല താനും.. ആ സമയം കൊണ്ട് ശാസ്ത്രത്തിനു വല്ല സംഭാവനയും ചെയ്തൂടെ സഹോദരാ?

   MJ Sadhik 24.07.2019
 • ശാഹുൽക്ക താങ്കൾ ആ മാഷിെനെ േതേച്ചു ചുവരിലൊട്ടിചല്ലൊ. പൊളിച്ചു. ഇനിയും തുടരെട്ടെ മസ്തതിക്കത്തിന് തകരാർ സംഭവിച്ച ടീംസിനെ െതെച്ചൊട്ടിക്കുന്ന േലഖനങ്ങൾ

  Salmanul Faris Ap 24.07.2019

Leave a comment

Your email address will not be published.