നവനാസ്‌തികത മരണ ശയ്യയിലാണ്

//നവനാസ്‌തികത മരണ ശയ്യയിലാണ്
//നവനാസ്‌തികത മരണ ശയ്യയിലാണ്
ആനുകാലികം

നവനാസ്‌തികത മരണ ശയ്യയിലാണ്

Print Now
തങ്ങളാണ് സകല പ്രശ്‌നങ്ങള്‍ക്കും മൂലകാരണമെന്ന് ശഠിക്കുന്ന മത വിരോധ യുക്തിയിൽ തന്നെ ഒതുങ്ങാനാണ് നവനാസ്‌തികര്‍ അധികവും ശ്രമിച്ചിട്ടുള്ളത്. എന്നാല്‍ ആ ആവര്‍ത്തന വിരസതയെ ചോദ്യം ചെയ്തു തുടങ്ങിയ ചിലരെങ്കിലും ഇനിയെന്താണെന്ന് ആലോചിച്ചു തുടങ്ങിയിരിക്കുന്നു. നിരീശ്വര ദര്‍ശനങ്ങളുടെയെല്ലാം അടിസ്ഥാപരമായ ആശയപ്രതിസന്ധി വെളിവാകുന്നൊരു ഘട്ടം കൂടിയാണിത്. എന്തിനാണ് നാസ്‌തികത (Why Atheism) എന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്താന്‍ കഴിഞ്ഞെങ്കില്‍ മാത്രമേ അതനുസരിച്ച് ഇനിയെന്ത് എന്ന തീര്‍പ്പിലും എത്താന്‍ കഴിയൂ. എന്നാല്‍ നാസ്‌തികത അടിസ്ഥാനപരമായി ഒരു എതിര്‍പ്പ് യുക്തി മാത്രമാണ്, ക്രിയാത്മകമായി ഒന്നും ലക്ഷ്യം വെച്ചുള്ളതല്ല (Atheism is something against not something for). അതിനാല്‍ മതങ്ങള്‍ക്കെതിരെയുള്ള അന്ധമായ എതിര്‍പ്പ് അവസാനിപ്പിച്ച് ചിന്തിച്ചാല്‍ പിന്നെ ലോകത്തെയും ജീവിതത്തെയും സംബന്ധിച്ച ശൂന്യതയാണ് ഇതുകൊണ്ട് ഉണ്ടാകുന്നത്. അത്തരമൊരു ആശയപ്രതിസന്ധിയുടെ ഘട്ടത്തിലാണ് നാസ്‌തികലോകം ഇന്നുള്ളതെന്ന് വ്യക്തമായും പറയാം. കുതിരക്കാരില്‍ തന്നെ ഒരാളെന്നു വിശേഷിപ്പിക്കപ്പെടുന്ന സാം ഹാരിസ് ഈ പ്രതിസന്ധിയെ മുന്‍കൂട്ടി കണ്ട ആളാണ്. 2009ല്‍ റിച്ചാര്‍ഡ് ഡോക്കിന്‍സ് ഫൗണ്ടേഷന്‍ ദി ഫോര്‍ ഹോഴ്‌സ് മെന്‍ എന്ന തലക്കെട്ടില്‍ പങ്കുവെച്ച നാസ്‌തിക പ്രമുഖരുടെ ചര്‍ച്ചക്കിടെ തന്നെ അദ്ദേഹം ആത്മീയതയെ സംബന്ധിച്ച തന്റെ ചിന്ത പങ്കുവെക്കുന്നത് കാണാം. നിലവില്‍ ആത്മീയത മതങ്ങളുടെ മാത്രമെന്തോ ആണെന്ന ചിന്തയാണ് ഉള്ളതെന്നും അതിന് ബദലായി മതരഹിത ആത്മീയതയെന്ന ആശയം വികസിപ്പിക്കുകയാണ് വേണ്ടതെന്നും ഹാരിസ് പറയുന്നു. ശേഷം അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളുടെ തന്നെ സിംഹഭാഗം ഈ രംഗത്തെ കേന്ദ്രീകരിച്ചാണെന്നു കാണാം. വേക്കിംങ് അപ് എ ഗൈഡ് ടു സ്പിരിച്യാലിറ്റി വിത്തൗട്ട് റിലീജിയൻ (waking up a guide to spirituality without religion) എന്നത് അദ്ദേഹത്തിന്റെ ഈ രംഗത്ത് അറിയപ്പെടുന്നൊരു കൃതിയാണ്. ഇതിനുമുമ്പും ശേഷവും നാസ്‌തികലോകത്തുനിന്നും പുതിയൊരുതരം ആത്മീയതയെ വികസിപ്പിക്കാനുള്ള പല ശ്രമങ്ങളുമുണ്ടായി.

വാസ്‌തവത്തില്‍ നാസ്‌തിക ലോകത്തുനിന്നുമുള്ള ഈ ശ്രമങ്ങള്‍ മനുഷ്യനൊരു ആത്മീയ ജീവിയാണെന്ന് പ്രാഥമികമായി തെളിയിക്കുകയാണ് ചെയ്യുന്നത്. നിരീശ്വരത്വം കൊണ്ട് സ്വത്വപരമായി മനുഷ്യനെ തൃപ്തിപ്പെടുത്താന്‍ കഴിയില്ലെന്ന ബോധ്യം തന്നെയാണ് ഇത്തരം ശ്രമങ്ങളുടെയും കാതല്‍. ആത്മീയത(Spirituality)ക്ക് കൃത്യമായി നിര്‍ണയിക്കപ്പെട്ട ഏക നിർവചനം അവകാശപ്പെടാൻ ഇല്ലാത്തത് കൊണ്ടുതന്നെ ഭൗതികവാദത്തില്‍ നിന്നുകൊണ്ട് സ്വീകരിക്കാവുന്നൊരു നിര്‍വചനത്തെ തെരഞ്ഞെടുക്കുകയും പ്രചരിപ്പിക്കുകയുമാണ് ഈ നവആത്മീയതയുടെ കുതിരക്കാര്‍ ചെയ്യുന്നത്. ആന്തരികമായി ബോധതലത്തില്‍ അനുഭവിക്കാവുന്നൊരു സമാധാനമായാണ് സാം ഹാരിസ് ഇതിനെ വ്യാഖ്യാനിക്കുന്നത്[1]. ചില മാനസിക വ്യായാമങ്ങളെയും ഇതിനായി അദ്ദേഹം പരിചയപ്പെടുത്തുന്നു. എന്നാല്‍ ഇത്തരം മസ്തിഷ്ക സര്‍ക്കസുകള്‍ക്ക് അര്‍ത്ഥം ആരോപിക്കാന്‍ കഴിയാതാകുന്നുവെന്നതാണ് ഭൗതികവാദത്തിന്റെ തലത്തില്‍ നിന്നൊരു ആത്മീയതയെന്ന ചിന്തയെ ബാലിശമാക്കുന്നത്.

ഉദാഹരണത്തിന് ഇസ്‌ലാമിനകത്തെ ആത്മീയാരാധനകള്‍ ദൈവവുമായുള്ള ബന്ധപ്പെടലും അനുസരണവും കൂടിയാണ്. അതുകൊണ്ട് തന്നെ അതില്‍ ആത്മീയത അര്‍ത്ഥമുള്ളതും, കാര്യകാരണമുള്ളതും ആകുന്നു. ആ സ്ഥാനത്ത് ഭൗതികതയല്ലാതെ മറ്റൊന്നും നിലനില്‍ക്കുന്നില്ലെന്നു കരുതുന്നവര്‍ ഏത് ആത്മീയാനുകരണങ്ങള്‍ നടത്തിയാലും അര്‍ത്ഥരഹിതമാകുമത്. കേവലം സ്വന്തത്തെ എക്‌സീപീരിയന്‍സ് ചെയ്യിക്കല്‍ മാത്രമാണ് ഉദ്ദേശമെന്ന് എത്ര വാദിച്ചാലും അത് പ്രാക്ടീസ് ചെയ്യുന്നവര്‍ ഒരു സമയമെത്തുമ്പോള്‍ അത്തരം കേവല അനുകരണങ്ങളുടെ അര്‍ത്ഥമില്ലായ്മയില്‍ അതൃപ്തരാകും.

ഉദാഹരണത്തിന് സാം ഹാരിസ് തന്നെ തന്റെ പോഡ്കാസ്റ്റില്‍ ‘ആത്മീയവും മാനസികവുമായ മെച്ചപ്പെടലിന് നന്ദി പ്രകടിപ്പിക്കുന്നവരാവുക’ എന്നു നിര്‍ദേശിക്കുന്നുണ്ട്[2]. കൃതജ്ഞത കാണിക്കുന്നത് മാനസികമായ മെച്ചപ്പെടലിന് സഹായിക്കുന്നുണ്ട് എന്ന ശാസ്ത്രീയ പഠനങ്ങളെ ഉദ്ദരിച്ചാണ് അദ്ദേഹം ഇതു പറയുന്നത്. എന്നാല്‍ ഒരു ഭൗതികവാദി ഇത് പറയുന്നിടത്ത് കൃത്യമായ വൈരുധ്യങ്ങളുണ്ട്. പ്രത്യേകിച്ച് പ്രപഞ്ചത്തില്‍ എല്ലാം അതിന്റെ മുന്‍ അവസ്ഥകളുടെ പരിണിതഫലം മാത്രമാണെന്നും (Deterministic) മനുഷ്യനുപോലും സ്വതന്ത്ര ഇച്ഛയില്ലെന്നും വാദിക്കുന്ന ഹാരിസ് അതു പറയുന്നത് അബദ്ധമാണ്. സര്‍വ്വതും യാദൃശ്ചികതകളും ആകസ്മികതകളും മാത്രമാണെങ്കില്‍ അവ എങ്ങനെയാണ് നന്ദി അര്‍ഹിക്കുന്നത്? അര്‍ഹിക്കുന്നില്ലെങ്കിലും സ്വന്തത്തിന്റെ സന്തോഷത്തിനായി ഇതാകാം എന്നാണ് വാദമെങ്കില്‍ അത്തരമൊരു കേവല അനുകരണത്തെയാണ് അര്‍ത്ഥമില്ലായ്മ എന്നുകൂടി പറയുന്നത്. ഇതിനെ ഇസ്‌ലാമുമായി താരതമ്യം ചെയ്താല്‍ ദൈവത്തോട് ആത്യന്തികമായ നന്ദി പ്രകടിപ്പിക്കാന്‍ കല്‍പിക്കുകയും വിശുദ്ധ ഗ്രന്ഥത്തിലെ ആദ്യവചനങ്ങള്‍ തന്നെ അങ്ങനെ നന്ദി പറഞ്ഞ് ആരംഭിക്കുകയും ചെയ്യുന്നതാണ് കാണാന്‍ കഴിയുക. ഇത് മനുഷ്യന്റെ സ്വാഭാവികവും ആത്മീയവുമായ തേട്ടത്തെ തൃപ്തിപ്പെടുത്തുന്നു എന്നുമാത്രമല്ല റീസണബ്ള്‍ കൂടിയാക്കുന്നു.

നാസ്‌തികത സ്വത്വപരമായി നേരിടുന്ന ആശയദാരിദ്ര്യത്തെ മറികടക്കാന്‍ മതവുമായി ബന്ധപ്പെട്ട ദൈവമൊഴിച്ചുള്ളതിനെയെല്ലാം ഹൈജാക്ക് ചെയ്യുക എന്നതാണ് നാസ്‌തികലോകത്ത് കാണുന്ന മറ്റൊരു അതിജീവനശ്രമം. 2012ല്‍ ബ്രിട്ടീഷ് തത്ത്വചിന്തകനും എഴുത്തുകാരനുമായ അലെന്‍ ഡെ ബൊട്ടൊണ്‍ (Alan De Botton) പ്രസിദ്ധീകരിച്ച റിലീജിയന്‍ ഫോര്‍ എത്തീസ്റ്റ്സ് (Religion for Atheists) എന്ന കൃതി നാസ്‌തികരോട് മതത്തില്‍നിന്നും പഠിക്കാനാവശ്യപ്പെടുന്നതാണ്. മതത്തിന്റെതായ കൂട്ടായ്മാബോധവും ആഘോഷങ്ങളും നല്ല അധ്യാപനങ്ങളും നാസ്‌തികലോകത്തേക്ക് പകര്‍ത്താമെന്ന് അദ്ദേഹം പറയുന്നു. നാസ്‌തികരുടെതായ ചര്‍ച്ചുകൾ പോലും സ്ഥാപിക്കാമെന്നും അങ്ങനെ മതങ്ങള്‍ക്ക് സാമൂഹ്യസ്വീകാര്യത കൊടുക്കുന്നതെന്തിനെയും നാസ്‌തികവല്‍കരിച്ചുകൊണ്ടുള്ള പരിണാമത്തെ രണ്ടാം നാസ്‌തികത(Atheism 2.0)യെന്നും അദ്ദേഹം വിശേഷിപ്പിക്കുന്നു.[3]

നാസ്‌തികതയെ മതവല്‍കരിക്കാനുള്ള ഇത്തരം ശ്രമങ്ങള്‍ ഒഴിച്ചുനിര്‍ത്തിയാല്‍ നവനാസ്‌തിക തരംഗങ്ങള്‍ കെട്ടടങ്ങിയ സാമൂഹ്യഗതിയാണ് അന്താരാഷ്ട്രതലത്തില്‍ കാണാനാവുന്നത്. പൊതുവില്‍ മതങ്ങള്‍ക്കെതിരെയെല്ലാം വലിയ ആക്രമണശബ്ദമായിരുന്ന ക്രിസ്റ്റഫര്‍ ഹിച്ചന്‍സ് 2011 ഡിസംബര്‍ 15ന് അന്തരിച്ചു. വലിയ നവനാസ്‌തിക ബുദ്ധിജീവിയായ റിച്ചാര്‍ഡ് ഡോക്കിന്‍സ് പക്ഷേ തത്ത്വചിന്തകരുമായൊന്നും സംവദിക്കാനില്ലെന്ന വാശിയിലാണ്. ക്രൈസ്തവലോകത്ത് നിന്നും അറിയപ്പെടുന്ന വലിയ സംവാദകനായ വില്യം ലേന്‍ ക്രേഗിന്റെ സംവാദക്ഷണം ഇതുവരെ ഡോക്കിന്‍സ് സ്വീകരിച്ചിട്ടില്ല. തത്ത്വചിന്തകരോ സംവാദകരോ ആയ ആളുകളുമായുള്ള സംവാദം തനിക്ക് ക്ഷീണം തന്നെയാണെന്നും ഡോക്കിന്‍സ് ഒരു ചോദ്യോത്തരവേളയില്‍ സമ്മതിക്കുന്നുണ്ട്.[4] മുസ്‌ലിം ലോകത്തുനിന്നുള്ള സംവാദക്ഷണങ്ങളെയും ഡോക്കിന്‍സ് കണ്ടില്ലെന്നു വെക്കുകയാണ്.

തന്റെ ഗോഡ് ഡെല്യൂഷനുശേഷം മറ്റൊരു മതവിമര്‍ശനഗ്രന്ഥമായി ഡോക്കിന്‍സ് രചിച്ച ഔട്ട് ഗ്രോവിങ് ഗോഡ് (Our Growing God) എന്ന കൃതിയ്ക്ക് വലിയ ശ്രദ്ധയൊന്നും നേടാനായില്ല. ആമസോണില്‍ തന്നെ എത്തീസം എന്ന ഭാഗത്തുപോലും പബ്ലിഷ് ചെയ്ത് രണ്ടോ മൂന്നോ ആഴ്ച മാത്രമാണ് അത് ബെസ്റ്റ് സെല്ലറായി നിന്നത്. അതിനപ്പുറം കാര്യമായി ഒരു ഇടപെടലും ഈ രംഗത്ത് ഡോക്കിന്‍സിന്റെതായി കാണുന്നില്ല. അവസാനനാളുകളിലെ വിശ്രമജീവിതത്തിലാണ് അദ്ദേഹമെന്നു തന്നെ പറയാം. ഡാനിയല്‍ ഡെനറ്റും ഇത്തരം ബൗദ്ധികസംവാദമണ്ഡലത്തിന്റെ തിരശ്ശീലക്കുപുറത്താണ്. കുതിരക്കാരില്‍ അവശേഷിക്കുന്ന സാം ഹാരിസ് തന്നെ വില്യം ലേന്‍ ക്രേഗും ജോര്‍ദാന്‍ പീറ്റേഴ്‌സണും എല്ലാം ആയുള്ള തുടര്‍ച്ചയായുള്ള സംവാദങ്ങളില്‍ പരാജയമാവുകയായിരുന്നു. അതിനുശേഷം മതരഹിത ആത്മീയതയെന്ന വീക്ഷണത്തെ വികസിപ്പിക്കുന്നതിലാണ് ഹാരിസിന്റെ ഇടപെടലുകള്‍ അധികവും.
നവനാസ്‌തികലോകത്തിന്റെ ഈ പതനത്തിന്റെ കാരണങ്ങളെ ഇങ്ങനെ സംഗ്രഹിക്കാം.

1. ദുര്‍ബലമായ വാദങ്ങളെ ആശ്രയിച്ചു.
2. ബൗദ്ധികമായി പിന്‍മുറക്കാരെ നിര്‍മിക്കാന്‍ കഴിയാതെ പോയി.
3. കേവല മതവിമര്‍ശനങ്ങളും ദൈവനിരാസവാദങ്ങളും ആവര്‍ത്തന വിരസത ഉണ്ടാക്കി.
4. ഡോക്കിന്‍സിനെയും ഹിച്ചന്‍സിനെയും പോലുള്ള ലോകനേതാക്കള്‍ തന്നെ പല സംവാദങ്ങളിലും പരാജയം നേരിട്ടു.
5. മതവിമര്‍ശനങ്ങളെ വംശീയ വിരോധങ്ങള്‍ക്കും ഉപയോഗിച്ചു തുടങ്ങിയത് പൊതു സമൂഹത്തിന്റെ തന്നെ എതിര്‍പ്പിന് കാരണമായി.
6. കേവല നിരാസത്തിനപ്പുറം ഒരു ബദല്‍ വ്യവസ്ഥയെ മുന്നോട്ടുവെക്കാന്‍ കഴിഞ്ഞില്ല.
7. മതതത്ത്വചിന്തകരുടെ ഭാഗത്തുനിന്നും ശക്തമായ ബൗദ്ധിക തിരിച്ചടി ഉണ്ടായി.
8. ശക്തമായി ദൈവനിരാസത്തെ സമര്‍ത്ഥിക്കാന്‍ ഒരുവാദം ഇല്ലാതായത് അതിന്റെ സംവാദ നിലവാരമില്ലായ്മയെ തെളിയിച്ചു.
9)മനുഷ്യന്റെ നൈസർഗ്ഗിക ആത്മീയ ചോതനകളെ പാടേ അവഗണിച്ചു.
10) മത നിർമ്മിതമായ സാമൂഹ്യ സംഘ ബോധത്തെ നാസ്‌തികത കൊണ്ട് പുനർ നിർമ്മിക്കാൻ ആകുന്നില്ല.
11) ദൈവാസ്ഥിത്വത്തെ ഫിലോസഫിക്കലായി സമർത്ഥിക്കുന്ന വാദങ്ങളെ ഖണ്ഡിക്കാൻ കഴിയാതെ പോയി.

മതവിമര്‍ശനങ്ങള്‍ക്ക് സ്‌കോപ്പുണ്ടായിരുന്ന ഒരു സാമൂഹ്യക്രമത്തിലാണ് നവനാസ്‌തിക ചിന്തകള്‍ക്ക് ലോകശ്രദ്ധ നേടാനായതെന്ന് മുകളില്‍ പറഞ്ഞല്ലോ. അത്തരമൊരു സാമൂഹ്യഗതിയെ ആശ്രയിച്ച് ഒരുകാലത്ത് തരംഗമാകാന്‍ നവനാസ്‌തികതയ്ക്ക് കഴിഞ്ഞെങ്കിലും അതിനെ നിലനിര്‍ത്താനുള്ള ബൗദ്ധികനിലവാരം നാസ്‌തിക ചിന്തകള്‍ക്കില്ലാതെ പോയി. ഒരു സമയത്തെ സ്വാഭാവിക കുതിപ്പിന് ഇപ്പുറം നവനാസ്‌തികത പതനത്തിലാണ് എന്ന് ഇതില്‍നിന്നും വ്യക്തമായും സംഗ്രഹിക്കാം.

കുറിപ്പുകൾ

[1] sam harris,the real meaning of spirituality.

[2] https://youtu.be/vVxR6Eg7nyM
[3] Religion without God: Alain de Botton on “atheism 2.0.” – https://www.vox.com/conversations/2016/10/6/13172608/religion-lent-atheism-christianity-god-alain-de-botton
[4] richard Dawkins says he won’t debate William lane craig- https://youtu.be/JFamS4RGE_A

2 Comments

  • good

    sabeer 16.09.2021
  • good

    sabeer 16.09.2021

Leave a comment

Your email address will not be published.