നവനാസ്തികർ ശാസ്ത്രത്തെ അപനിർമ്മിക്കുകയാണ് -3

//നവനാസ്തികർ ശാസ്ത്രത്തെ അപനിർമ്മിക്കുകയാണ് -3
//നവനാസ്തികർ ശാസ്ത്രത്തെ അപനിർമ്മിക്കുകയാണ് -3
ആനുകാലികം

നവനാസ്തികർ ശാസ്ത്രത്തെ അപനിർമ്മിക്കുകയാണ് -3

Print Now
രുപതാം നൂറ്റാണ്ടിലെ ശാസ്ത്രീയ മുന്നേറ്റങ്ങള്‍ക്കു മുമ്പില്‍ ദാര്‍ശനികമായി തകര്‍ന്ന നിരീശ്വരവാദത്തെ പുനര്‍ജ്ജീവിപ്പിക്കുവാനുള്ള പരിശ്രമങ്ങള്‍ക്കാണ് ഈ ആധുനിക കാലഘട്ടത്തില്‍ നമ്മള്‍ സാക്ഷ്യം വഹിച്ചുക്കൊണ്ടിരിക്കുന്നത്. റിച്ചാര്‍ഡ് ഡോക്കിന്‍സ്, സാം ഹാരിസ്, ഡാനിയല്‍ ഡെന്നറ്റ്, ക്രിസ്റ്റഫര്‍ ഹീച്ചിങ്‌സ് തുടങ്ങിയവര്‍ നേതൃത്വം നല്‍കുന്ന രണോല്‍സുക നിരീശ്വരവാദമാണ് നവനാസ്തികത എന്ന പേരില്‍ ഇന്ന് അറിയപ്പെടുന്നത്.

പ്രപഞ്ചോല്‍പ്പത്തിയുമായി ബന്ധപ്പെട്ട നവനാസ്തികരുടെ ചര്‍ച്ചകള്‍ പരിശോധിക്കുമ്പോള്‍ നമുക്ക് കാണാന്‍ കഴിയുന്നത് പ്രപഞ്ചം സ്വയംഭൂവായി രൂപപ്പെടും എന്ന് സൈദ്ധാന്തികമായി സ്ഥാപിച്ചെടുക്കാനുള്ള പരിശ്രമങ്ങളാണ് അവര്‍ പ്രധാനമായും നടത്തിക്കൊണ്ടിരിക്കുന്നത് എന്നതാണ്. ഇതിനുവേണ്ടി ക്വാണ്ടം ബലതന്ത്രത്തെയും ഊര്‍ജ്ജ സംരക്ഷണനിയമത്തെയുമാണ് ഇവര്‍ പ്രധാനമായും ദുര്‍വ്യാഖ്യാനം ചെയ്യുന്നത്. 2012 ല്‍ പുറത്തിറങ്ങിയ Universe from nothing എന്ന പുസ്തകം പരിശോധിക്കുമ്പോള്‍ ഈ വസ്തുത നമുക്ക് മനസ്സിലാക്കാന്‍ സാധിക്കും.(24) ഭൗതിക ലോകത്ത് സാധാരണയായി ദൃശ്യമാവുന്ന കാര്യകാരണ ബന്ധം പ്രപഞ്ചോല്‍പ്പത്തി സമയത്ത് ബാധകമായിരുന്നില്ലെന്നും അതുകൊണ്ടുതന്നെ പ്രപഞ്ചോല്‍പ്പത്തിക്ക് പിന്നില്‍ ഒരു കാരണം അന്വേഷിക്കുന്നത് യുക്തിവിരുദ്ധമാണ് എന്നുമാണ് അവര്‍ സമര്‍ത്ഥിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്.

നവനാസ്തികരുടെ ഇത്തരം സമര്‍ത്ഥനങ്ങള്‍ കേരളത്തിലെ ഭൗതികവാദികളേയും വല്ലാതെ സ്വാധീനിച്ചിട്ടുണ്ട്. ‘Universe from nothing’ എന്ന ഗ്രന്ഥത്തില്‍ നിന്നും പ്രചോദനം ഉള്‍കൊണ്ട് അവര്‍ എഴുതുന്നത് കാണുക ”പ്രപഞ്ചസൃഷ്ടിക്ക് പിന്നില്‍ പ്രവര്‍ത്തിച്ച അജ്ഞാതശക്തി എന്താണ്? അഥവാ പ്രപഞ്ചസൃഷ്ടിയുടെ കാരണം എന്താണ്? നിയതമായ ഒരു കാരണമില്ലാതെതന്നെ പ്രപഞ്ചമുടലെടുക്കാമെന്ന് പാര്‍ട്ടിക്കിള്‍ ഫിസിക്‌സിലെ പഠനങ്ങള്‍ പറയുന്നു. ദൈവശാസ്ത്രങ്ങളെ മുഴുവന്‍ അപ്രസക്തമാക്കുന്ന ഈ വാദത്തിനു പിന്നില്‍ ദാര്‍ശനികവീക്ഷണമല്ല; മറിച്ച് ക്വാണ്ടം മെക്കാനിക്‌സിന്റെ ശാസ്ത്രതത്ത്വങ്ങളാണുള്ളത്. നിതാന്തശൂന്യതയില്‍ നിന്ന്, ഒന്നുമില്ലായ്മയില്‍ നിന്ന് കണികകളും ഊര്‍ജ്ജവും ഉരുത്തിരിഞ്ഞു വരാന്‍ സൈദ്ധാന്തികമായി തടസ്സങ്ങളൊന്നുമില്ല. ക്വാണ്ടം ആന്ദോളനം (Quantum fluctuation) എന്ന പ്രക്രിയ വഴി ഊര്‍ജ്ജസംഘാതങ്ങള്‍ തനിയെ ഉടലെടുക്കാം, മറഞ്ഞുപോവാം. അത്തരത്തിലൊരു സംഭവമാണ് പ്രപഞ്ചപ്പിറവിക്കിടയാക്കിയത് എന്ന് ശാസ്ത്രജ്ഞര്‍ സിദ്ധാന്തിക്കുന്നു.

”സൃഷ്ടിസങ്കല്‍പ്പത്തിലെ നൂതന ചിന്താധാരയ്ക്ക് വഴിയൊരുക്കുന്നു ദ്രുത വികാസ സിദ്ധാന്തം. ഇതില്‍ സ്രഷ്ടാവ് എന്ന സങ്കല്‍പ്പം ഭസ്മീകരിക്കപ്പെടുന്ന കാഴ്ച വിശ്വാസികളെ പിടിച്ചുലയ്ക്കും. ദൈവശാസ്ത്രങ്ങളുടെയെല്ലാം തായ്‌വേരിലേക്കിറങ്ങുന്ന കത്തിയാണ് ഈ സിദ്ധാന്തം”(25)

ഭൗതികവാദികള്‍ക്ക് ഇത്രയേറെ ആത്മവിശ്വാസം നല്‍കാന്‍ മാത്രം എന്താണ് ക്വാണ്ടം ആന്ദോളനം (Quantum fluctuation) എന്ന ആശയത്തില്‍ അടങ്ങിയിരിക്കുന്നത് എന്നത് തീര്‍ച്ചയായും പരിശോധിക്കപ്പെടേണ്ടതുണ്ട്. ഏതൊരു ശാസ്ത്രസിദ്ധാന്തത്തെയും ദുര്‍വ്യാഖ്യാനം ചെയ്ത്കൊണ്ട് നിരീശ്വരവാദത്തിന് ‘തെളിവ്’ കണ്ടെത്തുന്ന യുക്തിവാദികളുടെ പതിവു സ്വഭാവം തന്നെയാണ് അത്തരം പരിശോധനക്കൊടുവിലും തെളിഞ്ഞുവരുന്നത്.

ക്വാണ്ടം ആന്ദോളനസിദ്ധാന്തമനുസരിച്ച് ശൂന്യതയില്‍ നിന്നും സ്വയമേവ കണികകള്‍ രൂപം കൊള്ളുന്നു എന്നാണ് ഇവര്‍ വാദിക്കുന്നത്. ഈയൊരു വാദം അപഗ്രഥിക്കുന്നതിനു മുമ്പായി ശൂന്യത എന്ന ആശയം കൃത്യമായി നിര്‍വ്വചിക്കപ്പെടേണ്ടതുണ്ട്.

ഭൗതികശാസ്ത്രത്തില്‍ പരസ്പരസമ്പര്‍ക്കമില്ലാത്ത രണ്ടുവസ്തുക്കള്‍ക്കിടയില്‍ അനുഭവപ്പെടുന്ന ബലം വിശദീകരിക്കുവാന്‍ വേണ്ടിയാണ് ‘മണ്ഡലം’ എന്ന ആശയം ഉപയോഗിക്കുന്നത്. ഉദാഹരണത്തിന് ആപ്പിള്‍ ഭൂമിയിലേക്ക് വീഴുന്ന രംഗം പരിഗണിക്കുക. ഭൂമിയും ആപ്പിളും തമ്മില്‍ പരസ്പരം സമ്പര്‍ക്കമില്ല. പക്ഷെ ഭൂമിയുടെ ഗുരുത്വാകര്‍ഷണ മണ്ഡലം(gravitational field) ആപ്പിളുമായി പ്രവര്‍ത്തിക്കുമ്പോഴാണ് അതില്‍ ഗുരുത്വാകര്‍ഷണബലം അനുഭവപ്പെടുന്നതും അത് ഭൂമിയിലേക്ക് പതിക്കുന്നതും. ഇത്തരം മണ്ഡലങ്ങളെ പൊതുവെ രണ്ടായി തിരിക്കാം. നമുക്ക് ഭൗതികമായി അനുഭവവേദ്യമാകുന്ന (macroscopic) മണ്ഡലങ്ങള്‍ ക്ലാസിക്കല്‍ മണ്ഡലങ്ങള്‍ എന്നറിയപ്പെടുന്നു. (ഉദാ: ഗുരുത്വാകര്‍ഷണ മണ്ഡലം, വിദ്യുത്കാന്തിക മണ്ഡലം…etc) എന്നാല്‍ സൂക്ഷ്മ ലോകത്ത് മാത്രം നിലനില്‍ക്കുന്നവയാണ് ക്വാണ്ടം മണ്ഡലങ്ങള്‍. ശൂന്യത എന്ന ആശയം യഥാര്‍ത്ഥത്തില്‍ ക്ലാസിക്കല്‍ ലോകത്തും കൃത്യമായി നിലനില്‍ക്കുന്നില്ല എന്നതാണ് വാസ്തവം. ശൂന്യാകാശം പൂര്‍ണ്ണമായും ശൂന്യമല്ലെന്നാണ് അമേരിക്കന്‍ ഖഗോളജ്ഞനായ എഡ്വിന്‍.പി.ഹബ്ള്‍ തന്റെ ഏറ്റവും പുതിയ നിഗമനത്തെ ആസ്പദമാക്കി പറയുന്നത്.(26) ശൂന്യാകാശത്തിന്റെ യൂണിറ്റ് വ്യാപ്തത്തില്‍ സ്വതന്ത്രഇലക്‌ട്രോണുകള്‍, ഹൈഡ്രജന്‍ ആറ്റങ്ങള്‍, പ്രകാശകണികകള്‍ സോഡിയം, കാല്‍സ്യം പൊട്ടാസ്യം, ടൈറ്റാനിയം എന്നീ മൂലകങ്ങളുടെ ആറ്റങ്ങള്‍ വളരെ ഉയര്‍ന്ന അളവില്‍ത്തന്നെ കാണപ്പെടുന്നു എന്നാണദ്ദേഹം സിദ്ധാന്തിക്കുന്നത്.

ഇനി ക്വാണ്ടം മണ്ഡലത്തിന്റെ അടിസ്ഥാന വസ്തുതകള്‍ പരിശോധിക്കാം. 1924 ല്‍ ലൂയിസ് ഡിബ്രോളി, ആറ്റങ്ങള്‍കൊണ്ട് നിര്‍മ്മിച്ച ഏതുദ്രവ്യരൂപത്തിനും തരംഗസ്വഭാവമുണ്ടെന്ന് തെളിയിച്ചു. ഓസ്ട്രിയന്‍ ഭൗതികശാസ്ത്രജ്ഞനായ ഇര്‍വിന്‍ ഷ്രോഡിംഗര്‍ ഇലക്‌ട്രോണുകളെ ഗണിത ഭാഷയില്‍ മൂന്നു മാനങ്ങളുള്ള തരംഗമായി അവതരിപ്പിച്ചു. തരംഗ സ്വഭാവവും കണികാ സ്വഭാവവും പ്രകടിപ്പിക്കുന്ന ഇലക്‌ട്രോണുകളുടെ സ്ഥാനം, സംവേഗം (position, momentum) എന്നിവ ഒരേ സമയം കൃത്യതയോടെ നിര്‍ണയിക്കാന്‍ സാധ്യമല്ലെന്ന് ജര്‍മന്‍ ഭൗതികശാസ്ത്രജ്ഞനായ വെര്‍ണര്‍ ഹൈസന്‍ബര്‍ഗ് സിദ്ധാന്തിച്ചു. അനിശ്ചിതത്വ സിദ്ധാന്തം (uncertanity principle) എന്നാണ് ആധുനിക ശാസ്ത്രത്തില്‍ ഈ ആശയം അറിയപ്പെടുന്നത്. ഈ മൂന്ന് ആശയങ്ങളുടെ (തരംഗസിദ്ധാന്തം, ഷ്രോഡിംഗര്‍ സമവാക്യം, അനിശ്ചിതത്വ സിദ്ധാന്തം) അടിസ്ഥാനത്തില്‍ വളര്‍ന്നു വന്ന ഭൗതിക ശാസ്ത്ര ശാഖയാണ് ക്വാണ്ടം മെക്കാനിക്‌സ്.(27) ക്വാണ്ടം മെക്കാനിക്‌സിന്റെ അടിസ്ഥാന തത്ത്വമനുസരിച്ച് ഒരു വ്യൂഹത്തിന് (Quantum system) ഒരിക്കലും പൂജ്യം ഊര്‍ജ്ജാവസ്ഥയില്‍ സ്ഥിതി ചെയ്യാന്‍ കഴിയില്ല. പൂജ്യമല്ലാത്ത ഒരു മിനിമം ഊര്‍ജ്ജാവസ്ഥയില്‍ മാത്രമേ ക്വാണ്ടം ലോകത്തെ ഒരു വ്യൂഹത്തിന് സ്ഥിതി ചെയ്യാന്‍ കഴിയൂ. ഈ ഊര്‍ജ്ജം സീറോ പോയിന്റ് എനര്‍ജി എന്നറിയപ്പെടുന്നു.(28)

അതായത് ക്വാണ്ടം ആന്ദോളനങ്ങള്‍ നടക്കുന്നത് ഒരു ക്വാണ്ടം മണ്ഡലത്തിനാണ്. ഒരു ക്വാണ്ടം മണ്ഡലത്തിനാകട്ടെ നിശ്ചിത ഊര്‍ജ്ജവും ഉണ്ടായിരിക്കും. ഊര്‍ജ്ജവും മാസും (പിണ്ഡം) ഒരേ നാണയത്തിന്റെ രണ്ടു വശങ്ങള്‍ മാത്രം അപ്പോള്‍ ക്വാണ്ടം മണ്ഡലത്തില്‍ നിന്നും ദ്രവ്യ കണികകള്‍ ഉല്‍പ്പാദിപ്പിക്കപ്പെട്ടാല്‍ത്തന്നെ അതൊരിക്കലും ശൂന്യതയില്‍ നിന്നുള്ള സൃഷ്ടിയാവില്ല. ക്വാണ്ടം മണ്ഡലത്തില്‍ ‘ശൂന്യത’ യില്ലെന്നുള്ള വസ്തുത ഭൗതികവാദികള്‍ തന്നെ പലപ്പോഴായി സമ്മതിച്ചതുമാണ് പി.കേശവന്‍ നായര്‍ എഴുതുന്നു.

”ക്വാണ്ടം ശൂന്യത യഥാര്‍ത്ഥത്തില്‍ ശൂന്യമല്ല. അത് കല്‍പിത കണങ്ങള്‍ക്കൊണ്ട് പൂരിതമാണ്. അവ ശൂന്യതയില്‍ നിന്ന് നുരഞ്ഞുപൊങ്ങുകയും നിരന്തരം അന്വോന്യക്രിയയില്‍ ഏര്‍പ്പെട്ട് അപ്രത്യക്ഷമാവുകയും ചെയ്യുന്നു. ക്വാണ്ടം ശൂന്യത ഇളകി മറിയുന്ന കടല്‍പോലെ പ്രക്ഷുബ്ധമാണ്.”(29)

”ശൂന്യത എന്നാലെന്ത് ? ആധുനിക ഭൗതികത്തില്‍ അതിന് ഒന്നുമില്ലായ്മ എന്നല്ല അര്‍ത്ഥം. ഊര്‍ജ്ജ സാന്ദ്രമാണ് ഭൗതിക ശൂന്യത” (physical vaccum)(30)

മലയാളത്തിലെ പ്രശസ്തസാഹിത്യകാരനും ഭൗതികശാസ്ത്രജ്ഞനുമായ സി. രാധാകൃഷ്ണന്‍ എഴുതുന്നു.

Even in the vaccum state there is energy which has measurable effects(31)

(‘ശൂന്യത’ എന്ന അവസ്ഥയിലും പരിമാണയോഗ്യമായ ഊര്‍ജ്ജം നിലനില്‍ക്കുന്നു.)

“It is a mistake to think of any physical vaccum as some absolutely empty void”(32)

‘Universe from nothing’ എന്ന ഗ്രന്ഥത്തിന്റെ കര്‍ത്താവായ ലോറന്‍സ് ക്രോസ് പോലും പ്രപഞ്ചം സ്വയം ഭൂവായി രൂപപ്പെട്ടതിനെക്കുറിച്ച് വിശദീകരിക്കുന്നത് If you have some energy എന്നു പറഞ്ഞുകൊണ്ടാണ്. അതിനുശേഷമാണ് അദ്ദേഹം ഡിറാക് സമവാക്യമെല്ലാം ഉപയോഗിച്ചുകൊണ്ട് വിശദീകരണങ്ങളിലേക്ക് പ്രവേശിക്കുന്നത്. എനര്‍ജി ആദ്യമേ ഉണ്ടെങ്കില്‍പ്പിന്നെ അതെങ്ങനെ ശൂന്യതയില്‍ നിന്നുള്ള സൃഷ്ടിയാവും എന്ന വസ്തുത അദ്ദേഹം പരിഗണിച്ചിട്ടേയില്ല.

ഈ ഊര്‍ജ്ജം എങ്ങനെ, എവിടെ നിന്ന് രൂപം കൊണ്ടു എന്നത് വീണ്ടും ഒരു ചോദ്യമായി അവശേഷിക്കുന്നു. ഊര്‍ജ്ജവും ദ്രവ്യവും തത്തുല്യമായ പരിമാണങ്ങള്‍ ആയതുതുകൊണ്ടു തന്നെ ദ്രവ്യത്തിന് നിലനില്‍ക്കാന്‍ ‘സ്ഥലം’ (space) ആവശ്യമാണെന്ന് വരുന്നു. മാത്രമല്ല ക്വാണ്ടം ആന്ദോളനം നടക്കണമെങ്കില്‍ ‘സമയം’ (time) നിലനില്‍ക്കേണ്ടത് ആവശ്യമാണ്. കാരണം അതൊരു സമയബന്ധിത (time dependant) പ്രതിഭാസമാണ്. മാത്രമല്ല ക്വാണ്ടം ഫീല്‍ഡില്‍ നിന്ന് കണികകള്‍ രൂപം കൊള്ളാന്‍ ഷ്വിന്‍ഗര്‍ ഫീല്‍ഡ് എന്ന ബാഹ്യമണ്ഡലത്തിന്റെ സാന്നിധ്യവും ആവശ്യമാണ്. (ക്വാണ്ടം ഇലക്‌ട്രോ ഡൈനാമിക്‌സ് എന്ന ഭൗതിക ശാസ്ത്ര ശാഖയുടെ ശില്‍പികളില്‍ ഒരാള്‍ ആയ ജൂലിയന്‍ ഷ്വിന്‍ഗറിന്റെ(33) പേരിലാണ് ഈ മണ്ഡലം അറിയപ്പെടുന്നത്)

അപ്പോള്‍ സ്വാഭാവികമായി ഉല്‍ഭവിക്കുന്ന ചോദ്യമിതാണ് സ്ഥലം (space), കാലം (time) ഊര്‍ജ്ജം ക്വാണ്ടം നിയമങ്ങള്‍, ബാഹ്യമണ്ഡലം എന്നിവയുടെ സാന്നിധ്യത്തില്‍ നടക്കുന്ന ക്വാണ്ടം ആന്ദോളനം (quantum fluctuation) എന്ന പ്രക്രിയയെ എങ്ങനെയാണ് ‘ശൂന്യതയില്‍ നിന്നും സ്വയം ഭൂവായുള്ള പ്രപഞ്ചത്തിന്റെ ഉല്‍ഭവം’ എന്ന ആശയത്തിന്റെ കാരണം ആയി അവതരിപ്പിക്കുന്നത്? യഥാര്‍ത്ഥത്തില്‍ സ്ഥലവും കാലവും പ്രപഞ്ചത്തിന്റെ ഉല്‍ഭവത്തോടെ മാത്രം നിലവില്‍ വന്ന പ്രതിഭാസങ്ങളാണ്.

‘ശൂന്യത’ എന്നു പറയുമ്പോള്‍ യഥാര്‍ത്ഥത്തില്‍ ഉണ്ടാവേണ്ടത് സ്ഥലം (space),കാലം (time) ദ്രവ്യം (matter) ഊര്‍ജ്ജം (energy), ക്വാണ്ടം അവസ്ഥകള്‍ (Quantum states) ഭൗതിക നിയമങ്ങള്‍ (physical laws) എന്നിവയുടെ പൂര്‍ണ്ണമായ അസാന്നിധ്യമാണ്. ഇത്തരമൊരു ശൂന്യതയില്‍ നിന്ന് തനിയെ പ്രപഞ്ചം ഉല്‍ഭവിക്കുമെന്നാണ് നാസ്തികര്‍ തെളിയിക്കേണ്ടത്. ശാസ്ത്രത്തിലെ ഒരു നിയമവും ഇത്തരം ഒരു ഉല്‍ഭവത്തെ പിന്താങ്ങുന്നില്ല. അവര്‍ വ്യാപകമായി തെറ്റിദ്ധരിപ്പിച്ചുകൊണ്ടിരിക്കുന്ന ക്വാണ്ടം ആന്ദോളനമാകട്ടെ, പ്രപഞ്ചം യാദൃശ്ചികമായി ഒരു സ്രഷ്ടാവില്ലാതെ തനിയെ രൂപംകൊള്ളുമെന്ന് തെളിയിക്കുന്നില്ല താനും.ആധുനിക കാലഘട്ടത്തിലെ പ്രഗല്‍ഭരായ ഭൗതിക ശാസ്ത്രജ്ഞന്മാരില്‍ ആരും തന്നെ ക്വാണ്ടം ആന്ദോളനത്തെ പ്രപഞ്ചോല്‍പ്പത്തിയുടെ കാരണമായി കണക്കാക്കുന്നില്ല എന്നതാണ് വസ്തുത. എഡ്വേര്‍ഡ് ട്രയോണ്‍ എന്ന ശാസ്ത്രജ്ഞനാണ് 1969 ല്‍ ഈ ആശയം ആദ്യമായി അവതരിപ്പിച്ചത്. ലോക പ്രശസ്ത പ്രപഞ്ച ശാസ്ത്രജ്ഞനായ ഡെന്നീസ് സിയാമ (Dennis Sciama) ഉല്‍പ്പത്തിയെക്കുറിച്ച് നടത്തിയ പ്രഭാഷണം ട്രയോണ്‍ കേട്ടുകൊണ്ടിരുന്ന അവസരത്തില്‍, സ്വപ്നത്തില്‍ നിന്നും ഉണര്‍ന്നപോലെ പ്രഭാഷണം തടസ്സപ്പെടുത്തികൊണ്ട് ട്രയോണ്‍ വിളിച്ചു പറഞ്ഞു. ”പ്രപഞ്ചം ഒരു നിര്‍വാത ആന്ദോളനത്തിലാണ്”(34) (vaccum fluctuation) ഈ സിദ്ധാന്തത്തിന് ശാസ്ത്രലോകത്ത് പ്രത്യേക പരിഗണനയൊന്നും ലഭിച്ചില്ല. പിന്നീട് ഈയടുത്ത കാലത്ത് ലോറന്‍സ് ക്രോസ് ഈ സിദ്ധാന്തം പുതിയ രൂപത്തില്‍ അവതരിപ്പിക്കുകയും ഒരു പുല്‍കൊടി കിട്ടിയതുപോലെ നാസ്തികര്‍ ആഘോഷിക്കുകയും ചെയ്തു.

ഈ ആഘോഷങ്ങള്‍ക്ക് അവരെ നിര്‍ബന്ധിതരാക്കിയ ഒരു പ്രത്യേക സാഹചര്യം നമ്മള്‍ കാണാതിരുന്നുകൂട. ബിംഗ് ബാംഗ് തിയറിയെ എതിര്‍ത്തുകൊണ്ട് ഫ്രെഡ്‌ഹോയിലും കൂട്ടരും സ്ഥിര സ്ഥിതി സിദ്ധാന്തം അവതരിപ്പിച്ചെങ്കിലും അവര്‍ക്കുതന്നെ ശാസ്ത്രീയ മുന്നേറ്റങ്ങള്‍ക്ക് മുമ്പില്‍ അത് ഉപേക്ഷിക്കേണ്ടി വന്നു. പിന്നീട് 1993 ല്‍ ഇന്ത്യന്‍ ശാസ്ത്രജ്ഞനായ ജയന്ത് വിഷ്ണു നാര്‍ലിക്കറും ഫ്രഡ്‌ഹോയിലും ജിയോഫ്രെ ബിഡ്ജും (Geoffrey Burbidge) ചേര്‍ന്ന് പ്രസ്തുത സിദ്ധാന്തത്തെ QSSC (Quasisteady state cosmology) എന്ന പേരില്‍ പുനരുജ്ജീവിപ്പിക്കുവാന്‍ പരമാവധി പരിശ്രമിച്ചു. (വിശദവിവരങ്ങള്‍ക്ക നാര്‍ലിക്കറുമായി Science reporter നടത്തിയ അഭിമുഖം വായിക്കുക).(35) പക്ഷെ പ്രസ്തുത സിദ്ധാന്തവും ദയനീയമായി പരാജയപ്പെട്ടു. ഈ സാഹചര്യമാണ് ക്വാണ്ടം ആന്ദോളനം വഴി പ്രപഞ്ചം യാദൃശ്ചികമായി രൂപപ്പെട്ടുവെന്ന- 1969 ല്‍ മുന്നോട്ട് വെക്കപ്പെട്ടപ്പോള്‍പ്പോലും വേണ്ടത്ര പരിഗണന കിട്ടാതെ അവഗണിക്കപ്പെട്ട സങ്കല്‍പ്പത്തെ ഒരു ശാസ്ത്ര സിദ്ധാന്തമായി അവതരിപ്പിക്കുവാന്‍ നാസ്തികരെ പ്രേരിപ്പിക്കുന്നത്.

(തുടരും)

Reference:

(24) Universe from nothing – Lawrence Krauss – free press publishers (10.01.2012).

(25) പ്രപഞ്ചചിത്രങ്ങള്‍ – ഡോ: മനോജ് കോമത്ത്.

(26) ചോദ്യം എത്ര വിചിത്രം ഉത്തരം എത്ര രസകരം – കെ.കെ വാസു (പ്രഭാത് ബുക്ക് ഹൗസ്) പേജ് 11, 12.

(27) Quantum mechanics. theory & amp; Applications by Ajoy Ghatak and S.Loknathan page 1-25.

(28) Quantum mechanics- by Amit Goswami-page 23.

(29) പ്രപഞ്ചം- പി.കേശവന്‍ നായര്‍ പേജ് 183. (ഭൗതികവാദ കാഴ്ചപ്പാടിലാണ് ഈ ഗ്രന്ഥം എഴുതപ്പെട്ടത്)

(30) ശാസ്ത്രവും കപടശാസ്ത്രവും-ലേഖനസമാഹാരം-കേരളശാസ്ത്ര സാഹിത്യപരിഷത്ത്-പ്രൊഫ: കെ.പാപ്പൂട്ടി എഴുതിയ ലേഖനം-പേജ് 98.

(31) The secret behind the universe-c-Radhakrishnan (Published by Hi-Tech books- Cochin) page 21.

(32) Time, Space and philosophy.London / Newyork Routledge chapter 10. page 205.

(33) സൂക്ഷ്മ പ്രപഞ്ചത്തിലെ ചലനനിയമങ്ങള്‍-സാബുജോസ്- പേജ് 98. (ചിന്താ പബ്ലിഷേഴ്‌സ്-തിരുവനന്തപുരം)

(34) പ്രപഞ്ചം- കേശവന്‍ നായര്‍ പേജ് 184.

(35) Science Reporter july 2001-challanging Big bang page 20-23.

No comments yet.

Leave a comment

Your email address will not be published.