നവനാസ്തികർ ശാസ്ത്രത്തെ അപനിർമ്മിക്കുകയാണ് -2

//നവനാസ്തികർ ശാസ്ത്രത്തെ അപനിർമ്മിക്കുകയാണ് -2
//നവനാസ്തികർ ശാസ്ത്രത്തെ അപനിർമ്മിക്കുകയാണ് -2
ആനുകാലികം

നവനാസ്തികർ ശാസ്ത്രത്തെ അപനിർമ്മിക്കുകയാണ് -2

പ്രപഞ്ചത്തിന് ഒരു തുടക്കമുണ്ടെന്നും പ്രപഞ്ചത്തിന്റെ ഉല്‍ഭവബിന്ദു ശാസ്ത്രനിയമങ്ങളെല്ലാം പൊളിഞ്ഞു തകരുന്ന സിങ്കുലാരിറ്റിയാണെന്നും നാം കണ്ടു കഴിഞ്ഞു. തുടക്കമുള്ള പ്രപഞ്ചത്തെ സങ്കല്‍പ്പിക്കുമ്പോള്‍ അതിന് പിന്നിലെ തുടക്കക്കാരനെ അംഗീകരിക്കേണ്ടി വരുമെന്ന് മനസ്സിലാക്കിയ ഭൗതികവാദികള്‍ സ്ഥിര സ്ഥിതി സിദ്ധാന്ത(steady state)മുള്‍പ്പെടെയുള്ള സിദ്ധാന്തങ്ങൾ സ്ഥാപിച്ചെടുക്കാന്‍ പാടുപെട്ടെങ്കിലും അതെല്ലാം തികഞ്ഞ പരാജയത്തിലാണ് കലാശിച്ചത്. തെളിവുകള്‍ക്ക് മുമ്പില്‍ അവര്‍ക്ക് പിടിച്ചുനില്‍ക്കാന്‍ സാധിച്ചില്ല. ബിംഗ് ബാംഗ് തിയറിയുടെ നിശിത വിമര്‍ശകരായിരുന്ന ഇവ്ഗനി ലിഫ്ഷിറ്റ്‌സിനും (Evgenii Lifshits) ഐസക് കലാഷ് നിക്കോവിനും (Issac Ekhalatnikove) തങ്ങളുടെ ആശയങ്ങള്‍ വലിച്ചെറിഞ്ഞുകൊണ്ട് 1970 ല്‍ ബിംഗ് ബാംങ് തിയറി അംഗീകരിക്കേണ്ടിവന്നു.(12) സ്ഥിര സ്ഥിതി സിദ്ധാന്തം കൊണ്ടുനടന്ന പലര്‍ക്കും തങ്ങളുടെ ഗവേഷണം നിര്‍ത്തേണ്ട അവസ്ഥ പോലും വന്നുചേര്‍ന്നു.(13)

യഥാര്‍ത്ഥത്തില്‍ ന്യൂട്ടോണിയന്‍ ഫിസിക്‌സിന്റെ വളര്‍ച്ചയോടുകൂടിയാണ് ശാസ്ത്രലോകത്ത് നാസ്തിക വാദവുമായി ചിലര്‍ കടന്നു വരുന്നത്. ഗലീലിയോ, ന്യൂട്ടണ്‍, ഐന്‍സ്റ്റൈന്‍ തുടങ്ങിയ പ്രതിഭാധനരായ ശാസ്ത്രജ്ഞരൊന്നും നിരീശ്വരവാദികളോ യുക്തിവാദികളോ ആയിരുന്നില്ല എന്ന വസ്തുത പലപ്പോഴും അവര്‍ മറച്ചുവെക്കാറാണ് പതിവ്. സൗരയൂഥത്തിന്റെ കേന്ദ്രം സൂര്യനാണ്, ഭൂമിയല്ല എന്ന കോപ്പര്‍ നിക്കസിന്റെ സൗരകേന്ദ്ര മാത്രൃക (helio centric theory) യുമായി ഗലീലിയോ മുന്നോട്ടു വന്നപ്പോള്‍ത്തന്നെ അദ്ദേഹം പൗരോഹിത്യത്തിന്റെ നോട്ടപ്പുള്ളിയായി. C.E 1632 ല്‍ അദ്ദേഹത്തിത്തിന്റെ സുപ്രസിദ്ധമായ ‘സംവാദം’ (Dialogue) എന്ന പുസ്തകം പുറത്തുവന്നു. അതിനുശേഷം അദ്ദേഹത്തിനെതിരായ നടപടികള്‍ക്ക് സഭ ആക്കം കൂട്ടി. അപ്പോള്‍ അദ്ദേഹം ഫാദര്‍ കോസ്റ്റലിക്ക് എഴുതി. ”നമുക്ക് ഇന്ദ്രിയങ്ങളും ബുദ്ധിയും യുക്തിയും തന്നനുഗ്രഹിച്ച ദൈവം തന്നെ ആ സിദ്ധികള്‍ ഉപയോഗിക്കുന്നതില്‍ നിന്ന് നമ്മെ വിലക്കുന്നുവെന്ന് വിശ്വസിക്കുന്നവരോട് യോജിക്കാന്‍ എനിക്ക് ബാധ്യതയില്ല’.’(14) മതാധിഷ്ഠിതമായ അധികാരകേന്ദ്രത്തില്‍ നിന്നും തനിക്കെതിരെ നടപടിയുണ്ടായപ്പോള്‍ ദൈവത്തെ തള്ളിപ്പറയാതെതന്നെ പ്രസ്തുത സഭാഘടനയോട് കലഹിക്കുന്ന ഒരു ശാസ്ത്രജ്ഞനെയാണ് ഗലീലിയോവില്‍ നമുക്ക് കാണാന്‍ കഴിയുന്നത്.

ഗുരുത്വാകര്‍ഷണ നിയമം ആവിഷ്‌ക്കരിക്കുക മാത്രമല്ല അന്ന് നിലവിലുണ്ടായിരുന്ന ഭൗതികശാസ്ത്രത്തിന്റെ മിക്കവാറും എല്ലാ ശാഖകളിലും തന്റേതായ സംഭാവനകള്‍ നല്‍കുക കൂടി ചെയ്ത അസാമാന്യ പ്രതിഭാശാലിയായിരുന്നു സര്‍ ഐസക് ന്യൂട്ടണ്‍. വ്യവസ്ഥാപിതമായ പ്രാപഞ്ചികസംവിധാനം മുഴുവന്‍ കേവല യാദൃശ്ചികതയില്‍ നിന്ന് സ്വയം ഭൂവായി ഉരുത്തിരിഞ്ഞതാണെന്ന് വിശ്വസിക്കാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നില്ല. ”സൂര്യനും, ഗ്രഹങ്ങളും, വാല്‍നക്ഷത്രങ്ങളും അടങ്ങുന്ന ഈ മനോഹരമായ വ്യവസ്ഥ ബുദ്ധിശാലിയും ശക്തനുമായ ഒരു അസ്തിത്വത്തിന്റെ ഇടപെടല്‍ കൂടാതെ നിലവില്‍ വരിക സാധ്യമല്ല”(15) എന്നാണ് ന്യൂട്ടണ്‍ അഭിപ്രായപ്പെട്ടത്.

മാനവരാശിയുടെ ചിന്താമണ്ഡലങ്ങളെ മുഴുവന്‍ പിടിച്ചു കുലുക്കിയ നൂതനമായ ആശയങ്ങള്‍ ഉള്‍ക്കൊള്ളുന്ന ആപേക്ഷികസിദ്ധാന്തം അവതരിപ്പിച്ച ആല്‍ബര്‍ട്ട് ഐന്‍സ്റ്റൈന്‍ എഴുതി.

“ശാസ്ത്രത്തെ ഗൗരവബുദ്ധ്യാ അനുധാവനം ചെയ്യുന്ന ഏതൊരാള്‍ക്കും പ്രാപഞ്ചിക നിയമങ്ങളില്‍ അന്തര്‍ലീനമായ ഒരു മഹാ ചൈതന്യത്തെക്കുറിച്ച് ബോധ്യപ്പെടും.”(16)

ഐന്‍സ്റ്റൈന്‍ മുന്നോട്ടുവെച്ച ആപേക്ഷിക സിദ്ദാന്തം വിജ്ഞാനത്തിന്റെ മുഴുവന്‍ മേഖലകളിലും സ്വാധീനം ചെലുത്തി. അന്നുവരെ നിലവിലുണ്ടായിരുന്ന പല ധാരണകളേയും തിരുത്തിക്കുറിക്കുവാന്‍ ആപേക്ഷികസിദ്ധാന്തത്തിന് കഴിഞ്ഞു. ക്വാണ്ടം സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവായ മാക്‌സ് പ്ലാങ്ക് അഭിപ്രായപ്പെട്ടതുപോലെ.

”ശാസ്ത്രത്തിന് പ്രകൃതിയുടെ ആത്യന്തിക നിഗൂഢത പരിഹരിക്കാനാവില്ല. അതെന്താണെന്നാല്‍, നമ്മളും നാം പരിഹരിക്കാന്‍ ശ്രമിക്കുന്ന പ്രാപഞ്ചിക നിഗൂഡതയുടെ ഭാഗമാണ്. ഏറ്റവും തുളച്ചു കയറുന്ന കണ്ണിനും അതിനെ സ്വയം കാണാന്‍ കഴിയില്ല. ഒരു പണിയുപകരണത്തിന് അതിന്മേല്‍ത്തന്നെ പണിയെടുക്കാന്‍ കഴിയാത്തതുപോലെ.”(17)

വസ്തുനിഷ്ഠമായി യാഥാര്‍ത്ഥങ്ങള്‍ കണ്ടെത്തണമെങ്കില്‍ നാം പ്രാപഞ്ചിക വ്യവസ്ഥക്ക് പുറത്ത് കടക്കണമെന്നര്‍ത്ഥം. അത് തീര്‍ത്തും അസാധ്യമാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.

ന്യൂട്ടോണിയന്‍ ഫിസിക്‌സിന്റെ മറപിടിച്ചുകൊണ്ട് രംഗത്തു വന്ന ഭൗതികവാദം 18-ാം നൂറ്റാണ്ട് മുതല്‍ ശാസ്ത്രലോകത്ത് ആധിപത്യം പുലര്‍ത്തിയിരുന്നു. എല്ലാ അറിവുകളും മനുഷ്യന് നേടിയെടുക്കാന്‍ സാധിക്കുന്നതാണെന്നും ശാസ്ത്രത്തിന്റെ മാര്‍ഗത്തിലൂടെ നേടിയെടുക്കാന്‍ കഴിയാത്ത അറിവുകളൊന്നും നിലനില്‍ക്കുന്നില്ലെന്നും അവര്‍ വാദിച്ചു. പ്രപഞ്ചത്തിലെ എല്ലാ വസ്തുക്കളുടേയും സ്ഥാനവും വേഗവും അറിഞ്ഞാല്‍, ഭാവികാലം മുഴുവന്‍ ഞാന്‍ പ്രവചിക്കുമെന്ന് ഫ്രഞ്ച് ഗണിതശാസ്ത്രജ്ഞനായ പിയറി സൈമണ്‍ ലാപ്ലാസ് പറഞ്ഞു. ആകാശഗോളങ്ങളുടെ ചലനത്തെക്കുറിച്ച് അദ്ദേഹം രചിച്ച ‘മെക്കാനിക് സെലസ്റ്റെ്’ വായിച്ചതിനുശേഷം നെപ്പോളിയന്‍ ബോണപ്പാര്‍ട്ട് അദ്ദേഹത്തോട് ചോദിച്ചത്രെ ”താങ്കള്‍ എന്തുകൊണ്ട് സ്രഷ്ടാവിനെക്കുറിച്ച് എവിടെയും പരാമര്‍ശിച്ചില്ല. അതിനു ലാപ്ലാസിന്റെ മറുപടി തനിക്ക് അത്തരമൊരു സങ്കല്‍പ്പത്തിന്റെ ആവശ്യമുണ്ടായിരുന്നില്ല എന്നായിരുന്നുവത്രെ.(18) നീഷേ, ഹൈക്കല്‍ തുടങ്ങി പല തത്ത്വചിന്തകന്മാരും ദൈവവിശ്വാസത്തിനെതിരെ ഉറഞ്ഞുതുള്ളി.

എന്നാല്‍ പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തിലും ഇരുപതാം നൂറ്റാണ്ടിലും ശാസ്ത്രലോകത്തുണ്ടായ പുതിയ കണ്ടുപിടുത്തങ്ങള്‍ ഭൗതിക വാദത്തിന്റെ അടിത്തറയിളക്കുന്നതായിരുന്നു. പ്രപഞ്ചത്തിന് ഒരു തുടക്കമുണ്ടെന്ന് സ്ഥാപിക്കുന്ന ബിംഗ് ബാംഗ് തിയറി, പ്രപഞ്ചവികാസതത്ത്വം എന്നിവ അതില്‍ ചിലതു മാത്രം. അന്നുവരെ അചരങ്ങളായി (absolute) കണക്കാക്കപ്പെട്ട സ്ഥലം, കാലം, ദൂരം എന്നീ അളവുകള്‍ തീര്‍ത്തും ആപേക്ഷികമാണെന്നും ചതുര്‍മാന സ്ഥല കാല നൈരന്തര്യത്തില്‍ (four dimensional space,time continum) ദ്രവ്യമുണ്ടാക്കുന്ന വളവുകളാണ് ഗുരുത്വാകര്‍ഷണം പോലെയുള്ള പ്രതിഭാസങ്ങള്‍ക്ക് നിദാനമെന്നും ഐന്‍സ്റ്റൈന്‍ സിദ്ധാന്തിച്ചു. പരസ്പരവിരുദ്ധമായ കണിക- തരംഗസ്വഭാവങ്ങള്‍ ദ്രവ്യത്തില്‍ ഒരേ സമയം കുടികൊള്ളുന്നുവെന്ന് ഫ്രഞ്ച് ഭൗതികശാസ്ത്രജ്ഞനായ വിക്ടര്‍ ലൂയിസ് ഡിബ്രോളി കണ്ടുപിടിച്ചു. അദ്ദേഹത്തിന്റെ ദ്രവ്യ തരംഗ സിദ്ധാന്തവും വെര്‍ണര്‍ ഹൈസന്‍ബെര്‍ഗിന്റെ അനിശ്ചിതത്ത്വസിദ്ധാന്തവും ക്വാണ്ടം ബലതന്ത്രം എന്ന പുതിയ ശാസ്ത്രശാഖയ്ക്കുതന്നെ ജന്മം നല്‍കി. ദാര്‍ശനിക രംഗത്ത് ചൂടുപിടിച്ച ചര്‍ച്ചകള്‍ക്ക് തിരികൊളുത്തിയ ഈ സംഭവവികാസങ്ങള്‍ ഭൗതികവാദത്തിന്റെ അടിത്തറയിളക്കുന്നതിലും മനുഷ്യനെ സ്വന്തം പരിമിതികളെക്കുറിച്ച് ബോധ്യപ്പെടുത്തുന്നതിലും പ്രധാന പങ്കുവഹിച്ചു. ഹൈസന്‍ബെര്‍ഗിനെപ്പോലെയുള്ള ശാസാത്രജ്ഞര്‍ തന്നെ അവരുടെ ഗ്രന്ഥങ്ങളില്‍ ശാസ്ത്രരംഗത്തുണ്ടായ പ്രസ്തുത ദിശാവ്യതിയാനത്തെക്കുറിച്ച് സൂചിപ്പിക്കുന്നുണ്ട്.(19) സമാനമായ ചര്‍ച്ചകള്‍ കേരളത്തിലും നടന്നതായി കാണാന്‍ കഴിയും.(20) ശാസ്ത്രീയ മണ്ഡലത്തിലെ അന്തിമ തീരുമാനം അവനെ മനുഷ്യന് വിട്ടുകൊടുക്കുകയാണ് അഭികാമ്യം എന്ന (പ്രശസ്ത ശാസ്ത്രജ്ഞന്‍) ജെയിംസ് ആര്‍നോള്‍ഡിന്റെ പ്രസ്താവനയും(21) ഇതിനോട് ചേര്‍ത്തു വായിക്കേണ്ടതാണ്.

ലോകയുക്തിവാദികളുടെ നേതാക്കന്മാരില്‍ ഒരാളായി അറിയപ്പെടുന്ന വ്യക്തിയാണ് ബര്‍ട്രാന്‍ഡ് റസ്സൽ. അദ്ദേഹത്തിന്റെ ‘Why I am not a christian’(22) എന്ന ഗ്രന്ഥം ലോകത്താകമാനമുള്ള ദൈവനിഷേധികളെ ജാഗരം കൊള്ളിച്ചിരുന്നു. പ്രസ്തുത ഗ്രന്ഥം പുറത്തിറങ്ങി ഇരുപത്തിമൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം അദ്ദേഹം എഴുതി ‘ജനങ്ങള്‍ക്കിടയില്‍ ദൈവനിഷേധിയായി അറിയപ്പെടാനാണ് താന്‍ ആഗ്രഹിക്കുന്നതെങ്കിലും ദൈവമില്ലെന്ന നിര്‍ണ്ണിതമായി സ്ഥാപിക്കുവാന്‍ കഴിയുന്ന തെളിവുകളൊന്നുമില്ലാത്തതിനാല്‍ തത്ത്വശാസ്ത്രചര്‍ച്ചകളില്‍ അജ്ഞേയവാദിയായി അറിയപ്പെടാനാണ് എനിക്കിഷ്ടം.(23) അതായത് ദൈവമുണ്ടോ ഇല്ലേ എന്ന് ഉറപ്പിച്ച് പറയാന്‍ കഴിയാത്ത അവസ്ഥയിലാണ് താനെന്ന് അദ്ദേഹം സമ്മതിക്കുന്നു. ഭൗതികശാസ്ത്രത്തിലും തത്ത്വചിന്തയിലും പിന്നീടുണ്ടായ ചിന്താവിപ്ലവങ്ങള്‍ക്ക് മുമ്പില്‍ പിടിച്ചുനില്‍ക്കാനുള്ള കഴിവ് തന്റെ നാസ്തികചിന്താഗതിക്ക് നഷ്ടപ്പെട്ടുവെന്ന തിരിച്ചറിവായിരിക്കാം ഈ നിലപാട് മാറ്റത്തിന് അദ്ദേഹത്തെ പ്രേരിപ്പിച്ചത്. സ്റ്റീഫന്‍ ഹോക്കിങിന്റെ ഗ്രന്ഥങ്ങളിലൂടെ കടന്നുപോവുമ്പോള്‍ പോലും ആധുനിക ശാസ്ത്രം നിരീശ്വരവാദത്തിനു വേണ്ടത്ര പിന്തുണനല്‍കാത്തതിലുള്ള പരിഭവം അദ്ദേഹത്തിന്റെ വരികള്‍ക്കിടയില്‍ നിന്ന് നമുക്ക് വായിച്ചെടുക്കാന്‍ കഴിയും.

(തുടരും)

Reference:

(12) പ്രപഞ്ചം – പി.കേശവന്‍ നായര്‍ – പേജ് 109.

A brief history of time – Stephen Hawking – page 52.

(13) പ്രപഞ്ചചിത്രങ്ങള്‍ ഡോ: മനോജ് കോമത്ത് page 86.

(14) ശാസ്ത്രം, മതം, മനുഷ്യന്‍ – എം.എം അക്ബര്‍ page 16.

(15) Philosophy and the physicists – L.susan stebbing (Penguine books) page 122.

(16) Albert Enstein: Time magazine 19.02.1979.

(17) Where is science going ? Dr.S.Radha Krishnan ന്റെ time എന്ന ഗ്രന്ഥത്തില്‍ ഉദ്ധരിച്ചത്. പേജ് 157.

(18) പ്രവാചകത്വം, യുക്തിവാദം, ആദ്ധ്യാത്മികം, ഭൗതികശാസ്ത്രം by ഫൈസി ദോഹ – പേജ് 70. (IPH- കോഴിക്കോട്)

(19) Physics and philosophy reprinted in ‘science, faith and man – selected documents editted by W. Warren wagar. Page 24, 25.

(20) ആധുനിക ശാസ്ത്രം – ഡോ: ഭാസ്‌ക്കരന്‍ നായര്‍. പേജ് 2,6,13.

(21) ഇസ്‌ലാമികവിശ്വാസം ശാസ്ത്രീയ ദൃഷ്ടിയില്‍ by സെയ്ത് മുഹമ്മദ് നിസാമി (അല്‍ഹുദാ ബുക്ക് സ്റ്റാള്‍ – കോഴിക്കോട്) പേജ് 29.

(22) Why I am not a christian and other essays on religion Bertrand Russel and related subjects Newyork 1967 page 3-13

(23) Am I an atheist or An agnostic ? A plea for tolerance in the face New Dogmas – Bertrand russel.

print

No comments yet.

Leave a comment

Your email address will not be published.