നവനാസ്തികതയെന്നാൽ യുക്തിവാദമല്ല! – 6

//നവനാസ്തികതയെന്നാൽ യുക്തിവാദമല്ല! – 6
//നവനാസ്തികതയെന്നാൽ യുക്തിവാദമല്ല! – 6
ആനുകാലികം

നവനാസ്തികതയെന്നാൽ യുക്തിവാദമല്ല! – 6

ദൈവവിരോധത്തിന്റെ ജ്ഞാനശാസ്ത്രപരിസരം

മതാചാരങ്ങളോടോ മതവിശ്വാസികളുടെ ചെയ്തികളോടോ ഉള്ള വെറുപ്പിൽ നിന്ന് തുടങ്ങി സജീവദർശനമായ ഇസ്‌ലാമിനോടുള്ള വിരോധത്തിൽ അവസാനിക്കുന്നതാണ് നവനാസ്തികതയുടെ നാല് കുതിരക്കാരുടെയും യുക്തിബോധമെങ്കിൽ അവരിൽ നിന്ന് പ്രചോദനമുൾക്കൊള്ളുന്നവരുടെ സ്ഥിതിയെന്തായിരിക്കും?! നിരീശ്വരത്വത്തെ (atheism) യുക്തിവാദം (rationalism) എന്ന് വിളിക്കുന്നതിന്റെ സാംഗത്യം ഐൻസ്റ്റെയിന്റെ ആപേക്ഷികതാ സിദ്ധാന്തങ്ങളുടെ അവതരണത്തോടെ തന്നെ ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും നവനാസ്തികതയുടെ വക്താക്കളെപ്പോലെ യുക്തിബോധത്തെ പരസ്യമായി ഭേദ്യം ചെയ്യുന്ന രീതി മുമ്പുണ്ടായിരുന്നില്ല എന്നാണ് തോന്നുന്നത്. മതത്തിന്റെ യുക്തിയില്ലായ്മ സ്ഥാപിക്കുവാൻ യുക്തിബോധത്തിന്റെ നാലയലത്ത് പോലും നിൽക്കാനാവാത്ത പ്രത്യയങ്ങളെ ഉപയോഗിക്കുന്നത് അതിനെ ഭേദ്യം ചെയ്യലല്ലെങ്കിൽ മറ്റെന്താണ്?!ഭൗതികവാദമാണ് (materialism) നിരീശ്വരത്വത്തിന്റെ കാതലെന്നാണ് പരമ്പരാഗതമായി പറഞ്ഞു പോരാറുള്ളത് എന്ന് പോലും ചിന്തിക്കാൻ മതത്തെ തോൽപ്പിക്കാനുള്ള നെട്ടോട്ടത്തിനിടയിൽ നവനാസ്തികർക്ക് കഴിയുന്നില്ല. അത് കൊണ്ടാണല്ലോ മെമെറ്റിക്‌സിനെ (memetics) പോലെയുള്ള വ്യാജശാസ്ത്രങ്ങളിൽ അഭയം തേടേണ്ട ഗതികേടിൽ അവർ ആപതിക്കേണ്ടി വരുന്നത്. യുക്തിവാദമോ ഭൗതികവാദമോ അല്ല, മതവിരോധത്തിന്റെ പൊതുബോധം പേറിക്കൊണ്ട് ഇസ്‌ലാംവെറുപ്പിനെ പ്രസരിപ്പിക്കുന്ന ഒരു സാമ്രാജ്യത്വനിർമിതിയാണ് നവനാസ്തികതയെന്ന് പറയേണ്ടി വരുന്നത് അത് കൊണ്ടാണ്.

ന്യൂട്ടോണിൻ ഭൗതികത്തിന്റെ മലവെള്ളപ്പാച്ചിലിൽ ദൈവം മരിച്ചിരിക്കുന്നുവെന്ന് പ്രഖ്യാപിച്ച ഭൗതികവാദീദാർശനികരുടെ ചിന്തകളിൽ നിന്ന് ഊർജ്ജം സ്വീകരിച്ച് രചനകൾ നടത്തിയ ക്ലാസ്സിക്കൽ നിരീശ്വരവാദികളുടെ സാഹിത്യസൃഷ്ടികളിൽ പലതിലും ദൈവനിഷേധത്തിന്റെ ദാർശനികഭാവമായിരുന്നു ഉണ്ടായിരുന്നത് എങ്കിൽ നവനാസ്തികരുടെ രചനകളിൽ കാണുന്നത് ദൈവവിദ്വേഷത്തിന്റെ വൈകാരികപ്രകടനം മാത്രമാണ്. ദൈവവിദ്വേഷത്തിൽ നിന്നുണ്ടാവുന്ന വൈകാരികപ്രകടനത്തിനൊരിക്കലും ജീവിതഗന്ധിയായ ഒരു ദർശനമാവാൻ കഴിയില്ല. പൗരാണികവും ആധുനികവുമായ സാഹിത്യകൃതികളിലെ ദൈവവിദ്വേഷപ്രവണതകളെക്കുറിച്ച് പഠനം നടത്തിയയാളാണ് ബ്രൂക്കിലിൻ ലോങ്ങ്. ഐലൻഡ് സർവകലാശാലയിലെ ഇംഗ്ലീഷ് പ്രൊഫസറും എഴുത്തുകാരനുമായ ബെർണാഡ് സ്ക്വീസ്.ദൈവവിശ്വാസത്തിന്റെ സാധ്യതകളെ ചോദ്യം ചെയ്യുകയോ സാംഗത്യത്തെ വിലയിരുത്തുകയോ ചെയ്യാതെ മനുഷ്യരനുഭവിക്കുന്ന ദുരിതങ്ങളെയും പ്രയാസങ്ങളെയും അസമത്വങ്ങളേയും പ്രമേയമാക്കി അവയ്ക്കെല്ലാം കാരണമായി സാഹിത്യകാരൻ കാണുന്ന ദൈവത്തെ വില്ലനായി കല്ലെറിയുന്ന പ്രവണത സാഹിത്യകൃതികളിൽ വ്യാപകമാണെന്ന് തന്റെ ‘വെറുക്കപ്പെടുന്ന ദൈവം; ദൈവവിദ്വേഷത്തിന്റെ പറഞ്ഞിട്ടില്ലാത്ത കഥ’ (Hating God: The Untold Story of Misotheism) എന്ന ഗ്രന്ഥത്തിൽ(44) അദ്ദേഹം സമർത്ഥിക്കുന്നുണ്ട്. വെറുപ്പ് എന്നർത്ഥമുള്ള misos, ദൈവമെന്ന് അർത്ഥമുള്ള theos എന്നീ ഗ്രീക്ക് പദങ്ങളുടെ സമ്മിശ്രമാണ് ദൈവവിദ്വേഷം എന്ന് പരിഭാഷപ്പെടുത്തിയിരിക്കുന്ന misotheism. ബൈബിൾ പഴയനിയമത്തിലെ ചില കഥകളിൽ മുതൽ പതിനെട്ടാം നൂറ്റാണ്ടിൽ എഴുതപ്പെട്ട ഗൊയ്‌ഥെയുടെ പ്രോമിത്യുസിൽ വരെ ദൈവവിദ്വേഷമുണ്ടെന്നാണ് ബെർണാഡ് സ്ക്വീസ് പറയുന്നുണ്ട്. ഉത്തരാധുനിക കാലത്തെ ചില സാഹിത്യസൃഷ്ടികളിൽ ഇത് നിറഞ്ഞു നിൽക്കുന്നുണ്ട്. ദൈവവിശ്വാസത്തെ താത്വികമായി നേരിടാൻ കഴിയാത്തതു കൊണ്ടാണ് നിരീശ്വരന്മാരിൽ ചിലർ ദൈവവിദ്വേഷത്തിന്റെ സാഹിത്യക്കൂടുകളുണ്ടാക്കി അതിനകത്തിരുന്ന് വിശ്വാസികൾക്കിടയിൽ സംശയങ്ങളുണ്ടാക്കാൻ ശ്രമിക്കുന്നത്. നവനാസ്തികതയുടെ കുതിരക്കാരുടെയും അവരിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് സാഹിത്യരചനകൾ നടത്തിയവരുടെയുമെല്ലാം കൃതികളെ നിരങ്കുശമായി വിലയിരുത്തിയാൽ യുക്തിവാദത്തേക്കാൾ അവയിൽ കാണുന്നത് ദൈവവിദ്വേഷമാണെന്ന് ആർക്കും മനസ്സിലാകും.

യുക്തിപരമായ അപഗ്രഥനത്തിൽ നിന്നുണ്ടാവുന്ന സ്വതന്ത്രമായ ഒരു ആശയമല്ല, പ്രത്യുത കേവലമായ ഒരു വൈകാരിക പ്രതികരണം മാത്രമാണ് യഥാർത്ഥത്തിൽ ദൈവവിദ്വേഷം എന്ന് പറഞ്ഞുവല്ലോ. ദൈവത്തിന്റേതായി മനസ്സിലാക്കപ്പെടുന്ന തിന്മകൾ, മനസ്സിലാക്കുന്നത് പോലെ അവ ദൈവത്തിൽ നിന്നുള്ളവയാണെങ്കിൽ പോലും, അതിൽ നിന്ന് ദൈവം തിന്മയും ഉൾക്കൊള്ളുന്നവനാണ് എന്ന ആശയം മാത്രമേ ഉരുത്തിരിയുകയുള്ളൂ. നന്മ നിറഞ്ഞവനാണ് ദൈവം (eutheism) എന്ന സെമിറ്റിക് സങ്കല്പത്തിന് വിരുദ്ധമായ ഈ ആശയത്തിന് ദോഷദൈവത്വം (dystheism) എന്നാണ് പറയാറുള്ളത്. ബൈബിൾ പഴയനിയമത്തിലെ ഇയ്യോബിന്റെ പുസ്തകത്തിൽ തെളിഞ്ഞു കാണുന്നത്  ദോഷദൈവത്വമാണെന്ന് സിഗ്മണ്ട് ഫ്രോയിഡിന്റെ ശിഷ്യനും പ്രസിദ്ധ മനഃശാസ്ത്രവിശാരദനുമായ കാൾ യുങ്ങ് 1954 ൽ പ്രസിദ്ധീകരിക്കപ്പെട്ട തന്റെ ‘ഇയ്യോബിനുള്ള ഉത്തരം'(Answer to Job)(45) എന്ന പുസ്തകത്തിൽ സമർത്ഥിക്കുന്നുണ്ട്. ക്രൈസ്തവദൈവശാസ്ത്രത്തിന്റെ അടിത്തറ തന്നെ ദൈവം നന്മ നിറഞ്ഞവനാണെന്ന സങ്കല്പമാണെങ്കിലും പ്രസിദ്ധരായ ചില ക്രൈസ്തവചിന്തകരുടെ രചനകളിൽ തെളിഞ്ഞു കാണുന്നത് ദോഷദൈവത്വമാണെന്ന് വിമര്ശിക്കപ്പെട്ടിട്ടുമുണ്ട്. ക്രിസ്തുവിന്റെ വിമോചനദൗത്യത്തെ പൊടിപ്പും തൊങ്ങലും വെച്ച് അവതരിപ്പിക്കുന്നതിനിടയിൽ ദൈവം ദോഷങ്ങളുൾക്കൊള്ളുന്നവനാണ് എന്ന ചിന്ത വായനക്കാരിലുണ്ടാക്കുന്ന പ്രസിദ്ധ ബ്രിട്ടീഷ് ദൈവശാശ്ത്രജ്ഞനായിരുന്ന ജോനാഥൻ എഡ്വേർഡ്‌സിന്റെ 1741ൽ പ്രസിദ്ധീകരിക്കപ്പെട്ട ‘പാപികൾ കോപാകുലനായ ഒരു ദൈവത്തിന്റെ കരങ്ങളിൽ’ (Sinners in the Hands of an Angry God) എന്ന പുസ്തകം ഇങ്ങനെ വിലയിരുത്തപ്പെടുന്ന ഗ്രൻഥങ്ങളിലൊന്നാണ്.(46)

ദൈവവിദ്വേഷത്തിനും ദോഷദൈവത്വത്തിനും കാരണമായി പറയപ്പെടുന്ന മനുഷ്യരനുഭവിക്കുന്ന ദുരിതങ്ങളും ക്രൂരതകളും അനീതികളും കുറവുകളുമെല്ലാം ദൈവകാരുണ്യത്തിന്റെ പ്രതിഫലനമാണെന്നാണ് മതം പറയുന്നത്. നന്മ നിറഞ്ഞവനായ ദൈവം എന്ന ആശയത്തിന് അനുഗുണമായി തിന്മകളെ എങ്ങനെ വ്യാഖ്യാനിക്കാമെന്നത് ദൈവശാസ്ത്രഞർക്കിടയിൽ ഒരു വൈജ്ഞാനികശാഖ തന്നെയായി വളർന്നു വന്നിട്ടുണ്ട്. 1716ൽ അന്തരിച്ച ജർമൻ ബുദ്ധിജീവിയായ ഗോട്ട് ഫ്രീഡ് വിൽഹെം ലിബ്നിസ് തിയോഡിസി (theodicy) എന്ന് പേര് വിളിച്ച, പൗരാണിക ഗ്രീസിലും അറേബ്യയിലുമെല്ലാം നില നിന്നിരുന്ന ഈ വൈജ്ഞാനികശാഖ ദോഷദൈവത്വമെന്ന ആശയത്തെ നിരാകരിക്കുകയും അതുന്നയിച്ചവരുടെ ആരോപണങ്ങൾക്ക് യുക്തമായ മറുപടി പറയുകയും ചെതിട്ടുണ്ട്. നാലാം നൂറ്റാണ്ടിൽ ജീവിച്ച സെന്റ് അഗസ്റ്റിൻ മുതൽ പതിമൂന്നാം നൂറ്റാണ്ടിൽ ജീവിച്ച സെന്റ് തോമസ് അക്വിനാസ് വരെയുള്ളവർ ക്രൈസ്തവദൈവശാസ്ത്രത്തിന്റെ വെളിച്ചത്തിൽ ലോകത്ത് നില നിൽക്കുന്ന തിന്മകളെ എങ്ങനെ കാണണമെന്ന് വ്യക്തമായി വിശദീകരിച്ചിട്ടുണ്ട്. (47)

അല്ലാഹുവിന്റെ കാരുണ്യത്തിന്റെ ഭാഗം തന്നെയാണ് നില നിൽക്കുന്ന ദുരിതങ്ങളും തിന്മകളുമെന്ന് ഖുർആനിന്റെയും ഹദീഥുകളുടെയും വെളിച്ചത്തിൽ വിശ്വാസികളെ ബോധ്യപ്പെടുത്തി അവരെ സംസ്കരിക്കുകയും വ്യത്യസ്ത കാലങ്ങളിൽ നിലനിന്ന ദൈവനിഷേധികളുടെയും ആദർശവ്യതിയാനക്കാരുടെയും തിന്മകളുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് മറുപടി നൽകുകയും ചെയ്യാൻ വ്യത്യസ്ത കാലങ്ങളിൽ ജീവിച്ച മുസ്‌ലിം പണ്ഡിതന്മാർക്ക് കഴിഞ്ഞിട്ടുണ്ട്. പതിനൊന്നാം നൂറ്റാണ്ടിൽ ഇമാം ഗസ്സാലിയും പന്ത്രണ്ടാം നൂറ്റാണ്ടിൽ ഇമാം റാസിയും(48) പതിമൂന്നാം നൂറ്റാണ്ടിൽ ഇമാം ഇബ്നു തൈമിയയും പതിനാലാം നൂറ്റാണ്ടിൽ ഇമാം ഇബ്നുൽ ഖയ്യിമും(49) മറുപടി പറഞ്ഞ ചോദ്യങ്ങൾ തന്നെ ഇന്നും ആവർത്തിക്കുന്ന നാസ്തികർ അവരുടെ ആശയദാരിദ്ര്യമല്ലാതെ മറ്റൊന്നും വെളിപ്പെടുത്തുന്നില്ല. പഴകിപ്പുളിച്ച വാദങ്ങൾ മാത്രമവതരിപ്പിച്ച് ദൈവസങ്കല്പത്തിന്റെ പ്രധാനപ്പെട്ട സൈദ്ധാന്തികസമസ്യയായി അവർ കരുതുന്ന കാര്യങ്ങളെ ആക്ഷേപഹാസ്യത്തിന്റെ രീതിയിൽ തെറി പറയുന്നതാണ് യുക്തിവാദമെങ്കിൽ നവനാസ്തികരെ നമുക്ക് യുക്തിവാദികളെന്ന് വിളിക്കാവുന്നതാണ്.

                                                                                                                                                                                                                                                 (തുടരും)

References:

44.Bernard Schweizer: Hating God: The Untold Story of Misotheism, Oxford, 2010

45. C. G. Jung (Translation: R. F.C. Hull): Answer to Job, Jung Extracts Series, Book 11,New Jersey, 2010

46. Jonathan Edwards: Sinners in the Hands of an Angry God, A Sermon Preached at Enfield, July 8th 1741, University of Nebraska – Lincoln DigitalCommons@University of Nebraska – Lincoln

47. Richard Swinburne: Providence and the Problem of Evil, Oxford, 1998, Pages 9-36

48. Eric Linn Ormsby: Theodicy in Islamic Thought: The Dispute Over Al-Ghazali’s Best of All Possible Worlds, New Jersey, 2014

https://muse.jhu.edu/book/33912

49. Jon Hoover : “Ibn Taymiyya’s Theodicy of Perpetual Optimism “, Islamic Philosophy, Theology and Science. Texts and Studies, Volume: 73

https://brill.com/view/title/13148

print

No comments yet.

Leave a comment

Your email address will not be published.