നവനാസ്തികതയെന്നാൽ യുക്തിവാദമല്ല! – 4

//നവനാസ്തികതയെന്നാൽ യുക്തിവാദമല്ല! – 4
//നവനാസ്തികതയെന്നാൽ യുക്തിവാദമല്ല! – 4
ആനുകാലികം

നവനാസ്തികതയെന്നാൽ യുക്തിവാദമല്ല! – 4

Print Now
നവനാസ്തികതയുടെ ഓറബോറസ്

നവനാസ്തികതയുടെ മഹാസൈദ്ധാന്തികനും തത്വജ്ഞാനിയുമായി വിശേഷിപ്പിക്കപ്പെടുന്ന ബ്രിട്ടീഷ് – അമേരിക്കൻ എഴുത്തുകാരനായ ക്രിസ്റ്റഫർ ഹിച്ചെൻസിനെ വായിക്കുമ്പോൾ ഈജിപ്ഷ്യൻ മിത്തുകളിലും ഗ്രീക്ക് പുരാണങ്ങളിലും കാണുന്ന സ്വന്തത്തെ തിന്നുന്ന സർപ്പമായ ഓറബോറസിനെ(Ouroboros)യാണ് നമുക്ക് ഓർമ്മ വരിക. മതങ്ങൾക്കെതിരെ ശക്തമായ ആരോപണങ്ങളുന്നയിക്കുകയും കനമുള്ള വാക്കുകൾ പ്രയോഗിക്കുകയും ചെയ്തുകൊണ്ട് 2007ൽ, തന്റെ മരണത്തിന് നാല് വർഷങ്ങർക്ക് മുമ്പ്, അദ്ദേഹമെഴുതിയ ‘ദൈവം മഹാനല്ല; മതമെങ്ങനെ എല്ലാത്തിനെയും വിഷലിപ്തമാക്കുന്നു’ (God Is Not Great: How Religion Poisons Everything) എന്ന പുസ്തകം(22) നവനാസ്തികതയുടെ മഹാദാർശനികർ പോലും എത്തിപ്പെടുന്നത് യുക്തിരാഹിത്യത്തിന്റെ തമോദ്വാരത്തിലാണെന്ന വസ്തുതയല്ലാതെ മറ്റൊന്നും വെളിപ്പെടുത്തുന്നില്ല.

പത്തൊൻപത് അദ്ധ്യായങ്ങളിലായി ഹിച്ചെൻസ് നിരത്തുന്ന യുക്തിവാദത്തിന്റെയെല്ലാം അടിത്തറയായി അദ്ദേഹം പറയുന്ന ദാർശനികമുദ്രാവാക്യം ‘തെളിവില്ലാതെ സമർത്ഥിക്കാൻ കഴിയുന്നവയെ തെളിവില്ലാതെ തള്ളിക്കളയാനും കഴിയും’ (That which can be asserted without evidence, can be dismissed without evidence) എന്ന ‘മഹാവാക്യ’മാണ്. ‘അനാവശ്യമോ അവിശ്വസനീയമായതോ ആയ അനുമാനങ്ങൾ ഒഴിവാക്കിക്കൊണ്ടുള്ള സരളമായ വിശദീകരണങ്ങളാണ് ശരിയാവാൻ കൂടുതൽ സാധ്യതയുള്ളത്’ (Simpler explanations are more likely to be correct; avoid unnecessary or improbable assumptions) എന്ന ‘ഒക്കാമിന്റെ ഖുരം’ (Occam’s razor) എന്നറിയപ്പെടുന്ന തത്വശാസ്ത്രത്തിൽ ആശയങ്ങളുടെ വ്യവച്ഛേദനത്തിനുപയോഗിക്കുന്ന സൂത്രവാക്യം പോലെ യുക്തിവാദത്തിന്റെ സൂത്രവാക്യമായിട്ടാണ് നവനാസ്തികരിൽ പലരും ഇത് ഉപയോഗിക്കാറുള്ളത്. ദൈവവിശ്വാസത്തിന്റെ സാധുതയെ ചോദ്യം ചെയ്യാനായി രൂപപ്പെടുത്തിയെടുത്ത ‘ഹിച്ചെൻസിന്റെ ഖുരം’ (Hitchens’s razor) യഥാർത്ഥത്തിൽ യുക്തിവാദത്തിന്റെയും ഭൗതികവാദത്തിന്റെയും സാധുതയെയാണ് നേർക്കുനേരെ നിഷേധിക്കുന്നത്. ഈ വസ്തുത മനസ്സിലാക്കാൻ പോലുമുള്ള യുക്തിബോധം മഹാധൈക്ഷിണകാരായി വാഴ്ത്തപ്പെടുന്നവർക്കുപോലും ഇല്ലാതെ പോകുന്നത് അവരുപയോഗിക്കുന്ന ജ്ഞാനശാസ്തത്തിന്റെ പരിമിതി കൊണ്ടാണ്. നിഷേധത്തിൽ നിന്ന് മാത്രമായി തുടങ്ങുന്ന ഒരു പ്രത്യയശാസ്ത്രത്തിനും യുക്തിബന്ധുരമായ ഒരു ജ്ഞാനശാസ്ത്രപരിസരമുണ്ടാക്കുവാൻ കഴിയില്ലെന്ന വസ്തുത ഒരിക്കൽ കൂടി അനാവൃതമാവുകയാണിവിടെ.

ഓറബോറസിനെപ്പോലെ സ്വന്തത്തെ തന്നെ നിഷേധിക്കുന്നതാണ് ഹിച്ചെൻസിന്റെ ഖുരം എന്ന വസ്തുതയെന്തുകൊണ്ടാണ് ‘മഹാബുദ്ധിമാന്മാരായ’ യുക്തിവാദികൾക്ക് മനസ്സിലാകാത്തത്? ‘തെളിവില്ലാതെ സമർത്ഥിക്കാൻ കഴിയുന്നവയെ തെളിവില്ലാതെ തള്ളിക്കളയാനും കഴിയും’ എന്ന തത്വത്തിനുള്ള തെളിവെന്താണ്? എങ്ങനെയാണ് അത് തെളിയിക്കാൻ കഴിയുക? വസ്തുനിഷ്ഠമായ യാതൊരു തെളിവും ഈ സിദ്ധാന്തത്തിനില്ല. ഈ തത്വത്തിന്  ആത്മനിഷ്ഠമായ തെളിവുകൾ പോലും നൽകാൻ കഴിയില്ല. തത്വശാസ്ത്രത്തിന്റെ ബാലപാഠമെങ്കിലും അറിയുന്നവർക്കെല്ലാം മനസ്സിലാവുന്നതാണ് സ്വന്തമായി ഒരു തെളിവുമില്ലാത്ത ഒരു സിദ്ധാന്തത്തെയുപയോഗിച്ച് മറ്റു സിദ്ധാന്തങ്ങളുടെ തെളിവളക്കുന്നതിന്റെ യുക്തിരാഹിത്യം. അത് പോലും ‘ബുദ്ധിജീവി’കളായ നവനാസ്തികർക്ക് ബോധ്യപ്പെടാതിരിക്കുന്നതിനുള്ള കാരണമെന്തായിരിക്കും?

ദൈവമുണ്ടെന്നതിന് തെളിവൊന്നുമില്ലെന്ന യുക്തിവാദികളുടെ അടിസ്ഥാനസങ്കല്പം പോലും ഹിച്ചെൻസ് ഖുരമുപയോഗിച്ചാൽ വസ്തുനിഷ്ഠമായി സമർത്ഥിക്കാനാകാത്തതിനാൽ തള്ളിക്കളയേണ്ടതായി വരും. പ്രപഞ്ചത്തിലെ ഏതെങ്കിലുമൊരു പ്രതിഭാസത്തിന് സ്രഷ്ടാവില്ല എന്ന് തെളിയിക്കാൻ കഴിയാത്തിടത്തോളം ഭൗതികവാദം നിരർത്ഥകമാണ് എന്നാണ് ഈ ഖുരമുപയോഗിച്ചാൽ പറയേണ്ടി വരിക. പ്രപഞ്ചം യാഥാർഥ്യമായതുകൊണ്ടും പ്രപഞ്ചം ഉണ്ടായിട്ടുണ്ട് എന്നത് ഒരു വസ്തുതയായതു കൊണ്ടും പ്രസ്തുത ഉണ്ടാവലിന് പിന്നിൽ യാതൊന്നുമില്ല എന്നതാണ് തത്വശാസ്ത്രപരമായി സ്ഥാപിക്കപ്പെടേണ്ട സിദ്ധാന്തം. അങ്ങനെ സ്ഥാപിക്കാൻ കഴിയുന്നില്ലെങ്കിൽ അന്വേഷണങ്ങളൊന്നും ആവശ്യമില്ലാതെ തള്ളേണ്ട ഒരു പരികല്പന മാത്രമാണ് ഭൗതികവാദമെന്നാണ് ഹിച്ചെൻസ് ഖുരം പറഞ്ഞു തരുന്നത്. ദൈവനിഷേധം തള്ളിക്കളഞ്ഞാൽ പിന്നെ നിലനിൽക്കുക ദൈവമുണ്ടെന്ന വിശ്വാസം മാത്രമായിരിക്കും. അത് ഒരു കേവല വിശ്വാസമാണെങ്കിൽ പോലും – യഥാർത്ഥത്തിൽ ഏറെ തെളിവുകളുള്ള വലിയൊരു സത്യമാണത് – നില നിൽക്കാൻ അർഹതയുള്ളത് ദൈവവിശ്വാസത്തിനു മാത്രമാണെന്ന് പറയുകയാണ് ഹിച്ചെൻസ് ഖുരം യഥാർത്ഥത്തിൽ ചെയ്യുന്നത്.

തന്റെ ഖുരമുപയോഗിച്ച് ഹിച്ചെൻസ് എത്തിച്ചേരുന്ന തീർപ്പുകളിൽ പലതും ഏറെ ചിരിക്കാൻ വക നൽകുന്നവയാണ്. ‘പന്നിയെക്കുറിച്ച് ചെറിയൊരു അധികപ്രസംഗം അഥവാ പന്നിത്തുടയെ സ്വർഗം വെറുക്കുന്നതെന്തുകൊണ്ട്’ (A Short Digression On The Pig; or, Why Heaven Hates Ham) എന്ന തലക്കെട്ടിലുള്ള പുസ്തകത്തിന്റെ മൂന്നാം അധ്യായം മാത്രം വായിച്ചാൽ തന്നെ നാസ്തികതയുടെ ഖുരം നിർമ്മിച്ചയാൾ എത്തിച്ചേരുന്ന യുക്തിരാഹിത്യത്തിന്റെ പടുകുഴി എത്രത്തോളം ആഴമുള്ളതാണെന്നും പരിഹാസ്യമാണെന്നും മനസ്സിലാവും. യഹൂദ-ഇസ്‌ലാം മതങ്ങൾ പന്നിയിറച്ചി കഴിക്കുന്നത് വിലക്കിയിരിക്കുന്നതിന്റെ – ഹിച്ചെൻസിന്റെ ഭാഷയിൽ പറഞ്ഞാൽ പന്നിമാംസഭീതിയും (Porcophobia) പന്നിമാംസാനുരാഗവും (Porcophilia) – കാരണം അപഗ്രഥിച്ചുകൊണ്ട്  മതങ്ങൾ എത്രത്തോളം നിസ്സാരമായ അന്ധവിശ്വാസങ്ങളുടെ അടിസ്ഥാനത്തിലാണ് ലോകത്തെക്കുറിച്ച നമ്മുടെ ചിത്രത്തെ വികലമാക്കുന്നത് എന്ന് അദ്ദേഹം പരിതപിക്കുന്നുണ്ട്. ഈ പരിതാപത്തിന് നിമിത്തമായ കാര്യങ്ങൾ അവതരിപ്പിക്കുമ്പോഴാണ് നവനാസ്തിക ദാർശനികരുടെ പരിഹാസ്യമായ തീർപ്പുകളുടെ യുക്തിയില്ലായ്മ ബോധ്യപ്പെടുക.

മനുഷ്യർക്ക് സമാനമായ ബുദ്ധിയും ചിന്താശേഷിയുമുള്ളവരും മനുഷ്യരുമായി ഡി.എൻ.എകൾ തമ്മിൽ ഏറെ സാമ്യമുള്ളവരും ചർമ്മവും ഹൃദയവാൽവുകളും വൃക്കയുമെല്ലാം മനുഷ്യനിലേക്ക് മാറ്റിവെക്കാൻ കഴിയുന്നവരുമായ പന്നിയെന്ന മനുഷ്യന്റെ അടുത്ത ബന്ധുവിനെ വെറുക്കുന്നതിന് യാതൊരു ന്യായീകരണവുമില്ലെന്ന് സമർത്ഥിച്ചു കൊണ്ടാണ് അദ്ദേഹത്തിന്റെ തുടക്കം. യഹൂദ-ഇസ്‌ലാം മതങ്ങളുടെ പന്നിമാംസവിരോധത്തിന് കാരണം അതിൽ ട്രിക്കിനോസിസ് വിരകളുണ്ടെന്നതോ അത് ഏതെങ്കിലും തരത്തിൽ ആരോഗ്യത്തിന് ഹാനികരമാണെന്നതോ അല്ലെന്ന് ഉപന്യസിക്കുന്നത് കാണുമ്പോൾ അവയല്ലാത്ത എന്തോ കാരണങ്ങളെക്കുറിച്ച കാര്യമായ ഗവേഷണഫലം നാം പ്രതീക്ഷിക്കും. പന്നിയുടെ രൂപവും പന്നിമാംസത്തിന്റെ രുചിയും മരണസമയത്തുള്ള പന്നിയുടെ അലർച്ചയും അതിന്റെ ബുദ്ധിശക്തിയുമെല്ലാം മനുഷ്യന്റേതിന് സമാനമായതു കൊണ്ടാണ് മതങ്ങൾ പന്നിമാംസത്തിനെതിരായത് എന്നും മതങ്ങളുടെ പന്നിവിരോധം മനുഷ്യബലിയുടെ ബാക്കിപത്രവും നരമാംസഭോജനത്വരയുമാണ് എന്നുമെല്ലാമാണ് നാം കാത്തിരുന്നു കേൾക്കുന്ന ആ ഗവേഷണഫലം; പ്രസ്തുത ഗവേഷണഫലത്തിൽ നിൽക്കുന്നുണ്ടെങ്കിൽ അത് മുഴുക്കുടിയനായ ഒരാളുടെ ഭ്രാന്തൻ വർത്തമാനം മാത്രമായോ നിർദോഷിയായ ഒരു കേവല പരാമർശമായോ മാത്രം പരിഗണിക്കാമായിരുന്നു. എന്നാൽ മുസ്‌ലിംകൾ പന്നിയിറച്ചി നിരോധിക്കണമെന്ന് ആവശ്യപ്പെടുന്നത് മുതലുള്ള അസഹിഷ്ണുതകളിൽ പലതിന്റെയും കാരണം ഈ പന്നി-മനുഷ്യതാരതമ്യമാണെന്നു വരെ ഗവേഷണം പുരോഗമിക്കുന്നതാണ് നാം വായിക്കേണ്ടിവരുന്നത്. ഇസ്‌ലാമോഫോബിയ നവനാസ്തികരെ എത്രത്തോളം മാരകമായ മനോരോഗത്തിലേക്കാണ് നയിച്ചിരിക്കുന്നതെന്ന് വ്യക്തമാക്കുന്നതാണ് ഇത്തരം ഗവേഷണങ്ങൾ!

ഇസ്‌ലാമുമായി ബന്ധപ്പെട്ട അപഗ്രഥനങ്ങളിലെല്ലാം നവനാസ്തികതയുടെ മറ്റു കുതിരക്കാരെയും പോലെത്തന്നെ പ്രമാണങ്ങളൊന്നും വായിക്കാതെയും വിശ്വാസികളിൽ നിന്ന് കേൾക്കാതെയും വിമർശനങ്ങളെ ആശ്രയിച്ച് വിമർശങ്ങളുന്നയിക്കുകയെന്ന യുക്തിവിരുദ്ധ സമീപനം തന്നെയാണ് ഹിച്ചെൻസിന്റേതും.’ജൂതന്മാരുടെയും ക്രിസ്ത്യാനികളുടെയും മിത്തുകളിൽ നിന്നെടുത്തതാണ് ക്വുർആൻ’ (The Koran Is Borrowed From Both Jewish and Christian Myths) എന്ന തലക്കെട്ടിലുള്ള ഒൻപതാം അധ്യായത്തിൽ തന്റെ വാദങ്ങൾക്കൊന്നും തന്നെ വസ്തുനിഷ്ഠമായ യാതൊരു തെളിവും അദ്ദേഹം നിരത്തുന്നില്ല. ബൈബിളിൽ നിന്ന് കോപ്പിയടിച്ചതാണ് ക്വുർആൻ എന്ന് വാദിക്കുമ്പോൾ കോപ്പിയടിക്കുള്ള ഒരു ഉദാഹരണമെങ്കിലും അവതരിപ്പിക്കേണ്ടതല്ലേ? ആകെയുള്ള തെളിവ് ഖുർആനിലും ബൈബിളിലുമുള്ള കഥകൾ സമാനമാണ് എന്നതാണ്. ഖുർആനിൽ പേരെടുത്ത് പരാമർശിച്ചിരിക്കുന്ന ഇരുപത്തിയഞ്ച് പ്രവാചകന്മാരിൽ പലരുടെയും ചരിത്രം ബൈബിളിലേതിന് സമാനമാണ് എന്നതെങ്ങനെയാണ് കോപ്പിയടിക്കുള്ള തെളിവായിത്തത്തീരുന്നത്?! ഒരേ ദൈവത്തിൽ നിന്ന് നിയോഗിതരായവരെക്കുറിച്ച് രണ്ട് സ്രോതസ്സുകൾ പരാമർശിക്കുമ്പോൾ അതിലുണ്ടാവുന്ന സാമ്യം എങ്ങനെയാണ് കോപ്പിയടിയാവുക? ഇത്തരം ചോദ്യങ്ങൾക്കൊന്നുമുള്ള ഉത്തരം നാസ്തികരിൽ നിന്ന് നാം പ്രതീക്ഷിക്കരുത്. അവർ ചില കാര്യങ്ങൾ പറയും; അതാണ് ശരി! അത് മാത്രമാണ് ശരി! എന്തുകൊണ്ടെന്നാൽ അവരുടെ യുക്തി പറയുന്നത് അതാണ് ശരിയെന്നാണ് !!!

ബൈബിളിലുള്ള ചരിത്രകഥനത്തിലെ സൂക്ഷ്മമായ അബദ്ധങ്ങൾ പോലും തിരുത്തിക്കൊണ്ടുള്ള ക്വുർആനിന്റെ കഥനരീതിയെക്കുറിച്ച് ഒന്നും മനസ്സിലാക്കാതെ കാലങ്ങളായി മിഷനറിമാർ ഉന്നയിച്ചുകൊണ്ടിരിക്കുന്ന ആരോപണം ആവർത്തിക്കുക മാത്രമാണ് ഈ അധ്യായത്തിൽ ഹിച്ചെൻസ് ചെയ്യുന്നത്. ക്വുർആനിൽ കോപ്പിയടി ആരോപിക്കുന്ന ഹിച്ചെൻസ് യാഥാർത്ഥത്തിൽ മിഷനറിമാരെ കണ്ണടച്ച് കോപ്പിയടിക്കുകയാണ് ചെയ്തിട്ടുള്ളത്. മിഷനറിമാരും അവർക്ക് ബൗദ്ധിക സമ്പത്തുണ്ടാക്കുവാൻ ഗവേഷണങ്ങൾ നടത്തിയ ഓറിയന്റലിസ്റ്റുകളും എഴുതിവെച്ചത് അതേപോലെ ആവർത്തിക്കുമ്പോൾ അവയിലെ നെല്ലും പതിരും വേർതിരിക്കാനുള്ള ശ്രമം പോലും അദ്ദേഹം നടത്തുന്നില്ല.

നവനാസ്തികതയുടെ നാല് കുതിരക്കാരുടെയും രചനകളിൽ ആവർത്തിച്ചിരിക്കുന്ന സമാനമായ ആശയങ്ങൾ ചൂണ്ടിക്കാണിച്ച് ഇവരിൽ ഒരാൾ മറ്റൊരാളിൽ നിന്ന് കോപ്പിയടിച്ചതാണ് എന്ന് വാദിക്കുന്നതുപോലെ യുക്തിവിരുദ്ധമാണ് തന്റെയും വാദമെന്ന വസ്തുത ഹിച്ചെൻസിന് മനസ്സിലാകുന്നില്ല. അദ്ദേഹമുപയോഗിച്ചിരിക്കുന്ന ജ്ഞാനശാസ്ത്രഭൂമികയുടെ കുഴപ്പമാണത്. മറ്റെല്ലാവർക്കും മനസ്സിലാകുന്നത് പലപ്പോഴും യുക്തിവാദികൾക്ക് മനസ്സിലാകാറില്ലല്ലോ. ജനകോടികൾ സ്വന്തം ജീവനെക്കാളധികം സ്നേഹിക്കുന്ന മുഹമ്മദ് നബിയെ (സ) യാതൊരു തെളിവുമില്ലാതെ ‘അപസ്മാരരോഗിയായ കോപ്പിയടിക്കാരൻ’ (epileptic plagiarist) എന്ന് വിളിക്കുമ്പോൾ(23) ലഭിക്കുന്ന വന്യമായ അനുഭൂതി  ചിലർക്ക്  മദ്യത്തിൽ നിന്ന് ലഭിക്കുന്നതിനേക്കാൾ വലിയ ലഹരി നൽകുന്നുണ്ടാവാം. പ്രസ്തുത ലഹരിയാണ് യുക്തിയെന്ന് വാദിക്കുമ്പോഴാണ് യുക്തിബോധമുള്ളവർക്ക് അത് നിഷേധിക്കേണ്ടി വരുന്നത്.

                                                                                                                                                                                  (തുടരും)

References:

22. Christopher Hitchens: God Is Not Great: How Religion Poisons Everything, New York, 2007
23. സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റിയിൽ വെച്ച് 2007 മെയ് മാസത്തിൽ നടത്തിയ ഒരു പ്രഭാഷണത്തിലെ ക്രിസ്റ്റഫർ ഹിച്ചെൻസിന്റെ പരാമർശം http://daily.stanford.edu/tempo?page=content&id=20434&repository=0001_article

1 Comment

  • അന്ത്യനാളിൽ, മുസ്ലിമിന്റെ പാപം ജൂതന്റേയും, ക്രിസ്ത്യാനിയുടെയും; തലയിൽ വെച്ചു കെട്ടും എന്ന ഹദീസ്, ഒരാൾ മറ്റൊരാളുടെ പാപ ഭാരം വഹിക്കുകയില്ലെന്ന ഖുർആനിക അധ്യാപനത്തിനെതിരല്ലേ??

    സ്വലാഹുദ്ദീൻ അയ്യൂബി 24.03.2019

Leave a comment

Your email address will not be published.