നവനാസ്തികതയെന്നാൽ യുക്തിവാദമല്ല! – 3

//നവനാസ്തികതയെന്നാൽ യുക്തിവാദമല്ല! – 3
//നവനാസ്തികതയെന്നാൽ യുക്തിവാദമല്ല! – 3
ആനുകാലികം

നവനാസ്തികതയെന്നാൽ യുക്തിവാദമല്ല! – 3

യുക്തിരഹിതമായ ഇസ്ലാംഭീതി; നവനാസ്തികതയുടെ മുഖമുദ്ര.

നവനാസ്തികതയുടെ കുതിരക്കാർ എത്രത്തോളം യുക്തിരഹിതമായാണ് കാര്യങ്ങളെ അപഗ്രഥിക്കുന്നതെന്ന് അവരുടെ  കൃതികൾ പരിശോധിച്ചാൽ ആർക്കും മനസ്സിലാവും. നവനാസ്തികതയുടെ ആദ്യരചനയായി കണക്കാക്കപ്പെടുന്ന സാം ഹാരിസ് എന്നറിയപ്പെടുന്ന സാമുവൽ ബെഞ്ചമിൻ ഹാരിസ് എന്ന അമേരിക്കൻ ദൈവനിഷേധിയുടെ ‘വിശ്വാസത്തിന്റെ അന്ത്യം:മതവും ഭീതിയും യുക്തിയുടെ ഭാവിയും” (The End of Faith: Religion, Terror, and the Future of Reason) എന്ന 2004 ആഗസ്റ്റിൽ പുറത്തിറങ്ങിയ പുസ്തകം.(4) അവതരിപ്പിക്കുന്ന ഇസ്‌ലാംഭീതിയുടെയും വെറുപ്പിന്റെയും ആശയങ്ങൾ തികച്ചും യുക്തിവിരുദ്ധവും വസ്തുതകൾക്കെതിരുമാണെന്ന് പാശ്ചാത്യൻ വിമർശകർ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അമേരിക്കയെ ആരാധിക്കുന്ന മതവർഗീയവാദികൾ (religious fanatic who worships the religion of the state) എന്നാണ് സാം ഹാരിസ് അടക്കമുള്ള നവനാസ്തികരെ വിളിക്കേണ്ടതെന്ന് നോം ചോംസ്‌കിയെപ്പോലെയുള്ള അമേരിക്കൻ സാമൂഹ്യവിമർശകർ പോലും  പറയുമ്പോൾ(5) സ്വാതന്ത്രചിന്തയുടെ പട്ടിനകത്ത് പൊതിഞ്ഞുവെച്ചിട്ടുള്ള അവർക്കകത്തുള്ള വിഷം എത്രത്തോളം മാരകമാണെന്ന് നാസ്തികരല്ലാത്തവർക്കെല്ലാം മനസ്സിലായിട്ടുണ്ട് എന്നാണ് അതിനർത്ഥം. ഭീകരന്മാർ കൊന്നു തള്ളിയ മനുഷ്യരുമായി താരതമ്യം ചെയ്യുമ്പോൾ അമേരിക്കയുടെ കൊലകൾ നിസ്സാരമാണെന്നും അത് തന്നെ നല്ലൊരു നാളെയെ സൃഷ്ടിക്കാനാണെന്നുമാണ് ഹാരിസിന്റെ വിശദീകരണം!(6) സാമ്രാജ്യത്വത്തിന്റെ വിദേശനയമാണ് ഭീകരവാദമടക്കമുള്ള ലോകത്തെ മഥിക്കുന്ന അപകടങ്ങളുടെയെല്ലാം  മൂലകാരണമെന്ന് പറഞ്ഞതാണ് നോം ചോംസ്കിയോട് കൊമ്പു കോർക്കാൻ സാം ഹാരിസിനെ പ്രേരിപ്പിച്ചതെന്ന് ‘വിശ്വാസത്തിന്റെ അന്ത്യ’ത്തിൽ നിന്ന് വ്യക്തമാണ്. നവനാസ്തികതയുടെ പ്രധാനപ്പെട്ട അജണ്ടയായി ഇസ്‌ലാംഭീതിയുടെയും വെറുപ്പിന്റെയും പ്രസരണം മാറുന്നതും അത് കൊണ്ട് തന്നെയാണ്. മലയാളത്തിൽ കളിക്കുന്ന നവനാസ്തികരുടെ പ്രധാന ജോലി സാമ്രാജ്യത്വത്തിന്റെ ഇന്ത്യൻ പതിപ്പായ ഫാഷിസ്റ്റുകൾക്ക് വളരാനാവശ്യമായ ഇസ്‌ലാം വെറുപ്പിന്റെയും ഭീതിയുടെയും സാമൂഹ്യപരിസരത്തിന്റെ നിർമ്മാണമാകുന്നത് യാദൃഛികമല്ലെന്നാണ് ഇതിനർത്ഥം. സംവരണത്തിന്റെ സാമൂഹ്യശാസ്ത്രവും രാഷ്ട്രീയവുമറിയാതെ അതിനെതിരെ പോരാടാൻ നവനാസ്തികരെ പ്രേരിപ്പിക്കുന്നതിന്റെ കാരണവും മറ്റെന്തെങ്കിലും ആകാൻ വഴിയില്ല.

‘വിശ്വാസത്തിന്റെ അന്ത്യം’ എന്ന പുസ്തകത്തിന്റെ പതിമൂന്നാമത്തെ പുറത്തിൽ ‘എല്ലാ മതങ്ങളും ഒരു രൂപത്തിലല്ലെങ്കിൽ മറ്റൊരു രൂപത്തിൽ തങ്ങളുടേതല്ലാത്ത  മതാശയങ്ങൾ അബദ്ധങ്ങളുടെ കൂമ്പാരമോ പൂർണമല്ലാത്തതോ ആണെന്ന്  പറയുകവഴി അസഹിഷ്ണുത അവയുടെയെല്ലാം ആന്തരാത്മാവാണെന്നാണ് വെളിപ്പെടുത്തുന്നത്’ എന്നു പ്രസ്താവിക്കുന്ന സാം ഹാരിസ് ഏതാനും പേജുകൾ കഴിയുമ്പോഴേക്ക് മതവിശ്വാസികളൊന്നും ഇന്നേവരെ ആഹ്വാനം ചെയ്യാത്ത തരത്തിലുള്ള അസഹിഷ്ണുതയുടെ വക്താവാകുന്നത് വായനക്കാരന് കാണാനാവും. ഈ വൈരുധ്യമോ അതുണ്ടാവുന്നത്  താൻ മുന്നോട്ടുവെക്കുന്ന ജ്ഞാനശാസ്ത്രത്തിന്റെ ആശയാടിത്തറകൾ യുക്തിവിരുദ്ധമായതുകൊണ്ടാണെന്ന് അദ്ദേഹത്തിന് മനസ്സിലാകുന്നില്ല. ‘ചില ആശയങ്ങൾ അതിൽ വിശ്വസിക്കുന്നവരെ കൊല്ലുന്നത് ധാർമികമാക്കിത്തീർക്കുവാൻ പോലും പോന്ന രൂപത്തിൽ അപകടകരമായിരിക്കും’ എന്ന ഏതൊരു ഭീകരനും  നാണിച്ചു പോകുന്ന പ്രസ്താവന നടത്തുന്ന അമ്പത്തിരണ്ടാമത്തെ പുറത്തിലെത്തുമ്പോഴേക്ക് മതങ്ങൾക്കെല്ലാം എതിരെ നാല്പത് പുറങ്ങൾക്ക് മുമ്പ് താൻ പറഞ്ഞത് തന്റെ ഇസ്‌ലാമോഫോബിക്ക് മനോഗതിക്കെതിരെയുള്ള തെളിവാണെന്ന് മനസ്സിലാക്കാനുള്ള യുക്തിബോധം പോലും ഈ നാഡീശാസ്ത്രജ്ഞൻ പ്രകടിപ്പിക്കുന്നില്ല. ഇൻക്വിസിഷൻ കോടതികളുടെ യുക്തിയിലേക്കാണ് തന്റെ ഇസ്‌ലാമോഫോബിക് മനസ്സ് സാം ഹാരിസിനെ എത്തിച്ചിരിക്കുന്നതെന്ന് ബ്രിട്ടീഷ് ദിനപത്രമായ ദി ഗാർഡിയന്റെ അസോസിയേറ്റ് എഡിറ്ററായിരുന്ന മാഡിലിൻ ബൺ ടിംഗ്‌ നിരീക്ഷിക്കുന്നുണ്ട്.(7) ഒരേ പുസ്തകത്തിലെ അമ്പത് പുറങ്ങൾക്കുള്ളിൽ തന്നെ താൻ മതത്തിനെതിരെ നിരത്തിയത് യുക്തിയുടെ ഘാതകനായി താൻ തന്നെ മാറുന്ന വൈരുധ്യം മനസ്സിലാക്കാനുള്ള യുക്തിബോധം പോലും യുക്തിവാദത്തിന്റെ ഈ മഹാകുതിരക്കാരന് ഇല്ലാതെയാവുന്നത് സാം ഹാരിസ് എന്ന വ്യക്തിയുടെ പരിമിതിയല്ല, പ്രത്യുത അദ്ദേഹം ഉപയോഗിക്കുന്ന ജ്ഞാനശാസ്ത്രത്തിന്റെ കുഴപ്പമാണ് വെളിപ്പെടുത്തുന്നത്.

2006 ജനുവരി മുതൽ ബ്രിട്ടനിലെ ചാനൽ 4 സംപ്രേഷണം ചെയ്ത ജീവശാസ്ത്രജ്ഞനായ റിച്ചാർഡ് ഡോക്കിൻസിന്റെ ‘തിന്മകളുടെയെല്ലാം അടിവേര് ‘ (The Root of All Evil?) എന്ന തലക്കെട്ടിലുള്ള ഡോക്യുമെന്ററി സീരിയലിന്(8) ശേഷം അതിൽ അവതരിപ്പിച്ച കാര്യങ്ങൾ  വിശദീകരിച്ചു കൊണ്ട് എട്ടു മാസങ്ങൾക്കു ശേഷം സെപ്റ്റംബറിൽ അദ്ദേഹം  എഴുതിയ ‘ദൈവവിഭ്രാന്തി’ (The God Delusion) (9) എന്ന കൃതിയുടെയും സ്ഥിതി ഇതിൽ നിന്ന് ഏറെയൊന്നും ഭിന്നമല്ല. ലോകവ്യാപാരസമുച്ചയത്തിന്റെ തകർച്ചയെ തികച്ചും വൈകാരികമായി വിലയിരുത്തിക്കൊണ്ട് രണോൽസുക ദൈവനിഷേധത്തിന്റെ പടക്കളത്തിലേക്കിറങ്ങിയ നവനാസ്തികതയുടെ രണ്ടാമത്തെ കുതിരക്കാരനിൽ നിന്ന് ദൈവസങ്കൽപത്തെപ്പോലെയുള്ള ഗൗരവതരമായ വിഷയങ്ങളിൽ യുക്തിപരമായ അപഗ്രഥനം പ്രതീക്ഷിക്കുന്നതാണ് തെറ്റ്.! പുസ്തകത്തിന്റെ ആദ്യത്തെ അഞ്ചു അധ്യായങ്ങളിൽ ദൈവമുണ്ടെന്ന് ഉറപ്പില്ലെന്ന് സ്ഥാപിക്കുവാനും പിന്നെയുള്ള രണ്ട് അധ്യായങ്ങളിൽ ധാർമികതയ്ക്ക് മതത്തിന്റെ ആവശ്യമില്ലെന്ന് സമർത്ഥിക്കുവാനും അവസാനത്തെ മൂന്ന് അധ്യായങ്ങളിൽ മതത്തിനെതിരെയുള്ള ആരോപണങ്ങൾ അവതരിപ്പിക്കുവാനും അദ്ദേഹം നിരത്തുന്ന വാദങ്ങളിലധികവും യുക്തിവിരുദ്ധമാണ്.തെളിവുകളൊന്നുമില്ലാത്ത സങ്കൽപങ്ങളിൽ അഭിരമിക്കുകയും സ്വയംകൃത സിദ്ധാന്തങ്ങൾ സത്യമായി അവതരിപ്പിക്കുകയും ചെയ്തുകൊണ്ടുള്ളതാണ് ഡോക്കിൻസിന്റെ സമർത്ഥനങ്ങളിൽ ഭൂരിഭാഗവുമെന്ന് വസ്തുനിഷ്ഠമായി അപഗ്രഥിച്ചാൽ ആർക്കും ബോധ്യമാവും.

ഡോക്യുമെന്ററിക്കും പുസ്തകത്തിനും നൽകിയ തലക്കെട്ട് മുതൽ ആരംഭിക്കുന്നു യുക്തിരാഹിത്യത്തിന്റെ പ്രകടനം. വിവാദമുണ്ടാക്കി പ്രേക്ഷകരെയുണ്ടാക്കാനായി ചാനൽ 4 കാരാണ് ‘തിന്മകളുടെയെല്ലാം അടിവേര്’ എന്ന പേര് നിർദേശിച്ചതെന്നും അവരുടെ നിർബന്ധത്തിന് വഴങ്ങിയാണ് താൻ അത് സമ്മതിച്ചതെന്നും എന്തിനെയെങ്കിലും കുറിച്ച് എല്ലാ തിന്മകളുടെയും വേര് എന്ന് പറയുന്നത് ശരിയല്ലെന്നും ഡോക്കിൻസ് തന്നെ 2007 ഫെബ്രുവരി 10 ന് നടത്തിയ ഒരു റേഡിയോ ഇന്റർവ്യൂയിൽ വ്യക്തമാക്കിയിട്ടുണ്ട്.(10) സ്വയം ശരിയല്ലെന്ന് വിശ്വസിക്കുന്ന ആശയമുപയോഗിച്ച് വിവാദമുണ്ടാക്കുവാൻ നിന്നുകൊടുക്കുകയും പ്രസ്തുത വിവാദത്തിലൂടെ പ്രേക്ഷകരെയുണ്ടാക്കുകയും ചെയ്യുന്ന ഒരാളിൽ നിന്ന് ബുദ്ധിപരമായ സത്യസന്ധത പ്രതീക്ഷിക്കുന്നതാണ് തെറ്റ്. പ്രസ്തുത സത്യസന്ധതയില്ലായ്മ ചാനൽ ഡോക്യുമെന്ററി പുസ്തകമാക്കിയപ്പോൾ അതിലുടനീളം നമുക്ക് വായിക്കാൻ കഴിയും.

പുസ്തകത്തിന് സ്വന്തം ഇഷ്ടപ്രകാരം ഡോക്കിൻസ് നൽകിയ തലക്കെട്ട് ‘ദൈവവിഭ്രാന്തി’എന്നാണ്. 2017 ൽ അന്തരിച്ച അമേരിക്കൻ എഴുത്തുകാരനായ റോബർട്ട് എം. പിർസിഗ് 1991 ൽ എഴുതിയ ‘ലീല: ധാർമികതയിലേക്ക് ഒരു അന്വേഷണം’    (Lila: An Inquiry into Morals)(11) എന്ന നോവലിലെ “ഒരാൾക്ക് വിഭ്രാന്തിയുണ്ടാവുകയാണെങ്കിൽ അതിനെ ഭ്രാന്ത് എന്ന് വിളിക്കുന്നു; നിരവധി പേർക്ക് വിഭ്രാന്തിയുണ്ടാവുമ്പോൾ അതിനെ മതമെന്ന് വിളിക്കുന്നു” (when one person suffers from a delusion it is called insanity. When many people suffer from a delusion it is called religion) എന്ന പരാമർശമാണ് പ്രസ്തുത തലക്കെട്ടിനുള്ള പ്രചോദനമെന്ന് അദ്ദേഹം തന്നെ വ്യക്തമാക്കുന്നുണ്ട്. മതവിശ്വാസവും ദൈവബോധവുമെല്ലാം ഒരു തരത്തിലുള്ള  മാനസിക വൈകല്യങ്ങളാണ് എന്ന മുൻധാരണയുടെ അടിസ്ഥാനത്തിലാണ് അദ്ദേഹം വിഷയത്തെ സമീപിക്കുന്നത് എന്നർത്ഥം. ശരിക്കും ഭ്രാന്തുണ്ടായിരുന്ന ഒരാളിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് ലോകത്തുള്ള ബഹുഭൂരിപക്ഷം പേരെയും മനോരോഗികളാക്കുന്നതിലെ അനൗചിത്യമൊന്നും നവനാസ്തികതയുടെ മഹാബുദ്ധിജീവിക്ക് മനസ്സിലാകുന്നേയില്ല.

പതിനൊന്ന് വയസ്സുണ്ടായിരുന്ന മകൻ ക്രിസ്റ്റഫറിനോടും രണ്ട് സ്നേഹിതന്മാരോടുമൊപ്പം 1968ൽ താൻ നടത്തിയ പതിനേഴ് ദിവസം നീണ്ടുനിന്ന മോട്ടോർ സൈക്കിൾ യാത്രയെക്കുറിച്ചും അതിനിടയിൽ നടന്ന സംഭാഷണങ്ങളെയും കുറിച്ച് പരാമർശിച്ചുകൊണ്ട് നോവൽ രൂപത്തിൽ തന്റെ ആത്മകഥ പറയുന്ന “സെന്നും മോട്ടോർ സൈക്കിൾ പരിപാലനം എന്ന കലയും’ (Zen and the Art of Motorcycle Maintenance) എന്ന പുസ്തകത്തിൽ(12) സ്കിസോഫ്രേനിയ ബാധിച്ച് ഭ്രാന്താശുപത്രികളിൽ നിന്ന് ഭ്രാന്താശുപത്രികളിലേക്ക് ഷോക്ക് ചികിത്സക്കായി നടത്തിയ യാത്രകളെക്കുറിച്ച് പിർസിഗ്  തന്നെ വെളിപ്പെടുത്തുന്നുണ്ട്. ഗൗരവതരമായി ചിന്തിക്കുന്ന ആളുകൾക്ക് പോലും ആശയങ്ങൾ ശരിക്കും മനസ്സിലാക്കാൻ കഴിഞ്ഞിട്ടില്ലെന്ന് (13) ഏറെ വിഭ്രാന്തികൾ അനുഭവിച്ച ഗ്രൻഥകർത്താവ് തുറന്നു പറയുന്ന അദ്ദേഹത്തിന്റെ രണ്ടാമത്തെ പുസ്തകത്തിലെ ഒരേയൊരു പരാമർശത്തിന്റെ ബലത്തിൽ ദൈവബോധത്തെ വിഭ്രാന്തിയായി ചിത്രീകരിക്കുന്നതിന്റെ യുക്തിരാഹിത്യം ഡോക്കിൻസിന്റെ തലയിൽ കയറണമെങ്കിൽ ഭൗതികവാദത്തിന്റെ ജ്ഞാനശാസ്ത്ര ചട്ടക്കൂടുകളിൽ നിന്ന് അദ്ദേഹം പുറത്ത് കടക്കേണ്ടി തന്നെ വരും. കാൽ നൂറ്റാണ്ടോളം കാലം കൂടെ ജീവിച്ച സ്വന്തം ഭാര്യ പോലും വിവാഹമോചനം ചെയ്ത് പിരിഞ്ഞു പോകാൻ മാത്രം ഉന്മാദിയായിരുന്ന ഒരാളുടെ ‘തത്വശാസ്ത്ര’ത്തെ സ്വന്തം പുസ്തകത്തിന്റെ കേന്ദ്രപ്രമേയമായി സ്വീകരിക്കുന്ന ഒരാളിൽ നിന്ന് ഉണ്ടായേക്കാവുന്ന യുക്തിവിരുദ്ധമായ അപഗ്രഥനങ്ങൾ ഡോക്കിൻസിന്റെ പുസ്തകത്തിലുടനീളം കാണാൻ കഴിയും. ഭ്രാന്തന്മാർക്ക് മറ്റുള്ളവർക്കെല്ലാം മനോരോഗമുള്ളതായി തോന്നുമെന്ന് പറയാറുണ്ട്. ശരാശരി യുക്തിബോധമുള്ളവർക്കെല്ലാം മനസ്സിലാകുന്ന ഈ സരളയാഥാർഥ്യം പോലും ദൈവവിശ്വാസികളെ മുഴുവൻ വിഭ്രാന്തിയുള്ളവരായി ചിത്രീകരിക്കുവാനുള്ള തത്രപ്പാടിനിടയിൽ യുക്തിവാദത്തിന്റെ ഈ മഹാകുതിരക്കാരന് മനസ്സിലാകാത്തതിന്റെ യുക്തിയെന്തായിരിക്കും.!!!

ഇസ്‌ലാമുമായി ബന്ധപ്പെട്ട അപഗ്രഥനങ്ങൾ വരുമ്പോഴെല്ലാം മറ്റെല്ലാ നവനാസ്തികരെയും പോലെ കേവലയുക്തിയെ പോലും ചവറ്റുകൊട്ടയിലെറിയുന്ന സമീപനമാണ് റിച്ചാർഡ് ഡോക്കിൻസിന്റെതും. ഒരിക്കൽപോലും ഖുർആനോ നബിവചനങ്ങളോ വായിച്ചിട്ടില്ലെങ്കിലും ഇസ്‌ലാമാണ് ലോകത്തെ ഏറ്റവുമധികം തിന്മ നിറഞ്ഞ മതമെന്ന് എഴുതുന്നതിൽ നിന്ന്(14) തന്റെ യുക്തിബോധം അദ്ദേഹത്തെ തടയുന്നില്ല. ഒരു ആദർശത്തെക്കുറിച്ച് അഭിപ്രായം പറയണമെങ്കിൽ അതിന്റെ അടിസ്ഥാനപ്രമാണങ്ങൾ ഒരു തവണയെങ്കിലും വായിക്കണമെന്ന യുക്തിക്ക് അദ്ദേഹത്തിനുള്ള മറുപടിയിതാണ്: “ഖുർആൻ വായിക്കാതെയും താങ്കൾക്ക്      ഇസ്‌ലാമിനെക്കുറിച്ച് ഒരു അഭിപ്രായമുണ്ടാവാം. നാസിസത്തെക്കുറിച്ച് ഒരു അഭിപ്രായമുണ്ടാവണമെങ്കിൽ മെയിൻ കാംഫ് വായിക്കണമെന്നില്ലല്ലോ”(15) ആര്യഅധീശത്വത്തിന്റെ പ്രത്യയശാസ്ത്രത്തെ മാനവികതയുടെ ദർശനമായ ഇസ്‌ലാമുമായി താരതമ്യം ചെയ്യുന്നതിലെ യുക്തിഭംഗമോ ഹിറ്റ്ലറെയും അദ്ദേഹത്തിന്റെ രചനകളെയും തന്റെ ക്രൂരതകൾക്ക് നാസീദർശനം കാരണമായതിന്റെ രീതിയെയും കുറിച്ച് അപഗ്രഥിക്കാതെ നാസിസത്തെക്കുറിച്ച് അഭിപ്രായം പറയുന്നവരെ മഹാബുദ്ധിജീവികളായി അവതരിപ്പിക്കുന്നതിന്റെ അപഹാസ്യതയോ മനസ്സിലാക്കാനുള്ള യുക്തിബോധമുള്ളവരൊന്നും തന്നെ നവനാസ്തിക പാളയത്തിലില്ലെങ്കിലും അവരല്ലാത്തവർക്കെല്ലാം  ഈ കോമാളിക്കളി ശരിക്കും മനസ്സിലാകുന്നുണ്ടെന്ന് മനസ്സിലാക്കാനുള്ള യുക്തിബോധം പോലും അവർക്ക് നഷ്ടമാകുന്നത് എന്തുകൊണ്ടായിരിക്കും?!

2017 ആഗസ്തിൽ കാലിഫോർണിയയിലെ ബെർക്ലിയിൽ നടത്താനിരുന്ന തന്റെ  പ്രോഗ്രാം ഇസ്‌ലാമിനെയും മുസ്‌ലിംകളെയും അപഹസിച്ചുകൊണ്ട് അദ്ദേഹം നടത്തിയ പരാമർശങ്ങൾ മതനിന്ദാപരമാണ് എന്ന് ചൂണ്ടിക്കാണിച്ച്   അതിന്റെ സംഘാടകരായ KPFA റേഡിയോ ഉപേക്ഷിച്ചപ്പോൾ തന്റെ പരാമർശങ്ങളിലെവിടെയാണ് മതനിന്ദയെന്ന് ചോദിച്ചയാളാണ് റിച്ചാർഡ് ഡോക്കിൻസ്!(16) ‘ഇസ്‌ലാമാണ് ലോകത്തെ ഏറ്റവും തിന്മ നിറഞ്ഞ മത’മെന്നും ‘അല്ലാഹു അക്ബർ’ എന്ന പള്ളിയിൽ നിന്നുള്ള ശബ്ദം അക്രമണോല്സുകമാണെന്നുമെല്ലാം തുറന്നു ട്വീറ്റ് ചെയ്യുന്ന (17) അദ്ദേഹത്തിന് പക്ഷെ താൻ പറയുന്നതൊന്നും ഇസ്‌ലാമിനെ അധിക്ഷേപിച്ചുകൊണ്ടുള്ളതാണെന്ന് മനസ്സിലാകുന്നില്ല! താൻ ഇത് വരെ ഇസ്‌ലാമിനെ അധിക്ഷേപിച്ച് യാതൊന്നും പറഞ്ഞിട്ടില്ലെന്ന് സംഘാടകർക്ക് തുറന്ന കത്തെഴുതാൻ യാതൊരു മടിയുമില്ലാത്തത് (18) എന്താണ് അധിക്ഷേപം എന്ന് അദ്ദേഹത്തിന് മനസ്സിലാകാത്തത് കൊണ്ടായിരിക്കണമല്ലോ! എന്തൊരു യുക്തിബോധം !!

നാസിസത്തെക്കുറിച്ച രേഖകളൊന്നും പരിശോധിക്കാതെ അതിനെക്കുറിച്ച നിഗമനങ്ങളിലെത്തുന്നതിൽ തെറ്റൊന്നുമില്ലെന്ന യുക്തിബോധത്തിൽ നിന്ന് തുടങ്ങുന്നവർ ഏതൊരു ദർശനത്തെയും അതിന്റെ പ്രമാണരേഖകളിലൊന്നും ഒരു തവണ മറിച്ച് നോക്കുക പോലും ചെയ്യാതെ അതേക്കുറിച്ച ഗവേഷണ പ്രബന്ധങ്ങൾ രചിക്കാമെന്ന മഹായുക്തിയിലാണ് ചെന്നെത്തുന്നത്. ഖുർആനിനെക്കുറിച്ച ഡോക്കിൻസിന്റെ 2015 ഏപ്രിൽ 12 ന്റെ പോസ്റ്റ് കണ്ടപ്പോഴാണ് മലയാളീ യുക്തിവാദികൾ ആരിൽ നിന്നാണ് പഠിക്കുന്നതെന്ന് കൃത്യമായി മനസിലാക്കാൻ കഴിഞ്ഞത്. “Amazingly great science in Koran. Embryo starts as a blob, sun sets in a swamp, mountains hold Earth together, ants talk. Such prescience!”(19) ഖുർആനോ ഖുർആൻ-ശാസ്ത്രഗവേഷകരെഴുതിയ പുസ്തകങ്ങളോ ഒന്ന് തുറന്നു നോക്കുക പോലും ചെയ്യാതെയാണ് ഈ ട്വീറ്റ് ചെയ്തിട്ടുള്ളത് എന്ന വസ്തുത വിഷയം പഠിച്ച ആർക്കും മനസ്സിലാവും.  ഡോക്കിൻസ്  തന്നെ താൻ ഖുർആൻ വായിച്ചിട്ടില്ലെന്ന് തുറന്നു സമ്മതിച്ചതുമാണല്ലോ.

വിമർശകരിൽ നിന്ന് മാത്രമായി ഒരു ഗ്രന്ഥത്തെ മനസ്സിലാകുക; ആ ഗ്രൻഥത്തിൽ വിമർശിക്കപ്പെട്ട കാര്യമുണ്ടോയെന്ന് വ്യക്തമായി പരിശോധിക്കാതിരിക്കുക; ഗ്രന്ഥത്തിന്റെ വക്താക്കളുടെ പക്കൽ വിമർശനങ്ങൾക്ക് തൃപ്തികരമായ മറുപടിയുണ്ടോയെന്ന് അന്വേഷിക്കാതിരിക്കുക; വിമർശകരിൽ നിന്ന് കേട്ട വിമർശനം കണ്ണടച്ച് അംഗീകരിച്ച് ആ ഗ്രൻഥത്തെ  പരസ്യമായി തെറി പറയുക. ഇതാണ് നവനാസ്തികരുടെ വിമർശനരീതി. ഇതെത്രമാത്രം  യുക്തിഭദ്രമാണെന്ന് അവരെല്ലാത്തവർക്കെല്ലാം മനസ്സിലാവും !!!

ഡോക്കിൻസിൽ നിന്ന് പഠിച്ചതുകൊണ്ടാണെന്നു തോന്നുന്നു, ഖുർആൻ ഒന്ന് തുറന്നു നോക്കുക പോലും ചെയ്യാതെ ഖുർആൻ വിമർശനപ്രസംഗങ്ങൾ  നടത്താനും നബിജീവിതത്തെക്കുറിച്ച് കാര്യമായൊന്നും മനസ്സിലാക്കാതെ നബിനിന്ദാലേഖനങ്ങളെഴുതാനും മലയാളീയുക്തിവാദികൾക്ക് യാതൊരു അലോസരവുമില്ലാത്തത്. ഇസ്‌ലാമിനെ വിമർശിക്കുവാനും പ്രവാചകനെ നിന്ദിക്കുവാനും ആഗ്രഹിക്കുന്ന എല്ലാവർക്കും അവർക്കിഷ്ടമുള്ളതെല്ലാം എഴുതാനും ഇസ്‌ലാമിനെതിരെ കയറി നിരങ്ങാനും മാത്രമായി കാനേഡിയൻ പൗരത്വമുള്ള ഇറാൻ കാരൻ അലി സിന 2006 ൽ ആരംഭിച്ച വിക്കി ഇസ്‌ലാം(20) വെബ്സൈറ്റിനെ മാത്രം ആശ്രയിച്ചുകൊണ്ട് ഖുർആനിനെ ‘ശാസ്ത്രീയ’മായി വിമർശിക്കുവാനും വെബ്‌സൈറ്റിൽ നിന്നെടുത്ത ഉദ്ധരണികൾ അതേപോലെ വെട്ടി ഒട്ടിച്ചുണ്ടാക്കിയ  പവർപ്പോയിന്റ് പ്രസന്റേഷന്റെ ബലത്തിൽ ഒന്നിലധികം സ്ഥലങ്ങളിൽ ഖുർആൻനിന്ദാപ്രസംഗങ്ങൾ നടത്തുവാനും യൂട്യൂബിൽ അത് പതിനായിരങ്ങൾ കണ്ടുവെന്ന് വീമ്പു പറയുവാനും കഴിയണമെങ്കിൽ ഡോക്കിന്സിൽ നിന്ന് പഠിച്ച യുക്തിവാദ ‘സത്യസന്ധത’ തന്നെ വേണം!

ശരിയായ വിവരങ്ങൾക്ക് ആശ്രയിക്കാൻ കഴിയാത്തവിധം ഇസ്‌ലാമിനെക്കുറിച്ച തെറ്റായ വിവരങ്ങളാലും മുൻധാരണകളാലും സമൃദ്ധമായ സ്രോതസ്സായി ഓൺലൈൻ മീഡിയകളിലെ നെല്ലും പതിരും വേർതിരിക്കാൻ ശ്രമിക്കുന്ന മീഡിയാ ബയാസ്/ ഫാക്ട് ചെക്ക് വെബ്സൈറ്റ് പരിചയപ്പെടുത്തുന്ന (21) വിക്കി ഇസ്‌ലാ’മിൽ പറയുന്നത് എത്രത്തോളം ശരിയാണെന്ന് പരിശോധിക്കുക പോലും ചെയ്യാതെ അപ്പടി ഉദ്ധരിച്ചുകൊണ്ടും ഇക്കാര്യത്തിൽ മുസ്‌ലിംകൾക്ക് എന്ത് പറയാനുണ്ടെന്ന് അവരിൽ നിന്ന് കേൾക്കാതെയും ഖുർആനിന്റെ അശാസ്ത്രീയത സ്ഥാപിക്കുവാൻ നാലും അഞ്ചും മണിക്കൂറുകൾ പ്രസംഗിക്കുന്നവരാണ് നവനാസ്തികതയുടെ മലയാളികുതിരക്കാർ എന്ന വസ്തുത അവരുടെ ‘യുക്തി’വാദത്തിന്റെ സ്വഭാവമെന്തെന്ന് സുതരാം വ്യക്തമാക്കുന്നുണ്ട്.

                                                                                                                                                                                        (തുടരും)

References:

4. Sam Harris: The End of Faith: Religion, Terror, and the Future of Reason, New York, 2004

5. “Chomsky on Hitchens, Harris and Skinner”  https://www.youtube.com/watch?v=zt9QCAUPPeY

6. Sam Harris: “The Limits of Discourse As Demonstrated by Sam Harris and Noam Chomsky” https://samharris.org/the-limits-of-discourse/

7. Madeleine Bunting: “The New Atheists loathe religion far too much to plausibly challenge it” The Guardian, 07. 05. 2007

8. “The Root of All Evil – The God Delusion” https://www.youtube.com/watch?v=8nAos1M-_Ts

9. Richard Dawkins: The God Delusion, London, 2006

10. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ഹ്യൂമൻ വാല്യൂസ് ഡയറക്ടർ ബോർഡിലെ ഡഗ്ലസ് ജെയിംസ് ഗ്രോതെയുമായി 2006 ഫെബ്രുവരി 10 ന്   പോയിന്റ് ഓഫ് ഇൻക്വയറി റേഡിയോയിൽ നടത്തിയ ഇന്റർവ്യൂ. https://pointofinquiry.org/2006/02/richard_dawkins_the_root_of_all_evil/

11. Robert. M. Pirsig: Lila: An Inquiry into Morals, New York, 2006

12. Robert. M. Pirsig: Zen and the Art of Motorcycle Maintenance, new York, 1974

13. റോബർട്ട് പിർസിഗുമായി നോഹ ആഡംസ് 2005 ഏപ്രിൽ 21 നു npr റേഡിയോയിൽ നടത്തിയ ഇന്റർവ്യൂ  https://www.npr.org/2005/04/21/4612367/robert-pirsig-discusses-lila-an-inquiry-into-morals

14. Douglas Ernst: “Richard Dawkins slams Islam as ‘most evil religion,’ then Trump for travel ban rhetoric”   – The Washington Times, 12. 06. 2017

15. 25. 03. 2013  1:48 PM ന്ട്വിറ്ററിൽപോസ്റ്റ്ചെയ്തത്

16. Caroline Mortimer: “Richard Dawkins hits back at allegations he is Islamophobic after Berkeley event is cancelled”, Independent, 26.07. 2017

17. 17 .07 .2018 12:30 AM ന് ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്

18. “Richard Dawkins’ Berkeley event cancelled for ‘Islamophobia'” BBC News, 24.07.2017 2:36 AM

19. 2. 04. 2015, 2:36 AM ന് ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്

20. Göran Larsson: “Cyber-Islamophobia? The case of WikiIslam”,Contemporary Islam,June 2007, Volume 1, Issue 1,  Pages 53–67

21. “Questionable Sources”   https://mediabiasfactcheck.com/wikiislam/

print

2 Comments

  • Great job

    Sajeev 22.03.2019
  • ഇവിടെ ഒരു പ്രത്യേക കാര്യം ഓർമ്മിപ്പിക്കുന്നു. യുവത്വം അവർ അറിയാതെ തന്നെ നവ നാസ്തികത യിലേക്കും ഭൗതിക കൂടാരങ്ങളിലേക്കും ആകർഷിക്ക പെട്ടു കൊണ്ടിരിക്കുന്നു. സോഷ്യൽ മീഡിയ ജനകീയ മായ ഈ കാല ഘട്ടത്തിൽ ചില “സ്വതന്ത്രത്തിന്റെ പൊതു ഇടങ്ങൾ “രൂപ പെട്ടു കൊണ്ടിരിക്കുന്നു. 80കളുടെ അവസാനം വരെ സജീവമായിരുന്ന ചില കലാ കൂട്ടായ്മ കളും നാട്ടിൻ purangalude അക്ഷര ഖനികൾ ആയിരുന്ന ഗ്രന്ഥശാലകളും ഭൗതിക വാദത്തിന്റെ “സമന്വയ “കൂടാരങ്ങളായി ആണിന്റെയും പെണ്ണിന്റെയും പൊതു ഇടങ്ങളായി മാറി കൊണ്ടിരിക്കുന്നു . യുവത്വത്തെ ആകർഷിക്കാനുള്ള പൊടികൈകൾ ആയി മെഹ്ഫിലുകളും, ഗസൽ സന്ധ്യ കളും, ചില കിതാബ് പോലുള്ള നാടകങ്ങൾ, നാടൻ പാട്ടുകൾ എന്നിവയും, അന്യം നിൽക്കുന്ന കലകളെ പുനരുജ്ജീവിപ്പിക്കാനെന്ന വ്യാജേന ഉത്സാഹ കമ്മറ്റി ക്കാരായ മുസ്ലിം ചെറുപ്പക്കാരും മുസ്ലിം നാമ dharikalaaya പെൺകുട്ടികൾ വരെ ഇത്തരം കൂട്ടായ്മയുടെ ഭാഗങ്ങൾ ആണ് ഇത്തരം koottaymakalude പിന്നിൽ പ്രവർത്തിക്കുന്ന വരെ നിരീക്ഷണം നടത്തുമ്പോൾ ആണ് നമുക്ക് അതിന്റെ അപകടം ബോധ്യ മാകുന്നത്.

    Shajahan. Cp 23.03.2019

Leave a comment

Your email address will not be published.