നവനാസ്തികതയെന്നാൽ യുക്തിവാദമല്ല! – 2

//നവനാസ്തികതയെന്നാൽ യുക്തിവാദമല്ല! – 2
//നവനാസ്തികതയെന്നാൽ യുക്തിവാദമല്ല! – 2
ആനുകാലികം

നവനാസ്തികതയെന്നാൽ യുക്തിവാദമല്ല! – 2

Print Now

തുടക്കം യുക്തിയില്ലായ്മയിൽ നിന്ന്…

പല കാരണങ്ങളാൽ ആളുകൾ ദൈവനിഷേധികളായിത്തീരാറുണ്ട്. പ്രാപഞ്ചിക പ്രതിഭാസങ്ങളെ ഗൗരവതരമായ പഠനത്തിന് വിധേയമാക്കുകയും അവയ്ക്ക് പിന്നിൽ ഒരു സ്രഷ്ടാവില്ല എന്ന് പൂർണമായി ബോധ്യപ്പെടുകയും ചെയ്തുകൊണ്ട് നിഷേധികളായിത്തീരുന്നവർ വളരെ ചുരുക്കമാണ്.വ്യക്തിപരമായ അധാർമ്മികതകൾക്കുള്ള ന്യായീകരണം, മതപാഠശാലകളിൽ നിന്നുള്ള ദുരനുഭവങ്ങൾ, തന്റെ അഭീഷ്ടത്തിനെതിരെയുള്ള കുടുംബത്തിന്റെ നിർബന്ധങ്ങളിൽ നിന്നുള്ള വിടുതൽ, തനിക്കു ചുറ്റും നടക്കുന്ന ദുരിതങ്ങളോടുള്ള പ്രതികരണം, മതനേതാക്കളോടുള്ള വെറുപ്പ്, മതസിദ്ധാന്തങ്ങളിലേതെങ്കിലും മനസ്സിലാകായ്മ, ദൈവത്തിന്റെ ആളുകളായി ചമയുന്നവരുടെ ദുഷ്ചെയ്തികളോടുള്ള നീരസം, ഇഷ്ടപ്പെട്ടയാളെ വിവാഹം ചെയ്യുന്നതിനുള്ള കുറുക്കുവഴി…. ഇങ്ങനെ പല കാരണങ്ങളാണ് പലരുടെയും ദൈവനിഷേധത്തിലേക്കുള്ള വാതിൽ. ഇവിടെ നിന്നാരംഭിക്കുന്നു ദൈവനിഷേധത്തിന്റെ യുക്തിരാഹിത്യം. ദൈവമില്ലെന്നുള്ള അറിവാണ് തന്നെ ദൈവനിഷേധിയാക്കിയത് എന്ന് പറയാൻ കഴിയാത്തിടത്തോളം ഒരാളുടെ ദൈവനിഷേധം യുക്തിരഹിതമാണ് എന്ന് തന്നെയാണർത്ഥം. തികച്ചും യുക്തിരഹിതമായ പരികൽപനയിൽ നിന്ന് തുടങ്ങി യുക്തിരഹിതമായ ജ്ഞാനശാസ്ത്രത്തിന്റെ വെളിച്ചത്തിൽ യുക്തിരഹിതമായ തീർപ്പുകളിലെത്തിച്ചേരുന്ന വീക്ഷാഗതിയെയാണ് യുക്തിവാദമെന്ന് വിളിക്കുന്നതെന്ന വസ്തുത എന്തുമാത്രം അപഹാസ്യമല്ല!

സാധാരണക്കാരായ യുക്തിവാദികളുടെ മാത്രം അവസ്ഥയല്ല ഇത്. പല യുക്തിവാദിനേതാക്കളുടെയും ചിന്തകരുടെയും സ്ഥിതി ഇത് തന്നെയാണ്. ആസക്തിയുടെ മഴവിൽ വർണങ്ങളെല്ലാം ആസ്വദിക്കാനാഗ്രഹിച്ചുകൊണ്ടുള്ള സ്വന്തം ജീവിതത്തിന് ത്വാതികാടിത്തറ കണ്ടെത്തുവാനുള്ള ശ്രമത്തിന്റെ ഫലമായി ദൈവനിഷേധത്തിലെത്തിയവരുണ്ട് അവർക്കിടയിൽ. മതപുരോഹിതന്മാരുടെ ദുഷ്ചെയ്തികളെ വിമർശിച്ചതിനാൽ മതസമൂഹത്തിൽ നിന്ന് ഒറ്റപ്പെട്ടപ്പോൾ അവരോടുള്ള വിരോധത്തിൽ നിന്ന് ദൈവമേ വേണ്ടെന്ന് തീരുമാനിച്ചവരും അവർക്കിടയിലുണ്ട്. മതവിശ്വാസികളുടെ പ്രവർത്തനങ്ങളിൽ ചിലവ തീരെ ദഹിക്കാത്തതിനാൽ ഇതാണ് മതമെങ്കിൽ ഇവർ പറയുന്ന ദൈവത്തെ നിഷ്കാസനം ചെയ്താലേ മനുഷ്യർ നന്നാവൂയെന്ന് കരുതി സ്രഷ്ടാവിനെ നിഷേധിക്കാൻ തുടങ്ങിയവരുമുണ്ട്.  മതത്തിന്റെ പേരിൽ നിലനിൽക്കുന്ന അന്ധവിശ്വാസങ്ങളിൽ ചിലവ തെറ്റാണെന്ന് അനുഭത്തിൽ നിന്ന് മനസ്സിലാക്കിയപ്പോൾ ഇത്തരം അന്ധവിശ്വാസങ്ങളിൽ സ്ഥാപിക്കപ്പെട്ടതാണ് മതമെന്നും അതുകൊണ്ട് തന്നെ മതം നിർമ്മിച്ച ദൈവമെന്ന സങ്കൽപ്പവും അന്ധവിശ്വാസമാണെന്ന് കരുതി ദൈവനിഷേധം ജീവിതസപര്യയായി സ്വീകരിച്ചവരും അക്കൂട്ടത്തിലുണ്ട്. ഇവയെല്ലാം വ്യത്യസ്ത അനുപാതത്തിൽ കൂട്ടിച്ചേർത്തവരായ ദൈവനിഷേധികളുമുണ്ട്. തങ്ങളുടെ നിരീശ്വരജീവിതത്തിന്റെ കഥ പറയുമ്പോൾ ഒരു വിധം എല്ലാ ഭൗതികവാദി ദാർശനികന്മാർക്കും പറയാനുള്ളത് ഇത്തരം ജീവിതാനുഭവങ്ങളാണ്. ഭൗതികവാദത്തിലേക്കുള്ള അവരുടെ ആഗമനമെങ്കിലും തികച്ചും യുക്തിരഹിതമായ പരികൽപനയിൽ നിന്നായിരുന്നുവെന്നാണ് ഇതിനർത്ഥം. യുക്തിരഹിതമായ തുടക്കത്തിന് ശേഷം, യുക്തിയെന്ന സ്വയമേവ പ്രമാണമാകാൻ കഴിയാത്ത ബൗദ്ധിക പ്രഭാവത്തെ പ്രമാണമാക്കിക്കൊണ്ടാണ് അത്തരക്കാരുടെ ജ്ഞാനശാസ്ത്ര വ്യവഹാരങ്ങൾ മുന്നോട്ടുപോയിട്ടുള്ളത്. അതുകൊണ്ട് തന്നെയാണ് പ്രപഞ്ചത്തിന് ഒരു ആസൂത്രകനില്ലെന്ന യുക്തിപരമല്ലാത്ത തീർപ്പിൽ അവർ എത്തിച്ചേർന്നത്‌. അതുകൊണ്ടാണ് യുക്തിവാദം സ്വയമേവ തന്നെ യുക്തിരഹിതമാണെന്ന് പറയേണ്ടിവരുന്നത്.

2001 സെപ്തംബർ 11 ലെ വേൾഡ് ട്രേഡ് സെന്റർ ആക്രമണത്തിന് ശേഷം രൂപം പ്രാപിച്ച നവനാസ്തികതയുടെ കാര്യം മാത്രമെടുക്കുക. അമേരിക്കൻ മാധ്യമപ്രവർത്തകനും സ്വയം തന്നെ ആജ്ഞേയവാദിയായി പരിചയപ്പെടുത്തുന്നയാളുമായ ഗാരി വോൾഫാണ് തന്റെ ‘വയേഡ്‌'(wired) മാഗസിനിൽ 2006 ജനുവരി 11 ന് എഴുതിയ ‘അവിശ്വാസികളുടെ സഭ’ (The Church of the Non-Believers) എന്ന ലേഖനത്തിലെ നാസ്തികതയുടെ പുതിയ മുന്നേറ്റത്തെക്കുറിച്ച അപഗ്രഥനങ്ങൾക്കിടയിൽ റിച്ചാർഡ് ഡോക്കിൻസും സാം ഹാരിസും ഡാനിയൽ ഡെന്നറ്റും നേതൃത്വം നൽകുന്ന വേൾഡ് ട്രേഡ് അക്രമണാനന്തര ദൈവനിഷേധപ്രസ്ഥാനത്തെ നവനാസ്തികത (New Atheism) എന്ന് വിളിച്ചത്.(1) ഇവരോടൊപ്പം ക്രിസ്റ്റഫർ ഹിച്ചെൻസും ചേർന്ന് വാഷിംഗ്‌ടൺ ഡിസിയിലുള്ള ഹിച്ചെൻസിന്റെ വീട്ടിൽ വെച്ച് 2007 സെപ്റ്റംബർ 30 ന് നടത്തിയ സംഭാഷണത്തിന്റെ വീഡിയോ ‘നാല് കുതിരക്കാർ’ (Four Horsemen) എന്ന തലക്കെട്ടിൽ ‘റിച്ചാർഡ് ഡോക്കിൻസ് ഫൗണ്ടേഷൻ’ പുറത്തിറക്കിയിട്ടുണ്ട്. രണ്ട് മണിക്കൂർ നീണ്ടു നിൽക്കുന്ന ആ സംഭാഷണത്തിന്റെ കോപ്പി യൂട്യുബിലും ലഭ്യമാണ്.(2) അതിലെ ആശയങ്ങൾ ക്രോഡീകരിച്ച്, ഹാസ്യനടനായ സ്റ്റീഫൻ ഫ്രൈയുടെ ആമുഖത്തോടെ, ഡോക്കിൻസിന്റെയും ഡെന്നട്ടിന്റെയും ഹാരിസിന്റെയും സ്വതന്ത്രമായ മൂന്ന് ലേഖനങ്ങൾ കൂടി ഉൾപ്പെടുത്തി ‘നാല് കുതിരക്കാർ; ഒരു ദൈവനിഷേധവിപ്ലവത്തെ ജ്വലിപ്പിച്ച സംഭാഷണം’(The Four Horsemen: The Discussion That Sparked an Atheist Revolution) എന്ന തലക്കെട്ടോടെ ന്യൂയോർക്കിലെ റാൻഡം ഹൗസ് 2019 ഫെബ്രുവരി 19 ന് പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്.(3) ലോകവ്യാപാരസമുച്ചയത്തിന്റെ തകർച്ചയാണ് നവനാസ്തികതയുടെ മുന്നണിപ്പോരാളികളായ നാല് കുതിരക്കാരെയും രണോൽസുകനിരീശ്വരത്വത്തിന്റെ (militant atheism) വക്താക്കളാക്കിത്തീർത്തതെന്ന് ഈ സംഭാഷണം വ്യക്തമാക്കുന്നുണ്ട്.

മതത്തിന്റെ വക്താക്കൾ എന്ന് പറയുന്നവർ നടത്തിയ ഹീനമായ ആക്രമണത്തെ ദൈവനിഷേധത്തിന് കാരണമാക്കുന്നതിലെ യുക്തിയെന്താണ്? ദൈവവിശ്വാസികൾ എന്ന് സ്വയം അവകാശപ്പെടുന്ന ഒരു ന്യൂനാൽ ന്യൂനപക്ഷം വിശ്വാസത്തിന്റെ പേരിലാണ് അക്രമങ്ങൾ നടത്തുന്നത് എന്നും അതിന് അവരുടെ വിശ്വാസമാണ് അവരെ പ്രേരിപ്പിക്കുന്നത് എന്നും വാദത്തിനു വേണ്ടി സമ്മതിച്ചാൽ പോലും, ഇതേ ദൈവത്തിൽ വിശ്വസിക്കുന്ന ബഹുഭൂരിപക്ഷം പേരും സമാധാനവും ശാന്തിയുമാണ് ആഗ്രഹിക്കുന്നത് എന്ന വസ്തുത പരിഗണിക്കാതെ ദൈവവിശ്വാസമാണ് സകല തിന്മകൾക്കുമുള്ള കാരണമെന്നും അതിനാൽ ദൈവത്തെ നിഷേധിക്കേണ്ടതുണ്ടെന്നുമുള്ള തീർപ്പുകൽപിക്കലിന്റെ  യുക്തിയെ ചോദ്യം ചെയ്യുന്നുണ്ട്. ദൈവവിശ്വാസമാണ് തിന്മകളുടെയെല്ലാം കാരണമെന്ന് വന്നാൽ പോലും ദൈവമില്ലെന്ന തീർപ്പിലേക്കെത്താനുള്ള യുക്തിയായിത്തീരാൻ അതിനെങ്ങനെയാണ് കഴിയുക? അതിൽ നിന്ന് പരമാവധി എത്താൻ കഴിയുന്ന യുക്തിതീർപ്പ് ദൈവം തിന്മയുൾക്കൊള്ളുന്നവനാണ് എന്ന് മാത്രമാണ്; ദൈവം ഇല്ലെന്നുള്ളതല്ല. മതങ്ങൾ പറയുന്ന നന്മകളൊന്നും ദൈവത്തിനില്ലെന്ന് വന്നാൽ പോലും അത് ദൈവത്തിന്റെ അസ്തിത്വത്തെ ചോദ്യം ചെയ്യുന്നതിനുള്ള യുക്തമായ കാരണമാവില്ലെന്നർത്ഥം. നവനാസ്തികതയുടെ അടിത്തറ തന്നെ യുക്തിയില്ലായ്മയിലാണ് സ്ഥാപിക്കപ്പെട്ടിരിക്കുന്നത് എന്ന വസ്തുതയാണ് ഇവിടെ അനാവൃതമാവുന്നത്.

                                                                                                                                                                               (തുടരും)

References:

1. Gary Wolf: “The Church of the Non-Believers”, WIRED Magazine, 11.01.06.,
https://www.wired.com/2006/11/atheism/

2. “The Four Horseman – Hitchens, Dawkins, Dennet, Harris [2007]”

https://www.youtube.com/watch?v=n7IHU28aR2E

3. Christopher Hitchens,Richard Dawkins, Daniel Dennet, Sam Harris: The Four Horsemen; the conversation that sparked an atheist revolution, New York, 19.02. 2019

2 Comments

  • വീക്ഷാഗതിയെയാണ് – വീക്ഷണഗതിയെന്നതല്ലേ ശരി. സംശയമുള്ളതിനാൽ ചോദിച്ചതാണ്.

    Abdhulla 21.03.2019
  • Good to read…An eye opener indeed…

    THANSEER Pathappiriyam 21.03.2019

Leave a comment

Your email address will not be published.