നവനാസ്തികതയെന്നാൽ യുക്തിവാദമല്ല!

//നവനാസ്തികതയെന്നാൽ യുക്തിവാദമല്ല!
//നവനാസ്തികതയെന്നാൽ യുക്തിവാദമല്ല!
ആനുകാലികം

നവനാസ്തികതയെന്നാൽ യുക്തിവാദമല്ല!

Print Now

‘അല്ലാഹുവുണ്ടെന്നതിന് എന്താണ്തെളിവ്?’

‘എല്ലാറ്റിന്റെയും സൃഷ്ടാവ് അല്ലാഹുവാണെങ്കിൽ അല്ലാഹുവിനെ സൃഷ്ടിച്ചതാരാണ്?’

‘ഖുർആനിലെ ഭൂമിപരന്നതല്ലേ?’

‘സ്ത്രീകളെ കേവലം അടിമകളായല്ലേ ഇസ്‌ലാം കാണുന്നത്?’

ആഷിക് ചോദ്യങ്ങൾ ചോദിച്ചുകൊണ്ടിരിക്കുകയാണ്….

സജീവ ഇസ്‌ലാമിക പ്രവർത്തകനായ അബൂബക്കർ സാഹിബിന്റെ മകനാണ് ആഷിക്. തന്റെ മകൻ യുക്തിവാദിയായിട്ടുണ്ടെന്നും അവന്റെ ചോദ്യങ്ങൾക്ക് തൃപ്തികരമായി മറുപടി നൽകിയാൽ മതവിശ്വാസിയാകാൻ സന്നദ്ധനാണെന്ന് സമ്മതിച്ചിട്ടുണ്ടെന്നും ഞാൻ അവനുമായി സംസാരിക്കാൻ അല്പസമയം കണ്ടെത്തണമെന്നുമുള്ള സാഹിബിന്റെ അഭ്യർത്ഥനപ്രകാരമുള്ള കൂടിക്കാഴ്ചയാണ് രംഗം. എന്താണ് ആഷിക്കിന്റെ സംശയങ്ങൾ എന്ന ചോദ്യത്തിന് ഉമ്മയുടെയും ഉപ്പയുടെയും മുന്നിൽവെച്ച് അദ്ദേഹം ചോദ്യങ്ങളുടെ ഭാണ്ഡക്കെട്ട് തുറക്കുകയാണ്. മുസ്‌ലിംകൾക്ക് ഒരിക്കലും ഉത്തരം പറയാൻ കഴിയാത്ത നിരവധി ചോദ്യങ്ങൾ തന്റെ പക്കലുണ്ടെന്ന ഭാവത്തിലാണ് ആഷിക്കിന്റെ ഇരുത്തം. ഉമ്മയുടെയും ഉപ്പയുടെയും മുഖത്തെ ദൈന്യഭാവം ആഷികിനെ സന്തോഷിപ്പിക്കുന്നതായി തോന്നി. അവരോട് അൽപസമയം പുറത്തിരിക്കുവാൻ ഞാൻ ആവശ്യപ്പെട്ടു.

ഇപ്പോൾ ഞാനും ആഷികും ഒറ്റയ്ക്കാണ്.

‘ആഷിക്കിന്റെ ചോദ്യങ്ങൾക്കെല്ലാം നമുക്ക് ഒരുമിച്ച് ഉത്തരങ്ങൾ കണ്ടെത്താൻ ശ്രമിക്കാം.

അതിനു മുൻപ് നമുക്ക് ഒന്ന് വിശദമായി പരിച്ചയപ്പെട്ടാലോ…അതിന് ആഷിക്കിന് വിരോധമുണ്ടോ?’

എന്റെ ചോദ്യത്തിന് ആഷിക്ക് അനുകൂലമായി തലയാട്ടി. ഞാൻ എന്നെ അല്പം വിശദമായിത്തന്നെ പരിചയപ്പെടുത്തി. എന്റെ വിവാഹങ്ങളും കുടുംബ ജീവിതവും മക്കളുമെല്ലാം ചർച്ചയിൽ കടന്നുവന്നു. ശേഷം ഞാൻ ആഷിക്കിനോട് ചോദ്യങ്ങൾ ചോദിക്കാൻ തുടങ്ങി. ഹൃദയബന്ധം ഉണ്ടാക്കിയെടുക്കുന്നതിൽ എന്റെ തുറന്ന സമീപനം വിജയിച്ചത്  കൊണ്ടാണെന്നു തോന്നുന്നു ആഷിക്കും മനസ്സ്  തുറക്കാനാരംഭിച്ചു.

‘തികഞ്ഞ മതവിശ്വാസികളായ ഉപ്പാന്റെയും ഉമ്മാന്റെയും മൂത്ത മകൻ. പഠിക്കാൻ മിടുക്കൻ. സ്‌കൂൾ ക്ലാസുകളിൽ ഒന്നാമൻ. ചെറുപ്പത്തിലുണ്ടായ ശ്വാസ തടസ്സത്തിന്റെ അസുഖം മൂലം മദ്രസയിൽ പറഞ്ഞയക്കാൻ മാതാപിതാക്കൾക്ക് കഴിഞ്ഞില്ല. എങ്കിലും സാധാരണ മദ്രസകളിൽ നിന്ന് ലഭിക്കുന്നതിനേക്കാൾ നല്ല മതവിദ്യാഭ്യാസം വീട്ടിൽ നിന്ന് നൽകി മാതാപിതാക്കൾ അവനെ വളർത്തി. അതിനായി അവർ ഉസ്താദിനെ വീട്ടിൽ വരുത്തി പഠിപ്പിച്ചു. ഇസ്‌ലാമിക ഗ്രന്ഥങ്ങൾ വായിക്കാൻ അവനെ പ്രോത്സാഹിപ്പിച്ചു. ഇസ്‌ലാമിക വിദ്യാർഥി സംഘടനയുടെ പ്രവർത്തനങ്ങൾക്ക് പറഞ്ഞയച്ചു. പ്രവർത്തനങ്ങളിലെല്ലാം അവൻ സജീവമായി. പന്ത്രണ്ടാം ക്ലാസ് കഴിഞ്ഞപ്പോൾ ആദ്യത്തെ എഴുത്തിൽ തന്നെ എഞ്ചിനീയറിംഗ് എൻട്രൻസിന്റെ കടമ്പ കടന്നു. പ്രസിദ്ധമായ ഒരു എഞ്ചിനീയറിംഗ് കലാലയത്തിൽ മെക്കാനിക്കൽ എഞ്ചിനീയറിംഗ് പഠിക്കാനായി ചേർന്നു. ഹോസ്റ്റലിൽ താമസിച്ചായിരുന്നു പഠനം. പുതിയ അന്തരീക്ഷം. പുതിയ ചങ്ങാതിമാർ. ഉപ്പയുടെയും ഉമ്മയുടെയും നേരിട്ടുള്ള ശ്രദ്ധയില്ലാത്ത പുതിയ ജീവിതം. മതകാര്യങ്ങളിൽ ചിട്ട പുലർത്തണമെന്ന മാതാപിതാക്കളുടെ നിർദേശം അക്ഷരം പ്രതി പാലിക്കുവാൻ അവൻ ശ്രദ്ധിച്ചു. നമസ്കാരങ്ങളൊന്നും ഒഴിവാക്കാറില്ല. കഴിവതും ജമാഅത്തായി തന്നെ നമസ്കരിക്കും. റമദാനിലെ നിർബന്ധ നോമ്പ് കൂടാതെ, കഴിയുമ്പോൾ സുന്നത്ത് നോമ്പുകളും എടുക്കും. ഇസ്‌ലാമികമായ പരിപാടികളിൽ പങ്കെടുക്കും. പഠനത്തോടൊപ്പം തന്നെ ഇസ്‌ലാം അനുവദിക്കുന്ന കോളേജിലെ മറ്റു കലാ-കായിക പരിപാടികളിലും സജീവമായിത്തന്നെയുണ്ടായിരുന്നു ആഷിക്ക്. എല്ലാവർക്കും അവനെക്കുറിച്ച് നല്ല അഭിപ്രായം മാത്രം. നാട്ടിൽ അവധിക്കു വരുമ്പോൾ അവൻ ഗ്രാമത്തിലെ സാമൂഹ്യ പ്രവർത്തനങ്ങളിലെല്ലാം സജീവമാകും. അവിടെയും നല്ല പേര് സമ്പാദിക്കുവാൻ ആഷിക്കിന് കഴിഞ്ഞു.

കോളേജിലെ സൗഹൃദ വലയത്തിൽ ആഷിക്ക് എല്ലാവർക്കും വേണ്ടപ്പെട്ടവനായി. സൗഹൃദത്തിൽ ആണുങ്ങളും പെണ്ണുങ്ങളുമുണ്ടായിരുന്നു. പെൺകുട്ടികളിൽ പലരും നല്ല സുഹൃത്തായ അവനോട് അവരുടെ വ്യക്തിപരമായ കാര്യങ്ങൾ പോലും പങ്കുവെക്കാൻ തുടങ്ങി. സൗഹൃദത്തിൽ കവിഞ്ഞ യാതൊന്നും അവയിലുണ്ടായിരുന്നില്ല. പല സംഭാഷണങ്ങളും സ്വകാര്യതയിലായിരുന്നു. മാന്യമായിത്തന്നെയായിരുന്നു സ്വകാര്യ സംഭാഷണങ്ങളെല്ലാം. ഒറ്റയ്ക്കാവുന്ന സംഭാഷണങ്ങൾക്കിടയിൽ പലപ്പോഴും സൗഹൃദത്തോടെയുള്ള തൊടലുകളും തള്ളലുകളും കൈകൾ തമ്മിലുള്ള കൂട്ടിയടികളുമുണ്ടായി. അവ മടിയിൽ കിടത്തത്തിലേക്കും ഉമ്മവെക്കലുകളിലേക്കും നീങ്ങി. പെൺ സുഹൃത്തുക്കളിൽ മൂന്നു പേർ അവനുമായി ഒരേസമയം ഇഷ്ടത്തിലായി. ഓരോരുത്തരുമായുള്ള സ്വകാര്യതകൾ മറ്റുള്ളവർ അറിയാതിരിക്കാൻ ആഷിക് പ്രത്യേകം ശ്രദ്ധിച്ചു. അവരുമായി പല രാത്രികളിലും അവൻ കിടപ്പറ പങ്കിടേണ്ടി വന്നു. രതിയുടെ സുഖാസ്വാദനങ്ങൾക്കിടയിലും നന്നായി പഠിക്കാൻ അവൻ ശ്രദ്ധിച്ചു. ആൺ സുഹൃത്തുക്കളോടോപ്പമുള്ള ഒത്തുചേരലുകൾക്കിടയിൽ മദ്യത്തിന്റെ രുചിയും അവൻ അറിഞ്ഞു. ചങ്ങാതിമാരോടൊപ്പം മദ്യപിക്കുമ്പോഴും, മുഴുക്കുടിയനായിത്തീരാതിരിക്കുവാൻ അവൻ പ്രത്യകം ശ്രദ്ധിച്ചു. ഇതെല്ലാം നടക്കുമ്പോഴും കോളേജിലും നാട്ടിലുമെല്ലാം നല്ലകുട്ടിയായിത്തന്നെ അറിയപ്പെടാൻ അവന് സാധിച്ചു. തന്റെ വഴിത്തിരിവ് വീട്ടിൽ അറിയാതിരിക്കുവാൻ അവൻ ശ്രദ്ധിച്ചു. നാട്ടിൽ പോകുമ്പോൾ പള്ളിയിൽ പോകാനും നമസ്കരിക്കാനുമെല്ലാം അവൻ മുൻപന്തിയിൽ തന്നെയുണ്ടായിരുന്നു. അങ്ങനെ നല്ല മാർക്കോടു കൂടിത്തന്നെ എന്ജിനിയറിംഗ് ബിരുദമെടുക്കുവാൻ ആഷിക്കിനു കഴിഞ്ഞു.

ബിരുദം ലഭിച്ചശേഷം ജോലിക്കു വേണ്ടി ഏറെ നാളുകളൊന്നും ആഷികിന് അലയേണ്ടി വന്നില്ല. ഒരു കേന്ദ്ര സർക്കാർ സ്ഥാപനത്തിൽ അദ്ദേഹത്തിന് ജോലി ലഭിച്ചു. നല്ല ശമ്പളമുള്ള ജോലി. ജോലിയാവശ്യാർഥം ദൂരെ ഒറ്റയ്ക്ക് താമസിക്കേണ്ടി വന്നപ്പോഴും പഴയ ജീവിതരീതി തന്നെ ആഷിക് തുടർന്നു. തന്റെ കോളേജ് കാമുകിമാരിൽ ഒരാളുമായുള്ള ബന്ധം കൂടുതൽ മുറുകി. ജാതി മിശ്ര വിവാഹത്തിലെ ഏക മകൾ.  മാതാപിതാക്കൾ തമ്മിലുള്ള പൊരുത്തക്കേടുകൾ കാരണം വേണ്ടത്ര സ്നേഹം ലഭിക്കാതെ വളരുന്ന അവൾക്ക് ആഷിക് നൽകുന്ന സ്നേഹവും കാമവും വലിയ ആശ്വാസമായി. അവർ തമ്മിൽ വല്ലാതെ അടുത്തു. ഒന്നുരണ്ട് തവണ ഗർഭഛിദ്രം നടത്തേണ്ടി വരുവോളമുള്ള അടുപ്പം. പക്ഷെ അതും ഏറെക്കാലം നില നിന്നില്ല. അവർ തമ്മിലും തർക്കങ്ങൾ ഉടലെടുത്തു. മനഃസംഘർഷത്തിൽ നിന്ന് രക്ഷക്കായി വീണ്ടും വീണ്ടും അവൻ മദ്യം ഉപയോഗിക്കാൻ തുടങ്ങി. ആകെ കുത്തഴിഞ്ഞ ജീവിതം.

ഇതൊന്നും മാതാപിതാക്കൾ അറിയുന്നുണ്ടായിരുന്നില്ല. അവർ അവന്നു വേണ്ടി വിവാഹം ആലോചിക്കുന്ന തിരക്കിലായിരുന്നു. അവർ അവന്നായി നല്ല ഒരു ഇണയെ കണ്ടെത്തി. വിവാഹത്തിനു വേണ്ടി ഒരുക്കങ്ങൾ നടക്കുന്നതിനിടയിൽ പെട്ടെന്ന് അവന്റെ ഗ്രാമത്തിൽ അവന്റെ കാമുകി പ്രത്യക്ഷപ്പെട്ടു. വിവാഹം ഉറപ്പിച്ച വിവരം അറിഞ്ഞായിരുന്നു വരവ്. അവൾ വീട്ടിൽ വന്നു പ്രശ്നമുണ്ടാക്കി. ആകെ ബഹളമായി. തന്റെ കാമുകിയെക്കുറിച്ച് നാട്ടിലെല്ലാം അറിഞെങ്കിലും ഭൂതകാലത്തെ കുത്തഴിഞ്ഞ ജീവിതം ആരും അറിഞ്ഞില്ല. വന്ന വിവാഹം മുടങ്ങി. ഉപ്പയും ഉമ്മയും അവനെ ഗുണദോഷിച്ചു. അവന്റെ ജീവിതത്തിലെ അധാർമ്മികതയെപ്പറ്റി അവനെ ചോദ്യം ചെയ്തപ്പോൾ സ്വാഭാവികമായും പടച്ചവനും പരലോകവുമെല്ലാം അവരുടെ സംസാരങ്ങളിൽ വന്നു. അപ്പോഴാണ് തന്റെ മനസ്സിൽ നാളുകളേറെയായി കൊണ്ട് നടന്നിരുന്ന ഇസ്‌ലാം വിമർശനങ്ങളുടെ കെട്ട് അവൻ അഴിച്ചത്. അവകേട്ട് ഉമ്മയും ഉപ്പയും ഞെട്ടി. അതുവരെ അവൻ ഒരു അന്യമത വിശ്വാസിയെ പ്രേമിച്ചതായിരുന്നു അവരുടെ മുൻപിലെ തെറ്റ്. തങ്ങളുടെ മകൻ മതവിരോധിയായിത്തീർന്നിരിക്കുന്നുവെന്ന വിവരം അവരെ വല്ലാതെ തളർത്തി. അവന്റെ ചോദ്യങ്ങൾക്ക് ഉത്തരം നൽകി എങ്ങനെയെങ്കിലും തങ്ങളുടെ മകനെ സത്യമെന്ന് അവർക്ക് ഉറപ്പുള്ള മതത്തിലേക്ക് തിരിച്ച്‌ കൊണ്ടുവരണമെന്ന് സ്നേഹ നിധികളായ ആ മാതാപിതാക്കൾ തീരുമാനിച്ചു. അങ്ങനെയാണ് അവർ എന്റെ മുന്നിലെത്തിയത്.

സ്വന്തത്തെക്കുറിച്ച് ആഷിക് പറഞ്ഞതിന്റെ ചുരുക്കമാണ് മുകളിൽ.

അവൻ പറഞ്ഞു നിർത്തിയിടത്തു നിന്ന് ഞാൻ പറയാൻ തുടങ്ങി: “ഞാൻ പറയാൻ പോകുന്നത് ആഷിക്ക് പറയാത്ത, ആഷിക്കിനെ ക്കുറിച്ച വിവരങ്ങളാണ്. ഞാൻ പറയുന്നതിൽ വാസ്തവ വിരുദ്ധമായ വല്ലതുമുണ്ടെങ്കിൽ ആഷിക്ക് ചൂണ്ടിക്കാണിക്കണം. അതുകൊണ്ടാണ് ഞാൻ ആദ്യം തന്നെ പറഞ്ഞത് നമുക്ക് ഒരുമിച്ച് ആഷിക്കിന്റെ ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താൻ ശ്രമിക്കാമെന്ന്.”

ആഷിക്ക് സമ്മത ഭാവത്തിൽ തലയാട്ടി. ഞാൻ പറയാൻ തുടങ്ങി:  “ധാർമ്മിക ജീവിതത്തിൽ നിന്ന് വഴി മാറാൻ തുടങ്ങിയപ്പോൾ തന്നെ ആഷിക്കിന് വലിയ മനഃസ്താപമുണ്ടായിരുന്നു. തെറ്റുകളിൽ നിന്ന് തെറ്റുകളിലേക്ക് പോയതോടു കൂടി തന്നെ ന്യായീകരിക്കുവാൻ താങ്കൾ സ്വയം കാരണങ്ങൾ കണ്ടെത്താൻ തുടങ്ങി. പെൺ കുട്ടികളുമായുള്ള ബന്ധം തുടങ്ങിയപ്പോൾ കലാലയ ജീവിത്തിലെ ചാപല്യങ്ങൾ മാത്രമാണെന്ന് നീ തന്നെ സ്വയം ആശ്വസിച്ചു. മദ്യപാനം തുടങ്ങിയപ്പോൾ ചങ്ങാതിമാരോടൊപ്പം ഒരു തവണ മാത്രം എന്ന്    നീ തീരുമാനിച്ചു. പക്ഷെ തെറ്റുകൾ തുടർന്നപ്പോൾ ന്യായീകരണങ്ങൾ വേണ്ടാത്ത അവസ്ഥയുണ്ടായി.  ഒരാൾ ഒരു പാപം ചെയ്യുമ്പോൾ മനസ്സിനകത്ത് ഒരു കറുത്ത പുള്ളി വീഴുമെന്നും അത് ആവർത്തിക്കുമ്പോൾ പുള്ളി വലുതായിക്കൊണ്ടിരിക്കുകയും പ്രസ്തുത പാപം തിന്മയാണെന്ന് തോന്നാത്ത വിധം മനസ്സ് ദുഷിക്കുമെന്നും മുഹമ്മദ് നബി പറഞ്ഞിട്ടുണ്ട്.  തെറ്റുകളെല്ലാം ചെയ്യുമ്പോൾ ആരോ ഒരാൾ ഉള്ളിൽ നിന്ന് വലിക്കുന്നതു പോലെ ആഷിക്കിന് തോന്നിയിരുന്നു. ചെറുപ്പകാലത്തെ മതബോധനം സൃഷ്ടിച്ച ധാർമിക ചിന്തയാണ് തന്റെ ഉള്ളിൽ നിന്ന് തന്നെ തിരിച്ച് വിളിക്കുന്നതെന്ന് താങ്കൾക്ക് മനസ്സിലായില്ല. ദൈവ ബോധവും പരലോക ചിന്തയും തെറ്റുകൾക്കിടയിലും താങ്കളെ വേട്ടയാടിക്കൊണ്ടിരിക്കുന്നുണ്ടായിരുന്നു.അത് താങ്കളെ വല്ലാതെ അസ്വസ്ഥമാക്കി. ദൈവവും പരലോകവും സ്വർഗ്ഗവും നരകവുമുണ്ടെങ്കിൽ തന്റെ അവസ്ഥയെന്താകുമെന്ന ചിന്ത താങ്കളെ അസ്വസ്ഥമാക്കി.ഇസ്‌ലാമിനെതിരെയുള്ള വായനയിലേക്ക് ആഷിക്ക് കടക്കുന്നത് അങ്ങനെയാണ്. പുസ്തകങ്ങളിലൂടെയും ഇന്റർനെറ്റ് സ്രോതസ്സുകളിലൂടെയും ഇസ്‌ലാമിനെതിരെയുള്ള വാദങ്ങൾ താങ്കൾ പരിചയപ്പെട്ടു. ദൈവവും പരലോകവുമൊന്നുമില്ലെന്ന് ശാസ്ത്രീയമായി തെളിയിക്കുന്ന സ്രോതസ്സുകളോട് താങ്കൾക്ക് ഇഷ്ടം തോന്നി. അവ വീണ്ടും വീണ്ടും താങ്കൾ വായിച്ചുകൊണ്ടിരുന്നു. പരിചയപ്പെട്ട ആശയങ്ങൾ കാമുകിയുമായി പങ്കുവെച്ചു. അവൾ അതിന് വെള്ളവും വളവും നൽകി. അങ്ങനെ താങ്കളിലെ മതനിഷേധ ചിന്ത വളർന്നു വന്നു. താങ്കൾ വായിച്ച സ്രോതസ്സുകൾ താങ്കളിലുണ്ടാക്കിയ ചോദ്യങ്ങളല്ലേ താങ്കൾ വിമർശനമായി ഇപ്പോൾ ഉന്നയിക്കുന്നത്. ഖുർആനോ നബി വചനങ്ങളോ പഠിച്ചപ്പോൾ താങ്കൾക്കുണ്ടായ സംശയങ്ങളല്ലല്ലോ?”

ഞാൻ പറഞ്ഞതെല്ലാം ശരിയായിരിക്കാമെന്ന് ആഷിക്ക് സമ്മതിച്ചു. എന്നാൽ യുക്തിവാദത്തിന്റെ ആശയങ്ങൾ തെറ്റാണെന്ന് സ്ഥാപിക്കുന്ന രചനകളും താൻ വായിച്ചിട്ടുണ്ടെന്നും അവ താരതമ്യം ചെയ്യാൻ ശ്രമിച്ചിട്ടുണ്ടെന്നും അപ്പോഴെല്ലാം ദൈവനിഷേധമാണ് ശരിയെന്ന ഉത്തരമാണ് തനിക്ക് ലഭിച്ചതെന്നും ആഷിക്ക് ആണയിട്ടു.

തന്റെ ചോദ്യങ്ങൾക്കൊന്നും സംതൃപ്തമായ മറുപടി നൽകാൻ ദൈവവിശ്വാസം സ്ഥാപിക്കുന്ന രചനകൾക്കോ സൈറ്റുകൾക്കോ കഴിയുന്നില്ലെന്നും അതുകൊണ്ട് തന്നെ യുക്തിവാദമാണ് ശരി എന്ന് തനിക്ക് മനസ്സിലായെന്നുമായിരുന്നു അദ്ദേഹത്തിന്റെ വാദം.

‘ശരിയാണ് ആഷിഖ്… മതത്തിന്റെ ന്യായീകരണങ്ങളെപ്പറ്റി താങ്കൾ വായിച്ചിട്ടുണ്ടെന്നത് ശരിയാണ്. പക്ഷെ, അവ വായിക്കുമ്പോഴും അവയല്ല ശരിയായിരിക്കേണ്ടതെന്ന ഉൽക്കടമായ ആഗ്രഹം താങ്കളുടെ മനസ്സിലുണ്ടായിരുന്നു. മതത്തിന്റെ ഭാഷയിൽ പറഞ്ഞാൽ മതം പറയുന്നതൊന്നും ശരിയാവരുതേ എന്ന ഒരുതരം ‘പ്രാർത്ഥന’.  മനസ്സിലെ ഈ ആഗ്രഹം വെച്ച്കൊണ്ട് നിങ്ങൾ എന്ത് വായിച്ചാലും അതൊന്നും താങ്കളുടെ ഉള്ളിലേക്ക് കയറുകയില്ല. മതത്തിന്റെ ന്യായീകരണങ്ങൾ ശരിയല്ലെന്ന് മാത്രമേ അപ്പോൾ താങ്കൾക്ക് തോന്നൂ. അവ ശരിയാവരുതെന്നാണ് താങ്കളുടെ മനസ്സ് ആഗ്രഹിക്കുന്നത് എന്നത് കൊണ്ടാണത്. മുൻ ധാരണകൾ നമ്മുടെ തീരുമാനങ്ങളെ സ്വാധീനിക്കുമെന്ന വസ്തുത താങ്കൾക്കറിയാവുന്നതാണല്ലോ. അത്കൊണ്ട് തന്നെയാണ് ഞാൻ താങ്കളുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നതിന് മുൻപ് പ്രസ്തുത ചോദ്യങ്ങളുണ്ടാകുവാനുള്ള കാരണമെന്താണെന്ന് അന്വേഷിക്കുവാൻ ശ്രമിച്ചത്. ഈ മാനസികാവസ്ഥയിൽ താങ്കളുടെ ചോദ്യങ്ങൾക്ക് ഞാൻ ഉത്തരം പറയുന്നത് കൊണ്ട് ഗുണപരമായ യാതൊരു മാറ്റവുമുണ്ടാവാൻ പോകുന്നില്ലെന്ന് എനിക്കറിയാം. അത് എന്റെയും നിങ്ങളുടെയും വിലപ്പെട്ട സമയം നഷ്ടപ്പെടുത്തുക മാത്രമേയുള്ളൂ.’ ഞാൻപറഞ്ഞു.

‘പിന്നെ ഞാൻ എന്ത് ചെയ്യണമെന്നാണ് നിങ്ങൾ പറയുന്നത് ?’ ആകാംക്ഷയും വിമർശനാത്മകവുമായ ആഷിക്കിന്റെ ചോദ്യം.

‘നിങ്ങളുടെ യഥാർത്ഥ പ്രശ്നത്തിനുള്ള പരിഹാരം കാണണം. അപ്പോൾ നിങ്ങളുടെ മനസ്സ് തുറക്കും. അതിനു ശേഷം നിങ്ങളുടെ സംശയങ്ങൾക്കുള്ള ഉത്തരം കണ്ടെത്താൻ നമുക്ക് ഒരുമിച്ച് ശ്രമിക്കാം…’

എന്റെ അഭിപ്രായത്തോട് അനുകൂലമായി ആഷിക് തലയാട്ടിയപ്പോൾ ഞാൻ സംസാരിക്കാൻ തുടങ്ങി.  അദ്ദേഹത്തിന്റെ ധാർമികാപചയത്തെക്കുറിച്ചും അതുണ്ടാക്കുന്ന പ്രശ്നങ്ങളെക്കുറിച്ചും വിശദമായി ചർച്ച ചെയ്തു.  വിശുദ്ധമായ ലൈംഗിക ജീവതത്തെയും നിയതമായ രൂപത്തിലൂടെയുള്ള ലൈംഗികാസ്വാദനത്തിൽ നിന്ന് ലഭിക്കുന്ന യഥാർത്ഥമായ ആസ്വാദനത്തെയും ആരംഗത്തെ വിധിവിലക്കുകളുടെ പ്രസക്തിയെയുമെല്ലാം കുറിച്ച മണിക്കൂറുകൾ നീണ്ട തുറന്ന വർത്തമാനം. സംസാരത്തിനിടയ്ക്ക് അല്ലാഹുവിലുള്ള വിശ്വാസവും അവനിൽ ഭരമേല്പിക്കേണ്ടതിന്റെ ആവശ്യകതയും ആണിനും പെണ്ണിനും ഇസ്‌ലാം നൽകിയ സ്ഥാനങ്ങളും സ്ത്രീ-പുരുഷ പാരസ്പര്യത്തിലധിഷ്ഠിതമായ ഇസ്‌ലാമിലെ നിയമങ്ങളും രണ്ടു പേരുടെയും അവകാശങ്ങളും ബാധ്യതകളും വസ്ത്രധാരണയും സ്വത്തവകാശവും സാക്ഷ്യവും ബഹുഭാര്യാത്വവും ബഹുഭർതൃത്വവും അടിമകളോടുള്ള ഇസ്‌ലാമിന്റെ സമീപനവുമെല്ലാം കടന്നുവന്നുവെങ്കിലും ഞങ്ങളുടെ ചർച്ചയുടെ കേന്ദ്രം ആഷിക്കിന്റെ ഭാവി ജീവിതവും അത് ശോഭനമാക്കാനും ആസ്വാദ്യകരമാക്കുവാനുമുള്ള മാർഗങ്ങളുമായിരുന്നു.

നാട്ടിൽ വന്ന് പ്രശ്നങ്ങളുണ്ടാക്കിയതോടെ തന്റെ കാമുകിയോടുള്ള താല്പര്യം ആഷിക്കിന് നഷ്ടപ്പെട്ടിരുന്നു. അവൾ തനിക്ക് പറ്റിയ ഇണയല്ലെന്ന് അദ്ദേഹം തീരുമാനിച്ചു കഴിഞ്ഞിരുന്നു. ധാർമിക ജീവിതത്തിന്റെ പ്രസക്തി മനസ്സിലായതോടെ സദാചാര നിഷ്ഠമായി ജീവിക്കാമെന്ന് അദ്ദേഹം തീരുമാനിച്ചു. തന്റെ തെറ്റുകൾ അദ്ദേഹത്തിന് മനസ്സിലായി.  ഉപ്പയുടെയും ഉമ്മയുടെയും മുന്നിൽവെച്ച് അവ തുറന്നു പറഞ്ഞ് അവൻ കരഞ്ഞപ്പോൾ മാതാപിതാക്കളും വിതുമ്പി. വിവാഹത്തെക്കുറിച്ചായി പിന്നെയുള്ള ചർച്ച. മുടങ്ങിപ്പോയ വിവാഹം തന്നെ നടത്താൻ ശ്രമിച്ചുകൂടേ എന്ന് ഞാൻ ചോദിച്ചു. പെൺ വീട്ടുകാർ അതിനു സന്നദ്ധമാകില്ലെന്നായിരുന്നു ഉപ്പയുടെ പക്ഷം. പ്രാർത്ഥനയോടെ മുന്നോട്ടുപോയാൽ നന്മയാണെങ്കിൽ അല്ലാഹു കാര്യങ്ങൾ എളുപ്പമാക്കുമെന്ന് ഞാൻ ഉപദേശിച്ചു. അവരോട് സംസാരിച്ചു നോക്കാമെന്ന് പറഞ്ഞാണ് അന്ന് അവർ മൂന്നുപേരും പിരിഞ്ഞത്. ആ വിവാഹം നടന്നു. ഇതെഴുതുമ്പോൾ അവർ മധുവിധുവിലാണ്……                                                                                                                                                                                                                      (തുടരും)                                                                                                                                                                                                                                                   

7 Comments

 • Masha allah

  അഫ്സൽ 20.03.2019
 • Good venture for spreading Islamic message of peace

  Irshad S 20.03.2019
 • ഇനിയും ഒരുപാട് നന്മകൾ ചെയ്യാനുള്ള കഴിവ് താങ്കൾക്ക് അള്ളാഹു നൽകട്ടെ ആമീൻ

  ശിഹാബ് ബേർക്ക 20.03.2019
 • Unputdownable write up…Compelling way of writing…. Diagnosis to atheistic tendencies is to be given to the roots as the write-up suggests…

  Thanseer Pathappiriyam 21.03.2019
 • Masha allah

  Ibrahim 24.03.2019
 • മാഷാ allha very good msg

  അയൂബ്ഖാൻ 02.04.2019
 • ماشاءاللہ

  HAMZA BIN HANEEFA 06.04.2019

Leave a comment

Your email address will not be published.