നമ്മുടെ മക്കള്‍ എങ്ങനെ പഠിക്കണം?

//നമ്മുടെ മക്കള്‍ എങ്ങനെ പഠിക്കണം?
//നമ്മുടെ മക്കള്‍ എങ്ങനെ പഠിക്കണം?
പാരന്റിംഗ്‌

നമ്മുടെ മക്കള്‍ എങ്ങനെ പഠിക്കണം?

”എല്ലാ കുട്ടികളും ജനിക്കുന്നത് ശുദ്ധ പ്രകൃതിയോടെയാണ്. എന്നിട്ട് അവന്റെ മാതാപിതാക്കളാണ് അവനെ യഹൂദിയും ക്രിസ്ത്യാനിയും മജൂസിയുമാക്കുന്നത്”. അബൂഹുറയ്‌റ (റ) നിവേദനം ചെയ്ത് ബുഖാരിയും മുസ്‌ലിമും ഉദ്ധരിച്ച പ്രസിദ്ധമായ ഹദീഥ്. ഇസ്‌ലാമാണ് പ്രകൃതിമതമെന്നും മാതാപിതാക്കളും സാഹചര്യങ്ങളുമാണ് മനുഷ്യരെ പ്രകൃതിപൂജകരും ബഹുദൈവാരാധ കരുമാക്കിത്തീര്‍ക്കു ന്നതെന്നും വ്യക്തമാക്കുന്ന നബിവചനം. ജന്മപാപമെന്ന ക്രൈസ്തവ മിഥ്യയെ തകര്‍ക്കുന്ന തിരുമൊഴി. ഇതിനെല്ലാം അപ്പുറത്ത്, കുട്ടിയുടെ സ്വഭാവരൂപീകരണത്തിലും വിശ്വാസദൃഢീക രണത്തിലും മാതാപിതാക്കളുടെ പങ്ക് വ്യക്തമാക്കുന്നതല്ലേ ഈ പ്രവാചകാധ്യാപനം? വിദ്യാലയങ്ങള്‍ തുറക്കുകയും കുട്ടികളെല്ലാം പള്ളിക്കുടങ്ങള്‍ക്കനുസരിച്ച് മെരുങ്ങുകയും ചെയ്തുകഴിഞ്ഞ ഈ അവസരത്തില്‍ പ്രസിദ്ധമായ ഈ നബിവചനത്തിന്റെ അത്തരമൊരു പരിപ്രേക്ഷ്യമുള്ള അവലോകനവും പഠനവും അനിവാര്യമാണെന്ന് തോന്നുന്നു.

കുട്ടിയുടെ ഏറ്റവും പ്രധാനപ്പെട്ട പ്രായമാണ് മൂന്നുവയസ്സുവരെയുള്ള പ്രായമെന്ന് അറിയാവുന്ന എത്ര മാതാപിതാക്കളുണ്ട് നമുക്കിടയില്‍? ഈ പ്രായത്തിലാണ് തനിക്കു ചുറ്റുമുള്ള കാര്യങ്ങളെക്കുറിച്ച കൃത്യമായ അടിസ്ഥാന വിവരങ്ങള്‍ കുട്ടി ശേഖരിക്കുന്നത്. ബോധപൂര്‍വമല്ലാതെ നടക്കുന്ന ഈ വിവര ശേഖരണത്തിന്റെ അടിസ്ഥാനത്തിലാണ് തന്റെ ജീവിതത്തില്‍ പിന്നീടുണ്ടാകുന്ന കാര്യങ്ങളെ യെല്ലാം മനുഷ്യന്‍ വിലയിരുത്തുന്നത്. മനുഷ്യമസ്തിഷ്‌കത്തെ ഒരു കംപ്യൂട്ടറിനോട് ഉപമിക്കാമെങ്കില്‍ ജനിക്കുമ്പോള്‍ അവന് ലഭിക്കുന്നത് കേവലം ഹാര്‍ഡ്‌വെയര്‍ മാത്രമാണ്. ആദ്യത്തെ മൂന്നുവയസ്സിനുള്ളിലാണ് പ്രസ്തുത ഹാര്‍ഡ്‌വെയറിനകത്തെ പ്രോഗ്രാമിംഗ് രൂപപ്പെടു ന്നത്. തന്റെ ചുറ്റുമുള്ള ലോകത്തെക്കുറിച്ച കേവലവിവരം മാത്രമല്ല; പ്രസ്തുത ലോകത്ത് തന്റെ സ്ഥാനമെന്താണെന്നും ആ സ്ഥാനത്തിന നുസരിച്ച് താന്‍ എങ്ങനെ പ്രതികരിക്കണമെന്നുമെല്ലാമുള്ള ‘അറിവുകള്‍’ അവന്‍ അറിയാതെത്തന്നെ ഈ പ്രായത്തിനുള്ളില്‍ അവന്റെ തലച്ചോറ് സ്വാംശീകരിച്ചിരിക്കും. ഈ അറിവിന്റെ അടിസ്ഥാനത്തിലേ പിന്നെയവന് ലോകത്തെ കാണാനാവൂ. മാതാവിന്റെ മടിത്തട്ടാണ് ഈ അറിവിനാവശ്യമായ അടിത്തറയൊരുക്കുന്നത്. മുലപ്പാലിനോടൊപ്പം താന്‍ എന്താണെന്നും എങ്ങനെയാവണമെന്നുമുള്ള വിവരങ്ങള്‍ കൂടി മാതാവിന്റെ മടിത്തട്ടില്‍നിന്ന് അവന്‍ നേടിയെടുക്കുന്നു. ‘വിഡ്ഢിപ്പെട്ടി’കൡലെ ക്രിമിനല്‍ കാഴ്ചകളും കലാപങ്ങളും കണ്ടുവളരുന്ന കുട്ടി സാമൂഹ്യദ്രോഹിയാകുന്നുവെങ്കില്‍ അതിന് അവനെ മാത്രം കുറ്റം പറയുന്നതൂകൊണ്ട് കാര്യമൊന്നുമില്ല. നടേ പറഞ്ഞ പ്രവാചക വചനത്തിന്റെ വരുതിയില്‍ സാമൂഹ്യദ്രോഹികളെയും ക്രിമിനലുകളെയും അടയിരുന്ന് ജനിപ്പിക്കുന്ന മാതാപിതാക്കള്‍കൂടി വരുന്നില്ലേയെന്ന് നാം ചിന്തിക്കണം.

ബോധപൂര്‍വം കാര്യങ്ങളെക്കുറിച്ച അറിവ് സമ്പാദിക്കുന്നത് മൂന്നു മുതല്‍ ആറുവരെ വയസ്സുകള്‍ക്കിടയിലാണ്. ഈ സമയത്താണ് നാം അവരെ സ്‌കൂളിലേക്കയക്കുന്നത്. നല്ല സ്‌കൂളുകളില്‍ തങ്ങളുടെ കുഞ്ഞുങ്ങള്‍ പഠിക്കണമെന്ന് എല്ലാ രക്ഷിതാക്കളും ആഗ്രഹിക്കുന്നു. അങ്ങനെ ആഗ്രഹിക്കുകയും വേണം. എന്നാല്‍ നല്ല സ്‌കൂളിന്റെ നിര്‍വചനമെന്താണ്? ഭാഷയും ഗണിതവും ശാസ്ത്രവും നന്നായി ൈകകാര്യം ചെയ്യുന്ന അധ്യാപകരുടെ ശിക്ഷണത്തില്‍ തന്നെ കുഞ്ഞുങ്ങള്‍ വളരണമെന്ന് ശാഠ്യം പിടിക്കുമ്പോള്‍ തന്നെ ഇസ്‌ലാമികമായ സംസ്‌കാരവും മുസ്‌ലിമാണെന്നതില്‍ ഔന്നത്യബോധം നല്‍കുന്നതുമായ ഒരു വിദ്യാഭ്യാസാന്തരീക്ഷത്തിലായിരിക്കണം അവരുടെ വളര്‍ച്ചയെന്നുകൂടി നാം ആഗ്രഹിക്കേണ്ടതല്ലേ? ബഹുദൈവാരാധനയോട് ബഹുമാനവും ഇസ്‌ലാമികമൂല്യങ്ങളോട് വെറുപ്പും മുസ്‌ലിമാണെന്നതില്‍ പതിതബോധവും സൃഷ്ടിക്കുന്ന അന്തരീക്ഷം നിലനില്‍ക്കുന്ന സ്ഥാപനങ്ങള്‍ എത്ര നന്നായി ഭാഷാപഠനവും ശാസ്ത്ര-സാങ്കേതിക വിജ്ഞാനങ്ങളും പകര്‍ന്നു നല്‍കുന്നുണ്ടെങ്കിലും അവിടേക്ക് തങ്ങളുടെ പൊന്നുമക്കളെ പറഞ്ഞയക്കുന്നവര്‍കൂടി നടേ പറഞ്ഞ ഹദീഥിലെ മാതാപിതാക്കളുടെ വരുതിയിലല്ലേയെന്ന് നാം ആലോചിക്കണം.

അടിസ്ഥാനപരമായി വിദ്യാഭ്യാസത്തെക്കുറിച്ച നമ്മുടെ കാഴ്ചപ്പാടുതന്നെ മാറേണ്ടതുണ്ട്. ഭിഷഗ്വരനെയും സാങ്കേതിക വിദഗ്ധനെയും ഉദ്യോഗസ്ഥനെയുമെല്ലാം സൃഷ്ടിക്കുകയാണ് വിദ്യാഭ്യാസത്തിന്റെ ധര്‍മമെന്ന പൊതുധാരണയ്ക്കനുസരിച്ച് ചിന്തിക്കേണ്ടവനല്ല മുസ്‌ലിം. മനുഷ്യനെ വളര്‍ത്തുകയാണ് വിദ്യാഭ്യാസത്തിന്റെ ധര്‍മം. കേവല ശരീരമല്ല മനുഷ്യനെന്നും അവനെ അവനാക്കുന്നത് ആത്മാവാണെന്നും മനസ്സിലാക്കുവാനാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. ആത്മീയമായ ഔന്നത്യത്തിന് ഖൂര്‍ആനും സുന്നത്തും വരച്ചുകാണിക്കുന്നതല്ലാത്ത മറ്റെന്തെങ്കിലും മാര്‍ഗമുണ്ടെന്ന് മുസ്‌ലിംകള്‍ വിശ്വസിക്കുന്നില്ല. അപ്പോള്‍ മനുഷ്യാസ്തിത്വത്തിന്റെ പൂര്‍ണ വളര്‍ച്ചയ്ക്ക് ഇസ്‌ലാമികമൂല്യങ്ങള്‍ പാലിക്കപ്പെടുന്ന അന്തരീക്ഷത്തില്‍ തന്നെ വിദ്യ അഭ്യസിപ്പിക്കപ്പെടണം. പ്രസ്തുത അന്തരീക്ഷം വീടുകളില്‍ സൃഷ്ടിക്കുവാന്‍ നമുക്ക് കഴിയണം. ഇസ്‌ലാമികമൂല്യങ്ങളുള്‍ക്കൊള്ളുന്ന അന്തരീക്ഷത്തിലിരുന്ന് ഭാഷയും ശാസ്ത്രവും ഗണിതവുമെല്ലാം ഏറ്റവും നന്നായിത്തന്നെ പഠിപ്പിക്കപ്പെടുന്നവരായിത്തീരണം നമ്മുടെ മക്കള്‍. അത്തരത്തിലുള്ള അന്തരീക്ഷമുള്ള സ്ഥാപനങ്ങള്‍ ഉണ്ടായി വരണം. എങ്കില്‍ മാത്രമെ ജൂത-ക്രൈസ്തവരുടെ പതിതാവസ്ഥയില്‍നിന്ന് രക്ഷപ്പെടാന്‍ നമുക്ക് കഴിയുകയുള്ളൂ. അല്ലാഹു അനുഗ്രഹിക്കട്ടെ-ആമീന്‍.

print

3 Comments

  • Masha Allah

    Muhamed Ziyad 01.03.2019
  • അസ്സലാമുഅലൈക്കും ..

    കുട്ടികൾ മൊബൈലിനു വേണ്ടി വാശി പിടിച്ചു കരയുമ്പോൾ എന്താണ് ചെയ്യേണ്ടത് ?

    കുട്ടികളുടെ മനസികോല്ലാസത്തിനായി
    മൊബൈൽ കൊടുക്കാമോ ?

    ASHIK ALI 24.03.2019
  • സാർ പറയുന്ന തരത്തിലുള്ള മതബോധം സൃഷ്ടിക്കുന്ന ചുറ്റുപാടുകളിൽ കുട്ടികളെ വളർത്താൻ അതീവ താല്പര്യത്തിലാണ് മാതാപിതാക്കൾ. എന്നാൽ അത്തരം സാഹചര്യങ്ങൾ ഒരുക്കി കൊടുക്കുന്നതിൽ സാമ്പത്തികമായി പിന്നോട്ട് നിൽക്കുന്ന മാതാപിതാക്കൾക്ക് സാധ്യമാവണമെന്നില്ല. ഇങ്ങനെയുള്ളവർ എന്ത് ചെയ്യാനാണ്

    SAIMA T 01.08.2022

Leave a comment

Your email address will not be published.