
പ്രവാചകന്റെﷺ അനുയായികളായ നമ്മുടെ നമസ്ക്കാരം ഇന്ന് കടമ തീർക്കുന്നതിനായി മാറിയിരിക്കുന്നുവോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. നമസ്ക്കാരം നിന്ദ്യവും, നികൃഷ്ടവുമായ കാര്യങ്ങളെതൊട്ട് നമ്മെ തടയുന്നുണ്ടോ ..? ഇല്ലെങ്കിൽ ‘നമസ്ക്കാരക്കാർക്ക് നാശം’ എന്ന കൂട്ടരിൽ നമ്മളോരോരുത്തരും ഉൾപ്പെടുകയില്ലേ എന്നുള്ള സ്വയം വിചാരണയുടെ സമയം വല്ലാതെ അതിക്രമിച്ചിരിക്കുന്നു. പണ്ടുള്ളവർ പറയുന്നത് പോലെ ‘നിക്കാരമായി’ മാറിയില്ലേ നമ്മുടെ നമസ്‌കാരങ്ങൾ. നിൽക്കുകയും ഇരിക്കുകയും ചെയ്യുന്ന ഒരു ആരാധന കർമ്മമായി അധപതിച്ചു പോയോ എന്ന് സ്വയമൊന്നു ചോദിച്ചു നോക്കൂ.. ആത്മാവില്ലാത്ത ശരീരം പോലെ, കറണ്ടില്ലാത്ത ലൈറ്റും, ഫാനും പോലെ ആർക്കും ഉപകാരമില്ലാത്ത ഒന്നായിപ്പോയോ ഈ പവിത്ര കർമ്മം. നമസ്ക്കാരത്തെക്കുറിച്ചാണ് മരണ ശേഷം ഒന്നാമതായി വിചാരണ ചെയ്യപ്പെടുക എന്ന് നമുക്കറിയാഞ്ഞിട്ടല്ലല്ലോ..!
എത്ര ശ്രദ്ധയോടെയാണ് നാം വാഹനം ഓടിക്കുന്നത്, ഓരോ ജോലിയും ശ്രദ്ധയോടെയും, ആസ്വദിച്ചും ചെയ്യുന്ന നമുക്ക് നമസ്‌കാരത്തിൽ മാത്രം ശ്രദ്ധിക്കാൻ സാധിക്കാത്തത് എന്ത് കൊണ്ടായിരിക്കും..? മരണം ഉറപ്പായ നമുക്ക് അതിലേറെ ഉറപ്പുള്ള ഒരു കാര്യമുണ്ട്, ഇപ്പോഴൊന്നും ഞാൻ മരിക്കില്ലെന്നുള്ള തെറ്റായ ഉറപ്പ്.
നമസ്ക്കാരം സമയ ബന്ധിതമാണെന്ന് ഖുർആൻ ഓർമ്മപ്പെടുത്തുന്നു.
إِنَّ الصَّلَاةَ كَانَتْ عَلَى الْمُؤْمِنِينَ كِتَابًا مَّوْقُوتًا
നമസ്ക്കാരം സത്യവിശ്വാസികൾക്ക് സമയ ബന്ധിതമായി നിശ്ചയിക്കപ്പെട്ട നിർബന്ധ ബാധ്യതയായാണ്. (4:103)
അല്ലാഹുവിന്റെ ഈ കൽപ്പന ജീവിതത്തിൽ എത്രമാത്രം നമുക്ക് പ്രാവർത്തികമാക്കാൻ സാധിച്ചിട്ടുണ്ട് എന്നുള്ളൊരു തിരിഞ്ഞു നോട്ടം അനിവാര്യമാണ്.
ബാങ്കിനും ഇക്കാമത്തിനുമിടയിലുള്ള സമയം തന്റെ പാപങ്ങളും, ശാരീരിക ഇച്ഛകളും ഇറക്കി വെക്കാൻ നമുക്ക് സാധിക്കുന്നുണ്ടോ..? അപ്പോഴും ഇന്റർനെറ്റിന്റെ സ്വപ്ന ലോകത്തല്ലേ നാമോരുരത്തരും.. തന്റെ മൊബൈലിൽ വന്ന മെസ്സേജിന് എന്ത് മറുപടി നൽകുമെന്ന് ചിന്തിച്ചുകൊണ്ടല്ലേ നമ്മൾ നമസ്‌കരിക്കാൻ കൈ കെട്ടുന്നത്.
നമസ്‌കാരത്തിനായി കുറച്ചു സമയത്തേക്ക് മൊബൈലിനെ പിരിയേണ്ടി വന്നതിലുള്ള അമർഷത്തോടെയും, വേദനയോടെയുമല്ലേ നാഥന്റെ മുമ്പിൽ നിൽക്കുന്നത്. ബാങ്ക് വിളി കേട്ടാൽ മൊബൈൽ ഒന്ന് സൈലന്റ് ആക്കി നമസ്ക്കാരത്തിനൊന്ന് ഒരുങ്ങിക്കൂടെ നമുക്ക്..
അംഗ ശുദ്ധിയിലൂടെ തന്റെ പാപങ്ങൾ കഴുകി ശുദ്ധിയാവുന്നത് ഒന്ന് ചിന്തിച്ചു നോക്കൂ..
ഖുർആൻ പാരായണത്തിന് ശേഷം നമസ്ക്കാരത്തിലേക്കൊന്ന് പ്രവേശിച്ചു നോക്കൂ..
തന്റെ സാമ്പത്തിനേക്കാളും, മറ്റുള്ള എന്തിനേക്കാളും അള്ളാഹു വലിയവനാണ് എന്ന് ചിന്തിച്ചു കൊണ്ട് ‘അള്ളാഹു അക്ബർ’ എന്ന് പറഞ്ഞു നോക്കൂ..
എല്ലാത്തിന്റെയും അധിപനായ അല്ലാഹുവിന്റെ മുമ്പിലാണ് നിൽക്കുന്നതെന്നും, അവനോടാണ് സംസാരിക്കാൻ പോവുന്നതെന്നും മനസ്സിനെ പഠിപ്പിച്ചു നോക്കൂ..
സ്രഷ്ടാവിനോട് സംസാരിക്കുന്നതെന്നതിന്റെ ആശയം അറിഞ്ഞു കൊണ്ട് വിനയത്തോടെയും, പ്രതീക്ഷയോടെയും നമസ്ക്കരിച്ചു നോക്കൂ..
റസൂൽ ﷺ പറഞ്ഞ നമസ്ക്കാരത്തിലെ കൺ കുളിർമ്മ നമുക്കനുഭവിക്കാൻ സാധിക്കും..
നാഥൻ അനുഗ്രഹിക്കട്ടെ..
Aameen
ചിന്താrham…
ആമീൻ…