നമസ്കാരം എന്ന സന്തോഷം

//നമസ്കാരം എന്ന സന്തോഷം
//നമസ്കാരം എന്ന സന്തോഷം
ആനുകാലികം

നമസ്കാരം എന്ന സന്തോഷം

Print Now
നാലാം ഖലീഫ അലിയുടെ (റ) പൗത്രനായിരുന്നു അബ്ദുല്ലാഹ്‌ ഇബ്നു മുഹമ്മദ്‌ ഇബ്നുൽ ഹനഫിയ്യ.‌ അബ്ദുല്ലായുടെ ഭാര്യാപിതാവ് മദീനയിൽ‌‌ പ്രവാചകന്റെ (സ) നേർശിഷ്യന്മാരിൽ ഒരാളായിരുന്നു. വൃദ്ധനായ അദ്ദേഹം രോഗബാധിതനായപ്പോൾ താൻ സന്ദർശിക്കാൻ പോയ കഥ അബ്ദുല്ലാഹ്‌ വിവരിക്കുന്നുണ്ട്‌‌. നമസ്കാരസമയത്ത്‌ ഭൃത്യയെ വിളിച്ച്‌ അദ്ദേഹം ഇങ്ങനെ പറയുന്നതാണ്‌ അബ്ദുല്ലാഹ്‌ കേട്ടത്‌: “എനിക്ക്‌ വുദൂഅ് ചെയ്യാൻ അൽപം വെള്ളം കൊണ്ടുവരൂ. ഞാൻ നമസ്കരിച്ച്‌ റാഹത്‌ നേടട്ടെ.” ആശ്വാസം, ഉല്ലാസം, നവോന്മേഷം എന്നൊക്കെയാണ്‌ റാഹതിനെ ഇവിടെ പരിഭാഷപ്പെടുത്താവുന്നത്‌. രോഗശയ്യയുടെ മടുപ്പും പീഡയും തളർത്തിയ ഒരാൾക്ക്‌ പുതുജീവൻ കൊടുക്കുന്ന കാര്യമാണോ നമസ്കാരം? സംശയം തോന്നിയ അബ്ദുല്ലായും കൂടെയുണ്ടായിരുന്നവരും അദ്ദേഹത്തിന്റെ ആ വ്യാഖ്യാനത്തെ ചോദ്യം ചെയ്തു. തിരുനബിയുടെ (സ) ജീവിതത്തിന്‌ സാക്ഷിയാകാൻ അവസരമുണ്ടായിട്ടുള്ള ആ വൃദ്ധൻ പറഞ്ഞു: “അല്ലാഹുവിന്റെ റസൂൽ (സ), ‘എഴുന്നേൽക്കൂ ബിലാൽ‌, ഞങ്ങൾക്ക്‌ നമസ്കാരത്തിലൂടെ റാഹതിന്‌ അവസരം നൽകൂ’ എന്ന് ആവശ്യപ്പെടുന്നത്‌ ഞാൻ കേട്ടിട്ടുണ്ട്‌.” (അബൂദാവൂദ്‌).

ബാങ്കോ ഇഖാമതോ മുഴക്കി നമസ്കാരത്തിന്‌ സന്ദർഭമൊരുക്കാൻ തന്റെ മുഅദ്ദിൻ ആയ ബിലാലിനോട്‌ (റ) ആജ്ഞാപിക്കുമ്പോൾ ‘റാഹതിനുള്ള’ ഒരു വഴിയായി കൂടി അതിനെ കണ്ട പ്രവാചകനെ (സ) പിന്തുടരുക മാത്രമാണ്‌ താനും ചെയ്തതെന്നാണ്‌ ആ പ്രവാചകാനുചരൻ ഇവിടെ തന്റെ പുത്രീ ഭർത്താവിനെയും കൂട്ടുകാരെയും തെര്യപ്പെടുത്തുന്നത്‌. ക്ഷീണം, മനസംഘർഷം, വിരസത-ഇതൊക്കെയുണ്ടാകുമ്പോൾ ‘റാഹതിന്‌’ അവസരം തേടിയാണ്‌ മനുഷ്യർ ഒരു ചായയോ കാപ്പിയോ കുടിക്കുന്നതും പാർക്കിൽ പോയി ഇരിക്കുന്നതും ഇഷ്ടമുള്ളവരുടെ സാമീപ്യം തേടുന്നതുമൊക്കെ.‌ അവയെക്കാളുമൊക്കെ എത്രയോ ഫലപ്രദമായ ഒരു വീണ്ടെടുപ്പ്‌/പുനർനിർമാണം/ആനന്ദവേള ആണ്‌ വിശ്വാസിക്ക് നമസ്കാരം എന്നാണ്‌ ഈ ഹദീഥ്‌ പഠിപ്പിക്കുന്നത്‌. അങ്ങനെ പ്രായോഗികമായി നമുക്ക്‌ അനുഭവപ്പെടുന്നില്ലെങ്കിൽ നമ്മുടെ നമസ്കാരങ്ങൾക്ക്‌ പൊരുൾ നഷ്ടപ്പെടുന്നു എന്നാണർത്ഥം.

ആലോചിച്ചുനോക്കൂ-പ്രവാസിയായ ഒരാൾ. ജോലിഭാരംകൊണ്ടും ഒറ്റപ്പെടൽകൊണ്ടും‌ മുതുകൊടിയുമ്പോൾ മനസ്സിനെ ലഘൂകരിക്കാൻ വേണ്ടി അയാൾ പ്രധാനമായും ചെയ്യുന്നതെന്താണ്‌? നാട്ടിലുള്ള ഭാര്യയെ/മക്കളെ/ആത്മസുഹൃത്തിനെ ഒക്കെ വിളിക്കുന്നു, സംസാരിക്കുന്നു, തന്നോട്‌ നിഷ്കളങ്കമായ സ്നേഹമുള്ളവരുമായുള്ള സംഭാഷണത്തിൽ അയാൾ മരുഭൂമിയിൽ മരുപ്പച്ച കണ്ടെത്തുന്നു. ‘ഈ ദുൻയാവിൽ നീ ഒരു അപരിചിതനോ വഴിയാത്രികനോ മാത്രം ആണെന്ന വിധത്തിൽ പെരുമാറുക’ എന്നതാണ്‌ ശിഷ്യനായ‌ അബ്ദുല്ലാഹ്‌ ഇബ്നു ഉമററിന്‌ (റ) നബി (സ) തോളിൽ കൈവെച്ച്‌ നൽകിയ പ്രസിദ്ധമായ സാരോപദേശം. (ബുഖാരി). ഭൂമിയിൽ ശരിക്കും പ്രവാസികളല്ലേ മനുഷ്യരെല്ലാവരും? അല്ലാഹുവിന്റെ സന്നിധിയിലാണ്‌ നമ്മുടെ വേരും നേരും. ഇവിടെ ചെറിയൊരു ഇടവേള ചെലവഴിക്കാൻ വന്നതാണ്‌. അതുകഴിഞ്ഞാൽ അങ്ങോട്ടുതന്നെ‌ മടക്കം. അല്ലാഹുവിന്റെ നേർസന്നിധി നഷ്ടമാകുന്ന ഭൂമിയിലെ ഇടക്കാല ജീവിതം വിശ്വാസിക്ക്‌ വേർപാടിന്റേതാണ്‌, താൽകാലിക വിഭവങ്ങളുടെയും ബഹളങ്ങളുടെയും ആ ചന്തയിൽ തന്റെ നാഥനെ പിരിഞ്ഞുനിൽക്കുന്നതിന്റെ പ്രയാസങ്ങൾ അയാളെ മഥിച്ചുകൊണ്ടേ ഇരിക്കുന്നുണ്ട്‌. ഇടയ്ക്കിടെ അല്ലാഹുവിനോട്‌ സംസാരിച്ചിരിക്കാൻ സാഹചര്യം ‌കിട്ടാതിരുന്നാൽ അയാൾ ശരിക്കും തകർന്നുപോകും, ദുൻയാവിന്റെ ചൂടിൽ വെന്തുതീരും. അല്ലാഹുവുമായി ദുൻയാവിൽ വെച്ച്‌ സംഭാഷണത്തിലേർപ്പെടാനും അങ്ങനെ വേരിൽ മുറുകെപിടിക്കാനുമുള്ള സംവിധാനമാണ്‌ നമസ്കാരം. അതുപിന്നെ, റാഹത്‌ ആകാതിരിക്കുക എങ്ങനെയാണ്‌! ദുൻയാവ്‌ മുഴുവൻ തനിക്കെതിരെ തിരിയുന്ന അവസ്ഥ പോലും വിശ്വാസിക്ക് മാനസികമായി‌ ഒരൊറ്റ നമസ്കാരത്തിൽ അലിയിച്ചുതീർക്കാവുന്ന നിസ്സാരത മാത്രമാണ്‌. ഉടയവനെ കൂടെക്കിട്ടുന്നവനുണ്ടോ, ഉടലിനെച്ചൊല്ലിയുള്ള ആശങ്കകൾ!

അല്ലാഹുവിൽ നിന്നാണ്‌ വന്നതെന്നും അവനാണ്‌ നമുക്കെപ്പോഴും കരുണയോടെ കാവലായി നിൽക്കുന്നതെന്നുമുള്ള ഓർമ സജീവമാക്കി നിർത്താനായാൽ നമസ്കാരങ്ങൾ‌ അക്ഷരാർത്ഥത്തിൽ ആത്മഹർഷത്തിന്റെ വസന്തവേളകളാകും. അല്ലാഹുമായുള്ള ബന്ധത്തെ തീക്ഷ്ണമായ ഒരു ജീവിതാവബോധമാക്കി പരിപൂർണമായും പരിവർത്തിപ്പിച്ചപ്പോഴാണ്‌ ഇബ്‌റാഹീം പ്രവാചകന്‌ അല്ലാഹു ആത്മസുഹൃത്തിനെപ്പോലെ ആയത്‌. ഇമാം ഇബ്നു ഖയ്യിമുൽ ജൗസിയ്യ, ഇബ്‌റാഹീം നബിക്ക്‌ അല്ലാഹുവിനോടുണ്ടായ ചങ്ങാത്തത്തെ സംബന്ധിച്ച് ചില നിരീക്ഷണങ്ങൾ നടത്തുന്നുണ്ട്‌. ‘ഖുല്ലത്‌’ ഉള്ള ആളെയാണ്‌ അറബി ഭാഷയിൽ ‘ഖലീൽ’ എന്ന് പറയുന്നത്. ഖുല്ലത്‌, സാധാരണ സൗഹൃദമല്ല. ഒരാളോടുള്ള സ്നേഹവും ബന്ധവും പരമവും പരിപൂർണവും ഏകാഗ്രവും ആകുന്ന അവസ്ഥയാണ്‌ ഖുല്ലത്‌. അനിതര സാധാരണമാം വിധം അത്യഗാധമായ സ്നേഹബന്ധം പുലർത്തുന്ന, സ്നേഹത്തിൽ സമശീർഷരില്ലാത്ത ഉറ്റതോഴനാണ്‌ ഖലീൽ. പല കൂട്ടുകാരിൽ പെട്ട ഏതെങ്കിലും ഒരു കൂട്ടുകാരനല്ല ഖലീൽ, മറിച്ച് മറ്റു സ്നേഹബന്ധങ്ങൾക്കെല്ലാം മുകളിൽ നിൽക്കുന്ന ഏറ്റവും അടുത്ത ഇഷ്ടക്കാരൻ ആണ്‌. ഇബ്‌റാഹീം നബിക്ക്‌ അത്‌ അല്ലാഹു ആയിരുന്നു. തന്റെ ഖുല്ലത്‌ ഇസ്‌മാഈലിനോടല്ല, മറിച്ച്‌ അല്ലാഹുവിനോട്‌ തന്നെയാണെന്നാണ്‌ ഓമന മകനെ ബലിയറുക്കാനുള്ള സന്നദ്ധതയിലൂടെ ആ പ്രവാചകൻ പ്രഖ്യാപിച്ചത്. (അദ്ദാഉ വദ്ദവാഅ്). ഇബ്‌റാഹീമിനെ തന്റെ ഖലീൽ ആയി അല്ലാഹു അംഗീകരിച്ചത്‌ (ഖുർആൻ 4: നിസാഅ്: 125) നിഷ്കളങ്കമായ ആ സ്നേഹസമർപണത്തിനുള്ള ഏറ്റവും വലിയ സാക്ഷ്യപത്രം ആണ്‌. ഇബ്‌റാഹീമിനെപ്പോലെ അല്ലാഹുവിനെ ഖലീൽ ആക്കുവാൻ നമുക്കാർക്കും കഴിയില്ല. അത്‌ അപ്രാപ്യമായ ഉയരത്തിലുള്ള ഒരു ജീവിതമാണ്‌. എന്നാൽ അല്ലാഹുവിനെ മറ്റെന്തിനേക്കാളുമധികം സ്നേഹിക്കാൻ നമുക്കെല്ലാം കഴിഞ്ഞേ തീരൂ. ഈമാനിന്റെ നിർബന്ധ താൽപര്യം ആണത്‌. അല്ലാഹുവിനോട്‌ സ്നേഹം വന്നാൽ അവനോട്‌ വർത്തമാനം പറയാൻ കൊതി വരും. അപ്പോൾ, നമസ്കാരപ്പായ ഒരു സ്നേഹസമാഗമത്തിന്റെ ഊഷ്മളത പകരും.

‘ഖുർറതു അയ്ൻ’ എന്നൊരു പ്രയോഗം ഖുർആനിലും ഹദീഥുകളിലുമൊക്കെയുണ്ട്‌. ‘കൺകുളിർമ’ എന്നാണത്‌ വിവർത്തനം ചെയ്യപ്പെടാറുള്ളത്‌. ഇഷ്ടപ്പെടുന്നവരെയൊക്കെ നല്ല നിലയിൽ കണ്ടും മിണ്ടിയും ഇരിക്കുമ്പോൾ മനസ്സിനുണ്ടാകുന്ന പച്ചപ്പും തണുപ്പുമാണ്‌ പ്രധാനമായും അത്‌. മുട്ടിലിഴയുന്ന പ്രായത്തിലുള്ള കൈകുഞ്ഞിന്റെ ചിരിയും കൊഞ്ചലും മാതാപിതാക്കളുടെ മനസ്സിന്‌ കൊടുക്കുന്ന സമാധാനം സങ്കൽപിച്ചുനോക്കൂ. നിരുപാധികവും അദമ്യവുമായി നമ്മൾ സ്നേഹിക്കുന്നവരുടെ/ നമ്മളെ സ്നേഹിക്കുന്നവരുടെ സാന്നിധ്യത്തിലങ്ങനെ, അവരുടെ വാക്കുകളും നോക്കുകളും ആസ്വദിച്ച്‌, ജീവിതഭാരങ്ങൾ മറന്ന് ഇരിക്കുമ്പോൾ ലഭിക്കുന്ന ആശ്വാസത്തെ ഒരു വാക്കിനും പൂർണമായി പകർത്താനാവില്ല. ഇണകളിൽ നിന്നും മക്കളിൽ നിന്നും ‘ഖുർറതു അയ്ൻ’ കിട്ടാൻ അല്ലാഹുവിനോട്‌ പ്രാർത്ഥിക്കണമെന്ന് ഖുർആൻ പഠിപ്പിക്കുന്നുണ്ട്‌. (25: ഫുർഖാൻ: 74). ഒരാൾക്കും സങ്കൽപിക്കാൻ പോലുമാകാത്തത്ര സമൃദ്ധിയിൽ സ്വർഗത്തിൽ ഖുർറതു അയ്ൻ വിശ്വാസികൾക്കായി ഒരുക്കിവെക്കപ്പെട്ടിട്ടുണ്ടെന്നും ഖുർആൻ അറിയിക്കുന്നു. (32: സജദ: 17). ഇനി നബിയുടെ (സ) ഒരു പ്രസ്താവന നോക്കാം: “ഭാര്യമാരും സുഗന്ധവും എനിക്ക്‌ പ്രിയപ്പെട്ടതാണ്‌. എന്റെ‌ ‘ഖുർറതു അയ്ൻ’ ആകട്ടെ, നമസ്കാരത്തിലും ആണ്‌.” (നസാഇ). കുടുംബത്തിന്റെയോ ആത്‌മസുഹൃത്തുക്കളുടെയോ ഒരു മജ്‌ലിസിൽ, ഗുണമേന്മയുള്ള അത്തർ പുകയുന്ന സുഗന്ധപൂരിതമായ അന്തരീക്ഷത്തിൽ, സ്നേഹനിർഭരമായ ഒരു സായാഹ്നം ചെലവിടുന്നതിനേക്കാൾ ഖൽബിൽ തൊടുന്ന അനുഭവമായി നമസ്കാരം മാറണം എന്നർത്ഥം. സ്വർഗത്തിൽ അല്ലാഹു ഒരുക്കിവെച്ച ഖുർറതു അയ്നിന്റെ പ്രധാനപ്പെട്ട ഒരു തലം അവനെ കാണാനുള്ള സൗഭാഗ്യം തന്നെ ആയിരിക്കും. സ്വർഗത്തിലെത്തി കാണും വരെ അവനോട്‌ മിണ്ടാനെങ്കിലും അവസരം വേണ്ടേ? അതാണ്‌ നമസ്കാരം; ഭൂമിയിലെ സ്വർഗീയാനുഭവം!

ദൈവ സാന്നിധ്യം തേടി പല വിധ ആത്മീയ പരീക്ഷണങ്ങളും നടത്തുന്നവരാണ്‌ മനുഷ്യർ. സവർണ ഹൈന്ദവ പാരമ്പര്യത്തിലെ തപസ്സും യോഗയും മുതൽ സൂഫീ ധ്യാനവും ജപമാലയും നൃത്തവും വരെ ദൈവത്തെ അനുഭവിക്കാനുള്ള പരിശ്രമങ്ങളാണ്‌. അവരൊക്കെ പൈശാചികമായ വിഭ്രാന്തികളിൽ മാത്രമാണ്‌ ഈ ഏർപ്പാടുകൾ വഴിയൊക്കെ എത്തിപ്പെടുന്നത്‌. കഠിനമായ ഈ മനുഷ്യനിർമിത സാധനകളിലൊന്നുമല്ല, അല്ലാഹു തന്നെ മനുഷ്യനെ പഠിപ്പിച്ച നമസ്കാരം എന്ന ലളിതമായ അത്ഭുതത്തിലാണ്‌ മനുഷ്യന്‌ അല്ലാഹുവിലേക്കുള്ള കവാടങ്ങളുള്ളത്‌. അല്ലാഹു ആർക്കും അപ്രാപ്യനല്ല എന്നാണ്‌ ഇസ്‌ലാം അടിസ്ഥാനപരമായി പഠിപ്പിക്കുന്നത്‌. അവനിൽ ശരിയാംവണ്ണം വിശ്വസിച്ചിട്ടുള്ള ഏതൊരാൾക്കും അംഗശുദ്ധി വരുത്തി നമസ്കരിക്കാൻ നിന്നാൽ അല്ലാഹുവിനെ സംഭാഷണത്തിലേർപ്പെടാൻ നേരെ മുന്നിൽ കിട്ടും. പ്രപഞ്ചങ്ങളുടെ നാഥനെ നമസ്കാരം വഴി എപ്പോൾ വേണമെങ്കിലും മുന്നിൽ കിട്ടുമെന്ന ഈ അവസ്ഥയാണ്‌ മുസ്‌ലിമിന്റെ ഏറ്റവും വലിയ സമ്പത്ത്‌. അല്ലാഹു മുന്നിലുണ്ടെന്ന ഓർമയില്ലാതെ നമസ്കാരം അലസമാകുമ്പോൾ എത്ര വലിയ അനാദരവാണ് അല്ലാഹുവിന്റെ ഔദാര്യത്തോട്‌‌ നമ്മുടെ ഭാഗത്തുനിന്ന് സംഭവിക്കുന്നത്‌ എന്നൊന്ന് ചിന്തിച്ചുനോക്കൂ! നമസ്കരിക്കുമ്പോൾ നമ്മുടെ ദിക്‌റുകളും ദുആഉകളും കേട്ട്‌ അല്ലാഹു മുന്നിലുണ്ട്‌ എന്നത്‌ അച്ചട്ടാണ്‌, അല്ലാതെ കേവലമായ ഭാവനയല്ല. നബി (സ) പറഞ്ഞു: “നമസ്കരിക്കുമ്പോൾ നിങ്ങളുടെ ഓരോരുത്തരുടെയും മുന്നിൽ അല്ലാഹു ഉണ്ട്‌. അതിനാൽ നമസ്കാരത്തിൽ ആയിരിക്കെ നിങ്ങൾ മുന്നിലേക്ക്‌ തുപ്പരുത്‌.” (ബുഖാരി). യാത്രയിലായിരിക്കെ ഒരു മുസ്‌ലിമിന്‌ ഖിബ്‌ല നിർണയത്തിൽ അബദ്ധം സംഭവിച്ചാലും അയാൾ നമസ്കാരത്തിൽ തിരിഞ്ഞുനിൽക്കുന്ന ദിശയിൽ അയാൾക്കുമുന്നിൽ അല്ലാഹു ഉണ്ടാകുമെന്ന് ശയ്ഖ്‌ ഇബ്നു ഉഥയ്‌മീൻ വിശദീകരിച്ചത്‌ കാണാം. (ശർഹു അഖീദതിൽ വാസിതിയ്യ). നമസ്കാരത്തിൽ വശങ്ങളിലേക്ക്‌ നോട്ടം പോകുന്നത്‌ പിശാച്‌ നമസ്കാരത്തിൽ നിന്ന് നടത്തുന്ന തട്ടിയെടുക്കലാണെന്ന് മുഹമ്മദ്‌ നബി (സ) പഠിപ്പിച്ചിട്ടുണ്ട്‌. (അബൂ ദാവൂദ്‌).

അല്ലാഹു നമ്മളെ സ്വീകരിക്കാനായി മുന്നിലുണ്ടാകുന്ന മുഹൂർത്തമാണ്‌ നമസ്കാരം എന്ന് വരുമ്പോൾ അതിനുവേണ്ടി‌ വൃത്തിയായി അണിഞ്ഞൊരുങ്ങണമെന്ന് വ്യക്തമല്ലേ? അല്ലാഹുവുമായുള്ളതിനേക്കാൾ പ്രധാനവും മഹത്തരവുമായ ‌ ഒരു കൂടിക്കാഴ്ച വേറെ ഉണ്ടാവുക സാധ്യമല്ലല്ലോ. മാനസികമായും ശാരീരികമായും നമ്മളെ അല്ലാഹുവുമായുള്ള മുഖാമുഖത്തിന്‌‌ അർഹമാക്കുകയാണ് വുദൂഇലെ ശുദ്ധീകരണ കർമങ്ങളുടെ ലക്ഷ്യം‌‌. നാളെ പരലോകത്ത്‌, അല്ലാഹുവിനെ നേരിൽ കാണാൻ കഴിയുന്ന അവസ്ഥക്കുകൂടിയാണ്‌ ആത്യന്തികമായി അത്‌ വിശ്വാസികളെ സജ്ജമാക്കുന്നത്‌. ഹസൻ ആയ ഒരു ഹദീഥിന്റെ ആശയം ഇങ്ങനെയാണ്‌: “സ്വർഗത്തിന്റെ താക്കോൽ നമസ്കാരം ആണ്‌. നമസ്കാരത്തിന്റെ താക്കോൽ വുദൂഉം ആണ്‌.” (തിർമിദി). ഭംഗിയായി വസ്ത്രം ധരിച്ചുകൊണ്ടാണ്‌ നമസ്കാരത്തിന്‌ ഹാജരാകേണ്ടത്‌ എന്ന് ഖുർആൻ തന്നെ ഉണർത്തുന്നുണ്ട്‌. (7: അഅ്റാഫ്‌: 31). ഓരോ നമസ്കാര സമയത്തും ദന്തശുദ്ധീകരണം പ്രവാചകൻ (സ) ശക്തമായി പ്രോത്‌സാഹിപ്പിച്ചിട്ടുണ്ട്‌‌. (അബൂ ദാവൂദ്‌). നബി (സ), നിഷ്ഠാപൂർവം നിത്യവും രാത്രിയുടെ ഒരു ഭാഗം ഉറക്കം ഉപേക്ഷിച്ച്‌ നിർവഹിച്ചിരുന്ന തഹജ്ജുദ്‌ നമസ്കാരത്തിനായി എഴുന്നേറ്റാൽ പല്ലുതേച്ച ശേഷം മാത്രമാണ്‌‌ നമസ്കാരത്തിന്‌ നിന്നിരുന്നത്‌. (ഇബ്നു മാജ). പല്ലു തേക്കൽ വായയെ വൃത്തിയാക്കുകയും അല്ലാഹുവിന്റെ തൃപ്തി നേടിത്തരികയും ചെയ്യുന്നുവെന്ന് നബി (സ) പറഞ്ഞത്‌‌ ആഇശ (റ) ഉദ്ധരിച്ചിട്ടുണ്ട്‌. (ബുഖാരി). ദന്തശുദ്ധീകരണത്തിന്റെ ഒരു ഫിഖ്‌ഹ്‌ തന്നെ ഇസ്‌ലാമിക പാരമ്പര്യത്തിൽ ഹദീഥുകളുടെ അടിസ്ഥാനത്തിൽ വികസിച്ചുവന്നിട്ടുണ്ട്‌. അല്ലാഹുവുമായി മുഖാമുഖം നിൽക്കാൻ എന്ന കൃത്യമായ ബോധത്തോടെ പല്ലു തേച്ച്‌ വുദൂഅ് ചെയ്ത്‌ നല്ല വസ്ത്രങ്ങൾ ധരിച്ച്‌ നമസ്കാരത്തിനൊരുങ്ങി നോക്കൂ-ഒരനുഷ്ഠാനവും വെറുമൊരു അനുഷ്ഠാനം അല്ലെന്ന് ബോധ്യം വരും.

അല്ലാഹുവുമായി ദിനേന സംസാരിക്കാൻ നമസ്കാരം എന്ന സംവിധാനം ഉണ്ടായിട്ടും അത്‌ ഉപയോഗപ്പെടുത്തുന്ന എത്ര പേർ മനുഷ്യരുടെ കൂട്ടത്തിലുണ്ട്‌? അല്ലാഹു മുന്നിലുണ്ടാകുമെന്ന് പറഞ്ഞിട്ടും അവനോട്‌ മിണ്ടാൻ ഒരുക്കമില്ലാത്ത ധാർഷ്ഠ്യം കടുത്ത ദൈവധിക്കാരമല്ലാതെ മറ്റെന്താണ്‌! വിശ്വാസിയെയും അവിശ്വാസിയെയും വേർതിരിക്കുന്ന ഉരക്കല്ലായി നമസ്കാരം ദീനിൽ നിശ്ചയിക്കപ്പെട്ടത്‌ വെറുതെയല്ല. അറിയുക, നിങ്ങൾ നമസ്കരിക്കുന്നു എന്നതാണ്‌ അല്ലാഹു നിങ്ങളിൽ കാണുന്ന വലിയ ഒരു മൂല്യം. നിത്യവും തന്നോട്‌ സംസാരിക്കാൻ വരുന്ന ഒരാളെയും അതിന്‌ ഒരുക്കമല്ലാത്ത ഒരാളെയും അല്ലാഹു ഒരുപോലെയല്ല പരിഗണിക്കുക എന്ന കാര്യം വ്യക്തമാണ്‌. നമസ്കരിക്കുന്ന ദരിദ്രരും ദുർബലരുമായ വിശ്വാസികൾ, നമസ്കരിക്കാത്ത, ഭൗതികജീവിതത്തിന്റെ എല്ലാ പളപളപ്പുമുള്ള അവിശ്വാസികളേക്കാൾ ഉന്നതരാണെന്ന് ഖുർആൻ സൂചിപ്പിക്കുന്നുണ്ട്‌. (6: അൻആം: 52, 18: കഹ്‌ഫ്‌: 28). ഇശാ ജമാഅത്ത്‌ പലപ്പോഴും രാത്രി അൽപം വൈകിയാണ്‌ നബിയുടെ (സ) നേതൃത്വത്തിൽ മസ്ജിദുന്നബവിയിൽ നടക്കാറുണ്ടായിരുന്നത്‌. ഒരിക്കൽ ഇപ്രകാരം നബി (സ) ഇശാഅ് വൈകിച്ചപ്പോൾ ഉമർ (റ) ചോദിച്ചു: ‘നമസ്കരിക്കുകയല്ലേ? സ്ത്രീകളും കുട്ടികളുമൊക്കെ ഉറങ്ങിപ്പോയിരിക്കുന്നു.’ ഉമറിനെ ആശ്വസിപ്പിച്ചുകൊണ്ട്‌ തിരുദൂതർ പറഞ്ഞത്‌ ഇപ്രകാരമായിരുന്നു: “ഭൂമിയിലുള്ള മനുഷ്യരുടെ കൂട്ടത്തിൽ നിങ്ങൾ മാത്രമാണ്‌ നമസ്കരിക്കാൻ വേണ്ടി മാത്രമായി രാവിത്ര ചെന്നിട്ടും ഇപ്പോഴും ഉറങ്ങാതെ നിൽക്കുന്നത്‌.” (ബുഖാരി). മദീനയിൽ മാത്രം മുസ്‌ലിംകളുണ്ടായിരുന്ന ഒരു കാലത്ത്‌, മാനവകുലത്തെ ആകമാനമെടുത്താൽ അല്ലാഹുവിനോട്‌ സംസാരിക്കാനായി രാത്രി ഉറക്കമിളച്ച്‌ പള്ളിയിൽ കാത്തുകാത്തിരിക്കുന്ന ഒരേയൊരു കൂട്ടരായ ആ ചെറിയ സംഘം അല്ലാഹുവിന്റെ കണക്കിൽ എത്ര സവിശേഷമായിരിക്കുമെന്ന് ഓർത്തുനോക്കൂ. ഇന്ന് നമസ്കരിക്കുന്ന ലക്ഷക്കണക്കിനാളുകളുണ്ട്‌. എന്നാലും അവരും അവരല്ലാത്തവരും സമമാവുക സാധ്യമല്ല തന്നെ. നമസ്കാരത്തിനായി നാം നീക്കിവെക്കുന്ന ഓരോ സമയവും, ആ വിഷയത്തിലെ ഓരോ അധ്വാനവും ജാഗ്രതയും, വളരെ വലിയതായാണ്‌ അല്ലാഹുവിന്റെ പക്കൽ രേഖപ്പെടുത്തപ്പെടുന്നത്‌. രാത്രി അങ്ങാടിയിലെ ആവശ്യങ്ങളെല്ലാം കഴിഞ്ഞ ഒരാൾ. പക്ഷെ പള്ളിയിൽ ഇശാഅ് ജമാഅത്ത്‌ ആരംഭിക്കാൻ ഇനിയും സമയമുണ്ട്‌. ആ ജമാഅത്ത്‌ കിട്ടാൻ വേണ്ടി മാത്രം അയാൾ വീട്ടിലേക്ക്‌ മടങ്ങുന്നത്‌ വൈകിക്കുന്നു, പള്ളിയുടെ പരിസരത്തെവിടെയെങ്കിലും തങ്ങി സമയം നീക്കുന്നു. നമ്മുടെ കാഴ്ചയിൽ ഇത്‌ ചെറുതാണ്‌, എന്നാൽ അല്ലാഹുവിന്റെ കാഴ്ചയിൽ അല്ല. അല്ലാഹുവുമായുള്ള കൂടിക്കാഴ്ചക്കുവേണ്ടിയാണ്‌ അയാൾ കാത്തുനിൽക്കുന്നത്‌, അയാളുടെ മനസ്സിൽ അല്ലാഹുവിനോടുള്ള ഇഷ്ടത്തെയാണ്‌ അത്‌ കാണിക്കുന്നത്‌, അതിനെ അല്ലാഹു നിസ്സാരമാക്കുന്ന പ്രശ്നമേയില്ല. ഒരു ഹദീഥിന്റെ ആശയം നോക്കുക: “നമസ്കാരം‌ ഒരാളെ തടഞ്ഞുവെക്കുന്നു, അയാൾ വീട്ടിൽ പോകാത്തത്‌ ജമാഅത്ത്‌ നഷ്ടമാകാതിരിക്കാൻ വേണ്ടി മാത്രമാണ്‌ – എങ്കിൽ ആ കാത്തിരിപ്പ്‌ സമയവും കൂടി അയാൾ നമസ്കാരത്തിലാണ്‌, അല്ലാഹുവിന്റെ കണക്കിൽ‌.” (ബുഖാരി, മുസ്‌ലിം). നമസ്കാരത്തിന് ഏതെങ്കിലും നിലയ്ക്ക്‌‌ പരിസരമൊരുക്കുന്ന ഒന്നിനെയും ഇസ്‌ലാം അനാദരിക്കാൻ അനുവദിക്കുന്നില്ല. നബി (സ) പറഞ്ഞു: “നിങ്ങൾ പൂവൻ കോഴിയെ ശപിക്കരുത്‌; കാരണം നിശ്ചയമായും അത്‌ പുലർച്ചെ കൂവി നമസ്കാരത്തിന്‌ മനുഷ്യരെ ഉണർത്തുന്നുണ്ട്‌.” (അബൂ ദാവൂദ്‌).

അല്ലാഹുവിന്റെ തൃപ്തിയും അനുഗ്രഹങ്ങളും ആഗ്രഹിച്ച്‌ റുകൂഇലും സുജൂദിലും നിരതരാവുന്നു എന്നതാണ്‌ മുഹമ്മദ്‌ നബി (സ)യുടെ അനുയായികളുടെ ഒരു മൗലിക സവിശേഷതയായി ഖുർആൻ എടുത്തുപറയുന്നത്‌. (47: ഫത്‌ഹ്‌: 29). അതുകൊണ്ട്‌, നന്നേ ചുരുങ്ങിയത്‌, നമസ്കാരത്തിന്റെ കാര്യത്തിലെങ്കിലും അശ്രദ്ധ വരാതിരിക്കാൻ നമുക്കെല്ലാം നിഷ്കർഷയുണ്ടാകണം. തിരുദൂതർ അരുളി: “നന്മയുള്ള ജീവിതത്തിൽ അടിയുറച്ചു നിൽക്കുക. എല്ലാ നന്മകളും നിങ്ങളെക്കൊണ്ട്‌ ചെയ്യാൻ കഴിഞ്ഞുകൊള്ളണം എന്നില്ല. നന്മയിൽ ഏറ്റവും മികച്ചത്‌ നമസ്കാരം ആണ്‌. വിശ്വാസി അല്ലാതെ വുദൂഅ് ചെയ്യുന്നില്ല.” (ഇബ്നു മാജ). അതെ, മുസ്‌ലിമിന്റെ മാത്രം ശരീരത്തിലേ വുദൂഇന്റെ ജലം പടരുന്നുള്ളൂ; അവൻ മാത്രമേ അല്ലാഹുവിനോട്‌ നമസ്കാരം എന്ന കൂടിക്കാഴ്ച നടത്തുന്നുള്ളൂ; മനുഷ്യസാധ്യമായ ഏറ്റവും വലിയ പുണ്യങ്ങളിൽ ഒന്നാണത്‌; എല്ലാ പുണ്യങ്ങളും അനുഷ്ഠിക്കാനായില്ലെങ്കിൽ നമസ്കരിക്കാനെങ്കിലും മുസ്‌ലിമിന്‌ നിർബന്ധമായും കഴിയേണ്ടതാണ്‌. നമസ്കാരത്തിൽ പറ്റുന്ന വീഴ്ച വരുത്തുന്ന നഷ്ടം ഊഹങ്ങൾക്കപ്പുറമാണ്‌. ഒരു ഹദീഥ്‌ ഇങ്ങനെ: “അസ്ർ നമസ്കാരം നഷ്‌ടപ്പെട്ടവൻ, സ്വത്തും കുടുംബവും കൊള്ള ചെയ്യപ്പെട്ടവനെ പോലെയാണ്‌.” (തിർമിദി).

ഏകാഗ്രത ഏറെക്കുറെ അസാധ്യമാകുന്ന ഒരു ലോകക്രമത്തിലാണ്‌ നാം ജീവിക്കുന്നത്‌. ഏത്‌ ജോലിക്കിടയിലും സ്മാർട്‌ സ്ക്രീൻ ഇടയ്ക്കിടെ പരിശോധിക്കുന്ന, സെൽ ഫോൺ ഒരു അവയവം ആയി മാറിയ സൈബോർഗുകൾ ആണിന്ന് മനുഷ്യർ. നമസ്കാരം ഉപേക്ഷിക്കപ്പെടുന്ന അവസ്ഥയെ മാത്രമല്ല, നമസ്കാര സമയങ്ങളിൽ അല്ലാഹുവിന്റെ സന്നിധിയിൽ അവനിലേക്ക്‌ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച്‌ ആവശ്യത്തിന്‌ സമയം ചെലവഴിക്കാനാവാത്ത ദുസ്ഥിതി വരുന്നുണ്ടെങ്കിൽ അതിനെയും നാം ഭയപ്പെടണം. ഇമാം സലാം വീട്ടിയ ഉടനെ സോഷ്യൽ മീഡിയ മെസേജുകളും ഫീഡുകളും പരിശോധിക്കാൻ കൈ തരിക്കുന്ന യുവാക്കൾ ഇപ്പോൾ പള്ളികളിലെ പതിവ്‌ കാഴ്ചയാണ്‌. നിർബന്ധ നമസ്കാരങ്ങൾക്കുശേഷം സുബ്‌ഹാനല്ലാഹ്‌, അൽഹംദുലില്ലാഹ്‌, അല്ലാഹു അക്ബർ എന്നീ ദിക്‌റുകൾ നിശ്ചിത എണ്ണം ചൊല്ലുന്നത്‌ പതിവാക്കുന്നത്‌ മുസ്‌ലിമിനെ സ്വർഗത്തിലെത്തിക്കുമെന്ന് പഠിപ്പിക്കുന്ന ഒരു ഹദീഥിൽ പ്രവാചകൻ (സ) തുടർന്ന് പറയുന്നത്‌ ഇങ്ങനെയാണ്‌: “പക്ഷേ നമസ്കാരത്തിൽ പിശാച്‌ വന്ന് നമസ്കാരശേഷം ഉടനെ എന്തിലേക്കെങ്കിലും തിരിയാൻ അവനെ പ്രേരിപ്പിക്കും. അങ്ങനെ അതിന്‌ വശംവദനായി അവനാ ദിക്‌റുകൾ ഉപേക്ഷിക്കും.” (അഹ്‌മദ്‌).

എങ്ങോട്ടാണ്‌ സഹോദരങ്ങളെ, നമ്മളിങ്ങനെ തിരക്കിട്ട്‌ ഓടിക്കൊണ്ടിരിക്കുന്നത്‌? അല്ലാഹുവിനു മുന്നിൽ സ്വസ്ഥമായി നിൽക്കാനും കുനിയാനും ചുണ്ടനക്കിയിരിക്കാനും സമയം കണ്ടെത്തൂ. നാളെ അവനെ കണ്ടുമുട്ടുന്നത്‌ അനവധി തവണ അവനോട്‌ സന്തോഷത്തോടെ സംസാരിച്ചതിനുശേഷമാണെന്ന് ഉറപ്പുവരുത്തൂ! പിന്നെ, പിന്നെ എന്ന് കരുതി നീട്ടിവെച്ചുകൊണ്ടിരുന്നാൽ ചിലപ്പോൾ വേണമെന്ന് തോന്നിയാലും പള്ളിയിൽ പോകാൻ കഴിയാത്ത അവസ്ഥകൾ വന്നേക്കുമെന്ന് തന്നെയല്ലേ ഈ കൊറോണക്കാലം പഠിപ്പിക്കുന്നത്‌? നാം കെട്ടിപ്പൊക്കിയിട്ടുള്ള പുരോഗതിയൊക്കെ സ്തംഭിച്ച്‌ പരിഭ്രാന്തി പടരാൻ ഒരു വൈറസ്‌ മതിയെന്ന പാഠം, നാഥൻ മാത്രമാണെപ്പോഴും അഭയമെന്ന് അടിവരയിട്ട്‌ പറയുന്നില്ലേ? മറക്കാതിരിക്കുക; പള്ളികളിൽ വെച്ചുള്ള ജമാഅത്തുകൾ അപകടകരമാണെന്ന അവസ്ഥയാണുള്ളതെങ്കിൽ, അതുണ്ടാക്കുന്ന ആത്മീയ വരൾച്ചയെ മറികടക്കാൻ നമുക്ക്‌ വ്യക്തിപരമായി പദ്ധതികൾ വേണം; വീട്ടിലും റൂമിലും ഇബാദത്തുകൾ കൂടണം, കിടപ്പുമുറികൾക്കകത്ത്‌ പള്ളിയുടെ പ്രതീതി വരണം. പടച്ചോനോട്‌ നമുക്ക് വർത്തമാനം പറഞ്ഞുകൊണ്ടേയിരിക്കാം, അവന്റെ പടപ്പുകൾ മാത്രമാണ്‌ നമ്മളെന്ന് പേർത്തും പേർത്തും ഓർത്തുകൊണ്ടേയിരിക്കാം.

2 Comments

  • നമസ്കാരത്തിൽ പലപ്പോഴും ശ്രദ്ധകിട്ടുന്നേ ഇല്ല അത് കാരണം ചിലപ്പോൾ ഉപേക്ഷിച്ച്‌ പോകുന്നു.

    Mohammed 21.03.2020
  • ഈ ലേഖനങ്ങൾ ഇവിടെ നിന്നും കോപ്പി ചെയ്യാനും ,ഈ ലേഖനത്തിന്റെ ലിങ്ക് ഇവിടെ നിന്ന് ഷെയർ ചെയ്യാനുമുള്ള ഓപ്ഷൻ കൊണ്ടുവരണം.

    mabrook 21.03.2020

Leave a Reply to mabrook Cancel Comment

Your email address will not be published.