നബി (സ) ക്രൂരനാണത്രെ !!! ഉമ്മുഖിർഫയെ കൊന്നതാണ് തെളിവ് !!!!

//നബി (സ) ക്രൂരനാണത്രെ !!! ഉമ്മുഖിർഫയെ കൊന്നതാണ് തെളിവ് !!!!
//നബി (സ) ക്രൂരനാണത്രെ !!! ഉമ്മുഖിർഫയെ കൊന്നതാണ് തെളിവ് !!!!
ആനുകാലികം

നബി (സ) ക്രൂരനാണത്രെ !!! ഉമ്മുഖിർഫയെ കൊന്നതാണ് തെളിവ് !!!!

മുഹമ്മദ് നബി(സ)യിൽ ക്രൂരതകൾ കണ്ടെത്താനായുള്ള ഗവേഷണത്തിലാണ് ലോകമെങ്ങുമുള്ള ഇസ്‌ലാമിന്റെ ശത്രുക്കളെല്ലാം. കേരളത്തിൽ അതിന്നായി മത്സരിക്കുന്നത് മുസ്‌ലിംപേരുള്ള നാസ്തികരാണ്. മുസ്‌ലിംകൾക്കെതിരെയുള്ള തങ്ങളുടെ ക്രൂരതകളെ ന്യായീകരിക്കുവാൻ അക്രമികൾക്ക് തെളിവ് കൊടുക്കുകയെന്ന ദൗത്യമാണെന്ന് തോന്നുന്നു യുക്തിവാദിസംഘം അവരെ ഏല്പിച്ചിരിക്കുന്നത്. മുഹമ്മദ് നബി (സ) ക്രൂരനായിരുന്നുവെന്ന് സമർത്ഥിക്കുന്ന പോസ്റ്റുകൾക്ക് താഴെ മുസ്‌ലിം പേരാണുള്ളതെങ്കിൽ അതിന്ന് മാർക്കറ്റ് കൂടുമെന്നാണ് അവരുടെ കണക്കുകൂട്ടൽ. അത്തരം പോസ്റ്റുകൾക്കാണ് നാട്ടിൽ കലാപമുണ്ടാക്കി തങ്ങളുടെ രാഷ്ട്രീയ താല്പര്യങ്ങൾ സംരക്ഷിക്കാൻ ശ്രമിക്കുന്നവർക്കിടയിൽ ഡിമാന്റ്. മുസ്‌ലിംകളുമായി മൈത്രിയിൽ കഴിയുന്ന ഹിന്ദുക്കൾക്കിടയിൽ മുസ്‌ലിംപേരുള്ളവരെഴുതിയ അത്തരം പോസ്റ്റുകൾ പ്രചരിപ്പിച്ചാൽ മുസ്‌ലിംകളെ ഉന്മൂലനം ചെയ്യാനായി തങ്ങൾ ചെയ്യുന്നതെല്ലാം നീതികരിക്കാവുമെന്നാണ് അത് പ്രചരിപ്പിക്കുന്നവരുടെ കണക്കുകൂട്ടൽ. അവർക്ക് വളവും വെള്ളവും നൽകാൻ മിഷനറിമാരും പിന്നിലുണ്ട്. കേരളത്തിൽ നില നിൽക്കുന്ന സൗഹൃദാന്തരീക്ഷം തകർക്കുകയെന്നതല്ലാത്ത മറ്റൊരു ഉപകാരവും ഇത്തരം പ്രചാരണങ്ങൾ വഴി ഉണ്ടാവാൻ പോകുന്നില്ല. അത് മനസ്സിലാക്കുവാനുള്ള യുക്തിയൊന്നും മുസ്‌ലിം പേരുള്ള നാസ്തികന്മാർക്കുണ്ടാവില്ല. തങ്ങൾ ഊതിക്കത്തിക്കുന്ന വിദ്വേഷത്തിന്റെ ചിതയിൽ തങ്ങളടക്കമുള്ള മുസ്‌ലിംപേരുള്ളവരെല്ലാം ആണ് ചുട്ടു ചാമ്പലാവുകയെന്ന സത്യം മനസ്സിലാക്കാനുള്ള യുക്തിയോ വിവേകമോ ഒന്നും മാപ്പിളനാസ്തികർക്കില്ല. സ്വന്തം ‘കയ്യിലിരിപ്പുകൾ’ കൊണ്ട് സമുദായത്തിൽ നിന്നുണ്ടായ പ്രതികരണങ്ങൾക്കുള്ള പ്രതികാരമായി മുസ്‌ലിംകൾ സ്വന്തത്തേക്കാൾ സ്നേഹിക്കുന്ന മുഹമ്മദ് നബിയെ തെറി പറയാൻ മത്സരിക്കുന്നവർക്ക് എന്ത് യുക്തി ?! എന്ത് വിവേകം ?!

മുസ്‌ലിംപേരുള്ള നാസ്തികന്മാർ കിതാബുകൾ പരതി ഗവേഷണം ചെയ്താണ് മുഹമ്മദ് നബി(സ)യിലെ ‘ക്രൂരത’കൾ കണ്ടുപിടിക്കുന്നതെന്ന് കരുതുന്നുവർക്ക് തെറ്റി. ക്രിസ്തുമതപ്രചാരണത്തിന്റെ മറവിൽ ഇസ്‌ലാമോഫോബിയ വളർത്തുന്നതിൽ കുപ്രസിദ്ധരായ ഷാം ഷാമോനിനെയും ഡേവിഡ് വുഡിനെയും പോലെയുള്ളവരിൽ നിന്ന് വിക്കിഇസ്‌ലാം വെബ്സൈറ്റ് കോപ്പിയടിച്ചത് അതേപോലെ, അക്ഷരതെറ്റുകൾ പോലും തിരുത്താതെ, ഉദ്ധരിച്ചുകൊണ്ടാണ് മലയാളത്തിൽ സോഷ്യൽ മീഡിയയിൽ അഴിഞ്ഞാടുന്നവർ നബി(സ)യെ നിന്ദിക്കുവാൻ തെളിവുകൾ നിരത്തുന്നത്. ഇബ്നു ഇസ്ഹാഖ്‌ എന്നും ത്വബ്‌രി എന്നുമെല്ലാം വാല്യത്തിന്റെയും പുറത്തിന്റെയും നമ്പർ സഹിതം എഴുതിയാൽ അവയെല്ലാം സത്യമാണെന്ന് വായനക്കാർ ധരിച്ചുകൊള്ളും എന്നാണ് ഈ ‘നിഷ്കളങ്കർ’ (കളങ്കങ്ങളൊന്നുമില്ലാതെ കോപ്പിയടിക്കുന്നവർ എന്നും ഈ പദത്തിനർത്ഥമുണ്ട്) കരുതുന്നത്. എന്നാൽ അറിയുക! ഇബ്നു ഇസ്ഹാഖിന്റെ ‘സീറത്തു റസൂലുല്ല’യോ ഇമാം ത്വബ്‌രിയുടെ ‘താരീഖർറുസുൽ വൽ മുലൂക്കോ’ ഇബ്നു സഅദിന്റെ ‘കിതാബു ത്വബഖാത്തുൽ കുബ്‌റാ’യോ ഒരു തവണ വായിച്ചാൽ ക്രൂരതയുടെ ലാഞ്ചന പോലും ഇവർ പറയുന്ന സംഭവങ്ങളിലൊന്നുമില്ലെന്ന് ആർക്കും ബോധ്യപ്പെടും. അവയോ അവയുടെ പരിഭാഷകളോ ഒന്ന് കാണുക പോലും ചെയ്യാതെ ഏതോ പാശ്ചാത്യർ എഴുതിവെച്ചത് അതേപോലെ മലയാളികളുടെ മുമ്പിൽ വിളമ്പുവാൻ ധൃഷ്ടരാവുന്നവർക്ക് ഒരേയൊരു ലക്ഷ്യമേയുള്ളൂ; പ്രവാചക(സ)നെ ക്രൂരനായി ചിത്രീകരിക്കുകയും ആ മഹാവിമോചകനെ അനുധാവനം ചെയ്യുന്നവരെല്ലാം ക്രൂരതയുടെ വക്താക്കളാണെന്ന് വരുത്തിത്തീർക്കുകയും ചെയ്ത് നമ്മുടെ നാട്ടിൽ നിലനിൽക്കുന്ന സൗഹൃദാന്തരീക്ഷം തകർക്കുകയെന്ന ഒരേയൊരു ലക്ഷ്യം മാത്രം. സ്നേഹസൗഹൃദങ്ങളുടെ മലയാളഭൂമിയെ നശിപ്പിക്കരുതേ എന്നാണ് അവരോടുള്ള വിനീതമായ അഭ്യർത്ഥന. നാട്ടിൽ കുഴപ്പമുണ്ടാക്കുകയല്ലാതെ മറ്റൊന്നും ക്രിയാത്മകമായി ചെയ്യാനില്ലാത്തവരെ ‘മാനിഷാദ’ എന്ന് തിരുത്താൻ വിവേകമുള്ളവരാരെങ്കിലും നാസ്തികർക്കിടയിൽ അവശേഷിച്ചിരുന്നുവെങ്കിൽ എന്ന് ആശിച്ചുപോവുകയാണ്!

ഒരു ഗോത്രനേതാവായിരുന്ന ഉമ്മു ഖിർഫയെ പ്രവാചകാനുചരന്മാർ വധിച്ചതാണ് മുഹമ്മദ് നബിയുടെ ക്രൂരതക്കുള്ള തെളിവായി ഇപ്പോൾ സോഷ്യൽ മീഡിയയിൽ പാറിക്കൊണ്ടിരിക്കുന്ന പുതിയ ഗവേഷണം. സ്ത്രീകളാരും അധികാരത്തിലുണ്ടാവരുത് എന്ന മുഹമ്മദ് നബിയുടെ ക്രൂരമായ തീരുമാനത്തിന്റെ ഫലമായാണത്രെ അവർ വധിക്കപ്പെട്ടത് !! ഈ ഗവേഷണങ്ങളിൽ വല്ല യാഥാർഥ്യവുമുണ്ടോ? എന്താണ് ഉമ്മു ഖിർഫ സംഭവം? നാം പരിശോധിക്കുക:

ഒന്ന്) മദീനയിൽ നിന്ന് ഏതാനും നാഴിക അകലെയുള്ള വാദിൽഖുറാ മരുപ്പച്ചയിൽ ജീവിച്ചിരുന്ന ബനൂ ഫസാറാ ഗോത്രത്തിന്റെ നേതാവായിരുന്നു ഉമ്മു ഖിർഫ. ഫാത്തിമ ബിൻത് റബീഅ ബിൻ ബദർ ആണ് യഥാർത്ഥ പേര്. മാലിക്ക് ബ്നു ഹുദൈഫ ബ്നു ബദറൽ ഫസാരിയാണ് അവരുടെ ഭർത്താവ്. ഉമ്മു ഖിർഫയെക്കുറിച്ച് കൂടുതലായൊന്നും ചരിത്രഗ്രന്ഥങ്ങൾ പറഞ്ഞുതരുന്നില്ല. ഒരു സ്ത്രീ ഗോത്രനേതാവായിയെന്നത് പെൺകുഞ്ഞുങ്ങളെ കുഴിച്ചുമൂടിയവരും സ്ത്രീകളെ അവഗണിക്കുന്നവരുമായിരുന്നു മക്കക്കാർ എന്ന മുസ്‌ലിംവാദത്തെ തകർക്കുന്നുവെന്നാണ് ഒന്നാമത്തെ നാസ്തികഗവേഷണം. ഇതൊരു മഹാഗവേഷണം തന്നെ!! ഝാൻസിയിലെ റാണിയായിരുന്നു ലക്ഷ്മിഭായിയെന്നത് മധ്യകാല ഇന്ത്യയിൽ സ്ത്രീകൾ അത്യുന്നതരായാണ് പരിഗണിക്കപ്പെട്ടിരുന്നത് എന്നതിനും ഇന്ദിരാഗാന്ധി പത്ത് വർഷത്തിലധികം ഇന്ത്യയുടെ പ്രധാനമന്ത്രിയായിരുന്നുവെന്നത് ഇന്ത്യയിലെ സ്ത്രീകളുടെ അവസ്ഥ വളരെയേറെ മെച്ചപ്പെട്ടതാണെന്നതിനും ബേനസീർ ഭൂട്ടോ പാക്കിസ്ഥാൻ പ്രധാനമന്ത്രിയായിരുന്നുവെന്നത് അവിടെ സ്ത്രീകൾക്കെതിരെ വിവേചനകളൊന്നുമില്ലെന്നതിനും ശൈഖ് ഹസീന ബംഗ്ലാദേശ് പ്രധാനമന്ത്രിയായിരുന്നുവെന്നത് അവിടെ സ്ത്രീകളെല്ലാം എല്ലാ പീഢനങ്ങളിൽ നിന്നും സുരക്ഷിതരാണെന്നതിനും തെളിവായി ഈ നാസ്തികബുദ്ധിജീവികൾ ഉദ്ധരിക്കുമായിരിക്കും!! മക്കയിലെ കച്ചവടക്കാരിയായ ഖദീജ(റ)യും വാദിൽഖുറായിലെ ഗോത്രനേതാവായിരുന്ന ഉമ്മു ഖിർഫയുമെല്ലാം അറബികൾക്കിടയിലെ സ്ത്രീകളുടെ സ്ഥാനം അടയാളപ്പെടുത്തുന്ന വ്യക്തിത്വങ്ങളാണെന്ന് ചരിത്രം പഠിച്ച ഇസ്‌ലാമിന്റെ ശത്രുക്കൾ പോലും അഭിപ്രായപ്പെട്ടിട്ടില്ല; അവർ കേവലം അപവാദങ്ങൾ മാത്രമാണ്. അവരെ ഉദാഹരിച്ചുകൊണ്ട് അറേബിയയിൽ സ്ത്രീകൾ ഉന്നതരായാണ് പരിഗണിക്കപ്പെട്ടിരുന്നത് എന്ന് സത്യസന്ധരായ ചരിത്രകാരന്മാരൊന്നും സമർത്ഥിച്ചിട്ടില്ല; സമർത്ഥിക്കുകയുമില്ല.

രണ്ട്) പെൺനേതാവാവുക എന്നതല്ലാതെ തെറ്റൊന്നും ചെയ്യാത്തയാളാണ് ഉമ്മു ഖിർഫ എന്നാണ് രണ്ടാമത്തെ നാസ്തികഗവേഷണം. ഈ ഗവേഷണവും സത്യമല്ല. ഇസ്‌ലാമിനോട് ഏറെ വെറുപ്പും വിദ്വേഷവും ശത്രുതയും വെച്ചുപുലർത്തിയിരുന്നയാളായിരുന്നു ഉമ്മു ഖിർഫ. പ്രവാചകനെ തെറി പറയുക അവരുടെ സ്ഥിരം വിനോദമായിരുന്നു. അവരുടെ മക്കളിലും പേരമക്കളിലും പെട്ട മുപ്പത് അശ്വാരൂഢരായ യുവാക്കളെ മദീനയെ ആക്രമിക്കുകയും മുഹമ്മദ് നബിയെ വധിക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെ അവർ തയാറാക്കി വെക്കുകയും പരിശീലിപ്പിക്കുകയും ചെയ്തിരുന്നുവന്നതിന് വ്യക്തമായ തെളിവുകളുണ്ട്.

മൂന്ന്) യാതൊരുവിധ പ്രകോപനവുമുണ്ടാക്കാത്ത ബനൂ ഫസാറാ ഗോത്രക്കാർക്കെതിരെയുള്ള നടപടി ഏകപക്ഷീയമായിരുന്നുവെന്ന നാസ്തികഗവേഷണവും പച്ചക്കള്ളമാണ്. മുസ്‌ലിംകളെ ആക്രമിച്ചതിനുള്ള പ്രതിക്രിയയായിരുന്നു അവർക്കെതിരെയുള്ള നടപടി. ഹിജ്‌റ ആറാം വർഷം റജബ് മാസത്തിൽ പ്രമുഖ പ്രവാചകാനുചരനായ സൈദ് ബ്നു ഹാരിഥയുടെ നേതൃത്വത്തിൽ പന്ത്രണ്ട് സ്വഹാബിമാരടങ്ങുന്ന ഒരു വാണിജ്യസംഘം മദീനയിൽ നിന്ന് സിറിയയിലേക്ക് കച്ചവടാവശ്യാർത്ഥം പുറപ്പെട്ടു. വാദിൽഖുറാക്കടുത്തുകൂടി കടന്നുപോവുകയായിരുന്ന അവരെ ഉമ്മു ഖിർഫയുടെ നേതൃത്വത്തിലുള്ള ബനൂ ഫസാറാ ഗോത്രക്കാർ ആക്രമിക്കുകയും അവരുടെ കൈവശമുള്ള കച്ചവടവസ്തുക്കൾ കൊള്ളയടിക്കുകയും ചെയ്തു. ക്രൂരമായ ഈ ആക്രമണത്തിൽ സൈദ് ബ്നു ഹാരിഥയൊഴിച്ച് ബാക്കിയുള്ള പ്രവാചകാനുചരന്മാരെല്ലാം കൊല്ലപ്പെട്ടു. മാരകമായ പരിക്കുകളോടെ രക്ഷപ്പെട്ട് മദീനയിലെത്തിയ സൈദ്(റ) ബനൂ ഫസാറക്കാരോട് പ്രതികാരം ചെയ്യാതെ താനിനി ഇണകളുമായി ലൈംഗികവേഴ്ച്ചയിലേർപ്പെടുകയില്ലെന്ന് ശപഥം ചെയ്തു. അത്രയ്ക്കും നികൃഷ്ടമായിരുന്നു ബനൂ ഫസാറക്കാരുടെ ചെയ്തികൾ. അതിക്രൂരമായ ബനൂഫസാറ അതിക്രമത്തിനെതിരെയുള്ള പ്രതിക്രിയ എന്ന നിലയിലാണ് അവർക്കെതിരെയുള്ള സൈനികനടപടിയുണ്ടായത്, വെറുതെയല്ല.

നാല്) ബനൂ ഫസാറാ ഗോത്രക്കാരെ കവർച്ച ചെയ്യാനാണ് മുഹമ്മദ് നബി സൈദ് ബ്നു ഹാരിഥയുടെ നേതൃത്വത്തിലുള്ള സംഘത്തെ അയച്ചത് എന്ന നാസ്തികഗവേഷണവും നുണ തന്നെ. ഫസാറാ ഗോത്രക്കാരുടെ ക്രൂരമായ അതിക്രമത്തിൽ സൈദ് ബ്നു ഹാരിഥക്കേറ്റ പരിക്കുകൾ ഭേദമായതിന് ശേഷം, റമദാൻ മാസത്തിലാണ് അബൂബക്കർ സിദ്ദിഖിന്റെ(റ) നേതൃത്വത്തിൽ ‌സൈദ് (റ) അടക്കമുള്ളവരുടെ ഒരു സംഘത്തെ ഫസാറക്കാരോടുള്ള പ്രതിക്രിയക്ക് വേണ്ടി പ്രവാചകൻ (സ) പറഞ്ഞയക്കുന്നത്. പ്രതിക്രിയാ നടപടി അതിക്രമം നടന്ന് രണ്ട് മാസങ്ങൾക്ക് ശേഷം സൈദിന്റെ പരിക്കുകൾ ഭേദമായതിന് ശേഷമായതും അക്രമിക്കപ്പെട്ടയാളെക്കൂടി ഉൾക്കൊള്ളിച്ചുകൊണ്ട് പ്രതിക്രിയക്ക് വേണ്ടി സംഘത്തെ അയച്ചതും പ്രവാചകന്റെ നീതിബോധത്തെയാണ് വെളിപ്പെടുത്തുന്നത്. അതിക്രമം അനുഭവിച്ചയാളാണ് പ്രതിക്രിയ ചെയ്യാൻ ഏറ്റവും അർഹനെന്ന നീതിബോധം. ഫസാറാ ഗോത്രക്കാരുമായുള്ള ഏറ്റുമുട്ടലിൽ അവരിൽ പലരും കൊല്ലപ്പെടുകയും മുസ്‌ലിംകൾ വിജയിക്കുകയും ചെയ്തു. ഗോത്രനേതാവായ ഉമ്മു ഖിർഫയും മകൾ ജാരിയത്ത് ബിൻത്ത് മാലിക്ക് ബ്നു ഹുദൈഫ ബ്നു ബദ്‌റും ബന്ദികളായി പിടിക്കപ്പെട്ടു. നിരവധി പ്രവാചകാനുയായികളെ കൊല്ലാനും മുസ്‌ലിംകളെ കൊള്ളയടിക്കുവാനും നേതൃത്വം നൽകുകയും പ്രവാചകനെ വധിക്കാൻ ഗൂഡാലോചന നടത്തുകയും ചെയ്തയാൾ എന്ന നിലയിൽ ഉമ്മു ഖിർഫയെ വധിക്കുവാൻ സൈദ് ബ്നു ഹാരിഥ പ്രവാചകാനുചരനായ ഖൈസ് ബിൻ മുസഹ്ഹറിനെ ഏൽപ്പിക്കുകയും മകളെ യുദ്ധത്തടവുകാരിയായി പിടിക്കുകയുമാണ് ചെയ്തത്. കവർച്ചയായിരുന്നില്ല, പ്രതിക്രിയയായിരുന്നു ബനൂ ഫസാറാ ഗോത്രക്കാർക്കെതിരെയുള്ള സൈനിക നടപടിയുടെ ലക്ഷ്യം.

അഞ്ച്) ഉമ്മു ഖിർഫയെ വധിച്ച രീതി ശരിയായില്ല എന്നതാണ് പിന്നെയുള്ള വിമർശനം. രണ്ട് കുതിരകളുടെ കാലുകളിൽ അവരുടെ കാലുകൾ കെട്ടിയ ശേഷം അവയെ എതിർവശങ്ങളിലേക്ക് ഓടിച്ച് ശരീരം രണ്ടായി പിളർത്തിയാണ് അവരെ കൊന്നതെന്ന് ത്വബ്‌രിയുടെ താരീഖിലും ഇബ്നു ഇസ്ഹാഖിന്റെ സീറയിലും പറയുന്നുണ്ടെന്നത് ശരിയാണ്. പക്ഷെ ഈ സംഭവവിവരണമുൾക്കൊള്ളുന്ന നിവേദനം തീരെ ദുർബലമാണെന്നും അസ്വീകാര്യമാണെന്നും ഹദീഥ് പണ്ഡിതന്മാർ വ്യക്തമാക്കിയിട്ടുണ്ട്. മുഹമ്മദ് ബിൻ ഉമർ അൽവാഖിദിയിലൂടെയാണ് ഈ സംഭവം നിവേദനം ചെയ്യപ്പെട്ടിരിക്കുന്നത്. ഇരുപതിനായിരത്തോളം കള്ളഹദീഥുകൾ നിവേദനം ചെയ്തയാളെന്ന നിലയിൽ കുപ്രസിദ്ധനായ വാഖിദിയിൽ നിന്ന് മാത്രമായി ഹദീഥ് പണ്ഡിതന്മാർ യാതൊന്നും തന്നെ സ്വീകരിക്കാറില്ല. ‘അംഗവൈകല്യം വരുത്തരുത്’ എന്ന് യുദ്ധത്തിന് പോകുന്നവരോട് പ്രത്യേകമായി പ്രവാചകൻ നിഷ്കർഷിച്ചതായി വ്യക്തമാക്കുന്ന സ്വഹീഹായ ഹദീഥുകൾ പ്രസിദ്ധമായ ഹദീഥ്ഗ്രന്ഥങ്ങൾ നിവേദനം ചെയ്തിട്ടുണ്ട്. നബിയുടെ സന്തതസഹചാരിയായിരുന്ന അബൂബക്കർ (റ) വ്യക്തമായ ഈ പ്രവാചകകല്പന ധിക്കരിച്ചുകൊണ്ട് ഉമ്മു ഖിർഫയുടെ അംഗങ്ങൾ വികലമാക്കാൻ കൂട്ടുനിന്നുവെന്ന് കരുതുവാൻ ന്യായമില്ല. അതുകൊണ്ട് തന്നെ വാഖിദിയിൽ നിന്ന് നിവേദനം ചെയ്യപ്പെട്ട അംഗവിച്ഛേദം ചെയ്തുകൊണ്ടാണ് പ്രവാചകാനുചരന്മാർ ഉമ്മു ഖിർഫയെ വധിച്ചതെന്ന വിവരണം സത്യമല്ലെന്നാണ് ഹദീഥ് പണ്ഡിതന്മാർ വ്യക്തമാക്കുന്നത്. പിന്നെയെന്തുകൊണ്ട് ഇമാം ത്വബ്‌രിയും ഇബ്നു ഇസ്ഹാഖുമെല്ലാം ഈ സംഭവം ഉദ്ധരിച്ചുവെന്ന ചോദ്യത്തിന് ഇമാം ത്വബ്‌രി തന്നെ തന്റെ ചരിത്രഗ്രന്ഥത്തിന്റെ ആമുഖത്തിൽ മറുപടി പറയുന്നുണ്ട്. കേട്ടതെല്ലാം രേഖപ്പെടുത്തുക മാത്രമാണ് ചരിത്രഗ്രന്ഥത്തിൽ താൻ ചെയ്യുന്നതെന്നും അവയിലെ നെല്ലും പതിരും വേർതിരിക്കാൻ താൻ ശ്രമിച്ചിട്ടില്ലെന്നും അത് ചെയ്യേണ്ടത് തന്റെ പിൻഗാമികളാണെന്നുമാണ് അദ്ദേഹം രേഖപ്പെടുത്തിയിരിക്കുന്നത്. അവർ എഴുതിയെന്നത് കൊണ്ട് മാത്രം ഒരു ചരിത്രവും ആധികാരികമാവുകയില്ല എന്ന് അവർ തന്നെ പറഞ്ഞിട്ടുണ്ട് എന്നാണിത് വ്യക്തമാക്കുന്നത്. ത്വബ്‌രിയും ഇബ്നു ഇസ്ഹാഖും ഉദ്ധരിച്ചുവെന്നത് കൊണ്ട് മാത്രം അംഗവിച്ഛേദകഥ സത്യമാവുകയില്ല എന്നർത്ഥം.

ആറ്) സ്വഹീഹ് മുസ്‌ലിമിൽ ഉമ്മു ഖിർഫയെ വധിച്ച സംഭവം പറയുന്നുണ്ടെന്നും അതിനാൽ അത് ആധികാരകമാണെന്നുമുള്ള ഗവേഷണം മാത്രമാണ് ഭാഗികമായി സത്യമായിട്ടുള്ളത്. ഉമ്മു ഖിർഫയെ വധിച്ച സംഭവവും അവരുടെ മകളെ ബന്ധിയായി പിടിച്ച സംഭവവും മുസ്‌ലിം നിവേദനം ചെയ്ത ഹദീഥിൽ ഉണ്ടെന്നത് ശരിയാണ്. ഈ സംഭവം ആരും നിഷേധിച്ചിട്ടില്ല. കച്ചവടത്തിന് പോവുകയായിരുന്ന നിരവധി സ്വഹാബിമാരെ ക്രൂരമായി വധിക്കുവാനും അവരുടെ ധനം കൊള്ളയടിക്കുവാനും നേതൃത്വം നൽകുകയും പ്രവാചകനെ വധിക്കാൻ ഗൂഡാലോചന നടത്തുകയും ചെയ്ത ഒരാളെ കയ്യിൽ കിട്ടിയാൽ കൊന്നുകളയണമെന്ന് തന്നെയാണ് ഇസ്‌ലാമികമായ നിയമം. അവരെ കൊന്നത് അവർ സ്ത്രീയായത് കൊണ്ടാണെന്ന നാസ്തികഗവേഷണം അവർ സാധാരണ പറയാറുള്ള പച്ചക്കള്ളങ്ങളെപ്പോലെയുള്ള ഒരെണ്ണം മാത്രമാണ്. അങ്ങനെ സൂചിപ്പിക്കുന്ന ദുർബലമായ ഒരു നിവേദനം പോലുമില്ല. ചരിത്രത്തെ തങ്ങൾക്ക് ഇഷ്ടമുള്ള രീതിയിൽ വളച്ചൊടിക്കുകയും അങ്ങനെ പച്ചക്കള്ളങ്ങൾ പ്രചരിപ്പിച്ച് പ്രവാചകനെ നിന്ദിക്കുകയും ചെയ്യുകയെന്ന നാസ്തികരീതി തന്നെയാണ് ഇവിടെയും അവർ പിന്തുടരുന്നത്.

ധാർമ്മികതയുടെയും മാനവികതയുടെയും ഇന്ന് നിലനിൽക്കുന്ന മാനദണ്ഡമായ മുഹമ്മദ് നബി(സ)യുടെ ജീവിതത്തിലെ സംഭവങ്ങളെ സന്ദർഭങ്ങളിൽ നിന്ന് അടർത്തിയെടുത്ത് അവതരിപ്പിച്ചും തങ്ങളുടേതായ ദുർവ്യാഖ്യാനങ്ങൾ നൽകി വികലമാക്കിയും ആ മഹാജീവിതത്തെ തമസ്‌കരിക്കാനാകുമെന്ന് കരുതുന്നവർ നിരാശപ്പെടേണ്ടി വരുമെന്നതിന് പതിനാലുനൂറ്റാണ്ടു കാലത്തെ ചരിത്രം സാക്ഷിയാണ്. അത്തരക്കാർ വികലമാക്കാൻ ശ്രമിക്കുംതോറും ആ മഹദ്‌ജീവിതത്തെ പഠിക്കുവാനും പിൻപറ്റുവാനും സന്നദ്ധമാകുന്നവുടെ എണ്ണം വർധിച്ചുവരികയേയുള്ളൂവെന്നതാണ് ചരിത്രം നൽകുന്ന പാഠം. ‘പഠിച്ച ശേഷം വിമർശിക്കൂ സുഹൃത്തേ’ എന്ന ഗുണകാംക്ഷയെ പോലും പരിഹസിച്ച് ട്രോളുന്നവരിൽ നിന്ന് പഠനവും ചിന്തയുമൊന്നും പ്രതീക്ഷിക്കുന്നതിൽ യാതൊരു അർത്ഥവുമില്ലെന്നറിയാം. എങ്കിലും ആഗ്രഹിച്ചുപോവുകയാണ്; മാനവികതയുടെ വെളിച്ചമായ നബി(സ)യുടെ മഹാജീവിതത്തെ സമഗ്രമായി പഠിക്കാൻ നബിനിന്ദകർ സന്നദ്ധമായെങ്കിൽ !!! ക്രൂരമായി പീഡിപ്പിക്കപ്പെട്ടപ്പോഴും ആരോപണങ്ങളുന്നയിച്ച് അപഹസിക്കപ്പെട്ടപ്പോഴുമെല്ലാം ആ മഹാപ്രവാചകൻ ചെയ്ത പ്രാർത്ഥന ഇവിടെ ഞാൻ കടമെടുക്കട്ടെ: നാഥാ… നീ ഇവർക്ക് നല്ല ബുദ്ധി തോന്നിപ്പിക്കേണമേ, ആമീൻ.

print

No comments yet.

Leave a comment

Your email address will not be published.