നബിയും സൗദയും: പെണ്ണവകാശങ്ങളുടെ നീതിശാസ്ത്രം -1

//നബിയും സൗദയും: പെണ്ണവകാശങ്ങളുടെ നീതിശാസ്ത്രം -1
//നബിയും സൗദയും: പെണ്ണവകാശങ്ങളുടെ നീതിശാസ്ത്രം -1
ആനുകാലികം

നബിയും സൗദയും: പെണ്ണവകാശങ്ങളുടെ നീതിശാസ്ത്രം -1

ന്റെ ജീവിതത്തിന്റെ അവസാന വര്‍ഷങ്ങളില്‍ മുഹമ്മദ് നബി (സ) പത്‌നിയായിരുന്ന സൗദ(റ)യുമായി രാത്രിയില്‍ കിടപ്പറ പങ്കിടാതായതിനെ ആസ്പദമാക്കി ആധുനിക ഇസ്‌ലാം വിമര്‍ശകര്‍ പ്രവാചകനെതിരില്‍ കഠിനമായ ആക്ഷേപങ്ങള്‍ ഉന്നയിക്കാറുണ്ട്. വിവാഹം, വിവാഹമോചനം, ലൈംഗികത, ബഹുഭാര്യത്വം തുടങ്ങിയ അനേകം വിഷയങ്ങളില്‍ അങ്ങേയറ്റം പ്രതിലോമപരവും കപടവുമാണ് നബിവിമര്‍ശകരുടെ മനോവ്യാപാരങ്ങളെന്ന് മാത്രമാണ് പ്രസ്തുത ആക്ഷേപങ്ങള്‍ ആത്യന്തികമായി തെളിയിക്കുന്നത്. സെക്‌സിനോട് സത്യസന്ധമായ സമീപനം പുലര്‍ത്തുന്ന ഇസ്‌ലാമിക വിവാഹദര്‍ശനത്തോട് ശരീരം പാപമാണെന്നു കരുതുന്ന ക്രൈസ്തവ ലൈംഗികഭീതിക്ക് തോന്നുന്ന അസൂയയാണ് ഇവ്വിഷയകമായ മിഷനറി സാഹിത്യങ്ങളുടെ സാക്ഷാല്‍ അടിയൊഴുക്ക്. ലൈംഗിക വിമോചനത്തിന്റെ വിപ്ലവ വായ്ത്താരി മുഴക്കുന്ന ഭൗതികവാദികള്‍ നബി-സൗദ വിഷയത്തിലെ മിഷനറി പല്ലിറുക്കലുകളെ ആശ്ലേഷിക്കുന്നത് ഇസ്‌ലാമോഫോബിയയുടെ കാലത്തെ അവരുടെ സഖ്യങ്ങൾ എത്ര വലിയ അശ്ലീലമാണെന്ന് കാണിച്ചുതരികയും ചെയ്യുന്നു.

ചരിത്രത്തിലെ ഏറ്റവും മാതൃകാപരമായ ബഹുഭാര്യത്വം മുഹമ്മദ് നബി(സ)യുടേതാണ്. നീതിയായിരുന്നു അതിന്റെ ഏറ്റവും ഉജ്ജ്വലമായ ഭാവം. ഓരോ ഭാര്യയും തന്റെ അവകാശങ്ങള്‍ പൂര്‍ണമായി അനുഭവിച്ച മുഹമ്മദ് നബി(സ)യുടെ ബഹുഭാര്യത്വം, ഭാര്യമാര്‍ക്കിടയിലെ വിവേചനം മുഖലക്ഷണമായ മറ്റു പലരുടെയും ബഹുഭാര്യത്വത്തില്‍നിന്ന് തീര്‍ത്തും വിഭിന്നമാണ്. ഭാര്യാബഹുത്വം സ്വീകരിക്കുന്ന പുരുഷന്‍മാര്‍ സമഭാവന നിഷ്‌കൃഷ്ടമായി പ്രയോഗവല്‍ക്കരിക്കണമെന്ന ക്വുര്‍ആനിന്റെ നിഷ്‌കര്‍ഷക്ക് പ്രായോഗികഭാവം നല്‍കേണ്ടതെങ്ങനെയാണെന്ന് ലോകത്തെ പഠിപ്പിക്കുകയാണ് മുഹമ്മദ് നബി (സ) തന്റെ ജീവിതത്തിലൂടെ ചെയ്തത്. മാനവികമായ ബഹുഭാര്യത്വത്തിനുള്ള പാഠപുസ്തകമാകുംവിധം പ്രപഞ്ചനാഥനായ അല്ലാഹു മുഹമ്മദ് നബി(സ)യുടെ ദാമ്പത്യജീവിതത്തെ ദിവ്യദര്‍ശനങ്ങളിലൂടെ ചിട്ടപ്പെടുത്തുകയായിരുന്നു.

ബഹുഭാര്യത്വം സാധുവാക്കാന്‍ നീതി നിബന്ധനയായി അനുശാസിക്കുന്ന ക്വുര്‍ആന്‍ വാക്യത്തിന്റെ സാരം ഇപ്രകാരമാണ്: ”(ഒന്നിലധികം ഭാര്യമാര്‍ക്കിടയില്‍) നീതി പുലര്‍ത്താന്‍ നിങ്ങള്‍ക്ക് കഴിയില്ലെന്ന് നിങ്ങള്‍ ഭയപ്പെടുന്നുണ്ടെങ്കില്‍ ഒരു ഭാര്യയെ മാത്രം സ്വീകരിക്കുക.”(1) കാല്‍പനികമായ ഒരു സിദ്ധാന്തമായിട്ടല്ല, നിഷ്ഠയോടെ നടപ്പിലാക്കേണ്ട ഒരു മതനിയമം എന്ന നിലയിലാണ് ക്വുര്‍ആന്‍ ഈ കല്‍പനയെ അവതരിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ നീതി എന്ന അമൂർത്ത വിഭാവനത്തെ ബഹുഭാര്യത്വത്തില്‍ പ്രായോഗികമാക്കാന്‍ ശ്രമിക്കുമ്പോള്‍ മനുഷ്യര്‍ നേരിട്ടേക്കാവുന്ന ആശയക്കുഴപ്പങ്ങളെയൊക്കെ കണക്കിലെടുക്കുകയും അവയില്‍ വ്യക്തത പ്രദാനം ചെയ്യുകയും ചെയ്യുന്നുണ്ട് ഇസ്‌ലാം. ഭാര്യയോട് തോന്നുന്ന സ്‌നേഹം, കാമം, സംതൃപ്തി തുടങ്ങിയ മാനസിക വികാരങ്ങളൊന്നും പുരുഷനെ സംബന്ധിച്ചേടത്തോളം ഐഛികമായി തോത് നിശ്ചയിച്ചുറപ്പിച്ച് ക്രമീകരിക്കാന്‍ കഴിയുന്ന കാര്യങ്ങളല്ല. ഭാര്യയുടെ സ്വഭാവം, അഭിരുചികള്‍, പ്രാഗല്‍ഭ്യം, സൗന്ദര്യം തുടങ്ങിയവക്കനുസൃതമായി അനൈഛികമായ തലച്ചോര്‍-ഹോര്‍മോണ്‍ പ്രക്രിയകള്‍ വഴി നിര്‍ണയിക്കപ്പെടുന്നതാണ് അവയുടെ തീവ്രത. ബഹുഭാര്യത്വത്തില്‍ എല്ലാ ഭാര്യമാരോടും ഓരേ രീതിയിലല്ല, ഇതിനാല്‍ തന്നെ, പുരുഷന് മാനസികാഭിനിവേശമുണ്ടാവുക. ഹൃദയത്തില്‍ എല്ലാ ഭാര്യമാരെയും കിറുകൃത്യമായി ഒരേ ഉയരത്തില്‍ പ്രതിഷ്ഠിക്കുക എന്നതാണ് ബഹുഭാര്യത്വത്തിലെ നീതിയുടെ താല്‍പര്യമെങ്കില്‍ അത് തീര്‍ത്തും അപ്രായോഗികമാണെന്ന് മനുഷ്യര്‍ക്കെല്ലാം സ്വന്തം അനുഭവങ്ങളില്‍നിന്ന് തിരിച്ചറിയാനാകും. ഇതുകൊണ്ടാണ്, ക്വുര്‍ആന്‍ മറ്റൊരിടത്ത് ഈ ആശയം പറഞ്ഞത്: ”നിങ്ങള്‍ എത്ര പരിശ്രമിച്ചാലും എല്ലാ ഭാര്യമാരോടും ഒരേ അഭിലാഷം പുലര്‍ത്താന്‍ നിങ്ങള്‍ക്ക് കഴിയില്ല. അതിനാല്‍, അവരില്‍ ഏതെങ്കിലും ഒരാളിലേക്ക് ചായുകയും മറ്റൊരാളെ മറന്നുകളയുകയും ചെയ്യുന്ന അവസ്ഥയുണ്ടാകാതിരിക്കാന്‍ ജാഗ്രത കാണിക്കുക.”(2)

മനസ്സിലെ ഇഷ്ടക്കൂടുതലും കുറവും, പെരുമാറ്റത്തില്‍ പ്രതിഫലിക്കരുത് എന്ന താക്കീതാണ് ക്വുര്‍ആനിലൂടെ പ്രപഞ്ചസ്രഷ്ടാവ് ഉത്തരവിടുന്ന ബഹുഭാര്യത്വ നീതിയുടെ അന്തഃസത്തയെന്ന് ചുരുക്കം. ഇഷ്ടം എല്ലാവരോടും ഒരുപോലെയല്ല തോന്നുക എന്നതുകൊണ്ടാണ് കണിശമായ നീതി പ്രത്യേകമായി കല്‍പിക്കേണ്ടി വരുന്നത്. വസ്ത്രം, ഭക്ഷണം, പാര്‍പ്പിടം, സമ്പത്ത് തുടങ്ങിയ ഭൗതിക വിഭവങ്ങള്‍ ഭാര്യമാര്‍ക്കിടയില്‍ പങ്കുവെക്കുന്നത് തുല്യമായിട്ടായിരിക്കണം; മാനസിക താല്‍പര്യത്തിലെ ഏറ്റക്കുറച്ചിലുകള്‍ അവയില്‍ പ്രതിഫലിക്കരുത്. ഇതുപോലെത്തന്നെയാണ് ഭര്‍ത്താവ് ഭാര്യക്ക് നല്‍കുന്ന സമയവും. സെക്‌സ് ആണല്ലോ ദാമ്പത്യത്തിലെ ഏറ്റവും വലിയ അവകാശം. തുല്യദിവസങ്ങളാണ് ഓരോ ഭാര്യയോടൊപ്പവും പുരുഷന്‍ താമസിക്കേണ്ടത്. ഇസ്‌ലാമിക കര്‍മശാസ്ത്രം ബഹുഭാര്യത്വത്തില്‍ ഭാര്യമാര്‍ക്ക് ഉറപ്പുവരുത്തുന്ന ഈ അവകാശനീതിയുടെ ഏറ്റവും പരമമായ പ്രകാശനമാണ് നബിജീവിതത്തില്‍ നമ്മള്‍ കാണുന്നത്. മക്കളുടെ കാര്യമാലോചിച്ചാല്‍ മാതാപിതാക്കള്‍ക്ക് ഈ നിലപാടിന്റെ മാനവികത മനസ്സിലാക്കാനെളുപ്പമുണ്ടാകും. എല്ലാ മക്കളോടും ഒരേ താല്‍പര്യമാകണമെന്നില്ല, പ്രത്യേകിച്ച് അവര്‍ മുതിര്‍ന്നു കഴിയുമ്പോള്‍, രക്ഷിതാക്കള്‍ക്ക് മനസ്സില്‍ തോന്നുന്നത്. എന്നാല്‍ അതിന്റെ പേരില്‍ മക്കള്‍ അവകാശവിവേചനം അനുഭവിക്കുന്നില്ലെന്ന് ഉറപ്പുവരുത്താനുള്ള കരുതലുണ്ടാകണമെന്ന് പറയുന്നതുപോലെയാണ് ഇതും. മുഹമ്മദ് നബി (സ) പറഞ്ഞു: ”രണ്ടു ഭാര്യമാരുള്ള ഒരാള്‍ അവരില്‍ ഒരാളിലേക്ക് ചാഞ്ഞാല്‍ അന്ത്യനാളില്‍ അയാള്‍ ഉയിര്‍പ്പിക്കപ്പെടുക ശരീരം ഒരു വശത്തേക്ക് ചെരിഞ്ഞ സ്ഥിതിയിലായിരിക്കും.” (3)

പ്രവാചകന്‍ (സ) രാത്രികള്‍ ഭാര്യമാര്‍ക്ക് തുല്യമായി വീതിച്ചുനല്‍കുകയാണ് ചെയ്തത്. ഒരു രാത്രി ഒരു ഭാര്യയുടെ കൂടെ, അടുത്ത രാത്രി അടുത്ത ആളുടെ കൂടെ എന്ന രീതിയില്‍ ഊഴം നിശ്ചയിച്ച് എത്ര ഭാര്യമാരാണോ ഉള്ളത്, അത്രയും രാത്രികള്‍ കൊണ്ട് എല്ലാവരിലേക്കും എത്തുകയും വീണ്ടും ആദ്യത്തെ ആളുടെ ഊഴത്തില്‍ നിന്ന് ആരംഭിക്കുകയും ചെയ്യുന്ന നീതിനിഷ്ഠമായ രീതിയായിരുന്നു നബി(സ)യുടേത്. രാത്രി കിടക്കുന്നതിനാണ് ഇങ്ങനെ ക്രമം നിശ്ചയിച്ചിരുന്നത്. എന്നാല്‍ ഭാര്യമാരെ ഉദാരമായി പരിഗണിച്ചിരുന്ന മാതൃകാ ഭര്‍ത്താവായിരുന്ന മുഹമ്മദ് നബി (സ), അവരിലെല്ലാവരെയും എല്ലാ ദിവസവും സന്ദര്‍ശിക്കുകയും വിശേഷങ്ങളറിയുകയും സ്‌നേഹം പങ്കുവെക്കുകയും ചെയ്യുമായിരുന്നു. നിത്യവും സന്ധ്യയോടടുത്ത് ഭാര്യമാരെ സന്ദര്‍ശിക്കാനിറങ്ങുകയും എല്ലാവരുമായും അവരവരുടെ താമസസ്ഥലങ്ങളില്‍ചെന്ന് ഒറ്റയ്‌ക്കൊറ്റയ്ക്ക് കൂടിക്കാഴ്ച നടത്തുകയും ഒടുവില്‍ രാത്രി അന്നത്തെ ഊഴമുള്ള ഭാര്യയോടൊത്ത് ശയിക്കുകയും ചെയ്യുക എന്ന രീതിയാണ് അദ്ദേഹം അനുവര്‍ത്തിച്ചത്. നബിപത്‌നിമാരില്‍ പ്രമുഖയായിരുന്ന ആഇശ (റ) തന്റെ സഹോദരീപുത്രനായ ഹിശാമിന് (റ) ഇതുസംബന്ധമായി നല്‍കിയ വിവരണം ഇപ്രകാരമാണ്: ”നബി (സ) ഞങ്ങളുടെ കൂടെ താമസിക്കുന്ന സമയം വിഭജിച്ചത് ഞങ്ങള്‍ക്കിടയില്‍ യാതൊരു വിവേചനവും കാണിക്കാതെയാണ്. ഞങ്ങളെയെല്ലാവരെയും സന്ദര്‍ശിക്കുന്ന രീതിയില്‍ ഒരു ചുറ്റ് മിക്കവാറും എല്ലാ ദിവസവും അദ്ദേഹം നിര്‍വഹിക്കുമായിരുന്നു. അതില്‍ അദ്ദേഹം ഓരോ ഭാര്യയുടെയും അടുത്ത് വരും, എന്നാല്‍ അപ്പോള്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാറില്ല. അന്നുരാത്രി ആരുടെ ഊഴമാണോ ആ ഭാര്യയിലേക്ക് അവസാനം എത്തുന്ന തരത്തിലാണ് ഈ സന്ദര്‍ശനങ്ങള്‍ ക്രമീകരിക്കുക. എന്നിട്ട് ആ ഭാര്യയുടെ കൂടെ അവിടുന്ന് അന്നത്തെ രാത്രി ചെലവഴിക്കും.”(4)

നോക്കൂ; നബി(സ)യുടെ ഭാര്യമാരില്‍ യുവതികള്‍ മുതല്‍ വൃദ്ധകള്‍ വരെയുണ്ടായിരുന്നു, കന്യകയും വിധവകളും വിവാഹമോചിതകളും ഉണ്ടായിരുന്നു, ഖുറയ്ശികളും യഹൂദ പശ്ചാത്തലമുള്ളവരും മറ്റ് അറബ് ഗോത്രങ്ങളില്‍ നിന്നുള്ളവരും ഉണ്ടായിരുന്നു, വിവിധ സ്വഭാവക്കാരും അഭിരുചിക്കാരും ഉണ്ടായിരുന്നു. എന്നിട്ടും നബി (സ) എല്ലാവരെയും ഒരുപോലെ കണ്ടു, എല്ലാവരുടെയടുക്കലും എന്നും ചെന്നു, രാത്രികള്‍ എല്ലാവര്‍ക്കും ഒരുപോലെ നല്‍കി. ഇതാണ് നീതി. തീര്‍ച്ചയായും അവരുടെ എല്ലാവരുടെയും സഹവാസം നബി(സ)ക്ക് നല്‍കിയത് ഒരേ വൈകാരികാവേശമായിരുന്നുവെന്ന് ഉറപ്പിക്കാനാവില്ല; എന്നാല്‍ അതിന്റെ പേരില്‍ അതിലൊരാളും വിവേചനങ്ങള്‍ നേരിട്ടില്ല എന്നത് ചരിത്രത്തിന്റെ അസന്നിഗ്ധമായ തീര്‍പ്പാണ്. ബഹുഭാര്യത്വം സ്വീകരിക്കുന്നവര്‍, ഇഷ്ടക്കൂടുതലുകളും കുറവുകളും അവകാശങ്ങള്‍ നല്‍കുന്നേടത്ത് പ്രതിഫലിപ്പിക്കരുത് എന്ന ക്വുര്‍ആനിക പാഠം അങ്ങനെ നബി (സ) ലോകത്തിന് പ്രായോഗികമാക്കി കാണിച്ചുകൊടുത്തു.

നേരത്തെ പരാമര്‍ശിച്ച, ഭാര്യമാരോടുള്ള മാനസികാഭിമുഖ്യത്തിലെ ഏറ്റക്കുറച്ചിലുകള്‍ അവരില്‍ ചിലര്‍ അവഗണിക്കപ്പെടാന്‍ നിമിത്തമാകരുതെന്ന് പഠിപ്പിക്കുന്ന ക്വുര്‍ആനിക വചനത്തില്‍, അവഗണിക്കപ്പെടുന്ന ഭാര്യയെ കുറിക്കാന്‍ ഉപയോഗിച്ചിരിക്കുന്ന അറബി വാക്ക് ‘അല്‍ മുഅല്ലഖ’ എന്നതാണ്. ‘അവരില്‍ ഒരുവളെ ‘മുഅല്ലഖ’യെപ്പോലെ ആക്കുന്ന’ അവസ്ഥ വരാതിരിക്കണമെന്നാണ് ക്വുര്‍ആനിന്റെ പ്രയോഗം. ‘കെട്ടിയിടപ്പെട്ടവള്‍’/’തൂങ്ങിക്കിടക്കുന്നവള്‍’ എന്നൊക്കെയാണ് ‘മുഅല്ലഖ’ എന്ന അറബിപദത്തെ ഇവിടെ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്താവുന്നത്.(5) വിവാഹം ഒരു പെണ്ണിനെ സംബന്ധിച്ചേടത്തോളം പല ജീവിതസാക്ഷാത്കാരങ്ങളിലേക്കുള്ള കവാടമാണ്. ലൈംഗിക സാഫല്യവും സാമ്പത്തിക സുരക്ഷിതത്വവും പ്രണയസംതൃപ്തിയുമൊക്കെ പ്രദാനം ചെയ്യുന്ന സന്തോഷകരമായ അനുഭവമാണത്. ഒരു പെണ്ണിനെ വിവാഹം കഴിക്കുകയും അതുവഴി ലഭിക്കേണ്ട അവകാശങ്ങളൊന്നും അവള്‍ക്ക് നല്‍കാതിരിക്കുകയും ചെയ്യുന്നത് ഇസ്‌ലാമിക വീക്ഷണത്തില്‍ കടുത്ത അക്രമമാണ്. വിവാഹത്തെ ഒരു ദുരന്തമാക്കി മാറ്റുന്ന ഏര്‍പ്പാടാണത്. വ്യഭിചാരവും ബഹുഭര്‍തൃത്വവും പെണ്ണിന്റെ ലൈംഗിക മനഃശാസ്ത്രത്തിന് നിരക്കാത്ത അസംബന്ധങ്ങളാണ്; അവളെ ജീവിത സഫലീകരണത്തിന് സഹായിക്കാന്‍ ഈ രണ്ടു മാര്‍ഗങ്ങള്‍ക്കും ആവില്ല. വിവാഹം കഴിച്ച പുരുഷന്‍ അവകാശങ്ങള്‍ പൂര്‍ത്തീകരിച്ചു നല്‍കാതെ അവഗണിച്ചാല്‍ അവളുടെ അവസ്ഥ, കെട്ടിയിടപ്പെട്ടവളെപ്പോലെ തന്നെയാണ്. കെട്ടിയവന്‍ തിരിഞ്ഞുനോക്കുന്നില്ല, അയാള്‍ കെട്ടിയതുകൊണ്ട് വേറെ ഏതെങ്കിലും പുരുഷനെപ്പോയി വിവാഹം കഴിച്ച് ജീവിതം ആസ്വദിക്കാനും വയ്യ. ബഹുഭാര്യത്വം സ്വീകരിക്കുന്ന പുരുഷന്‍മാര്‍ കൂടുതല്‍ ഇഷ്ടം തോന്നുന്ന ഭാര്യമാരിലേക്ക് ചാഞ്ഞ് ഇഷ്ടം കുറഞ്ഞവരുമായുള്ള ബന്ധം നാമമാത്രമാക്കിത്തീര്‍ക്കുന്നത് വലിയൊരു മാനുഷിക ദുരന്തത്തിനാണ് വഴിവെക്കുക എന്ന് ക്വുര്‍ആന്‍ അതിന്റെ പദപ്രയോഗങ്ങള്‍കൊണ്ടുപോലും ഇവിടെ സൂചിപ്പിക്കുന്നു.

കുറിപ്പുകള്‍

1. ക്വുര്‍ആന്‍ 4:3.
2. ക്വുര്‍ആന്‍ 4:129.
3. അബൂ ദാവൂദ്, സുനന്‍ (കിതാബുന്നികാഹ് -ബാബു ഫില്‍ ഖിസ്മി ബയ്‌നന്നിസാഅ്).
4. Ibid. (കിതാബുന്നികാഹ് -ബാബു ഫില്‍ ഖിസ്മി ബയ്‌നന്നിസാഅ്).
5. ക്വുര്‍ആന്‍ 4:129.

print

1 Comment

  • Good message

    Shaijal babu 27.02.2020

Leave a comment

Your email address will not be published.