മദീനയില്‍ നിന്ന് അല്‍പം അകലെ സ്ഥിതി ചെയ്തിരുന്ന യഹൂദ കാര്‍ഷിക ഗ്രാമമായ ഖയ്ബര്‍ പ്രവാചകന്റെ സൈന്യത്തിന് കീഴടങ്ങിയപ്പോള്‍ മദീനയില്‍ നിന്ന് ഖയ്ബറിലേക്ക് കുടിയേറിപ്പാര്‍ത്തിരുന്ന ബനൂനദീര്‍ ഗോത്രത്തില്‍ നിന്നുള്ള സ്ത്രീകള്‍ ഇസ്‌ലാമിക രാജ്യത്തിന്റെ അധീനതയിലാവുകയും മുസ്‌ലിം സൈന്യം വധിച്ച ബനൂ നദീര്‍ ഗോത്രത്തലവന്‍ ഹുയയ്യ് ഇബ്‌നു അഖ്ത്വബിന്റെ പുത്രി സ്വഫിയ്യ (റ) മുഹമ്മദ് നബി(സ)യുടെ പത്‌നിയായിത്തീരുകയും ചെയ്ത സംഭവം ഇസ്‌ലാം വിമര്‍ശനപരമായ ജൂതസാഹിത്യങ്ങളുടെയെല്ലാം പ്രധാന പ്രമേയമാണ്. മുഹമ്മദ് നബി(സ)യെ വ്യക്തിഹത്യ ചെയ്യാനുദ്ദേശിച്ചുള്ള മിഷനറി പ്രചാരവേലകളിലും സ്വഫിയ്യയുമായുള്ള വിവാഹം ശക്തമായി പ്രയോഗിക്കപ്പെടുന്നു. എന്നാല്‍ വിമര്‍ശകര്‍ ആരോപിക്കുന്നതുപോലെ ക്രൂരതയും വൈരനിര്യാതന ബുദ്ധിയുമല്ല, പ്രത്യുത ഉജ്ജ്വലമായ അലിവും നീതിബോധവും സ്‌നേഹവുമാണ് സ്വഫിയ്യയുമായുള്ള നബിദാമ്പത്യത്തിന്റെ യഥാര്‍ത്ഥ ഉള്ളടക്കമെന്ന് ചരിത്രം പരിശോധിച്ചാല്‍ ബോധ്യമാകും.
സ്വഫിയ്യയുടെ പിതാവിനെ ഇസ്‌ലാമിക രാഷ്ട്രം വധിച്ചതാണ് ഇവ്വിഷയകമായുള്ള നബിവിമര്‍ശനങ്ങളുടെ ഒരു ഊന്നല്‍. ‘പിതാവിനെ വധിച്ച് പുത്രിയെ ഭാര്യയാക്കിയ’ ഭീകരനായി മുഹമ്മദ് നബി(സ)യെ അവതരിപ്പിക്കാനുദ്ദേശിച്ചുള്ള ഈ ശ്രമം ശുദ്ധ അസംബന്ധമാണെന്ന് ഹുയയ്യ് വധിക്കപ്പെട്ട സാഹചര്യം നോക്കുന്നവര്‍ക്കെല്ലാം മനസ്സിലാകും. സ്വഫിയ്യയെ വേള്‍ക്കാനാഗ്രഹിച്ച് അവരുടെ പിതാവിനെ കൊല്ലാന്‍ ആളെയയച്ചതല്ല മുഹമ്മദ് നബി (സ), മറിച്ച് പിതാവ് വധിക്കപ്പെട്ട സ്വഫിയ്യ പിന്നീട് പ്രവാചകന്റെ ഭാര്യയായിത്തീര്‍ന്നതാണ്. ഹുയയ്യ് വധിക്കപ്പെട്ടതാകട്ടെ, രാജ്യത്തെ നശിപ്പിക്കാന്‍ ശ്രമിച്ച കലാപകാരിക്കുള്ള ശിക്ഷ എന്ന നിലയിലുമാണ്. ഒരു രാജ്യം അതിനെ ഉള്ളില്‍നിന്നു തകര്‍ക്കാന്‍ ശ്രമിക്കുന്ന അക്രമിയെ അമര്‍ച്ച ചെയ്യുന്നത് അയാളുടെ കുടുംബാംഗങ്ങളോടുള്ള ക്രൂരതയായി വ്യാഖ്യാനിക്കുവാന്‍ സാമാന്യബോധമുള്ള ആര്‍ക്കും കഴിയില്ല. ഏത് അതിക്രമകാരിയും ആരുടെയെങ്കിലുമൊക്കെ ഉറ്റബന്ധുവായിരിക്കും. അയാള്‍ ശിക്ഷക്ക് വിധേയനാകുന്നത് ബന്ധുക്കളെ വൈയക്തികമായ സങ്കടങ്ങളില്‍ അകപ്പെടുത്തുകയും ചെയ്‌തേക്കാം. എന്നാല്‍ രാജ്യത്തിന്റെയും രാജ്യത്തെ ജനങ്ങളുടെയും സുരക്ഷ ഉറപ്പുവരുത്താന്‍ അയാളെ ശിക്ഷിക്കുക മാത്രമേ നീതിപീഠത്തിന് നിവൃത്തിയുണ്ടാകൂ.
ഹുയയ്യിന്റെ കാര്യം നോക്കുക. അയാള്‍ വധിക്കപ്പെടാന്‍ നൂറുശതമാനം അര്‍ഹനായിരുന്നുവെന്ന് ചരിത്രരേഖകള്‍ അസന്നിഗ്ധമായി വ്യക്തമാക്കുന്നുണ്ട്. മദീനയില്‍ നിന്ന് രാജ്യത്തലവനായ മുഹമ്മദ് നബി(സ)യെ ചതിയില്‍ കൊല്ലാന്‍ ശ്രമിച്ചതടക്കമുള്ള വെച്ചുപൊറുപ്പിക്കാനാവാത്ത രാജ്യദ്രോഹ പ്രവര്‍ത്തനങ്ങളുടെ പേരില്‍ നാടുകടത്തപ്പെട്ട ബനൂ നദീര്‍ ഗോത്രത്തിന്റെ നേതാക്കളില്‍ പ്രമുഖനായിരുന്നു ഹുയയ്യ് എന്ന വസ്തുത തന്നെ അദ്ദേഹത്തിന്റെ നില സൂചിപ്പിക്കുന്നുണ്ട്. മുന്നേ തന്നെ ഒരു യഹൂദ അധിവാസകേന്ദ്രമായിരുന്ന ഖയ്ബറിലേക്ക് ബനൂ നദീറുകാരില്‍ നിന്നുള്ള ഒരു വിഭാഗത്തെയുമായി കുടിയേറിയ ഹുയയ്യ് നേരത്തെ അവിടെയുണ്ടായിരുന്ന യഹൂദരുടെയടക്കം നേതൃപദവിയിലേക്കുയര്‍ന്നുകൊണ്ടാണ് ജീവിതത്തിന്റെ ഖയ്ബര്‍ ഖണ്ഡം ആരംഭിച്ചത്.(1) മദീന ഇസ്‌ലാമിക രാഷ്ട്രത്തെ നാമാവശേഷമാക്കാനുള്ള നിഗൂഢ പദ്ധതികളുടെ ഭാഗമായിരുന്നിട്ടും വധശിക്ഷ നല്‍കാതെ മുഹമ്മദ് നബി (സ) നാടുവിട്ടുപോകാന്‍ അനുവദിച്ച കുറ്റവാളിയായിരുന്ന ഹുയയ്യ്, ഖയ്ബറില്‍ ശാന്തമായി ജീവിക്കുന്നതിനു പകരം മദീനക്കെതിരായ നീക്കങ്ങള്‍ ശക്തമായി തുടരുകയാണ് ചെയ്തത്. മദീന അക്ഷരാര്‍ത്ഥത്തില്‍ നടുങ്ങിപ്പോയ അഹ്‌സാബ് യുദ്ധനീക്കത്തിന്റെ സൂത്രധാരന്‍മാരിലൊരാള്‍ തന്നെ ഹുയയ്യ് ആയിരുന്നു. മക്കയില്‍ പോയി മദീനയുടെ ഖുറയ്ശി ശത്രുക്കളെ മദീനയെ ആക്രമിക്കാന്‍ പ്രചോദിപ്പിച്ചതും മാനസികമായി ധൈര്യപ്പെടുത്തിയതും പ്രവാചകനോട് ശത്രുതയുണ്ടായിരുന്ന ഗത്ഫാന്‍ ഗോത്രത്തെ നയതന്ത്ര സംഭാഷണങ്ങള്‍ വഴി യുദ്ധത്തില്‍ ഖുറയ്ശികളുടെ സഖ്യകക്ഷിയാകാന്‍ സജ്ജമാക്കിയതുമെല്ലാം ഹുയയ്യും ഏതാനും സുഹൃത്തുക്കളും ആയിരുന്നു.(2)
അഹ്‌സാബ് യുദ്ധത്തില്‍ ഹുയയ്യും സംഘവും വിളിച്ചുകൊണ്ടുവന്ന ഖുറയ്ശീ, ഗത്ഫാന്‍ സൈന്യങ്ങള്‍ മദീനയിലേക്കിരച്ചു കയറുന്നത് തടയാന്‍ നഗരത്തിനുചുറ്റും അതിസാഹസികമായി കിടങ്ങുകുഴിച്ച മുസ്‌ലിം യുദ്ധതന്ത്രത്തെ മറികടക്കാന്‍ ശത്രുക്കള്‍ക്കുള്ള ഒരേയൊരു മാര്‍ഗം മദീനക്കുള്ളില്‍ നിന്ന് തങ്ങളെ പിന്തുണക്കുന്ന ഒരു സഖ്യകക്ഷിയെ ലഭിക്കുക എന്നതായിരുന്നു. മുഹമ്മദ് നബി (സ) ഭരണാധികാരിയായ മദീനയില്‍ രാജ്യത്തിന്റെ സംരക്ഷണമനുഭവിച്ച് എല്ലാ അവകാശങ്ങളോടെയും തങ്ങളുടെ കോട്ടകള്‍ക്കുള്ളില്‍ താമസിച്ചിരുന്ന ബനൂ ഖുറയ്ദ ജൂതഗോത്രത്തെയാണ് അവരതിനുവേണ്ടി തെരഞ്ഞെടുത്തത്. രാജ്യത്തിന്റെ കൂടെ നില്‍ക്കുമെന്ന് നബി(സ)യോട് കരാര്‍ ചെയ്തിരുന്ന ബനൂ ഖുറയ്ദക്കാരുടെ നേതാവ് കഅ്ബ് ഇബ്‌നു അസദിന് സന്നിഗ്ധമായ ആ സന്ദര്‍ഭത്തില്‍ രാജ്യദ്രോഹത്തിന്റെ പാരമ്യമായ ഒരു കൂറുമാറ്റത്തിന് താല്‍പര്യമുണ്ടായിരുന്നില്ല. അദ്ദേഹത്തെ ചെന്നുകണ്ട് കരാര്‍ ലംഘനത്തിനു നിര്‍ബന്ധിക്കുകയും ഖുറയ്ശീ, ഗത്ഫാന്‍ മുന്നണിയുടെ ഘടകകക്ഷിയായി ബനൂ ഖുറയ്ദയെ പ്രഖ്യാപിപ്പിക്കുകയും ചെയ്തത് ഹുയയ്യ് ഇബ്‌നു അഖ്ത്വബ് ആയിരുന്നു.(3) പ്രവാചകനെയും വിശ്വാസികളെയും കൂട്ടക്കൊല ചെയ്ത് മദീന കയ്യേറാന്‍ വേണ്ടി പതിനായിരത്തിലധികം വരുന്ന ശത്രുക്കളെ കൂട്ടിക്കൊണ്ടുവരികയും അവര്‍ക്ക് മദീനയിലേക്കൊരു വഴി തുറന്നുകൊടുക്കാന്‍ രാജ്യത്തെ പൗരന്‍മാരിലൊരു വിഭാഗത്തെ ചട്ടം കെട്ടുകയും ചെയ്യുകയാണ് കലാപശ്രമങ്ങള്‍ക്ക് നാടുകടത്തപ്പെട്ട ശേഷം ഹുയയ്യ് ചെയ്തതെന്നു ചുരുക്കം.
അഹ്‌സാബ് യുദ്ധത്തില്‍ ഒടുവില്‍ ശത്രുക്കള്‍ പിന്തിരിയാന്‍ നിര്‍ബന്ധിതരായെങ്കിലും ഹുയയ്യിന്റെ പ്രലോഭനങ്ങള്‍ക്ക് വശംവദരായ ബനൂ ഖുറയ്ദക്കാര്‍ യുദ്ധക്കുറ്റവാളികളായിത്തീരുകയും രാജ്യത്തോടുള്ള കരാറുകളില്‍ നിന്ന് തങ്ങള്‍ പിന്മാറിയിരിക്കുന്നുവെന്ന് പരസ്യമായി പ്രഖ്യാപിക്കുകയും എപ്പോഴും പൊട്ടിത്തെറിക്കാവുന്ന ഒരു ആഭ്യന്തര കലാപസാധ്യതയായി പരിണമിക്കുകയും ചെയ്തതോടെ അഹ്‌സാബ് യുദ്ധത്തില്‍ നിന്ന് വിരമിച്ചയുടനെ മുഹമ്മദ് നബി(സ)യും അനുചരന്‍മാരും ബനൂ ഖുറയ്ദക്കാരെ നേരിടാന്‍ പോവുകയാണ് ചെയ്തത്. ഈ സാഹചര്യത്തില്‍ ഹുയയ്യ് ഇബ്‌നു അഖ്ത്വബ് ഖയ്ബറിലേക്കു മടങ്ങുന്നതിനുപകരം ബനൂ ഖുറയ്ദക്കാരുമായുണ്ടാക്കിയ ധാരണപ്രകാരം നബി(സ)ക്കെതിരില്‍ യുദ്ധം ചെയ്യാന്‍ അവരുടെ കൂടെത്തന്നെ നിലയുറപ്പിക്കുകയായിരുന്നു.(4) ഈ സന്ദര്‍ഭത്തിലാണ് ബനൂ ഖുറയ്ദക്കാരുടെ കോട്ട കീഴടക്കിയ മുസ്‌ലിം സൈന്യം യുദ്ധമുഖത്തുനിന്ന് പിടിക്കപ്പെട്ട ഹുയയ്യിന് വധശിക്ഷ നടപ്പിലാക്കുന്നത്.(5) ഏതു രാജ്യനൈതികത പ്രകാരവും വധശിക്ഷ അനിവാര്യമായിരുന്നയാളാണ് സ്വഫിയ്യ(റ)യുടെ പിതാവ് എന്ന കാര്യം ഇവിടെ സ്പഷ്ടമാണ്. അദ്ദേഹത്തിന്റെ വധം ഒരു നിലക്കുമുള്ള അതിക്രമമായിരുന്നില്ല, മറിച്ച് മദീനയിലെ ജനങ്ങളോടുള്ള രാജ്യനായകന്റെ കരുണ മാത്രമായിരുന്നു.
ഹിജ്‌റ അഞ്ചാം വര്‍ഷമാണ് മുസ്‌ലിം സേന ബനൂ ഖുറയ്ദക്കാരെ കീഴടക്കിയതും ഹുയയ്യിനെ കൊന്നതും.(6) സ്വഫിയ്യ (റ) അടക്കമുള്ളവര്‍ ഇസ്‌ലാമിക സൈന്യത്തിന്റെ അധീനതയില്‍ വന്ന് ഖയ്ബറിലെ സൈനിക നടപടിയുണ്ടായത് ഹിജ്‌റ ഏഴാം വര്‍ഷമാണ്.(7) ബനൂ നദീറുകാര്‍ കുടിയേറിയതിനുശേഷം മദീനയുടെ ഭദ്രതയെ തകര്‍ക്കാനുള്ള നീക്കങ്ങള്‍ നിരന്തരമായി നടത്തുന്ന യഹൂദ കലാപകാരികളുടെ കേന്ദ്രമായി മാറിയ ഖയ്ബര്‍ ആഴ്ചകള്‍ നീണ്ട സൈനിക പരിശ്രമത്തിലൂടെയാണ് ഇസ്‌ലാമിക രാജ്യം നിയന്ത്രണത്തിലാക്കിയത്. ഖയ്ബറിലെ ശക്തമായ യഹൂദ കോട്ടകള്‍ ഓരോന്നായി കീഴ്‌പെടുത്തിയുള്ള മുന്നേറ്റത്തിനിടയില്‍ മുസ്‌ലിം സൈനികര്‍ സ്വഫിയ്യ(റ)യുടെ ഭര്‍ത്താവ് കിനാനത് ഇബ്‌നുര്‍റബീഇനെ വധിച്ചതാണ് വിമര്‍ശകര്‍ ഉന്നയിക്കുന്ന മറ്റൊരു പ്രശ്‌നം. പിതാവിന്റെ കാര്യത്തിലെന്ന പോലെ ഇവിടെയും സ്വഫിയ്യ(റ)യുമായി ഈ സംഭവത്തിന് യാതൊരു ബന്ധവുമില്ല. ഖയ്ബറിലെ സൈനിക നടപടിക്കുശേഷമാണ് സ്വഫിയ്യ(റ)യെക്കുറിച്ച് നബി (സ) അറിയുന്നതും അവരെ ഇണയായി സ്വീകരിക്കുന്നതുമെല്ലാം. ഹുയയ്യിനെപ്പോലെത്തന്നെ രാജ്യദ്രോഹപരമായ അച്ചടക്കലംഘനങ്ങള്‍ വഴി ഇസ്‌ലാമിക രാജ്യത്തിന്റെ വധശിക്ഷ അനിവാര്യമായിത്തീര്‍ന്ന മറ്റൊരു കുറ്റവാളിയായിരുന്നു കിനാന. അയാള്‍ വധിക്കപ്പെട്ടത് രാജ്യസുരക്ഷാ നടപടിക്രമങ്ങളുടെ സ്വാഭാവികത മാത്രമായിരുന്നു. കലാപോന്മുഖരായിരുന്ന ഖയ്ബറിലെ ബനൂ നദീറുകാരുടെ പ്രതിനിധികളായി മക്കയില്‍ ചെന്ന് ഖുറയ്ശികളെ അഹ്‌സാബ് യുദ്ധത്തിനു പ്രേരിപ്പിച്ച സംഘത്തില്‍ ഹുയയ്യിനോടൊപ്പം അദ്ദേഹത്തിന്റെ പുത്രീഭര്‍ത്താവായ കിനാനയും ഉണ്ടായിരുന്നു.(8) അഹ്‌സാബ് യുദ്ധത്തില്‍ ഹുയയ്യ്-കിനാന സംഘത്തിന്റെ പദ്ധതി പരാജയപ്പെടുകയും ഹുയയ്യ് ബനൂ ഖുറയ്ദക്കാരോടൊപ്പം പിടിക്കപ്പെടുകയും ചെയ്തതില്‍ പിന്നെ ഖയ്ബറില്‍ മദീനാവിരുദ്ധ ചരടുവലികള്‍ക്ക് ചുക്കാന്‍ പിടിച്ചിരുന്നത് കിനാന ആണെന്നാണ് ചരിത്രത്തില്‍ നിന്ന് മനസ്സിലാകുന്നത്. പ്രവാചകന്റെ സൈന്യത്തോടു പോരാടാന്‍ വേണ്ടി ഗത്ഫാന്‍ ഗോത്രക്കാരായ നാലായിരത്തോളം പേരെ കരാറടിസ്ഥാനത്തില്‍ ഖയ്ബറില്‍ വിന്യസിച്ചത് കിനാന ആയിരുന്നു.(9) മദീനയെ തകര്‍ക്കാനുള്ള ശ്രമങ്ങളെ അമര്‍ച്ച ചെയ്യാനുദ്ദേശിച്ചുള്ള ഖയ്ബര്‍ പടയോട്ടത്തില്‍ മുസ്‌ലിം സൈന്യത്തിന്റെ പ്രാഥമിക ലക്ഷ്യങ്ങളിലൊന്നാകേണ്ട കലാപപ്രഭവമായിരുന്നു കിനാനയെന്ന് സാരം.
മേല്‍വിവരിച്ചപ്രകാരം മദീനവിരുദ്ധ ഖയ്ബരീ ബനൂനദീര്‍ ഉപജാപങ്ങളുടെ മസ്തിഷ്‌കമായി നിലകൊണ്ടിട്ടുപോലും കിനാനക്ക് ഇസ്‌ലാമികസേന യുദ്ധത്തിനിടയില്‍ പിടികൂടി വധശിക്ഷ നല്‍കിയത് കീഴടങ്ങിയശേഷവും അയാള്‍ കരാര്‍ ലംഘനത്തിനും വഞ്ചനക്കും മുതിര്‍ന്നപ്പോള്‍ മാത്രമാണെന്നതാണ് വസ്തുത. യുദ്ധം ജയിച്ചപ്പോള്‍ തങ്ങളുടെ കൈവശമുള്ള സ്വര്‍ണവും വെള്ളിയും ആയുധങ്ങളും പൂര്‍ണമായി മദീനയുടെ ഖജനാവിലേക്കെടുത്തശേഷം തങ്ങളെ ജീവനോടെ പോകാന്‍ അനുവദിക്കണമെന്ന യഹൂദന്‍മാരുടെ ആവശ്യം കാരുണ്യപൂര്‍വം അംഗീകരിക്കുകയാണ് മുഹമ്മദ് നബി (സ) ചെയ്തത്. സ്വര്‍ണവും വെള്ളിയും ആയുധങ്ങളും മറച്ചുവെക്കാനോ ഒളിച്ചുകടത്താനോ ജൂതന്‍മാര്‍ ശ്രമിക്കരുതെന്ന് സമാധാനക്കരാറില്‍ പ്രത്യേകം വ്യവസ്ഥയുണ്ടായിരുന്നു. ബനൂ നദീറുകാരുടെ ആഭരണനിക്ഷേപം സൂക്ഷിച്ചുവെച്ചിരുന്നത് ഹുയയ്യ് ഇബ്‌നു അഖ്ത്വബ് ആയിരുന്നു. അയാളുടെ മരണശേഷം അത് കിനാനയാണ് കൈവശം വെച്ചിരുന്നത്. ഖയ്ബറിലെ സമാധാനസന്ധി ഉണ്ടായ ഉടനെ മുസ്‌ലിം സൈന്യം വ്യവസ്ഥ പ്രകാരമുള്ള സമ്പത്ത് ശേഖരിക്കാന്‍ ശ്രമിച്ചപ്പോള്‍ ഈ നിക്ഷേപം മറച്ചുവെക്കുകയും അത് ചെലവഴിച്ച് തീര്‍ന്നുപോയെന്ന് കള്ളം പറയുകയാണ് കിനാന ചെയ്തത്. അയാള്‍ ഒളിച്ചുവെച്ച സ്ഥലത്തുനിന്ന് മുസ്‌ലിം സൈന്യം ആ സ്വര്‍ണനിക്ഷേപം കണ്ടെടുക്കുകയും ചതി ബോധ്യപ്പെടുകയും ചെയ്തതിനെത്തുടര്‍ന്നാണ് കിനാനയെ വധിക്കാന്‍ തീരുമാനമാകുന്നത്.(10) മദീനയുടെ നിയമവ്യവസ്ഥയെ ഒരു യുദ്ധത്തില്‍ ബന്ദിയായി പിടിക്കപ്പെട്ട് നില്‍ക്കുന്ന സമയത്തുപോലും നിസ്സങ്കോചം കബളിപ്പിക്കുവാന്‍ തുനിഞ്ഞ കിനാനയുടെ ധാര്‍ഷ്ട്യം, ഇതപര്യന്തമുള്ള കലാപപ്രവണതതയില്‍ തന്നെ തുടര്‍ന്നും നിലനില്‍ക്കാനാണ് അയാളുടെ ഭാവമെന്ന് വ്യക്തമാക്കുന്നതായിരുന്നു. അയാളെ മാതൃകാപരമായി ശിക്ഷിക്കേണ്ടത് രാജ്യതന്ത്രജ്ഞതാപരമായ അനിവാര്യതയായിരുന്നുവെന്ന് സന്ദര്‍ഭത്തിന്റെ ചരിത്രവല്‍ക്കരണം ആരെയും ബോധ്യപ്പെടുത്തും.
(തുടരും)
കുറിപ്പുകള്‍:
1. A. Guillaume, The Life of Muhammad, A Translation Ibn Ishaq’s Sirat rasul Allah (Karachi: Oxford University Press, 2007), pp. 437-8.
2. Ibid, p. 450.
3. Ibid, p. 453.
4. Ibid, p. 461.
5. Ibid, p. 464.
6. Mahdi Rizqullah Ahmad, A Biography of The Prophet of Islam in the light of the original sources, an analytical study (Riyadh: Darussalam, 2005), pp.565-6.
7. Ibid, pp. 620-1.
8. Guillaume, op.cit, p. 450.
9. Rizwi Faizer (ed.) The Life of Muhammad: Al-Waqidi’s Kitab al-Maghazi (London: Routledge, 2011), pp. 320-1.
10. അബൂദാവൂദ്, സുനന്‍ (കിതാബുല്‍ ഖറാജി വല്‍ ഇമാറത്തി വല്‍ ഫയ്അ്, ബാബു മാജാഅ ഫീ ഹുക്മി അര്‍ദ്വി ഖയ്ബര്‍).
പ്രവാചകന് എതിരേ മിഷണറിമാർ കെട്ടിയുണ്ടാക്കിയ ആരോപണങ്ങൾ എല്ലാ തന്നെ ചീട്ട് കൊട്ടാരം പോലെ തച്ച് തകർക്കപ്പെടും
മാ ഷാ അല്ലാഹ്
മാഷാ അല്ലാഹ് നല്ല വിവരണം തുടർച്ചക്കായി കാത്തിരിക്കുന്നു.
Real explanation from Real history of Muhammed Rasoolullah (s).
സ്വഫിയ (റ) മായുള്ള വിവാഹത്തിൽ റസൂലുല്ലാഹ് ഇദ്ദ നിയമം പാലിച്ചില്ല എന്ന ആരോപണം ക്രൈസ്തവ മിഷണറിമാർക്കുണ്ട്, അതിനെപ്പറ്റി ലേഖനത്തിൽ പ്രതിക്ഷിച്ചു,
നബിയെ വിമർശിക്കാൻ നബി വിവാഹങ്ങൾ ആയുധമയക്കുന്നവർക്ക് ചരിത്രത്തിന്റെ വെളിച്ചത്തിൽ മറുപടി…..
Well illustrated
കൃത്യവും വ്യക്തവുമായി ചരിത്ര ശകലങ്ങളെ ഉദ്ദരിച്ച് നബി ജീവിതത്തെ സമർത്ഥിച്ചു..
Excellent