നബിയും സ്വഫിയ്യയും: മാനവികതയുടെ മഹാപാഠങ്ങള്‍ – 8

//നബിയും സ്വഫിയ്യയും: മാനവികതയുടെ മഹാപാഠങ്ങള്‍ – 8
//നബിയും സ്വഫിയ്യയും: മാനവികതയുടെ മഹാപാഠങ്ങള്‍ – 8
ചരിത്രം

നബിയും സ്വഫിയ്യയും: മാനവികതയുടെ മഹാപാഠങ്ങള്‍ – 8

Print Now

സ്വഫിയ്യ(റ)യുടെ വിവാഹം; ഇദ്ദ നിയമം ലംഘിക്കപ്പെട്ടുവോ ?

ഖയ്ബറില്‍ നിന്നുള്ള മടക്കയാത്രയില്‍ സ്വഫിയ്യ(റ)യെ വിവാഹം കഴിക്കുകയും കിടപ്പറ പങ്കിടുകയും ചെയ്യുക വഴി മുഹമ്മദ് നബി (സ) ഇസ്‌ലാമിലെ ഇദ്ദയുടെ നിയമങ്ങള്‍ ലംഘിച്ചുവെന്ന ആരോപണവും വിമര്‍ശക രചനകളില്‍ കാണാം. ഇസ്‌ലാമിക ശരീഅത്തിന്റെ നിദാനശാസ്ത്രത്തെക്കുറിച്ച യാതൊരു ധാരണയും ഇല്ലാതെ ഉന്നയിക്കപ്പെടുന്ന വിമര്‍ശനമാണിത്. ഇസ്‌ലാമില്‍ ഓരോ രംഗത്തുമുള്ള നിയമങ്ങള്‍ പഠിപ്പിക്കേണ്ടത് പ്രവാചകനാണ്; അവിടുത്തെ വാക്കും പ്രവൃത്തിയും അംഗീകാരവുമാണ് ഇസ്‌ലാമിന്റെ നിയമസ്രോതസ്സ്. യുദ്ധങ്ങള്‍ വഴി ഇസ്‌ലാമിക രാജ്യത്ത് അടിമസ്ത്രീകളെത്തിയാല്‍ അവര്‍ക്കുള്ള ഇദ്ദയുടെ ചട്ടമെന്താണെന്ന് സ്ഥാപിക്കപ്പെടുക പ്രവാചകന്‍ (സ) അവ്വിഷയകമായി എന്ത് പറഞ്ഞു/ചെയ്തു/അനുവദിച്ചു എന്നതിന്റെ വെളിച്ചത്തിലാണ്. നബി(സ)യെ ഇസ്‌ലാമിക നിയമം അങ്ങോട്ടു പഠിപ്പിക്കാന്‍ ഒരുമ്പെടുന്ന നബിവിമര്‍ശകര്‍, ഇസ്‌ലാമിക നിയമസങ്കല്‍പത്തെക്കുറിച്ചുള്ള പരിഹാസ്യമായ വിവരക്കേടാണ് വെളിപ്പെടുത്തുന്നത്.

മുഹമ്മദ് നബി (സ) സ്വഫിയ്യ(റ)യുമായുള്ള വിവാഹം സാക്ഷാത്കരിച്ചതെപ്പോഴാണ്? ഖയ്ബറില്‍ നിന്ന് മടങ്ങുംവഴി സ്വഫിയ്യ (റ) ആര്‍ത്തവത്തില്‍ നിന്നു ശുദ്ധിയായതിനുശേഷമാണ് മുഹമ്മദ് നബി (സ) അവരെ ഭാര്യയാക്കിയതെന്ന് ആ യാത്രയില്‍ പ്രവാചകന്റെ (സ) കൂടെയുണ്ടായിരുന്ന അനസ് ഇബ്‌നു മാലിക് (റ) വ്യക്തമാക്കിയത് ഇമാം ബുഖാരി തന്റെ സ്വഹീഹില്‍ ഉള്‍പ്പെടുത്തിയ നിവേദനങ്ങളില്‍ തന്നെയുണ്ട്.(58) ആര്‍ത്തവമുണ്ടായിരുന്ന സ്വഫിയ്യ(റ)യുമായുള്ള വിവാഹം അവരുടെ ആര്‍ത്തവം കഴിയുന്നതുവരെ മുഹമ്മദ് നബി (സ) നീട്ടിവെച്ചാല്‍ അതിനര്‍ത്ഥം യുദ്ധഭൂമിയില്‍ നിന്ന് അടിമസ്ത്രീകളായി എത്തുന്നവരുടെ ഇസ്‌ലാമിക ഇദ്ദ ഒരു ആര്‍ത്തവകാലമാണെന്നാണ്. നിയമബോധനമാണ്, നിയമലംഘനമല്ല മുഹമ്മദ് നബി(സ)യുടെ ഈ നടപടിയില്‍ ഉള്ളത്. മുഹമ്മദ് നബി(സ)യും സ്വഫിയ്യ(റ)യും തമ്മിലുള്ള വിവാഹത്തില്‍ ‘ഇദ്ദ ലംഘനം’ ആരോപിക്കുന്നവര്‍ എന്ത് നിയമം ആണിവിടെ ലംഘിക്കപ്പെട്ടതെന്ന് വ്യക്തമാക്കുമോ? അടിമസ്ത്രീയുടെ ഇദ്ദ ഒരു ആര്‍ത്തവകാലമല്ലാതെ മറ്റെന്തെങ്കിലുമാണെന്ന് ക്വുര്‍ആനോ നബിചര്യയോ മറ്റെവിടെയെങ്കിലും പഠിപ്പിച്ചിട്ടുണ്ടോ? ഇല്ലെന്നു മാത്രമല്ല, ഗര്‍ഭിണിയായ അടിമസ്ത്രീയുടെ ഇദ്ദ പ്രസവം വരെയും ഗര്‍ഭിണിയല്ലാത്തവരുടേത് ഒരു ആര്‍ത്തവത്തില്‍ നിന്ന് ശുദ്ധിയാകുന്നതുവരെയും ആണെന്നും അതിനുശേഷമേ അവരുമായി വിവാഹ/ലൈംഗിക ബന്ധം പാടുള്ളുവെന്നും മുഹമ്മദ് നബി (സ) തന്റെ ശിഷ്യന്‍മാര്‍ക്ക് വ്യക്തമായി പറഞ്ഞുകൊടുത്തിട്ടുണ്ട്. ഔത്വാസ് യുദ്ധാനന്തരം മുസ്‌ലിം പടയാളികള്‍ അടിമസ്ത്രീകളെ ഏറ്റെടുത്തപ്പോള്‍ പ്രവാചകന്‍ (സ) പറഞ്ഞതിപ്രകാരമാണ്: ”ഗര്‍ഭിണികള്‍ പ്രസവിക്കുന്നതുവരെ അവരുമായി ലൈംഗിക ബന്ധം പാടില്ല, ഗര്‍ഭിണികളല്ലാത്തവര്‍ ഒരു ആര്‍ത്തവം പൂര്‍ത്തിയാകുന്നതുവരെ അവരുമായും ലൈംഗികബന്ധം പാടില്ല.”(59) ഹുനയ്ന്‍ യുദ്ധാനന്തരം അവിടുന്ന് പ്രഖ്യാപിച്ചു: ”അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്ന ഒരു വ്യക്തിക്കും ഒരു ആര്‍ത്തവകാലത്തില്‍ നിന്ന് ശുദ്ധിയാകുന്നതുവരെ അടിമസ്ത്രീകളുമായി ലൈംഗികബന്ധം അനുവദനീയമല്ല.”(60)

കാര്യം വളരെ വ്യക്തമാണ്. വാക്കിലൂടെയും പ്രവൃത്തിയിലൂടെയും മുഹമ്മദ് നബി (സ) പഠിപ്പിച്ചിട്ടുള്ളത് യുദ്ധത്തടവുകാരികളായി എത്തുന്ന ഗര്‍ഭിണികളല്ലാത്തവരുടെ ഇദ്ദ ഒരു ആര്‍ത്തവം കഴിയുകയാണ് എന്നതത്രെ. അതാണ് ഇവ്വിഷയകമായ ഇസ്‌ലാമിന്റെ നിയമം. സ്വഫിയ്യ(റ)യുടെ കാര്യത്തിലും ഇതിനുവിരുദ്ധമായി യാതൊന്നും ഉണ്ടായിട്ടില്ല. ഭര്‍ത്താവ് മരിച്ച സ്ത്രീയുടെ ഇദ്ദ നാലു ചാന്ദ്രമാസവും പത്തു ദിവസവുമാണെന്ന് വിധിക്കുന്ന ക്വുര്‍ആന്‍ വചനത്തില്‍നിന്ന്(61) ഇസ്‌ലാമില്‍ ഈയൊരു ഇദ്ദ നിയമം മാത്രമേയുള്ളൂ എന്ന് തെറ്റിദ്ധരിച്ചുകൊണ്ടാണ് പലരും സ്വഫിയ്യ(റ)യുടെ കാര്യത്തില്‍ ഇദ്ദ നിഷ്ഠ മറികടക്കപ്പെട്ടു എന്നു വാദിക്കുന്നത്. ഇസ്‌ലാമിക ഫിഖ്ഹിനെ സംബന്ധിച്ച പരിമിത ജ്ഞാനമാണ് ഇവിടെയുള്ള പ്രശ്‌നം. സാധാരണ നിലയില്‍ ഭര്‍ത്താവ് മരിക്കുന്നവര്‍ക്കുള്ള ഇസ്‌ലാമിക നിയമം ആണ് പരാമൃഷ്ട ക്വുര്‍ആന്‍ വചനങ്ങളിലുള്ളത്; അല്ലാതെ കേവലവും പ്രാപഞ്ചികവുമായ ഒരു ഇദ്ദ വിധിയല്ല. യുദ്ധക്കളത്തില്‍വെച്ചോ ബന്ദിയായി പിടിക്കപ്പെട്ടതിനുശേഷം ശിക്ഷ എന്ന നിലയിലോ ഭര്‍ത്താവ് വധിക്കപ്പെട്ട് കീഴടക്കപ്പെട്ട നാട്ടില്‍നിന്ന് ഇസ്‌ലാമിക രാജ്യത്തേക്ക് അടിമസ്ത്രീയായി കൂട്ടപ്പെടുന്നവരുടെ ഇസ്‌ലാമിക ഇദ്ദ ഇതല്ല, മറിച്ച് നേരത്തെ വിശദീകരിച്ചതാണ്. വിവാഹമോചനം ചെയ്യപ്പെടുന്ന സ്ത്രീകളുടെ ഇദ്ദ ഇത് രണ്ടുമല്ല, വേറെയാണ്; അതും വിവാഹമോചനത്തിന്റെ പരിതസ്ഥിതികള്‍ വെച്ച് പല വിവാഹമോചിതര്‍ക്കും പല ദൈര്‍ഘ്യമുള്ള ഇദ്ദകളാണ്.(62) വ്യത്യസ്തമായ സാഹചര്യങ്ങളില്‍ വൈവിധ്യപൂര്‍ണമായ കാലയളവുകളാണ് ഇസ്‌ലാമില്‍ ഇദ്ദയായി നിഷ്‌കര്‍ഷിക്കപ്പെട്ടിരിക്കുന്നതെന്ന് മനസ്സിലാക്കാതെ ഏകശിലാത്മകമായ ഒരു ഇസ്‌ലാമിക ഇദ്ദ വ്യാജമായി സങ്കല്‍പിച്ച് നബി(സ)യില്‍ ‘ശരീഅത്ത് ലംഘനം’ ആരോപിക്കുന്നവര്‍ ഇസ്‌ലാം വിമര്‍ശനത്തിനുമുമ്പ് ഇസ്‌ലാമിക കര്‍മശാസ്ത്രത്തില്‍ പ്രാഥമിക പരിജ്ഞാനമെങ്കിലും നേടിയെടുക്കുന്നത് നല്ലാതായിരിക്കും!

കുറിപ്പുകള്‍

58. ബുഖാരി, സ്വഹീഹ് (കിതാബുല്‍ ജിഹാദിവസ്സയ്ർ – ബാബു മന്‍ അസാ ബിസ്വബിയ്യിന്‍ ലിൽ മിദ്മതി); ബുഖാരി, സ്വഹീഹ് (കിതാബുല്‍ ബുയൂഅ് – ബാബു ഹല്‍ യുസാഫിറു ബില്‍ ജാരിയതി ക്വബ്‌ല അന്‍ യസ്തബ്‌രിഅഹാ); ബുഖാരി, സ്വഹീഹ് (കിതാബുല്‍ മഗാസി – ബാബു ഗസ്‌വതി ഖയ്ബര്‍).

59. അബൂദാവൂദ്, സുനന്‍ (കിതാബുന്നികാഹ്‌ – ബാബു ഫീ വത്വ്ഇസ്സബായാ).

60. Ibid.

61. 2: 234 – 5.

62. ക്വുര്‍ആന്‍ 2:228, 65:4 തുടങ്ങിയവയുടെ തഫ്‌സീറുകള്‍ കാണുക.

3 Comments

 • എനിക്കിതൊരു പുതിയ അറിവാണ്, യുദ്ധത്തിലെ ഇദ്ദ.

  Nouf 22.08.2019
 • Masha Allah

  Mubashira N 26.08.2019
 • السلام عليكم و رحمة الله وبركاته
  മുഴുവൻ ലേഖനങ്ങളും ഒരു PDF രൂപത്തിൽ ലഭിച്ചാൽ വളരെ ഉപകാരമായിരിക്കും വിമർശനവുമായി വരുന്നവരുടെ അണ്ണാക്കിൽ തള്ളികൊടുക്കാലോ

  FASIL 04.09.2019

Leave a comment

Your email address will not be published.

ten + 20 =