നബിയും സ്വഫിയ്യയും: മാനവികതയുടെ മഹാപാഠങ്ങള്‍ -7

//നബിയും സ്വഫിയ്യയും: മാനവികതയുടെ മഹാപാഠങ്ങള്‍ -7
//നബിയും സ്വഫിയ്യയും: മാനവികതയുടെ മഹാപാഠങ്ങള്‍ -7
ചരിത്രം

നബിയും സ്വഫിയ്യയും: മാനവികതയുടെ മഹാപാഠങ്ങള്‍ -7

Print Now
പ്രതികാരമായിരുന്നില്ല,അനുരാഗമായിരുന്നു സ്വഫിയ്യ(റ)യുടേത്

മുഹമ്മദ് നബി(സ)യും സ്വഫിയ്യ(റ)യും ഖയ്ബറില്‍ നിന്നുള്ള വഴിമധ്യേ ആദ്യരാത്രി പങ്കുവെച്ചപ്പോള്‍ അവരുടെ തമ്പിനുപുറത്ത് അബൂ അയ്യൂബ് (റ) എന്ന പ്രവാചകാനുചരന്‍ നേരം പുലരും വരെ വാളുമായി കാവല്‍ നിന്നതായി ഇമാം ത്വബ്‌രി തന്റെ താരീഖില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ഒരു നിവേദനത്തില്‍ പറയുന്നുണ്ട്. ‘വാള്‍തലപ്പിന്റെ നിഴലില്‍’ നിസ്സഹായയായി മുഹമ്മദ് നബി(സ)ക്ക് വഴങ്ങിക്കൊടുക്കുകയായിരുന്നു സ്വഫിയ്യ (റ) എന്നാണ് ഇതിനെ ഉദ്ധരിച്ചുകൊണ്ട് വിമര്‍ശനസാഹിത്യങ്ങള്‍ ആരോപിക്കുന്നത്. ബലപ്രയോഗത്തിന്റെ ഒരംശവും സ്വഫിയ്യ(റ)ക്കുനേരെ നടത്താന്‍ പ്രവാചകന്‍ (സ) ഉദ്ദേശിച്ചിട്ടേയില്ലെന്ന് നേരത്തെ വിവരിച്ച സംഭവങ്ങളില്‍ നിന്ന് തീര്‍ത്തും വ്യക്തമാണ്. ഒരുമിച്ച് രാപാര്‍ക്കാനുള്ള അവരുടെ തീരുമാനം ഉഭയകക്ഷി സമ്മതപ്രകാരമായിരുന്നുവെന്നും നാം കണ്ടു. അബൂ അയ്യൂബിന്റെ സംഭവത്തിനു വിമര്‍ശകര്‍ നല്‍കുന്ന വ്യാഖ്യാനം ചരിത്രപരമായി നിലനില്‍പില്ലാത്തതാണെന്ന്, ഇതുകൊണ്ടൊക്കെത്തന്നെ, സ്പഷ്ടമാണ്. മറ്റെല്ലായിടത്തുമെന്നപോലെ, ത്വബ്‌രിയിലെ പരാമൃഷ്ട നിവേദനത്തെയും കള്ളങ്ങള്‍ ചേര്‍ത്ത്, വക്രീകരിക്കുകയാണ് അവര്‍ ചെയ്യുന്നത്. നിവേദനം നമുക്ക് പരിശോധിക്കുക. ത്വബ്‌രിയിലുള്ള ഉദ്ധരണി പറയുന്നത് അബൂ അയ്യൂബിനെ മുഹമ്മദ് നബി (സ) തന്റെ തമ്പിനുപുറത്ത് കാവല്‍ നിര്‍ത്തി എന്നല്ല; മറിച്ച് സ്വഫിയ്യ(റ)യും നബി(സ)യും അകത്തായപ്പോള്‍ അബൂ അയ്യൂബ് വന്ന് അവിടെ നിന്നു എന്നാണ്. അദ്ദേഹം അങ്ങനെ പുറത്തുനില്‍ക്കുന്ന കാര്യം നബി(സ)യോ സ്വഫിയ്യ(റ)യോ നേരം വെളുക്കുന്നതുവരെ അറിഞ്ഞിട്ടേയില്ല. അബൂ അയ്യൂബിന്റെ വാള്‍ ഭയന്നാണ് സ്വഫിയ്യ (റ) നബി(സ)യുടെ കിടപ്പറ പങ്കിട്ടതെന്ന കല്‍പന എത്ര വസ്‌തുതാ വിരുദ്ധമാണെന്ന് ഇതില്‍നിന്നുതന്നെ മനസ്സിലാകുന്നുണ്ട്. രാവിലെ തമ്പിനു പുറത്തുവന്ന പ്രവാചകന്‍ (സ) അബൂ അയ്യൂബ് അവിടെ നില്‍ക്കുന്നത് കാണുകയാണ് ചെയ്തത്. യുദ്ധത്തില്‍ ബന്ധുക്കള്‍ കൊല്ലപ്പെട്ടതിന് സ്വഫിയ്യ പ്രവാചകനോട് പ്രതികാരം ചെയ്യുമോ എന്ന ഭയപ്പാടുകൊണ്ടാണ് താന്‍ അവിടെ നിന്നതെന്ന് അബൂ അയ്യൂബ് നബി(സ)ക്ക് അന്നേരം വിശദീകരിച്ചുകൊടുക്കുകയായിരുന്നു.(56) പ്രവാചകനോടുള്ള കൂറ് മനസ്സിലാഴ്ന്നിറങ്ങിയിരുന്ന അബൂ അയ്യൂബ് (റ), സ്വഫിയ്യ(റ)യുടെ കാര്യത്തില്‍ ഒരു മുന്‍കരുതല്‍ ആവശ്യമാണെന്നു സ്വയം തോന്നിയതിന്റെ അടിസ്ഥാനത്തില്‍ കൂടാരത്തിനു പുറത്ത് സ്വന്തം നിലയ്ക്ക് വന്നുനിന്നുവെന്നാണ് നിവേദനത്തിലുള്ളതെന്നു ചുരുക്കം. ഭൗതികമായ പരിതസ്ഥിതികള്‍വെച്ച് ആര്‍ക്കും ഉണ്ടാകാവുന്ന ആലോചന മാത്രമാണ് അബൂ അയ്യൂബിന് (റ) ഇവിടെ ഉണ്ടായത് എന്നതാണ് സത്യം. സ്വഫിയ്യ (റ)യുമായി സംസാരിക്കാനോ സമ്പർക്കം പുലർത്താനോ ഒന്നും കഴിഞ്ഞിട്ടില്ലാത്ത അബൂ അയ്യൂബിന് (റ) അവരുടെ മനസ്സ് താന്‍ വിചാരിക്കുന്നതിന്റെ വിപരീതധ്രുവത്തിലാണ് നിലകൊണ്ടിരുന്നതെന്ന് തിരിച്ചറിയാന്‍ നിര്‍വാഹമൊന്നും ഉണ്ടായിരുന്നില്ലല്ലോ! മനുഷ്യനെക്കുറിച്ചുള്ള സാമാന്യമായ അനുമാനങ്ങളെയെല്ലാം അസ്ഥാനത്താക്കുന്ന വിസ്മയകരമായ സംസ്‌കരണമാണ് വിശ്വാസം മനസ്സിനകത്തുണ്ടാക്കുക. സാഹചര്യംവെച്ച് പ്രവാചകനോട് ശത്രുതയാണുണ്ടാകേണ്ടതെന്ന് ദൂരെനിന്ന് നിരീക്ഷിക്കുന്നവര്‍ക്ക് ഉറപ്പുതോന്നുന്ന സ്വഫിയ്യ (റ) ഇസ്‌ലാമിനോടും പ്രവാചകനോടുമുള്ള ഇഷ്ടത്താല്‍ നിറഞ്ഞുനിന്നത് വിശ്വാസത്തിന്റെ അത്ഭുതമാണ് – അബൂ അയ്യൂബിനെപ്പോലെ ഒരാള്‍ക്കുപോലും സമയമെടുത്തു മാത്രം കുരുക്കഴിക്കാനായ അത്ഭുതം! അബൂ അയ്യൂബ് (റ) സംഭവിക്കുമോയെന്ന് ശങ്കിച്ച ചതിയല്ല, ആത്മാര്‍ത്ഥമായ മനസ്സുപറിച്ചുകൊടുക്കലാണ് അന്നു രാത്രി ആ താല്‍ക്കാലിക കിടപ്പറക്കുള്ളില്‍ നടന്നത്. അബൂ അയ്യൂബിന്റെ (റ) ആശങ്കകള്‍ അസ്ഥാനത്താവുകയാണ് ചെയ്തതെന്ന വസ്തുത, സ്വഫിയ്യ(റ)യുടെ കഥയില്‍ വിമര്‍ശകര്‍ ആഗ്രഹിക്കുന്ന കാര്യങ്ങളല്ല ഉളളതെന്നു മാത്രമാണ് പിന്നെയും ബോധ്യപ്പെടുത്തുന്നത്.

ഖയ്ബറില്‍ നിന്ന് മടങ്ങുംവഴി സ്വഫിയ്യ(റ)യുടെ കൂടെ അന്തിയുറങ്ങുന്നത് പ്രവാചകന് (സ) അപകടം വരുത്തിവെക്കുമോ എന്നു ഭയപ്പെട്ട മറ്റൊരാള്‍ കൂടി, അബൂ അയ്യൂബിനു പുറമെ, പ്രവാചകശിഷ്യന്‍മാരില്‍ ഉണ്ടായിരുന്നു. മറ്റാരുമല്ല, സാക്ഷാല്‍ സ്വഫിയ്യ (റ) തന്നെ! ഖയ്ബര്‍ വിട്ട് ഉദ്ദേശം ആറു മൈല്‍ ദൂരം പിന്നിട്ടപ്പോള്‍ വിവാഹരാത്രിയിലേക്ക് പ്രവേശിക്കാനായിരുന്നു നബി(സ)യുടെ ആദ്യപദ്ധതി. എന്നാല്‍ സ്വഫിയ്യ (റ) ആ നിര്‍ദേശം തിരസ്‌കരിക്കുകയാണ് ചെയ്തത്. പിന്നീട് മുകളില്‍ വിശദീകരിച്ചപ്രകാരം നബി(സ)യും സ്വഫിയ്യ(റ)യും ഖയ്ബറില്‍നിന്ന് പന്ത്രണ്ടു മൈല്‍ ദൂരെ ആദ്യരാത്രി സാക്ഷാല്‍കരിച്ചപ്പോള്‍ ഈ തിരസ്‌കാരത്തെക്കുറിച്ച് പ്രവാചകന്‍ (സ) സ്വഫിയ്യ(റ)യോട് ചോദിച്ചു. അവരുടെ മറുപടി, ”അല്ലാഹുവിന്റെ ദൂതരേ, അങ്ങ് യഹൂദരോട് അടുത്തുള്ള ഒരു സ്ഥലത്തുവെച്ച് അത് ചെയ്യുന്നത് ഞാന്‍ ഭയപ്പെട്ടു. ഇപ്പോള്‍ നാം സുരക്ഷിതമായ അകലത്തിലാണ്” എന്നായിരുന്നു.(57) യഹൂദര്‍ നബി(സ)യോട് പ്രതികാരം ചെയ്യാനുള്ള സാധ്യത, താനും പ്രവാചകനും തമ്പടിക്കുന്നത് അവരില്‍നിന്ന് സുരക്ഷിതമായ ദൂരത്തായിരിക്കേണ്ടതിന്റെ ആവശ്യകത, സ്വഫിയ്യ(റ)യെ മഥിച്ചിരുന്നുവെന്നു പറയുമ്പോള്‍ ‘യഹൂദപ്രതികാരം’ അബൂ അയ്യൂബിനെപ്പോലെ തന്നെ സ്വഫിയ്യ(റ)യും ഊഹിച്ചിരുന്നുവെന്നാണര്‍ത്ഥം. എന്നാല്‍ അതില്‍നിന്ന് പ്രവാചകനെ സംരക്ഷിക്കാനുള്ള വ്യഗ്രതയാണ്, അതുവഴി നബി(സ)യുമായുള്ള തന്റെ വിവാഹം അലങ്കോലമാകാതിരിക്കാനുള്ള ആഗ്രഹമാണ്, സ്വഫിയ്യ(റ)ക്ക് ഉണ്ടായിരുന്നത്; അല്ലാതെ അബൂ അയ്യൂബ് (റ) സംശയിച്ചതുപോലെ അതില്‍ പങ്കുചേരുവാനുള്ള വംശവൈകാരികതയല്ല. നബി(സ)യുടെ ജീവനും പ്രവാചകനോടുള്ള തന്റെ സഹവാസത്തിനും യഹൂദര്‍ ഭംഗം വരുത്താതിരിക്കാനുള്ള കരുതല്‍ ഖയ്ബറില്‍ നിന്നുള്ള മടക്കയാത്രയുടെ നന്നേ തുടക്കത്തില്‍ തന്നെ ഉള്ളിലുറഞ്ഞിരുന്ന സ്വഫിയ്യ(റ)യെ തങ്ങളുദ്ദേശിച്ച ഛായയില്‍ വരക്കണമെങ്കില്‍ വിമര്‍ശകര്‍ ചരിത്രത്തെ മുഴുവന്‍ തീവെച്ച് നശിപ്പിച്ച് കെട്ടുകഥകളില്‍ അഭിരമിക്കേണ്ടി വരും! സ്വഫിയ്യ (റ) വിസമ്മതമറിയിച്ചപ്പോള്‍ കിടപ്പറയൊരുക്കാതെ മുന്നോട്ടുപോയ പ്രവാചകന്‍ (സ) പിന്നീടവര്‍ സമ്മതിച്ചപ്പോള്‍ മാത്രമാണ് അതിനു തുനിഞ്ഞതെന്ന സത്യത്തിനു കൂടിയാണ് ഈ സംഭാഷണശകലം ശക്തിയായി അടിവരയിടുന്നത്.

കുറിപ്പുകള്‍

56. Ella Landau-Tasseron (Tr.), The History of al-Tabari Vol. XXXIX, Biographies of the Prophet’s Companions and Their Successors. (Albany: State University of New York Press 1998), p. 185.
57. Rizwi Faizer: (Ed.), The Life of Muhammad: Al-Waqidi’s Kitab al-Maghazi (Oxon: Routledge, 2011), pp. 348 -9.

3 Comments

  • Jazakkallah for a beutyfull series of prophets history

    Shahul 16.07.2019
  • Ma sha Allah, good article

    jumna fathima 17.07.2019
  • Excellent history

    Ibrahim cm 26.08.2019

Leave a comment

Your email address will not be published.