നബിയും സ്വഫിയ്യയും: മാനവികതയുടെ മഹാപാഠങ്ങള്‍-6

//നബിയും സ്വഫിയ്യയും: മാനവികതയുടെ മഹാപാഠങ്ങള്‍-6
//നബിയും സ്വഫിയ്യയും: മാനവികതയുടെ മഹാപാഠങ്ങള്‍-6
ചരിത്രം

നബിയും സ്വഫിയ്യയും: മാനവികതയുടെ മഹാപാഠങ്ങള്‍-6

സ്വഫിയ്യ (റ) അനുഭവിച്ചത് ഇസ്‌ലാമിന്റെ മധുരമാണ്

നബിവിദ്വേഷത്താല്‍ പാപപങ്കിലമായിത്തീര്‍ന്നതായിരുന്നു തന്റെ പിതാവിന്റെ ജീവിതം എന്ന് അംഗീകരിക്കുകയും അത് അനന്തരമെടുക്കാന്‍ താന്‍ ഉദ്ദേശിക്കുന്നില്ലെന്ന് വ്യക്തമാക്കുകയും പിതാവിന്റെ ജീവിതം ക്വുര്‍ആന്‍ പ്രകാരം അദ്ദേഹത്തിന്റെ മാത്രം ഉത്തരവാദിത്തമാണെന്നതില്‍ ആശ്വാസം കണ്ടെത്തുകയും ചെയ്യുന്ന സ്വഫിയ്യ(റ)യില്‍ നാം കാണുന്നത് വിശ്വാസത്തിന്റെ ധീരതയും നിശ്ചയദാര്‍ഢ്യവുമാണ്‌. ഹുയയ്യിന്റെയും കിനാനയുടെയും കൂടെ ജീവിക്കുമ്പോഴും സ്വഫിയ്യ (റ) ഇസ്‌ലാമില്‍ ആകൃഷ്ടയായിരുന്നുവെന്നും ഇസ്‌ലാമിന്റെ വേദഗ്രന്ഥത്തെയും അതിലെ തത്ത്വങ്ങളെയും കുറിച്ച് അവര്‍ക്ക് ധാരണയുണ്ടായിരുന്നുവെന്നും കൂടി അവരുടെ സംസാരം വ്യക്തമാക്കുന്നുണ്ട്. പിതാവിന്റെ നബിവിരോധത്തോട് അകലം പ്രഖ്യാപിച്ച ഉടനെ സ്വഫിയ്യ (റ) നബി(സ)യോട് പറയുന്നത്, ‘അങ്ങ് ക്ഷണിക്കുന്നതിനുമുമ്പ് തന്നെ ഞാന്‍ ഇസ്‌ലാമിനെ തിരിച്ചറിയുകയും അങ്ങയെ സത്യപ്പെടുത്തുകയും ചെയ്തിട്ടുണ്ട്’ എന്നാണ്. ഇസ്‌ലാമിനോട് ശത്രുതയുണ്ടായിരുന്ന തന്റെ യഹൂദ ബന്ധുക്കള്‍ മരണപ്പെട്ടുകഴിഞ്ഞെന്നും കുഫ്ർ (സത്യനിഷേധം) വേണോ ഇസ്‌ലാം വേണോ എന്ന പ്രവാചകന്റെ അന്വേഷണത്തിന് ഉത്തരമായി തനിക്ക് അസന്നിഗ്ധമായി പറയാനുള്ളത് ‘എന്റെ മോചനത്തേക്കാളും എന്റെ സമൂഹത്തിലേക്കുള്ള മടക്കത്തെക്കാളും അല്ലാഹുവും അവന്റെ റസൂലുമാണ്‌ എനിക്ക് പ്രിയം’ എന്നു മാത്രമാണെന്നും ആണ് സ്വഫിയ്യ (റ) തുടര്‍ന്നു വിശദീകരിച്ചത് എന്നും നിവേദനത്തില്‍ കാണാം. (47)

മുഹമ്മദ് നബി (സ) സത്യപ്രവാചകനാണെന്ന് സ്വഫിയ്യ(റ)യുടെ പിതാവായ ഹുയയ്യിനു തന്നെ ബോധ്യമുണ്ടായിരുന്നുവെന്ന് ഇബ്‌നു ഇസ്ഹാഖ് രേഖപ്പെടുത്തിയിട്ടുള്ള ഒരു പാരമ്പര്യം വായിച്ചാല്‍ മനസ്സിലാകും. സ്വഫിയ്യ (റ) തന്റെ കുട്ടിക്കാല അനുഭവങ്ങള്‍ വിവരിക്കുന്നതാണ് നിവേദനത്തിന്റെ ഉള്ളടക്കം. പിതാവായ ഹുയയ്യിന്റെയും പിതൃവ്യനായ അബൂയാസറിന്റെയും ഏറ്റവും പ്രിയപ്പെട്ട കുട്ടിയായാണ് താന്‍ വളര്‍ന്നതെന്നും താന്‍ വീട്ടിലുള്ളപ്പോള്‍ ഇരുവരും കുടുംബത്തിലെ മറ്റു കുഞ്ഞുങ്ങളെയൊന്നും പരിഗണിക്കാറില്ലായിരുന്നുവെന്നും പറഞ്ഞു തുടങ്ങുന്ന സ്വഫിയ്യ (റ) പിന്നെ പറയുന്നത് മുഹമ്മദ് നബി (സ) മക്കയില്‍ നിന്ന് മദീനയിലേക്ക് ഹിജ്‌റ ചെയ്‌തെത്തി ഖുബായില്‍ തങ്ങുന്നുവെന്ന വിവരമറിഞ്ഞ പിതാവും പിതൃവ്യനും നബി(സ)യെ കാണാനുള്ള കൗതുകത്തില്‍ ഖുബായിലേക്ക് പുറപ്പെട്ട കാര്യമാണ്. മുഹമ്മദ് നബി (സ) മദീനയിലെത്തിയ ഉടനെയാണിത്. സ്വഫിയ്യ(റ)ക്ക് അന്ന് പത്തോ പതിനൊന്നോ വയസ്സ് മാത്രമേ കാണൂ. നേരം വെളുക്കുന്നതിനുമുമ്പ് വീട്ടില്‍ നിന്നിറങ്ങിയ രണ്ടുപേരും തിരിച്ചെത്തിയത് രാത്രിയായതിനുശേഷം ക്ഷീണിച്ചവശരായി കുനിഞ്ഞ ശിരസ്സുമായിട്ടാണ്. പിതാവിന്റെയും പിതൃവ്യന്റെയും സന്നിധിയിലേക്ക് സ്വഫിയ്യ (റ) പതിവുപോലെ ആവേശപൂര്‍വം ഓടിച്ചെന്നെങ്കിലും ശോകമൂകരായിരുന്ന രണ്ടുപേരും അവളെ ശ്രദ്ധിച്ചതേയില്ല. കാര്യമെന്താണെന്നറിയാന്‍ ഉറ്റുനോക്കിയ സ്വഫിയ്യ (റ) കേട്ടത് അബൂയാസിര്‍ ഹുയയ്യിനോട് ”അദ്ദേഹം അദ്ദേഹമാണോ, താങ്കള്‍ അദ്ദേഹത്തെ തിരിച്ചറിഞ്ഞോ, താങ്കള്‍ക്ക് ഉറപ്പാണോ” എന്ന് ചോദിക്കുന്നതാണ്. ഹുയയ്യ് മറുപടി പറഞ്ഞതിങ്ങനെ: ”അതെ!” ”എന്തായിരിക്കും നിങ്ങള്‍ക്ക് അദ്ദേഹത്തോടുള്ള ഭാവം?” – അബൂ യാസറിന്റെ അടുത്ത അന്വേഷണം. ഹുയയ്യിന്റെ പ്രതികരണം അസന്നിഗ്ധമായിരുന്നു: ”അല്ലാഹുവാണ് സത്യം, ഞാന്‍ ജീവിച്ചിരിക്കുന്നേടത്തോളം കാലം അദ്ദേഹത്തിന്റെ എതിരാളിയായിത്തന്നെ നില്‍ക്കും.”(48) തൗറാത്തില്‍ പ്രവചിക്കപ്പെട്ടതിനാല്‍ യഹൂദര്‍ പ്രതീക്ഷിച്ചുകൊണ്ടിരുന്ന അന്തിമ പ്രവാചകന്‍ തന്നെയാണ് മക്കയില്‍ നിന്ന് മദീനയിലെത്തിയിരിക്കുന്ന മുഹമ്മദ് എന്ന് അദ്ദേഹത്തെ കണ്ട മാത്രയില്‍ ലക്ഷണങ്ങളില്‍നിന്ന് ഹുയയ്യിന് സംശയരഹിതമായി ബോധ്യപ്പെട്ടിരുന്നു എന്നും അറബികളോടുള്ള വംശീയ വിരോധമോ വ്യക്തിപരമായ അഹന്തയോ മൂലം ആ സത്യത്തോട് മുഖം തിരിക്കാനാണ് അയാള്‍ തീരുമാനിച്ചതെന്നും ഈ സംഭാഷണത്തിനു സാക്ഷിയായ സ്വഫിയ്യ(റ)ക്ക് തീര്‍ത്തും വ്യക്തമായിരുന്നു. പിന്നെയെങ്ങനെയാണ് ചെറുപ്പന്നേ ലഭിച്ച യഹൂദ വേദവിദ്യാഭ്യാസത്തില്‍ നിന്ന് അന്തിമപ്രവാചകന്റെ ആഗമനത്തെക്കുറിച്ച് ഗ്രഹിച്ചിട്ടുള്ള നിഷ്‌കളങ്കയും സത്യസന്ധയുമായ സ്വഫിയ്യ (റ) പിതാവിന്റെ വഴിയുപേക്ഷിച്ച് നബി(സ)യുടെ മാര്‍ഗത്തെ പുണരാതിരിക്കുക!

ഹുയയ്യിന്റെ നബിവിരോധം സ്വഫിയ്യ (റ) പങ്കുവെക്കുന്നില്ലെന്നും അവര്‍ക്ക് പ്രവാചകനോടുളളത് അനുഭാവമാണെന്നും തന്റെ ആദര്‍ശവരുതിയില്‍ അവര്‍ ഒതുങ്ങാന്‍ സാധ്യത കുറവാണെന്നും ഖയ്ബര്‍ യുദ്ധത്തിനുമുമ്പ് അല്‍പകാലം അവരുടെ കൂടെ ജീവിച്ച പഴയ ഭര്‍ത്താവ് കിനാനക്ക് തോന്നിയിരുന്നുവെന്ന് ഇബ്‌നു ഇസ്ഹാഖിലെ തന്നെ മറ്റൊരു ഉദ്ധരണി സ്പഷ്ടമാക്കുന്നുണ്ട്. ഖയ്ബറില്‍ സ്വഫിയ്യ (റ) നബി(സ)യുടെ മുമ്പില്‍ ഹാജരാക്കപ്പെടുമ്പോള്‍ അവരുടെ കണ്ണിനുമുകളില്‍ കരുവാളിച്ച് നിന്നിരുന്നത് പ്രവാചകന്റെ (സ) ശ്രദ്ധയില്‍പെട്ടതാണ് സന്ദര്‍ഭം. അതെന്തുപറ്റിയതാണെന്നു അന്വേഷിച്ച നബിയോട്, തന്റെ മടിയിലേക്ക് ചന്ദ്രന്‍ വന്നുവീഴുന്നത് താന്‍ സ്വപ്നം കണ്ടുവെന്നും അതേക്കുറിച്ച് കിനാനയോട് പറഞ്ഞപ്പോള്‍ ‘നീ ഹിജാസിലെ രാജാവായ മുഹമ്മദിനെ ആഗ്രഹിക്കുന്നുവെന്നു മാത്രമാണ് അതിനര്‍ത്ഥം’ എന്നു ആക്രോശിച്ചുകൊണ്ട് കിനാന തന്റെ മുഖത്ത് പ്രഹരിച്ചുവെന്നും അതിന്റെ പാടാണ് കണ്ണിനടുത്ത് കാണുന്നതെന്നും ആണ് സ്വഫിയ്യ (റ) വിശദീകരിച്ചത്.(49) സ്വഫിയ്യ(റ)യുമായുള്ള ഇടപഴകലുകളില്‍ നിന്ന് അവര്‍ ഇസ്‌ലാമിനെ ആഗ്രഹിക്കുന്നതായി സംശയം തോന്നിയതുകൊണ്ടാണല്ലോ, അവരുടെ സ്വപ്നത്തെ പ്രവാചകനോടുള്ള അനുരാഗമായി കിനാന ഞൊടിയിടയില്‍ വ്യാഖ്യാനിച്ചത്. നബി(സ)യെക്കുറിച്ച് ചെറുപ്പത്തില്‍ തന്നെ വേരുറച്ചിരുന്ന ബോധവും ഈ സ്വപ്നവും അതിന് ഭര്‍ത്താവ് നല്‍കിയ വ്യാഖ്യാനവും അയാളില്‍നിന്ന് തുടര്‍ന്ന് ഏല്‍ക്കേണ്ടി വന്ന പീഡനവുമൊക്കെ രൂപപ്പെടുത്തിയതാണ് സ്വഫിയ്യ(റ)യുടെ മാനസികാവസ്ഥ എന്ന് മനസ്സിലാക്കിയാല്‍ ഖയ്ബറില്‍ മുസ്‌ലിം സൈന്യമെത്തുമ്പോള്‍ അവരുടെ വികാരങ്ങള്‍ വിമര്‍ശകര്‍ സങ്കല്‍പിക്കുന്നതില്‍ നിന്ന് എത്രയോ വ്യത്യസ്തമാണെന്ന് ആര്‍ക്കും കാണാന്‍ കഴിയും. തന്റെ വിശ്വാസപരമായ ബോധ്യങ്ങളിലേക്ക് വളരാന്‍ ദുഷ്ടരായ പിതാവിന്റെയും ഭര്‍ത്താവിന്റെയും തുടലുകള്‍ അനുവദിക്കാതിരുന്ന ഒരു സ്ത്രീയുടെ വ്യക്തിസ്വാതന്ത്ര്യം പുനഃസ്ഥാപിക്കുകയാണ് ഖയ്ബര്‍ ചെയ്തതെന്നും സ്വഫിയ്യ(റ)ക്ക് അത് ആത്യന്തികമായി അനുഭവപ്പെട്ടത് ആത്മീയവും ഭൗതികവുമായ വിമോചനമായാണ് എന്നും വരുമ്പോള്‍ വിമര്‍ശകര്‍ സ്ഥാപിക്കാന്‍ നീങ്ങുന്നതിന്റെ നേര്‍വിപരീത ദിശയിലാണ് സ്വഫിയ്യ(റ)യുടെ അനുഭവമണ്ഡലം ചലിച്ചതെന്ന് സുതരാം വ്യക്തമാണ്. രണ്ടു സൈന്യങ്ങള്‍ തമ്മില്‍ യുദ്ധം നടക്കുകയും ഒരു വിഭാഗം ജേതാക്കളാവുകയും കീഴടക്കപ്പെട്ട വിഭാഗത്തിന്റെ നേതാവിന്റെ പുത്രി തന്റെ ജനത്തെ ഉപേക്ഷിച്ച് ‘ശത്രു’വിഭാഗത്തിന്റെ നേതാവിനോട് ‘നിങ്ങളെ കാത്തിരിക്കുക’യായിരുന്നുവെന്ന് പറയുകയും ചെയ്ത ലോകചരിത്രത്തില്‍ തന്നെ അത്യപൂര്‍വമായ ഒരു വിസ്മയമാണ് സ്വഫിയ്യ(റ)യിലൂടെ ഖയ്ബറില്‍ ഇതള്‍ വിരിഞ്ഞത്; അതിന്റെ കാര്യകാരണങ്ങള്‍ നിവേദനങ്ങളെല്ലാം ചേര്‍ത്തുവെച്ചാല്‍ സുഗ്രാഹ്യവുമാണ്.

ഇനി മുഹമ്മദ് നബി(സ)യിലേക്ക് വരാം. ഇസ്‌ലാം സ്വീകരിച്ച് തന്റെ കൂടെ അടിമസ്ത്രീയായി പോരുകയാണെന്നു പറഞ്ഞ സ്വഫിയ്യ(റ)യെ നബി (സ) സ്വീകരിച്ചതെങ്ങനെയാണ്? അടിമസ്ത്രീയായിത്തന്നെ അവരെ കൂടെക്കൂട്ടാമായിരുന്നിട്ടും അവര്‍ക്കത് സമ്മതമായിട്ടും അടിമമോചനം നടത്തി അവരെ സ്വതന്ത്രയാക്കി വിവാഹം കഴിക്കുകയാണ് നബി (സ) ചെയ്തത്.(50) സ്വതന്ത്ര വ്യക്തിയുടെ നിയമപദവിയും രാഷ്ട്രനായകന്റെ ഭാര്യാസ്ഥാനവും നല്‍കി ഏറ്റവും ഉന്നതമായ നിലയിലാണ് മുഹമ്മദ് നബി (സ) സ്വഫിയ്യ(റ)യെ സ്വന്തം ജീവിതത്തിലേക്ക് ആനയിച്ചതെന്നു പറയുമ്പോള്‍ നിയമപ്രകാരം നിര്‍ബന്ധമല്ലാത്ത ഉദാരത സ്വഫിയ്യ(റ)യുടെ നേര്‍ക്ക് പ്രവാചകനില്‍നിന്ന് പ്രവഹിച്ചുകൊണ്ടേയിരുന്നുവെന്നാണ് അര്‍ത്ഥം. മുഹമ്മദ് നബി (സ) സ്വഫിയ്യ(റ)യെ കൂടെക്കൂട്ടിയത് അടിമസ്ത്രീയായാണോ ഭാര്യയായാണോ എന്ന് അനുചരന്‍മാര്‍ക്കറിയില്ലായിരുന്നു. സ്വഫിയ്യ (റ) നബിപത്‌നിമാര്‍ അണിയേണ്ട വിധത്തിലുള്ള ഹിജാബണിഞ്ഞത് കണ്ടപ്പോഴാണ് അവര്‍ക്ക് നബി(സ)യുടെ തീരുമാനം വ്യക്തമായതെന്ന് നിവേദനങ്ങളില്‍ ഉണ്ട്.(51) സ്വഫിയ്യ(റ)ക്ക് അടിമമോചനവും ഭാര്യാപദവിയും നല്‍കുക എന്നത് അന്നത്തെ സാമൂഹ്യവഴക്കമനുസരിച്ച് അനിവാര്യതയായിരുന്നില്ല, മറിച്ച് സാധ്യമായ ഒരു ആര്‍ദ്രത മാത്രമായിരുന്നുവെന്നാണ് സ്വഫിയ്യ(റ)യുടെ വസ്ത്രം കാണുന്നതുവരെയുള്ള സ്വഹാബിമാരുടെ നിശ്ചയമില്ലായ്മ വെളിപ്പെടുത്തുന്നത്. പുണ്യപ്രവാചകന്റെ സ്വഭാവവൈശിഷ്ട്യം ഇപ്രകാരം ഓരോ നിമിഷത്തിലും അനുഭവിച്ചുകൊണ്ടാണ് സ്വഫിയ്യ (റ) ഖയ്ബറില്‍നിന്ന് തന്റെ പുതിയ ജീവിതത്തിലേക്ക് പ്രവേശിച്ചത്. ഖയ്ബറില്‍ നിന്ന് മടക്കയാത്ര ആരംഭിക്കാന്‍ ഒട്ടകമെത്തിയപ്പോള്‍ നബി (സ) സ്വഫിയ്യ(റ)യെക്കൂടി ആ ഒട്ടകത്തില്‍ തന്റെ കൂടെ ഇരുത്തി അവരെ ആദരിച്ചു. സ്വഫിയ്യ(റ)ക്ക് ഒട്ടകത്തില്‍ കയറാനുള്ള ചവിട്ടുപടിയായി തന്റെ കാല്‍ മടക്കിവെച്ച് ഇരുന്നുകൊടുക്കുകയാണ് നബി (സ) ചെയ്തത്.(52) മദീനയുടെ പരമാധികാരി ആയിരിക്കെ ഹുയയ്യിന്റെ പുത്രിക്ക് ചവിട്ടിക്കയറാന്‍ നിസ്സങ്കോചം കാല്‍ വെച്ചുകൊടുത്ത് പ്രവാചകന്‍ (സ) വിനയത്തിന്റെയും കാരുണ്യത്തിന്റെയും അസാധ്യമെന്നു തോന്നാവുന്ന ഉയരങ്ങള്‍ പ്രാപിക്കുകയായിരുന്നു. എന്നാല്‍ പ്രവാചകശരീരത്തില്‍ ചവിട്ടാന്‍ വിസമ്മതിച്ച് അവിടത്തോടുള്ള ബഹുമാനാദരവുകള്‍ പ്രകടിപ്പിച്ച സ്വഫിയ്യ (റ), തന്റെ കാല്‍മടക്കി നബി(സ)യുടെ കാലില്‍ തന്റെ കാല്‍മുട്ടുകൊണ്ട് ഊന്നിയാണ് ഒട്ടകപ്പുറത്ത് കയറിയത്.(53) നബി(സ)യും സ്വഫിയ്യ(റ)യും തമ്മില്‍ കുറഞ്ഞനേരത്തെ സമ്പര്‍ക്കം കൊണ്ടുതന്നെ എത്ര ഹൃദ്യമായ ബന്ധമാണ് വളര്‍ന്നതെന്ന് വ്യക്തമാക്കുന്നതായിരുന്നു അവരൊന്നിച്ച് ഖയ്ബറില്‍ നിന്ന് മദീനയിലേക്ക് ഒട്ടകപ്പുറത്ത് നടത്തിയ പ്രയാണം.

മുഹമ്മദ് നബി(സ)യും സ്വഫിയ്യ(റ)യും തമ്മിലുള്ള വിവാഹധാരണക്ക് അവര്‍ ഖയ്ബറില്‍ നിന്ന് പുറപ്പെട്ട് മദീനയിലെത്തുന്നതിനുമുമ്പുതന്നെ പൂര്‍ണ പ്രായോഗിക സാക്ഷാത്കാരവുമുണ്ടായി എന്ന വസ്തുത ശ്രദ്ധേയമാണ്. പ്രവാചകന്റെ (സ) ഭൃത്യനായിരുന്ന അനസിന്റെ (റ) മാതാവും മദീനയിലെ വിശ്വാസിനി സ്ത്രീകളില്‍ പ്രമുഖയുമായിരുന്ന ഉമ്മു സുലൈം (റ) ഖയ്ബറിലേക്ക് പ്രവാചകന്റെ സൈന്യത്തിന് അകമ്പടിയായി പോയവരുടെ കൂട്ടത്തില്‍ ഉണ്ടായിരുന്നു. ഖയ്ബറില്‍നിന്ന് തിരികെയുള്ള യാത്രയ്ക്കിടയില്‍ ഒരു രാത്രി ഉമ്മു സുലൈം സ്വഫിയ്യ(റ)യെ അണിയിച്ചൊരുക്കി. പ്രവാചകന്റെ (സ) സഹചരര്‍ അദ്ദേഹത്തിനും സ്വഫിയ്യ(റ)ക്കും രാപ്പാര്‍ക്കാന്‍ ഒരു തമ്പ് കെട്ടിയുണ്ടാക്കി. അതില്‍ നബി(സ)യും സ്വഫിയ്യ(റ)യും ഒരു രാത്രി കഴിയുകയും പിറ്റേന്ന് അവിടെവെച്ചുതന്നെ വിവാഹസദ്യ നടത്തുകയും ചെയ്തു.(54) ഇങ്ങനെ ചെയ്തത്, ഖയ്ബറില്‍നിന്ന് പന്ത്രണ്ട് മൈലോളം ദൂരം പിന്നിട്ടശേഷം സ്വഫിയ്യ(റ)യുടെ പൂര്‍ണസമ്മതത്തോടെയായിരുന്നു.(55) നബി(സ)യും സ്വഫിയ്യ(റ)യും യുദ്ധം കഴിഞ്ഞുള്ള മടക്കയാത്രയില്‍ തന്നെ ശയ്യ പങ്കിട്ടതിനെ എന്തോ വലിയ അപരാധമായാണ് വിമര്‍ശകരചനകള്‍ അവതരിപ്പിക്കുന്നത്. വാസ്തവത്തില്‍, വിശ്വാസത്തിന്റെ മധുരമനുഭവിച്ചുതുടങ്ങിയ സ്വഫിയ്യ (റ) ഏതാനും ദൂരത്തെ ഒരുമിച്ചുള്ള യാത്രകൊണ്ടുതന്നെ നബി(സ)യോടുള്ള പ്രണയത്താല്‍ മുഗ്ധയായി എന്നാണത് കാണിക്കുന്നത്. വിവാഹിതരായ നബി(സ)യും സ്വഫിയ്യ(റ)യും ഉഭയകക്ഷി സമ്മതത്തോടെ മദീനയിലെത്തുന്നതിനുമുമ്പുതന്നെ കിടപ്പറ ജീവിതം ആരംഭിച്ചാല്‍ ആര്‍ക്കെന്താണ് ചേതം? ഹുയയ്യിനെയും കിനാനയെയും പോലുള്ള കൊടിയ നബിവിരോധികള്‍ വലയം തീര്‍ത്ത് വളര്‍ത്തിയിട്ടും സത്യത്തിന്റെ പ്രകാശം ഉള്ളില്‍ കടന്നതോടെ സ്വഫിയ്യ (റ) യുദ്ധത്തിന്റെ ചൂടാറും മുമ്പേ പ്രവാചകന്റെ സ്‌നേഹാശ്ലേഷത്തില്‍ സന്തോഷപൂര്‍വം അലിഞ്ഞുചേര്‍ന്നത് പ്രവാചകനോടുള്ള വെറുപ്പ് കൊണ്ട് ഉന്മാദം ബാധിച്ചവര്‍ക്ക് അസഹനീയമായി അനുഭവപ്പെടുക സ്വാഭാവികം മാത്രമാണ്. ഇവിടെ സ്വഫിയ്യ(റ)യുടെ തെരഞ്ഞെടുപ്പുകളെ മാനിക്കാതിരിക്കാന്‍ ശരീരത്തിന്റെ ആവിഷ്‌കാര സ്വാതന്ത്ര്യത്തെക്കുറിച്ച് കാടിളക്കുന്ന യുക്തിവാദികള്‍ക്കുള്ള ന്യായമെന്താണ്?! യഹൂദര്‍ക്കിടയിലേക്ക് മടങ്ങിപ്പോകുന്നില്ലെന്ന് തീരുമാനിച്ചത് സ്വഫിയ്യ (റ), ഇസ്‌ലാം സ്വീകരിക്കാനിഷ്ടമെന്ന് പ്രഖ്യാപിച്ചത് സ്വഫിയ്യ (റ), യാത്രയിലെ രാത്രിയില്‍ നബി(സ)യുടെ കൂടെ ശയ്യയൊരുക്കാനുള്ള നിര്‍ദേശത്തിന് സമ്മതമറിയിച്ചതും സ്വഫിയ്യ (റ) – പിന്നെ ഈ സംഭവവികാസങ്ങളില്‍ വസ്തുനിഷ്ഠമായ എന്ത് വിമര്‍ശനത്തിനുള്ള വകുപ്പാണുള്ളത്? നബി(സ)യുടെ കൂടെക്കിടന്ന ആദ്യരാത്രി സ്വഫിയ്യ(റ)യുടെ ഉള്ളിൽ എല്ലാ തീയും കെടുത്തുന്ന തണുപ്പ് കടന്നിട്ടുണ്ടാകും എന്ന കാര്യമുറപ്പാണ്. പ്രവാചക ചരിത്രത്തിലെ തന്നെ ഏറ്റവും മനോഹരവും ഉജ്ജ്വലവുമായ സന്ദര്‍ഭങ്ങളില്‍ ഒന്നായിരുന്നു അത്.

(തുടരും)

കുറിപ്പുകള്‍

47. ഇബ്‌നു സഅദ്, op.cit.
48. A. Guillaume, The Life of Muhammad: A Translation of Ibn Ishaq’s Sirat Rasul Allah (Karachi: Oxford University Press, 2007), pp. 241-2.
49. Ibid, p. 515.
50. ബുഖാരി, സ്വഹീഹ് (കിതാബുസ്സ്വലാത് -ബാബു മാ യുദ്കറു ഫില്‍ ഫഖിദ്); മുസ്‌ലിം, സ്വഹീഹ് (കിതാബുന്നികാഹ്- ബാബു ഫദീലതി ഇഅ്താക്വിഹി അമതഹു ഥുമ്മ യതസവ്വജുഹാ).
51. മുസ്‌ലിം, Ibid.
52. ബുഖാരി, സ്വഹീഹ് (കിതാബുല്‍ ജിഹാദി വസ്സയ്ർ -ബാബു മന്‍ അസാ ബി സ്വബിയ്യിന്‍ ലി ഖിദ്മതിഹി).
53. Rizwi Faizer: (ed.), The Life of Muhammad: Al-Waqidi’s Kitab al-Maghazi (London & New York: Routledge, 2011), p. 348.
54. മുസ്‌ലിം, സ്വഹീഹ് (കിതാബുന്നികാഹ്- ബാബു ഫദീലതി ഇഅ്താക്വിഹി അമതഹു ഥുമ്മ യതസവ്വജുഹാ)
55. Rizwi Faizer: (ed.), op.cit, p. 348-9.

print

3 Comments

  • Masha Allah a very good reading of the history jazakkallah..

    Shahul 15.07.2019
  • Very interesting exploration of facts

    Haiderali 17.07.2019
  • Masha allah

    Ibrahim cm 03.08.2019

Leave a comment

Your email address will not be published.