നബിയും സ്വഫിയ്യയും: മാനവികതയുടെ മഹാപാഠങ്ങള്‍ -4

//നബിയും സ്വഫിയ്യയും: മാനവികതയുടെ മഹാപാഠങ്ങള്‍ -4
//നബിയും സ്വഫിയ്യയും: മാനവികതയുടെ മഹാപാഠങ്ങള്‍ -4
ചരിത്രം

നബിയും സ്വഫിയ്യയും: മാനവികതയുടെ മഹാപാഠങ്ങള്‍ -4

Print Now
സ്വഫിയ്യ (റ) നബിജീവിതത്തിലേക്ക്…

മുസ്‌ലിം സൈന്യം ഖയ്ബറില്‍ നിന്ന് കൂടെക്കൂട്ടിയ ബനൂ നദീര്‍ സ്ത്രീകളില്‍ ആരൊക്കെയാണുള്ളത് എന്ന് സ്വാഭാവികമായും മുഹമ്മദ് നബി(സ)ക്കറിയുമായിരുന്നില്ല. ഓരോ സ്ത്രീയും ഏത് സൈനികന്റെ കൂടെയാണ് പോകേണ്ടത് എന്നു തീരുമാനമായപ്പോള്‍ സ്വഫിയ്യ(റ)യെ ലഭിച്ചത് പ്രസിദ്ധ പ്രവാചകാനുചരനും ഖയ്ബര്‍ കീഴടക്കിയ ഇസ്‌ലാമിക സൈന്യത്തില്‍ അംഗവുമായിരുന്ന ദഹ്‌യതുല്‍ കല്‍ബി(റ)ക്ക് ആയിരുന്നു. അദ്ദേഹത്തില്‍ നിന്നാണ് നബി (സ) അവരെ ഏറ്റെടുത്തത്.(32) ദഹ്‌യ(റ)യില്‍ നിന്ന് പ്രവാചകന്‍ (സ) സ്വഫിയ്യ(റ)യെ ഏറ്റെടുക്കുന്നത് ശിഷ്യന്‍മാര്‍ അവിടുത്തോട് അപ്രകാരം ചെയ്യാന്‍ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ്. ‘പ്രവാചകരേ, ബനൂ നദീറുകാരുടെയും ബനൂ ഖുറയ്ദക്കാരുടെയും നേതാവായ ഹുയയ്യിന്റെ പുത്രി സ്വഫിയ്യയെ അങ്ങ് ദഹ്‌യക്ക് ഏല്‍പിച്ചുകൊടുത്തിരിക്കുന്നു; അവരെ ഏറ്റെടുക്കാന്‍ അങ്ങല്ലാതെ മറ്റാരും അനുയോജ്യനല്ല’ എന്ന് സഹചരിലൊരാള്‍ വന്നു പറഞ്ഞപ്പോള്‍ പ്രവാചകന്‍ (സ) സൈന്യം ഖയ്ബര്‍ വിടുന്നതിനു മുമ്പുതന്നെ ദഹ്‌യയെ വിളിച്ചുവരുത്തുകയും സ്വഫിയ്യയെ അദ്ദേഹത്തില്‍നിന്ന് ഏറ്റെടുക്കുകയും അദ്ദേഹത്തിന് അവര്‍ക്കുപകരം വേറെ സ്ത്രീകളെ നിശ്ചയിച്ചുകൊടുക്കുകയാണ് ചെയ്തത്.(33) മറ്റൊരു നിവേദനപ്രകാരം, സ്വഫിയ്യ നദീറുകാരുടെയും ഖുറയ്ദക്കാരുടെയും പെൺ നേതൃത്വമാണ് (സയ്യിദത്) എന്നു പറഞ്ഞുകൊണ്ടാണ് ആഗതൻ അവരെ ദഹ്‌യയെ ഏൽപിക്കുന്നതിലെ അനൗചിത്യം പ്രവാചകനെ ധരിപ്പിച്ചത്.(34) സൈന്യത്തിന്റെ അധീനതയിലായ യഹൂദ വനിതകളുടെ കൂട്ടത്തില്‍ സ്വഫിയ്യ എന്നൊരാളുണ്ടെന്നും അവര്‍ ഹുയയ്യിന്റെ പുത്രിയാണെന്നും നബി (സ) മനസ്സിലാക്കുന്നത് യുദ്ധം കഴിഞ്ഞശേഷം മാത്രമാണെന്ന് ഇതില്‍നിന്ന് വളരെ വ്യക്തമാണ്. ഗോത്രത്തലവന്റെ മകള്‍ എന്ന നിലയില്‍ ഖയ്ബറില്‍ ആദരപൂര്‍വം മാനിക്കപ്പെട്ടിരുന്ന ഒരു വനിതയാണ് സ്വഫിയ്യ എന്നും അവരെ കൂടെക്കൂട്ടുന്നത് ഭരണാധികാരിയെക്കാള്‍ കുറഞ്ഞ മറ്റാരെങ്കിലും ആകുന്നത് അവരുടെ സാമൂഹിക പദവിക്ക് നിരക്കുന്നതല്ലെന്നുമുള്ള കാര്യങ്ങളാണ് നബി(സ)യെ അദ്ദേഹത്തിന്റെ ശിഷ്യന്‍ ഇവിടെ ഉണര്‍ത്തുന്നത്. കഠിനശത്രുവും രാജ്യദ്രോഹിയുമായിട്ടും ഹുയയ്യിന്റെ ഗോത്രത്തലവന്‍ എന്ന സ്ഥാനത്തെ പരിഗണിക്കാന്‍ സന്നദ്ധനാവുകയും അദ്ദേഹത്തിന്റെ മകള്‍ എന്ന നിലയില്‍ സ്വഫിയ്യ(റ)ക്ക് ദഹ്‌യയെപ്പോലുള്ള ഒരു സാധാരണ സൈനികന്റെ ഉത്തരവാദിത്തത്തില്‍ വരുന്നത് ഉണ്ടാക്കുന്ന പ്രയാസം മനസ്സിലാക്കുകയും ചെയ്യുന്ന മനുഷ്യത്വത്തെയാണ് ശിഷ്യന്റെ വാക്കുകള്‍ അംഗീകരിച്ച് സ്വഫിയ്യ(റ)യെ കൂടെക്കൂട്ടുന്ന നബി(സ)യില്‍ നാം കാണുന്നത്. ഖയ്ബര്‍ ഇസ്‌ലാമികാധിപത്യത്തിനു കീഴിലായ ഉടന്‍ സ്വഫിയ്യ(റ)ക്ക് ആകാംക്ഷപൂര്‍വം മുഖാമുഖം നില്‍ക്കേണ്ടിവരുന്ന ആദ്യത്തെ നിര്‍ണായക വിഷയം തീര്‍ച്ചയായും അവള്‍ക്കായി തെരഞ്ഞെടുക്കപ്പെടുന്ന പുരുഷന്‍ ഏത് എന്നതുതന്നെയാണ്. അതില്‍ മുസ്‌ലിം സൈന്യത്തിന്റെ സര്‍വോന്നതസ്ഥാനത്തുള്ളയാളും അതിലുപരി ഉല്‍കൃഷ സ്വഭാവഗുണങ്ങളുടെ പാരമ്യമാണെന്ന കാര്യത്തില്‍ ശത്രുക്കള്‍ക്കുപോലും അഭിപ്രായവ്യത്യാസമില്ലാത്ത വിശിഷ്ട വ്യക്തിത്വത്തിനുടമയുമായിരുന്ന പ്രവാചകനെത്തന്നെ അവര്‍ക്കു നല്‍കുകവഴി സ്വഫിയ്യ(റ)യെ സാധ്യമായതിന്റെ പരമാവധി ആദരിക്കുകയാണ് ഇസ്‌ലാമിക രാജ്യം ചെയ്തത്. ഗോത്രാധിപത്യ സാമൂഹിക ഘടനക്കുള്ളില്‍ ഇത് ജേതാക്കള്‍ക്ക് കീഴടക്കപ്പെട്ട രാജ്യത്തിന് നല്‍കാന്‍ കഴിയുന്ന ഏറ്റവും വലിയ സൗഹൃദസൂചനയാണ്. അതുകൊണ്ട് തന്നെ, തനിക്ക് പോകാനുള്ളത് നബി(സ)യുടെ കൂടെയാണെന്ന അറിവ് സ്വഫിയ്യക്ക് നല്‍കിയ ആശ്വാസവും സമാധാനവും വളരെ വലുതായിരിക്കും. സ്വഫിയ്യ(റ)ക്ക് നല്‍കിയ ഈ പരിഗണന, ബനൂ നദീറുകാരുടെ നേതൃത്വത്തിനുള്ള മുസ്‌ലിംകളുടെ ബഹുമാനവും ഫലത്തില്‍ മുഴുവന്‍ ബനൂ നദീര്‍ സ്ത്രീകള്‍ക്കും പ്രതീകാത്മകമായി ലഭിച്ച നീതിയുടെ ഉറപ്പുമായിരുന്നു എന്നതാണ് യാഥാര്‍ത്ഥ്യം.

യുദ്ധത്തില്‍ ഒരു നാട് കീഴടങ്ങിയാല്‍ അവിടെയുള്ള സ്ത്രീകള്‍ ജേതാക്കളാല്‍ ഏറ്റെടുക്കപ്പെടുക അംഗീകൃത വഴക്കമായിരുന്ന സമൂഹങ്ങളില്‍ ജേതാക്കളിലെ ഏറ്റവും ഉന്നതനും കാരുണ്യപൂര്‍ണനുമായ പുരുഷനെ ആ സ്ത്രീകളുടെ കൂട്ടത്തിലെ നായികാബിംബങ്ങള്‍ ആഗ്രഹിക്കുക എന്നത് സാധാരണമായിരുന്നു എന്ന വസ്തുത മനസ്സിലാക്കുമ്പോഴാണ് സ്വഫിയ്യ(റ)യുടെ കാര്യത്തില്‍ മുഹമ്മദ് നബി (സ) എടുത്ത തീരുമാനത്തില്‍ ഉള്ളടങ്ങിയിട്ടുള്ള കനിവിന്റെ അംശം നമുക്ക് പൂര്‍ണമായി ബോധ്യപ്പെടുക. പ്രവാചകന്റെ ജീവിതത്തിലെ തന്നെ മറ്റൊരു സന്ദര്‍ഭം പരിശോധിച്ചാല്‍ ഇത് മനസ്സിലാകും. ഹിജ്‌റ ആറാം വര്‍ഷം മദീന ബനുല്‍ മുസ്ത്വലിക്വ് ഗോത്രത്തെ യുദ്ധത്തില്‍ കീഴടക്കിയപ്പോള്‍ ഗോത്രത്തലവനായ അല്‍ ഹാരിഥ് ഇബ്‌നു അബീ ദിറാറിന്റെ പുത്രി ജുവയ്‌രിയയെ ലഭിച്ചത് പ്രവാചകശിഷ്യനായ ഥാബിത് ഇബ്‌നു ക്വയ്‌സിന് (റ) ആണ്. എന്നാല്‍ ഥാബിതിന്റെ അടിമസ്ത്രീയാകാന്‍ ആഗ്രഹമില്ലാതിരുന്ന ജുവയ്‌രിയ അടിമമോചനത്തിന് ക്വുര്‍ആന്‍ നിര്‍ദേശിക്കുന്ന മാര്‍ഗങ്ങളില്‍ ഒന്നായ ‘മുകാതബ’ (ഉടമക്ക് പണം നല്‍കി സ്വാതന്ത്ര്യം നേടാനുള്ള കരാര്‍പത്രം) എഴുതി നല്‍കിയശേഷം മുഹമ്മദ് നബി(സ)യെ ചെന്നുകാണുകയാണ് ചെയ്യുന്നത്. ഗോത്രത്തലവനായ ഹാരിഥിന്റെ മകളായ തനിക്ക് ഥാബിതിന്റെ കൂടെ പോകേണ്ടിവന്നത് ദുര്യോഗമാണെന്നു പറഞ്ഞ ജുവയ്‌രിയ, ‘മുകാതബ’ പ്രകാരമുള്ള പണം ഥാബിതിന് നല്‍കാന്‍ തന്നെ സാമ്പത്തികമായി സഹായിക്കണമെന്ന് നബി(സ)യോട് അഭ്യര്‍ത്ഥിച്ചു. ജുവയ്‌രിയയുടെ പരിഭവത്തിന്റെ സത്ത മനസ്സിലാക്കിയ റസൂല്‍ (സ), ജുവയ്‌രിയക്ക് സ്വതന്ത്രയാകാനുള്ള പണം നല്‍കാന്‍ മാത്രമല്ല, സ്വതന്ത്രയായ ജുവയ്‌രിയയെ വിവാഹം കഴിക്കാനും താന്‍ സന്നദ്ധമാണെന്ന് അറിയിക്കുകയും അതിന് സമ്മതമാണോ എന്ന് അവരോട് ചോദിക്കുകയുമാണ് ചെയ്തത്. ഇത് സന്തോഷപൂര്‍വം സ്വീകരിച്ച ജുവയ്‌രിയ (റ) പ്രവാചകന്റെ (സ) പ്രിയപത്‌നിമാരില്‍ ഒരാളായിത്തീര്‍ന്നു.(35)
നബി (സ) ജുവയ്‌രിയയെ സ്വീകരിച്ചതറിഞ്ഞ പിതാവ് ഹാരിഥ്, പ്രവാചകനരികില്‍ വന്ന് ജുവയ്‌രിയയെ വിട്ടുതരാന്‍ ആവശ്യപ്പെട്ടപ്പോള്‍ ജുവയ്‌രിയയുടെ ഇഷ്ടം പോലെ ചെയ്യാമെന്ന് അവിടുന്ന് പറഞ്ഞുവെന്നും അപ്പോള്‍ ജുവയ്‌രിയ (റ) പിതാവിന്റെ കൂടെ പോകാന്‍ വിസമ്മതിച്ച് നബി(സ)യുടെ കൂടെത്തന്നെ നിലയിറുപ്പിച്ചുവെന്നും പറയുന്ന ഒരു നിവേദനം അഹ്മദിന്റെ മുസ്‌നദില്‍ ഉണ്ട്. തങ്ങളുടെ ഗോത്രനേതാവിന്റെ പുത്രിക്ക് ഥാബിതിന്റെ കൂടെ ജീവിക്കുവാനുള്ള വിസമ്മതത്തെ അംഗീകരിക്കുകയും അവരെ ഏറ്റെടുക്കാന്‍ സന്നദ്ധമാവുകയും ചെയ്ത നബിനടപടിയെ ബനുല്‍ മുസ്ത്വലിക്വുകാര്‍ നിറഞ്ഞ മനസ്സോടെയാണ് സ്വീകരിച്ചത്. ആ സന്തോഷം അവര്‍ കൂട്ടമായി ഇസ്‌ലാം സ്വീകരിക്കാന്‍ നിമിത്തമായത് ഇസ്‌ലാമിക ചരിത്രത്തില്‍ പ്രസിദ്ധമാണ്.(36) യുദ്ധപശ്ചാത്തലത്തില്‍ നബി (സ) നടത്തിയ വിവാഹങ്ങള്‍ അക്കാലഘട്ടത്തിലെ സാമൂഹ്യസമ്പ്രദായങ്ങളുടെ ഏറ്റവും അലിവേറിയ പ്രയോഗങ്ങളായിരുന്നുവെന്നാണ് ഇതെല്ലാം വ്യക്തമാക്കുന്നത്.

നബി (സ) ഖയ്ബറില്‍ നിന്ന് സ്വഫിയ്യ(റ)യെ തനിക്കുവേണ്ടി തെരഞ്ഞെടുത്തതിനെക്കുറിച്ച് പറയുന്ന ചില നിവേദനങ്ങളില്‍, സ്വഹാബിമാര്‍ സ്വഫിയ്യയുടെ സൗന്ദര്യത്തെക്കുറിച്ച് പ്രവാചകനോട് സൂചിപ്പിച്ചു എന്നുകാണാം.(37) സ്വഫിയ്യ(റ)യുടെ കുടുംബ-സാമൂഹ്യ പശ്ചാത്തലം പരിഗണിക്കപ്പെടേണ്ടതുണ്ടെന്ന് പ്രവാചകനെ തെര്യപ്പെടുത്തിയ അനുചരന്‍മാരില്‍ ചിലര്‍ അവര്‍ സുന്ദരിയാണെന്നുകൂടി നബി(സ)യോട് പറഞ്ഞുവെന്ന് ഇതില്‍നിന്ന് വ്യക്തമാകുന്നുണ്ട്. ഇത് ഉദ്ധരിച്ചുകൊണ്ട് ചില നബിവിമര്‍ശകര്‍, സ്വഫിയ്യ(റ)യുടെ സൗന്ദര്യം അവരെ സ്വീകരിക്കുവാന്‍ പ്രവാചകനെ പ്രേരിപ്പിച്ച ഘടകങ്ങളില്‍ ഒന്നായിരുന്നുവെന്ന് വാദിക്കുകയും അതിന്റെ പേരില്‍ അദ്ദേഹത്തെ സ്വഭാവഹത്യ നടത്തുകയും ചെയ്തിട്ടുണ്ട്. സ്വഫിയ്യ (റ) ഗോത്രനായകന്റെ പുത്രിയാണെന്നും അവര്‍ പ്രവാചകനു (സ) മാത്രമേ പൊരുത്തപ്പെടുകയുള്ളൂ എന്നും ദഹ്‌യക്ക് അവരെ നല്‍കിയ നടപടി പുനഃപരിശോധിക്കണമെന്നും അനുചരന്‍ ചൂണ്ടിക്കാണിച്ചതിനെത്തുടര്‍ന്ന് നബി (സ) ദഹ്‌യയോട് സ്വഫിയ്യയെയും കൂട്ടി തന്റെയടുക്കല്‍ വരാന്‍ പറഞ്ഞ് ആളെ അയക്കുകയും ദഹ്‌യയും സ്വഫിയ്യയും ഹാജരാവുകയും ചെയ്തപ്പോള്‍ നബി(സ)ക്ക് സ്വഫിയ്യയെ കണ്ട്/നോക്കി ഇഷ്ടപ്പെട്ടുവെന്നും അങ്ങനെയാണ് പ്രവാചകന്‍ (സ) അവരെ ഏറ്റെടുക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചതെന്നും ഹദീഥുകളിലെ ഒരു വാചകത്തെ വ്യാഖ്യാനിച്ചുകൊണ്ടും (ഫലമ്മാ നള്വറ ഇലയ്ഹന്നബിയ്യു-പ്രവാചകന്‍ അവളിലേക്ക് നോക്കിയപ്പോള്‍)(38) നബിവിമര്‍ശകര്‍ സ്ഥാപിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. സ്വഫിയ്യ (റ) സുന്ദരിയാണെന്ന അനുചരന്‍മാരുടെ വിശദീകരണം നബി(സ)യില്‍ അവരെ ഏറ്റെടുക്കാമെന്ന ചിന്തക്ക് ശക്തി വര്‍ധിച്ചുവെന്നോ സ്വഫിയ്യ(റ)യെ കണ്ട് അവരുടെ സൗന്ദര്യം ഇഷ്ടപ്പെട്ടപ്പോള്‍ ഏറ്റെടുക്കാന്‍ നബി (സ) തീരുമാനിച്ചു എന്നോ വന്നാല്‍ അതില്‍ മാനവികതക്ക് വിരുദ്ധമായി എന്തുണ്ടെന്നാണ് വിമര്‍ശകര്‍ പറയാന്‍ ശ്രമിക്കുന്നത്? രണ്ടു കാര്യങ്ങളാണ് ഇവിടെ സംഭവിക്കുന്നത്:
1. സ്വഫിയയ്യെ അവരുടെ സ്ഥാനത്തിനുചിതമായ രീതിയില്‍ തന്നെ ഇസ്‌ലാമിക രാജ്യം സംരക്ഷിക്കേണ്ടതുണ്ടെന്ന വസ്തുത ഉള്‍ക്കൊണ്ടുകൊണ്ട് നബി (സ) ദഹ്‌യയോടും അവരോടും ഹാജരാകാന്‍ ആവശ്യപ്പെടുന്നു.
2. സ്വഫിയ്യ(റ)ക്ക് താന്‍ ഇഷ്ടപ്പെടുന്ന തരത്തിലുള്ള പെണ്‍സൗന്ദര്യമുണ്ടെന്നു കേള്‍ക്കുകയും അത് നേരില്‍കണ്ട് ബോധ്യപ്പെടുകയും ചെയ്തപ്പോള്‍ അവരെ ഏറ്റെടുക്കുന്നത് താന്‍ വിവാഹം ചെയ്തുകൊണ്ടാകാമെന്ന് അവിടുന്ന് കരുതുന്നു. ഇതില്‍ എന്തെങ്കിലും അധാര്‍മികതയുള്ളതായി വിവാഹവും ലൈംഗികതയും എന്താണെന്നറിയുന്ന ഒരാളും പറയുകയില്ല. വിജയകരമായ ദാമ്പത്യത്തിന്റെ അടിത്തറ സംതൃപ്തമായ സെക്‌സ് ആണെന്നും പുരുഷനെ സംബന്ധിച്ചേടത്തോളം ഇണയ്ക്ക് തന്നെ ആകര്‍ഷിക്കുന്ന ശരീര സൗന്ദര്യമുണ്ടാവുക എന്നത് അടിസ്ഥാന ലൈംഗിക ചോദനയാണെന്നും ഉള്ള പ്രാഥമിക വിവാഹ വിജ്ഞാനീയം പോലും ഇല്ലാത്തവരാണോ നബിവിമര്‍ശകര്‍? ഏതു വിവാഹവും ഉറപ്പിക്കുന്നതിനുമുമ്പ് ഇണകള്‍ പരസ്പരം കണ്ട് ഇഷ്ടപ്പെടുന്നത് നല്ലതാണെന്ന് ഇവര്‍ക്കാരാണ് പറഞ്ഞുകൊടുക്കുക! ഏതെങ്കിലും സ്ത്രീയെ വിവാഹമാലോചിക്കുന്നുണ്ടെങ്കില്‍ സാധ്യമാണെങ്കില്‍ അവളെ കണ്ട് ഇഷ്ടപ്പെട്ട ശേഷം വേണം വിവാഹത്തിന് മുതിരാന്‍ എന്ന് എല്ലാ പുരുഷന്‍മാരെയും മുഹമ്മദ് നബി (സ) പഠിപ്പിച്ചിട്ടുണ്ട്.(39) ഇത് പറയുന്ന ഹദീഥില്‍, ‘അന്‍ യന്‍ളുറ’ (നോക്കല്‍) എന്നാണ് പ്രയോഗം. ഹദീഥ് ഉള്‍പ്പെടുത്തിയിരിക്കുന്ന അധ്യായത്തിന്റെ തലക്കെട്ടിലുമുള്ളത് ‘യന്‍ളുറു ഇലല്‍ മര്‍അതി’ (പെണ്ണിലേക്ക് നോക്കല്‍) എന്നാണ്. ഇതേ പ്രയോഗം തന്നെയാണ് നബി (സ) സ്വഫിയ്യ(റ)യെ നോക്കിയതായി പറയുന്ന ഹദീഥിലും ഉളളത്. ഇസ്‌ലാമിക വിവാഹസംസ്‌കാരത്തിന്റെ സുപ്രധിഷ്ഠിത ശീലങ്ങളിലൊന്നായ ‘പെണ്ണു കാണല്‍’ മാത്രമാണ് നബി (സ) സ്വഫിയ്യയുടെ കാര്യത്തില്‍ അനുവര്‍ത്തിച്ചതെന്ന് ചുരുക്കം. ഇസ്‌ലാമിനെ സംബന്ധിച്ചേടത്തോളം, പെണ്‍സൗന്ദര്യത്തെക്കുറിച്ച് സങ്കല്‍പമുണ്ടാകുന്നതോ വിവാഹം വഴി സമൃദ്ധമായ ലൈംഗികത സാധ്യമാകണമെന്ന് ആഗ്രഹിക്കുന്നതോ വൃത്തികേടോ പാപമോ ആയി അത് മനസ്സിലാക്കുന്നില്ല. അല്ലാഹു മനുഷ്യന് സമ്മാനിച്ച ലൈംഗിക സര്‍ഗാത്മകതയുടെ പ്രോല്‍സാഹനാര്‍ഹമായ സദ്‌വിനിയോഗമായാണ് അവയെ ഒക്കെ ഇസ്‌ലാം പഠിപ്പിക്കുന്നത്. സെക്‌സ് കുറ്റകൃത്യമാണെന്ന അബോധം പേറുന്നവര്‍ക്കും ലൈംഗിക നിരാശകളില്‍ നീറിപ്പുകയുന്നവര്‍ക്കും നബി(സ)യുടെ ലൈംഗിക സ്‌നിഗ്ധതയില്‍ അസൂയ തോന്നുക സ്വാഭാവികം മാത്രമാണ്; പക്ഷേ ലൈംഗികതയെ മനുഷ്യന്റെ ഏറ്റവും സൃഷ്ടിപരമായ ആവിഷ്‌കാരമായി മനസ്സിലാക്കുന്നവരെല്ലാം നബി(സ)ക്ക് സ്വഫിയ്യയുടെ സൗന്ദര്യം അവരെ ഭാര്യയായി സ്വീകരിക്കാന്‍ പ്രേരകമായതിന്റെ മാനവികത തിരിച്ചറിയുക തന്നെ ചെയ്യും. അതിന്, വിവാഹം കഴിച്ച് ജീവിതം പകുത്ത് നല്‍കാനാണ്, അല്ലാതെ ഭക്ഷണവും വസ്ത്രവും മാത്രം കൊടുത്ത് ‘സംരക്ഷിച്ചു’ നിര്‍ത്താനല്ല നബി (സ) സ്വഫിയ്യയുടെ കാര്യത്തില്‍ ഉദ്ദേശിച്ചത് എന്ന വസ്തുത മാത്രം ഓര്‍ത്താല്‍ മതിയാകും.

(തുടരും)

കുറിപ്പുകള്‍

32. ബുഖാരി, സ്വഹീഹ് (കിതാബുല്‍ ബുയൂഅ് – ബാബു ബയ്ഇല്‍ അബീദി വല്‍ ഹയവാനി ബില്‍ ഹയവാനി നസീഅതൻ).
33. മുസ്‌ലിം, സ്വഹീഹ് (കിതാബുന്നികാഹ് – ബാബു ഫദീലതി ഇഅ്താക്വിഹി അമതഹു ഥുമ്മ യതസവ്വജുഹാ).
34. അബ്ദുര്‍റഹ്മാന്‍ അഹ്മദുന്നസാഇ, സുനന്‍ (കിതാബുന്നികാഹ് – ബാബുല്‍ ബിനാഇ ഫിസ്സഫര്‍).
35. Michael Fishbein (Tr.), The History of al-Tabari-Volume.8: The Victory of Islam: (Albany: State University of New York Press, 1997), pp. 56-7.
36. See Dr. Mahdi Rizqullah Ahmad, op.cit, p.542.
37. ബുഖാരി, സ്വഹീഹ് (കിതാബുല്‍ ജിഹാദി വസ്സയ്ര്‍ – ബാബു മന്‍ അസാ ബിസ്വബിയ്യി ലില്‍ ഖിദ്മതി).
38. മുസ്‌ലിം, സ്വഹീഹ് (കിതാബുന്നികാഹ് – ബാബു ഫദീലതി ഇഅ്താക്വിഹി അമതഹു ഥുമ്മ യതസവ്വജുഹാ).
39. അബുദാവൂദ്, സുനന്‍ (കിതാബുന്നികാഹ് – ബാബു ഫിര്‍റജുലി യന്‍ളുറു ഇലല്‍ മര്‍അതി വഹുവ യുരീദു തസ്‌വീജഹാ).

2 Comments

  • ഉപകാരപ്രദമായ ലേഖനം jazakkallah

    Shahul 13.07.2019
  • സോഷ്യൽമീഡിയയിലൂടെ പരിചയപ്പെട്ട് അത് പ്രണയമാവുകയും അവസാനം വിവാഹത്തിലെത്തുകയും, ആറുമാസംതികയുന്നതിനു മുൻപ് ഡൈവോഴ്സ് ചെയ്യൂകയും ചെയ്യുന്നവരാണ് നബിയെ വിമർശിക്കാൻ വരുന്നത്.

    Ibrahim cm 18.07.2019

Leave a comment

Your email address will not be published.