നബിയും സ്വഫിയ്യയും: മാനവികതയുടെ മഹാപാഠങ്ങള്‍ -2

//നബിയും സ്വഫിയ്യയും: മാനവികതയുടെ മഹാപാഠങ്ങള്‍ -2
//നബിയും സ്വഫിയ്യയും: മാനവികതയുടെ മഹാപാഠങ്ങള്‍ -2
ചരിത്രം

നബിയും സ്വഫിയ്യയും: മാനവികതയുടെ മഹാപാഠങ്ങള്‍ -2

Print Now
പെണ്ണടിമകൾ; ബൈബിളിലും ക്വുർആനിലും

ബനൂ നദീര്‍ ഗോത്രത്തിലെ പുരുഷന്‍മാര്‍ ഖയ്ബര്‍ യുദ്ധത്തില്‍ കൊല്ലപ്പെട്ടപ്പോള്‍ ഇസ്‌ലാമിക രാജ്യത്തിന്റെ ബന്ദികളായിത്തീര്‍ന്ന സ്ത്രീകള്‍ മുസ്‌ലിം സൈനികര്‍ക്കിടയില്‍ അടിമകളായി ഓഹരി വെക്കപ്പെട്ടതാണ് വിമര്‍ശകര്‍ ചൂണ്ടിക്കാണിക്കുന്ന വേറെ ഒരു സംഭവം. യുദ്ധത്തില്‍ പിടിക്കപ്പെടുന്ന പുരുഷന്‍മാരും സ്ത്രീകളും വിട്ടയക്കപ്പെടുന്നില്ലെങ്കില്‍ അടിമകളായിത്തീരുകയായിരുന്നു നബി(സ)യുടെ കാലഘട്ടത്തിലെ പൊതുസാമൂഹ്യനിയമം എന്ന സത്യത്തെ മറച്ചുവെച്ചുകൊണ്ടാണ് ഇതുമായി ബന്ധപ്പെട്ട വിമര്‍ശനങ്ങള്‍ തഴക്കുന്നത്. അടിമ സമ്പ്രദായമോ യുദ്ധത്തടവുകാര്‍ അടിമകളായി മാറുന്ന വ്യവസ്ഥയോ ഇസ്‌ലാമിന്റേതല്ല, പ്രത്യുത അന്നത്തെ ഗോത്രാധിപത്യ ലോകത്തിന്റേതാണ്. ഏഴാം നൂറ്റാണ്ടിലെ ലോകക്രമത്തില്‍ ഈ വഴക്കങ്ങള്‍ക്കുള്ളില്‍ നിന്നുകൊണ്ടല്ലാതെ യുദ്ധങ്ങളൊന്നും സാധ്യമേ അല്ലെന്നതാണ് സത്യം. വ്യക്തിജീവിതത്തില്‍ പിന്തുടരേണ്ട വിധികളല്ലല്ലോ, മറിച്ച് യുദ്ധാനന്തരമുള്ള വ്യവസ്ഥകളാണല്ലോ ഇവയെല്ലാം; ഇന്നത്തെ നമ്മുടെ ഭാഷയില്‍ പറഞ്ഞാല്‍ അന്താരാഷ്ട്ര നിയമങ്ങള്‍. അത്തരം നിയമങ്ങള്‍ ഒരു ലോകഘടനയില്‍ ഓരോ രാജ്യങ്ങള്‍ക്കും വേറെവേറെ ആയിരിക്കില്ലെന്ന് ആര്‍ക്കാണറിയാത്തത്! ഇന്ന് യുദ്ധത്തിലേര്‍പ്പെടുന്ന ഇസ്‌ലാമിക രാജ്യങ്ങള്‍ യുദ്ധാനന്തരം കാര്യങ്ങള്‍ തീര്‍പ്പാക്കേണ്ടത് ഇന്നത്തെ അന്തര്‍ദേശീയ ധാരണകള്‍ക്കനുസൃതമായാണ്; അവയെയും വായിക്കേണ്ടത് ഇസ്‌ലാമിന്റെ നിലപാടുകളായല്ല, മറിച്ച് നാം ജീവിക്കുന്ന ആഗോളവ്യവസ്ഥയുടെ നിലപാടുകളായിട്ടാണ്. നബി(സ)യുടെ കാലത്ത് യുദ്ധങ്ങള്‍ നടക്കുന്നത് സ്വാഭാവികമായും വിജയികളുടെയും പരാജിതരുടെയും വിധിയെന്താണെന്ന കാര്യത്തിലുള്ള അന്നത്തെ വീക്ഷണങ്ങള്‍ രണ്ടുകൂട്ടരും ആദ്യമേ അംഗീകരിച്ചുകൊണ്ടാണ്. മുസ്‌ലിംകള്‍ ഖയ്ബര്‍ കീഴടക്കുന്നതിനുപകരം ഖുറയ്ശി അറബികളോ ബനൂ നദീര്‍ യഹൂദരോ മദീന കീഴടക്കുകയാണ് ചെയ്തിരുന്നതെങ്കില്‍ മുസ്‌ലിംകളെ അവര്‍ സ്വാഭാവികമായും അടിമകളാക്കുമായിരുന്നു. മോചിപ്പിക്കാത്ത ബന്ദികളെ കീഴടക്കിയ നാട്ടില്‍നിന്ന് സ്വന്തം നാട്ടിലേക്ക് അടിമകളായി കൊണ്ടുപോവുക എന്ന ഗോത്രാധിപത്യ നൈതികതക്ക് അകത്തുതന്നെയാണ് ആ കാലങ്ങളില്‍ യഹൂദരും ക്രൈസ്തവരുമെല്ലാം നാടുകള്‍ ജയിച്ചടക്കിയത് എന്ന യാഥാര്‍ത്ഥ്യം ജൂത-ക്രൈസ്തവ നബിവിമര്‍ശകര്‍ മറച്ചുവെക്കുന്നതിന്റെ യുക്തിയെന്താണ്?

ഖയ്ബര്‍ യുദ്ധാനന്തരം ബനൂ നദീര്‍ സ്ത്രീകള്‍ മുസ്‌ലിം ക്യാമ്പില്‍ അടിമകളായി എത്തിയ മധ്യകാല രാജ്യനൈതികതയെ നിര്‍മിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ച ഒരു ധര്‍മ സംഹിത ബൈബിള്‍ പഴയനിയമമാണെന്ന വസ്തുത ഓര്‍ക്കാന്‍ യഹൂദ-ക്രൈസ്തവ നബിവിമര്‍ശകര്‍ക്കിഷ്ടമുണ്ടാകില്ല. തോറയുടെ ഇവ്വിഷയകമായ വിധി ഇപ്രകാരമാണ് വായിക്കാനാവുക. ”ശത്രുക്കള്‍ക്കെതിരായി യുദ്ധത്തിനുപോകുമ്പോള്‍ നിന്റെ ദൈവമായ കര്‍ത്താവ് അവരെ നിന്റെ കൈകളില്‍ ഏല്‍പിക്കുകയും നീ അവരെ അടിമകളാക്കുകയും ചെയ്യും.”(11) മോശെയോടുള്ള വേദസുവിശേഷമായി പഴയനിയമം രേഖപ്പെടുത്തുന്ന ഈ വര്‍ത്തമാനം മോശെക്കുശേഷവും പ്രയോഗവല്‍ക്കരിക്കപ്പെട്ടതിന് യഹൂദചരിത്രത്തില്‍ എമ്പാടും ഉദാഹരണങ്ങളുണ്ട്. ഒന്നു നോക്കുക: ”ദാവീദ് സൈന്യത്തെ നയിച്ച് റബ്ബായിലെത്തി നഗരം പിടിച്ചടക്കി. അവന്‍ അവരുടെ രാജാവിന്റെ കിരീടം തലയില്‍ നിന്നെടുത്തു. ഒരു താലത്ത് സ്വര്‍ണം കൊണ്ടുള്ളതായിരുന്നു അത്. ഒരു രത്‌നവും അതില്‍ പതിച്ചിരുന്നു. ദാവീദ് ആ കിരീടം അണിഞ്ഞു. അവന്‍ പട്ടണത്തില്‍ നിന്ന് ധാരാളം കൊള്ളവസ്തുക്കളും കൊണ്ടുപോന്നു. നഗരവാസികളെയും അവന്‍ കൊണ്ടുവന്നു. അറക്കവാള്‍, മണ്‍വെട്ടി, കോടാലി എന്നിവകൊണ്ട് പണിയെടുപ്പിച്ചു. ഇഷ്ടികച്ചൂളയിലും അവരെ ജോലിക്കാക്കി. മറ്റ് അമ്മോന്യനഗരങ്ങളോടും ദാവീദ് ഇങ്ങനെ ചെയ്തു.”(12) അറേബ്യയില്‍ നിലവിലുണ്ടായിരുന്ന, സ്വഫിയ്യയുമായുള്ള നബിവിവാഹത്തിന്റെ പശ്ചാത്തലത്തില്‍ ചര്‍ച്ച ചെയ്യപ്പെടുന്ന യുദ്ധനിയമങ്ങള്‍ അനിഷേധ്യമായ ഒരു യഹൂദക്രൈസ്തവ പൈതൃകം കൂടിയായിരുന്നുവെന്നാണ് ഇവിടെ വ്യക്തമാകുന്നത്. ബനൂ നദീറുകാര്‍ക്ക് മതപരമായിത്തന്നെ ബോധ്യമുള്ള യുദ്ധാനന്തര നടപടികളിലൂടെയാണ് ഖയ്ബറില്‍ അവര്‍ കടന്നുപോയത് എന്നാണിതിനര്‍ത്ഥം.

ഇവിടെ പ്രത്യേകം വ്യക്തമാക്കപ്പെടേണ്ട ഒരു കാര്യമുണ്ട്. കീഴടക്കുന്ന നാടുകളില്‍ ശത്രുക്കള്‍ പോരാളികളായ പുരുഷന്‍മാര്‍ മാത്രമായതിനാല്‍ വധശിക്ഷകള്‍ അവരില്‍ പരിമിതപ്പെടുത്തുകയും ബന്ദികളാകുന്ന സ്ത്രീകളെയും കുട്ടികളെയും അക്രമിക്കാതെ മദീനയിലേക്ക് കൂട്ടുകയുമായിരുന്നു മുഹമ്മദ് നബി(സ)യുടെ രീതി. ഖയ്ബറിലെ ബനൂ നദീറുകാരുടെ കാര്യത്തിലും അതുതന്നെയാണുണ്ടായത്. യുദ്ധത്തിനുപോകുമ്പോഴും യുദ്ധസമയത്തും യുദ്ധം കഴിഞ്ഞശേഷവും ശത്രുപാളയത്തിലെ സ്ത്രീകളെയും കുട്ടികളെയും പിടികൂടി വധിക്കുന്നതില്‍ നിന്ന് തന്റെ സൈനികരെ വിലക്കിയ കാരുണ്യദൂതനായിരുന്നു അന്തിമപ്രവാചകന്‍ എന്ന് നിരവധി ഹദീഥുകള്‍ സ്പഷ്ടമാക്കുന്നുണ്ട്.(13) എന്നാല്‍ ബൈബിളിന്റെ കാര്യമതല്ല. പുരുഷന്‍മാരോടൊപ്പം സ്ത്രീകളെയും കുട്ടികളെയും കൂടി സമ്പൂര്‍ണമായി വധിക്കേണ്ട നാടുകളുടെ പട്ടിക വരെ പഴയനിയമം പറയുന്നുണ്ട്. ”യുദ്ധത്തിനായി നിങ്ങള്‍ ഒരു നഗരത്തെ സമീപിക്കുമ്പോള്‍ സമാധാനസന്ധിക്കുളള അവസരം നല്‍കണം. അവര്‍ സമാധാനസന്ധിക്കു തയ്യാറാവുകയും കവാടങ്ങള്‍ തുറന്നുതരികയും ചെയ്താല്‍ നഗരവാസികള്‍ അടിമകളായി നിന്നെ സേവിക്കട്ടെ. എന്നാല്‍ ആ നഗരം സന്ധിചെയ്യാതെ നിനക്കെതിരെ യുദ്ധം ചെയ്താല്‍ നീ അതിനെ വളഞ്ഞ് ആക്രമിക്കണം. നിന്റെ ദൈവമായ കര്‍ത്താവ് അതിനെ നിന്നെ ഏല്‍പിക്കുമ്പോള്‍ അവിടെയുള്ള പുരുഷന്‍മാരെയെല്ലാം വാളിനിരയാക്കണം. എന്നാല്‍ സ്ത്രീകളെയും കുട്ടികളെയും കന്നുകാലികളെയും നഗരത്തിലുള്ള മറ്റെല്ലാ സാധനങ്ങളോടുമൊപ്പം കൊള്ളവസ്തുക്കളായി എടുത്തുകൊള്ളുക. നിന്റെ ദൈവമായ കര്‍ത്താവ് നിനക്ക് തരുന്ന ശത്രുക്കളുടെ വസ്തുവകകളെല്ലാം അനുഭവിച്ചുകൊള്ളുക. ഈ ദേശക്കാരുടേതല്ലാത്ത വിദൂരസ്ഥലമായ പട്ടണങ്ങളോട് നീ ഇപ്രകാരമാണ് പ്രവര്‍ത്തിക്കേണ്ടത്. എന്നാല്‍ നിന്റെ ദൈവമായ കര്‍ത്താവ് നിനക്ക് അവകാശമായിത്തരുന്ന ഈ ജനതകളുടെ പട്ടണങ്ങളില്‍ ഒന്നിനെയും ജീവിക്കാന്‍ അനുവദിക്കരുത്. നിന്റെ ദൈവമായ കര്‍ത്താവ് കല്‍പിച്ചിട്ടുള്ളതുപോലെ ഹിത്യര്‍, അമോര്യര്‍, കാനാന്യര്‍, പെരീസ്യര്‍, ഹിവ്യര്‍, ജബൂസ്യര്‍ എന്നിവരെ നിശ്ശേഷം നശിപ്പിക്കണം.”(14) മോശെക്ക് ലഭിച്ച ദൈവശാസനയെന്ന് ബൈബിള്‍ അവകാശപ്പെടുന്ന ഈ സര്‍വസംഹാരാഹ്വാനം സാമുവേല്‍ പ്രവാചകന്‍ ദൈവനിര്‍ദേശപ്രകാരം ഇസ്രാഈല്യരുടെ രാജാവായിരുന്ന സാവൂളിനോട് ആവര്‍ത്തിക്കുന്നതും അതിന്റെ പ്രയോഗവല്‍കരണം ഉറപ്പുവരുത്തുന്നതും ബൈബിളില്‍ തന്നെ കാണാം: ”സാമുവേല്‍ സാവൂളിനോട് പറഞ്ഞു: തന്റെ ജനമായ ഇസ്രായേലിന്റെ രാജാവായി നിന്നെ അഭിഷേകം ചെയ്യാന്‍ കര്‍ത്താവ് എന്നെ അയച്ചിരിക്കുന്നു; അതിനാല്‍ കര്‍ത്താവിന്റെ വചനം കേട്ടുകൊള്ളുക. സൈന്യങ്ങളുടെ കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഇസ്രായേല്യര്‍ ഈജിപ്തില്‍ നിന്ന് പോരുമ്പോള്‍ വഴിയില്‍വെച്ച് അവരെ എതിര്‍ത്തതിന് ഞാന്‍ അമലേക്യരെ ശിക്ഷിക്കും. ആകയാല്‍ നീ പോയി അമലേക്യരെയെല്ലാം വധിക്കുകയും അവര്‍ക്കുള്ളതെല്ലാം നശിപ്പിക്കുകയും ചെയ്യുക. ആരും അവശേഷിക്കാത്തവിധം സ്ത്രീപുരുഷന്‍മാരെയും കുട്ടികളെയും ശിശുക്കളെയും ആടുമാടുകള്‍, ഒട്ടകങ്ങള്‍, കഴുതകള്‍ എന്നിവയെയും കൊന്നുകളയുക… സാവൂള്‍ ഹവില മുതല്‍ ഈജ്പ്തിനു കിഴക്ക് ഷൂര്‍ വരെയുള്ള അമലേക്യരെയെല്ലാം സംഹരിച്ചു.”(15)

കര്‍ത്താവിന്റെ യുദ്ധനിയമങ്ങളാണിവയെല്ലാമെന്നാണ് യഹൂദവിശ്വാസം. കര്‍ത്താവ് യേശുവാണെന്ന ക്രൈസ്തവസങ്കല്‍പം ഉറപ്പിക്കുന്നത് ഈ നിയമങ്ങളുടെയെല്ലാം വിധാതാവ് യേശുവാണെന്നാണ്. സാമുവേലിന്റെ നാവിലൂടെ സാവൂളിനെ അമലേക്യരുടെ സ്ത്രീകളെയും കുട്ടികളെയും കൂട്ടക്കൊല ചെയ്യിച്ചത് യേശുക്രിസ്തുവാണെന്നേ ക്രൈസ്തവ ദൈവശാസ്ത്രപ്രകാരം വിശ്വസിക്കാന്‍ കഴിയൂ. കര്‍ത്താവിന്റെ പേരില്‍ യഹൂദരും യേശുവിന്റെ പേരില്‍ ക്രൈസ്തവരും വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന ഈ പുരോഹിത തത്ത്വങ്ങളെ യഥാര്‍ത്ഥ ദൈവികവെളിപാടുകളുടെ വെളിച്ചത്തില്‍ നിരാകരിക്കുകയും രാജ്യനിവാസികളുടെ സുരക്ഷക്ക് വധശിക്ഷ അനിവാര്യമായിരുന്ന പുരുഷന്‍മാര്‍ക്കുമാത്രം അത് നല്‍കുകയും നിരപരാധികളായ സ്ത്രീകളെയും കുട്ടികളെയും മദീനയില്‍ കൊണ്ടുവന്ന് ഇസ്‌ലാമിക സമൂഹത്തിന്റെ സംരക്ഷണം ഉറപ്പുവരുത്തുകയും ചെയ്തതാണോ ജൂത-മിഷനറി നബിവിമര്‍ശകരുടെ വീക്ഷണത്തില്‍ പ്രവാചകന്‍ (സ) ചെയ്ത തെറ്റ്? നബി (സ) നിയോഗിക്കപ്പെട്ട കാലത്തിന്റെ ലോകവ്യവസ്ഥക്കുള്ളില്‍ നിന്നുകൊണ്ടേ അദ്ദേഹത്തിന് രാജ്യം ഭരിക്കാനും ശത്രുക്കളെ നേരിടാനുംകഴിയൂ. എന്നാല്‍ ആ വ്യവസ്ഥയെ ധര്‍മബോധത്തിന്റെ വിവേചനാധികാരമുപയോഗിച്ച് മാനവവല്‍ക്കരിച്ചുകൊണ്ടാണ് നബി (സ) മുന്നോട്ടുപോയത്. അതുതന്നെയാണ് യഥാര്‍ത്ഥത്തില്‍ പ്രവാചകന്‍മാരുടെ നിയോഗദൗത്യവും. ഏതുതരം രാഷ്ട്രീയ വ്യവസ്ഥകള്‍ക്കുകീഴിലും മനുഷ്യത്വത്തോടെ പെരുമാറാനുളള മൂല്യവിചാരങ്ങളാണ് ദിവ്യബോധനങ്ങളുടെ അടിത്തറയില്‍ അവര്‍ ലോകത്തിനു പകര്‍ന്നുനല്‍കിയത്. കലാപകാരികളാല്‍ നിബിഢമായ ഒരു ഗോത്രത്തെ അനിവാര്യമായ സാഹചര്യത്തില്‍ യുദ്ധം ചെയ്ത് കീഴടക്കുകയും അവരില്‍നിന്നുള്ള പുരുഷന്‍മാര്‍ക്ക് വധശിക്ഷ നല്‍കേണ്ടിവരികയും ചെയ്യുമ്പോള്‍ ബാക്കിയാകുന്ന സ്ത്രീകളെ വിജയോന്മാദത്തില്‍ കൊന്നുകൂട്ടുന്നതിനുപകരം അടിമകളായി കൂടെ കൂട്ടുക മാത്രമായിരുന്നു അന്നത്തെ ലോകവ്യവസ്ഥയിലെ മാനവികമായ പരിഹാരം. അങ്ങനെ അടിമകളായി രാജ്യത്തേക്ക് കടന്നുവരുന്നവരോട് അങ്ങേയറ്റത്തെ മനുഷ്യത്വത്തോടുകൂടി പെരുമാറിയാണ് ഇസ്‌ലാമികരാജ്യം കാലഘട്ടത്തിനുമേല്‍ വെളിച്ചം വിതറിയത്. അടിമസമ്പ്രദായത്തിന് സഹജമായിരുന്ന ക്രൂരതകളോ പീഡനങ്ങളോ വിവേചനങ്ങളോ ഒന്നും മദീനയിലെത്തിയ ബനൂ നദീര്‍ സ്ത്രീകള്‍ക്ക് അനുഭവിക്കേണ്ടി വന്നിട്ടില്ല; അങ്ങനെയുണ്ടെന്ന് സ്ഥാപിക്കാനാകുമ്പോള്‍ മാത്രമാണ് വിമര്‍ശകര്‍ ഇവിടെ മറുപടിയര്‍ഹിക്കുന്നത്.

യുദ്ധത്തില്‍ ശത്രുഭാഗത്തുനിന്ന് പിടിക്കപ്പെട്ടവരാണെന്നതുകൊണ്ട് ബന്ദികളോട് ക്രൂരമായി പെരുമാറരുതെന്ന് അനുയായികളെ പഠിപ്പിച്ച വിശ്വവിമോചകനാണ് മുഹമ്മദ് നബി (സ). ഖയ്ബറിലെ കോട്ടകളില്‍നിന്ന് ബനൂ നദീറുകാരായ ഏതാനും സ്ത്രീകളെ പുറത്തേക്കുകൊണ്ടുവരുന്ന സമയത്ത് യുദ്ധത്തില്‍ കൊല്ലപ്പെട്ട അവരുടെ ചില പുരുഷന്‍മാരെ അവര്‍ കാണാനിടയായെന്ന് അറിഞ്ഞ നബി (സ) സ്ത്രീകളെ കോട്ടകള്‍ക്കുള്ളില്‍നിന്ന് കൂട്ടിവന്ന അനുചരന്‍ ബിലാലിനോട് (റ) ക്ഷുഭിതനായി ചോദിച്ചത്, ”ബിലാല്‍ നിനക്ക് കാരുണ്യമില്ലേ?” എന്നാണ്.(16) യുദ്ധക്കളത്തിലെ രക്തരൂഷിതമായ കാഴ്ചകളില്‍ നിന്നുപോലും ‘ശത്രുസ്ത്രീകളെ’ സംരക്ഷിക്കണമെന്നു നിഷ്‌കര്‍ഷിച്ച അനുകമ്പയുടെ തിരുദൂതര്‍ എത്ര വലിയ കരുതലോടെവേണം ജയിച്ചടക്കിയ ഒരു നാടിനോട് പെരുമാറാനെന്ന് ബിലാലിനെ (റ) പഠിപ്പിക്കുകയായിരുന്നു. രാജ്യനായകനില്‍നിന്നുള്ള മനുഷ്യത്വത്തിന്റെ ഇത്തരം കനകസ്പര്‍ശങ്ങള്‍ മദീനയില്‍ ശത്രുനാടുകളില്‍ നിന്ന് അടിമകളായെത്തിയവരുടെ ജീവിതങ്ങളെ ഉടനീളം തണുപ്പിച്ചിരുന്നുവെന്നതാണ് സത്യം. അല്ലാഹുവിലും പരലോകത്തിലും വിശ്വാസമില്ലാത്ത നാഗരികതകള്‍ ബന്ദികളെ കൈകാര്യം ചെയ്ത പൈശാചിക രീതികളുമായി മദീന യുദ്ധത്തടവുകാരെ സ്വീകരിച്ച മാര്‍ഗങ്ങള്‍ക്ക് സമാനതകളൊന്നുമില്ല. ‘അടിമ’ എന്ന പദം ഉല്‍പാദിപ്പിക്കുന്ന ധാരണകളെയെല്ലാം തിരുത്തുംവിധമുള്ള മഹാ മാനവികാശ്ലേഷമാണ് യുദ്ധക്കളങ്ങളില്‍ പിടിക്കപ്പെട്ട് മദീനയിലെത്തിയ മനുഷ്യര്‍ മുസ്‌ലിംകളില്‍ നിന്നനുഭവിച്ചത്. സ്വന്തത്തിനും കുടുംബത്തിനും കഴിക്കാന്‍ ഭക്ഷണമില്ലെങ്കില്‍ പോലും യുദ്ധത്തടവുകാരായി നിങ്ങളുടെ കൂടെയുള്ളവരെ ത്യാഗം സഹിച്ച് ഊട്ടണമെന്നും അങ്ങനെ ചെയ്യുന്നതാണ് അല്ലാഹുവിന്റെ പൊരുത്തത്തിന് നിങ്ങളെ അര്‍ഹമാക്കുകയെന്നും പഠിപ്പിച്ച വേദഗ്രന്ഥമാണ് പരിശുദ്ധ ക്വുര്‍ആന്‍(17) എന്ന് ഇസ്‌ലാം വിമര്‍ശകരില്‍ എത്രപേര്‍ ആലോചിക്കുന്നുണ്ട്?

അടിമകളും ഉടമകളുമായി നില്‍ക്കുന്നവര്‍ വാസ്തവത്തില്‍ ആദമിന്റെയും ഹവ്വയുടെയും മക്കളെന്ന നിലയിലുള്ള മനുഷ്യസഹോദരങ്ങളാണെന്നും മനുഷ്യന്റെ ആദരണീയതക്കുനേരെയുള്ള എല്ലാ കടന്നുകയറ്റങ്ങളും മരണാനന്തര ജീവിതത്തില്‍ അല്ലാഹുവിന്റെ കടുത്ത ശിക്ഷകള്‍ക്കു നിമിത്തമാകുന്ന മഹാപാപങ്ങളാണെന്നുമുള്ള അടിസ്ഥാന ഇസ്‌ലാമിക പാഠങ്ങളില്‍ വാര്‍ക്കപ്പെട്ട മദീനയിലെ മുസ്‌ലിം സമൂഹത്തെ തങ്ങള്‍ക്കുകീഴില്‍ പണിയെടുക്കുന്ന അടിമകളോട് ഏറ്റവും മാന്യവും ഉദാരവുമായി പെരുമാറാനാണ് മുഹമ്മദ് നബി (സ) പരിശീലിപ്പിച്ചത്. ‘നിങ്ങളുടെ നിയന്ത്രണത്തിലുള്ള നിങ്ങളുടെ സഹോദരന്‍മാര്‍ ആണ് അടിമകള്‍’ എന്നാണ് ശിഷ്യനായ അബൂദര്‍റിനോട് (റ) നബി (സ) പറഞ്ഞത്. എന്നിട്ടദ്ദേഹം തുടര്‍ന്നു: ”ഒരാള്‍ തന്റെ അടിമയ്ക്ക് തന്റെ അതേ നിലവാരത്തിലുള്ള ഭക്ഷണവും വസ്ത്രവും നല്‍കാന്‍ ബാധ്യസ്ഥനാണ്. അതികഠിനമായ ജോലികള്‍ അടിമയെക്കൊണ്ട് ചെയ്യിക്കരുത്. ഭാരമുള്ള ജോലികള്‍ നല്‍കുകയാണെങ്കില്‍ ഉടമ കൂടി അതില്‍ സഹായിക്കണം.”(18) ‘കുമ്പിളിലെ കഞ്ഞി’ നല്‍കി എല്ലുമുറിയെ പണിയെടുപ്പിക്കാവുന്ന ‘കോരന്‍’ ആയിരുന്നില്ല പ്രവാചകന്റെ മദീനയിലെ അടിമയെന്ന് സാരം. ”അടുക്കളയില്‍ ചൂടും പുകയും സഹിച്ച് അടിമ നിങ്ങള്‍ക്കുള്ള ഭക്ഷണമുണ്ടാക്കിയാല്‍ നിങ്ങളുടെ കൈകൊണ്ട് അയാളെ നിങ്ങളുടെ സമീപത്തുതന്നെ ഇരുത്തി സദ്യയില്‍ പങ്കാളിയാക്കണം. അയാള്‍ വിസമ്മതിച്ചാല്‍ ഭക്ഷണത്തില്‍ നിന്നൊരോഹരി അയാള്‍ക്കായി എടുത്തുവെക്കണം” എന്ന് മുഹമ്മദ് നബി (സ) കല്‍പിച്ചതായി അബൂ ഹുറയ്‌റ (റ) നിവേദനം ചെയ്യുന്നുണ്ട്.(19) ഇരുപതാം നൂറ്റാണ്ടില്‍പോലും നെറികെട്ട് തുടര്‍ന്ന ആഫ്രോ-അമേരിക്കന്‍ അടിമ/വര്‍ണവിവേചനത്തിന്റെയും മിശ്രഭോജനം പോലും ഇടിത്തീയായി അനുഭവപ്പെട്ട ഹിന്ദു ജാതി-തൊടല്‍-തീണ്ടലുകളുടെയും അളവുകോലുകളൊടിഞ്ഞുപോകുന്ന ആര്‍ദ്രതയാണ് മുഹമ്മദ് നബി (സ) അടിമകള്‍ക്കും ഉടമകള്‍ക്കുമിടയില്‍ സാക്ഷാല്‍കരിച്ചതെന്ന് തെളിയിക്കുന്നതാണ് ഇത്തരം ഹദീഥുകളെല്ലാം. പ്രാമാണികമായ ഹദീഥുകളുടെ ആധികാരികമായ ശേഖരം സ്വഹീഹ് എന്ന പേരില്‍ ക്രോഡീകരിച്ച ഇമാം മുസ്‌ലിം, അടിമകളോട് അക്രമം കാണിക്കുന്നതിനെ വിലക്കുന്ന ഹദീഥുകള്‍ ഉള്ള അധ്യായങ്ങള്‍ ഉള്‍പ്പെടുത്തിയത് പ്രതിജ്ഞകളുടെ/കരാറുകളുടെ പുസ്തകത്തില്‍ (കിതാബുല്‍ അയ്മാന്‍) ആണെന്ന കാര്യം ശ്രദ്ധേയമാണ്. അടിമകള്‍ക്കുമുകളില്‍ ഉടമക്കുള്ളത് അധികാരമെന്നതിനേക്കാള്‍ അല്ലാഹുവിന്റെ വിചാരണക്കുവിധേയമാകുന്ന സംരക്ഷണോത്തരവാദിത്തമാണെന്നും അത് ഘടനാപരമായി നല്‍കുന്ന അവകാശങ്ങളെ പീഡനങ്ങള്‍ക്കുപയോഗിക്കുന്നത് കടുത്ത പാപമാണെന്നുള്ള സൂചന ഇതില്‍ തന്നെ കാണാം. ‘അടിമയെ ആരെങ്കിലും അടിച്ചുപോയാല്‍ പ്രായശ്ചിത്തമായി അയാളെ സ്വതന്ത്രനാക്കണം’ എന്ന് മുഹമ്മദ് നബി (സ) നിഷ്‌കര്‍ഷിച്ചത് കിതാബുല്‍ അയമാനില്‍ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്.(20) ദേഹോപദ്രവങ്ങളില്‍ നിന്നുള്ള സംരക്ഷണം അടിമക്ക് ഉടമയില്‍ നിന്നുള്ള കരാറാണെന്നും ഉടമ അത് ലംഘിച്ചാല്‍ അടിമ സ്വതന്ത്രനാകുമെന്നുമുള്ള മുഹമ്മദ് നബി(സ)യുടെ അധ്യാപനം അടിമവ്യവസ്ഥിതിയുടെ അന്ന് നിലവിലുണ്ടായിരുന്ന ആഭ്യന്തര യുക്തികളെയെല്ലാം കശക്കാന്‍ പോന്നതായിരുന്നു. സുവയ്ദിന്റെ (റ) വീട്ടിലുണ്ടായിരുന്ന അടിമപ്പെണ്ണിനെ വീട്ടുകാരിലാരോ ഒരാള്‍ പ്രഹരിച്ചതറിഞ്ഞ മുഹമ്മദ് നബി (സ) ആ സ്ത്രീയെ സ്വതന്ത്രയാക്കാന്‍ ആ കുടുംബത്തോടാവശ്യപ്പെട്ടു.(21) അബൂ മസ്ഊദ് തന്റെ അടിമയെ അടിക്കുന്നതുകണ്ട പ്രവാചകന്‍ (സ) വിളിച്ചുപറഞ്ഞു: ”അബൂ മസ്ഊദ്, നീ അറിയുക, നിനക്ക് ഈ അടിമയ്ക്കു മേലുള്ളതിനേക്കാള്‍ അധികാരം അല്ലാഹുവിന് നിന്റെ മേലുണ്ട്!” അബൂ മസ്ഊദ് പശ്ചാതാപവിവശനായി അടി നിര്‍ത്തുകയും ഇനിയൊരിക്കലും അടിമകളെ പ്രഹരിക്കില്ലെന്ന് ശപഥമെടുക്കുകയും ചെയ്തു.(22)

സമൂഹം കാലാകാലങ്ങളില്‍ നിര്‍മിക്കുന്ന അധികാരഘടനകളിലാണ് നമ്മളൊക്കെയും ജീവിക്കുന്നത്. നമ്മുടെ അധികാരത്തിനുകീഴില്‍ വരുന്നവരെ അഹങ്കാരത്തോടെ ചവിട്ടിത്തേച്ചാല്‍ നമുക്കും മുകളില്‍ സര്‍വാധികാരിയായുള്ള അല്ലാഹു പകരം ചോദിക്കുമെന്ന ബോധം നമുക്കുണ്ടാകുമ്പോള്‍ ഏതു വ്യവസ്ഥിതിക്കുള്ളിലും നമ്മുടെ ആശ്രിതര്‍ സുരക്ഷിതരായി നില്‍ക്കും. ആ ബോധമാണ് മുഹമ്മദ് നബി(സ) മദീനയില്‍ മുസ്‌ലിംകള്‍ക്ക് പകര്‍ന്നുനല്‍കിയത്. യുദ്ധത്തടവുകാരായി ഇസ്‌ലാമിക രാജ്യത്തിന്റെ സൈനികരുടെ വീടുകളിലെത്തിയ ശത്രുരാജ്യക്കാരെല്ലാം അതിക്രമങ്ങളില്‍ നിന്ന് സുരക്ഷിതരും ജീവിതവിഭവങ്ങള്‍ മാന്യമായി ലഭിച്ചവരുമായിരുന്നുവെന്ന ഓര്‍മയോടെയാണ് ബനൂ നദീര്‍ സ്ത്രീകളുടെ ഖയ്ബര്‍ യുദ്ധാനന്തര അനുഭവങ്ങളെ നാം സമീപിക്കേണ്ടത്. ഇസ്‌ലാമികാധ്യാപനങ്ങളെ വിസ്മരിച്ച് ആരെങ്കിലും അടിമകളെ ആക്രമിച്ചാല്‍ അതിനെ രാജ്യം നിഷ്‌കൃഷ്ടമായ നീതിബോധത്തോടെ നേരിടുമെന്നും പ്രവാചകന്‍ (സ) അസന്നിഗ്ധമായി പ്രഖ്യാപിച്ചിരുന്നു: ”ആരെങ്കിലും തന്റെ അടിമയെ വധിച്ചാല്‍ അവനെ ഞാന്‍ വധിക്കും, ആരെങ്കിലും തന്റെ അടിമക്ക് അംഗഭംഗം വരുത്തിയാല്‍ അവന് ഞാനും അംഗഭംഗം വരുത്തും.”(23) മനുഷ്യാവകാശങ്ങള്‍ക്ക് ഇസ്‌ലാമിക രാഷ്ട്രം കാവല്‍ നില്‍ക്കുവാന്‍ മാത്രം ആദരണീയരായാണ് മദീനയിലെ അടിമകള്‍ ജീവിച്ചതെന്നു ചുരുക്കം. ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ ബന്ദികളായിപ്പിടിച്ചവരെ അബൂഗുറയ്ബിലും ഗ്വാണ്ടാനാമോയിലും പരിഷ്‌കൃത ജനാധിപത്യം കൈകാര്യം ചെയ്യുന്ന രീതികള്‍ മനസ്സില്‍വെച്ചുകൊണ്ട് നബിചരിത്രം പരിശോധിക്കുന്നതുകൊണ്ടാണ് നബി (സ) അടിമകളായി കൂടെക്കൂട്ടിയ ബന്ദികളുടെ കഥ കാണുമ്പോള്‍ പലരും അസ്വസ്ഥരാകുന്നത്. അലിവിന്റെ മഹാപര്‍വമായിരുന്ന നബിജീവിതത്തിലേക്ക് അവര്‍ ചേര്‍ത്തുനിര്‍ത്തപ്പെട്ടത് കുടിപ്പകയോടെയും സംഹാരമനോഭാവത്തോടെയുമല്ലെന്ന് വ്യക്തമാക്കുന്ന ചരിത്രരേഖകളെ തമസ്‌കരിച്ചുനടക്കുന്ന വിമര്‍ശനഘോഷങ്ങള്‍ വൈജ്ഞാനിക സത്യസന്ധതയില്ലാത്ത അസംബന്ധ നാടകങ്ങളാണെന്ന് പറയാതിരിക്കാന്‍ യാതൊരു നിര്‍വാഹവുമില്ല തന്നെ.

(തുടരും)

കുറിപ്പുകൾ

11. ബൈബിള്‍/ ആവര്‍ത്തനം 21:10.

12. Ibid 2 സാമുവല്‍ 12:29-31.

13. ഉദാഹരണത്തിന് കാണുക: ബുഖാരി, സ്വഹീഹ് (കിതാബുല്‍ ജിഹാദി വസ്സയ്ർ-ബാബു ക്വത്‌ലിസ്സ്വയ്ബാനി ഫില്‍ഹര്‍ബ്, ബാബുഫീ ക്വത്‌ലിന്നിസാഅ്); മുസ്‌ലിം, സ്വഹീഹ് (കിതാബുല്‍ ജിഹാദി വസ്സയ്ർ-ബാബു തഹ്‌രിമി ക്വത്‌ലിന്നിസാഇ വസ്സ്വയ്ബാനി ഫില്‍ഹര്‍ബ്); ഇബ്‌നു മാജ, സുനന്‍ (കിതാബുല്‍ ജിഹാദ്); അബൂദാവൂദ്, സുനന്‍ (കിതാബുല്‍ ജിഹാദ് – ബാബു ഫീ ക്വത്‌ലിന്നിസാഅ്); തിര്‍മിദി, ജാമിഅ് (കിതാബുസ്സയ്‌രി അന്‍ റസൂലില്ലാഹ് -ബാബു മാജാഅ ഫിന്നഹ്‌യി അന്‍ ക്വത്‌ലിന്നിസാഇ വസ്സ്വയ്ബാന്‍).

14. ബൈബിള്‍/ ആവര്‍ത്തനം 20:10-17.

15. 1 സാമുവല്‍ 15:1-7.

16. Guillaume, op.cit, p. 515. Also, Michael Fishbein (Tr.), The History of Al-Tabari, (Volume VIII – The Victory of Islam), Albany: State University of
New York Press, 1997), p. 122.

17. ക്വുര്‍ആന്‍ 76:8-9.

18. ബുഖാരി, അല്‍ അദബുല്‍ മുഫ്‌റദ് (ബാബു സിബാബില്‍ അബീദ്).

19. തിര്‍മിദി, ജാമിഅ് (കിതാബുല്‍ അത്വ്ഇമതി അന്‍ റസൂലില്ലാഹ് -ബാബു മാജാഅ ഫി അക്‌ലില്‍ മംലൂകി വല്‍ ഇയാല്‍).

20. ബാബു സ്വുഹ്ബതില്‍ മമാലീകി വ കഫ്ഫാറതി മന്‍ ലത്വമ അബ്ദഹു.

21.Ibid.

22.Ibid.

23. തിര്‍മിദി, ജാമിഅ് (കിതാബുദ്ദിയാതി അന്‍ റസൂലില്ലാഹ്, ബാബു മാജാഅ ഫിര്‍റജുലി യക്വ്തുലു അബ്ദഹു); നസാഇ, സുനന്‍ (കിതാബുല്‍ ക്വസാമ-ബാബുല്‍ ക്വൗദി മിനസ്സയ്യിദി ലില്‍ മൗലാ).

4 Comments

 • മുൻധാരണയോടെയല്ലാതെ കാര്യങ്ങളെ സമീപിക്കുന്ന ഏതൊരു വ്യക്തിക്കും യാഥാർത്ഥ്യം മനസ്സിലാക്കാൻ സാധിക്കുന്ന വിവരണ പരമ്പര . ഈയൊരു രീതിയിൽ നബി(സ) യുടെ മുഴുവൻ വിവാഹങ്ങളുടെയും വിവരണം പ്രതീക്ഷിക്കുന്നു.

  മുഹമ്മദ് ശാഫി പറമ്പിൽ പീടിക 11.07.2019
 • Islamika charithrangal ingane vazhikkan valla online pagum undo nilavil ?

  sayidabdulla 14.07.2019
 • അസംബന്ധ നാടകമാണ് തങ്ങൾ നടത്തുന്നതെന്ന് വിമർശകർക്ക് അറിയാഞ്ഞിട്ടല്ല. ഒരാളെയെങ്കിലും തെറ്റിദ്ധരിപ്പിക്കാൻ കഴിഞ്ഞാൽ അതായില്ലേ!

  Ibrahim cm 17.07.2019
 • മികച്ച മറുപടി

  Ibrahim cm 17.07.2019

Leave a comment

Your email address will not be published.