നബിപാഠങ്ങളിൽ പെൺ വിരുദ്ധതയില്ല !!! -10

//നബിപാഠങ്ങളിൽ പെൺ വിരുദ്ധതയില്ല !!! -10
//നബിപാഠങ്ങളിൽ പെൺ വിരുദ്ധതയില്ല !!! -10
ആനുകാലികം

നബിപാഠങ്ങളിൽ പെൺ വിരുദ്ധതയില്ല !!! -10

Print Now
പെൺബാങ്കും പെണ്ണിമാമത്തും ഇസ്‌ലാമിൽ

വിമർശനം: ഇസ്‌ലാമിലെ പ്രധാനപ്പെട്ട പുണ്യകർമങ്ങളായ ബാങ്ക്, ഇമാമത്ത് എന്നിവ സ്ത്രീകൾക്ക് തീർത്തും നിഷിദ്ധമാക്കുകയും പുരുഷന്മാർക്ക് യഥേഷ്‌ടം അനുവദിച്ചു കൊടുക്കുകയും ചെയ്തതിലൂടെ പുരുഷാധിപത്യത്തിനു കൊടിപിടിക്കുകയാണ് നബി ചെയ്തത്. സ്വന്തം മതത്തിലെ വലിയ പുണ്യകർമങ്ങൾ പോലും സ്ത്രീക്കു നിരുപാധികം നിഷിദ്ധമാക്കിയ ഒരാളെ ദൈവദൂതനായി കണക്കാക്കുന്നതു തന്നെ സ്ത്രീവിരുദ്ധമാണ്.

ഉത്തരം: ഇസ്‌ലാമിലെ പ്രധാനപ്പെട്ട പുണ്യകർമങ്ങളായ ബാങ്കും ഇമാമത്തും (നമസ്കാരത്തിനു നേതൃത്വം നൽകൽ) നിർവഹിക്കുന്നത് സ്ത്രീകൾക്കു നിഷിദ്ധമാക്കപ്പെട്ട കാര്യങ്ങളാണെന്ന അറിവില്ലായ്മയിൽ നിന്നാണ് ഈ വിമർശനം ജന്മമെടുത്തിരിക്കുന്നത്. ഇസ്‌ലാംവിമർശനങ്ങളിൽ പലതും ഉടലെടുക്കുന്നത് തികഞ്ഞ അറിവില്ലായ്മയിൽ നിന്നാണെന്ന് ഇത്തരം വിമർശനങ്ങളെ അവലോകനം ചെയ്താൽ ഏതൊരാൾക്കും നിഷ്പ്രയാസം മനസ്സിലാക്കാവുന്ന വസ്തുതയാണ്. വാസ്തവത്തിൽ ബാങ്കും ഇമാമത്തും നബി(സ്വ) സ്ത്രീകൾക്ക് വിലക്കുകയോ വിരോധിക്കുകയോ ചെയ്തിട്ടുണ്ടോ?. ഇല്ല എന്നതാണ് യാഥാർഥ്യം. വിശുദ്ധ ഖുർആനോ പ്രവാചക വചനങ്ങളോ ബാങ്കോ, ഇമാമത്തോ നിർവഹിക്കുന്നതിൽ നിന്നും സ്ത്രീകളെ വിലക്കുന്നില്ല. പിന്നെ എവിടെ നിന്നാണാവോ വിമർശകർ ഇത്തരം വിവരക്കേടുകൾ ഗവേഷണം ചെയ്തെടുക്കുന്നതെന്ന് മസ്സിലാകുന്നില്ല. മാത്രമല്ല സ്ത്രീകൾക്ക് ബാങ്കില്ല എന്ന നിലപാടിനെ കുറ്റകരമായ കാര്യമായാണ് സ്വഹാബികൾ മനസ്സിലാക്കിയിരുന്നത്. വസ്തുതകൾ നമുക്കൊന്നു വിശകലനം ചെയ്യാം.

سئل ابن عمر هل على النساء أذان؟ فغضب، وقال: أنا أنهى عن ذكر الله؟

സ്ത്രീകൾക്ക് ബാങ്ക് ഉണ്ടോ ? എന്ന് ഇബ്നു ഉമർ (റ) ചോദിക്കപ്പെട്ടു. അപ്പോൾ അദ്ദേഹം കോപിഷ്ടനായി പറഞ്ഞു: (സ്ത്രീകൾക്ക് ബാങ്കില്ല എന്ന് പറഞ്ഞ്) അല്ലാഹുവെ സ്മരിക്കുന്നതിൽ നിന്ന് ഞാൻ അവരെ തടയണൊ ?!. (മുസ്വന്നഫ് ഇബ്നു അബീ ശൈബ: 1/223).
സ്ത്രീകൾക്ക് ബാങ്കില്ല എന്ന നിലപാടിനെ, അല്ലാഹുവെ സ്മരിക്കുന്നതിൽ നിന്നും അവരെ തടയുന്ന നിലപാടായാണ് ഇബ്നു ഉമർ (റ) കണ്ടതെന്നു ഈ നിവേദനം വ്യക്തമാക്കുന്നുണ്ട്.
മാത്രമല്ല പ്രവാചക പത്നി ആഇശ (റ) തന്നെ ബാങ്കും ഇക്കാമത്തും ഇമാമത്തും നിർവഹിച്ചതായും ഹദീസ് ഗ്രന്ഥങ്ങളിൽ നിവേദനം ചെയ്യപ്പെട്ടിട്ടുണ്ട്.

وعن عائشة أنها كانت تؤذن وتقيم، وتؤم النساء، وتقف وسطهن

ആഇശയിൽ (റ) നിന്നും: അവർ ബാങ്കുവിളിക്കുകയും ഇകാമത്ത് കൊടുക്കുകയും സ്ത്രീകൾക്ക് ഇമാമായി (നേതാവായി) – അവരുടെ നടുവിൽ- നിൽക്കുകയും ചെയ്യുമായിരുന്നു. (സുനനുൽ കുബ്റാ: 1/408, 3:131, മുസ്തദ്‌റക്: ഹാകിം: 1/203-204, മുസ്വന്നഫ് ഇബ്നു അബീ ശൈബ: 1/223, 2/89).

മറ്റു ചില നിവേദനങ്ങൾ കൂടി നമുക്കു പരശോധിക്കാം.

حديث رائطة الحنفية أن عائشة أمت نسوة في المكتوبة فأمتهن بينهن وسطا.

നിർബന്ധ നമസ്കാരങ്ങളിൽ ആഇശ (റ) സ്ത്രീകൾക്ക് ഇമാമായി (നേതൃത്വം നൽകുന്നവരായി) നിന്നു. അവരുടെ നടുവിൽ നിന്നു കൊണ്ടാണ് ആഇശ (റ) നേതൃത്വം നൽകിയിരുന്നത്. (മുസ്വന്നഫ് അബ്ദുർറസാക് : 3/141, ദാറകുത്നി: 1/404, ബൈഹകി: 3/131)
സ്ത്രീകൾക്കു വേണ്ടി സ്ത്രീ ഇമാം നിക്കുമ്പോൾ നടുവിലാണ് നിൽക്കേണ്ടതെന്നും, ബാങ്കും ഇക്കാമത്തും നിർവഹിക്കാമെന്നും ഈ നിവേദനങ്ങൾ വ്യക്തമാക്കുന്നുണ്ട്. ആഇശ(റ) മാത്രമല്ല മറ്റു നബിപത്നിമാരും സ്ത്രീകൾക്കു വേണ്ടിയുള്ള നമസ്ക്കാരങ്ങൾക്ക് നേതൃത്വം നൽകിയതായും ഇസ്‌ലാമിക പ്രമാണങ്ങളിൽ കാണാവുന്നതാണ്. അത്തരമൊരു റിപ്പോർട്ട് കാണുക.

رواية حجيرة بنت حصين قالت:
” أمتنا أم سلمة في صلاة العصر قامت بيننا “.
رواه عبد الرزاق أيضا، وابن أبي شيبة (2 / 88)،

ഹജീറ ബിൻത് ഹുസ്വൈൻ (റ) പറഞ്ഞു:
അസർ നമസ്കാരത്തിന് (പ്രവാചക പത്നി) ഉമ്മു സലമ (റ) ഞങ്ങൾക്ക് ഇമാമായി (നേതൃത്വം നൽകുന്നവരായി) നിന്നു. അവർ ഞങ്ങളുടെ നടുവിൽ നിന്നു കൊണ്ടാണ് നേതൃത്വം നൽകിയത്. (മുസ്വന്നഫ് അബ്ദുർറസാക്, മുസ്വന്നഫ് ഇബ്നു അബീ ശൈബ: 2:88)

باب إِمَامَةِ النِّسَاءِ അഥവാ സ്ത്രീകളുടെ ഇമാമത്ത് (നേതൃത്വം) എന്ന അധ്യായങ്ങൾ ഇസ്‌ലാമിക ഗ്രന്ഥങ്ങളിൽ സ്ഥാനം പിടിച്ചിരിക്കെ, ഇസ്‌ലാം സ്ത്രീകളെ ബാങ്കും ഇമാമത്തും നിർവഹിക്കുന്നതിൽ നിന്നും തടഞ്ഞു എന്ന കല്ലുവെച്ച കള്ളം ഒരു പെൺപക്ഷ ഗവേഷണ പഠനമായി അവതരിപ്പിക്കാൻ അസാമാന്യ തൊലിക്കട്ടി തന്നെ വേണം!. വൈജ്ഞാനികസത്യസന്ധതക്കു കുഴിവെട്ടിയവരല്ലാതെ ഈ കാലഘട്ടത്തിൽ ഇസ്‌ലാം വിമർശനം നടത്തുന്നില്ലെന്നു പറയുന്നത് വെറുതെയല്ലെന്ന് ഇത്തരം വിമർശനങ്ങൾ ഓർമപെടുത്തുന്നുണ്ട്.

നബി പത്നിമാരല്ലാത്ത സ്വഹാബി വനിതകളും സ്ത്രീകൾക്കു വേണ്ടി ഇമാമത്ത് നിർവഹിച്ചിരുന്നു എന്നതും ഹദീസ് ഗ്രന്ഥങ്ങളിൽ ധാരാളം കാണാവുന്നതാണ്. അത്തരം ഒരു റിപ്പോർട്ട് കൂടി നമുക്കു പഠനവിധേയമാക്കാം.

عَنْ أُمِّ وَرَقَةَ بِنْتِ عَبْدِ اللَّهِ بْنِ نَوْفَلٍ الْأَنْصَارِيَّةِ أَنَّ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ …
وَكَانَتْ قَدْ قَرَأَتْ الْقُرْآنَ فَاسْتَأْذَنَتْ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ أَنْ تَتَّخِذَ فِي دَارِهَا مُؤَذِّنًا فَأَذِنَ لَهَا قَالَ وَكَانَتْ قَدْ دَبَّرَتْ غُلَامًا لَهَا وَجَارِيَةً فَقَامَا إِلَيْهَا بِاللَّيْلِ فَغَمَّاهَا بِقَطِيفَةٍ لَهَا حَتَّى مَاتَتْ وَذَهَبَا فَأَصْبَحَ عُمَرُ فَقَامَ فِي النَّاسِ فَقَالَ مَنْ كَانَ عِنْدَهُ مِنْ هَذَيْنِ عِلْمٌ أَوْ مَنْ رَآهُمَا فَلْيَجِئْ بِهِمَا فَأَمَرَ بِهِمَا فَصُلِبَا فَكَانَا أَوَّلَ مَصْلُوبٍ بِالْمَدِينَةِ

ഉമ്മു വറക്ക ബിൻത് അബ്ദുല്ലാഹിബ്നു നൗഫൽ അൽ അൻസ്വാരിയ്യ (റ) യിൽ നിന്ന്: ….അവർ ക്വുർആൻ മനപാഠമാക്കിയ ഒരു സ്ത്രീയായിരുന്നു. തന്റെ ഭവനത്തിൽ ബാങ്കുകൊടുക്കുന്ന ഒരാളെ ഏർപ്പാടു ചെയ്യാൻ അവർ നബിയോട് അനുവാദം ചോദിച്ചു. അദ്ദേഹം അവർക്ക് അനുവാദം നൽകി. അവർക്ക് ഭൃത്യരായ ഒരു പയ്യനും പെൺകുട്ടിയും ഉണ്ടായിരുന്നു. അവരെ രണ്ടു പേരെയും കൂട്ടി അവർ രാത്രി നമസ്ക്കരിക്കുമായിരുന്നു…(സുനനു അബൂദാവൂദ്: 591).

വീട്ടിലുള്ള പുരുഷന്മാർക്കുവരെ നമസ്കാരത്തിനു സ്ത്രീകൾ നേതൃത്വം നൽകിയ സംഭവങ്ങൾ ഹദീസ് ഗ്രന്ഥങ്ങൾ പരമ്പരകളോടെ നമുക്കു പറഞ്ഞുതരുന്നുണ്ട്. അത്തരം ഒരു നിവേദനം നമുക്കു കാണാം.

عَنْ أُمِّ وَرَقَةَ بِنْتِ عَبْدِ اللَّهِ بْنِ الْحَارِثِ بِهَذَا الْحَدِيثِ وَالْأَوَّلُ أَتَمُّ قَالَ *وَكَانَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَزُورُهَا فِي بَيْتِهَا وَجَعَلَ لَهَا مُؤَذِّنًا يُؤَذِّنُ لَهَا وَأَمَرَهَا أَنْ تَؤُمَّ أَهْلَ دَارِهَا قَالَ عَبْدُ الرَّحْمَنِ فَأَنَا رَأَيْتُ مُؤَذِّنَهَا شَيْخًا كَبِيرًا

പ്രവാചകൻ (സ) ഉമ്മു വറകയുടെ വീട് സന്ദർശിക്കാറുണ്ടായിരുന്നു. അദ്ദേഹം അവർക്ക്, ബാങ്ക് വിളിക്കാൻ ആളെ ഏർപ്പാടു ചെയ്തു കൊടുത്തിരുന്നു. തന്റെ വീട്ടിലുള്ളവർക്ക് നേതൃത്വം നൽകി നമസ്ക്കരിക്കാൻ അവരോട് പ്രവാചകൻ (സ) കൽപ്പിക്കുകയും ചെയ്തു. അബ്ദുർറഹ്മാൻ പറഞ്ഞു: അവരുടെ ബാങ്കുവിളിക്കാരനായ പടു വൃദ്ധനെ ഞാൻ കാണുകയുണ്ടായി. (സുനനു അബൂദാവൂദ്: 592).

“അവരുടെ ബാങ്കുവിളിക്കാരനായ പടു വൃദ്ധനെ ഞാൻ കാണുകയുണ്ടായി.” എന്ന നിവേദനത്തിലെ വാചകങ്ങൾ, വീട്ടിലെ പുരുഷന്മാർക്കു വരെ ഇമാം നിൽക്കുന്നതിന് സ്ത്രീകളെ ഇസ്‌ലാം അനുവദിക്കുന്നുണ്ടെന്നു വ്യക്തമാക്കുന്നതാണ്.

ഇമാം സ്വൻആനി പറഞ്ഞു:

والحديث دليل علـى صحة إمامة المرأة أهل دارها، وإن كان فيهم الرجال، فإنه كان لها مـؤذن
وكان شيخًا كما في الرواية والظاهر أنها كانت تؤمه وغلامها وجاريتهـا

വീട്ടിലുള്ളവർക്ക് സ്ത്രീ ഇമാമായി (നേതൃത്വം നൽകി) നമസകരിക്കൽ സ്വീകാര്യമാണെന്നതിന് ഹദീസ് തെളിവാണ്; വീട്ടുകാരിൽ പുരുഷൻ ഉൾപ്പെടുമെങ്കിലും. അവർക്ക് (ഉമ്മു വറക്കക്ക്) ഒരു ബാങ്കുവിളിക്കാരനുണ്ടായിരുന്നു. അയാൾ വൃദ്ധനായ ഒരു പുരുഷനായിരുന്നു എന്നാണ് നിവേദനത്തിൽ വന്നിരിക്കുന്നത്. അവർ ഭൃത്യരായ ആൺകുട്ടിക്കും പെൺകുട്ടിക്കും ഇമാമായി നമസ്ക്കരിച്ചു എന്ന് നിവേദനത്തിന്റെ പ്രത്യക്ഷാർത്ഥം സൂചിപ്പിക്കുന്നു. (സുബുലുസ്സലാം: 2:48)

ശംസുൽ ഹക്ക് അസീമാബാദി പറഞ്ഞു:

ثبت من هذا الحديث أن إمامة النساء وجماعتهن صحيحة ثابتة من أمر رسول الله صلى الله عليه وسلم ، وقد أمت النساء عائشة رضي الله عنها وأم سلمة رضي الله عنها في الفرض والتراويح قال الحافظ في تلخيص الحبير : حديث عائشة أنها أمت نساء فقامت وسطهن رواه عبد الرزاق…

وظهر من هذه الأحاديث أن المرأة إذا تؤم النساء تقوم وسطهن معهن ولا تقدمهن . قال في السبل : والحديث دليل على صحة إمامة المرأة أهل دارها وإن كان فيهم الرجل فإنه كان لها مؤذنا وكان شيخا كما في الرواية ، والظاهر أنها كانت تؤمه وغلامها وجاريتها ، وذهب إلى صحة ذلك أبو ثور والمزني والطبري…

സ്ത്രീകളുടെ ഇമാമത്തും ജമാഅത്തും സ്വീകാര്യമാണെന്നും പ്രവാചകന്റെ (സ) കൽപ്പനയാൽ അത് സ്ഥാപിതമാണെന്നുമാണ് ഹദീസിൽ നിന്നും സ്ഥിരപ്പെടുന്നത്. ആഇശയും(റ) ഉമ്മു സലമയും(റ) സ്ത്രീകൾക്ക് നിർബന്ധ നമസ്ക്കാരത്തിലും തറാവീഹിലും നേതൃത്വം നൽകിയിട്ടുണ്ട്.

സ്ത്രീകൾ ഇമാം നിൽക്കുകയാണെങ്കിൽ നടുവിലാണ് നിൽക്കേണ്ടത് എന്നും മുന്നിൽ നീങ്ങി നിൽക്കുകയല്ല വേണ്ടത് എന്നും ഹദീസുകളിൽ നിന്നും വ്യക്തമാവുന്നു. പുരുഷന്മാർ ഉൾപ്പെടെ വീട്ടിലുള്ളവർക്ക് സ്ത്രീ ഇമാമായി (നേതൃത്വം നൽകി) നമസകരിക്കൽ സ്വീകാര്യമാണെന്നതിന് ഹദീസ് തെളിവാണ് എന്ന് സുബുലുസ്സലാമിൽ പറയപ്പെട്ടിരിക്കുന്നു… അബു സൗർ, മുസ്നി, ത്വബ്‌രി തുടങ്ങിയവർ ഈ അഭിപ്രായത്തെ ശരിവെക്കുന്നു…
(ഔനുൽ മഅ്ബൂദ്: 2:225)

കാര്യങ്ങൾ വളരെ ലളിതമാണ്, വ്യക്തമാണ്, സ്ത്രീകൾക്ക് ഇസ്‌ലാം ബാങ്കും ഇമാമത്തും വിരോധിചിട്ടില്ല, വിലക്കിയിട്ടില്ല. സ്ത്രീകൾക്ക് സ്ത്രീ ഇമാം നിൽക്കുന്നത് മാത്രമല്ല, വീട്ടിലെ പുരുഷന്മാർക്ക് പോലും സ്ത്രീക്ക് ഇമാം നിൽക്കാൻ ഇസ്‌ലാം അനുവാദം നൽകിയിട്ടുണ്ട്. ഇസ്‌ലാമിക പ്രമാണങ്ങൾ ഇത്രമേൽ ചർച്ച ചെയ്ത ഒരു വിഷയത്തിൽ പോലും, അതെല്ലാം മറച്ചുവെച്ചും ദുർവ്യാഖ്യാനിച്ചും ഇത്തരം കളവുകൾ പ്രചരിപ്പിക്കുവാൻ ഇസ്‌ലാംവിമർശകർക്ക് ഒരു തരിമ്പ് പോലും ലജ്ജയില്ലാതായത് അവരുടെ ചർമസൗഭാഗ്യത്തിന്റെ അപാരതയല്ലാതെ മറ്റെന്താണ് കുറിക്കുന്നത്.

സാമൂഹ്യബാധ്യതയുടെ ഭാരം ഇസ്‌ലാം സ്ത്രീയുടെ ചുമലിൽ കെട്ടിവെച്ചില്ല.

എന്നാൽ സാമൂഹ്യബാധ്യത എന്ന നിലയിൽ പുരുഷന്മാരടക്കമുള്ള മൊത്തം സമൂഹത്തിനുവേണ്ടി ബാങ്കും ഇമാമത്തും നിർവഹിക്കേണ്ട ബാധ്യതയിൽ നിന്നും ഇസ്‌ലാം സ്ത്രീയെ മാറ്റി നിർത്തിയിട്ടുണ്ട്. ആ രംഗത്ത് ഇസ്‌ലാം ബാധ്യതയുടെ ഭാരം പുരുഷനെയാണ് ഏൽപ്പിച്ചിരിക്കുന്നത്. അതു പക്ഷെ സ്ത്രീകൾക്ക് ഏതെങ്കിലും തരത്തിലുള്ള ആത്മീയ അർഹതകുറവുണ്ടെന്നു കണകാക്കികൊണ്ടുള്ള ഒരു നിലപാടല്ല. മറിച്ച് പുരുഷ പ്രകൃതിയാണ് ആ ബാധ്യതയുടെ ഭാരം ഏറ്റെടുക്കാൻ ഏറ്റവും അനുയോജ്യമെന്നതു കൊണ്ടാണ്. ഇസ്‌ലാമിന്റെ ഈ വിഷയകമായുള്ള സമീപനത്തെ യുക്തിപരമായി സമീപിക്കുന്ന ഏതൊരാൾക്കും അതിലെ ന്യായം ഉൾകൊള്ളാൻ സാധിക്കുന്നതാണ്. നൈതികതയുടെ ഒരു പ്രശ്നവും ആ രംഗത്ത് കണ്ടെത്താൻ നിഷ്പക്ഷമായ ഒരു വിശകലനത്തിനും സാധ്യമല്ല തന്നെ. ഓരോ കാര്യങ്ങളും നമുക്ക് യുക്തിപരമായി വിശകലം ചെയ്യാം.

1, സ്വഫ്ഫിന്റെ ഘടനയും പെണ്ണിമാമത്തും:

ജമാഅത്ത് നമസ്കാരത്തിലെ (സംഘ നമസ്കാരം) സ്വഫ്‌ഫിന്റെ (അണി) ഘടനക്ക് ഇസ്‌ലാം പുണ്യം നിശ്ചയിച്ച ഒരു രീതിയുണ്ട്. സ്വഫ്ഫിലെ ആദ്യ ഭാഗമാണ് പുരുഷന്മാർക്ക് ഏറ്റവും പുണ്യകരം. അതിനു ശേഷം ഉള്ള സ്വഫ്ഫുകൾ പിറകിലേക്ക് പോകുന്തോറും പുണ്യം കുറഞ്ഞു വരുന്നു. സ്ത്രീകൾക്കാവട്ടെ അണിയുടെ അവസാനത്തിൽ നിന്നാണ് പുണ്യം തുടങ്ങുന്നത്. അത് മുന്നിലേക്ക് പോകുന്തോറും പുണ്യം കുറഞ്ഞു വരുന്നു. ഇതാണ് സ്വഫ്ഫിൽ ഇസ്‌ലാം നിശ്ചയിച്ച പുണ്യത്തിന്റെ ഘടന. അതു പ്രകാരം സ്ത്രീ, പുരുഷന്മാർ അടക്കമുള്ള സംഘനമസ്കാരത്തിന് നേതൃത്വം നൽകുമ്പോൾ സ്വാഭാവികമായും അവളുടെ തൊട്ട് പിറകിൽ നിൽക്കേണ്ടത് പുരുഷന്മാരാണ്. നമസ്കാരമെന്നത് വിവിധ ചലനങ്ങൾ ഉൾകൊള്ളുന്ന ഒരു പ്രാർത്ഥനയാണ്. സ്ത്രീ നിന്നും വളഞ്ഞും ഇരുന്നും ഇളകിയും കുമ്പിട്ടുകിടന്നും നമസ്കാരത്തിന് നേതൃത്വം നൽകുമ്പോൾ അവൾക്കു പിറകിൽ നിൽക്കുന്ന പുരുഷന്മാർക്ക് അതു ജൈവികമായ ചില പ്രശ്നങ്ങൾ സൃഷിച്ചേക്കാം. കാരണം അത്തരം സന്ദർഭങ്ങളിൽ സ്ത്രീയുടെ നിമ്‌നോന്നതികള്‍ വെളിവാക്കപ്പെടാനുള്ള സാധ്യത കൂടുതലാണ്. പിറകിൽ നിൽക്കുന്ന പുരുഷന്മാരിൽ ചിലർക്കെങ്കിലും അതുമൂലം ആത്മസാന്നിധ്യം നഷ്ട്ടപെടാൻ ഇടയുണ്ട്. മാത്രമല്ല സ്ത്രീകൾക്കും അത്തരം ഒരു സന്ദർഭത്തിൽ മനസാന്നിധ്യത്തോടെ നമസ്കാരത്തിനു നേതൃത്വം നൽകാൻ ബുദ്ധിമുട്ടുണ്ടാകുമെന്നത് ആർക്കും നനസ്സിലാക്കാവുന്ന വസ്തുതയാണ്. സ്ത്രീ-പുരുഷ മനഃശാസ്ത്രവും ലൈംഗിക ശാസ്ത്രവും പഠിച്ച ഏതൊരാൾക്കും ഇവിടെ യുക്തിപരമായി സമർപ്പിക്കാവുന്ന നിർദേശം, സാമൂഹ്യ ബാധ്യതയുള്ള സംഘനമസ്കാരത്തിനു സ്ത്രീയേക്കാൾ നല്ലത് പുരുഷനെ തിരഞ്ഞെടുക്കുന്നതാണെന്നായിരിക്കും. കേവലം യുക്തിപരമായി ചിന്തിച്ചാൽ പോലും സാമൂഹ്യ ബാധ്യതയായ സംഘനമസ്കാരത്തിന് നേതൃത്വം കൊടുക്കാൻ ഏറ്റവും അനുയോജ്യമായ പ്രകൃതിഘടന സ്ത്രീയേക്കാൾ പുരുഷനിലാണ് കാണാനാകുന്നത്. അപ്പോൾ മതം ആ നിലപാട് സ്വീകരിക്കുമ്പോൾ അതിലൊരു പെൺവിരുദ്ധതയും കാണേണ്ടതില്ലെന്നർത്ഥം.

2, സ്ത്രീയുടെ സ്വകാര്യ സമയങ്ങളും ഇമാമത്തും:

സ്ത്രീകളെ സംബന്ധിച്ച് അവരുടെ സ്വകാര്യ സമയങ്ങളിൽ പെട്ടതാണ് ആർത്തവ സമയം. അതു മറ്റുള്ളവർ അറിയുന്നത് പൊതുവേ സ്ത്രീകൾ ഇഷ്ട്ടപെടാറില്ല. അതെല്ലാം ജനമധ്യത്തിൽ കൊട്ടിഘോഷിക്കുന്നതിൽ അഭിരമിക്കുന്ന പിടിവിട്ട പരിഷ്കരണവാദികളായ സ്ത്രീകളെ ഒഴിച്ചു നിർത്തിയാൽ, ആത്മാഭിമാനമുള്ള പല സ്ത്രീകളും അത്തരം സമയങ്ങൾ സ്വകാര്യമാക്കി വെക്കാനാണ് ഇഷ്ട്ടപ്പെടുക. ഒരു സ്ത്രീക്ക് സാമൂഹ്യബാധ്യത എന്ന നിലയിൽ പുരുഷന്മാരടക്കമുള്ള മൊത്തം സമൂഹത്തിനുവേണ്ടി ബാങ്കും ഇമാമത്തും നിർവഹിക്കേണ്ട ഉത്തരവാദിത്തം ഏൽപ്പിക്കപ്പെട്ടാൽ ഫലത്തിൽ സംഭവിക്കുന്നത് അവളുടെ അത്തരം സ്വകാര്യ സമയങ്ങളെ പരസ്യമാക്കാൻ നിർബന്ധിക്കലായിരിക്കും. കാരണം ആർത്തവ സമയങ്ങളിൽ സ്ത്രീക്ക് നമസ്കാരമടക്കമുള്ള പല ആരാധനകളും നിർവഹിക്കുവാൻ പാടില്ലാത്തതാണ്. അപ്പോൾ മാസത്തിൽ ചുരുങ്ങിയത് ഏഴ് ദിവസങ്ങളെങ്കിലും അവൾക്ക് സമൂഹത്തിന് ഇമാം നിൽക്കാൻ സാധ്യമല്ലാതെ വരും. നിരന്തരമായി മാസത്തിലെ പ്രത്യേക ദിവസങ്ങളിൽ ഇമാം ഇല്ലാതെ വരുമ്പോൾ സമൂഹം തിരിച്ചറിയും ഈ ദിനങ്ങളാണ് നമ്മുടെ ഇമാമിന്റെ ആർത്തവ ദിനങ്ങളെന്ന്. മാത്രമല്ല ആർത്തവചക്രം കൃത്യമല്ലെങ്കിൽ ഇമാമിന്റെ ആർത്തവ പ്രശ്നവും സമൂഹമറിയും. ഇനി ദീർഘിച്ചതോ ചുരുങ്ങിയതോ ആയ ആർത്തവചക്രമുള്ള സ്ത്രീയാണ് ഇമാം എങ്കിൽ അതും പൊതുസമൂഹത്തിന്റെ ശ്രദ്ധയിൽ പെടും. ഇതെല്ലാം തന്നെ അഭിമാനബോധമുള്ള സ്ത്രീകൾക്ക് വലിയ പ്രയാസം സൃഷ്ടിക്കുന്ന കാര്യങ്ങളാണെന്ന് ആർക്കും പറഞ്ഞുകൊടുക്കേണ്ടതില്ലല്ലോ. ഇത്തരം സ്വകാര്യ സമയങ്ങൾ സമൂഹത്തിൽ കൊട്ടിഘോഷിക്കുന്നതിൽ ഹരം കൊള്ളുന്ന പരിഷ്കാരിണികൾ ഇതിനെല്ലാം അപവാദമാണെങ്കിലും, മതത്തിനു പക്ഷെ മാന്യമഹിളകളെ കണ്ടല്ലേ ഒരു നിയമം ആവിഷ്കരിക്കാനാവുക. പരിഷ്കാരിണികൾ തൽക്കാലം ക്ഷമിക്കുകയല്ലാതെ മറ്റു പോംവഴികളില്ല. ഇതെല്ലാം മതം സ്വീകരിച്ച നിലപാടുകളിൽ ന്യായങ്ങൾ കണ്ടെത്താനുള്ള കേവല യുക്തിചിന്താപരിശ്രമം എന്നതിനപ്പുറം, ഇതാണ് മതത്തിനു പറയാനുള്ള ന്യായവാദങ്ങൾ എന്നു വെറുതെ തെറ്റിദ്ധരിച്ചിടരുത് എന്ന് ഇസ്‌ലാംവിമർശകരെ പ്രത്യേകം ഓർമപ്പെടുത്തുന്നു.

3, സ്ത്രീയുടെ അബലതകളെ പരിഗണിക്കാത്ത നിലപാടാണ് പെണ്ണിമാമത്ത്:

പുരുഷനെ അപേക്ഷിച്ച് സ്ത്രീകൾക്ക് പ്രകൃതിപരമായി തന്നെ ധാരാളം അബലതകൾ ഉണ്ടെന്നത് ഒരു വസ്തുതയാണ്. ഗർഭധാരണം, പ്രസവം, പ്രസവാനന്തരമുള്ള ദീർഘകാലയളവിലെ പ്രശ്നങ്ങൾ, മുലയൂട്ടൽ, ആർത്തവം, ആർത്തവ വിരാമം തുടങ്ങിയ പ്രശ്നങ്ങളും കൂടാതെ ഈ കാലയളവിൽ സ്ത്രീ അനുഭവിക്കുന്ന ശാരീരികവും മാനസീകവും ഹോർമോൺ സംബന്ധവുമായ മറ്റൊരുപാട് പ്രശ്നങ്ങളും വേറെയുമുണ്ട്. അത്തരം അവസ്ഥകളിൽ, സാമൂഹ്യബാധ്യത എന്ന നിലയിൽ പുരുഷന്മാരടക്കമുള്ള മൊത്തം സമൂഹത്തിനുവേണ്ടി ബാങ്കും ഇമാമത്തും നിർവഹിക്കേണ്ട ഉത്തരവാദിത്തം സ്ത്രീയെ ഏൽപ്പിക്കുന്നത് അവളോട് ചെയ്യുന്ന വലിയ ക്രൂരതയായിരിക്കും. കാരണം ഒരു ദിവസം പുലരി മുതൽ രാത്രി വരെ സമയ ബന്ധിതമായി നിർവഹിക്കാൻ ബാധ്യതപെട്ട ഒരു ഉത്തരവാദിത്തം ഈ പ്രകൃതിപരമായ പ്രശ്നങ്ങൾ ഒന്നുമില്ലാത്ത പുരുഷൻ ഉണ്ടായിരിക്കെ സ്ത്രീയെ പിടിച്ച് അതേൽപ്പിക്കുന്നത് കടുത്ത അപരാധമായിരിക്കുമെന്നു യുക്തിക്കു സ്വീകാര്യമായ ഒരു നിലപാടാണല്ലോ. ഒരുപാട് പ്രകൃതിപരമായ അബലതകൾ ഉള്ള ഒരു വിഭാഗവും അത്തരം പ്രശ്നങ്ങൾ ഒന്നുമില്ലാത്ത മറ്റൊരു വിഭാഗവും മുന്നിലിരിക്കെ ഇത്തരം സാമൂഹിക ഉത്തരവാദിത്തം ഏതു വിഭാഗത്തെയാണ് ഏൽപ്പിക്കേണ്ടത്?. യുക്തിപരമായി ചിന്തിക്കുന്ന ഏതൊരാൾക്കും പറയാനുള്ള മറുപടിയെന്താണോ അതു മാത്രമല്ലേ ഇസ്‌ലാം ഇവിടെ സ്വീകരിച്ചിരിക്കുന്ന നിലപാട്. അപ്പോൾ സ്ത്രീക്ക് ബാങ്കും ഇമാമത്തും ഇസ്‌ലാം വിലക്കി എന്ന വിമർശനം പ്രമാണവിരുദ്ധവും, സാമൂഹ്യബാധ്യതയായ ബാങ്കും ഇമാമത്തും ഇസ്‌ലാം സ്ത്രീകളെ ഏൽപ്പിച്ചില്ല എന്ന വിമർശനം യുക്തിവിരുദ്ധവുമാകുന്നു. എങ്ങനെ നോക്കിയാലും ഇസ്‌ലാംവിമർശനമെന്ന പരിപ്പ് ബുദ്ധിയുള്ളവർക്കിടയിൽ വേവില്ലെന്ന് മനസ്സിലാക്കി ആ കലം അടുപ്പിൽ നിന്നും ഇറക്കിവെക്കുന്നതാണ് ഇസ്‌ലാംവിമർശകർക്കെല്ലാം നല്ലത്. കലത്തിന് തുള വീഴുമെന്നല്ലാതെ പരിപ്പ് വേവില്ല കൂട്ടരേ. കാരണം ഇതു ദൈവിക മതമാണ്.

No comments yet.

Leave a comment

Your email address will not be published.