നരകവാസികളില്‍ അധികവും സ്ത്രീകളോ?!
നരകവാസികളില്‍ അധികവും സ്ത്രീകളാണെന്ന് പ്രഖ്യാപിക്കുക വഴി സ്ത്രീ സമൂഹത്തെ മൊത്തം അടച്ചാക്ഷേപിച്ച ഒരു വ്യക്തിയെ എങ്ങനെയാണ് ആത്മാഭിമാനമുളള സ്ത്രീകള്‍ ദൈവദൂതനായി അംഗീകരിക്കുക?
ഊഷരമായ ഹൃദയങ്ങളിലാണ് ഇസ്‌ലാംവിമര്‍ശനങ്ങളുടെ നിര്‍മ്മിതി നടക്കുന്നതെന്ന നിരീക്ഷണത്തിന് അടിവരയിടുന്ന ആരോപണമാണ് ഇതെന്നു പറയാതിരിക്കാന്‍ നിര്‍വാഹമില്ല. സ്ത്രീ സമൂഹത്തോട് ഏറെ ഗുണകാംക്ഷാനിര്‍ഭരമായി നല്‍കിയ ഒരു ഉപദേശത്തെപ്പോലും പെണ്‍വിരുദ്ധതയുടെ ആലയില്‍ കൊണ്ട്‌കെട്ടിയത് അക്ഷന്തവ്യമായ ഒരപരാധം തന്നെയാണ്. ആരോപണ വിധേയമായ നബിവചനം നമുക്കു പരിശോധിക്കുക:
”അബൂ സഊദുല്‍ ഖുദ്‌രി (റ) നിവേദനം: ഒരിക്കല്‍ തിരുമേനി (സ) വലിയ പെരുന്നാള്‍ ദിവസം നമസ്‌ക്കാര മൈതാനത്തേക്ക് പുറപ്പെട്ടു. (പൊതു ഉപദേശത്തിനുശേഷം) നബി (സ) സ്ത്രീകളുടെ അടുക്കലേക്ക് ചെന്നു. അവിടുന്ന് അരുളി: സ്ത്രീ സമൂഹമേ! നിങ്ങള്‍ ദാനധര്‍മ്മങ്ങള്‍ ചെയ്യുക. നരകവാസികളില്‍ അധികവും സ്ത്രീകളെയാണ് ഞാന്‍ കണ്ടിരിക്കുന്നത്. അപ്പോള്‍ സ്ത്രീകള്‍ ചോദിച്ചു: അല്ലാഹുവിന്റെ ദൂതരേ! എന്തുകൊണ്ടാണത്? നബി (സ) പ്രത്യുത്തരം നല്‍കി: അവര്‍ ശാപം വര്‍ദ്ധിപ്പിക്കും. ഭര്‍ത്താവിന്റെ നന്മയെ നിഷേധിക്കുകയും ചെയ്യും.” (ബുഖാരി)
മറ്റൊരു നിവേദനം ഇപ്രകാരമാണ്. ”ഞാന്‍ നരകത്തിലേക്ക് നോക്കി. അതില്‍ സ്ത്രീകളെയാണ് അധികമായി ഞാന്‍ കണ്ടത്. ഭര്‍ത്താവിനോട് അവര്‍ നന്ദികേട് കാണിക്കുന്നു. കാലം മുഴുവന്‍ നീ അവള്‍ക്ക് നന്മ ചെയ്തശേഷം നിന്നില്‍ നിന്ന് ഒരു ന്യൂനത കണ്ടാല്‍ അവള്‍ പറയും: നിങ്ങളില്‍ നിന്ന് ഇന്നോളം ഒരു നന്മയും എനിക്ക് കിട്ടിയിട്ടില്ല.”
പ്രസ്തുത നിവേദനങ്ങളില്‍ എവിടെയാണ് പെണ്‍വിരുദ്ധത കുടികൊള്ളുന്നത്. സ്ത്രീ പ്രകൃതിയില്‍ അതികമായി വന്നുപോകാറുള്ള ചില വീഴ്ച്ചകള്‍ സ്ത്രീ സമൂഹത്തെ ഉണര്‍ത്തുകയും നരക പ്രവേശനത്തിനു ഇടയാകാന്‍ സാധ്യതയുള്ള അത്തരം വീഴ്ച്ചകളെപറ്റി സ്ത്രീകളെ ബോധവല്‍കരിക്കുകയും അത്തരം തെറ്റുകള്‍ സംഭവിച്ചുപോകുന്നതിനുള്ള പ്രായശ്ചിത്തമായി ദാനധര്‍മ്മങ്ങള്‍ അധികരിപ്പിക്കുവാനും അതിലൂടെ മരണാനന്തര ജീവിതത്തില്‍ നരകമോചനം നേടിയെടുക്കാനുമുള്ള ഒരു ഉപദേശത്തെ പെണ്‍വിരുദ്ധതയുടെ പറ്റു പുസ്തകത്തില്‍ കുറിച്ചിടുന്നവരെ പറ്റി നാം എന്തുപറയണം!. ആത്മാഭിമാനമുള്ള സ്ത്രീകളെല്ലാം തന്നെ പ്രസ്തുത പ്രവാചകോപദേശത്തെ, സ്ത്രീ സമൂഹത്തോട് ഏറെ ഗുണകാംക്ഷ പുലര്‍ത്തിയ ഒരു മഹത്‌വ്യക്തിയുടെ സന്മാര്‍ഗദര്‍ശനമായാണ് വിലയിരുത്തുക.
ഹദീഥുകളില്‍ പരാമര്‍ശിച്ച രണ്ട് തിന്മകള്‍ സ്ത്രീകള്‍ക്കുമേല്‍ ആരോപിച്ചതിലെ ന്യായമാണ് ഒന്നാമതായി വിമര്‍ശകരെ അസ്വസ്ഥമാക്കുന്ന ഘടകം. ആ അസ്വസ്ഥത വിശ്വാസികള്‍ക്കിടയില്‍ വിതറുവാനാണ് അവര്‍ പരിശ്രമിച്ചുകൊണ്ടിരിക്കുന്നത്. ശപിക്കലും, ജീവിത പങ്കാളിയുടെ നന്മയെ നിഷേധിക്കലും ആണിലും പെണ്ണിലും കാണപ്പെടുന്ന തിന്മകളായിരിക്കെ, അത് സ്ത്രീകള്‍ക്കുമേല്‍ മാത്രമായി ചുമത്തിയതിലെ സ്ത്രീവിരുദ്ധത ഉല്‍ഖനനം ചെയ്യുകയാണവര്‍. ഹദീഥുകളുടെ പശ്ചാത്തലം പരിശോദിച്ചാല്‍ തീരാവുന്ന ഒരു പ്രശ്‌നം മാത്രമാണിത്. വലിയെ പെരുന്നാള്‍ ദിവസം നമസ്‌ക്കാര മൈതാനിയില്‍ വെച്ചാണ് പ്രസ്തുത സംഭവം നടക്കുന്നത്. അവിടെ ആദ്യം നബി (സ) ഒരു പൊതു ഉപദേശം (ഖുതുബ) നടത്തി. അതിനുശേഷം സ്ത്രീകളുടെ അടുത്തുചെന്ന് അവരെ മാത്രമായി ഉപദേശിക്കുകയാണുണ്ടായത്. സ്ത്രീ സമൂഹത്തെ അവമതിക്കലായിരുന്നു പ്രസ്തുത ഉപദേശം വഴി നബി (സ) ലക്ഷ്യം വെച്ചിരുന്നതെങ്കില്‍ അത് പൊതു ഉപദേശവേളയില്‍ തന്നെ ആകാമായിരുന്നു. കാരണം അപ്പോഴാണല്ലോ അത് സമൂഹമദ്ധ്യത്തില്‍ പരസ്യമാവുക. എന്നാല്‍, സ്ത്രീകളെ പ്രത്യേകം ബോധവല്‍ക്കരിക്കേണ്ട വിഷയം, തന്റെ പൊതു ഉപദേശത്തില്‍ (ഖുതുബ) ഉള്‍പ്പെടുത്താതെ സ്ത്രീകളുടെ മാത്രമായ സദസ്സില്‍ ചെന്ന് അവരെ പ്രത്യേകം ഉണര്‍ത്തുകയാണ് നബി (സ) ചെയ്തത്. വിമര്‍ശകര്‍ ആരോപിക്കുംവിധം സ്ത്രീകളെ അവമതിക്കുകയോ, പുരുഷ വര്‍ഗ ശ്രേഷ്ഠത പ്രഖ്യാപിക്കുകയോ ആണ് നബി(സ)യുടെ ഉദ്ദേശമെങ്കില്‍ അത് പ്രവചാകന്റെ പൊതു ഉപദേശവേളയിലാകുമായിരുന്നു.
സ്ത്രീയിലും പുരുഷനിലും കാണപ്പെടുന്ന തിന്മകളെപ്പറ്റി പറയുമ്പോള്‍ എന്തുകൊണ്ടാണ് സ്ത്രീകള്‍ക്കുമേല്‍ അത് പ്രത്യേകം പരാമര്‍ശിക്കുന്നത്? തിന്മകള്‍ ചിലപ്പോള്‍ അങ്ങനെയാണ്. സ്ത്രീയിലും പുരുഷനിലും ഒരുപോലെ കാണപ്പെടുന്ന തിന്മകളുണ്ട്; അവയെ പറ്റി പരാമര്‍ശിക്കുമ്പോള്‍ അത് രണ്ട് കൂട്ടരിലും ഒരുപോലെ ചേര്‍ത്ത് പറയും. പുരുഷനില്‍ കാണാമെങ്കിലും സ്ത്രീയില്‍ അതിനേക്കാള്‍ അധികം കാണപ്പെടുന്ന തിന്മകളുണ്ട്; അവയെപ്പറ്റി പരാമര്‍ശിക്കുമ്പോള്‍ അതില്‍ സ്ത്രീകളെ പ്രത്യേകമാക്കി പറയും. ഉപര്യുക്ത ഹദീഥുകളില്‍ പരാമര്‍ശിച്ച തിന്മകള്‍ അത്തരത്തില്‍പ്പെട്ടതാണ്. സ്ത്രീ പ്രകൃതിയില്‍ അത് പുരുഷപ്രകൃതിയേക്കാളും ഏറെ കാണപ്പെടുന്നു. ഇനി സ്ത്രീകളില്‍ കാണപ്പെടുമെങ്കിലും പുരുഷന്മാരില്‍ ധാരാളമായി കാണുന്ന തിന്മകളുണ്ട്; അവയെപ്പറ്റി പരാമര്‍ശിക്കുമ്പോള്‍ അവിടെ പുരുഷനെ പ്രത്യേകമാക്കി പറയും.
ഹദീഥുകളില്‍ വന്ന അത്തരം തിന്മകളെ പറ്റിയുള്ള പരാമര്‍ശങ്ങളില്‍ നിന്നും ഏതാനും ഉദാഹരണങ്ങള്‍ കാണുക:
1, ”അബൂഹുറൈറ(റ)യില്‍ നിന്നും നിവേദനം: അല്ലാഹുവിന്റെ ദൂതര്‍ (സ) പറഞ്ഞു: രണ്ടു വിഭാഗക്കാര്‍ നരകാവകാശികളാണ്; അവരെ ഞാനിതുവരെ കണ്ടുമുട്ടിയിട്ടില്ല: (ഒന്നാമത്തെ വിഭാഗം) ചില പുരുഷന്മാരാണ്. അവരോടൊപ്പം പശുവിന്റെ വാലുപോലെയുള്ള ചാട്ടവാറുകള്‍ ഉണ്ടാകും; അതുപയോഗിച്ച് അവര്‍ ജനങ്ങളെ അടിക്കും.” (അല്‍ മുഅ്ജമുല്‍ അവ്‌സത്: 5854, ശുഅ്ബുല്‍ ഈമാന്‍: 4972) ”അവന്‍ അല്ലാഹുവിന്റെ അമര്‍ഷത്തിലായികൊണ്ട് രാവിലെ പുറപ്പെടുകയും അവന്റെ കോപത്തിന് പാത്രീയരായി വൈകുന്നേരം മടങ്ങിവരികയും ചെയ്യും.” (മുസ്‌നദ് അഹ്‌മദ്: 22150)
അക്രമവാസനയാണ് ഇവിടെ ദൈവകോപത്തിനു വിധേയമായ തിന്മയായി പഠിപ്പിക്കുന്നത്. അക്രമവാസന സ്ത്രീകളിലുണ്ടെങ്കിലും പുരുഷപ്രകൃതിയിലാണ് അത് ധാരാളമായി കാണാറുള്ളത്. അതുകൊണ്ട് പ്രസ്തുത തിന്മയെ പുരുഷനിലേക്ക് ചേര്‍ത്ത് പറഞ്ഞെന്നുമാത്രം.
2, ”അല്ലാഹുവിന്റെ അടുക്കല്‍ ഏറ്റവും ഗുരുതരമായ മഹാപാപങ്ങളില്‍ പെട്ടതാണ്, (ഒന്ന്) ഒരാള്‍ ഒരു സ്ത്രീയെ വിവാഹം ചെയ്യുകയും എന്നിട്ട് അവളില്‍ നിന്നുള്ള ആവശ്യം പൂര്‍ത്തീകരിച്ചാല്‍ അവളെ വിവാഹമോചനം ചെയ്യുകയും അവളുടെ വിവാഹ മൂല്യവുമായി കടന്നുകളയുകയും ചെയ്യുക എന്നുള്ളതും, (രണ്ട്) ഒരാളെ പണിക്ക് വെച്ചിട്ട് (പണി പൂര്‍ത്തിയാക്കാതെ) കൂലിയും കൊണ്ട് പോവുക എന്നതും, (മൂന്ന്) അനാവശ്യമായി മൃഗങ്ങളെ കൊല്ലുക എന്നുള്ളതും.” (അല്‍ മുസ്തദ്‌റക്: ഹാകിം: 2/182)
വിശ്വാസ വഞ്ചനയും, തട്ടിപ്പും, അക്രമവുമാണ് ഉപര്യുക്ത ഹദീഥുകളിലെ പരമാര്‍ശ വിഷയം. സ്ത്രീകളിലും ഇത്തരം പ്രവണതകള്‍ കാണുമെങ്കിലും പുരുഷന്മാരിലാണ് ഇത് വ്യാപകമായി കാണുന്നത്. അതിനാല്‍ പ്രസ്തുത പാപങ്ങള്‍ പുരുഷന്മാരിലേക്ക് പ്രത്യേകം ചേര്‍ത്തു പറഞ്ഞു. റജുലുൻ (പുരുഷൻ), രിജാല്‍ (പുരുഷന്മാർ) എന്ന പദങ്ങളാണ് പ്രസ്തുത പാപങ്ങളുടെ ഉടമകളെ കുറിക്കാന്‍ ഹദീഥ് ഉപയോഗിച്ചിരിക്കുന്നത്. ഇത് ആണ്‍വിരുദ്ധതയുടെ ഭാഗമായി വിമര്‍ശകന്മാര്‍ അടയാളപ്പെടുത്തുമോ?! വേണമെങ്കില്‍ ഇസ്‌ലാമിക് ഫെമിനിസ്റ്റുകള്‍ക്ക് ഹദീഥ് ദാനം ചെയ്യുകയുമാകാം!!
3, ”അബൂസഈദി(റ)ല്‍ നിന്ന് നിവേദനം: നബി (സ) പറഞ്ഞിരിക്കുന്നു. പരസ്പരം അടുത്തിടപഴകിക്കഴിഞ്ഞ ശേഷം ഭാര്യയുടെ രഹസ്യങ്ങള്‍ പ്രചരിപ്പിക്കുന്ന പുരുഷനത്രെ പുനരുത്ഥാന നാളില്‍ അല്ലാഹുവിങ്കല്‍ ഏറ്റം മോശമായ സ്ഥാനമുള്ളവന്‍” (മുസ്‌ലിം).
കിടപ്പറ രഹസ്യങ്ങള്‍ മറ്റുള്ളവരോട് പങ്ക്‌വെച്ച് രസിക്കുന്ന ആണിനും പെണ്ണിനും ഹദീഥ് ഒരുപോലെ ബാധകമാണ്. രണ്ടുകൂട്ടരിലും പ്രസ്തുത തിന്മകള്‍ കാണാറുണ്ട്. എന്നാല്‍ സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാരിലാണ് ആ പ്രവണത ധാരാളമായി കാണാറുള്ളത്. അതിനാല്‍ പ്രസ്തുത തിന്മയെ പുരുഷന്മാരിലേക്ക് പ്രത്യേകമാക്കി സൂചിപ്പിച്ചു.
ഇനി അവശേഷിക്കുന്ന പ്രശ്‌നം നരകവാസികളില്‍ അധികവും സ്ത്രീകളാണെന്ന ഹദീഥിലെ പരാമര്‍ശമാണ്. നബിപാഠങ്ങളില്‍ നിന്നും പെണ്‍വിരുദ്ധത ചിക്കിചികയുന്നവര്‍ ജന്മം കൊള്ളുന്നതിനും എത്രയോ നൂറ്റാണ്ടുകള്‍ക്കു മുമ്പുതന്നെ ഇസ്‌ലാമിക പണ്ഡിതന്മാര്‍ പ്രസ്തുത വിഷയം മുടിനാരിഴ കീറി പരിശോദിച്ചിരിക്കുന്നു. പ്രസ്തുത പരിശോദനകള്‍ മറുപടി നല്‍കാത്ത ഒരു പ്രശ്‌നംപോലും പെണ്‍പക്ഷവാദികള്‍ക്ക് ഇന്നും ചോദിക്കാനില്ലെന്നതാണ് അതിശയകരമായ സംഗതി. പക്ഷെ അതൊന്നും കാണാനോ പഠിക്കാനോ തയ്യാറാവാതെ ഒരു ഹദീഥ് കിട്ടുമ്പോഴേക്കും അതില്‍നിന്നും പെണ്‍വിരുദ്ധത എങ്ങിനെ കടഞ്ഞെടുക്കാമെന്നതാണ് ഇസ്‌ലാംവിമര്‍ശകരുടെ ഇഷ്ടവിനോദം. അതുകൊണ്ടുതന്നെ പ്രസ്തുത ഹദീഥുമായി ബന്ധപ്പെട്ട് നൂറ്റാണ്ടുകള്‍ക്കുമുമ്പുതന്നെ ഇസ്‌ലാമിക ലോകത്ത് നടന്ന മുടിനാരിഴ കീറിയ പരിശോദനകളില്‍ നിന്നും ചര്‍ച്ചകളില്‍ നിന്നും ഒരു ശകലം ഇസ്‌ലാംവിരോധികള്‍ക്കും മുര്‍തദ്ദാവാന്‍ മുട്ടി നില്‍ക്കുന്നവര്‍ക്കും മുമ്പില്‍ ഒരുപോലെ സമര്‍പ്പിക്കുകയാണ്.
സ്വര്‍ഗവാസികളിലും അധികം സ്ത്രീകള്‍ തന്നെ!
ഇബ്‌നു സിരീന്‍ (റ) പറഞ്ഞു: ഒരിക്കല്‍, സ്വര്‍ഗത്തില്‍ കൂടുതല്‍ ആരാണെന്ന കാര്യത്തില്‍ സ്ത്രീകളും പുരുഷന്മാരും തമ്മില്‍ തര്‍ക്കിക്കുകയുണ്ടായി. അങ്ങനെ അവര്‍ (അക്കാര്യത്തെ സംബന്ധിച്ച് നബി(സ)യില്‍ നിന്നുള്ള അറിവിനായി) അബൂഹുറൈറ(റ)യോട് ചോദിച്ചു: ”അപ്പോള്‍ അദ്ദേഹം പറഞ്ഞു. അബുല്‍ കാസിം (നബി (സ)) ഇപ്രകാരം പറഞ്ഞിട്ടില്ലേ, സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുന്ന ആദ്യ സംഘം പൗര്‍ണമി രാത്രിയിലെ പൂര്‍ണ ചന്ദ്രനെ പോലെയായിരിക്കും. അവര്‍ക്കു ശേഷമുള്ളവര്‍ ആകാശത്തെ ഏറ്റവും തിളങ്ങുന്ന നക്ഷത്രത്തോളം പ്രകാശ പൂരിതരായിരിക്കും. അവരില്‍ ഒരോരുത്തര്‍ക്കും (സ്ത്രീകളില്‍ നിന്നുള്ള) രണ്ട് ഇണകള്‍ വീതം ഉണ്ടായിരിക്കും.” (സ്വഹീഹു മുസ്‌ലിം: 2834)
ഇമാം ഇബ്‌നു ഹജര്‍ അല്‍ അസ്‌ക്വലാനി (റ) പറഞ്ഞു: ”അവരില്‍ ഓരോരുത്തര്‍ക്കും രണ്ട് ഇണകള്‍ വീതം ഉണ്ടായിരിക്കും അഥവാ ഇഹലോകത്തെ സ്ത്രീകളില്‍ നിന്ന് രണ്ടുപേര്‍ ഉണ്ടായിരിക്കും.” (ഫത്ഹുല്‍ ബാരി: 6:325)
ഇമാം നവവി (റ) പറയുന്നു: ”ഇമാം ക്വാദി ഇയാദ് (റ) പറഞ്ഞു: സ്വര്‍ഗത്തില്‍ സ്ത്രീകളാണ് കൂടുതല്‍ എന്നാണ് ഹദീഥിന്റെ പ്രത്യക്ഷം സൂചിപ്പിക്കുന്നത്.” (സ്വഹീഹു മുസ്‌ലിം ബി ശര്‍ഹിന്നവവി: 9/142)
ഇബ്‌നു തിമിയ്യ (റ) പറഞ്ഞു: ”…കാരണം സ്ത്രീകളാണ് സ്വര്‍ഗത്തില്‍ പുരുഷന്മാരേക്കാള്‍ അധികം.” (മജ്‌മൂഉല്‍ ഫതാവാ: 6:432)
സ്വര്‍ഗത്തില്‍ സ്ത്രീകള്‍ തന്നെയാണ് കൂടുതലെന്ന് വേറെയും ഹദീഥുകള്‍ സൂചന നല്‍കുന്നുണ്ട്. ”നബി (സ) പറഞ്ഞു: സ്വര്‍ഗക്കാരെ സംബന്ധിച്ച് ഞാന്‍ നിങ്ങള്‍ക്ക് വിവരം നല്‍കട്ടെയോ? ”അതെ” എന്ന് പ്രവാചകാനുചരന്മാര്‍ പറഞ്ഞപ്പോള്‍ നബി (സ) വിശദീകരിച്ചു: എല്ലാ ദുര്‍ബലരും അടിച്ചമര്‍ത്തപ്പെട്ടവരുമാണവര്‍.” (സ്വഹീഹുല്‍ ബുഖാരി: 4967)
”അബൂ ഹുറൈറ(റ)ല്‍ നിന്നും നിവേദനം: നബി (സ) പറഞ്ഞു: അല്ലാഹുവാണെ സാക്ഷി; അനാഥ, സ്ത്രീ എന്നീ രണ്ട് ദുര്‍ബല വിഭാഗങ്ങളുടെ അവകാശങ്ങളെ (നിറവേറ്റുന്നതില്‍ പരാജയപ്പെടുന്നതിലുള്ള പാപത്തെ) സംബന്ധിച്ച് ഞാന്‍ നിങ്ങള്‍ക്ക് ശക്തമായ താക്കീത് നല്‍കുന്നു.” (മുസ്‌നദ് അഹ്‌മദ്: 2/439, റിയാളുസ്സ്വാലിഹീന്‍: 146)
എങ്കില്‍ നരകത്തില്‍ സ്ത്രീകളാണ് കൂടുതലെന്നു പറയുന്ന ഹദീഥുകളെ നാം എങ്ങനെയാണ് മനസ്സിലാക്കേണ്ടത്? അതും ഇസ്‌ലാമിക പണ്ഡതന്മാര്‍ ചര്‍വിതചര്‍വണം ചര്‍ച്ചചെയ്തിട്ടുണ്ട്. അവയില്‍ നിന്നും ഏതാനും ഭാഗങ്ങള്‍ നമുക്കും കാണാം.
ഇമാം നവവി (റ) ശര്‍ഹു മുസ്‌ലിമില്‍ പറയുന്നു: ”ഇമാം ക്വാദി ഇയാദ് പറഞ്ഞു: (സ്വര്‍ഗത്തിലെന്ന പോലെ) …നരകത്തിലും സ്ത്രീകളാണ് കൂടുതല്‍ എന്ന് മറ്റു ഹദീഥുകളിലും കാണാം. സ്ത്രീകളാണ് ആദം സന്തതികളില്‍ അധികവും എന്ന് ഇതില്‍ നിന്നും മനസ്സിലാക്കാം.” (ശര്‍ഹു മുസ്‌ലിം: 9/142)
ഇബ്‌നു തിമിയ്യ:(റ) പറഞ്ഞു: ”…അത് എന്തുകൊണ്ടെന്നാല്‍ പുരുഷന്മാരേക്കാള്‍ സ്ത്രീകളാണ് കൂടുതല്‍. നരകത്തിലും അപ്രകാരം തന്നെ. അപ്പോള്‍ സൃഷ്ടികളില്‍ കൂടുതലും സ്ത്രീകളാണ് എന്ന് വരുന്നു.” (മജ്‌മൂഉല്‍ ഫതാവാ: 6:432)
ഹാഫിള് അല്‍ ഇറാക്വി (റ) പറഞ്ഞു: ”…എന്നാല്‍ സ്ത്രീകള്‍ നരകത്തില്‍ കൂടുതല്‍ ഉള്ളതിനാല്‍ സ്വര്‍ഗത്തില്‍ കുറവാവല്‍ അനിവാര്യമല്ല. പ്രത്യുത സ്ത്രീകളാണ് (മനുഷ്യരില്‍) എണ്ണത്തില്‍ കൂടുതല്‍ എന്നതിനാല്‍ രണ്ടിടത്തും അവരാണ് അധികം.” (ത്വര്‍ഹുത്തസ്‌രീബ്: 8:270)
‘നരകവാസികളില്‍ അധികവും സ്ത്രീകളാണ്’ എന്ന ഹദീഥിന് മറ്റു ചില വ്യാഖ്യാനങ്ങള്‍ കൂടി പണ്ഡിതന്മാര്‍ നല്‍കിയിട്ടുണ്ട്. അവയില്‍ നിന്നും പ്രസക്തമായവ കാണാം.
ഇബ്‌നു ഹജര്‍ അല്‍ അസ്‌ക്വലാനി (റ) പറഞ്ഞു: ”ആദ്യത്തില്‍ നരകത്തില്‍ കൂടുതല്‍ സ്ത്രീകള്‍ ആയിരിക്കുകയും; അഥവാ, നരകത്തില്‍ നിന്ന് പാപങ്ങള്‍ക്കുള്ള ശിക്ഷ കഴിഞ്ഞതിന് ശേഷം ശുപാര്‍ശ വഴി ദോഷികള്‍ സ്വര്‍ഗത്തിലെത്തി ചേരുന്നതിന് മുമ്പാണ് ഈ അവസ്ഥ എന്ന് അനുമാനിക്കപ്പെടുന്നു. (ശേഷം സ്വര്‍ഗത്തില്‍ കൂടുതല്‍ സ്ത്രീകളും നരകത്തില്‍ കുറവും ആയിത്തീരും)” (ഫത്ഹുല്‍ ബാരി: 7:267)
ഇനിയും തീരാത്ത പെണ്‍പക്ഷ വിമര്‍ശനങ്ങള്‍
‘സ്വര്‍ഗവാസികളില്‍ എണ്ണത്തില്‍ ഏറ്റവും കുറഞ്ഞവര്‍ സ്ത്രീകളാണ്’ എന്ന് സ്വഹീഹ് മുസ്‌ലിമില്‍ (2738) കാണാം. ഈ ഹദീഥ് മേല്‍ പറയപ്പെട്ട പണ്ഡിതാഭിപ്രായങ്ങളെ മുഴുവന്‍ ഖണ്ഡിക്കുന്നതാണല്ലോ? എന്ന മറ്റൊരു വിമര്‍ശനം ചിലപ്പോള്‍ ഇസ്‌ലാംവിമര്‍ശകര്‍ ഉന്നയിച്ചേകാം. പ്രസ്തുത വിമര്‍ശനവും കൂടി നമുക്കു പഠനവിധേയമാക്കാം.
‘സ്വര്‍ഗവാസികളില്‍ എണ്ണത്തില്‍ ഏറ്റവും കുറഞ്ഞവര്‍ സ്ത്രീകളാണ്’ എന്ന ഹദീഥും ഇസ്‌ലാമിക പണ്ഡിതന്മാര്‍ വ്യക്തമായ നിലയില്‍ തന്നെ പഠനവിധേയമാക്കിയിട്ടുണ്ട്. ആ പഠനങ്ങളില്‍ നിന്നും പ്രസക്തമായ ഏതാനും ചില ചര്‍ച്ചകള്‍ കൂടി നമുക്കു കാണാം.
ഇമാം ഹാഫിള് അല്‍ ഇറാക്വി (റ) പറഞ്ഞു:”നരകത്തില്‍ കൂടുതല്‍ സ്ത്രീകളാണ് എങ്കില്‍ സ്വര്‍ഗവാസികളില്‍ കുറവ് സ്ത്രീകളായിരിക്കുമല്ലോ എന്ന് തെറ്റിദ്ധരിച്ച്, ഹദീഥിന്റെ ആശയം നിവേദനം ചെയ്തപ്പോള്‍ നിവേദകന് തെറ്റ് പറ്റിയതാകാം. എന്നാല്‍ സ്ത്രീകള്‍ നരകത്തില്‍ കൂടുതല്‍ ഉള്ളതിനാല്‍ സ്വര്‍ഗത്തില്‍ കുറവാവല്‍ അനിവാര്യമല്ല. പ്രത്യുത സ്ത്രീകളാണ് (മനുഷ്യരില്‍) എണ്ണത്തില്‍ കൂടുതല്‍ എന്നതിനാല്‍ രണ്ടിടത്തും അവരാണ് അധികം.” (ത്വര്‍ഹുത്തസ്‌രീബ്: 8:270)
ഇമാം മുനാവി (റ) പറഞ്ഞു: ”സ്വര്‍ഗവാസികളില്‍ കുറവ് സ്ത്രീകളായിരിക്കും” എന്നത് കൊണ്ടുദ്ദേശം, നരകത്തില്‍നിന്ന് ദോഷികള്‍ സ്വര്‍ഗത്തിലെത്തി ചേരുന്നതിന് മുമ്പാണ്. അപ്പോള്‍ ഇഹലോകത്തെ സ്ത്രീകള്‍ സ്വര്‍ഗത്തില്‍ പുരുഷന്മാരേക്കാള്‍ കുറവാണെന്ന് ഹദീഥ് തെളിയിക്കുന്നില്ല.” (ഫൈളുല്‍ ഖദീര്‍: 2/543)
ഇമാം ഇബ്‌നു ഹജര്‍ അല്‍ അസ്‌ക്വലാനി (റ) പറഞ്ഞു: ”നരകത്തില്‍ കൂടുതല്‍ സ്ത്രീകളാണ് എങ്കില്‍ സ്വര്‍ഗവാസികളില്‍ കുറവ് സ്ത്രീകളായിരിക്കുമല്ലോ എന്ന് തെറ്റിദ്ധരിച്ച്, ഹദീഥിന്റെ ആശയം നിവേദനം ചെയ്തപ്പോള്‍ നിവേദകന് തെറ്റ് പറ്റിയതാകാനാണ് സാധ്യത.” (ഫത്ഹുല്‍ ബാരി: 7:267)
‘സ്വര്‍ഗവാസികളില്‍ എണ്ണത്തില്‍ ഏറ്റവും കുറഞ്ഞവര്‍ സ്ത്രീകളാണ്’ എന്ന ഹദീഥിനെ പറ്റി ചര്‍ച്ചചെയ്യവെ അത് നിവേദകനില്‍ സംഭവിച്ച അബദ്ധമായിരിക്കാം എന്ന് പൂര്‍വ്വികരും ആധുനികരുമായ പണ്ഡിതന്മാരില്‍ പലരും ചൂണ്ടി കാണിക്കുവാനുള്ള ന്യായമെന്താണ്?
‘സ്വര്‍ഗവാസികളില്‍ കുറവ് സ്ത്രീകളായിരിക്കു’മെന്ന ഹദീഥ് ഇംറാനുബ്‌നു ഹുസൈനില്‍ നിന്ന് ഉദ്ദരിച്ചിരിക്കുന്നത് അബുത്തയ്യാഹ് എന്ന നിവേദകനാണ്. പ്രവാചകശിഷ്യന്‍(സ്വഹാബി) ഇംറാനുബ്‌നു ഹുസൈന്റെ ഈ ഹദീഥ് ഉദ്ദരിച്ച അബുത്തയ്യാഹ് എന്ന നിവേദകനല്ലാതെ മറ്റുനിവേദകരാരും ഇംറാനുബ്‌നു ഹുസൈനില്‍ നിന്ന് ഇപ്രകാരം ഉദ്ദരിച്ചിട്ടില്ല. (ഉദാഹരണത്തിന് ഇംറാനുബ്‌നു ഹുസൈനില്‍ നിന്നും അബു റജാഅ് ഉദ്ദരിച്ച ഹദീഥ്) മറിച്ച്, അവരെല്ലാം ഉദ്ദരിച്ചിരിക്കുന്നത് ‘നരകവാസികളില്‍ അധികവും സ്ത്രീകളാണ്’ എന്നു മാത്രമാണ്. (സ്വഹീഹുല്‍ ബുഖാരി: 3241, മുസ്‌നദു ഇബ്‌നു ജഅ്ദ്: 3049, മുസ്‌നദുഅഹ്‌മദ്: 19852, മുഅ്ജമുല്‍ കബീര്‍ ത്വബ്‌റാനി: 275) എന്നാല്‍ അബുത്തയ്യാഹ് മാത്രമാണ് ഇംറാനുബ്‌നു ഹുസൈനില്‍ നിന്നും ‘സ്വര്‍ഗവാസികളില്‍ ഏറ്റവും കുറവ് സ്ത്രീകളായിരിക്കും’ എന്ന ഭാഗം നിവേദനം ചെയ്തത്. ‘നരകത്തില്‍ കൂടുതല്‍ സ്ത്രീകളാണ്’ എന്ന ഹദീഥ് കേട്ടപ്പോള്‍ സ്വാഭാവികമായും ‘സ്വര്‍ഗത്തില്‍ കുറവ് സ്ത്രീകളാണെ’ന്ന് അദ്ദേഹം തെറ്റിദ്ധരിച്ചതാണെന്നർത്ഥം. അല്ലെങ്കില്‍ മറ്റു നിവേദകന്മാരും ഇംറാനുബ്‌നു ഹുസൈനില്‍ നിന്ന് അപ്രകാരം തന്നെ റിപ്പോര്‍ട്ട് ചെയ്യുമായിരുന്നു. അവരുടെ റിപ്പോര്‍ട്ടുകളിലൊന്നും തന്നെ ‘നരകത്തില്‍ കൂടുതല്‍ സ്ത്രീകളാണ്’ എന്ന വാചകമല്ലാതെ ‘സ്വര്‍ഗവാസികളില്‍ ഏറ്റവും കുറവ് സ്ത്രീകളായിരിക്കും’ എന്ന പരാമര്‍ശമില്ല. തീര്‍ച്ചയായും ഇത് നിവേദകനായ അബുത്തയ്യാഹിന് സംഭവിച്ച അബദ്ധമാണ്.
മാത്രമല്ല സ്വഹീഹ് മുസ്‌ലിമില്‍ ഇംറാനുബ്‌നുഹുസൈനില്‍ നിന്ന് അബുത്തയ്യാഹ് വഴി നിവേദനം ചെയ്യപ്പെട്ട റിപ്പോര്‍ട്ടിലല്ലാതെ, മറ്റു സ്വഹാബികളായ ഇബ്‌നു അബ്ബാസ് (സ്വഹീഹു മുസ്‌ലിം: 5049), ഉസാമത്തിബ്‌നു സൈദ് (സ്വഹീഹു മുസ്‌ലിം: 5048) തുടങ്ങിയവര്‍ വഴിക്കുള്ള നിവേദനങ്ങളിലും ‘നരകത്തില്‍ കൂടുതല്‍ സ്ത്രീകളാണ്’ എന്നതല്ലാതെ ‘സ്വര്‍ഗവാസികളില്‍ കുറവ് സ്ത്രീകളായിരിക്കും’ എന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.
ഇതെല്ലാം തന്നെ, ‘സ്വര്‍ഗവാസികളില്‍ ഏറ്റവും കുറവ് സ്ത്രീകളായിരിക്കും’ എന്ന നിവേദനം നിവേദനകന് സംഭവിച്ച അബന്ധമാണെന്നുള്ള പണ്ഡിത വീക്ഷണങ്ങളെ എമ്പാടും സാധൂകരിക്കുന്നതാണെന്നതര്‍ത്ഥം.
ഒന്ന്; അപ്പോള്‍ ‘സ്വര്‍ഗവാസികളില്‍ എണ്ണത്തില്‍ ഏറ്റവും കുറഞ്ഞവര്‍ സ്ത്രീകളാണ്’ എന്ന ഹദീഥ് ഇംറാനുബ്‌നു ഹുസൈനില്‍(റ) നിന്ന് അബുത്തയ്യാഹ് വഴി ഉദ്ദരിക്കപ്പെട്ട നിവേദനത്തില്‍ മാത്രമാണുള്ളത്. ഇംറാനുബ്‌നു ഹുസൈനില്‍(റ) നിന്നു തന്നെ മറ്റു നിവേദകന്മാരാല്‍ ഉദ്ദരിച്ച നിവേദനങ്ങളിലൊന്നും തന്നെ പ്രസ്തുത പരാമര്‍ശമില്ല.
രണ്ട്; ഇംറാബ്‌നു ഹുസൈനല്ലാത്ത മറ്റു സ്വഹാബികളില്‍ നിന്നും ഉദ്ധരിക്കപ്പെട്ട (സ്വഹീഹു മുസ്‌ലിമില്‍ തന്നെ) നിവേദനങ്ങളിലും ‘സ്വര്‍ഗത്തില്‍ കുറവ് സ്ത്രീകളായിരിക്കും’ എന്ന പരാമര്‍ശമില്ല.
മൂന്ന്; സ്വര്‍ഗവാസികളില്‍ സ്ത്രീകളായിരിക്കും അധികമെന്ന അബൂഹുറൈറ(റ)യില്‍ നിന്നും വ്യക്തമായി സൂചിപ്പിക്കുന്ന സ്വഹീഹു മുസ്‌ലിമിലെ തന്നെ (2834) ഹദീഥിന് എതിരാണ് ‘സ്വര്‍ഗത്തില്‍ കുറവ് സ്ത്രീകളാണ്’ എന്ന അബുത്തയ്യാഹ് വഴി നിവേദനം ചെയ്യപ്പെട്ട ഹദീഥ്.
ഈ ചര്‍ച്ചകളെല്ലാം തന്നെ ഇസ്‌ലാമിക ലോകത്ത് നടന്നത് നൂറ്റാണ്ടുകള്‍ക്കു മുമ്പാണെന്നത് നാം പ്രത്യേകം ശ്രദ്ധിക്കുക. ആധുനിക ഇസ്‌ലാമോഫോബിക്കുകളോ, ഫെമിനിസ്റ്റുകളോ, ഇസ്‌ലാംവിമര്‍ശകരോ, നവനാസ്തികരോ ഒന്നും തന്നെ ജന്മംകൊള്ളുകയോ; ഹദീഥുകളില്‍ നിന്നും പെണ്‍വിരുദ്ധത ഉല്‍ഖനനം ചെയ്‌തെടുക്കപ്പെടുന്ന പ്രവണതക്ക് അടയിരിക്കപ്പെടുകയോ ചെയ്തിട്ടില്ലാത്ത ഒരു കാലത്താണ് ഈ ചര്‍ച്ചകള്‍ നടന്നതെന്ന് നാം പ്രത്യേകം മനസ്സിരുത്തി പഠിക്കുക. കാരണം പുതിയ കാലത്താണ് ഇസ്‌ലാമിക പ്രബോധകന്മാര്‍ ഇത്തരം വിശദീകരണങ്ങള്‍ ഹദീഥുകള്‍ക്കു നല്‍കുന്നതെങ്കില്‍ ‘വ്യഖ്യാന ഫാക്റ്ററികള്‍’ എന്നാക്ഷേപിക്കപ്പെടുമായിരുന്നു. എന്നാല്‍ ഹദീഥുകള്‍ക്കുമേല്‍ ഇത്തരം വിമര്‍ശനങ്ങളോ, ചോദ്യം ചെയ്യലുകളോ നടന്നിട്ടില്ലാത്ത ഒരു കാലത്ത് മുസ്‌ലിം പണ്ഡിതന്മാര്‍ ഇപ്രകാരം ചര്‍ച്ച ചെയ്തതിനു പിന്നില്‍ ഒരൊറ്റ കാരണമേ സല്‍ബുദ്ധിയുള്ളവര്‍ക്ക് കണ്ടെത്താനുള്ളത്; ഹദീഥുകള്‍ പെണ്‍വിരുദ്ധമല്ലെന്ന് അവര്‍ എന്നേ മനസ്സിലാക്കിയിരുന്നു എന്നു മാത്രം.
No comments yet.