
മുഹമ്മദ് നബി സ്ത്രീ പീഢകനായിരുന്നു എന്ന് വ്യക്തമാക്കുന്ന നിവേദനങ്ങള്‍ സ്വഹീഹുല്‍ ബുഖാരിയില്‍ തന്നെ കാണാം. ‘ശൗത്ത്’ എന്നു വിളിക്കപ്പെട്ടിരുന്ന ഒരു തോട്ടത്തില്‍ വെച്ച് ‘ജൗന്‍’ ഗോത്രത്തിലെ ഉമൈമ:ബിന്‍ത് ശറാഹീല്‍ എന്ന സ്ത്രീയെ പ്രവാചകന്‍ കടന്നുപിടിക്കാന്‍ ശ്രമിക്കുകയും അവര്‍ ശക്തമായി പ്രതിരോധിക്കുകയും ചെയ്ത സംഭവം ഹദീഥ് ഗ്രന്ഥങ്ങള്‍ തന്നെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സ്ത്രീകളെ കടന്നുപിടിക്കാന്‍ പോലും മടിയില്ലാതിരുന്ന ഒരു വ്യക്തിയെ എങ്ങനെയാണ് മാനവികതയുടെ പ്രവാചകനായി വിലയിരുത്തുക?
ഇമാം ബുഖാരി തന്റെ സ്വഹീഹില്‍ വ്യത്യസ്ത പരമ്പരകളിലൂടെ ഉദ്ധരിച്ച ഒരു സംഭവത്തിന്റെ ഏതാനും ഭാഗങ്ങള്‍ അടര്‍ത്തിയെടുത്ത് പച്ചക്ക് ദുര്‍വ്യാഖാനിച്ചിരിക്കുകയാണിവിടെ. ഉമൈമ: ബിന്‍ത് ശറാഹീലുമായി ബന്ധപ്പെട്ട് ഇമാം ബുഖാരി അദ്ദേഹത്തിന്റെ സ്വഹീഹില്‍ ഉദ്ധരിച്ച നിവേദനങ്ങള്‍ വായിച്ചാല്‍ സംഭവം പ്രവാചക ജീവിതത്തിലെ ഒരു പുഴുകുത്തല്ലെന്നും മറിച്ച് പ്രവാചകന്റെ മഹാമനസ്‌കതയും സഹിഷ്ണുതയും കാരുണ്യവും അനുവാചകര്‍ക്ക് ബോധ്യപ്പെടുക മാത്രമാണുണ്ടാവുക എന്ന ഉത്തമബോധ്യമുള്ളതുകൊണ്ടു തന്നെ ഹദീഥുകളില്‍ നിന്നും തങ്ങള്‍ക്ക് കൈവെക്കാനൊക്കുന്നതു മാത്രം തിരഞ്ഞുപിടിച്ചു ദുര്‍വ്യാഖ്യാനിച്ചു ദുഷിപ്പിക്കുക എന്ന തന്ത്രമാണ് ഇസ്‌ലാംവിമര്‍ശകര്‍ ചെയ്തുകൊണ്ടിരിക്കുന്നത്. അതിനാല്‍ പ്രസ്തുത സംഭവവുമായി ബന്ധപ്പെട്ട് ഇമാം ബുഖാരി അദ്ദേഹത്തിന്റെ സ്വഹീഹില്‍ ഉദ്ധരിച്ച ഏതാനും ചില നിവേദനങ്ങള്‍ താഴെ കൊടുക്കുകയാണ്. ഒരൊറ്റ വായനയിലൂടെ തന്നെ ഏതൊരാള്‍ക്കും എളുപ്പം ഗ്രഹിക്കാന്‍ സാധിക്കുന്ന ഒരു വിഷയത്തെ പോലും ഇത്തരത്തില്‍ ദുര്‍വ്യാഖ്യാനിക്കുവാന്‍ ഇസ്‌ലാം വിമര്‍ശകര്‍ക്ക് യാതൊരു ലജ്ജയുമില്ലെന്നത് അവരുടെ സംസ്‌കാരത്തിന് നേരെയുള്ള ചൂണ്ടുവിരലാണ്.
”ഹംസത്തിബ്‌നു അബീ ഉസൈദ് നിവേദനം: അബൂ ഉസൈദ് (റ) പറഞ്ഞു: ഒരിക്കല്‍ പ്രവാചകനോടൊപ്പം(സ) ഞങ്ങള്‍ ഒരു യാത്ര പുറപ്പെട്ടു. ‘ശൗത്ത്’ എന്ന് വിളിക്കപ്പെടുന്ന ഒരു തോട്ടത്തെ ലക്ഷ്യമാക്കി ഞങ്ങള്‍ നീങ്ങി. ഞങ്ങള്‍ രണ്ട് തോട്ടങ്ങള്‍ക്കിടയിലെത്തിയപ്പോള്‍, അവിടെ ഞങ്ങളിരുന്നു. ഞങ്ങളോട് അവിടെ ഇരിക്കാൻ പ്രവാചകൻ (സ) പറഞ്ഞു. എന്നിട്ട് അദ്ദേഹം ആ തോട്ടത്തിലേക്ക് പോയി. ജൗന്‍ ഗോത്രത്തിലെ സ്ത്രീയെ അവിടേക്ക് കൊണ്ടുവരപ്പെട്ടിരുന്നു. ഈത്തപ്പന കൊണ്ടുണ്ടാക്കിയ വീട്ടിലായിരുന്നു അവര്‍. ഉമൈമ: ബിന്‍ത് ശറാഹീല്‍ എന്നായിരുന്നു അവരുടെ നാമം. അവരോടൊപ്പം അവരുടെ മുലകുടി ബന്ധത്തിലെ പോറ്റുമ്മയും ഉണ്ടായിരുന്നു. അവരുടെ അടുത്തേക്ക് അല്ലാഹുവിന്റെ ദൂതൻ (സ) പ്രവേശിക്കുകയും ‘നീ നിന്നെ എനിക്ക് സമര്‍പ്പിക്കുക’ എന്ന് പറയുകയും ചെയ്തു. അപ്പോള്‍ അവര്‍ പറഞ്ഞു: ‘ഒരു രാജ്ഞി അവരെ ഏതെങ്കിലും ഒരു സാധാരണക്കാരന് സമര്‍പ്പിക്കുമോ?’ അവരുടെ മേല്‍ കൈവെച്ച് അവരെ ശാന്തയാക്കാനായി തന്റെ കൈകള്‍ അദ്ദേഹം നീട്ടി. അപ്പോള്‍ അവര്‍ പറഞ്ഞു: ‘നിങ്ങളില്‍ നിന്നും ഞാൻ അല്ലാഹുവില്‍ ശരണം തേടുന്നു’. അപ്പോൾ പ്രവാചകൻ (സ) പറഞ്ഞു: ‘ശരണം തേടുവാന്‍ ഏറ്റവും അർഹനായവനിലാണ് നീ ശരണം തേടിയിരിക്കുന്നത്. പിന്നീട് അദ്ദേഹം ഞങ്ങളുടെ അടുത്തേക്ക് വന്നുകൊണ്ട് പറഞ്ഞു. “അബൂ ഉസൈദ്, അവര്‍ക്ക് രണ്ട് റാസിഖിയ്യാ വസ്ത്രങ്ങള്‍ നല്‍കുകയും അവരുടെ കുടുംബത്തിലേക്ക് അവരെ തിരിച്ചെത്തിക്കുകയും ചെയ്യുക.” (ബുഖാരി: 5255)
”പ്രവാചകൻ (സ) ഉമൈമ: ബിന്‍ത് ശറാഹീലിനെ വിവാഹം ചെയ്തു. അവരെ അദ്ദേഹത്തിന്റെ അടുത്തേക്ക് പ്രവേശിക്കപ്പെട്ടപ്പോള്‍, അദ്ദേഹം തന്റെ കൈകൾ നീട്ടി സ്വീകരിച്ചു. അവര്‍ക്കത് ഇഷ്ടപെടാത്തത് പോലെ അവര്‍ പ്രതികരിച്ചു. അപ്പോള്‍ അവര്‍ക്ക് തിരികെ സ്വഗൃഹത്തിലേക്ക് പോകാന്‍ യാത്രാ സൗകര്യങ്ങള്‍ ചെയ്യാനും, രണ്ട് റാസിഖിയ്യാ വസ്ത്രങ്ങള്‍ സമ്മാനമായി നല്‍കാനും പ്രവാചകൻ (സ) അബൂ ഉസൈദിനോട് കല്പിച്ചു.” (ബുഖാരി: 5256)
”ഇമാം ഔസാഇ (റ) പറഞ്ഞു: ഞാന്‍ സുഹ്‌രിയോട് ചോദിച്ചു: ‘പ്രവാചകൻ(സ)യുടെ ഭാര്യമാരില്‍ ആരാണ് അദ്ദേഹത്തില്‍ നിന്നും ശരണം തേടിയത്?’ അദ്ദേഹം പറഞ്ഞു: ‘എന്നോട് ആഇശ(റ)യില്‍ നിന്നും ഇപ്രകാരം ഉര്‍വ അറിയിക്കുകയുണ്ടായി. ജൗന്‍ ഗോത്രക്കാരിയെ പ്രവാചകന്റെ(സ) അരികിലേക്ക് (അദ്ദേഹത്തിന്റെ പത്‌നിയായി) ആനയിക്കപ്പെടുകയും അദ്ദേഹം അവളുടെ അരികിലേക്ക് ചെല്ലുകയും ചെയ്തപ്പോള്‍ അവള്‍ പറഞ്ഞു: ‘ഞാന്‍ താങ്കളില്‍ നിന്നും അല്ലാഹുവിനോട് ശരണം തേടുന്നു.’ അപ്പോള്‍ അദ്ദേഹം പറഞ്ഞു: ‘അതിമഹത്വമുള്ളവനിലാണ് നീ ശരണം തേടിയിരിക്കുന്നത്. നീ നിന്റെ കുടുംബത്തിലേക്ക് മടങ്ങിക്കൊള്ളുക.” (ബുഖാരി: 5254)
ഉമൈമ: ബിന്‍ത് ശറാഹീലീനെ പ്രവാചകൻ (സ) വിവാഹം ചെയ്തിരുന്നു എന്ന വസ്തുത മറച്ചു പിടിച്ചു കൊണ്ട് പ്രസ്തുത സംഭവം വിമര്‍ശകര്‍ അവതരിപ്പിക്കാറ് എന്ന് മുകളിലെ മൂന്ന് ഹദീസുകളും ഒരുമിച്ചു വെച്ച് വായിക്കുമ്പോൾ സുതരാം വ്യക്തമാവുന്നു. പ്രവാചകനെ പെണ്ണു പിടുത്തക്കാരനായും പരസ്ത്രീകളെ കടന്നുപിടിക്കുന്ന വ്യക്തിയായും താറടിക്കുകയാണ് ഈ ദുര്‍വ്യാഖ്യാന കസര്‍ത്ത് നടത്തുന്നതിന് പിന്നിലെ ചേതോവികാരം. താന്‍ വിവാഹം ചെയ്ത സ്ത്രീക്ക് തന്നോടൊപ്പം ജീവിക്കുവാന്‍ താല്‍പര്യമില്ലെന്നറിഞ്ഞപ്പോള്‍, നിര്‍ബന്ധിച്ച് കൂടെ താമസിപ്പിക്കാതെ മാന്യമായി അവരെ സ്വഗൃഹത്തിലേക്ക് യാത്രയാക്കുകയും വേര്‍പിരിയും മുമ്പ് അവര്‍ക്ക് സമ്മാനങ്ങള്‍ നല്‍കുകയും ചെയ്ത മാതൃകാപരമായ ഒരു നപടിയെ എത്ര നികൃഷ്ടമായാണ് ഇസ്‌ലാംവിമര്‍ശകര്‍ അവതരിപ്പിച്ചിരിക്കുന്നത്.
ﻻَ ﺗَﺤْﻤِﻠُﻮا اﻟﻨِّﺴَﺎءَ ﻋَﻠَﻰ ﻣَﺎ ﻳَﻜْﺮَﻫْﻦَ
“സ്ത്രീകളെ അവർക്ക് വെറുക്കുന്നത് ചെയ്യാൻ നിങ്ങൾ നിർബന്ധിക്കരുത്.”
(മുസ്വന്നഫ് അബ്ദുർ റസാഖ്: 10320) എന്ന് അനുചരന്മാരെ പഠിപ്പിക്കുക മാത്രമല്ല കാരുണ്യ മൂർത്തിയായ പ്രവാചകൻ (സ) ചെയ്തത്, പ്രത്യുത ഉമൈമയോട് അനുവർത്തിച്ച നിലപാടിലൂടെ തന്റെ ആദർശനിഷ്ട സ്വജീവിതത്തിൽ പ്രാവർത്തികമായി തെളിയിക്കുക കൂടി അദ്ദേഹം ചെയ്തു.
പ്രവാചകന്‍ (സ) ഉദ്ദേശിച്ചിരുന്നെങ്കില്‍ അവരെ നിര്‍ബന്ധപൂര്‍വ്വം കൂടെ താമസിപ്പിക്കുവാന്‍ യാതൊരു തടസ്സവുമുണ്ടായിരുന്നില്ല. കാരണം അവിടുന്ന് ഇസ്‌ലാമിക സാമ്രാജ്യത്തിന്റെ അധിപനായിരുന്നു. രാജാക്കന്മാരും ചക്രവര്‍ത്തിമാരും ഒരു പെണ്ണിനെ ആഗ്രഹിച്ചു കഴിഞ്ഞാല്‍ അവളുടെ താല്‍പര്യം അന്വേഷിക്കുന്ന പതിവില്ലെന്ന് എല്ലാവര്‍ക്കുമറിയാവുന്ന വസ്തുതയാണ്. അതിനെതിരെ ഒരു ശബ്ദവുമവിടെ ഉയരുകയില്ല. ഇവിടെ പ്രവാചകന്‍ (സ) മാതൃകയാവുകയാണ്. താന്‍ വിവാഹം ചെയ്ത ഒരു സ്ത്രീക്ക് തന്നോടൊപ്പം ജീവിക്കുവാന്‍ താല്‍പര്യമില്ലെന്നറിഞ്ഞ നിമിഷം അവളെ ആശ്വസിപ്പിക്കുകയും സമാധാനിപ്പിക്കുകയും നിര്‍ഭയത്വത്തോടെ സ്വഗൃഹത്തിലേക്ക് മടങ്ങാന്‍ അവസരമൊരുക്കുകയും ചെയ്യുന്ന പ്രവാചകന്‍, ഒരു രാഷ്ട്രത്തിന്റെ ചോദ്യം ചെയ്യപ്പെടാത്ത ഭരണാധിപനാണെന്ന വസ്തുതയും ചേര്‍ത്തു മനസ്സിലാക്കുമ്പോള്‍ എത്രമാത്രം ആദരവും താല്‍പര്യവുമാണ് ആ വ്യക്തിത്വത്തിനോട് തോന്നേണ്ടത്. ഇസ്‌ലാം വിമര്‍ശകര്‍ക്ക് പക്ഷെ അത്തരം ഊഷ്മളമായ ചിന്തയും വികാരവുമൊന്നും ഉണ്ടാവുകയില്ല. കാരണം അവരുടെ ഹൃദയം കടുത്തു പോയിരിക്കുന്നു. ഊഷരമായ ചിന്തയും വികാരവുമാണ് അവരെ നയിക്കുന്നത്. വെറുപ്പും വിദ്വേഷവും മാത്രമാണ് അവരെ ഭരിക്കുന്നത്.
സമാധാനിപ്പിക്കാനായി -അതും സ്വന്തം ഭാര്യയുടെ മേൽ- കൈ വെക്കാൻ തുനിഞ്ഞതിനെ ‘കേറിപ്പിടിക്കലാക്കി’ ചിത്രീകരിക്കാനുള്ള ‘അപാരമായ കഴിവ് ‘ അഗമ്യഗമനത്തേയും, ബലാൽസംഗത്തേയും ശവരതിയേയുമെല്ലാം പ്രണയിക്കുന്നവരുടെ ‘ഹൈപ്പർ സെക്ഷ്വാലിറ്റിയുടെ'(Hypersexuality)ഭാഗമാണ്. ഇത്തരക്കാർക്ക് ഒരു തെറാപ്പിസ്റ്റിനെ സംഘടിപ്പിച്ച് കൊടുക്കുന്നതിന് പകരം സ്റ്റേജും, പേജും നൽകി സമൂഹത്തിലേക്ക് അഴിച്ചു വിടുന്നതാണ് ഭൗതികവാദികൾ മത വിശ്വാസികളോട് ചെയ്യുന്ന ഏറ്റവും വലിയ ദ്രോഹം.
ചരിത്രനിമിഷങ്ങളെ നാം തിരിച്ചൊന്ന് വിഭാവനം ചെയ്തു നോക്കൂ; ഉമൈമ: ബിന്‍ത് ശറാഹീലിന്റെ മനോഗതങ്ങളിലൂടെ. എന്തായിരിക്കും അവരുടെ ഹൃദയത്തില്‍ നിറഞ്ഞു നിന്ന വികാരങ്ങളും വിചാരങ്ങളും. തന്നെ വിവാഹം ചെയ്ത ആളോട്, അദ്ധേഹത്തെ തനിക്ക് ഇഷ്ടമല്ലെന്ന് അറിയിച്ചപ്പോള്‍ അവള്‍ കണ്ടത് ശാന്തവും മാന്യവുമായ പ്രതികരണമാണ്. ഒരു നിമിഷം പോലും അവളെ അദ്ദേഹത്തിന്റെ താല്‍പര്യങ്ങള്‍ക്കു വിധേയമാക്കാന്‍ ശ്രമിക്കാതെ, സമ്മാനങ്ങള്‍ നല്‍കി സ്വന്തം ഗൃഹത്തിലേക്ക് അവള്‍ക്ക് യാത്രാസൗകര്യമൊരുക്കിയ ഇസ്‌ലാമിക രാഷ്ട്രനായകനെ അവളുടെ ഹൃദയം എത്രമാത്രം ആദരിച്ചിട്ടുണ്ടാകും.
തന്റെ നാട്ടിൽ തിരിച്ചെത്തിയ ഉമൈമ പ്രവാചകനുമായുള്ള ദാമ്പത്യ ജീവിതം ഉപേക്ഷിച്ചതിൽ പിന്നീട് ഖേദിക്കുകയും, ‘തനിക്ക് അമളി പറ്റി പോയി’ എന്ന് പറയുകയും ചെയ്തതായി ചരിത്രത്തിൽ തന്നെ കാണാം.
(ഫത്ഹുൽ ബാരി: 9:314)
പക്ഷേ ഇസ്‌ലാം വിമര്‍ശകരുടെ വരണ്ട ഹൃദയങ്ങള്‍ക്ക് അത്തരം വിഭാവനങ്ങള്‍ അന്യമാണ്. ഹൃദയങ്ങളില്‍ അവര്‍ സൂക്ഷിച്ചിവെച്ചിരിക്കുന്ന ഇസ്‌ലാമിനോടുള്ള വെറുപ്പും വിദ്വേഷവും അവരെ എത്രമാത്രം ഊഷരവും വൃത്തിഹീനവുമായ മനോഗതിക്കാരാക്കിയിരുന്നു.! കഷ്ടം.!!
No comments yet.