നബിനിഷേധമാണ് ഹദീഥ് നിഷേധത്തിന്റെ അകംപൊരുൾ

//നബിനിഷേധമാണ് ഹദീഥ് നിഷേധത്തിന്റെ അകംപൊരുൾ
//നബിനിഷേധമാണ് ഹദീഥ് നിഷേധത്തിന്റെ അകംപൊരുൾ
ആനുകാലികം

നബിനിഷേധമാണ് ഹദീഥ് നിഷേധത്തിന്റെ അകംപൊരുൾ

‘ഇസ്‌ലാം വിമർശകർ കാര്യമായി ആയുധമാക്കുന്നത് ഹദീഥുകളെയാണ്; അതിനാൽ ഹദീഥുകളെ തള്ളിക്കളഞ്ഞുകൊണ്ടല്ലാതെ ഇസ്‌ലാമിനെതിരെയുള്ള വിമർശനങ്ങൾക്ക് മറുപടി പറയാൻ കഴിയില്ല”. ഖുർആനിന്റെ സ്വന്തക്കാരായി സ്വയം അവരോധിക്കുന്നവരുടെ ഈ വാദം പുതിയതൊന്നുമല്ല. ഇസ്‌ലാമിനെ സംരക്ഷിക്കാനെന്ന മൂടുപടമിട്ടുകൊണ്ടാണ് ഹദീഥ് നിഷേധത്തിന് സമുദായത്തിൽ മേൽവിലാസമുണ്ടാക്കുവാൻ ഇസ്‌ലാമിന്റെ ശത്രുക്കൾ എന്നും ശ്രമിച്ചുപോന്നിട്ടുള്ളത്. ചരിത്രപരത അവകാശപ്പെടാനാകുന്ന ഒരേയൊരു പ്രവാചകനായ മുഹമ്മദ് നബി (സ) ജീവിച്ചിരുന്നുവെന്നതിന് ചരിത്രപരമായി സ്ഥിരീകരിക്കാനാവുന്ന തെളിവുകളൊന്നുമില്ലെന്ന് സ്ഥാപിക്കുകയാണ് ഹദീഥ് നിഷേധത്തിന്റെ അകംപൊരുൾ. ഇത് മനസ്സിലാകാത്ത ചില ഇസ്‌ലാംസ്‌നേഹികളെ മുന്നിൽ നിർത്തിക്കൊണ്ടാണ് ഇസ്‌ലാമിന്റെ ശത്രുക്കൾ പ്രവാചകന്റെ ചരിത്രപരതയെ നിഷേധിക്കുന്നതിനായുള്ള തെളിവുകൾക്ക് പ്രചാരം നൽകുന്നത്. സ്വയം പ്രമാണമാകാൻ കഴിയാത്ത യുക്തിയെന്ന ‘മഹാപ്രമാണ’ത്തിന്റെ അരിപ്പയിലൂടെ ഹദീഥുകളെ വേർതിരിക്കുവാൻ ഉമ്മത്തിനെ പഠിപ്പിച്ചാൽ പിന്നെ നബി(സ) തന്നെ ജീവിച്ചിരുന്നില്ലെന്നോ, അറേബിയയിൽ ജീവിച്ച ഏതോ ഒരാളെക്കുറിച്ച സാങ്കല്പിക കഥകൾ മാത്രമാണ് നബിചരിതമെന്നോ ഉള്ള തീർപ്പുകളിലെത്തിക്കാൻ വലിയ പ്രയാസമുണ്ടാവുകയില്ല എന്ന് അറിയുന്നവരാണ് ഹദീഥ് നിഷേധത്തിന് പിന്നിൽ ചരട് വലിക്കുന്നത്. നബിനിഷേധമാണ് ഹദീഥ് നിഷേധത്തിന്റെ അകംപൊരുൾ എന്നർത്ഥം.

ചരിത്രപരത ആര്‍ക്കും നിഷേധിക്കാനാവാത്തവിധം, രേഖകളാല്‍ സമൃദ്ധമാണ് മുഹമ്മദ് നബി(സ)യുടെ ജീവിതം. പ്രവാചകജീവിതത്തിലെ സൂക്ഷ്മവും സ്ഥൂലവുമായ മുഴുവന്‍ കാര്യങ്ങളും രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു. പ്രസ്തുത രേഖകളുടെ ചരിത്രപരതയും സത്യസന്ധതയും പരിശോധിച്ച് ഉറപ്പുവരുത്തുവാനുള്ള മാര്‍ഗങ്ങളും തുറന്നു കിടക്കുന്നു. മുഹമ്മദ് നബി (സ) പറയാത്തതോ ചെയ്യാത്തതോ ആയ കാര്യങ്ങളെന്തെങ്കിലും അദ്ദേഹത്തില്‍ ആരോപിക്കാന്‍ കഴിയാത്തത്ര സൂക്ഷ്മമായാണ് അത് ക്രോഡീകരിക്കപ്പെട്ടിരിക്കുന്നത്. അങ്ങനെ രേഖപ്പെടുത്തപ്പെട്ട മറ്റൊരു ജീവിതവുമില്ല. അല്ലാഹു സംരക്ഷിക്കുമെന്ന് ഉറപ്പു നല്‍കിയിട്ടുള്ള അവസാനത്തെ വേദഗ്രന്ഥത്തോടൊപ്പം (ഖുര്‍ആന്‍ 15:9) അതിന്റെ പ്രായോഗിക വിശദീകരണമായ പ്രവാചകജീവിതവും സൂക്ഷ്മമായി സംരക്ഷിക്കപ്പെട്ടിരിക്കുന്നു. ദൈവികമാര്‍ഗദര്‍ശനം അനുധാവനം ചെയ്ത് സ്വന്തം ജീവിതത്തെ വിമലീകരിക്കണമെന്നും അങ്ങനെ സ്വര്‍ഗപ്രവേശത്തിന് അര്‍ഹത നേടിയെടുക്കണമെന്നും ആഗ്രഹിക്കുന്നവര്‍ ആ ജീവിതത്തിലേക്ക് നോക്കിയാല്‍ നന്മയെന്താണെന്നും തിന്മയെന്താണെന്നും കൃത്യവും സൂക്ഷ്മവുമായി തിരിച്ചറിയാന്‍ കഴിയും. സത്യാസത്യങ്ങളെ വ്യവഛേദിക്കുന്ന വേദഗ്രന്ഥവും ധര്‍മാധര്‍മങ്ങളെ വ്യവഛേദിക്കുന്ന പ്രവാചകജീവിതവുമാണ് രക്ഷാമാര്‍ഗമന്വേഷിക്കുന്നവര്‍ക്ക് വെളിച്ചമേകാനാവുന്ന, ഇന്നു നിലനില്‍ക്കുന്ന പ്രമാണങ്ങള്‍; തെറ്റു പറ്റാത്തതും മാറ്റിത്തിരുത്താന്‍ കഴിയാത്തതുമായ പ്രമാണങ്ങളാണവ; സംരക്ഷിക്കപ്പെട്ട ദിവ്യവെളിപാടുകള്‍! നബിജീവിതത്തിന്റെ അകവും പുറവും വ്യക്തമാക്കുന്നതാണീ പ്രമാണങ്ങള്‍.

ചരിത്രത്തിന്റെ പൂര്‍ണമായ വെളിച്ചത്തിലാണ് മുഹമ്മദ് നബി (സ) ജീവിച്ചതെന്നു പറയുമ്പോള്‍ അദ്ദേഹത്തിന്റെ ചരിത്രപരതയെ (historicity) നിഷേധിക്കുവാന്‍ പരിശ്രമങ്ങളൊന്നുമുണ്ടായിട്ടില്ലെന്ന് മനസ്സിലാക്കികൂടാത്തതാണ്. ക്രൈസ്തവ മിഷനറിയായിരുന്ന സ്‌കോട്ടിഷ് ഓറിയന്റലിസ്റ്റ് സര്‍ വില്യം മ്യൂര്‍ മുതല്‍ മുസ്‌ലിംകളെ മതേതരവല്‍ക്കരിക്കുവാന്‍ ശ്രമിക്കുന്ന ആധുനിക ഭൗതികവാദികളില്‍ അഗ്രേസരനായി പരിചയപ്പെടുത്തപ്പെടുന്ന ഇബ്‌നു വര്‍റാഖ് വരെയുള്ള പലരും മുഹമ്മദ് നബി(സ)യുടെ ചരിത്രപരതയെ നിഷേധിക്കുകയും നബിചരിത്രത്തെക്കുറിച്ച് അറിവു നല്‍കുന്ന സ്രോതസ്സുകളുടെ സ്വീകാര്യതയെ വിമര്‍ശിക്കുകയും ചെയ്തിട്ടുണ്ട്. ജര്‍മനിയില്‍ തുടക്കം കുറിക്കുകയും യൂറോപ്യന്‍ വൈജ്ഞാനികമണ്ഡലത്തെ പിടിച്ചുകുലുക്കുകയും ചെയ്ത ചരിത്രവിമര്‍ശനരീതി (Historical Critical Method-HCM)യുടെ സങ്കേതങ്ങളെയാണ് അവർ അവലംബിക്കുന്നത്. മുഹമ്മദ് നബി(സ)യുടെ ജീവിതത്തെക്കുറിച്ച് അറിവു നല്‍കുന്ന സ്രോതസ്സുകള്‍ അങ്ങനെയൊരാള്‍ ജീവിച്ചിരുന്നുവെന്നതിന് കൃത്യവും വ്യക്തവുമായ തെളിവു നല്‍കുന്നില്ലെന്നും എട്ടാം നൂറ്റാണ്ടിലെ അറേബ്യന്‍ രാഷ്ട്രീയ പരിതഃസ്ഥിതികള്‍ക്കനുസരിച്ച് രൂപം പ്രാപിച്ച ഒരു മിത്ത് മാത്രമാണ് മുഹമ്മദ് നബി(സ)യെന്നും വരെ ഈ സങ്കേതങ്ങളുപയോഗിച്ച് വാദിക്കുവാനാണ് ചില ഓറിയന്റലിസ്റ്റുകൾ ശ്രമിക്കുന്നത്. മുഹമ്മദ് (സ) എന്ന ഒരാള്‍ ജീവിച്ചിരുന്നിരിക്കാമെന്നും എന്നാല്‍ ക്വുര്‍ആനോ ഹദീഥുകളോ സീറാ ഗ്രന്ഥങ്ങളോ അദ്ദേഹത്തെക്കുറിച്ച അറിവു നല്‍കുവാന്‍ മാത്രം ശക്തമായ സ്രോതസ്സുകളല്ലെന്നും പില്‍ക്കാല രാഷ്ട്രീയാവസ്ഥകള്‍ക്കനുസരിച്ച് രൂപീകരിക്കപ്പെട്ട ധാര്‍മിക നിയമങ്ങള്‍ക്ക് അടിത്തറയുണ്ടാക്കുന്നതിനായി നിര്‍മിക്കപ്പെടുകയും മുഹമ്മദ് നബി(സ)യിലേക്ക് ആരോപിക്കപ്പെടുകയും ചെയ്തവയാണ് അവയിലെ നബിസ്വഭാവങ്ങളെന്നുമാണ് ചരിത്ര വിമര്‍ശനരീതിയുപയോഗിച്ച് നബിജീവിതത്തെ അപഗ്രഥിച്ച ഓറിയന്റലിസ്റ്റുകളില്‍ മിക്കവരുടെയും പക്ഷം.

ഹദീഥുകളുടെ ആധികാരികതയെ ചോദ്യം ചെയ്തുകൊണ്ട് നബി(സ)യുടെ ചരിത്രപരതയെക്കുറിച്ച് സംശയം പ്രകടിപ്പിച്ചവരില്‍ പ്രഥമഗണനീയനാണ് സ്‌കോട്ടിഷ് ഓറിയന്റലിസ്റ്റായ സര്‍ വില്യം മ്യൂര്‍. 1861ല്‍ പ്രസിദ്ധീകരിക്കപ്പെട്ട തന്റെ ‘മുഹമ്മദിന്റെ ജീവിതം’ (The Life of Mohamed) എന്ന നാല് വാല്യങ്ങളുള്ള ഗ്രന്ഥത്തിലൂടെ ഒരു ചരിത്രസ്രോതസ്സ് എന്ന നിലയില്‍ ഹദീഥുകള്‍ അസ്വീകാര്യമാണെന്നാണ് അദ്ദേഹം സ്ഥാപിക്കാൻ ശ്രമിക്കുന്നത്. ക്വുര്‍ആന്‍ മാത്രമാണ് മുഹമ്മദ് നബി(സ)യുടെ ജീവിതത്തെക്കുറിച്ച് അറിവു നല്‍കുന്ന ഒരേയൊരു സ്രോതസ്സെന്നും ഇസ്‌നാദിന്റെ പരിശോധനയിലൂടെ ഹദീഥുകളുടെ സ്വീകാര്യത നിര്‍ണയിക്കുന്നത് അസംബന്ധമാണെന്നും സമർത്ഥിക്കുവാന്‍ ശ്രമിക്കുകയാണ് വില്യം മ്യൂര്‍ ചെയ്യുന്നത്. ഹദീഥുകളുമായി ബന്ധപ്പെട്ട് ചരിത്രവിമര്‍ശന രീതിയിലുള്ള അപഗ്രഥനം കുറേക്കൂടി വ്യാപകമായി നടത്തിയത് ഹംഗേറിയന്‍ ഓറിയന്റലിസ്റ്റായ, 1921 ൽ മരണപ്പെട്ട, ഇഗ്‌നാസ് ഗോള്‍ഡ് സീഹര്‍ ആയിരുന്നു. തങ്ങളുടെ രാഷ്ട്രീയാവശ്യങ്ങള്‍ക്കായി ഉമയ്യാ ഭരണകാലത്ത് നിര്‍മിക്കപ്പെടുകയും പ്രവാചകന്‍ വരെയെത്തുന്ന ഇസ്‌നാദുകളുടെ അകമ്പടിയോടെ പൊതുസമൂഹത്തില്‍ അവതരിപ്പിക്കപ്പെട്ട് അംഗീകാരം വാങ്ങുകയും ചെയ്തവയാണ് ഹദീഥുകളെന്നാണ് യഹൂദമതക്കാരനായ ഗോള്‍ഡ് സീഹറുടെ വാദം. ഹദീഥ് നിഷേധത്തില്‍ നിന്ന് തുടങ്ങി ഹദീഥുകള്‍ വരച്ചു കാണിക്കുന്ന മുഹമ്മദ് നബി(സ)ക്ക് ചരിത്രപരതയില്ലെന്ന് സമര്‍ഥിക്കുന്നതിലേക്കാണ് ഗോല്‍ഡ്‌സീഹര്‍ എത്തിച്ചേരുന്നത്. ജർമൻ ഭാഷയിൽ Muhammedanische Studien എന്ന തലക്കെട്ടിൽ 1890 മുതൽ പുറത്ത് വന്ന അദ്ദേഹത്തിന്റെ പഠനങ്ങൾ ഹംഗേറിയൻ ഓറിയന്റലിസ്റ്റായ സാമുവൽ മിക്‌ലോസ് സ്റ്റെർൺ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തി ‘മുസ്‌ലിം പഠനങ്ങൾ’ (Muslim Studies) എന്ന പേരിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പ്രവാചകജീവിതത്തെ ഹദീഥുകള്‍ ഒരര്‍ഥത്തിലും പ്രതിനിധീകരിക്കുന്നില്ലെന്ന് വാദിച്ച ന്യൂയോര്‍ക്കിലെ കൊളംബിയ സര്‍വകലാശാലാ പ്രൊഫസര്‍ ജോസഫ് സ്‌കാട്ട്, രാഷ്ട്രീയം മാത്രമല്ല ധാര്‍മികവും നൈതികവുമായ കാരണങ്ങള്‍ കൂടി ഹദീഥ്‌ നിര്‍മാണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന് വാദിച്ചുകൊണ്ട് എഴുതിയതാണ് ‘മുഹമ്മദീയ കർമ്മശാസ്ത്രത്തിന്റെ പ്രാരംഭങ്ങൾ'(The ‌Origins of Muhammadan Jurisprudence) എന്ന തലക്കെട്ടിൽ, 1950ൽ പുറത്തിറങ്ങിയ ഗ്രന്ഥം. വ്യത്യസ്ത ഹദീഥ് ശേഖരങ്ങളില്‍ ഒരേ വ്യക്തിയില്‍ നിന്ന് ക്രോഡീകരിച്ച ഹദീഥുകളും അയാള്‍ മുതല്‍ പ്രവാചകന്‍ വരെയുള്ള ഇസ്‌നാദും അയാള്‍ തന്നെ നിര്‍മിച്ചതാകാമെന്ന ഊഹത്തിന്റെ അടിസ്ഥാനത്തിലാണ് സ്‌കാട്ട് ഹദീഥുകളെയെല്ലാം നിഷേധിക്കുവാന്‍ ഒരുമ്പെടുന്നത്. നിരവധി നിവേദകരിലൂടെ നിവേദനം ചെയ്യപ്പെട്ട മുതവാത്തിറായ ഹദീഥുകള്‍ പോലും മുഹമ്മദ് നബി(സ)യില്‍ നിന്നുള്ളതാണെന്ന് ഖണ്ഡിതമായി പറയാന്‍ നിര്‍വാഹമില്ലെന്നാണ് ജോസഫ് സ്‌കാട്ടിന്റെ പാതയില്‍ തന്റെ ഗവേഷണങ്ങള്‍ പുരോഗമിപ്പിച്ച ഡച്ച് ഓറിയന്റലിസ്റ്റായ ജി.എച്ച്.എ. ജൂണ്‍ ബോളിന്റെ പക്ഷം. എത്രതന്നെ ബലവത്തായ പരമ്പരകളാല്‍ സ്ഥാപിതമായവയാണെങ്കിലും മൂന്നു തലമുറകള്‍ക്ക് ശേഷം രേഖപ്പെടുത്തപ്പെട്ട ഒരു ഹദീഥിന്റെ വെളിച്ചത്തില്‍ തലമുറകള്‍ക്ക് മുമ്പുള്ള ഒരാളുടെ വ്യക്തിത്വത്തെയോ ചരിത്രപരതയെയോ സ്ഥിരീകരിക്കാന്‍ സാധ്യമല്ലെന്ന് സ്ഥാപിക്കുവാനാണ് 1983 ൽ പുറത്തിറങ്ങിയ ‘മുസ്‌ലിം പാരമ്പര്യം'(Muslim Tradition) എന്ന ഗ്രന്ഥത്തിലൂടെ അവർ പരിശ്രമിക്കുന്നത്.

സര്‍ വില്യം മ്യൂര്‍ മുതൽ ജി.എച്ച്.എ. ജൂണ്‍ ബോൾ വരെയുള്ളവരുടെ ഹദീഥുകളെ നിഷേധിച്ചുകൊണ്ടുള്ള സമർത്ഥനങ്ങൾ ഓറിയന്റലിസ്റ്റുകളുടെ മൗലികമായ ഹദീഥ് പഠനങ്ങളിൽ നിന്നും ഗവേഷണങ്ങളിൽ നിന്നുമായി ഉരുത്തിരിഞ്ഞതാണെന്ന് കരുതുന്നവർക്ക് തെറ്റി. അവരുന്നയിക്കുന്ന വാദങ്ങളിലധികവും ഹദീഥുകളുടെ ക്രോഡീകരണകാലത്തും ശേഷവും നിലനിന്നിരുന്ന മുസ്‌ലിം സമുദായത്തിലെ വ്യതിയാനകക്ഷികൾ ഉന്നയിച്ച വാദങ്ങളുടെ ഓറിയന്റലിസ്റ്റ് പരാവർത്തനം മാത്രമാണ്. ഖവാരിജുകളും ശിആക്കളും മുഅതസിലിയാക്കളുമെല്ലാം ഉന്നയിച്ച വാദങ്ങളുടെ തനിയാവർത്തനങ്ങൾ തന്നെയാണ് ചരിത്രവിമർശനരീതിയുടെ ചട്ടക്കൂടിനുള്ളിലാക്കി അവർ അവതരിപ്പിച്ചിരിക്കുന്നത്.

സുന്നത്തിന്റെ പ്രാമാണികതയെ നിഷേധിച്ചവർ മുതൽ ഹദീഥുകളുടെ വിശ്വാസ്യതയെ സംശയിച്ചവർ വരെയുള്ള വ്യതിയാനകക്ഷികൾ പ്രവാചകന് ശേഷമുള്ള മൂന്നാം തലമുറ മുതൽ തന്നെ മുസ്‌ലിംകൾക്കിടയിലിലുണ്ടായിരുന്നു. ഹദീഥുകളുടെ പ്രാമാണികതയെ ചോദ്യം ചെയ്യുകയും വിശ്വാസ്യതയെ സംശയിക്കുകയും ചെയ്തവർക്കെല്ലാം അവർ ജീവിച്ച കാലത്തെ പണ്ഡിതന്മാർ മറുപടികൾ നൽകിപ്പോന്നിട്ടുണ്ട്. ഖുർആൻ മാത്രമാണ് പ്രമാണമെന്ന് വാദിച്ചിരുന്ന തന്റെ കാലത്തുണ്ടായിരുന്ന കക്ഷികൾക്ക് ഹിജ്‌റ 204ൽ മരണപ്പെട്ട ഇമാം മുഹമ്മദ് ബ്നു ഇദ്‌രീസു ശാഫീ (റ) തന്റെ ‘രിസാല’യിലും ‘കിതാബ്‌ ജാമിഅൽ ഇൽമി’ലും വ്യക്തമായി മറുപടി പറഞ്ഞത് കാണാനാവും. “എന്റെ ഏതെങ്കിലും ഒരു നിർദേശമോ വിലക്കോ നിങ്ങളിലെത്തുകയാണെങ്കിൽ തന്റെ ചാരുകസേരയിൽ ആടിക്കൊണ്ട് ‘അല്ലാഹുവിന്റെ ഗ്രന്ഥത്തിൽ കാണുന്നതേ ഞങ്ങൾ പിൻതുടരൂ’ എന്ന് പറയുന്ന ഒരാളെയും ഞാൻ കാണാതിരിക്കട്ടെ” എന്ന ഹദീഥ് ഉദ്ധരിച്ചുകൊണ്ട്, ‘അഹ്‌ലുൽ കലാം’ എന്ന് അദ്ദേഹം വിളിച്ച വ്യതിയാനക്കാരായ വിഭാഗങ്ങളെയെല്ലാം ഇമാം ശാഫീ (റ) ബുദ്ധിപരവും പ്രമാണബദ്ധവുമായി ഖണ്ഡിക്കുന്നുണ്ട്. (പിൽക്കാലത്ത് ഈ ഹദീഥ് ഇമാം ഇബ്നു മാജ തന്റെ സുനനിൽ സ്വഹീഹായ പരമ്പരയോട് കൂടി നിവേദനം ചെയ്തിട്ടുണ്ട്). അദ്ദേഹത്തിന്റെ അടുത്ത തലമുറയിൽ ജീവിച്ച, ഹിജ്‌റ 276ൽ മരണപ്പെട്ട, അബു മുഹമ്മദ് അബ്ദില്ലാഹി ബ്നു ഖുതൈബ(റ) ‘തഅവീൽ മുഖ്തലിഫ് അൽ ഹദീഥ്’ എന്ന ഗ്രന്ഥത്തിലൂടെ ഹദീഥുകൾക്കെതിരെ അന്ന് ഉന്നയിക്കപ്പെട്ട വിമർശനങ്ങൾക്കെല്ലാം അക്കമിട്ട് മറുപടി പറയുന്നുണ്ട്. ഹിജ്‌റ 463ൽ മരണപ്പെട്ട അൽ ഖതീബുൽ ബാഗ്ദാദി എന്നറിയപ്പെട്ട അബൂബക്ർ അഹ്‌മദ്‌ ബിൻ അലി ബിൻ ഥാബിത് (റ) തന്റെ ‘തഖ്‌യീദ് അൽ ഇൽമ്’ എന്ന ഗ്രന്ഥത്തിലും ഹദീഥുകൾക്കെതിരെയുള്ള അന്നത്തെ വ്യതിയാനക്കാരുടെ വിമർശങ്ങളെ നേരിടുന്നുണ്ട്. നൂറ്റാണ്ടുകൾക്ക് മുമ്പ് തന്നെ മുസ്‌ലിം പണ്ഡിതന്മാർ മറുപടി പറഞ്ഞ അതെ പ്രശ്നങ്ങളെയാണ് പുതിയ കാലത്തിന്റെ കുപ്പിയിലാക്കി ‘ചരിത്രവിമർശനരീതി’ എന്ന ലേബലുമൊട്ടിച്ച് ആധുനികലോകത്ത് ഓറിയന്റലിസ്റ്റുകളും അവരുടെ ഗവേഷണങ്ങളെ വെള്ളം കൂട്ടാതെ സ്വീകരിക്കുന്നവരും അവതരിപ്പിക്കുന്നത് എന്ന സത്യം എന്തുമാത്രം പരിഹാസ്യമല്ല!

ഹദീഥുകളുടെ ആധികാരികതയില്‍ സംശയം ജനിപ്പിച്ചുകൊണ്ട് മുഹമ്മദ് നബി(സ)യുടെ ചരിത്രപരത സംശയാസ്പദമാക്കിത്തീര്‍ക്കുകയെന്ന മിഷനറി-ഓറിയന്റലിസ്റ്റ് തന്ത്രത്തിന്റെ വലയില്‍ വീഴുകയാണ് അവര്‍ നല്‍കിയ തെളിവുകളെ മുന്‍നിര്‍ത്തിക്കൊണ്ട് ഹദീഥ് നിഷേധത്തിന്റെ പടവുകള്‍ കയറിയ മുസ്‌ലിംകള്‍ ചെയ്തത്. വില്യം മ്യൂറും ഗോള്‍ഡ് സീഹറും ഹദീഥ് നിഷേധത്തിന് നിരത്തിയ തെളിവുകളെ അപ്പടി സ്വീകരിച്ചുകൊണ്ട് ഇസ്‌ലാമിന് ക്വുര്‍ആന്‍ മാത്രമെ പ്രമാണമായുള്ളൂവെന്ന വാദവുമായി രംഗത്തുവന്ന ആധുനികകാലത്തെ ആദ്യ വ്യക്തികളിലൊരാളാണ് ക്രിസ്താബ്ദം 1895ല്‍ അന്തരിച്ച ഹൈദരാബാദുകാരനായ ചിരാഗ് അലി. വില്യം മ്യൂറിനെപ്പോലെയുള്ള ഓറിയന്റലിസ്റ്റുകള്‍ക്കും സി.ജി. ഫാണ്ടറെപ്പോലെയുള്ള ക്രിസ്ത്യന്‍ മിഷനറിമാര്‍ക്കും മറുപടി കൊടുക്കുവാനും അവരുടെ ആക്രമണങ്ങളില്‍നിന്ന് ഇസ്‌ലാമിനെ രക്ഷിക്കാനും ശ്രമിച്ച ചിരാഗ് അലി സ്വയം തന്നെ ഓറിയന്റലിസ്റ്റുകളുടെ കുഴിയില്‍ വീണ് അവരെക്കാള്‍ വീറോടെ ഹദീഥ് നിഷേധത്തിന് തെളിവുകള്‍ അവതരിപ്പിക്കുകയും അതുമുഖേനെ ഇസ്‌ലാം നിഷേധത്തിന്റെ വക്താവായിത്തീരുകയുമാണ് ചെയ്തത്. അദ്ദേഹത്തിന്റെ പാത പിന്‍പറ്റിയവരാണ് പില്‍ക്കാലത്ത് അഹ്‌ലെ ക്വുര്‍ആന്‍ പ്രസ്ഥാനം സ്വരൂപീകരിച്ചത്. 1980ല്‍ അന്തരിച്ച അബ്ദുല്ലാ ചക്രാലവിയും 1936ല്‍ അന്തരിച്ച ഖാജാ അഹ് മദുദ്ദീന്‍ അമൃതസരിയും കൂടി 1906 മുതല്‍ 1917 വരെയുള്ള കാലത്ത് രചിച്ച ലഘു കൃതികളില്‍ ആകൃഷ്ടരായവരെ ഒരുമിച്ചു കൂട്ടിയാണ് അഹ്‌ലെ ക്വുര്‍ആന്‍ പ്രസ്ഥാനം രൂപം കൊണ്ടത്. ഇസ്‌ലാമിനെ സംരക്ഷിക്കണമെങ്കിൽ ഹദീഥുകളെ നിഷേധിക്കണമെന്ന് ഇന്ന് വാദിക്കുന്നവർ ഇവരുടെ പാതയിലെ പുതുമുഖക്കാർ മാത്രമാണ്.

ശഹാദത്തിന്റെ രണ്ടാം പകുതിയെ (അശ്ഹദു അന്ന മുഹമ്മദന്‍ റസൂലുല്ലാ) നിഷേധിക്കുകയും നമസ്‌കാരം മൂന്നു നേരമായി ചുരുക്കുകയും ഓരോരുത്തര്‍ക്കും കഴിയുന്നത്ര മാത്രം സകാത്ത് നല്‍കിയാല്‍ മതിയെന്ന് നിശ്ചയിക്കുകയും ഹജ്ജിലെ കര്‍മങ്ങളെല്ലാം നിഷേധിക്കുകയും ആര്‍ത്തവകാരിക്കും നമസ്‌കാരമുണ്ടെന്ന് വാദിക്കുകയും ചേലാകര്‍മം ചെയ്യേണ്ടതില്ലെന്ന് പഠിപ്പിക്കുകയും വസ്ത്രധാരണത്തിലെ വിധിവിലക്കുകളെ മൊത്തത്തില്‍ വേണ്ടെന്നു വെക്കുകയും ചെയ്തുകൊണ്ട് അഹ്‌ലെ ക്വുര്‍ആനുകാര്‍ ഹദീഥുകളെ മാത്രമല്ല മൊത്തം ഇസ്‌ലാമിന്റെ അടിത്തറയെത്തന്നെയാണ് ചോദ്യം ചെയ്തത്. ഇന്ത്യയില്‍ തുടങ്ങിയ ഹദീഥ് നിഷേധത്തിന്റെ കാറ്റുകള്‍ ഈജിപ്തിലെത്തിയപ്പോഴാണെന്നു തോന്നുന്നു ഡോ. മുഹമ്മദ് തൗഫീഖ്‌ സിദ്ഖി മുസ്‌ലിം നാടുകളിൽ ആധുനിക കാലത്തുണ്ടായ ഹദീഥ് നിഷേധത്തിന്റെ തുടക്കക്കാരനായിത്തീർന്നത്. ഇസ്‌ലാമിനെയും പ്രവാചകനെയും (സ) വിമർശങ്ങളിൽ നിന്ന് പ്രതിരോധിക്കുകയെന്ന നല്ല ലക്ഷ്യത്തോടെ തുടങ്ങിയ അദ്ദേഹം എത്തിപ്പെട്ടത് നബി (സ) ജീവിച്ചിരുന്നുവോയെന്ന് സംശയം ജനിപ്പിക്കാനായി ഹദീഥുകളെ നിഷേധിച്ച ഓറിയന്റലിസ്റ്റുകളുടെ വലയിലായിരുന്നുവെന്നതാണ് സങ്കടകരം.

സിദ്‌ഖിയുടെ പിൻഗാമിയായ മഹ്‌മൂദ്‌ അബൂറയ്യ ക്വുര്‍ആനും അതിന്റെ യുക്തിപൂര്‍ണമായ വ്യാഖ്യാനവും മുതവാത്തിറായ ഹദീഥുകളും മാത്രമാണ് ഇസ്‌ലാമിന്റെ പ്രമാണങ്ങള്‍ എന്ന് വാദിക്കുന്നത് ഗോള്‍ഡ് സീഹറുടെയും പിന്‍ഗാമികളായ ഓറിന്റലിസ്റ്റുകളുടെയും വാദങ്ങള്‍ കടമെടുത്തുകൊണ്ടാണ്. പ്രവാചകന്റെ പ്രത്യേകമായ പ്രകീർത്തനത്തിന് അർഹനായ അബൂഹുറൈറ(റ)യെപോലെയുള്ള സ്വഹാബിമാരെ തെറിപറയുകയും കഠിനമായ പരിശ്രമത്തിലൂടെ പണ്ഡിതന്‍മാര്‍ വികസിപ്പിച്ചെടുത്ത ‘ഹദീഥ് നിദാനശാസ്ത്രം’ എന്ന പഠനശാഖയെ തള്ളിപ്പറയുകയും ചെയ്തുകൊണ്ടുള്ള അബൂറയ്യയുടെ രചനകൾക്കാണ് പിൽക്കാലത്ത് മുസ്‌ലിം ലോകത്തുണ്ടായ ഹദീഥ് നിഷേധികൾക്കെല്ലാം പ്രധാനപ്പെട്ട റഫറൻസ് ഗ്രന്ഥങ്ങളാവാനുള്ള ‘ഭാഗ്യ’മുണ്ടായത്. യഥാർത്ഥ യഹൂദനായ ഗോൾഡ് സീഹറുടെ വാദങ്ങളെ കടമെടുത്തതുകൊണ്ട് സ്വഹാബീശ്രേഷ്ഠരിലൊരാളായ അബൂഹുറൈറ(റ)യെ ജൂതനാക്കി ചിത്രീകരിക്കുന്ന പതനത്തിലേക്കാണ് പിന്നീട് ഈ ഹദീഥ് നിഷേധികളെല്ലാം എത്തിച്ചേർന്നത്; അവരിൽ ചിലരെങ്കിലും മുഹമ്മദ് നബിയുടെ(സ) പ്രവാചകത്വം തന്നെ നിഷേധിക്കുന്ന പതനത്തിലേക്കും ആപതിച്ചുവെന്നതാണ് ചരിത്രം.

ഹദീഥുകളുടെ ആധികാരികതയിൽ സംശയം ജനിപ്പിക്കുന്നതോടെ അവസാനിക്കുന്നതല്ല തങ്ങൾക്ക് ആശയങ്ങൾ നൽകുന്നവരുടെ ഗവേഷണങ്ങളെന്ന് മനസ്സിലാക്കുവാൻ ഇസ്‌ലാമിനെ ‘സംരക്ഷിക്കുവാൻ’ ഹദീഥ് നിഷേധത്തിലേർപ്പെട്ടവർ മനസ്സിലാക്കേണ്ടതാണ്. ഹദീഥുകള്‍ നിഷേധിച്ചുകൊണ്ട് മുഹമ്മദ് നബി(സ)യുടെ ചരിത്രപരതയെ ചോദ്യം ചെയ്തുകഴിഞ്ഞാൽ അതേ മാനദണ്ഡങ്ങളുപയോഗിച്ച്, ക്വുര്‍ആനിന്റെ ചരിത്രപരതയെയും നിഷേധിക്കുവാന്‍ വേണ്ടിയുള്ള പരിശ്രമങ്ങളാണ് നടക്കാനുള്ളത്. ഹദീഥുകളുടെ ആധികാരികതയെ നിഷേധിക്കാനുപയോഗിച്ച അതേ സങ്കേതങ്ങളുപയോഗിച്ച് ക്വുർആനിന്റെ ആധികാരികതയെയും ചോദ്യം ചെയ്യാമെന്ന് മനസ്സിലാക്കുന്നവരാണ് ഓറിയന്റലിസ്റ്റുകൾ. ഹദീഥ് നിഷേധത്തിന്റെ വടികൾ അവരിൽ നിന്ന് കടമെടുക്കുന്നവർ അവസാനം ചെന്നെത്തുക ക്വുർആൻ നിഷേധത്തിൽ തന്നെയായിരിക്കുമെന്നതിന് മലയാളത്തിൽ തന്നെ ഏറെ ഉദാഹരണങ്ങളുണ്ടല്ലോ.

മുഹമ്മദ് നബി(സ)യുടെ കാലമെന്ന് കരുതപ്പെടുന്ന(!) ക്രിസ്താബ്ദം ഏഴാം നൂറ്റാണ്ടില്‍ ക്വുര്‍ആന്‍ രൂപവല്‍ക്കരിക്കപ്പെട്ടിട്ടില്ലെന്നും നബി(സ)ക്ക് ശേഷം നൂറ്റാണ്ടുകളെടുത്താണ് സമൂഹത്തില്‍ മെല്ലെ ക്വുര്‍ആന്‍ പരിണമിച്ചുണ്ടായതെന്നുമുള്ള വാദങ്ങൾ ഓറിയന്റലിസ്റ്റ് പാളയത്തിൽ നിന്ന് ഉയരാൻ തുടങ്ങിയിട്ടുണ്ട്. ഹദീഥുകളെ ചരിത്ര വിമര്‍ശന രീതിയില്‍ അപഗ്രഥിച്ചുകൊണ്ട് മുഹമ്മദ് നബി(സ)യുടെ ചരിത്രപരത തെളിയിക്കുന്ന രണ്ടാമത്തേതും പ്രബലവുമായ സ്രോതസ്സിന്റെ ആധികാരികതയെ സംബന്ധിച്ച് സംശയമുണ്ടാക്കുകയാണ് ഒന്നാം ഘട്ടം. അത് പൂർത്തിയായാൽ പിന്നെ ഇസ്‌ലാമിന്റെ അടിസ്ഥാന പ്രമാണവും മുഹമ്മദ് നബി(സ)യെക്കുറിച്ച് അറിവു നല്‍കുന്ന ഒന്നാമത്തെ സ്രോതസ്സുമായ ക്വുര്‍ആനിനെകൂടി അതേ രീതിയില്‍ അപഗ്രഥിച്ച് സംശയങ്ങള്‍ സൃഷ്ടിക്കുവാൻ കഴിയുമെന്ന് ഓറിയന്റലിസ്റ്റുകള്‍ക്കറിയാം. ചരിത്രവിമർശനത്തിന്റെ സങ്കേതങ്ങളുപയോഗിച്ച് ഹദീഥുകളെ നിഷേധിച്ചവരുടെ പിൻഗാമികൾ ഇന്ന് ചെയ്തുകൊണ്ടിരിക്കുന്നത് അതെ രീതിയുപയോഗിച്ച് ക്വുർആനിനെയും നിഷേധിക്കുന്നതിന് വേണ്ടിയുള്ള ഗവേഷണങ്ങളാണ്.

ലണ്ടന്‍ സര്‍വകലാശാലയുടെ സ്‌ക്കൂള്‍ ഓഫ് ഓറിയന്റല്‍ ആന്റ് ആഫ്രിക്കന്‍ സ്റ്റഡീസിലെ അധ്യാപകനായ ജോണ്‍ വാന്‍സ് ബ്രോയാണ് ക്വുര്‍ആനിന്റെ ചരിത്രപരതയെ ചോദ്യം ചെയ്തവരില്‍ പ്രധാനി. യഹൂദ-ക്രൈസ്തവ ആശയങ്ങള്‍ അറേബ്യയില്‍ പ്രചരിപ്പിക്കാനായുള്ള ശ്രമത്തിനിടയില്‍ ഉരുത്തിരിഞ്ഞുവന്ന ആശയങ്ങളുടെ സമാഹാരമാണ് ഇസ്‌ലാമെന്നും പ്രസ്തുത ആശയങ്ങള്‍ക്കനുസൃതമായി വളര്‍ന്നു വികസിച്ചവയാണ് ക്വുര്‍ആന്‍ സൂക്തങ്ങളെന്നുമാണ് 2002ൽ അന്തരിച്ച വാന്‍സ് ബ്രോയുടെ വാദം. ക്വുര്‍ആന്‍ സൂക്തങ്ങള്‍ പരിണമിച്ചുണ്ടാവുന്നതിനനുസരിച്ച് അത് ബോധനമായി ലഭിക്കുകയും അതനുസരിച്ചുള്ള ജീവിതം നയിക്കുകയും അത് പ്രചരിപ്പിക്കുകയും ചെയ്ത വ്യക്തിയെന്ന നിലയില്‍ ഒരു മിത്ത് ആയി വളര്‍ന്നു വന്നതാണ് മുഹമ്മദ് നബി(സ)യെന്ന ആശയമെന്ന് സമർത്ഥിക്കുന്നതാണ് 1977ൽ പുറത്തിറങ്ങിയ ‘ക്വുർആനികപഠനങ്ങൾ; പ്രാമാണിക വ്യാഖ്യാനത്തിന്റെ സ്രോതസ്സുകളും രീതികളും’ (Quranic Studies: Sources and Methods of Scriptural Interpretation) എന്ന അദ്ദേഹത്തിന്റെ കൃതി.

ജോണ്‍ വാന്‍സ്ബ്രോയുടെ പാത പിന്‍പറ്റിക്കൊണ്ട് ഇസ്രായില്‍ പുരാവസ്തു ശാസ്ത്രജ്ഞനായ യഹൂദാ ഡി നേവോയും ഗവേഷകനായ ജൂഡിത്ത് കൊരിയനും കൂടി 2003ൽ രചിച്ച ‘ഇസ്‌ലാമിലേക്കുള്ള കുറുക്കു വഴികള്‍’ (Crossroads to Islam) എന്ന ഗ്രന്ഥത്തില്‍ അറബികള്‍ക്കാവശ്യമായ വ്യക്തിത്വമുള്ള ഒരു പ്രവാചകനെ അറബ് സമൂഹം അതിന്റെ ബോധമണ്ഡലത്തില്‍ വളര്‍ത്തിയെടുക്കുകയായിരുന്നുവെന്നും ഏഴോ എട്ടോ നൂറ്റാണ്ടുകളില്‍ രചിക്കപ്പെട്ട മധ്യപൂര്‍വ്വ ദേശത്തെ ശിലാലിഖിതങ്ങളിലൊന്നും അത്തരമൊരു പ്രവാചകന്‍ വന്നു പോയതിന്റെ സൂചനകളില്ലെന്നും അതുകൊണ്ടുതന്നെ മുഹമ്മദ് നബി(സ) ഒരുമിത്ത് മാത്രമാണെന്നും സമര്‍ത്ഥിക്കുകയാണ് ചെയ്യുന്നത്.

വരാനിരിക്കുന്ന രക്ഷകനായ മിശിഹയെക്കുറിച്ച യഹൂദ പ്രതീക്ഷയിലധിഷ്ഠിതമായി ബൈസന്റൈന്‍കാരില്‍നിന്ന് വാഗ്ദത്ത ഭൂമി തിരിച്ചു പിടിക്കാനായുള്ള അറേബ്യന്‍ ഉപദ്വീപിലുള്ളവരുടെ പരിശ്രമഫലമായാണ് അറബ് അധിനിവേശങ്ങളും ഖിലാഫത്തുമെല്ലാം ഉണ്ടായി വന്നതെന്നും അതിനനുസൃതമായി യഹൂദ-ക്രൈസ്തവ സ്രോതസ്സുകളില്‍ നിന്നും മധ്യപൂര്‍വ്വേഷ്യന്‍ കഥകളില്‍ നിന്നും കടമെടുത്ത് എട്ടാം നൂറ്റാണ്ടില്‍ രൂപംകൊണ്ടതാണ് ക്വുര്‍ആനെന്നും പ്രസ്തുത സാമൂഹ്യാവസ്ഥയില്‍ നിന്നാണ് ‘രക്ഷകനായ മുഹമ്മദ്’ എന്ന മിത്ത് പരിണമിച്ചുണ്ടായതെന്നുമാണ് ഡാനിഷ് ഓറിയന്റലിസ്റ്റായ പട്രീഷിയാ ക്രോണും ഇംഗ്ലീഷ് ചരിത്രകാരനായ മിക്കയേല്‍ കുക്കും ചേർന്ന് 1977ൽ രചിച്ച ‘ഹാഗറിസം: ഇസ്‌ലാമിക ലോകത്തിന്റെ രൂപീകരണം'(Hagarism: The Making of the Islamic World) എന്ന ഗ്രന്ഥം സമര്‍ഥിക്കാന്‍ ശ്രമിക്കുന്നത്.

എട്ടാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ അറബികളെ സുവിശേഷവല്‍ക്കരിക്കുന്നതിനു വേണ്ടിയുള്ള തീവ്രമായ പരിശ്രമങ്ങള്‍ നടന്നപ്പോള്‍ അതിനിടയില്‍ ക്രൈസ്തവരുടെ സുറിയാനി-അരമായ ഗ്രന്ഥങ്ങളില്‍നിന്ന് നിര്‍ധരിക്കപ്പെട്ടതാണ് ക്വുര്‍ആനെന്ന് സ്ഥാപിക്കാൻ ശ്രമിക്കുകയാണ് ക്രിസ്‌റ്റോഫ് ലെക്‌സന്‍ ബര്‍ഗ് എന്ന വ്യാജനാമത്തില്‍ അറിയപ്പെടുന്ന ഗവേഷകൻ 2000ത്തിൽ ജർമൻ ഭാഷയിലെഴുതിയ ‘ക്വുർആനിന്റെ സുറിയാനി-അരമായ വായന; ക്വുർആനികഭാഷയുടെ അർത്ഥവ്യാഖ്യാനത്തിന് ഒരു സംഭാവന’ (The Syro-Aramaic Reading of the Koran: A Contribution to the Decoding of the Language of the Koran) എന്ന ഗ്രന്ഥത്തിലൂടെ ചെയ്യുന്നത്.

ആദ്യം ഹദീഥുകൾ സ്വീകാര്യമല്ലെന്ന ബോധമുണ്ടാക്കുക; പിന്നീട് ഹദീഥുകളിൽ പറയുന്ന രൂപത്തിലുള്ളയാളല്ല മുഹമ്മദ് നബി(സ)യെന്ന ധാരണയുണ്ടാക്കുക; ഹദീഥുകളിൽ മാത്രമേ മുഹമ്മദ് നബിയെപ്പറ്റി പറയുന്നുള്ളൂവെങ്കിൽ അദ്ദേഹം ജീവിച്ചിരുന്നുവെന്ന് പറയാൻ വേണ്ടത്ര തെളിവുകളില്ലെന്ന തീർപ്പിലാണ് ആ ഗവേഷണം സ്വാഭാവികമായും എത്തിച്ചേരുക. അപ്പോഴും ക്വുർആനിൽ നബിയെക്കുറിച്ച് വ്യക്തമായി പറയുന്നുണ്ടെന്നും നബിയുടെ ചരിത്രപരതക്ക് അത് തന്നെ തെളിവായി മതിയെന്നുമായിരിക്കും ഭക്തനായ ഹദീഥ് നിഷേധിയുടെ മനസ്സിലുണ്ടാവുക. ഓറിയന്റലിസ്റ്റുകളുടെ സങ്കേതങ്ങളുപയോഗിച്ച് ഹദീഥ് നിഷേധത്തിലെത്തിയവർക്ക് പക്ഷെ, അവിടെ നിൽക്കാൻ കഴിയുകയില്ല. ഹദീഥുകളെ നിഷേധിക്കാനുപയോഗിച്ച ചരിത്രവിമർശനരീതിയുപയോഗിച്ച് ഓറിയന്റലിസ്റ്റുകൾ ക്വുർആനിനെയും നിഷേധിക്കും. ഓറിയന്റലിസ്റ്റുകളിൽ നിന്ന് പഠിച്ചവർക്ക് അപ്പോൾ സ്വാഭാവികമായും ഖുർആനിനെയും നിഷേധിക്കേണ്ടിവരും. അറബികളുണ്ടാക്കിയ കെട്ടുകഥ മാത്രമാണ് ഖുർആനെന്നും പ്രസ്തുത കെട്ടുകഥകളിലെ നായക മിത്താണ് മുഹമ്മദ് നബിയെന്നുമുള്ള തീർപ്പിലെത്താൻ അവർ നിർബന്ധിതരാകും. ഹദീഥ് നിഷേധത്തിൽ നിന്ന് തുടങ്ങിയവർ മെല്ലെ എത്തുക മത നിഷേധത്തിലായിരിക്കുമെന്ന് സാരം!

മത്തായിയും ലൂക്കോസുമെല്ലാം അവരവരുടെ വീക്ഷണങ്ങളിലുള്ള യേശുചിത്രം നിര്‍മിക്കുവാന്‍ ക്രിസ്തുവിനെ നേരില്‍ കണ്ടിട്ടില്ലാത്ത മാര്‍ക്കോസിന്റെ സുവിശേഷത്തെയാണ് ആധാരമാക്കിയിട്ടുള്ളതെന്നും അതുകൊണ്ടുതന്നെ ദൃക്സാക്ഷികളല്ലാത്തവരുടെ സുവിശേഷരചനകള്‍ ചരിത്ര സ്രോതസ്സുകളായി സ്വീകരിക്കുവാന്‍ നിവൃത്തിയില്ലെന്നും യേശുവിനെ ചരിത്രപുരുഷനായി അംഗീകരിക്കണമെങ്കില്‍ മറ്റു സ്രോതസ്സുകളിലൂടെ അദ്ദേഹത്തിന്റെ ചരിത്രപരത സ്ഥാപിക്കപ്പെടേണ്ടതുണ്ടെന്നും വാദിച്ച ഗവേഷകർക്ക് മറുപടി പറയാൻ പ്രയാസപ്പെടുന്ന മിഷനറിമാരെപ്പോലെയല്ല ഇക്കാര്യത്തിൽ മുസ്‌ലിംകളെന്ന് ശരിക്കും അറിയാവുന്നവരാണ് ഓറിയന്റലിസ്റ്റുകൾ. ചരിത്രവിമര്‍ശകന്‍മാരായ ഹെര്‍മാന്‍ സാമുവല്‍ റീമാറസ്, തോമസ് ജാഫര്‍സണ്‍, ഡേവിഡ് ഫ്രെഡറിക് സ്ട്രൗസ്, ഏണെസ്റ്റ് റെനാന്‍, വില്യം റീഡ് തുടങ്ങിയവരെല്ലാം സുവിശേഷങ്ങള്‍ വരച്ചു കാണിക്കുന്ന യേശുക്രിസ്തു ചരിത്രപുരുഷനല്ലെന്ന് വാദിച്ചവരാണ്. 1897ൽ എഴുതിയ ‘യേശുവിന്റെ ജീവിതം’ (The life of Jesus) എന്ന ഗ്രന്ഥത്തിലൂടെ ക്രിസ്തുവിന്റെ ചരിത്രപരതയെ ചോദ്യം ചെയ്യുന്ന ശക്തമായ വാദങ്ങള്‍ മുന്നോട്ടു വെച്ച ഏണെസ്റ്റ് റെനാന്‍ പക്ഷേ, മുഹമ്മദ് നബി (സ) ചരിത്രത്തിന്റെ പൂര്‍ണമായ വെളിച്ചത്തിലാണ് ജീവിച്ചതെന്ന വസ്തുത സമ്മതിക്കുകയും നബി(സ)യുടെ ചരിത്രപരതയെ സ്ഥിരീകരിക്കുന്നതു പോലെയുള്ള തെളിവുകള്‍ ക്രിസ്തുവിന്റെ കാര്യത്തില്‍ ഇല്ലെന്ന് വ്യക്തമാക്കുകയും ചെയ്യുന്നുണ്ട്.

മിശിഹായെക്കുറിച്ച യഹൂദ പ്രതീക്ഷയ്ക്കനുസരിച്ച് രൂപീകരിക്കപ്പെട്ട ഒരു മിത്ത് മാത്രമാണ് സുവിശേഷങ്ങള്‍ വരച്ചു കാണിക്കുന്ന ക്രിസ്തുവെന്ന ചരിത്ര വിമര്‍ശനഗവേഷകരുടെ വാദങ്ങള്‍ക്ക് മറുപടി പറയാനാകാതെ പ്രയാസപ്പെടുന്ന ക്രൈസ്തവ ബുദ്ധിജീവികള്‍ക്ക്, ‘മുഹമ്മദ് ചരിത്രത്തിന്റെ പൂര്‍ണമായ വെളിച്ചത്തിലാണ് ജീവിച്ചത്’ എന്ന ഏണസ്റ്റ് റെനെപ്പോലെയുള്ളവരുടെ നിരീക്ഷണം വലിയ തലവേദന സൃഷ്ടിക്കുന്നുണ്ട്, ‘ക്രിസ്തു ചരിത്ര പുരുഷനല്ലെങ്കില്‍ മുഹമ്മദും(സ) അങ്ങനെയല്ല’യെന്ന് സ്ഥാപിച്ച് പ്രസ്തുത തലവേദനക്ക് താല്‍ക്കാലികമായ ആശ്വാസമെങ്കിലും സൃഷ്ടിക്കുവാനുള്ള തത്രപാടുകള്‍ മാത്രമാണ് നബിയുടെ ചരിത്രപരതയെ നിഷേധിക്കുന്നതിനുവേണ്ടിയുള്ള പഠനങ്ങള്‍. പ്രസ്തുത പഠനങ്ങളുടെ ഭാഗമാണ് ഓറിയന്റലിസ്റ്റുകളുടെ ഹദീഥ്നിഷേധം. അവരെ പിന്തുടർന്ന് ഹദീഥ് നിഷേധത്തിന് മുസ്‌ലിം സമൂഹത്തിൽ വേരുകളുണ്ടാക്കാൻ പണിയെടുക്കുന്നവർ, മുഹമ്മദ് നബിയും ഒരു മിത്താണെന്ന് സ്ഥാപിക്കാൻ ശ്രമിക്കുന്നവർക്കാണ് തങ്ങൾ വെള്ളവും വളവും നൽകുന്നതെന്ന സത്യം മനസ്സിലാക്കിയിരുന്നെങ്കിൽ! യുക്തിയുടെ അരിപ്പയുപയോഗിച്ച് ഹദീഥുകളെ നിഷേധിക്കാൻ പഠിപ്പിക്കുന്നവർ അവസാനം എത്തിച്ചേരുക നബിവ്യക്തിത്വത്തിന്റെ തന്നെ നിഷേധത്തിലേക്കായിരിക്കും. നബിനിഷേധമാണ് ഹദീഥ് നിഷേധത്തിന്റെ അകംപൊരുൾ എന്നർത്ഥം.

മുഹമ്മദ് നബിയുടെ കാലം മുതൽ ഇന്നുവരെ പ്രവാചകൻ (സ) വിമർശിക്കപ്പെട്ടുകൊണ്ടേയിരുന്നിട്ടുണ്ട്. നബിവിമർശനമില്ലാത്ത എതെകിലുമൊരു നൂറ്റാണ്ട് ചരിത്രത്തിൽ കഴിഞ്ഞുപോയിട്ടില്ല. വിമർശകരുടെ വാദങ്ങൾക്കെല്ലാം ഖുർആനിന്റെയും സുന്നത്തിന്റെയും അടിസ്ഥാനത്തിൽ തന്നെ വിമർശകർ ജീവിച്ച കാലത്തെ പണ്ഡിതന്മാരും പ്രബോധകരും മറുപടി പറഞ്ഞിട്ടുമുണ്ട്. ഖുർആനിനെയോ ഹദീഥുകളെയോ നിഷേധിച്ചുകൊണ്ടല്ല അവരൊന്നും വിമർശനങ്ങൾക്ക് മറുപടി പറയുകയും നബി(സ)യെ പ്രതിരോധിക്കുകയും ചെയ്തത്. ഖുർആനും സ്വഹീഹായ ഹദീഥുകളും വരച്ചു കാണിക്കുന്ന നബിവ്യക്തിത്വത്തിൽ നിന്ന് മാനവവിരുദ്ധമായ എന്തെങ്കിലുമൊരു പ്രവർത്തനമുണ്ടായതായി വസ്തുനിഷ്ഠമായി ചൂണ്ടിക്കാണിക്കുവാനോ അധാർമ്മികതയുടെ ലാഞ്ചനയെങ്കിലും സംഭവിച്ചതായി തെളിയിക്കുവാനോ വിമർശകർ എത്രതന്നെ ഉറക്കമിളച്ചാലും കഴിയില്ല. അതുകൊണ്ട് തന്നെ പ്രമാണങ്ങളെ നിഷേധിച്ചുകൊണ്ട് നബിയെ പ്രതിരോധിക്കേണ്ട പതിതാവസ്ഥയൊന്നും ഒരു കാലത്തെയും പണ്ഡിതൻമാർക്കുണ്ടായിട്ടില്ല. അങ്ങനെ ആരെങ്കിലും ചെയ്യുന്നുണ്ടെങ്കിൽ അവരെ നബിയുടെയും ഇസ്‌ലാമിന്റെയും സംരക്ഷകരായല്ല, ശത്രുക്കളായാണ് ഉമ്മത്ത് വിലയിരുത്തിയിട്ടുള്ളത്. ഖുർആനും സുന്നത്തുമാകുന്ന അടിസ്ഥാനപ്രമാണങ്ങളെ നെഞ്ചോട് ചേർത്ത് പിടിച്ചുകൊണ്ടുതന്നെ പ്രവാചകനെതിരെയുള്ള വിമർശനങ്ങൾക്ക് എങ്ങനെ മറുപടി പറയണമെന്ന് നബിയും സ്വഹാബത്തും ഈ സമുദായത്തെ പഠിപ്പിച്ചിട്ടുണ്ട്. ആ പാതയിൽ തന്നെയാണ് അവസാനകാലം വരെയുള്ള നബിസ്നേഹികൾ നിലകൊള്ളുക; നബിയെ നിഷേധിച്ചുകൊണ്ട് ഇസ്‌ലാമിനെ രക്ഷിക്കുവാൻ ‘പാടുപെടുന്ന’ മിശിഹാമാരെയൊന്നും ഈ ഉമ്മത്തിനാവശ്യമില്ല. അത്തരം മിശിഹമാർ നമ്മുടെ ഇഹലോകവും പരലോകവും നഷ്ടപ്പെടുത്തുക മാത്രമാണ് ചെയ്യുക.

print
വിഷയവുമായി ബന്ധപ്പെട്ട വീഡിയോ

No comments yet.

Leave a comment

Your email address will not be published.