നബിനിന്ദക്കുള്ള പ്രതികരണവും ശിക്ഷയും: പ്രമാണങ്ങൾ പറയുന്നതെന്ത് ? -3

//നബിനിന്ദക്കുള്ള പ്രതികരണവും ശിക്ഷയും: പ്രമാണങ്ങൾ പറയുന്നതെന്ത് ? -3
//നബിനിന്ദക്കുള്ള പ്രതികരണവും ശിക്ഷയും: പ്രമാണങ്ങൾ പറയുന്നതെന്ത് ? -3
ആനുകാലികം

നബിനിന്ദക്കുള്ള പ്രതികരണവും ശിക്ഷയും: പ്രമാണങ്ങൾ പറയുന്നതെന്ത് ? -3

പ്രവാചക നിന്ദയുടെ പേരിൽ ആർക്കെങ്കിലും പ്രവാചകൻ (സ) വധശിക്ഷ നടപ്പാക്കി എന്ന് സൂചിപ്പിക്കുന്ന ഹദീസുകളും കഥകളുമൊന്നും സ്വഹീഹ് ആയി(സ്വീകാര്യതയുടെ മാനദണ്ഡങ്ങൾ പൂർത്തീകരിച്ച നിലയിൽ) വന്നിട്ടില്ല. അവയുടെ നിവേദക പരമ്പരകളിലെല്ലാം വ്യക്തമായ ന്യൂനതകളുണ്ട്. ഖുർആനിലും സ്വഹീഹായ ഹദീസുകളിലും അന്യൂനവും സ്വീകാര്യവുമായ നിലക്ക് വന്നതിനോട് എതിരായ ഇത്തരം നിവേദനങ്ങൾക്ക് ഈ ചർച്ചയിൽ ഒരു വിധി സ്ഥാപിക്കുവാനുള്ള യാതൊരു പ്രബലതയും ഇല്ല. പ്രബലവും സ്വഹീഹുമായ ഹദീസുകളോട് എതിരായതിനാൽ ‘ശാദ്ദ്’ (الشاذ) എന്ന തള്ളപ്പെടേണ്ട നിവേദനങ്ങളുടെ വകുപ്പിലാണ് ഇവ ഉൾപ്പെടുക.

ഇനി, വല്ല നിലക്കും ഇത്തരം നിവേദനങ്ങൾക്ക് വല്ല അടിത്തറയും (الأصل) ഉണ്ട് എന്ന് സ്ഥാപിതമായാൽ തന്നെ പ്രവാചക നിന്ദക്ക് നടപ്പാക്കപ്പെട്ട ശിക്ഷാവിധികളുടെ കാരണവും പശ്ചാത്തലവും നാം മനസ്സിലാക്കേണ്ടതുണ്ട്:

മദീനയിലെ ഭരണ നേതൃത്വവും ആത്മീയ നേതൃത്വവുമായിരുന്നു പ്രവാചകൻ (സ). മുമ്പ് സൂചിപ്പിച്ചത് പോലെ മദീനയെന്ന രാഷ്ട്രത്തിൽ ജൂതന്മാരും ജൂതന്മാരോട് അനുഭാവം വെച്ചുപുലർത്തിയിരുന്ന കപട വിശ്വാസികളും ഉണ്ടായിരുന്നു.

“ജൂതന്മാർക്ക് അവരുടെ മതവും മുസ്‌ലിംകൾക്ക് അവരുടെ മതവുമനുസരിച്ച് ജീവിക്കാം; അക്രമം പ്രവർത്തിച്ചവരും കുറ്റവാളികളും ഒഴികെ. ഈ കരാറുകാർക്കെതിരെ യുദ്ധം ചെയ്യുന്നവരെ പ്രതിരോധിക്കാൻ കരാറിലേർപ്പെട്ടവർ പരസ്പരം സഹായിക്കണം. കരാറിലുള്ള ഇരു കക്ഷികൾക്കുമെതിരെ (മുസ്‌ലിംകളും ജൂതന്മാരും) പുറത്തു നിന്നും ആരെങ്കിലും യുദ്ധം ചെയ്യുകയാണെങ്കിൽ ശത്രു പക്ഷത്തെ സഹായിക്കരുത്, പരസ്പരം സഹായിക്കണം. പരസ്പരം ഗുണകാംക്ഷയും നന്മയും വെച്ചുപുലർത്തണം.” എന്നൊക്കെയായിരുന്നു അവരുമായി മുസ്‌ലിംകൾ ഉണ്ടാക്കിയ കരാർ. ഈ കരാർ ജൂതന്മാരും കപട വിശ്വാസികളും തുടരെ തുടരെ ലംഘിക്കുവാനും അവസരം കിട്ടുമ്പോഴെല്ലാം പ്രവാചകനേയും അനുചരന്മാരേയും യുദ്ധങ്ങളിൽ വഞ്ചിക്കുവാനും വധിക്കുവാനും തുടങ്ങി. ഈ ഒറ്റുകാരും കരാർ ലംഘകരും ആരൊക്കെയാണെന്ന് തിരഞ്ഞുപിടിക്കാൻ കഴിയാത്ത രൂപത്തിൽ നിഗൂഢമായിരുന്നു അവരുടെ കുൽസിത പ്രവർത്തനങ്ങൾ. ഭരണ നേതൃത്വത്തിനെതിരെ പരസ്യമായി മുന്നോട്ടു വരുന്നവർക്കല്ലാതെ സംശയത്തിന്റെ പേരിൽ ഒരു സമൂഹത്തെ മുഴുവൻ ശിക്ഷക്ക് വിധേയമാക്കാൻ ഇസ്‌ലാം അനുവദിക്കുന്നില്ല.

“സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവിന്ന് വേണ്ടി നിലകൊള്ളുന്നവരും, നീതിക്ക് സാക്ഷ്യം വഹിക്കുന്നവരുമായിരിക്കുക. ഒരു ജനതയോടുള്ള അമര്‍ഷം നീതി പാലിക്കാതിരിക്കാന്‍ നിങ്ങള്‍ക്ക് പ്രേരകമാകരുത്‌. നിങ്ങള്‍ നീതി പാലിക്കുക. അതാണ് ധര്‍മ്മനിഷ്ഠയോട് ഏറ്റവും അടുത്തത്‌. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. തീര്‍ച്ചയായും നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെ കുറിച്ചെല്ലാം അല്ലാഹു സൂക്ഷ്മമായി അറിയുന്നവനാകുന്നു.” (ഖുർആൻ: 5:8)

അപ്പോൾ മദീനയുടെ ഭരണ നേതൃത്വമായ മുഹമ്മദ് നബിയെ(സ) നിരന്തരം തെറി വിളിക്കുന്നവൻ ഈ സമാധാന സന്ധിയിലും യുദ്ധ നിരോധന കരാറിലും സ്വയം പിന്തിരിഞ്ഞവനും ലംഘകനുമാണ് എന്ന് പരിഗണിക്കപ്പെട്ടു. അഥവാ, കരാറുകൾ ഓരോന്നോരോന്നായി ലംഘിക്കാൻ തുടങ്ങിയ സന്ദർഭത്തിൽ ഭരണകൂടത്തിനെതിരെയുള്ള വിദ്വേഷ പ്രചാരണങ്ങൾ കരാർ ലംഘനമായി പരിഗണിച്ചു. ഭരണ നേതൃത്വത്തിന് എതിരെ നിരന്തരം വിദ്വേഷ പ്രചാരണം നടത്തുന്നവർക്കാണ് വധശിക്ഷ നടപ്പാക്കിയത് എന്നർത്ഥം.

ഇതൊരു രാഷ്ട്രീയ നയവും നിയമവുമാണ്. അല്ലായിരുന്നെങ്കിൽ അല്ലാഹുവേയും ഖുർആനേയും മത ചിഹ്നങ്ങളായ എന്തിനേയും അസഭ്യം പറയുന്നതിനും വധശിക്ഷ നൽകപ്പെടുമായിരുന്നല്ലോ. അങ്ങനെയുണ്ടായില്ല. മറിച്ച് പ്രവാചകനാകുന്ന അവിടുത്തെ ഭരണ നേതൃത്വത്തേയും രാഷ്ട്രത്തേയും അപകീർത്തിപ്പെടുത്തുന്നവർക്ക് മാത്രമാണ് വധശിക്ഷ നൽകപ്പെടുന്നതുമായി ബന്ധപ്പെട്ട ചർച്ചയുള്ളു. അതും അന്നത്തെ സാമൂഹികാന്തരീക്ഷം പ്രക്ഷുബ്ധമായ സവിശേഷ സാഹചര്യത്തിൽ സ്വീകരിച്ച രാഷ്ട്ര നയതന്ത്രം മാത്രമായിരുന്നു അത്.

പ്രവാചക നിന്ദയും മത പരിത്യാഗവും ഹനഫീ മദ്ഹബുകാരായ പണ്ഡിതരുടെ അടുക്കൽ ഒരേ സ്വഭാവവും കാരണവുമുള്ള സമാനമായ കുറ്റകൃത്യമാണ്. അഥവാ സാമൂഹിക രാഷ്ട്രീയ കുറ്റകൃത്യങ്ങളാണവ. അതുകൊണ്ട് തന്നെ പ്രവാചക നിന്ദയെ കരാർ ലംഘനവുമായി ബന്ധപ്പെടുത്തിയാണ് കർമ്മശാസ്ത്ര പണ്ഡിതന്മാരെല്ലാം ചർച്ച ചെയ്തിട്ടുള്ളത്. പ്രവാചക നിന്ദ കൊണ്ട് സമാധാന സന്ധിയിൽ നിന്നും യുദ്ധ നിരോധന കരാറിൽ നിന്നും സ്വയം പിന്തിരിഞ്ഞവരായി അവരെ പരിഗണിക്കപ്പെടുമോ ഇല്ലേ എന്ന ചർച്ചയിൽ ഒട്ടനവധി അഭിപ്രായവ്യത്യാസങ്ങൾ നമുക്ക് കാണാം. സമാധാന സന്ധിയിൽ നിന്നും യുദ്ധ നിരോധന കരാറിൽ പ്രവാചകനെ അസഭ്യം പറയരുത് എന്ന നിബന്ധന വെച്ചിട്ടുണ്ടെങ്കിൽ മാത്രമേ പ്രവാചക നിന്ദ കരാർ ലംഘനമായി പരിഗണിക്കുകയുള്ളു എന്ന് ഇമാം ശാഫിഈ പറയുന്നു. ഹനഫീ പണ്ഡിതന്മാരുടെ അഭിപ്രായപ്രകാരം ഒരു അമുസ്‌ലിം പ്രവാചകനെ അസഭ്യം പറഞ്ഞാൽ അയാൾ വധശിക്ഷയിൽ നിന്നും നിരുപാധികം സുരക്ഷിതനാണ്. കാരണം പ്രവാചകനെ അസഭ്യം പറയുന്നതിലൂടെ ഒരു അമുസ്‌ലിമിൽ നിന്ന് കരാർ ലംഘനം സംഭവിക്കുന്നില്ല. അഥവാ, അവിശ്വാസികളായ സഹ സമുദായങ്ങൾ സമാധാന- യുദ്ധ കരാറുകൾ ഓരോന്നോരോന്നായി ലംഘിക്കാൻ തുടങ്ങിയ സവിശേഷ സാഹചര്യത്തിൽ ഭരണകൂടത്തിനെതിരെയുള്ള വിദ്വേഷ പ്രചാരണങ്ങൾ കരാർ ലംഘനമായി പ്രവാചകൻ (സ) – സാന്ദർഭികമായി- പരിഗണിച്ചു എന്നതൊഴിച്ചാൽ. അത്തരമൊരു സാഹചര്യം നിലനിൽക്കാത്ത സന്ദർഭങ്ങളിൽ പ്രവാചനിന്ദ അവിശ്വാസത്തിന്റെ വകഭേദം മാത്രമാണ്; അതോടൊപ്പം കരാർ ലംഘനം സംഭവിക്കുന്നില്ല.
ഹനഫീ മദ്ഹബിലെ ക്ലാസിക്കൽ ഗ്രന്ഥങ്ങളിൽ തന്നെ ഇക്കാര്യം വിശദീകരിക്കപ്പെട്ടിട്ടുണ്ട്:
(അവലംബം: https://selfscholar.wordpress.com)

ഹിജ്റാബ്ദം 321 ൽ മരണപ്പെട്ട ഇമാം ത്വഹാവി പറയുന്നു: “ഒരാൾ പ്രവാചകനെ അസംഭ്യം പറയുകയോ ചീത്ത പറയുകയോ ചെയ്താൽ പറഞ്ഞവൻ മുസ്‌ലിമാണെങ്കിൽ അവൻ ഇസ്‌ലാമിൽ നിന്ന് പുറത്തു പോകുമെന്നാണ് നമ്മുടെ മദ്ഹബുകാരുടെ അഭിപ്രായം. ഇസ്‌ലാമിക രാഷ്ട്രത്തിൽ ജീവിക്കുന്ന അമുസ്‌ലിമാണ് ഇപ്രകാരം ചെയ്തതെങ്കിൽ അയാൾക്ക് (ഭരണ നേതൃത്വം) മര്യാദ പഠിപ്പിക്കാനായി ‘തഅ്സീർ’ നടപ്പാക്കാമെങ്കിലും അയാൾക്ക് വധശിക്ഷ നൽകപ്പെടില്ല.”
(മുഖ്തസ്വറു ഇഖ്തിലാഫിൽ ഉലമാഅ്: 3/504)

ഹിജ്റാബ്ദം 370 ൽ മരണപ്പെട്ട ഇമാം അഹ്മദിബ്നു അലി അൽ ജസ്വാസ് പറഞ്ഞു: “ഇസ്‌ലാമിക രാഷ്ട്രത്തിന്റെ സംരക്ഷണത്തിൽ കഴിയുന്ന ഒരു പൗരൻ അല്ലാഹുവിന്റെ ദൂതനെ(സ) നിന്ദിച്ചാലുള്ള വിധി:
അബൂ ജഅ്ഫർ പറഞ്ഞു: അയാൾക്ക് മര്യാദ പഠിപ്പിക്കുക എന്നതല്ലാതെ വധശിക്ഷയില്ല. കാരണം അമുസ്‌ലിംകൾക്ക് അവരുടെ സ്വന്തം മതമനുസരിച്ച് ജീവിക്കാൻ അംഗീകാരം നൽകപ്പെട്ടിട്ടുണ്ട്. അവരുടെ മതത്തിൽപെട്ടതാണ് ദൈവേതരരെ ആരാധിക്കുക എന്നതും പ്രവാചകനെ കളവാക്കുക എന്നതും. ഇതിന് തെളിവ്, പ്രവാചകന്റെ അടുക്കൽ ജൂതന്മാർ പ്രവേശിക്കുകയും ‘അസ്സാമു അലൈകും’ (നിങ്ങൾക്ക് നാശം/ മരണം ഉണ്ടാക്കട്ടെ) എന്ന് പറഞ്ഞപ്പോൾ പ്രവാചകൻ ‘നിങ്ങൾക്കും’ എന്ന് പറയുകയല്ലാതെ അവർക്ക് വധശിക്ഷ വിധിച്ചില്ല എന്ന് ഹദീസിൽ ഉണ്ട്.”
(ശർഹു മുഖ്തസറു ത്വഹാവി ഫിൽ ഫിഖ് ഹിൽ ഹനഫി: 6/142, അഹ്ഖാമുൽ ഖുർആൻ: 4/275)

ഹിജ്റാബ്ദം 428 ൽ മരണപ്പെട്ട ഇമാം അഹ്‌മദിബ്നു മുഹമ്മദ് അൽ ഖുദുരി പറഞ്ഞു: “ഇസ്‌ലാമിക രാഷ്ട്രത്തിന്റെ സംരക്ഷണത്തിൽ കഴിയുന്ന അമുസ്‌ലിമായ ഒരു പൗരൻ അല്ലാഹുവെയോ പ്രവാചകനേയോ(സ) നിന്ദിക്കുകയോ അസഭ്യം പറയുകയോ ചെയ്താൽ അതു മൂലം അവരുടെ കരാർ ലംഘിക്കപ്പെടുന്നില്ല. കാരണം ഇത്തരം നിന്ദകൾ അവിശ്വാസത്തിന്റെ ഒരു വകഭേദമാണ്. മറ്റു വകഭേദങ്ങളാൽ കരാർ ലംഘിക്കപ്പെടാത്തതു പോലെ പ്രവാചകനിന്ദയാലും കരാർ ലംഘിക്കപ്പെടില്ല. അവിശ്വാസികൾ അവരുടെ ആരാധനാലയങ്ങളിലും ചർച്ചുകളിലും പ്രവാചകനെ നിന്ദിക്കുന്നുണ്ടല്ലൊ. അതു കാരണം അവരുമായുള്ള കരാർ ലംഘിക്കപ്പെട്ടതായി കരുതുന്നില്ല. അപ്പോൾ ആരാധനാലയങ്ങൾക്ക് ഉള്ളിൽ നടക്കുന്ന നിന്ദിക്കൽ കൊണ്ട് കരാർ ലംഘനമാകാത്ത പോലെ ആരാധനാലയങ്ങൾക്ക് പുറത്തും ലംഘനമാകില്ല. അവരുടെ ആരാധനാലയങ്ങളിൽ മണിയടിക്കുന്നത് കൊണ്ടോ പരസ്യമായി പന്നിയിറച്ചി ഭക്ഷിക്കുന്നത് കൊണ്ടോ കരാർ നിഷ്ഫലമായി മാറുന്നില്ല. (കാരണം, അവയെല്ലാം അവരുടെ മതത്തിന്റെ ഭാഗവും അവരെ സംബന്ധിച്ചിടത്തോളം അനുവദനീയമായ കാര്യങ്ങളുമാണ്)”
(അത്തജ്‌രിദ്: 12/6266)

ഹിജ്റാബ്ദം 587 ൽ മരണപ്പെട്ട ഇമാം മസ്ഊദ് ഇബ്നു അഹ്മദ് അൽകാസാനി പറഞ്ഞു:
“അപ്രകാരം തന്നെ ഒരു അമുസ്‌ലിം പ്രവാചകനെ അസഭ്യം പറഞ്ഞാൽ അതു മൂലം കരാർ നിഷ്ഫലമാകില്ല. കാരണം പ്രവാചക നിന്ദയെന്നത് അവരുടെ സത്യനിഷേധത്തിന് മേൽ സത്യ നിഷേധമാണ്. അപ്പോൾ നബിനിന്ദക്ക് മുമ്പ് അവർ വെച്ചുപുലർത്തിയിരുന്ന സത്യനിഷേധത്തിലായിരിക്കെ തന്നെ അവരോട് കരാർ ആകാമെങ്കിൽ നബിനിന്ദയിലൂടെ അധികമായി വന്നുചേരുന്ന സത്യനിഷേധത്തിലും കരാർ അവശേഷിക്കും.”
(അൽ ബദാഇഉസ്സനാ ഫീ തർതീബു ശറാഇഅ്: 15/336)

ഹിജ്റാബ്ദം 686 ൽ മരണപ്പെട്ട ഇമാം അലിയ്യുബ്നു സകരിയ്യ അൽ മൻജബി പറഞ്ഞു:

“ഇസ്‌ലാമിക രാഷ്ട്രത്തിലെ ഒരു അമുസ്‌ലിം പൗരൻ പരസ്യമായി പ്രവാചകനെതിരെ അസഭ്യം പറഞ്ഞാൽ അയാൾക്ക് ഉചിതമായ ശിക്ഷ ‘തഅ്സീർ’ (സമൂഹത്തിന്റെ നന്മ കണക്കിലെടുത്ത് ഒരു രാജ്യത്തെ നിയമ കൂടം നടപ്പിലാക്കുന്ന അച്ചടക്ക നടപടി) നൽകാമെങ്കിലും അതു മൂലം അയാളിൽ നിന്നും സമാധാന കരാർ ഒഴിഞ്ഞു പോവുകയോ അയാൾക്ക് വധശിക്ഷ നൽകപ്പെടുകയോ ഇല്ല.”
(അല്ലുബാബുഫീ ജംഇ ബൈന സന്നത്തി വൽ കിതാബ്: 2/765)

ഹിജ്റാബ്ദം 800 ൽ മരണപ്പെട്ട ഇമാം അബൂബക്കർ ഇബ്നു അലി അൽ ഹദ്ദാദ് പറഞ്ഞു:
“പ്രവാചകനെ (ഇസ്‌ലാമിക രാഷ്ട്രത്തിലെ ഒരു അമുസ്‌ലിം പൗരൻ) നിന്ദിച്ചാൽ, അത് മൂലം അവരുടെ ഉടമ്പടി അസാധുവാകുന്നില്ല. കാരണം, പ്രവാചക നിന്ദ അവിശ്വാസമാണ്; അവിശ്വാസം ഉടമ്പടിയെ അസാധുവാക്കുന്നില്ല എങ്കിൽ പ്രവാചക നിന്ദമൂലം വന്നുചേരുന്ന അവിശ്വാസവും ഉടമ്പടിയെ അസാധുവാക്കില്ല. (കരാർ ലംഘനമില്ലാത്ത), പ്രവാചക ദൂഷണം ദൈവദൂഷണത്തെ പോലെ തന്നെയാണ്. ദൈവത്തിന് ഒരു പുത്രനുണ്ടെന്ന് പറയുക വഴി നിരന്തരം മതനിന്ദ നടത്തുന്നവരാണ് അവർ. (അപ്പോൾ അതിനു കൂടെ പ്രവാചകനിന്ദ കൂടി നടത്തുന്നതിൽ എന്താണ് വ്യത്യാസം !)”

(അൽ ജവ്ഹറത്തുന്നയ്യിറ അലാ മുഖ്തസറുൽ ഖുദുരി: 6/138)

ഇത്തരം പണ്ഡിതാഭിപ്രായങ്ങൾ ഇവിടെ ഉദ്ധരിക്കാൻ കാരണം ഈ പണ്ഡിതാഭിപ്രായങ്ങൾ ഇസ്‌ലാമിൽ പ്രമാണങ്ങളായത് കൊണ്ടല്ല, മറിച്ച് പ്രവാചക നിന്ദയുമായി ബന്ധപ്പെട്ട ശിക്ഷാവിധികൾ -വല്ല നിലക്കും ഇസ്‌ലാമിക പ്രമാണങ്ങളായ ഖുർആനിലൂടെയോ സ്വഹീഹായ ഹദീസുകളിലൂടെയോ – സ്ഥാപിതമായിട്ടുണ്ട് എന്ന് വാദിച്ചാൽ തന്നെയും പ്രസ്തുത ശിക്ഷാവിധികളുടെ പ്രകൃതിയും പൊരുളും പശ്ചാത്തലവും മനസ്സിലാക്കാനാണ്.
ഹനഫീ പണ്ഡിതാഭിപ്രായങ്ങൾ നാം ഈ ചർച്ചയിൽ ചേർത്തത്, ഇത്തരം ശിക്ഷാവിധികളുടെ പ്രകൃതിയും പൊരുളുമായി ബന്ധപ്പെട്ട മുഖ്യമായ ചില കാര്യങ്ങൾ മനസ്സിലാക്കാൻ വേണ്ടി മാത്രമാണ്:

1. വെറും വിമർശനങ്ങളല്ല പ്രവാചക നിന്ദ എന്നതുകൊണ്ട് ഉദ്ദേശിക്കപ്പെടുന്നത്. അസഭ്യം പറയലും തെറി വിളിയുമാണ്.

2. ഇത്തരം ശിക്ഷാവിധികൾ ഒരു രാഷ്ട്രത്തിലെ സമാധാന സന്ധിയും യുദ്ധ നിരോധന കരാറും ലംഘിക്കുന്നതുമായി ബന്ധപ്പെട്ടു കിടക്കുന്നതാണ്. ഇത്തരം ശിക്ഷാവിധികൾ പ്രസ്ഥാവിക്കുന്ന വല്ല ഹദീസുകളും സ്വീകാര്യയോഗ്യമായി വന്നിട്ടുണ്ടെങ്കിൽ അവ, ഉടമ്പടിയും അതിന്റെ ലംഘനവുമായി ബന്ധപ്പെട്ട രാഷ്ട്രീയ മാനങ്ങൾ പരിഗണിച്ചു കൊണ്ടാണ് പ്രവാചകൻ (സ) അനുവദിച്ചത് എന്ന് ഹനഫീ പണ്ഡിതർ വിശദീകരിക്കുന്നു. വിശ്വാസമോ ആവിഷ്കാര സ്വാതന്ത്ര്യമോ ആയി ബന്ധപ്പെട്ടവയല്ല.

3. കരാറിനുടമയായ ഭരണ നേതൃത്വത്തെ അഥവാ പ്രവാചകനെ(സ) സംബന്ധിച്ച് നിരന്തരം അസഭ്യം പറയുകയും വിദ്വേഷ പ്രചാരം നടത്തുകയും ചെയ്യുന്ന ഒരാൾ സമാധാന സന്ധിയിൽ നിന്നും യുദ്ധ നിരോധന കരാറിൽ നിന്നും പിൻവലിഞ്ഞ വ്യക്തിയായത് കൊണ്ട് തന്നെ മുസ്‌ലിംകളുമായുള്ള കരാർ ഉറപ്പു നൽകുന്ന സുരക്ഷിതത്വത്തിൽ നിന്ന് അയാൾ പുറത്താണ്.

4. ഒരു രാഷ്ട്രവും ഭരണകൂട നയതന്ത്രവും രാജ്യ സുരക്ഷയുമായി ബന്ധപ്പെട്ട കരാറുകളുമാണ് പ്രവാചക നിന്ദക്ക് നൽകപ്പെടുന്ന ശിക്ഷാ നടപടിയെ നിർണ്ണയിക്കുന്നത് എന്ന് വരുന്നതോടെ ഇത്തരം ശിക്ഷാവിധികൾ നടപ്പാക്കേണ്ടത് ഭരണകൂടവും രാഷ്ട്ര നേതൃത്വവുമാണെന്ന് തെളിയുന്നു. ഇത് രാഷ്ട്രത്തിലെ പൗരന്മാർ നടപ്പാക്കേണ്ട നടപടികളിൽ പെട്ടതല്ല.

ഇമാം ഇബ്നു അബീ ശൈബ തന്റെ ‘മുസ്വന്ന്വഫ്’ എന്ന ഹദീസ് ഗ്രന്ഥത്തിൽ (6/ 429, 430) “വധശിക്ഷ നടപ്പാക്കേണ്ടത് ഭരണ നേതൃത്വമാണ്” ( الدم يقضي فيه الأمراء) എന്ന ഒരു അദ്ധ്യായം രചിച്ചിട്ടുണ്ട്.
അദ്ധ്യായത്തിൽ, താഴെ ഉദ്ധരിക്കുന്ന തെളിവുകൾ അദ്ദേഹം ചേർത്തു:

“അബ്ദുർ റഹ്മാനുബ്നു സൈദ് പറഞ്ഞു: സുലൈമാൻ പറയുകയുണ്ടായി: വധശിക്ഷയുമായി ബന്ധപ്പെട്ട കാര്യത്തിൽ ഖലീഫ ഉമറായിരുന്നു (അദ്ദേഹത്തിന്റെ കാലഘട്ടത്തിൽ) വിധി പ്രസ്ഥാവിച്ചിരുന്നത്. (മറ്റാർക്കും അതിനുള്ള അവകാശം അദ്ദേഹം വകവെച്ചു കൊടുത്തില്ല)

നിസാ ലിബ്നു സബ്റ പറഞ്ഞു: സൈന്യത്തിന്റെ നേതാക്കൾക്ക് ഉമർ (റ) കത്തെഴുതി അറിയിച്ചു: ഞാനല്ലാതെ മറ്റാരും ഒരാൾക്കും വധശിക്ഷ നടപ്പാക്കരുത്.

ഇബ്നു സീരീൻ പറഞ്ഞു: വിശ്വാസികളുടെ നേതാവ് (ഭരണാധികാരി) അല്ലാതെ മറ്റാരും ശിക്ഷാവിധികൾ നടപ്പാക്കിയിരുന്നില്ല.”
(മുസ്വന്നഫ് ഇബ്നു അബീ ശൈബ)

നാല് മദ്ഹബുകളിലെയും സർവ്വ പണ്ഡിതന്മാരുടേയും അഭിപ്രായവും ശിക്ഷാവിധികളും പ്രതിക്രിയയും നടപ്പാക്കേണ്ടത് ഭരണാധികാരികളോ അവർ നിയനടപടികളുടെ ഉത്തരവാദിത്തം ഏൽപ്പിച്ച നേതാക്കളോ ആണ് എന്നാണ്. ഹനഫീ മദ്ഹബിലെ പ്രമുഖ ഗ്രന്ഥമായ ബദാഇഉ സ്വനാഇഅ് (7/ 57), മാലികീ മദ്ഹബിലെ വിശ്രുത ഗ്രന്ഥമായ മവാഹിബുൽ ജലീൽ (3/358), ശാഫിഈ മദ്ഹബിലെ ഇആനത്തുത്വാലിബീൻ (4/157), ഹമ്പലീ മദ്ഹബിലെ മുഗ്നി (9/8) തുടങ്ങിയവയിൽ ഇക്കാര്യം വ്യക്തമായും പ്രസ്ഥാവിച്ചിട്ടുണ്ട്.

മുമ്പ് സൂചിപ്പിച്ച ദുർബലവും അസ്വീകാര്യവുമായ ചില ഹദീസുകളിൽ, ഭരണ നേതൃത്വമല്ലാത്ത പലരും ഇത്തരം ശിക്ഷകൾ നടപ്പാക്കിയിട്ടും, അത്തരക്കാർക്ക് പ്രവാചകൻ (സ) ശിക്ഷ നൽകാതിരുന്നതിരുന്നത് എന്ത് കൊണ്ടാണ് എന്ന് സംശയമുദിച്ചേക്കാം.

ഇത്തരം നിവേദനങ്ങളൊന്നും പ്രവാചകനിൽ നിന്നും സ്ഥിരപ്പെട്ടതല്ല/സംഭവങ്ങളുടെ സത്യാവസ്ഥയും സ്വീകാര്യതയും സ്ഥാപിതമായിട്ടില്ല എന്നതാണ് ആദ്യ മറുപടി.

അത്തരക്കാർ ശിക്ഷക്ക് അർഹരാണോ അല്ലേ എന്ന് ഭരണ നേതൃത്വമായ പ്രവാചകൻ തന്നെയാണ് തീരുമാനിച്ചത് എന്നതാണ് ഇതിനുള്ള മറ്റൊരു മറുപടി. നിയമം കയ്യിലെടുത്തവർ അത് കൈയ്യിലെടുക്കാനുണ്ടായ സാഹചര്യം പരിശോധിച്ച് അവർ വധശിക്ഷക്ക് അർഹരാണോ അല്ലേ എന്ന് തീരുമാനിക്കാൻ ഒരു ഭരണകൂടത്തിന് അർഹതയുണ്ടല്ലോ. മാത്രമല്ല സംഭവത്തിന്റെ സത്യാവസ്ഥ പ്രവാചകന് ദൈവീക ബോധനം മൂലം അറിയിച്ചതാകാം, അങ്ങനെ ദൈവീക ബോധനത്തിലൂടെ ലഭിച്ച അറിവിന്റെ അടിസ്ഥാനത്തിൽ ഈ ശിക്ഷാവിധി സ്വയം നടപ്പിലാക്കിയവരെ അദ്ദേഹം വെറുതെ വിട്ടതാകാം എന്ന് ഇമാം അസീം ആബാദി അഭിപ്രായപ്പെടുന്നു. (ഔനുൽ മഅ്ബൂദ്: 12:11)

5. ഒരു രാഷ്ട്രവും ഭരണകൂട നയതന്ത്രവും രാജ്യ സുരക്ഷയും ആയി ബന്ധപ്പെട്ട കരാറുകളൊന്നും പ്രവാചക നിന്ദ കൊണ്ട് ലംഘിക്കപ്പെടുന്നില്ല എങ്കിൽ ഒരു തരത്തിലുമുള്ള ശിക്ഷാ നടപടിയും സ്വീകരിക്കാൻ മുസ്‌ലീം പൊതുജനങ്ങൾക്കോ ഭരണ നേതൃത്വത്തിനോ പാടുള്ളതല്ല. ഇതാണ് ഹനഫീ പണ്ഡിതന്മാർ തങ്ങളുടെ ഗ്രന്ഥങ്ങളിൽ സ്വഹീഹായ ഹദീസുകളുടെ അടിസ്ഥാനത്തിൽ വിശദീകരിച്ചത്.

6. ഒരു അനിസ്‌ലാമിക/ ഇസ്‌ലാമികേതര രാഷ്ട്രത്തിൽ (പ്രത്യേകിച്ച് ആധുനിക മതേതര ജനാധിപത്യ രാജ്യങ്ങളിൽ) ഇത്തരമൊരു പ്രത്യേക കരാറോ കരാർ ലംഘനമോ നടക്കുന്നില്ല എന്നത് കൊണ്ട് തന്നെ കരാർ ലംഘനത്തിനുള്ള ശിക്ഷാവിധിയെ സംബന്ധിച്ച ചർച്ച തന്നെ അസ്ഥാനത്താണ്.

മുസ്‌ലിംകളും അമുസ്‌ലിംകളും തമ്മിൽ പ്രത്യേക കരാറുകളൊന്നും നിലനിൽക്കാത്ത ഒരു ഇസ്‌ലാമികേതര രാഷ്ട്രത്തിൽ പ്രവാചക നിന്ദക്ക് ഏതെങ്കിലും വിധത്തിൽ ശിക്ഷ നടപ്പാക്കുന്നതിന് ഇത്തരം ദുർബലമായ നിവേദനങ്ങളിൽ ഒരു സൂചന പോലും വന്നിട്ടില്ല. അതുകൊണ്ട് തന്നെ ലോകത്തെ മുസ്‌ലിം കർമ്മശാസ്ത്ര പണ്ഡിതന്മാരിൽ ആരും തന്നെ ഇത്തരം ഒരു ഇസ്‌ലാമികേതര സമൂഹത്തിലെ ശിക്ഷാവിധിയെ സംബന്ധിച്ച് ചർച്ച ചെയ്തിട്ടുമില്ല.

കരാറുമായി ബന്ധപ്പെട്ട രാഷ്ട്രീയ കാരണങ്ങളുടെ പശ്ചാത്തലത്തിലാണ് നബിനിന്ദകർക്ക് വധശിക്ഷ നടപ്പാക്കിയത് എന്ന ന്യായമോ നീതിയോ ഒന്നും കൂടാതെ പ്രവാചക നിന്ദകരേയും മതനിന്ദകരേയും (blasphemy) നിരുപാധികം വധിക്കാമെന്നാണ് ബൈബിൾ പറയുന്നത്. ചില തെളിവുകൾ കാണുക:

“എലീശാ പറഞ്ഞതുപോലെ ആ വെള്ളം ഇന്നുവരെ പഥ്യമായിത്തന്നേ ഇരിക്കുന്നു. പിന്നെ അവൻ അവിടെനിന്നു ബേഥേലിലേക്കു പോയി; അവൻ വഴിയിൽ നടക്കുമ്പോൾ ബാലന്മാർ പട്ടണത്തിൽനിന്നു പുറപ്പെട്ടു വന്നു അവനെ പരിഹസിച്ചു അവനോടു: മൊട്ടത്തലയാ, കയറി വാ; മൊട്ടത്തലയാ, കയറി വാ; എന്നു പറഞ്ഞു.
അവൻ പിന്നോക്കം തിരിഞ്ഞു അവനെ നോക്കി യഹോവനാമത്തിൽ അവരെ ശപിച്ചു; അപ്പോൾ കാട്ടിൽനിന്നു രണ്ടു പെൺകരടി ഇറങ്ങിവന്നു അവരിൽ നാല്പത്തിരണ്ടു ബാലന്മാരെ കീറിക്കളഞ്ഞു.”
(ബൈബിൾ: രാജാക്കന്മാർ 2: അദ്ധ്യായം 2: വചനം: 22-24)

“യിസ്രയേല്യസ്ത്രീയുടെ മകൻ തിരുനാമം ദുഷിച്ചു ശപിച്ചു; അതുകൊണ്ടു അവർ അവനെ മോശെയുടെ അടുക്കൽ കൊണ്ടു വന്നു; അവന്റെ അമ്മെക്കു ശെലോമിത്ത് എന്നു പേർ. അവൾ ദാൻ ഗോത്രത്തിൽ ദിബ്രി എന്നൊരുവന്റെ മകളായിരുന്നു. യഹോവയുടെ അരുളപ്പാടു കിട്ടേണ്ടതിന്നു അവർ അവനെ തടവിൽ വെച്ചു.
അപ്പോൾ യഹോവ മോശെയോടു അരുളിച്ചെയ്തതു: ശപിച്ചവനെ പാളയത്തിന്നു പുറത്തു കൊണ്ടുപോക; കേട്ടവർ എല്ലാവരും അവന്റെ തലയിൽ കൈവെച്ചശേഷം സഭയൊക്കെയും അവനെ കല്ലെറിഞ്ഞു കൊല്ലേണം.
എന്നാൽ യിസ്രായേൽമക്കളോടു നീ പറയേണ്ടതു എന്തെന്നാൽ: ആരെങ്കിലും തന്റെ ദൈവത്തെ ശപിച്ചാൽ അവൻ തന്റെ പാപം വഹിക്കും. യഹോവയുടെ നാമം ദുഷിക്കുന്നവൻ മരണശിക്ഷ അനുഭവിക്കേണം; സഭയൊക്കെയും അവനെ കല്ലെറിയേണം; പരദേശിയാകട്ടേ സ്വദേശിയാകട്ടെ തിരുനാമത്തെ ദുഷിക്കുന്നവൻ മരണശിക്ഷ അനുഭവിക്കേണം.” (ബൈബിൾ: ലേവ്യ പുസ്തകം: അദ്ധ്യായം: 24: വചനം :11-17)

“അവർ ഉപവാസം പ്രസിദ്ധം ചെയ്തു, നാബോത്തിനെ ജനത്തിന്റെ ഇടയിൽ പ്രധാന സ്ഥലത്തിരുത്തി.
നീചന്മാരായ രണ്ടു ആളുകൾ വന്നു അവന്റെ നേരെ ഇരുന്നു; നാബോത്ത് ദൈവത്തേയും രാജാവിനെയും ദുഷിച്ചു എന്നു ആ നീചന്മാർ ജനത്തിന്റെ മുമ്പിൽ അവന്നു വിരോധമായി, നാബോത്തിന്നു വിരോധമായി തന്നേ, സാക്ഷ്യം പറഞ്ഞു. അവർ അവനെ പട്ടണത്തിന്നു പുറത്തു കൊണ്ടു പോയി കല്ലെറിഞ്ഞു കൊന്നുകളഞ്ഞു.”
(ബൈബിൾ: രാജാക്കന്മാർ 1: അദ്ധ്യായം : 21: വചനം: 12,13)

വേദനിന്ദ, കൊലപാതകവും വിരോധിത ഭക്ഷണം ഭുജിക്കലും പോലെ ആറ് വൻപാപങ്ങളിൽ പെട്ടതായാണ് മനുസ്മൃതി പരിചയപ്പെടുത്തുന്നത്. (മനുസ്മൃതി: 11:56)

ശൂദ്രൻ വേദം പഠിക്കുന്നത് വേദനിന്ദയായിട്ടാണ് ‘ഗൗതമ ധർമ്മസൂത്രം’ (12: 4-6) പരിചയപ്പെടുത്തുന്നത്. അതുകൊണ്ട് തന്നെ വേദം കേൾക്കുന്ന ശൂദ്രന്റെ ചെവിയിൽ ഇയ്യമുരുക്കി ഒഴിക്കണമെന്നും, വേദം ഏറ്റുചൊല്ലിയാൽ നാവ് മുറിക്കണമെന്നും വേദത്തിൽ നിന്നും വല്ലതും മനപാഠമാക്കിയാൽ ശരീരം രണ്ട് കഷ്ണമായി മുറിച്ച് വധിക്കണമെന്നും ഗൗതമ സൂത്രം പറഞ്ഞു.
(Dharmasutras: The Law Codes of Ancient India: Page: 98, Oxford world’s Classics: Oxford University Press)

ദൈവനിന്ദയെ (blasphemy) സംബന്ധിച്ചും അതിനുള്ള വധശിക്ഷയെ സംബന്ധിച്ചും ഹൈന്ദവ വേദങ്ങളിലും ധാരാളം പ്രസ്ഥാവനകളുണ്ട്. മതനിന്ദകർക്കുള്ള വധശിക്ഷ ദേവൻമാരിലേക്ക് ചേർത്താണ് അവതരിപ്പിക്കുന്നത് എന്ന് മാത്രം:

“(ഹേ അഗ്നി,) താങ്കൾ സൂര്യനെ കണ്ടെത്തി സ്വർഗ്ഗത്തിന്റെ വെളിച്ചം കണ്ടെത്തി; താങ്കൾ എല്ലാ അന്ധകാരത്തെയും ദൈവനിന്ദകരേയും കൊന്നു.” (ഋഗ് വേദം: മണ്ഡലം: 6: കീർത്തനം: 72)
(https://en.m.wikisource.org/wiki/The_Rig_Veda/Mandala_6/Hymn_72)

“…വായു മധ്യമേഖലയിൽ അധികാരം സ്ഥാപിച്ചവരും ദൈവനിന്ദരെ കശാപ്പ് ചെയ്തവരുമായവർക്ക് പത്ത് സക്വാരി വാക്യങ്ങൾ നൽകി ആരാധന അർപ്പിക്കുക.”
(അഥർവ വേദം: 11.2.23)
(https://www.sacred-texts.com/hin/av/av11002.htm)

“ഞങ്ങളുടെ പശുക്കളെയോ മനുഷ്യരേയോ മോഹിക്കരുത് , ഞങ്ങളുടെ ആടുകളെയോ ചെമ്മരിയാടുകളോ മോഹിക്കരുത്. ശക്തരേ! നിങ്ങളെ പരിഹസിക്കുന്നവരുടെ കുടുംബത്തെ നശിപ്പിക്കുന്നതിലേക്ക് നിങ്ങളുടെ ലക്ഷ്യം തിരിക്കുക.”
(അഥർവ വേദം: 11.2.21)
(https://www.sacred-texts.com/hin/av/av11002.htm)

ദൈവദൂതന്മാരൊന്നും അല്ലാത്തവരായിട്ടും ഉന്നത ജാതിയിൽ പിറന്നവർ എന്ന കാരണത്താൽ മാത്രം, ബ്രാഹ്മണരെ വാചികമായി നിന്ദിക്കുന്നവരെ പട്ടിണിക്കിട്ട് കൊല്ലണമെന്നും നിന്ദകരുടെ നാവ് പിഴുതെറിയണമെന്നും ചാട്ടവാറുകൊണ്ട് പ്രഹരിക്കണമെന്നുമാണ് ഹൈന്ദവ ധർമ്മസൂത്രങ്ങൾ വിധിക്കുന്നത്.
ആപസ്തംബ ധർമ്മ സൂത്രത്തിലെ വിധികൾ കാണുക:

മേൽജാതിക്കാരോട് പരുക്കൻ വാചകങ്ങൾ ഉരുവിടുന്ന ശൂദ്രനെ ഏഴു ദിവസം പട്ടിണിക്കിടണം. സ്ത്രീകളുടെ വിധിയും ഇതു തന്നെയാണ്.
(Dharmasutras: The Law Codes of Ancient India: Page: 36, Oxford world’s Classics: Oxford University Press)

ബ്രാഹ്മണൻ ഒരു സ്ഥലത്ത് തൊട്ടിട്ടുണ്ടെങ്കിൽ ആ സ്ഥലത്ത് കാൽപാദം വെക്കാൻ ആർക്കും അവകാശമില്ല. ബ്രാഹ്മണന്മാരുടെ ഇടയിലൂടെ നടന്നു പോകാൻ പോലും പാടില്ല.
(Dharmasutras: The Law Codes of Ancient India: Page: 55, Oxford world’s Classics: Oxford University Press)

ഒരു ശൂദ്രൻ ബ്രാഹ്മണനെ ചീത്ത പറഞ്ഞാൽ അയാളുടെ നാവ് മുറിക്കപ്പെടണം. ബ്രാഹ്മണനോട് സംസാരത്തിൽ തുല്യത പ്രകടിപ്പിച്ചാൽ, ബ്രാഹ്മണന്റെ വഴിയിൽ നടക്കുകയോ, ബ്രാഹ്മണന്റെ ഇരിപ്പിടത്തിൽ ഇരിക്കുകയോ ചെയ്താൽ ചാട്ടവാറടികൾ ശിക്ഷയായി നൽകണം.
(Dharmasutras: The Law Codes of Ancient India: Page: 71, Oxford world’s Classics: Oxford University Press)

ക്ഷത്രിയനാണ് ബ്രാഹ്മണ നിന്ദ നടത്തുന്നതെങ്കിൽ നൂറും വൈശ്യനാണ് ബ്രാഹ്മണ നിന്ദ നടത്തുന്നതെങ്കിൽ ക്ഷത്രിയന്റെ പിഴയുടെ ഒന്നര ഇരട്ടി പിഴയും ചുമത്തപ്പെടുമെന്ന് ഗൗതമസൂത്രം (12:8-10) നിഷ്കർഷിക്കുന്നു.
(Dharmasutras: The Law Codes of Ancient India: Page: 98, Oxford world’s Classics: Oxford University Press)

ഗോവധം, പശു മാംസം ഭക്ഷിക്കുക എന്നിവ മത-ദൈവ നിന്ദയായി പരിഗണിക്കുകയും അതിന് ശക്തമായ ശിക്ഷ വിധിക്കുകയും ചെയ്ത സംഭവങ്ങൾ ഹൈന്ദവ പ്രമാണങ്ങളിലും ഉണ്ട്.

വധിക്കപ്പെടാൻ പാടില്ലെന്ന് വേദങ്ങൾ വിധി പറഞ്ഞ അഗന്യ പശുവിനെ വധിക്കുന്നവരുടെ തല ഛേദിക്കണമെന്ന ഇന്ദ്രനോടുള്ള അപേക്ഷ ഋഗ് വേദത്തിലും (10/87/16) ഗോവധക്കാർക്ക് വധശിക്ഷ നൽകണമെന്ന് സവിത്ര ദേവനോടുള്ള അപേക്ഷ യജുർവേദത്തിലും (30/18) നാം കാണുന്നു. പശുക്കളെ ഫലമില്ലാത്തവയായി കാണുന്നവരേയും ഗോമാംസം പാചകം ചെയ്യുന്നവരേയും അവരുടെ മക്കളേയും അവരുടെ മരുമക്കളേയും ബൃഹസ്പതി ഭിക്ഷാടകരാക്കി മാറ്റുമായിരുന്നെന്ന് അഥർവ വേദം (15: 38-40) പറയുന്നു.
ഗോവധത്തിന്റെ പേരിൽ ഇന്നും ഇന്ത്യയിൽ പലർക്കും ഹിന്ദുത്വ ഭീകരർ വധശിക്ഷ നടപ്പാക്കി കൊണ്ടിരിക്കുന്നുണ്ടല്ലൊ.

മതനിന്ദകർക്കെതിരെ ക്രിസ്ത്യൻ മേഴ്‌‌സണറിമാരും ഹിന്ദുത്വ ഭീകരരും പലപ്പോഴും ഇത്തരം ശിക്ഷാവിധികൾ സ്വമേധയാ നടപ്പാക്കിയിട്ടുണ്ട് എന്ന വസ്തുത ആർക്കാണ് നിഷേധിക്കാൻ കഴിയുക?! എന്നിരുന്നാലും
ഇസ്‌ലാമികേതര മത ഗ്രന്ഥങ്ങളിലെ ഇത്തരം പരാമർശങ്ങളും വിധികളുമൊന്നും എവിടെയും ചർച്ച ചെയ്യപ്പെടാറില്ല. അവയിലൊന്നും ഭീകരതയുടെ ലാഞ്ചന പോലും ഇസ്‌ലാം നിരൂപകർക്ക് കണ്ടെത്താൻ സാധിക്കുന്നില്ല എന്നത് ഇരട്ടത്താപ്പല്ലാതെ മറ്റെന്താണ്?!

(അവസാനിച്ചു)

print

No comments yet.

Leave a comment

Your email address will not be published.