നബിനിന്ദക്കുള്ള പ്രതികരണവും ശിക്ഷയും: പ്രമാണങ്ങൾ പറയുന്നതെന്ത് ? -2

//നബിനിന്ദക്കുള്ള പ്രതികരണവും ശിക്ഷയും: പ്രമാണങ്ങൾ പറയുന്നതെന്ത് ? -2
//നബിനിന്ദക്കുള്ള പ്രതികരണവും ശിക്ഷയും: പ്രമാണങ്ങൾ പറയുന്നതെന്ത് ? -2
ആനുകാലികം

നബിനിന്ദക്കുള്ള പ്രതികരണവും ശിക്ഷയും: പ്രമാണങ്ങൾ പറയുന്നതെന്ത് ? -2

Print Now
പ്രവാചക നിന്ദക്കുള്ള മറുപടി ഹിംസയിലൂടെയാണ് എന്ന് വരുത്തി തീർക്കാനുള്ള ശ്രമം ഇക്കാലഘട്ടത്തിൽ ത്വരിതമായി നടക്കുന്നുണ്ട്. അതിനു വേണ്ടി ദുർവ്യാഖ്യാനിച്ച് അവതരിപ്പിക്കപ്പെടുന്ന ചില കഥകളും ഹദീസുകളുമെല്ലാം ഹദീസ് നിദാനശാസ്ത്ര നിയമങ്ങളനുസരിച്ച് ദുർബലവും സ്വീകാര്യയോഗ്യമല്ലാത്തവയുമാണ്. ഈ ന്യൂനതകൾ നിറഞ്ഞ നിവേദനങ്ങൾ, വിശുദ്ധ ഖുർആനിലെ അനവധി വചനങ്ങളും സ്വഹീഹുൽ ബുഖാരി സ്വഹീഹു മുസ്‌ലിം പോലെയുള്ള പ്രബലവും പ്രസിദ്ധവുമായ ഹദീസ് ഗ്രന്ഥങ്ങളിലൂടെയും ശക്തിയുക്തം തെളിയിക്കപ്പെട്ട വസ്തുതകൾക്കും എതിരാണ്. അത്തരം കഥകളേയും ഹദീസുകളേയും സംബന്ധിച്ച ഒരു ഹ്രസ്വമായ നിരൂപണ പഠനമാണ് ഇനി നടത്തേണ്ടത്:

1. അന്ധനായ ഒരാൾക്ക് ഒരടിമസ്ത്രീ ഉണ്ടായിരുന്നു. അവൾ പ്രവാചകനെ നിരന്തരം അസഭ്യങ്ങൾ പറയുമായിരുന്നു. അസഭ്യം പറയരുതെന്ന് പല തവണ അപേക്ഷിച്ചിട്ടും നിർത്താതെയായപ്പോൾ ഒരു ദിവസം അവൾ പ്രവാചകനെ തെറി വിളിക്കുന്നത് കേട്ട് സഹികെട്ട അന്ധൻ അവളെ കുത്തി കൊന്നു. പിറ്റേന്ന് പ്രഭാതം ഈ വിവരം പ്രവാചകനെ അറിയിച്ചു. അയാളും ആ സഭയിൽ ഇരിപ്പുണ്ടായിരുന്നു. അല്ലാഹുവാണെ ഇതു പ്രവർത്തിച്ചയാൾ എഴുന്നേറ്റു നിൽക്കുക എന്ന് പറയപ്പെട്ടു. അന്ധനായ ആ മനുഷ്യൻ എഴുന്നേറ്റ് ജനങ്ങൾക്കിടയിലൂടെ വന്ന് പ്രവാചക സമക്ഷം ഇരുന്നു, നടന്ന സംഭവം വിവരിച്ചു. പ്രവാചകൻ പ്രഖ്യാപിച്ചു: അവളുടെ രക്തത്തിൽ പ്രതിക്രിയയില്ല. അറിയുക! അവളുടെ രക്തം ഒഴുക്കപ്പെടൽ നിഷിദ്ധമല്ലായിരുന്നു എന്നതിന് നിങ്ങൾ സാക്ഷികളാവുക”.

അബൂദാവൂദ്: 4364 നസാഈ: 4087, അല്‍ മുസ്തദ്‌റക്: 8044, ദാറഖുത്നി: 3/112, സുനനുൽ കുബ്റാ: ബൈഹഖി: 7/60 തുടങ്ങി ഈ ഹദീസ് ഉദ്ധരിച്ചവരുടെയെല്ലാം പരമ്പരയുടെ അവസാനം ഇപ്രകാരമാണ്: ഉസ്മാൻ അശ്ശഹാമിൽ നിന്ന് ഉദ്ധരിക്കുന്നു: അദ്ദേഹം ഇക്‌രിമയിൽ നിന്ന് ഉദ്ധരിക്കുന്നു: അദ്ദേഹം ഇബ്നു അബ്ബാസിൽ നിന്ന് ഉദ്ധരിക്കുന്നു…

ഈ നിവേദനങ്ങളുടെ പരമ്പരകളിലെല്ലാം ഉസ്മാൻ അശ്ശഹാം എന്ന വ്യക്തി വരുന്നുണ്ട്. അദ്ദേഹത്തെ പറ്റി ഹദീസ് നിദാനശാസ്ത്ര പണ്ഡിതന്മാരുടെ അഭിപ്രായങ്ങൾ കാണുക:

അബൂ അഹ്‌മദ് ഇബ്നു അദിയ്യ് പറഞ്ഞു:

അദ്ദേഹത്തിന് നിർമ്മിതമായ, വ്യാജ ഹദീസുകളുണ്ട്.

അബൂ ഹാതിം ഇബ്നു ഹിബ്ബാൻ പറഞ്ഞു:

വിശ്വസ്ഥരുടെ മേൽ കള്ള ഹദീസുകൾ നിർമിച്ചിരുന്ന വ്യക്തിയാണ് ഇദ്ദേഹം, അയാളുടെ ഹദീസ് എഴുതി വെക്കാൻ തന്നെ പാടില്ല.
(Jamiulkalim software)

ഇമാം യഹ്‌യ ഇബ്നു ഖത്താൻ പറഞ്ഞു: ഉസ്മാൻ അശ്ശഹാം ചിലപ്പോഴൊക്കെ സ്വീകാര്യമായ ഹദീസുകളും ചിലപ്പോൾ മുൻകറായ (വിശ്വസ്‌തമായ നിവേദനങ്ങൾ വിശ്വസ്‌തരായ നിവേദകർക്കും എതിരായി അങ്ങേയറ്റം ദുർബലമായ നിലയിൽ വരുന്ന അങ്ങേയറ്റം ദുർബലമായ) ഹദീസുകളും ഉദ്ധരിക്കുന്ന വ്യക്തിയാണ്. (അൽ ളുഅഫാഉൽ കബീർ: 208)

ഇമാം നസാഈ പറഞ്ഞു: ഉസ്മാൻ അശ്ശഹാം ശക്തനല്ല (വിശ്വസനീയനല്ല)
(തഹ്ദീബുൽ കമാൽ ഫീ അസ്മാഇരിജാൽ )

وقال أبو أحمد الحاكم: ليس بالمتين عندهم
ഇമാം അബൂ അഹ്‌മദ് ഹാകിം പറഞ്ഞു: ഹദീസ് പണ്ഡിതരുടെ അടുക്കൽ ഉസ്മാൻ അശ്ശഹാം ഉറപ്പുള്ളവനല്ല.

അഹ്‌മദിബ്നു ഹമ്പൽ അയാളെ വിശ്വസ്തനായി പരിഗണിക്കുന്നുവെങ്കിലും അയാൾ പിഴച്ച കക്ഷിയായ മുർജിഅ വിഭാഗത്തിന്റെ അഭിപ്രായങ്ങൾ വെച്ച് പുലർത്തിയിരുന്നു എന്ന് പറയുന്നു.

അബ്ദുർ റഹ്‌മൻ തന്റെ പിതാവിൽ നിന്നും ഉദ്ധരിക്കുന്ന അഭിപ്രായപ്രകാരം ഉസ്മാൻ അശ്ശഹാം ഓർമ്മശക്തി കുറഞ്ഞ വിശ്വസ്ഥനാണ്.
(അൽ ജർഹു വതഅ്ദീൽ: ഇബ്നു അബീഹാതിം അർ റാസി)

ഉസ്മാൻ അശ്ശഹാം, പിഴച്ച കക്ഷിയായ മുർജിഅ വിഭാഗത്തിന്റെ ചില അഭിപ്രായങ്ങൾ വെച്ച് പുലർത്തിയിരുന്നു എന്ന് ഇമാം അബൂദാവൂദ് അഭിപ്രായപ്പെടുന്നു.
(സുആലാത്തുൽ ആജുരി: 3, ജീവചരിത്രം 353)

ദുർബലരായ നിവേദകന്മാരെ സംബന്ധിച്ച് ചർച്ച ചെയ്യുന്ന ഇമാം ഇബ്നു അദിയ്യിന്റെ ‘അൽ കാമിൽ ഫിൽ ളുഅഫാഅ്’ (പേജ്: 293), ഇമാം ദഹബിയുടെ ‘അൽ മുഗ്നിഫിൽ ളുഅഫാഅ്’ (പേജ്: 2/52), ഇമാം ഉഖൈലിയുടെ ‘അൽ ളുഅഫാഉൽ കബീർ’ (പേജ്: 208) തുടങ്ങിയ ഗ്രന്ഥങ്ങളിൽ ദുർബലരായ നിവേദകരിലാണ് ഉസ്മാൻ അശ്ശഹാമിനെ ഉൾപ്പെടുത്തിയിരിക്കുന്നത്.

അപ്പോൾ പരമ്പരയിൽ ഉസ്മാൻ അശ്ശഹാം ഉള്ളതു കൊണ്ട് തന്നെ ഹദീസ് സ്വഹീഹ് (സ്വീകാര്യയോഗ്യം) അല്ല. മാത്രമല്ല വിവാദ ഹദീസിന്റെ ഉള്ളടക്കവും വിശദാംശങ്ങളും ജംഅ് ചെയ്യാൻ കഴിയാത്തിടത്തോളം വൈരുദ്ധ്യങ്ങൾ നിറഞ്ഞതായത് കൊണ്ട് തന്നെ ദുർബലമായ ഹദീസുകളുടെ ഇനമായ’ മുള്ത്തറബ്’ൽ (المضطرب) ആണ് ഇതിനെ ഉൾപ്പെടുത്തുകയെന്ന് ശൈഖ് ഉസാമ അസ്സയ്യിദ് മഹ്മൂദ് മുഹമ്മദ് അൽ അസ്ഹരി വ്യക്തമാക്കുന്നുണ്ട്.

2. “ആർ ഒരു പ്രവാചകനെ അസഭ്യം പറയുന്നോ അവന് നിങ്ങൾ വധശിക്ഷ നൽകുക” എന്ന ഹദീസും വളരെ ദുർബലമാണ്. ഹദീസിന്റെ പരമ്പര ഇതാണ്:

ﺭﻭاﻩ ﻋﺒﺪ اﻟﻌﺰﻳﺰ ﺑﻦ اﻟﺤﺴﻦ ﺑﻦ ﺯﺑﺎﻟﺔ ﻗﺎﻝ: ﺛﻨﺎ ﻋﺒﺪ اﻟﻠﻪ ﺑﻦ ﻣﻮﺳﻰ ﺑﻦ ﺟﻌﻔﺮ ﻋﻦ ﻋﻠﻲ ﺑﻦ ﻣﻮﺳﻰ ﻋﻦ ﺃﺑﻴﻪ ﻋﻦ ﺟﺪﻩ ﻋﻦ ﻣﺤﻤﺪ ﺑﻦ ﻋﻠﻲ ﺑﻦ اﻟﺤﺴﻴﻦ ﻋﻦ ﺃﺑﻴﻪ ﻋﻦ اﻟﺤﺴﻴﻦ ﺑﻦ ﻋﻠﻲ ﻋﻦ ﺃﺑﻴﻪ ﻭﻓﻲ اﻟﻘﻠﺐ منه ﺣﺰاﺯﺓ

A. പരമ്പരയിലെ അബ്ദുല്ലാഹിബ്നു മൂസ ഇബ്നു ജഅ്ഫർ ‘മജ്ഹുൽ’ (വിശ്വാസ്യതയോ ജീവചരിത്രമോ അറിയപ്പെടാത്ത വ്യക്തി) ആകുന്നു.

B. അബ്ദുൽ അസീസിബ്നു ഹസൻ ഇബ്നു സുബാല ദുർബലനായ നിവേദകനാണ്.
(അൽജർഹു വ തഅ്ദീൽ: ഇബ്നു അബീഹാതിം അർറാസി)

3. “പ്രവാചകനെ നിന്ദിക്കുന്നത് ഞാൻ കേട്ടാൽ അയാളെ വധിക്കുമെന്ന്” പ്രവാചക ശിഷ്യൻ ഇബ്നു ഉമർ പറഞ്ഞതായി ആരോപിക്കപ്പെടുന്ന മറ്റൊരു നിവേദനം പ്രചാരത്തിലുണ്ട്. (അഹ്‌ഖാമു അഹ്ലുദ്ദിമ്മ) നിവേദക പരമ്പര ഇപ്രകാരമാണ്:

الخلال ـ مِنْ طَرِيقِ حَنْبَلٍ وَعَبْدِ اللَّهِ: حَدَّثَنَا أَحْمَدُ بْنُ حَنْبَلٍ، حَدَّثَنَا هُشَيْمٌ، أَخْبَرَنَا حُصَيْنٌ عَمَّنْ حَدَّثَهُ عَنِ ابْنِ عُمَرَ

ഹുസ്വൈൻ ഈ നിവേദനം ഉദ്ധരിച്ചിരിക്കുന്നത് ആരിൽ നിന്നാണെന്ന് പേരു പോലും പറഞ്ഞിട്ടില്ല ! പേരറിയാത്ത ആരോ ഒരാൾ ഇബ്നു ഉമറിൽ നിന്നും ഉദ്ധരിച്ച നിവേദനത്തിന് ഇസ്‌ലാമിൽ എന്ത് സ്ഥാനം ?!

4. “നിന്ദയുടെ പേരിൽ ശിക്ഷ നടപ്പാക്കാൻ പ്രവാചകനു ശേഷം ആർക്കും അവകാശമില്ലെന്ന്” പ്രവാചക ശിഷ്യന്മാരായ അബൂബക്കറും അബൂ ഹുറൈയും പറഞ്ഞതായ നിവേദനങ്ങൾ ആണ് മറ്റൊന്ന്. അപ്പോൾ നിന്ദയുടെ പേരിൽ പ്രവാചകനു ശിക്ഷ നടപ്പാക്കാൻ അവകാശമുണ്ടെന്ന് സ്ഥാപിതമാകുന്നില്ലേ എന്നതാണ് ആരോപണം.

അബൂബക്കറിലേക്ക് ചേർത്ത് പറയപ്പെടുന്ന ഈ വാചകം സന്ദർഭത്തിൽ നിന്ന് അടർത്തിമാറ്റി അവതരിപ്പിക്കപ്പെട്ടതാണ്.

“നിന്ദയുടെ പേരിൽ ശിക്ഷ നടപ്പാക്കാൻ പ്രവാചകനു ശേഷം ആർക്കും അവകാശമില്ലെന്ന്” എന്ന് അദ്ദേഹം പറഞ്ഞിട്ടില്ല. സംഭവത്തിന്റെ ചുരുക്കമിതാണ്.

അബൂബക്കറിനെ ഒരാൾ അതിശക്തമായി ശകാരിക്കുന്നത് കണ്ടപ്പോൾ അടുത്തു നിന്നിരുന്ന അബൂ ബറസ, അയാളെ വധിക്കട്ടെ എന്ന് അബൂബക്കറിനോട് സമ്മതം ചോദിച്ചു. അപ്പോൾ അബൂബക്കർ (റ) അബൂ ബറസയോട് ചോദിച്ചു: “അയാളെ വധിക്കാൻ ഞാൻ താങ്കളോട് ആജ്ഞാപിച്ചാൽ താങ്കൾ അത് ചെയ്യുമോ?!” അബൂ ബറസ ‘അതെ’ എന്ന് മറുപടി പറഞ്ഞു. അപ്പോൾ അബൂബക്കർ (റ) പറഞ്ഞു: “ഇത് പ്രവാചകന് ശേഷം മറ്റാർക്കും വകവെച്ച് കൊടുക്കാൻ പാടില്ല.”
(ശർഹു മുശ്കിലുൽ ആസാർ: 408)

അതായത് നിരുപാധികമായ അനുസരണം പ്രവാചകന് മാത്രമേ വകവെച്ച് കൊടുക്കാവൂ. കാരണം, അദ്ദേഹം നീതിയും നന്മയും ഉൾകൊള്ളുന്ന കൽപന മാത്രമേ പുറപ്പെടുവിക്കുകയുള്ളു. എന്നാൽ പ്രവാചകനല്ലാത്ത മറ്റാരിൽ നിന്നും – അവർ എത്ര ശ്രേഷ്ടരും പുണ്യവാളന്മാരുമായാലും – അനീതിയൊ അക്രമമോ ഉൾകൊള്ളുന്ന കൽപ്പനകൾ വരുക എന്നത് അസംഭവ്യമല്ല. വധശിക്ഷയുടെ കാര്യത്തിലും അപ്രകാരം തന്നെ. ഒരാൾ വധശിക്ഷക്ക് അർഹനാണോ അല്ലേ എന്ന് കൃത്യമായി അറിയാൻ ദൈവീക ബോധനം ലഭിക്കുന്ന പ്രവാചകന് കഴിഞ്ഞേക്കും. അതേസമയം മറ്റു ഭരണാധികാരികൾക്ക് അത്തരമൊരു മാർഗവുമില്ലാത്തതിനാൽ വധശിക്ഷക്ക് അർഹനാണെന്ന് ഭൗതികമായ തെളിവുകൾ കൊണ്ട് സ്ഥാപിതമായരെ അല്ലാതെ വല്ല ഭരണാധികാരിയും കൽപ്പിച്ചാൽ അത് അനുസരിക്കരുത്. അത് നാശകരമായ പാപമാണ്. ഇതാണ് അബൂബക്കർ (റ) പറഞ്ഞതിന്റെ പൊരുൾ എന്ന് ഇമാം ത്വഹാവി വ്യക്തമാക്കുന്നുണ്ട്.
(ശർഹു മുശ്കിലുൽ ആസാർ: 12:406)

അബൂഹുറൈറയിലേക്ക് ചേർക്കപ്പെടുന്ന നിവേദനത്തിലെ (സുനനുൽ ബൈഹഖി:13009)
A. അബ്ദുൽ മലികിബ്നു മുഹമ്മദ് എന്ന നിവേദകൻ വ്യാജ ഹദീസുകൾ കൊണ്ട് ഒറ്റപ്പെട്ടു വരുന്ന വ്യക്തിയാണെന്ന് ഇബ്നുഹിബ്ബാനും, ഹദീസ് നിവേദനത്തിൽ പ്രബലത കുറഞ്ഞവനാണെന്ന് ഇബ്നു ഹജറും പറഞ്ഞിരിക്കുന്നു.
(http://hadith.islam-db.com/narrators)

B. കൂടാതെ പരമ്പരയിലെ യഹ്‌യബ്നു ഇസ്മാഈൽ അൽവാസിത്വി എന്ന നിവേദകനെ ഇമാം ഇബ്നുൽ അദിയ്യ് ദുർബലനായിട്ടാണ് കണ്ടത്. (അൽ കാമിൽ ഫിൽ ളുഅഫാ: 9/117)

ഈ കാരണങ്ങൾകൊണ്ടെല്ലാം തന്നെ അബൂഹുറൈറയിലേക്ക് ചേർക്കപ്പെടുന്ന ഈ നിവേദനം വ്യാജമാണെന്ന് ഇമാം അബൂഹാതിം അർറാസി വ്യക്തമാക്കുന്നു.
(കിതാബുൽ ഇലൽ: ഇബ്നു അബീഹാതിം അർറാസി)

ഇക്കാരണങ്ങളെല്ലാം കൊണ്ട് തന്നെ നിവേദനം ദുർബലമാണ്. ഇനി ദുർബലമല്ലെങ്കിൽ തന്നെ മുമ്പ് സൂചിപ്പിച്ചതു പോലെ നിരുപാധികമായ അനുസരണം പ്രവാചകന് ശേഷം മറ്റൊരു ഭരണാധികാരിക്കുമില്ല എന്നേ നിവേദനത്തിനേ അർത്ഥമുള്ളു.

5. അടുത്ത കഥ കഅ്ബിബ്നു സുഹൈറിന്റേതാണ്. കഥയുടെ ചുരുക്കം ഇതാണ്:
മഹാകവി സുഹൈറിന്റെ രണ്ട് പുത്രന്മാരാണ് കഅ്ബും ബുജൈറും. ബുജൈർ ഇസ്‌ലാം സ്വീകരിച്ചതറിഞ്ഞ കഅ്ബ് കോപാകുലനായി പ്രവാചകനേയും ശിഷ്യൻ അബൂ ബക്കറിനേയും ആക്ഷേപിച്ചു കൊണ്ട് കവിത പാടി. ഈ വിവരം ലഭിച്ചപ്പോൾ പ്രവാചകൻ കഅ്ബിബ്നു സുഹൈറിനെ വധിക്കാനായി വിളംബരം ചെയ്തു. ആവേശമടങ്ങിയപ്പോൾ ഭയവിഹ്വലനായ കഅ്ബ് പ്രവാചകന്റെ സന്നിധിയിൽ വന്ന് ഇസ്‌ലാം സ്വീകരിക്കുകയും ‘ബാനത്ത് സുആദ്’ എന്ന വിശ്രുതമായ തന്റെ കവിത പ്രവാചക സമക്ഷം പാടുകയും ചെയ്തു. പ്രവാചകൻ അദ്ദേഹത്തിന് മാപ്പു നൽകി.

വ്യത്യസ്ഥ ചരിത്ര ഗ്രന്ഥങ്ങളിൽ കാണപ്പെടുന്ന ഈ സംഭവത്തിന്റെ പരമ്പരകളെല്ലാം ദുർബലവും അസ്വീകാര്യവുമാണ്. കഥയുടെ പരമ്പരകൾ ഓരോന്നായി വിശകലനം ചെയ്യാം:

A. ഇബ്നു അബീ ആസ്വിം (അൽ ആഹാദ് വൽ മസാനി: 2706), ഇബ്നു മൻദ (മഅ് രിഫത്തു സ്വഹാബ: 292), ഇബ്നു നുഐം (മഅ് രിഫത്തു സ്വഹാബ: 5833), ഹാകിം (മുസ്തദ്റക്: 6477) ബൈഹഖി (സുനനുൽ ഖുബ്റാ: 10/243) എന്നിവരെല്ലാം ഈ കഥ ഉദ്ധരിക്കുന്നത് താഴെ പറയുന്ന പരമ്പരയോടെയാണ്:

ഇബ്രാഹീം ഇബ്നുൽ മുൻദിർ അൽ ഹിസ്സാമി: ഹജ്ജാജിബ്നു ദിർ റുകൈബ ഇബ്നു അബ്ദുർ റഹ്മാൻ ഇബ്നു കഅ്ബുബ്നു സുഹൈർ: അദ്ദേഹം തന്റെ പിതാവിൽ നിന്നും: പിതാവ് അദ്ദേഹത്തിന്റെ പിതാവിൽ നിന്നും ഉദ്ധരിക്കുന്നു…

ഈ പരമ്പര ‘മജ്ഹൂൽ’ (വിശ്വാസ്യതയോ ജീവചരിത്രമോ അറിയപ്പെടാത്ത വ്യക്തി) ആയ ഒരുപാടു പേർ അടങ്ങുന്നതാണ്. അതുകൊണ്ട് തന്നെ ദുർബലവും അസ്വീകാര്യവുമാണ്.

ഹജ്ജാജിബ്നു ദിർ റുകൈബ വിശ്വസ്ഥത തെളിയിക്കപ്പെടാത്ത മജ്ഹൂൽ ആകുന്നു (തഹ്ദീബുൽ കമാൽ: മിസ്സി: 2/ 207)

ദിർ റുകൈബ, അബ്ദുർ റഹ്മാൻ ഇബ്നു കഅ്ബ് എന്നിവരും മജ്ഹൂലുകൾ (വിശ്വസ്ഥതയോ ജീവചരിത്രമോ അറിയപ്പെടാത്ത വ്യക്തികൾ) ആകുന്നു.

B. ഫാകിഹാനി (അഖ്ബാറു മക്ക: 634) , ഹാക്കിം (മുസ്തദ്റഖ്: 6478) എന്നിവർ ഉദ്ധരിച്ച മറ്റൊരു പരമ്പര ഇങ്ങനെയാണ് :

ഇബ്രാഹീം ഇബ്നു മുൻദിർ പറഞ്ഞു: മഅ്നി ബ്നു ഈസാ എന്നോട് പറഞ്ഞു: മുഹമ്മദിബ്നു അബ്ദുറഹ്മാൻ അൽ അവ്കസ് പറഞ്ഞു: ഇബ്നു ജദ്ആനിൽ നിന്ന്: ….

ഈ പരമ്പര ഒട്ടനവധി ന്യൂനതകളാൽ ദുർബലമാണ്. ഇബ്നു ജദ്ആൻ പ്രവാചക ശിഷ്യനല്ല. അദ്ദേഹമെങ്ങനെ പ്രവാചകനിൽ നിന്ന് നേരിട്ട് ഉദ്ധരിക്കും?! പരമ്പര മുറിഞ്ഞിരിക്കുന്നു. കൂടാതെ ഇബ്നു ജദ്ആൻ ദുർബലനായ നിവേദകനാണ്. (സുആലാത്തുൽ ബർക്വാനി: 361)

മാത്രമല്ല, മുഹമ്മദിബ്നു അബ്ദുറഹ്മാൻ അൽ അവ്കസ് ഹദീസ് ഉദ്ധരിക്കുന്നതിലും വിശ്വാസ്യതയിലും ദുർബലനാണ്. (മീസാനുൽ ഇഅ്തിദാൽ: 3/625, ളുഅഫാഉൽ കബീർ: 4/97) കൂടാതെ, മുഹമ്മദിബ്നു അബ്ദുറഹ്മാൻ അൽ അവ്കസ്, ഇബ്നു ജദ്ആനെ കണ്ടുമുട്ടിയിട്ടില്ല. (താരീഖുൽ കബീർ: ബുഖാരി: 1/156) പിന്നെയെങ്ങനെ അയാൾ ഇബ്നു ജദ്ആനിൽ നിന്ന് ഉദ്ധരിക്കും?!

C. ഇബ്നുസ്സലാം അൽ ജംഹി (ത്വബകാത്തു ഫുഹൂലു ശുഅറാഅ്: 118), ഇബ്നു കാനിഅ് (മുഅ്ജമു സ്വഹാബ: 2/381) എന്നിവർ ഈ കഥ രേഖപ്പെടുത്തുന്ന പരമ്പര ഇപ്രകാരമാണ്:

സുബൈർ ഇബ്നു ബക്കാർ, ചില മദീനാ നിവാസികൾ എന്നിവരിൽ നിന്നും ഉദ്ധരിക്കുന്നു: അവർ യഹ്‌യബ്നു സഈദിൽ അൻസ്വാരിയിൽ നിന്നും അദ്ദേഹം സഈദിബ്നുൽ മുസ്വയ്യിബിൽ നിന്നും ഉദ്ധരിക്കുന്നു…

സഈദിബ്നുൽ മുസ്വയ്യിബ് പ്രവാചകനെ കണ്ടുമുട്ടാത്തതു കൊണ്ട് തന്നെ നിവേദനം പരമ്പര മുറിഞ്ഞ ‘മുർസൽ’ എന്ന ദുർബല ഹദീസുകളുടെ വിഭാഗത്തിൽ പെടുന്നു.

D. ഹാകിം (മുസ്തദ്റഖ്: 6479), ഇബ്നു ദൈസീൽ (ഹദീസ്: 17), ബൈഹഖി (സുനനുൽ കുബ്റാ: 10/244) എന്നിവർ രേഖപ്പെടുത്തിയ കഥയുടെ മറ്റൊരു പരമ്പര:

ഇബ്രാഹീം ഇബ്നുൽ മുൻദിർ പറഞ്ഞു: മുഹമ്മദ് ഇബ്നു ഫുലൈഹ്: മൂസ ഇബ്നു ഉഖ്ബയിൽ നിന്ന് ഉദ്ധരിക്കുന്നു: അദ്ദേഹം പറഞ്ഞു:….

പരമ്പരയിൽ ഒന്നോ അതിലധികമോ നിവേദകർ വിട്ടു പോയിട്ടുണ്ട്. കാരണം മൂസ ഇബ്നു ഉഖ്ബ പ്രവാചക ശിഷ്യനല്ല. (സിയറു അഅ്ലാമിന്നുബലാഅ്: 6/115) ഹിജ്റാബ്ദം 141 ലാണ് അദ്ദേഹത്തിന്റെ മരണം.

E. ത്വബ്റാനി (മുഅ്ജമുൽ കബീർ: 19/177), ഇബ്നു ഹിശാം (അസ്സീറ : 2/504) തുടങ്ങിയവർ ഉദ്ധരിച്ച കഥയുടെ മറ്റൊരു നിവേദനം യൂനസിബ്നു ബുകൈർ: മുഹമ്മദ് ഇബ്നു ഇസ്ഹാഖിൽ നിന്നും അദ്ദേഹം പ്രവാചകനിൽ നിന്നും ഉദ്ധരിക്കുന്നു എന്നതാണ്. മുഹമ്മദ് ഇബ്നു ഇസ്ഹാഖ് പ്രവാചകന്റെ വിയോഗ ശേഷം ഒരു പാട് കാലം കഴിഞ്ഞ് ജനിച്ച വ്യക്തിയാണ്. അപ്പോൾ ഒന്നോ അധിലധികമോ നിവേദകന്മാർ പരമ്പരയിൽ കളയപ്പെട്ടിട്ടുണ്ട്.

ഇമാം ഇറാഖി പറഞ്ഞു: ഈ കവിത(യും പശ്ചാത്തലവും) ഒട്ടനവധി പരമ്പരയിലൂടെ നാം ഉദ്ധരിച്ചിട്ടുണ്ടെങ്കിലും അവയിൽ ഒന്നും തന്നെ സ്വഹീഹ് (സ്വീകാര്യയോഗ്യം) ആയിട്ടില്ല.
(നൈലുൽ ഔത്വാർ: 2 /166)

ഇമാം ഇറാഖി പറഞ്ഞത് പോലെ കഥയുടെ പരമ്പരകളെല്ലാം ദുർബലവും സ്വീകാര്യയോഗ്യമല്ലാത്തവയുമാണ്.

പ്രവാചകനുമായി ബന്ധിപ്പിക്കുന്ന പരമ്പരകളൊന്നുമില്ലാത്ത ഈ കഥക്ക് വളരെ പ്രചാരം സിദ്ധിച്ചുവെന്നത് ശരി തന്നെ. കവിതയുടെ അസ്തിത്വവും കാലഘട്ടവും സ്ഥാപിക്കുവാനും കവിതയെ കവിയിലേക്ക് ചേർക്കാനുമൊക്കെ വേണ്ടി സാഹിത്യ ചരിത്രത്തിൽ ഇത്തരം നിവേദനങ്ങൾ വേണമെങ്കിൽ ഉപയോഗപ്പെടുത്താമെങ്കിലും പ്രവാചകനോട് ചേർത്ത് ഒരു ഹദീസായി ഇത്തരം ദുർബലവും സ്വീകാര്യയോഗ്യവുമല്ലാത്ത (സ്വഹീഹല്ലാത്ത) നിവേദനങ്ങൾ ഒരു നിലക്കും പര്യാപ്തമല്ല.

മാത്രമല്ല, ‘ബാനത്ത് സുആദ്’ എന്ന വിശ്രുതമായ കവിതയുടെ ഉള്ളടക്കം ഒരു നിലക്കും പ്രവാചക സന്നിധിയിൽ പാടാൻ അനുവദനീയമല്ലാത്ത പരസ്ത്രീകളുമായുള്ള പ്രേമ കഥകളും കാമുകിമാരെ സംബന്ധിച്ച വർണനകളും അടങ്ങുന്നതാണ് എന്നത് തന്നെ സംഭവവുമായി പ്രവാചകന് യാതൊരു ബന്ധവുമില്ലെന്ന് തെളിയിക്കുന്നു.

6. അസ്മാഅ് ബിൻത്ത് മർവ്വാൻ എന്ന ജൂത സ്ത്രീ പ്രവാചകനെതിരെ ആക്ഷേപ കാവ്യങ്ങൾ രചിച്ചിരുന്നുവെന്നും അവരെ വധിക്കാനായി പ്രവാചകൻ ശിഷ്യന്മാരെ നിയോഗിച്ചുവെന്നും അവർ അസ്മാഇനെ ക്രൂരമായി വധിച്ചുവെന്നും വിവരിക്കുന്ന കള്ള കഥയാണ് അടുത്തത്. ഈ വ്യാജ നിവേദനത്തിന്റെ പരമ്പര പരിശോധനാ വിധേയമാക്കാം.

ഖളാഈ ‘മുസ്നദു ശിഹാബി’ലും (856) ഖത്തീബുൽ ബഗ്ദാദി ‘താരീഖി’ലും (13/99) ഇബ്നു അസാകിർ തന്റെ ‘താരീഖി’ലും (51/224) എല്ലാം ഈ സംഭവം ഉദ്ധരിക്കുന്നത് താഴെ പറയുന്ന പരമ്പരയോടെയാണ്:
മുഹമ്മദിബ്നുൽ ഹജ്ജാജ് അലഖ്‍മി അബൂ ഇബ്രാഹീം അൽ വാസിതി, മുജാദിലിബ്നു സഈദിൽ നിന്നും അദ്ദേഹം ശുഅ്ബിയിൽ നിന്നും ശുഅ്ബി ഇബ്നു അബ്ബാസിൽ നിന്നും ഉദ്ധരിക്കുന്നു.

ഈ സംഭവത്തിന്റെ പരമ്പര വ്യാജമാണ്. സംഭവം നിർമിതമായ കള്ള കഥയാണ്. സംഭവം ഉദ്ധരിക്കുന്ന നിവേദകൻ മുഹമ്മദ് ഇബ്നു ഹജ്ജാജിനെ സംബന്ധിച്ച് ഹദീസ് നിദാനശാസ്ത്ര പണ്ഡിതന്മാർ പറയുന്നത് കാണുക:
ഇമാം ബുഖാരി പറഞ്ഞു: വിശ്വസ്തരായ നിവേദകർക്കെതിരായി ഹദീസ് ഉദ്ധരിക്കുന്ന അങ്ങേയറ്റം ദുർബലനായ വ്യക്തി.

ഇബ്നു മഈൻ പറഞ്ഞു: നുണയനും കുതന്ത്രക്കാരനുമാണ് അയാൾ.

ദാറഖുത്നി പറഞ്ഞു: മുഹമ്മദ് ഇബ്നു ഹജ്ജാജ് നുണയനാണ് ; വിശ്വസ്ഥനല്ല.
(മീസാനുൽ ഇഅ്തിദാൽ: 3/509)

ഇമാം ഇബ്നു അദിയ്യ് പറഞ്ഞു: മുഹമ്മദിബ്നു ഹജ്ജാജ് വ്യാജമായി പടച്ചുണ്ടാക്കിയതാണ് ഈ സംഭവം. ഇമാം ഇബ്നുൽ ജൗസി, വ്യാജ/ നിർമ്മിത ഹദീസുകളെ സംബന്ധിച്ച പഠനത്തിൽ (അൽ മൗളൂആത്ത്: 3/ 18) ഈ സംഭവം ഉദ്ധരിച്ചിരിക്കുന്നു.

വാകിദി തന്റെ മഗാസിയിൽ (173) ഈ സംഭവം ഉദ്ധരിച്ചിട്ടുണ്ടെങ്കിലും സംഭവം സ്വഹീഹായ, ഒരു ‘ഹദീസായി’ പരിഗണിക്കപ്പെടുന്നില്ല. കാരണം വാകിദിയെ ഒരു ചരിത്രകാരനായി അംഗീകരിച്ചു ചരിത്രത്തിലെ വിശദാംശങ്ങൾക്ക് സഹായകമായി അദ്ദേഹത്തിന്റെ മഗാസി എന്ന ഗ്രന്ഥം ഉപയോഗപ്പെടുത്താമെങ്കിൽ കൂടിയും, പ്രവാചകനിൽ നിന്നും ഹദീസ് നിവേദനം ചെയ്യാൻ അർഹനായ ഒരു ഹദീസ് പണ്ഡിതനോ നിവേദകനോ ആയി വാകിദിയെ ഇമാം അഹ്മദ്, ഇമാം ബുഖാരി, ഇമാം അബൂഹാതിം, ഇമാം നസാഈ, ഇമാം ഇബ്നുഅദിയ്യ് , ഇമാം ഇബ്നുൽ മദീനി തുടങ്ങിയ ഹദീസ് നിദാനശാസ്ത്ര പണ്ഡിതന്മാർ ആരും പരിഗണിക്കുന്നില്ല. (മീസാനുൽ ഇഅ്തിദാൽ: 3/ 663)

ഇനി വാകിദി ഉദ്ധരിച്ച ഈ നിവേദനം സ്വീകാര്യമാണെങ്കിൽ തന്നെ വാകിദിയുടെ നിവേദനത്തിൽ രണ്ട് കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതായുണ്ട്.

A. അസ്മാഇനെ വധിച്ചു എന്നല്ലാതെ ക്രൂരമായ രീതി അതിന് ഉപയോഗിച്ചതായി പ്രസ്ഥാവിക്കുന്നില്ല.

B. അസ്മാഇനെ വധിച്ചത് കേവലം പ്രവാചകനെ ആക്ഷേപിച്ച് കൊണ്ട് കവിത രചിച്ചത് കൊണ്ടല്ല. സമാധാന സന്ധിയും യുദ്ധ നിരോധന കരാറും ലംഘിച്ച് കവിതയിലൂടെ പ്രവാചകനെതിരെ യുദ്ധത്തിന് പ്രേരണ നൽകിയത് കൊണ്ടാണ്.

കഅ്ബിബ്നു അശ്റഫിന് വധശിക്ഷ വിധിച്ച പശ്ചാത്തലവും ഇതു തന്നെയാണ്.

മദീനയിൽ, മുസ്‌ലീംകൾ ജൂത ഗോത്രങ്ങളായ ബനൂ നളീർ, ബനൂ ഖുറൈള ബനൂ ഖൈനുകാഅത് എന്നീ ഗോത്രങ്ങളുമായി ഒരു സമാധാന സന്ധിയിലേർപ്പെട്ടിരുന്നു. ജൂതന്മാർക്ക് അവരുടെ മതവും മുസ്‌ലിംകൾക്ക് അവരുടെ മതവുമനുസരിച്ച് ജീവിക്കാം; അക്രമം പ്രവർത്തിച്ചവരും കുറ്റവാളികളും ഒഴികെ. ഈ കരാറുകാർക്കെതിരെ യുദ്ധം ചെയ്യുന്നവരെ പ്രതിരോധിക്കാൻ കരാറിലേർപ്പെട്ടവർ പരസ്പരം സഹായിക്കണം. കരാറിലുള്ള ഇരു കക്ഷികൾക്കുമെതിരെ (മുസ്‌ലിംകളും ജൂതന്മാരും) പുറത്തു നിന്നും ആരെങ്കിലും യുദ്ധം ചെയ്യുകയാണെങ്കിൽ ശത്രു പക്ഷത്തെ സഹായിക്കരുത്, പരസ്പരം സഹായിക്കണം. പരസ്പരം ഗുണകാംക്ഷയും നന്മയും വെച്ചുപുലർത്തണം.
ചരിത്രകാരന്മാരായ ഇബ്നു ഇസ്ഹാഖ് (സീറത്തു ഇബ്നു ഇസ്ഹാഖ്)
ഇബ്നു ഹിശാം (സീറത്തു ഇബ്നു ഹിശാം: 2/ 147 ),
വാഖിദി (മഗാസി: 1/176),
ത്വബ്‌രി (താരീഖു ത്വബ്‌രി: 2/479),
ഇബ്നുൽ അസീർ (അൽ കാമിൽ: 2/96), കാസിം ഇബ്നു സലാം (അൽ അംവാൽ: 1/446),
ബലാദുരി (അൻസാബുൽ അശ്റാഫ്: 1/286)
തുടങ്ങിയവർ ഈ സമാധാന കരാറിനെ സംബന്ധിച്ച് വിശദീകരിക്കുന്നുണ്ട്.

മദീനക്കെതിരെ ശത്രുക്കൾ യുദ്ധം ചെയ്തപ്പോൾ ബനൂ നളീറുകാർ കരാർ ലംഘിച്ച് മുസ്‌ലിംകളെ സഹായിക്കാതെ വിട്ടു നിൽക്കുക മാത്രമല്ല ചെയ്തത്. മറിച്ച് മക്കയിലേക്ക് ആളെ അയച്ച് യുദ്ധത്തിനായി അവരെ പ്രോത്സാഹിപ്പിക്കുകയും മുസ്‌ലിം സൈന്യത്തിന്റെ ദുർബലതകൾ അറിയിച്ചു കൊടുക്കുകയും ചെയ്തു. (മഗാസി: മൂസാ ഇബ്നു ഉഖ്ബ: 210)

ബദർ യുദ്ധത്തിന് ശേഷം മദീനയിലേക്ക് യാത്ര ചെയ്ത ബനൂ നദീറുകാരനും കവിയുമായിരുന്ന കഅ്ബിബ്നു അശ്റഫ് ഖുറൈശികളിൽ നിന്ന് യുദ്ധത്തിൽ കൊല്ലപ്പെട്ടവർക്കായി വിലാപകാവ്യം രചിക്കുകയും യുദ്ധത്തിനായി അവരെ പ്രചോദിപ്പിക്കുകയും ചെയ്തു. കഅ്ബയുടെ വിരിയിൽ പിടിച്ച് മുസ്‌ലിംകളോട് യുദ്ധം ചെയ്യുമെന്ന് ഖുറൈശികളെ കൊണ്ട് കരാർ ചെയ്യിപ്പിച്ചു. (ഫത്ഹുൽ ബാരി: 7/337) മദീനയിൽ വന്ന ശേഷം പ്രവാചകനെ ആക്ഷേപിച്ചു കൊണ്ട് കവിത പാടി. പ്രകോപനം സൃഷ്ടിക്കാനായി പ്രവാചകാനുചരന്മാരുടെ ഭാര്യമാരെ അസഭ്യവാക്കുകൾ കൊണ്ട് വർണിച്ച് ഗസലുകൾ പാടി. ഈ സംഭവം ഒക്‌ലഹോമ സർവകലാശാലയിലെ ജൂഡായിക് ചരിത്രത്തിന്റെ എമെറിറ്റസ് ചെയറും ഒറിയന്റലിസ്റ്റുമായ നോർമൻ ആർതർ സ്റ്റിൽമാൻ തന്റെ ഗ്രന്ഥത്തിൽ എഴുതി ചേർത്തിട്ടുണ്ട്. (The Jews of Arab Lands: A History and Source Book: Page: 124, The Jewish publication society of America)

ആക്ഷേപ കാവ്യങ്ങളുടെ പശ്ചാത്തലമിതാണ്. ഒരു രാഷ്ട്രത്തിലെ ഒരു സമുദായത്തിനെതിരെ അന്യരാഷ്ട്രത്തിൽ നിന്നും ആക്രമണവും യുദ്ധവും ഉണ്ടായപ്പോൾ സഹോദര സമുദായത്തെ ഒറ്റുകൊടുക്കുകയും ശത്രു രാഷ്ട്രത്തിന് സർവ്വ വിധ പ്രോത്സാഹനങ്ങൾ നൽകുകയും കരാറുകൾ ലംഘിച്ച് രാഷ്ട്രത്തിന്റെ ഭരണ നേതൃത്വത്തിനെതിരെ കവിതയെന്ന, അക്കാലഘട്ടത്തിലെ ഏറ്റവും വലിയ മീഡിയ ഉപയോഗിച്ച് അസഭ്യവർഷവും വിദ്വേഷപ്രചാരണവും നടത്തിയവർക്ക് ഒരു രാഷ്ട്രം നൽകേണ്ട ശിക്ഷ മറ്റെന്താണ്?!

7. രണ്ട് വ്യക്തികൾ ഒരു കാര്യത്തിൽ തർക്കിച്ചു കൊണ്ട് വിധിക്കായി പ്രവാചകന്റെ സന്നിധിയിൽ വന്നു. പ്രവാചകൻ അവർക്കിടയിൽ തർക്കത്തിലുള്ള വിഷയത്തിൽ ഒരു വിധി പ്രഖ്യാപിച്ചു. പ്രവാചകന്റെ വിധിയെ തൃപ്തിപ്പെടാതിരുന്ന കപട വിശ്വാസിയെ ഉമർ (റ) വധിച്ചു. ഈ പ്രവർത്തനത്തിൽ ഉമറിനെ പ്രവാചകൻ കുറ്റക്കാരനായി കണ്ടു. പക്ഷെ ഉമറിന്റെ പ്രവർത്തനത്തെ ശരിവെച്ചു കൊണ്ട് പ്രവാചകന് പിന്നീട് വഹ്‌യ് (ദിവ്യബോധനം) അവതരിച്ചു.

സംഭവം ഇബ്നു അബീഹാതിം തന്റെ ‘തഫ്സീറിൽ’ ഉദ്ധരിച്ചിരിക്കുന്നുവെങ്കിലും നിവേദകപരമ്പര ദുർബലമാണ്. ഇമാം ഇബ്നുകസീർ പറഞ്ഞു: “സംഭവം പരമ്പര മുറിഞ്ഞ ‘മുർസലാ’യ നിവേദനമാണ്. നിവേദനം ഉദ്ധരിക്കുന്ന ഇബ്നു ലുഹൈഅ ദുർബലനാണ്.” (തഫ്സീറുൽ ഖുർആനിൽ അളീം: 2/351)

സമാനമായ സംഭവം ളംറത്തിബ്നു ഹബീബ് ഉദ്ധരിക്കുന്നതായി ഇബ്നു ദുഹൈം തന്റെ തഫ്സീറിൽ രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും (ഉദ്ധരണം: തഫ്സീറു ഇബ്നുകസീർ: 2/351) പരമ്പര ദുർബലമാണ്. സംഭവം ഉദ്ധരിക്കുന്ന ളംറത്തിബ്നു ഹബീബ് മരണപ്പെടുന്നത് ഹിജ്റാബ്ദം 130 ൽ ആണ്. അദ്ദേഹം പ്രവാചക കാലഘട്ടത്തിൽ ജീവിച്ചിട്ടില്ല. പിന്നെ എങ്ങനെ പ്രവാചകനിൽ നിന്ന് ഉദ്ധരിക്കും?!

8. അബ്ദുല്ലാഹിബ്നു ഉമ്മിമക്തൂമിനെ ഒരു ജൂത സ്ത്രീ അല്ലാഹുവിന്റേയും അവന്റെ ദൂതന്റേയും പേരിൽ ദ്രോഹിക്കുമായിരുന്നുവെന്നും അങ്ങനെ അബ്ദുല്ലാഹിബ്നു ഉമ്മിമക്തൂം അവളെ കൊന്നുവെന്നുമാണ് അടുത്ത കഥ.

ഇബ്നു സഅ്ദ് തന്റെ ‘ത്വബകാത്തുൽ ഖുബ്റാ’യിൽ (4/ 210) ഉദ്ധരിക്കുന്ന സംഭവം അബ്ദുല്ലാഹിബ്നു മഅ്ഖൽ എന്ന വ്യക്തിയാണ് ഉദ്ധരിക്കുന്നത്. ഇദ്ദേഹം പ്രവാചക ശിഷ്യനല്ല. പിന്നെ എങ്ങനെ പ്രവാചകനിൽ നിന്ന് ഇടയാളനില്ലാതെ ഉദ്ധരിക്കും?!

മാത്രമല്ല നിവേദക പരമ്പരയിലുള്ള യൂനസിബ്നു അബീ ഇസ്ഹാകിനെ സംബന്ധിച്ച പണ്ഡിതാഭിപ്രായങ്ങൾ കാണുക:

أبو أحمد الحاكم : ربما وهم في روايته

ഹാകിം പറയുന്നു: ചിലപ്പോഴെല്ലാം അദ്ദേഹത്തിന്റെ നിവേദനങ്ങളിൽ തെറ്റ് സംഭവിക്കാറുണ്ട്.

أبو حاتم الرازي : صدوق إلا أنه لا يحتج بحديثه
അബൂഹാതിം അർറാസി പറഞ്ഞു: ഓർമ്മശക്തി കുറഞ്ഞ വിശ്വസ്ഥനാണെങ്കിലും അദ്ദേഹത്തിന്റെ ഹദീസ് പ്രമാണമായി സ്വീകരിക്കാൻ പറ്റില്ല.

أحمد بن حنبل : ضعف حديثه عن أبيه، ومرة: حديثه فيه زيادة علي حديث الناس، ومرة: حديثه مضطرب
യൂനസിബ്നു അബീ ഇസ്ഹാക് തന്റെ പിതാവിൽ നിന്ന് ഉദ്ധരിക്കുന്ന ഹദീസ് ദുർബലമാണെന്ന് അഹ്മദിബ്നു ഹമ്പൽ അഭിപ്രായപ്പെട്ടു, യൂനസിന്റെ ഹദീസ് വൈരുദ്ധ്യം നിറഞ്ഞവയാണെന്നും കൂട്ടിച്ചേർത്തു.

يحيى بن سعيد القطان : كانت فيه غفلة وكانت فيه سجية
അശ്രദ്ധമായ പ്രകൃതിയോടെയുള്ള വ്യക്തിയായിരുന്നു യൂനസ് എന്ന് യഹ്‌യബ്നു സഈദ് അൽ കത്താൻ അഭിപ്രായപ്പെട്ടു.

ഉഖൈലിയുടെ ‘അൽ ളുഅഫാഉൽ കബീർ’ (പേജ്: 131) ദുർബലരായ നിവേദകരിലാണ് യൂനസിനെ ഉൾപ്പെടുത്തിയിരിക്കുന്നത്.

9. ഒരു ജൂത സ്ത്രീ പ്രവാചകനെ നിരന്തരം ആക്ഷേപിക്കുകയും തെറി വിളിക്കുകയും ചെയ്യുമായിരുന്നു. അങ്ങനെ ഒരാൾ അവളെ ശ്വാസം മുട്ടിച്ച് കൊന്നു. അപ്പോൾ പ്രവാചകൻ അവളുടെ രക്തത്തിന് പ്രതിക്രിയ ഇല്ലെന്ന് വിധിച്ചു.

അബൂദാവൂദ് തന്റെ സുനനിലും (4362), അദ്ദേഹത്തിലൂടെ ബൈഹഖി തന്റെ സുനനുൽ ഖുബ്റായിലും (60/ 7) ഉദ്ധരിച്ച ഈ സംഭവവും ദുർബലമായ പരമ്പരയോടെയുള്ളതാണ്. പ്രവാചക ശിഷ്യൻ അലിയിൽ നിന്നും ശുഅ്ബി ഉദ്ധരിക്കുന്ന ഈ ഹദീസ് പരമ്പര മുറിഞ്ഞതാണ്.

ശുഅ്ബി ഈ ഹദീസ് അലിയിൽ നിന്നും കേട്ടിട്ടില്ല. ഒരൊറ്റ ഹദീസ് മാത്രമേ ശുഅ്ബി അലിയിൽ നിന്ന് കേട്ടതായി സ്ഥാപിതമായിട്ടുള്ളു എന്ന് ഇമാം ദാറഖുത്നി പറയുന്നു. (തഹ്ദീബു തഹ്ദീബ്: 5/68)

അനസിൽ നിന്നല്ലാതെ പ്രവാചക ശിഷ്യന്മാരിൽ ആരിൽ നിന്നും ശുഅ്ബി ഹദീസ് കേട്ടിട്ടില്ലെന്ന് ഇമാം ഹാകിം അഭിപ്രായപ്പെടുന്നു. അലിയിൽ നിന്നും ശുഅ്ബി ഒരു ഹദീസും കേട്ടിട്ടില്ലെന്ന് ഇമാം അഹ്‌മദ് പറയുന്നു. (അൽ മറാസീൽ: 160)

അതുകൊണ്ട് തന്നെ ഈ സംഭവം ദുർബല ഹദീസുകളുടെ ഇനമായ മുർസലായ നിവേദനങ്ങളിൽ പെടുന്നു. അഥവാ ഈ സംഭവവും സ്വീകാര്യയോഗ്യമല്ല; സ്വഹീഹ് അല്ല.

ചുരുക്കത്തിൽ, പ്രവാചക നിന്ദയുടെ പേരിൽ ആർക്കെങ്കിലും പ്രവാചകൻ (സ) വധശിക്ഷ നടപ്പാക്കി എന്ന് സൂചിപ്പിക്കുന്ന ഹദീസുകളും കഥകളുമൊന്നും സ്വഹീഹ് (സ്വീകാര്യതയുടെ മാനദണ്ഡങ്ങൾ പൂർത്തീകരിച്ച നിലയിൽ) വന്നിട്ടില്ല. അവയുടെ നിവേദക പരമ്പരകളിലെല്ലാം വ്യക്തമായ ന്യൂനതകളുണ്ട്. ഖുർആനിലും സ്വഹീഹായ ഹദീസുകളിലും അന്യൂനവും സ്വീകാര്യവുമായ നിലക്ക് വന്നതിനോട് എതിരായ ഇത്തരം നിവേദനങ്ങൾക്ക് ഈ ചർച്ചയിൽ ഒരു വിധി സ്ഥാപിക്കുവാനുള്ള യാതൊരു പ്രബലതയും ഇല്ല. പ്രബലവും സ്വഹീഹുമായ ഹദീസുകളോട് എതിരായതിനാൽ ‘ശാദ്ദ്’ (الشاذ) എന്ന തള്ളപ്പെടേണ്ട നിവേദനങ്ങളുടെ വകുപ്പിലാണ് ഇവ ഉൾപ്പെടുക.

(തുടരും)

1 Comment

  • Good job
    Baarakallah feek

    Shihab thangal 27.08.2020

Leave a comment

Your email address will not be published.