നബിനിന്ദക്കുള്ള പ്രതികരണവും ശിക്ഷയും: പ്രമാണങ്ങൾ പറയുന്നതെന്ത് ? -1

//നബിനിന്ദക്കുള്ള പ്രതികരണവും ശിക്ഷയും: പ്രമാണങ്ങൾ പറയുന്നതെന്ത് ? -1
//നബിനിന്ദക്കുള്ള പ്രതികരണവും ശിക്ഷയും: പ്രമാണങ്ങൾ പറയുന്നതെന്ത് ? -1
ആനുകാലികം

നബിനിന്ദക്കുള്ള പ്രതികരണവും ശിക്ഷയും: പ്രമാണങ്ങൾ പറയുന്നതെന്ത് ? -1

.عن عائشة رضي الله عنها قالت: استأذن رهْطٌ من اليهود على رسول الله صلى الله عليه وسلم فقالوا: السّام عليكم. فقالت عائشة: بل عليكم السّام واللّعنة
(يا عائشة، إن الله يُحِبُّ الرِّفقَ في الأمرِ كلِّه)
(مهلاً يا عائشة، عليكِ بالرِّفق، وإيّاكِ والعنفَ والفحش) (يا عائشة، إن الله رفيق يحب الرفق في الأمر كله)

ആഇശ (റ) പറഞ്ഞു: അല്ലാഹുവിന്റെ ദൂതന്റെ(സ) അടുത്ത് ജൂതന്മാരിൽ ചിലർ സമ്മതം ചോദിച്ചു വന്നു. അവർ അദ്ദേഹത്തോട് “നിങ്ങൾക്ക് നാശം/ മരണം” എന്ന് പറഞ്ഞു. അപ്പോൾ ആഇശ (റ) (ക്ഷുഭിതയായി) ഇപ്രകാരം പറഞ്ഞു: “അല്ല, നിങ്ങളുടെ മേൽ നാശവും ശാപവുമുണ്ടാകട്ടെ. “അപ്പോൾ പ്രവാചകൻ (സ) പറഞ്ഞു: “ആഇശാ, അല്ലാഹു എല്ലാ കാര്യത്തിലും സൗമ്യതയെ ഇഷ്ടപ്പെടുന്നു”
(സ്വഹീഹുൽ ബുഖാരി: 6024, സ്വഹീഹു മുസ്‌ലിം: 2165)

“ആഇശ, നീ ആർദ്രത കാണിക്കുക. ശാന്തതയെ നീ മുറുകെ പിടിക്കുക. തീവ്രതയേയും അസഭ്യ പെരുമാറ്റത്തെയും നീ സൂക്ഷിക്കുക. (സ്വഹീഹുൽ ബുഖാരി: 6030) ആഇശാ, തീർച്ചയായും അല്ലാഹു അലിവുള്ളവനാണ്. ഏതു കാര്യത്തിലും അലിവിനെ അവൻ ഇഷ്ടപ്പെടുന്നു.”
(സ്വഹീഹുൽ ബുഖാരി: 6927)

അപ്പോൾ ആഇശ (റ) പറഞ്ഞു: അവർ പറഞ്ഞത് താങ്കൾ കേട്ടില്ലേ ?
(‘അസ്സലാമു’ (السلام) അലൈകും (നിങ്ങൾക്ക് സമാധാനമുണ്ടാകട്ടെ) എന്നതിന് പകരം ‘അസ്സാമു’ (السام)അലൈകും (നിങ്ങൾക്ക് നാശം/ മരണം ഉണ്ടാകട്ടെ) എന്നാണ് അവർ പറഞ്ഞത്.
പ്രവാചകൻ (സ) പറഞ്ഞു: (അവരെന്ത് പറഞ്ഞാലും ശരി) “നിങ്ങൾക്കുമുണ്ടാകട്ടെ” എന്ന് ഞാൻ (തിരിച്ച്) മറുപടി പറഞ്ഞല്ലോ.” (അതിൽ കൂടുതൽ ഒന്നും പറയേണ്ടതില്ല എന്നർത്ഥം)

സമാനമായ മറ്റൊരു ഹദീസ് കാണുക:

ﺃَﻧَﺲَ ﺑْﻦَ ﻣَﺎﻟِﻚٍ ﻳَﻘُﻮﻝُ: «ﻣَﺮَّ ﻳَﻬُﻮﺩِﻱٌّ ﺑِﺮَﺳُﻮﻝِ اﻟﻠَّﻪِ – ﺻَﻠَّﻰ اﻟﻠَّﻪُ ﻋَﻠَﻴْﻪِ ﻭَﺁﻟِﻪِ ﻭَﺳَﻠَّﻢَ – ﻓَﻘَﺎﻝَ: اﻟﺴَّﺎﻡُ ﻋَﻠَﻴْﻚَ؟ ﻓَﻘَﺎﻝَ ﺭَﺳُﻮﻝُ اﻟﻠَّﻪِ – ﺻَﻠَّﻰ اﻟﻠَّﻪُ ﻋَﻠَﻴْﻪِ ﻭَﺁﻟِﻪِ ﻭَﺳَﻠَّﻢَ – ﻭَﻋَﻠَﻴْﻚَ، ﻓَﻘَﺎﻝَ – ﻋَﻠَﻴْﻪِ اﻟﺴَّﻼَﻡُ -:
.ﺃَﺗَﺪْﺭُﻭﻥَ ﻣَﺎ ﻳَﻘُﻮﻝُ؟ ﻗَﺎﻝَ: اﻟﺴَّﺎﻡُ ﻋَﻠَﻴْﻚَ؟ ﻗَﺎﻟُﻮا: ﻳَﺎ ﺭَﺳُﻮﻝَ اﻟﻠَّﻪِ، ﺃَﻻَ ﻧَﻘْﺘُﻠُﻪُ؟ ﻗَﺎﻝَ: ﻻَ، ﺇﺫَا ﺳَﻠَّﻢَ ﻋَﻠَﻴْﻜُﻢْ ﺃَﻫْﻞُ اﻟْﻜِﺘَﺎﺏِ، ﻓَﻘُﻮﻟُﻮا: ﻭَﻋَﻠَﻴْﻜُﻢْ»

അനസ് ഇബ്നു മാലിക് (റ) പറയുന്നു: പ്രവാചകന്റെ (സ) അടുത്തു കൂടി ഒരു ജൂതൻ കടന്നുപോയി. അയാൾ പ്രവാചകരോട് “അസ്സാമു അലൈകും” (നിങ്ങൾക്ക് നാശം/ മരണം ഉണ്ടാകട്ടെ) എന്ന് പറഞ്ഞു. “നിങ്ങൾക്കും” എന്ന് പ്രവാചകൻ പ്രതിവചിച്ചു… പ്രവാചകാനുചരന്മാർ ചോദിച്ചു: അല്ലാഹുവിന്റെ ദൂതരേ, ഞങ്ങൾ അയാളെ വധിക്കട്ടേ ? പ്രവാചകൻ (സ) പറഞ്ഞു: “അരുത്, വേദക്കാർ നിങ്ങളെ (എന്തുകൊണ്ട്) അഭിവാദ്യം ചെയ്താലും നിങ്ങൾ നിങ്ങൾക്കും എന്ന് പറഞ്ഞേക്കുക”. (അതിനപ്പുറം പ്രകോപിതരാകേണ്ടതില്ല)
(സ്വഹീഹുൽ ബുഖാരി: 6926, സ്വഹീഹു മുസ്‌ലിം: 2165)

മറ്റൊരു നിവേദനത്തിൽ, ജൂതൻ പ്രവാചകനോട് “നിങ്ങളുടെ മതം നശിച്ചു പോകട്ടെ” എന്ന് പറഞ്ഞതായി വന്നിരിക്കുന്നു. (സുനനുൽ ബസ്സാർ: 7097)

ഈ ഹദീസുകളിൽ പ്രവാചക നിന്ദയോടുള്ള രണ്ടു തരം പ്രതികരണങ്ങൾ നാം കാണുന്നു. പ്രവാചകന്റെ (സ) മുഖത്തു നോക്കി അദ്ദേഹത്തെ ആക്ഷേപിച്ച ജൂതരോട് പ്രവാചകന്റെ ചില ശിഷ്യന്മാർ വൈകാരികമായി പ്രതികരിച്ചു. പക്ഷെ പ്രവാചകന്റെ പ്രതികരണമാകട്ടെ വിവേകത്തിലും സംയമനത്തിലും ഉറച്ചു നിന്നു കൊണ്ടായിരുന്നു. പ്രവാചക നിന്ദകർക്ക് മാന്യവും ഫലപ്രദവുമായ നിലയിൽ ഘനപ്പെട്ട മറുപടി കൊടുത്തതിനൊപ്പം അന്യ മതസ്ഥരോട് പുലർത്തേണ്ട അലിവ്, ആർദ്രത, സൗമ്യത എന്നിവയുടെ പ്രസക്തിയും പഠിപ്പിക്കുകയാണ് കാരുണ്യത്തിന്റെ തിരുദൂതൻ ചെയ്തത്. അതോടൊപ്പം തീവ്രതയുടേയും അശ്ലീലോക്തിയുടേയും ദൂഷ്യവും പ്രവാചകൻ (സ) അനുചരന്മാരെ ഉണർത്തി.

(مهلاً يا عائشة، عليكِ بالرِّفق، وإيّاكِ والعنفَ والفحش)

“ആഇശ, നീ ആർദ്രത കാണിക്കുക. ശാന്തതയെ നീ മുറുകെ പിടിക്കുക. തീവ്രതയേയും അസഭ്യതയേയും നീ സൂക്ഷിക്കുക. (സ്വഹീഹുൽ ബുഖാരി: 6030) എന്ന് പ്രവാചകൻ (സ) പറഞ്ഞ വാചകത്തിലെ ‘തീവ്രത’ എന്ന് നാം പരിഭാഷ ചെയ്ത ‘ഉൻഫ്’ (العنفَ) എന്ന പദത്തിന്ന് അൽ മആനി അറബി-ഇംഗ്ലീഷ് ഓൺ ലൈൻ ഡിക്ഷ്ണറി നൽകുന്ന അർത്ഥങ്ങൾ കാണുക:
Be more intense, Be more vehement, Be more violent, Be more forcefull, Become intense, be fiercer; be harsher; be severer; be aggressive; be crueler; heighten; intensify; strengthen
(https://www.almaany.com/en/dict/ar-en/)
ഇത്തരം ദുസ്സ്വഭാവങ്ങളേയും ദുർഗുണങ്ങളേയും വർജിക്കണമെന്നാണ്, പ്രവാചക നിന്ദകരോട് വൈകാരികമായി പ്രതികരിച്ച ആഇശ(റ)യോടും മറ്റു ചില അനുചരന്മാരോടും പ്രവാചക ശ്രേഷ്ടൻ (സ) കൽപ്പിച്ചത്. പ്രവാചക നിന്ദയുമായി ബന്ധപ്പെട്ട പ്രതികരണങ്ങൾ എങ്ങനെയാവരുത് എന്ന് പ്രവാചകൻ (സ) പഠിപ്പിച്ച, വിരോധിക്കപ്പെട്ട മുറകളാണ് പ്രവാചക സ്നേഹം ചമഞ്ഞ് ഇക്കാലഘട്ടത്തിൽ, ചിലർ സമൂഹത്തിൽ പയറ്റി കൊണ്ടിരിക്കുന്നത് എന്നർത്ഥം !

ആക്ഷേപകരുടേയും വിമർശകരുടേയും വായ അടപ്പിക്കുന്ന ശൈലി ഇസ്‌ലാമിന് അന്യമാണ്. പ്രവാചകനെതിരെ അദ്ദേഹത്തിന്റെ സമകാലികരായ എതിരാളികൾ ഉന്നയിച്ച പരിഹാസങ്ങളും ആക്ഷേപങ്ങളും നിന്ദാ വാചകങ്ങളും കൊണ്ട് നിറഞ്ഞതാണ് ഖുർആന്റെ ഏടുകൾ. ഇത്തരം ആക്ഷേപങ്ങൾക്ക് മറുപടി നൽകുന്ന രീതിയാണ് ഖുർആൻ സ്വീകരിച്ചിട്ടുള്ളത്. അല്ലാതെ വിമർശനങ്ങളേയും വിമർശകരേയും ഇല്ലാതാക്കാനുള്ള ശ്രമമല്ല ഖുർആൻ പഠിപ്പിക്കുന്നത്.

“നിന്നെ അവര്‍ കാണുമ്പോള്‍ നിന്നെ ഒരു പരിഹാസപാത്രമാക്കിക്കൊണ്ട്‌, അല്ലാഹു ദൂതനായി നിയോഗിച്ചിരിക്കുന്നത് ഇവനെയാണോ? എന്ന് ചോദിക്കുക മാത്രമായിരിക്കും അവര്‍ ചെയ്യുന്നത്‌.”
(ഖുർആൻ: 25:41)

പ്രവാചകനെ(സ) പ്രബോധന സംരംഭത്തില്‍ നിന്ന് പിന്തിരിപ്പിക്കുവാന്‍ തങ്ങള്‍ പ്രയോഗിക്കുന്ന എല്ലാ അടവുകളും പരാജയപ്പെടുന്നു എന്ന് കണ്ട് ക്ഷുഭിതരായ ശത്രുക്കള്‍ തിരുമേനിയെക്കുറിച്ചു പലതും പറഞ്ഞുകൊണ്ടിരിക്കും. അക്കൂട്ടത്തില്‍, ‘മുഹമ്മദ് വാലറ്റവനാണ്. അവനു ആണ്‍മക്കള്‍ ജീവിക്കുന്നില്ല, ആകയാല്‍ അവന്‌ ഇവിടെ ഭാവിയില്ല’ എന്നൊക്കെ അവര്‍ ആക്ഷേപിച്ചു. ഇതിനുള്ള മറുപടിയാണ് ഈ ഖുർആനിക വചനം:

“തീര്‍ച്ചയായും നിന്നോട് വിദ്വേഷം വെച്ച് പുലര്‍ത്തുന്നവന്‍ തന്നെയാകുന്നു വാലറ്റവന്‍.”
(ഖുർആൻ: 108:3)

യഥാര്‍ത്ഥത്തില്‍ സംഭവിക്കുവാന്‍ പോകുന്നത് നേരെ മറിച്ചാണ്, നബി(സ)യോട് വിദ്വേഷവും പകയും വെച്ചു പുലര്‍ത്തുന്ന അക്കൂട്ടരാണ് വാലറ്റവര്‍.

“അവര്‍ (അവിശ്വാസികള്‍) പറഞ്ഞു: ഹേ; ഉല്‍ബോധനം അവതരിപ്പിക്കപ്പെട്ടിട്ടുള്ള മനുഷ്യാ! തീര്‍ച്ചയായും നീ ഒരു ഭ്രാന്തന്‍ തന്നെ.”
(ഖുർആൻ: 15:16)

“ഭ്രാന്തനായ ഒരു കവിക്ക് വേണ്ടി ഞങ്ങള്‍ ഞങ്ങളുടെ ദൈവങ്ങളെ ഉപേക്ഷിച്ച് കളയണമോ എന്ന് ചോദിക്കുകയും ചെയ്യുമായിരുന്നു.”
(ഖുർആൻ: 37:36)

“എന്നിട്ട് അദ്ദേഹത്തെ വിട്ട് അവന്‍ പിന്തിരിഞ്ഞു കളയുകയാണ് ചെയ്തത്‌. ആരോ പഠിപ്പിച്ചുവിട്ടവന്‍, ഭ്രാന്തന്‍ എന്നൊക്കെ അവര്‍ പറയുകയും ചെയ്തു.”
(ഖുർആൻ: 44:14)

“ഇത് പൂര്‍വ്വികന്‍മാരുടെ കെട്ടുകഥകള്‍ മാത്രമാണ്‌. ഇവന്‍ അത് എഴുതിച്ചുവെച്ചിരിക്കുന്നു, എന്നിട്ടത് രാവിലെയും വൈകുന്നേരവും അവന്ന് വായിച്ചുകേള്‍പിക്കപ്പെടുന്നു എന്നും അവര്‍ പറഞ്ഞു…
അവര്‍ പറഞ്ഞു: ഈ ദൂതന്‍ എന്താണിങ്ങനെ? ഇയാള്‍ ഭക്ഷണം കഴിക്കുകയും, അങ്ങാടികളിലൂടെ നടക്കുകയും ചെയ്യുന്നല്ലോ. ഇയാളുടെ കൂടെ ഒരു താക്കീതുകാരനായിരിക്കത്തക്കവണ്ണം ഇയാളുടെ അടുത്തേക്ക് എന്ത് കൊണ്ട് ഒരു മലക്ക് ഇറക്കപ്പെടുന്നില്ല?
അല്ലെങ്കില്‍ എന്ത് കൊണ്ട് ഇയാള്‍ക്ക് ഒരു നിധി ഇട്ടുകൊടുക്കപ്പെടുന്നില്ല? അല്ലെങ്കില്‍ ഇയാള്‍ക്ക് (കായ്കനികള്‍) എടുത്ത് തിന്നാന്‍ പാകത്തില്‍ ഒരു തോട്ടമുണ്ടാകുന്നില്ല? (റസൂലിനെ പറ്റി) അക്രമികള്‍ പറഞ്ഞു: മാരണം ബാധിച്ച ഒരാളെ മാത്രമാകുന്നു നിങ്ങള്‍ പിന്‍പറ്റുന്നത്‌.”
(ഖുർആൻ: 25:5,7,8)

“മറ്റുള്ളവര്‍ വിശ്വസിച്ചത് പോലെ നിങ്ങളും വിശ്വസിക്കൂ എന്ന് അവരോട് ആരെങ്കിലും പറഞ്ഞാല്‍ ഈ മൂഢന്‍മാര്‍ വിശ്വസിച്ചത് പോലെ ഞങ്ങളും വിശ്വസിക്കുകയോ ? എന്നായിരിക്കും അവര്‍ മറുപടി പറയുക. എന്നാല്‍ യഥാര്‍ത്ഥത്തില്‍ അവര്‍ തന്നെയാകുന്നു മൂഢന്‍മാര്‍. പക്ഷെ, അവരത് അറിയുന്നില്ല.”
(ഖുർആൻ: 2:13)

ഇത്തരം നിന്ദാ വാചകങ്ങൾക്കും ആക്ഷേപങ്ങൾക്കും മുമ്പിൽ സഹനവും സംയമനവും മുറുകെ പിടിക്കാനാണ് ഇസ്‌ലാം, വിശ്വാസികളെ പഠിപ്പിക്കുന്നത്.

“അതിനാല്‍ അവര്‍ പറയുന്നതിന്‍റെ പേരില്‍ നീ ക്ഷമിച്ചു കൊള്ളുക. സൂര്യോദയത്തിനു മുമ്പും അസ്തമനത്തിനുമുമ്പും നിന്‍റെ രക്ഷിതാവിനെ സ്തുതിക്കുന്നതോടൊപ്പം (അവനെ) പ്രകീര്‍ത്തിക്കുകയും ചെയ്യുക.”
(ഖുർആൻ: 50:39)

“ആകയാല്‍ ദൃഢമനസ്കരായ ദൈവദൂതന്‍മാര്‍ ക്ഷമിച്ചത് പോലെ നീ ക്ഷമിക്കുക. അവരുടെ (സത്യനിഷേധികളുടെ) കാര്യത്തിന് നീ ധൃതി കാണിക്കരുത്‌.”
(ഖുർആൻ: 46:35)

കപട വിശ്വാസികളിൽ നിന്നും ജൂതന്മാരിൽ നിന്നും പലപ്പോഴായി മത നിന്ദയും, പ്രവാചക നിന്ദയും, മത പരിത്യാഗവും എല്ലാം സംഭവിച്ചിട്ടുണ്ട്. ചില ഉദാഹരണങ്ങൾ ഖുർആനിൽ നിന്ന് തന്നെ കാണുക:

“ഹേ: സത്യവിശ്വാസികളേ, നിങ്ങള്‍ (നബിയോട്‌) റാഇനാ എന്ന് പറയരുത്‌. പകരം ഉന്‍ളുര്‍നാ എന്ന് പറയുകയും ശ്രദ്ധിച്ച് കേള്‍ക്കുകയും ചെയ്യുക. സത്യനിഷേധികള്‍ക്ക് (പരലോകത്ത്) വേദനയേറിയ ശിക്ഷയുണ്ട്‌.” (ഖുർആൻ: 2: 104)

“(റാഇനാ) എന്ന വാക്കിന് ‘ഞങ്ങളെ ഗൗനിക്കണം’ അഥവാ ഞങ്ങള്‍ക്ക് മനസ്സിലാകുന്ന വിധം പറഞ്ഞുതന്ന് ഞങ്ങളെപ്പറ്റി ശ്രദ്ധിക്കണം എന്നാണര്‍ത്ഥം. അതേ വാക്കു തന്നെ അവരുടെ ഭാഷയില്‍ വിഡ്ഢി, മൂഢന്‍ എന്നിങ്ങിനെ ചീത്ത പറയുന്നവാക്കായും ഉപയോഗിച്ചിരുന്നു. നബി (സ) വല്ലതും പറയുമ്പോള്‍, സന്ദര്‍ഭത്തിനൊത്ത് ആദരവും മര്യാദയും പാലിക്കുകയാണെന്ന് തോന്നുമാറ് യഹൂദികള്‍ നബി(സ)യോട് ഈ വാക്ക് പറയും. അവരുടെ യഥാര്‍ത്ഥ ഉദ്ദേശ്യമാകട്ടെ, തിരുമേനി(സ)യെ വിഡ്ഢിയെന്ന് വിളിച്ചു പരിഹസിക്കലുമായിരുന്നു… സത്യവിശ്വാസികളും നബി(സ) യോട് ഈ വാക്ക് പറയാറുണ്ടായിരുന്നത്‌ കൊണ്ട് പ്രത്യക്ഷത്തില്‍ അവരെ കുറ്റപ്പെടുത്തുവാനും നിവൃത്തിയില്ല. മാത്രമല്ല, സത്യവിശ്വാസികളും തങ്ങളെപ്പോലെ ആ വാക്ക് ഉപയോഗിക്കുന്നതില്‍ യഹൂദികള്‍ സന്തോഷം കൊള്ളുകയും ചെയ്യും. അതുകൊണ്ട് അത്തരം വാക്കുകള്‍ സത്യവിശ്വാസികള്‍ ഉപയോഗിക്കരുതെന്നും, അര്‍ത്ഥ ശങ്കയ്ക്കിടമില്ലാത്തതും, കളങ്കരഹിതമായതുമായ വാക്കുകള്‍ ഉപയോഗിക്കണമെന്നും അല്ലാഹുസത്യവിശ്വാസികളെ ഉപദേശിക്കുകയാണ്. ‘റാഇനാ’യുടെ സ്ഥാനത്ത് ‘ഉന്‍ള്വുര്‍നാ’ (انْظُرْنَا) എന്നു പറയുവാനും, നബി (സ) പറയുന്നത് ശരിക്കു കേട്ടു മനസ്സിലാക്കുവാനും കല്‍പിക്കുകയും ചെയ്യുന്നു.” (തഫ്‌സീറുൽ അമാനി: സൂറത്തുൽ ബകറ: 104 വ്യാഖ്യാനം)

“അല്ലാഹുവിന്‍റെ വചനങ്ങള്‍ നിഷേധിക്കപ്പെടുന്നതും പരിഹസിക്കപ്പെടുന്നതും നിങ്ങള്‍ കേട്ടാല്‍ അത്തരക്കാര്‍ മറ്റുവല്ല വര്‍ത്തമാനത്തിലും പ്രവേശിക്കുന്നത് വരെ നിങ്ങള്‍ അവരോടൊപ്പം ഇരിക്കരുതെന്നും, അങ്ങനെ ഇരിക്കുന്ന പക്ഷം നിങ്ങളും അവരെപ്പോലെത്തന്നെ ആയിരിക്കുമെന്നും ഈ ഗ്രന്ഥത്തില്‍ അല്ലാഹു നിങ്ങള്‍ക്ക് അവതരിപ്പിച്ചു തന്നിട്ടുണ്ടല്ലോ. കപടവിശ്വാസികളെയും അവിശ്വാസികളെയും ഒന്നിച്ച് അല്ലാഹു നരകത്തില്‍ ഒരുമിച്ചുകൂട്ടുക തന്നെചെയ്യും.”
(ഖുർആൻ: 4: 140)

മതനിന്ദയും പരിഹാസവും ആരിൽ നിന്നെങ്കിലും കേട്ടാല്‍ അത്തരക്കാര്‍ മറ്റുവല്ല വര്‍ത്തമാനത്തിലും പ്രവേശിക്കുന്നത് വരെ അവരോടൊപ്പം ഇരിക്കരുതെന്നാണ് കൽപ്പന ; അല്ലാതെ അവർക്ക് വധശിക്ഷ നടപ്പാക്കണമെന്നോ അവരെ ‘സിറ്റീസൺസ് അറസ്റ്റ്’ ചെയ്ത് നിയമത്തിനു മുമ്പിൽ ഹാജരാക്കണം എന്നൊന്നുമല്ല.

“അവര്‍ പറയുന്നു; ഞങ്ങള്‍ മദീനയിലേക്ക് മടങ്ങിച്ചെന്നാല്‍ ‘കൂടുതല്‍ പ്രതാപമുള്ളവര്‍’ ‘ഏറ്റവും നിന്ദ്യരായുള്ളവരെ’ (പ്രവാചകനേയും അനുചരന്മാരേയും) പുറത്താക്കുക തന്നെ ചെയ്യുമെന്ന്‌. അല്ലാഹുവിനും അവന്‍റെ ദൂതന്നും സത്യവിശ്വാസികള്‍ക്കുമാകുന്നു പ്രതാപം. പക്ഷെ, കപടവിശ്വാസികള്‍ (കാര്യം) മനസ്സിലാക്കുന്നില്ല.”
(ഖുർആൻ: 63: 8)

തബൂക്ക് യുദ്ധാവസരം കപട വിശ്വാസികളിൽ ഒരാൾ പ്രവാചകനെ സംബന്ധിച്ച് ഇപ്രകാരം പറഞ്ഞു: “അയാളെ പോലെ തീറ്റ കൊതിയനും പെരും നുണയനും യുദ്ധവേളയിൽ ഏറ്റവും ഭീരുവുമായി മറ്റൊരാളേയും ഞാൻ കണ്ടിട്ടില്ല.” ഈ സംസാരം പ്രവാചകന്റെ സമക്ഷമെത്തിയപ്പോൾ ‘ഞങ്ങൾ കളി തമാശ പറഞ്ഞതായിരുന്നു’ എന്ന് നബിനിന്ദകർ പറഞ്ഞു. “അല്ലാഹുവെയും അവന്‍റെ ദൃഷ്ടാന്തങ്ങളെയും അവന്‍റെ ദൂതനെയുമാണോ നിങ്ങള്‍ പരിഹസിച്ചു കൊണ്ടിരിക്കുന്നത്‌?” (ഖുർആൻ: 9:65) എന്ന ഖുർആൻ വചനം ഉരുവിട്ട് തിരിഞ്ഞ് കളയുകയല്ലാതെ പ്രവാചകൻ മറ്റൊന്നും ചെയ്തില്ല.
(തഫ്സീറുത്വബ്‌രി: 14/333)

ഇത്തരം ഘട്ടങ്ങളിലൊന്നും തന്നെ പ്രവാചകൻ (സ) മതനിന്ദക്കോ പ്രവാചകനിന്ദക്കോ വധശിക്ഷയുണ്ടെന്ന് പഠിപ്പിക്കുകയോ അത്തരം ഒരു വിധത്തിലുള്ള ശിക്ഷയും നടപ്പാക്കുകയോ ചെയ്തില്ല.

ആഇശ (റ) പറയുന്നു: സ്വന്തം കാര്യത്തിൽ ഒരിക്കലും അല്ലാഹുവിന്റെ ദൂതൻ (സ) പ്രതികാരമെടുത്തിട്ടില്ല; അല്ലാഹു പവിത്രമാക്കിയ വല്ലതും ഭഞ്‌ജിക്കപ്പെട്ടാലല്ലാതെ. (സ്വഹീഹുൽ ബുഖാരി: 3560, സ്വഹീഹു മുസ്‌ലിം: 2327)

പ്രവാചകന്റെ മുഖത്ത് നോക്കി: “മുഹമ്മദേ, നീ നീതി പാലിക്കണം, ദൈവത്തെ സൂക്ഷിക്കണം” എന്നെല്ലാം ദുൽഖുവൈസറ എന്ന വ്യക്തി പറയുകയുണ്ടായി. പ്രവാചകൻ യാതൊരു വിധ പ്രതികാരമോ ശിക്ഷാ നടപടിയോ സ്വീകരിച്ചില്ല. (സ്വഹീഹു മുസ്‌ലിം: 1063)

മഹതി ആഇശയെ (റ) സംബന്ധിച്ച് പ്രവാചകന്റെ(സ) കാലഘട്ടത്തിൽ തന്നെ പ്രചരിപ്പിക്കപ്പെട്ട വ്യഭിചാരാരോപണം യഥാർത്ഥത്തിൽ പ്രവാചക നിന്ദ തന്നെയായിരുന്നു. പ്രവാചകൻ (സ) ഈ ലോകത്ത് ഏറ്റവും സ്നേഹിച്ച പ്രവാചകന്റെ പ്രിയ പത്നിയേയും പ്രവാചകന്റെ കുടുംബത്തേയും ലൈംഗീകമായി അധിക്ഷേപിച്ചു എന്നത് പ്രവാചക നിന്ദ തന്നെയാണ്. പക്ഷെ വ്യഭിചാരാരോപണത്തിലും പ്രചാരണത്തിലും പങ്കാളികളായ മിസ്തഹ് ഇബ്നു ഉസാസ, ഹസ്സാൻ, ഹംന തുടങ്ങി ഒട്ടനവധി വ്യക്തികളുടെ കുറ്റം തെളിയിക്കപ്പെട്ടിട്ടുപോലും വിട്ടുവീഴ്ച്ച ചെയ്യാനാണ് ഖുർആൻ കൽപ്പിച്ചത്:
“…അവര്‍ മാപ്പുനല്‍കുകയും വിട്ടുവീഴ്ച കാണിക്കുകയും ചെയ്യട്ടെ. അല്ലാഹു നിങ്ങള്‍ക്ക് പൊറുത്തുതരണമെന്ന് നിങ്ങളാഗ്രഹിക്കുന്നില്ലേ? അല്ലാഹു ഏറെ പൊറുക്കുന്നവനും പരമകാരുണികനുമാണ്.” (ഖുർആൻ: 24:22)

സംഭവുമായി ബന്ധപ്പെട്ട് വധിക്കുവാൻ പ്രവാചകൻ അനുവദിച്ചത് ജൂതന്മാർക്കും വിശ്വാസികൾക്കുമിടയിൽ നിരന്തരം കുഴപ്പങ്ങളുടേയും ശത്രുതയുടേയും തീ കൊളുത്താനും ആളിക്കത്തിക്കാനും മരണം വരെ ശ്രമിച്ചു കൊണ്ടിരുന്ന അബ്ദുല്ലാഹിബ്നു ഉബയ്യിബ്നു സുലൂലിനെ മാത്രമാണ്. അയാളുടേയും വധശിക്ഷ സാമൂഹിക നന്മ കണക്കിലെടുത്ത് അസാധുവാക്കപ്പെട്ടു.

പ്രവാചക നിന്ദ പോയിട്ട്, പ്രവാചകനെ ഭക്ഷണത്തിൽ വിഷം ചേർത്ത് വധിക്കാൻ ശ്രമിച്ച സ്ത്രീയോടും, ഭ്രാന്തനാക്കുക എന്ന ലക്ഷ്യത്തോടെ മാരണം ചെയ്തവരോടും പോലും പ്രവാചകൻ പ്രതികാരം ചെയ്തിട്ടില്ല.
ഭക്ഷണത്തിൽ വിഷം ചേർത്തിട്ടുണ്ടെന്ന് അറിഞ്ഞപ്പോൾ ആ സ്ത്രീയെ വധിക്കട്ടെയെന്ന് അനുചരന്മാർ ചോദിച്ചു. പ്രവാചകൻ വേണ്ടെന്ന് പറഞ്ഞു. (സ്വഹീഹുൽ ബുഖാരി: 3169)

പ്രവാചകന് (സ) ജൂതന്മാർ മാരണം ചെയ്തെന്ന് മുസ്‌ലിംകൾ അറിഞ്ഞാൽ അത് ജൂതന്മാർക്കും മുസ്‌ലിംകൾക്കുമിടയിൽ ശത്രുതക്ക് കാരണമായേക്കാം എന്നതിനാൽ ജനങ്ങൾ അധികം കാണാതെ അതു നശിപ്പിച്ചു കളയാൻ പ്രവാചകൻ (സ) നിർദേശിച്ചു എന്നതാണ് ചരിത്രം. (സ്വഹീഹുൽ ബുഖാരി: 3268)
“>أَبُو هُرَيْرَةَ ، قَالَ : كُنْتُ أَدْعُو أُمِّي إِلَى الْإِسْلَامِ وَهِيَ مُشْرِكَةٌ ، فَدَعَوْتُهَا يَوْمًا فَأَسْمَعَتْنِي فِي رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ مَا أَكْرَهُ ، فَأَتَيْتُ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ وَأَنَا أَبْكِي ، قُلْتُ يَا رَسُولَ اللَّهِ إِنِّي كُنْتُ أَدْعُو أُمِّي إِلَى الْإِسْلَامِ فَتَأْبَى عَلَيَّ ، فَدَعَوْتُهَا الْيَوْمَ فَأَسْمَعَتْنِي فِيكَ مَا أَكْرَهُ ، فَادْعُ اللَّهَ أَنْ يَهْدِيَ أُمَّ أَبِي هُرَيْرَةَ فَقَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : اللَّهُمَّ اهْدِ أُمَّ أَبِي هُرَيْرَةَ فَخَرَجْتُ مُسْتَبْشِرًا بِدَعْوَةِ نَبِيِّ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ، فَلَمَّا جِئْتُ فَصِرْتُ إِلَى الْبَابِ ، فَإِذَا هُوَ مُجَافٌ ، فَسَمِعَتْ أُمِّي خَشْفَ قَدَمَيَّ ، فَقَالَتْ : مَكَانَكَ يَا أَبَا هُرَيْرَةَ وَسَمِعْتُ خَضْخَضَةَ الْمَاءِ ، قَالَ : فَاغْتَسَلَتْ وَلَبِسَتْ دِرْعَهَا وَعَجِلَتْ عَنْ خِمَارِهَا ، فَفَتَحَتِ الْبَابَ ، ثُمَّ قَالَتْ : يَا أَبَا هُرَيْرَةَ أَشْهَدُ أَنْ لَا إِلَهَ إِلَّا اللَّهُ ، وَأَشْهَدُ أَنَّ مُحَمَّدًا عَبْدُهُ وَرَسُولُهُ ، قَالَ فَرَجَعْتُ إِلَى رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ، فَأَتَيْتُهُ وَأَنَا أَبْكِي مِنَ الْفَرَحِ ، قَالَ : قُلْتُ : يَا رَسُولَ اللَّهِ أَبْشِرْ قَدِ اسْتَجَابَ اللَّهُ دَعْوَتَكَ وَهَدَى أُمَّ أَبِي هُرَيْرَةَ ، فَحَمِدَ اللَّهَ وَأَثْنَى عَلَيْهِ وَقَالَ خَيْرًا ، قَالَ قُلْتُ : يَا رَسُولَ اللَّهِ ادْعُ اللَّهَ أَنْ يُحَبِّبَنِي أَنَا وَأُمِّي إِلَى عِبَادِهِ الْمُؤْمِنِينَ ، وَيُحَبِّبَهُمْ إِلَيْنَا ، قَالَ : فَقَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ
.وَسَلَّمَ : اللَّهُمَّ حَبِّبْ عُبَيْدَكَ هَذَا – يَعْنِي أَبَا هُرَيْرَةَ – وَأُمَّهُ إِلَى عِبَادِكَ الْمُؤْمِنِينَ ، وَحَبِّبْ إِلَيْهِمِ الْمُؤْمِنِينَ فَمَا خُلِقَ مُؤْمِنٌ يَسْمَعُ بِي وَلَا يَرَانِي إِلَّا أَحَبَّنِي
അബൂഹുറൈറ (റ) പറഞ്ഞു: എന്റെ മാതാവ് ബഹുദൈവാരാധകയായിരുന്നപ്പോൾ ഞാൻ അവരെ ഇസ്‌ലാമിലേക്ക് ക്ഷണിക്കുമായിരുന്നു. അങ്ങനെയിരിക്കെ ഒരു ദിവസം ഞാൻ അവരെ ഇസ്‌ലാമിലേക്ക് ക്ഷണിച്ചപ്പോൾ അല്ലാഹുവിന്റെ ദൂതനെ സംബന്ധിച്ച്, ഞാൻ വെറുക്കുന്ന പലതും അവർ പറഞ്ഞു. ഞാൻ കരഞ്ഞു കൊണ്ട് അല്ലാഹുവിന്റെ ദൂതന്റെ(സ) അടുത്തേക്ക് ചെന്നു. എന്നിട്ട് ഞാൻ അദ്ദേഹത്തോട് പറഞ്ഞു: “അല്ലാഹുവിന്റെ ദൂതരേ, എന്റെ മാതാവിനെ ഞാൻ ഇസ്‌ലാമിലേക്ക് ക്ഷണിക്കുമായിരുന്നു, അവർ അത് നിരസിക്കുകയും ചെയ്യുമായിരുന്നു. ഇന്ന് ഞാൻ അവരെ ഇസ്‌ലാമിലേക്ക് ക്ഷണിച്ചപ്പോൾ താങ്കളെ സംബന്ധിച്ച് ഞാൻ വെറുക്കുന്ന പല അധിക്ഷേപവും അവർ പറഞ്ഞു. അതിനാൽ അബൂഹുറൈറയുടെ മാതാവിനെ സന്മാർഗത്തിലാക്കാൻ താങ്കൾ അല്ലാഹുവോട് പ്രാർത്ഥിച്ചാലും.” അപ്പോൾ അല്ലാഹുവിന്റെ ദൂതൻ (സ) പ്രാർത്ഥിച്ചു: “അല്ലാഹുവേ, അബൂഹുറൈറയുടെ മാതാവിനെ നീ സന്മാർഗത്തിലാക്കേണമേ.” പ്രവാചകന്റെ പ്രാർത്ഥന കേട്ട് ഞാൻ സന്തുഷ്ടനായി വീട്ടിലേക്ക് മടങ്ങി. ഞാൻ വീടിന്റെ വാതിലിനടുത്തെത്തിയപ്പോൾ വാതിൽ അകത്തു നിന്ന് പൂട്ടിയിരുന്നു. എന്റെ കാലൊച്ച കേട്ടപ്പോൾ മാതാവ് ഉറക്കെ വിളിച്ചു പറഞ്ഞു: “അവിടെ തന്നെ നിൽക്കൂ, അബൂഹുറൈറ (റ)”. വീട്ടിനുള്ളിൽ നിന്നും വെള്ളം ഒഴുക്കുന്ന ശബ്ദം ഞാൻ കേൾക്കുന്നുണ്ടായിരുന്നു. അവർ കുളിച്ചൊരുങ്ങി വസ്ത്രം ധരിച്ച് തല തട്ടം കൊണ്ട് മറച്ചതിന് ശേഷം വാതിൽ തുറന്ന് എന്നോട് പറഞ്ഞു: “അബൂഹുറൈറ (റ), അല്ലാഹുവല്ലാതെ ആരാധനക്കർഹനായി മറ്റാരുമില്ലെന്നും മുഹമ്മദ് അല്ലാഹുവിന്റെ ദാസനും ദൂതനുമാണെന്നും ഞാൻ സാക്ഷ്യം വഹിക്കുന്നു.” ഞാൻ ദൈവദൂതനടുത്തേക്ക് മടങ്ങിപ്പോയി. ഇത്തവണ ഞാൻ ആനന്ദാശ്രു പൊഴിക്കുന്നുണ്ടായിരുന്നു. ഞാൻ അദ്ദേഹത്തോട് പറഞ്ഞു: “അല്ലാഹുവിന്റെ ദൂതരേ, സന്തോഷിച്ചാലും. താങ്കളുടെ പ്രാർത്ഥനക്ക് അല്ലാഹു ഉത്തരം ചെയ്തിരിക്കുന്നു. അബൂഹുറൈറയുടെ മാതാവിനെ സന്മാർഗത്തിലാക്കുകയും ചെയ്തിരിക്കുന്നു.” അദ്ദേഹം അല്ലാഹുവെ സ്തുതിക്കുകയും വാഴ്ത്തുകയും നല്ല വാക്കുകൾ പറയുകയും ചെയ്തു. ഞാൻ അദ്ദേഹത്തോട് പറഞ്ഞു: അല്ലാഹുവിന്റെ ദൂതരേ, എന്നോടും എന്റെ മാതാവിനോടും വിശ്വാസികളായ അല്ലാഹുവിന്റെ അടിമകൾക്ക് സ്നേഹമുണ്ടാവാനായി താങ്കൾ അല്ലാഹുവോട് പ്രാർത്ഥിച്ചാലും. അപ്പോൾ അല്ലാഹുവിന്റെ ദൂതൻ (സ) പ്രാർത്ഥിച്ചു: “അല്ലാഹുവേ, നിന്റെ ഈ അടിമയോടും അദ്ദേഹത്തിന്റെ മാതാവിനോടും വിശ്വാസികളായ നിന്റെ അടിമകൾക്ക് സ്നേഹമുണ്ടാക്കേണമേ, അവർക്ക് വിശ്വാസികളോടും സ്നേഹമുണ്ടാക്കേണമേ.” അതിനുശേഷം എന്നെ സംബന്ധിച്ച് കേൾക്കുകയും എന്നെ കാണുകയും ചെയ്തിട്ട്, എന്നെ സ്നേഹിക്കാത്ത ഒരു വിശ്വാസിയും ജനിച്ചിട്ടില്ല.
(സ്വഹീഹു മുസ്‌ലിം : 4673)

അല്ലാഹുവിന്റെ ദൂതനെ സംബന്ധിച്ച് വെറുക്കപ്പെട്ട പലതും പറഞ്ഞിട്ടും അബൂ ഹുറൈറയുടെ മാതാവിന് വേണ്ടി പ്രാർത്ഥിക്കുന്ന പ്രവാചകന്റെ ചിത്രമാണ് പ്രബലവും സ്വീകാര്യയോഗ്യവുമായ ഹദീസുകൾ നമ്മുടെ മുമ്പിൽ അവതരിപ്പിക്കുന്നത്.

മക്കാ വിജയ ദിവസം പ്രവാചകന് മുമ്പിൽ കീഴടങ്ങിയ, മക്കയിലെ അവിശ്വാസികളിൽ ഒരാളും തന്നെ പ്രവാചകനെ (സ) മുമ്പ് ആക്ഷേപിക്കുകയും അസഭ്യം പറയുകയും ചെയ്യാത്തവരായി ഉണ്ടായിരുന്നില്ല. അവർക്കെല്ലാം പ്രവാചകൻ (സ) മാപ്പു നൽകി; വധശിക്ഷ പോയിട്ട് വിചാരണ പോലും നടത്തിയില്ല.

“ഇന്ന് പ്രതികാരത്തിന്റേയും രക്ത ചൊരിച്ചിലിന്റേയും ദിവസമായിരിക്കും” എന്ന് കരുതിയ ശത്രുക്കൾക്കാസകലം പ്രവാചക ശ്രേഷ്ടൻ മാപ്പു നൽകി, ഖുർആനിലെ ഒരു വാചകം ഉരുവിട്ടു:
“ഇന്ന് നിങ്ങളുടെ മേല്‍ ഒരു ആക്ഷേപവുമില്ല. അല്ലാഹു നിങ്ങള്‍ക്ക് പൊറുത്തുതരട്ടെ. അവന്‍ കരുണയുള്ളവരില്‍ വെച്ച് ഏറ്റവും കാരുണികനാകുന്നു.” (ഖുർആൻ: 12:92)
(ത്വബകാത്തുൽ ഖുബ്റാ: ഇബ്നു സഅ്ദ്: ഹദീസ് നമ്പർ: 1754, സുനനു നസാഈ: 11234, സുനനുൽ ഖുബ്റാ: 9/118 ദലാഇലുന്നുബുവ്വ: ബൈഹഖി: 5/57,58)

പ്രവാചക സന്നിധിയില്‍ ഒരാള്‍ വന്നു. അദ്ദേഹത്തോടു സംസാരിക്കവെ ഭയംകൊണ്ട് അയാളുടെ ശരീരം വിറക്കാന്‍ തുടങ്ങി. അപ്പോള്‍ പ്രവാചകന്‍ (സ) അയാളോടു പറഞ്ഞു: ‘സമാധാനിക്കൂ, (ഭയപ്പെടേണ്ട) ഞാന്‍ ഒരു രാജാവല്ല, ഉണക്കമാംസം ഭക്ഷിച്ചിരുന്ന ഒരു സ്ത്രീയുടെ പുത്രന്‍ മാത്രമാണ്.’ (ഇബ്‌നു മാജ: 3312, അൽ ബിദായ വന്നിഹായ: 6/548)

ഇന്നത്തെ മീഡിയകളേക്കാൾ, കവിതകൾക്ക് അന്നത്തെ സാമൂഹിക രാഷ്ട്രീയ ജീവിതത്തിൽ സ്വാധീനവും പ്രാധാന്യവുമുണ്ടായിരുന്നു. അതുകൊണ്ട് തന്നെ ബദർ, ഉഹ്ദ്, ഖന്ദക്ക് എന്നീ യുദ്ധങ്ങൾ മുസ്‌ലിങ്ങൾക്കെതിരെ നയിക്കുവാൻ ഖുറൈശികളെ പ്രോത്സാഹിപ്പിച്ചും പ്രകോപിപ്പിച്ചും കവിതകൾ പാടിയ ഇബ്നു ഖത്വലും അയാളുടെ നർത്തകികളായ കവയത്രികളും യുദ്ധ കുറ്റവാളികളാണ്. പ്രവാചകനെ നിന്ദിച്ചുവെന്നതിന്റെ പേരിലല്ല, മറിച്ച് യുദ്ധക്കുറ്റവാളികൾ ആയത് കൊണ്ടാണ് മക്കാ വിജയ ദിവസം ഇക്കൂട്ടരെ മാത്രം വധിക്കുവാൻ പ്രവാചകൻ (സ) അനുവദിച്ചത്. മുമ്പ് സൂചിപ്പിച്ചതു പോലെ മക്കാ വിജയ ദിവസം പ്രവാചകന് മുമ്പിൽ കീഴടങ്ങിയ, മക്കയിലെ അവിശ്വാസികളിൽ ഒരാളും തന്നെ പ്രവാചകനെ (സ) മുമ്പ് ആക്ഷേപിക്കുകയും അസഭ്യം പറയുകയും ചെയ്യാത്തവരായി ഉണ്ടായിരുന്നില്ല. അവർക്കെല്ലാം പ്രവാചകൻ (സ) മാപ്പു നൽകിയല്ലൊ.

നബിനിന്ദകർ പ്രവാചകനെ ആക്ഷേപിച്ച് കവിതകൾ പാടിയപ്പോൾ പ്രവാചക കവിയായ ഹസ്സാനിബ്നു സാബിത്തിനോട് ആക്ഷേപ കാവ്യത്തിലൂടെ (شعر الهجاء) മറുപടി നൽകാനാണ് പ്രവാചകൻ (സ) കൽപ്പിച്ചത്.

يَا حَسَّانُ ، أَجِبْ عَنْ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ، اللَّهُمَّ أَيِّدْهُ بِرُوحِ القُدُسِ

അപ്പോൾ പ്രവാചകൻ ഹസ്സാനിബ്നു സാബിത്തിനോട് പറഞ്ഞു: “ഓ ഹസ്സാൻ, അല്ലാഹുവിന്റെ ദൂതനു വേണ്ടി താങ്കൾ മറുപടി കൊടുത്താലും. അല്ലാഹുവേ, അദ്ദേഹത്തെ നീ പരിശുദ്ധാത്മാവിനാൽ (ജീബ്രീൽ) ശക്തിപ്പെടുത്തിയാലും.”
(സ്വഹീഹുൽ ബുഖാരി: 444)

ഹസ്സാനേ, താങ്കൾ അവരെ പോയി വധിക്കൂ എന്നല്ല പ്രവാചകൻ കൽപ്പിച്ചത്. അവരുടെ ആക്ഷേപങ്ങൾക്ക് ഖണ്ഡനം കവിതയിലൂടെ തന്നെ നൽകി വിമർശനങ്ങളും വാദപ്രതിവാദങ്ങളും ഇസ്‌ലാമിന് പുത്തരിയല്ലെന്നും പ്രവാചകനെതിരെ ശത്രുക്കൾ ഉന്നയിക്കുന്ന സർവ്വ ആരോപണങ്ങൾക്കും, പ്രകോപനങ്ങൾക്ക് വശംവദരാകാതെ മറുപടി നൽകാൻ മാത്രം ധിഷണാവിലാസവും സർഗാത്മകതയുമുള്ള പ്രബോധകരുണ്ട് എന്നും പ്രവാചക നിന്ദകർക്ക് തെളിയിച്ചു കൊടുക്കുകയുമാണ് അദ്ദേഹം (സ) ചെയ്തത്.

(തുടരും)

print

2 Comments

 • Refer الصارم المسلول على شاتم الرسول لشيخ الإسلام ابن تيمية

  Shihab thangal 26.08.2020
  • സഹോദരൻ സൂചിപ്പിച്ച ഗ്രന്ഥത്തിൽ ഉദ്ധരിക്കപ്പെട്ട തെളിവുകളിൽ (വളരെ ദുർബലമായവ ഒഴിച്ച്) പ്രധാനപ്പെട്ടവയെ സംബന്ധിച്ച നിരൂപണം ഇന്നലെ പബ്ലിഷ് ചെയ്ത ലേഖനത്തിൽ ഉണ്ടല്ലോ… വായിച്ചിട്ടുണ്ടാകുമെന്ന് കരുതുന്നു…
   https://www.snehasamvadam.org/നബിനിന്ദക്കുള്ള-പ്രതിക-2/

   Afreen 27.08.2020

Leave a comment

Your email address will not be published.