
ചരിത്രാസ്വാദനം
പുനഃസമാഗമം
അഹ്‌സാബ് യുദ്ധം കഴിഞ്ഞ് ഏകദേശം അഞ്ചു മാസമായിക്കാണും; കുറയ്ഷികളുടെ കച്ചവടച്ചരക്കുകള്‍ വഹിച്ചുള്ള സാര്‍ത്ഥവാഹകസംഘം ഷാമില്‍നിന്നു പുറപ്പെടുന്ന വിവരം പ്രവാചകനു ലഭിച്ചു. ആപത്‌വാഹിയായ വ്യാപാരസംഘത്തിന്റെ ഗതിതടയാനായി നൂറ്റിയെഴുപത് അശ്വാരൂഢരടങ്ങിയ ചെറുസേനയെ സെയ്ദ് ബിന്‍ ഹാരിസയുടെ നേതൃത്വത്തില്‍ നബി യാത്രയാക്കി. മദീനയില്‍നിന്ന് നൂറു നാഴിക അകലെ അല്‍അയ്‌സില്‍വെച്ച് സെയ്ദിന്റെ സേന കുറയ്ഷി വ്യാപാരിസംഘത്തെ തടയുകയും അവരുടെ വ്യാപാരച്ചരക്കുകളൊന്നടങ്കം പിടിച്ചെടുക്കുകയും ചെയ്തു. ഉമയ്യയുടെ പുത്രന്‍ സഫ്‌വാന്റെ ഉടമസ്ഥതയിലുള്ള വമ്പിച്ച പണമൂല്യമുള്ള വെള്ളിയും അക്കൂട്ടത്തിലുണ്ട്. വണിക് സംഘത്തിലുണ്ടായിരുന്ന മിക്കവാറും എല്ലാവരെയും സെയ്ദും കൂട്ടരും പിടികൂടി ബന്ദികളാക്കി.
പിടികൊടുക്കാതെ രക്ഷപ്പെട്ട അപൂര്‍വ്വം ചിലരില്‍ പ്രവാചകന്റെ പ്രിയപുത്രി സെയ്‌നബിന്റെ ജീവിതപങ്കാളി അബുല്‍ആസും ഉള്‍പ്പെടുന്നു. ഉമ്മ ഖദീജയുടെ സഹോദരീപുത്രന്‍ കൂടിയായ അബുല്‍ആസ് കുട്ടിക്കാലംമുതല്‍തന്നെ സെയ്‌നബിന്റെ ജീവിതപരിസരങ്ങളിലുണ്ട്. സെയ്ദിനും സംഘത്തിനും പിടികൊടുക്കാതെ മക്കയിലേക്കുള്ള സഞ്ചാരപാതയിലൂടെ അതിവേഗം കുതിരയെ പറത്തവെ അയാളുടെ ഉള്ളില്‍ കലശലായൊരു മോഹം തലകാട്ടി; മദീനയിലുള്ള പ്രിയപത്‌നിയെയും മകന്‍ അലിയെയും കുഞ്ഞുമകള്‍ ഉമാമയെയും ഒരുനോക്ക് കണ്ടുപോയാലോ! അധികം ആലോചനക്കൊന്നും നില്‍ക്കാതെ അടുത്ത ക്ഷണം അയാള്‍ കുതിരയെ ആ വഴിക്കുതിരിച്ചുവിട്ടു. പാതിവഴി പിന്നിട്ടപ്പോഴാണ് താന്‍ നടക്കുന്നത് അപകട ഗര്‍ത്തത്തിന്റെ വക്കിലൂടെയാണെന്നയാള്‍ക്ക് ബോധോദയമുണ്ടായത്, എന്നാല്‍, പിന്തിരിഞ്ഞുപോകാനും തോന്നിയില്ല. മദീനയിലെത്തി രാവിന്റെ മറപറ്റി തിടംവച്ച അപായസാധ്യതകള്‍ക്കിടയിലൂടെ നൂണ്ടുകടന്ന് അതിസാഹസികമായി സെയ്‌നബ് പാര്‍ക്കുന്ന വീടു കണ്ടുപിടിച്ചു. ആരെങ്കിലും കണ്ടാല്‍ മുമ്പ് ബദ്‌റില്‍ സംഭവിച്ചതുപോലെ താന്‍ ബന്ദിയാക്കപ്പെടും. ഇരുളിന്റെ ആഴമേറിയ മൂകനിശ്ചലതയില്‍ സ്വന്തം ചങ്കിടിപ്പ് പെരുമ്പറയായി വിവര്‍ത്തനം ചെയ്യപ്പെട്ടു, ഭയം ഇരട്ടിച്ചു. കരുതലോടെ, പതുക്കെച്ചെന്ന് ആ വീടിന്റെ വാതിലില്‍മുട്ടി. സെയ്‌നബ് വാതില്‍ തുറന്നു. അവിശ്വസനീയവും അത്യന്തം ആഹ്ലാദദായകവുമായ കാഴ്ചയില്‍ സെയ്‌നബിന്റെ വാക്കുകള്‍ മോചനംകാത്ത് തൊണ്ടയില്‍ കുരുങ്ങിനിന്നു.
‘നിങ്ങള്‍ മുസ്‌ലിമായോ?’ ആദ്യത്തെ അമ്പരപ്പൊന്ന് മാറിനിന്നപ്പോള്‍ അവിശ്വസനീയത ഓളംവെട്ടുന്ന മിഴികളോടെ സെയ്‌നബ് ചോദിച്ചു. അബുല്‍ആസ് നിഷേധാര്‍ത്ഥത്തില്‍ തലയാട്ടി. എന്തൊക്കെയായാലും അയാള്‍തന്റെ അടുത്ത ബന്ധുവാണ്, സ്വന്തം കുട്ടികളുടെ പിതാവാണ്, ഇപ്പോഴും താനുമായി സ്വന്തം ഹൃദയത്തെക്കാള്‍ അടുത്താണയാളുടെ സ്ഥാനം.
‘സാരമില്ല, അലിയുടെയും ഉമാമയുടെയും പിതാവിന് സ്വാഗതം. അകത്തേക്ക് കയറിവരൂ.’ പ്രിയതമനെ സെയ്‌നബ് വീടിനുള്ളിലേക്ക് കയറ്റിയിരുത്തി. ഷാമിലേക്കുള്ള കച്ചവടയാത്രയുടെ തുടക്കം മുതല്‍ ഇപ്പോള്‍ എത്തിനില്‍ക്കുന്നതുവരെയുള്ള കഥ ഒന്നൊഴിയാതെ അബുല്‍ആസ് സഹധര്‍മിണിയുടെ മുമ്പില്‍ കെട്ടഴിച്ചു. എല്ലാം കേട്ടുകഴിഞ്ഞതിനുശേഷം തെല്ലിട അയാളുടെ കണ്ണുകളിലേക്കവള്‍ നോക്കിയിരുന്നു. പിന്നെ പതുക്കെ എഴുന്നേറ്റ് വാതില്‍തുറന്ന് പുറത്തേക്കു നോക്കി, പ്രഭാതനക്ഷത്രങ്ങള്‍ അസ്തമിക്കാറായിരിക്കുന്നു. തെല്ലിട കഴിഞ്ഞ്, രാത്രിയെ ചൂഴ്ന്നുനിന്ന തണുത്തുറഞ്ഞ നിശ്ശബ്ദതയെ തച്ചുടച്ചുകൊണ്ട് സുപ്തിയെക്കാളുത്തമം പ്രാര്‍ത്ഥനയാണെന്നോര്‍മിപ്പിച്ച് ബിലാലിന്റെ മനോഹരമായ ബാങ്കൊലിവീചികള്‍ പ്രവാചകനഗരിയുടെ ഊടുവഴികളിലൂടെ പരന്നു. അപായങ്ങളെ മറികടക്കാനുള്ള ഉപായവുമായി നൊടിനേരംകൊണ്ട് സാധാരണ വന്നെത്താറുള്ള പെണ്‍ബുദ്ധി അപ്പോഴേക്കും പ്രവര്‍ത്തിച്ചുതുടങ്ങിയിരുന്നു. അവളേതോ പ്രധാനപ്പെട്ട തീരുമാനത്തിലെത്തിക്കഴിഞ്ഞിട്ടുണ്ട്.
അബുല്‍ആസിനെ വീട്ടില്‍തന്നെ വിട്ട് ഉമാമയെ ഒക്കത്തിരുത്തി സെയ്‌നബ് പള്ളിയിലേക്കു പുറപ്പെട്ടു. പ്രഭാതനമസ്‌കാരത്തിനുള്ള സമയം പ്രതീക്ഷിച്ചുകൊണ്ട് സ്ത്രീകള്‍ക്കായുള്ള മുന്‍നിരയില്‍തന്നെ ഇരുന്നു. പതിവുപോലെ അനിയത്തിമാരായ ഉമ്മുകുല്‍സൂമും ഫാത്വിമയും ഇളയമ്മമാരും പുരുഷന്മാര്‍ക്കായുള്ള അണികള്‍ക്കുശേഷം വരുന്ന ആദ്യനിരയില്‍ ഇരിപ്പുണ്ട്. നമസ്‌കാരം തുടങ്ങി. പിതാവു തന്നെയാണ് നേതൃത്വം നല്‍കുന്നത്. ഇമാം ആദ്യതക്ബീര്‍ ചൊല്ലി കൈകെട്ടി. അദ്ദേഹത്തെ തുടര്‍ന്ന് പിന്നിലുള്ളവരും കൈകെട്ടി. ഇമാം ഫാതിഹ പാരായണം ചെയ്തുതുടങ്ങുന്നതിനുമുമ്പുള്ള നിശ്ശബ്ദമായ ഇടവേളയില്‍ സെയ്‌നബ് വിളിച്ചുപറഞ്ഞു, ‘പ്രിയമുള്ളവരേ, ഞാന്‍ മുഹമ്മദിന്റെ മകള്‍ സെയ്‌നബ്, റബീഇന്റെ മകന്‍ അബുല്‍ആസിന് ഞാന്‍ അഭയം നല്‍കിയിരിക്കുന്നു.’ തുടര്‍ന്ന് സെയ്‌നബ് നമസ്‌കാരത്തിലേക്ക് പ്രവേശിച്ചു.
സലാം ഉരുവിട്ട് നമസ്‌കാരത്തില്‍നിന്ന് വിരമിച്ചശേഷം പ്രവാചകന്‍ പിന്നോട്ടുതിരിഞ്ഞ് നമസ്‌കരിച്ചിരിക്കുന്ന വിശ്വാസികളോടായി ചോദിച്ചു, ‘ഞാന്‍ കേട്ടത് നിങ്ങള്‍ കേട്ടുവോ?’
‘ഞങ്ങളും കേട്ടു,’ അടക്കം പറയുന്നതുപോലെ അവര്‍ പറഞ്ഞു. ‘എന്റെ ആത്മാവ് ആരുടെ കരങ്ങളിലാണോ അവന്‍ സത്യം, അവളീ സംസാരിച്ച നിമിഷംവരെ ഒരറിവും എനിക്കിതെക്കുറിച്ചുണ്ടായിരുന്നില്ല. ഏറ്റവും നിസ്സാരനായ മുസ്‌ലിംപോലും ഉറപ്പുനല്‍കിയ അഭയം ഉയര്‍ത്തിപ്പിടിക്കാന്‍ എല്ലാ മുസ്‌ലിംകളും ബാധ്യസ്ഥരാണ്.’ പിന്നീട് നബി മകളുടെ അടുത്തേക്ക് ചെന്നു പറഞ്ഞു: ‘എല്ലാ ആദരങ്ങളോടെയും അവനെ നീ സ്വീകരിക്കുക, എന്നാല്‍, ഭര്‍ത്താവെന്ന നിലയില്‍ നിന്റെയരികിലെത്താന്‍ അബുല്‍ആസിനെ അനുവദിക്കരുത്, നിയമപരമായി അയാളിപ്പോള്‍ നിന്റെ ഭര്‍ത്താവല്ല.’ തുടര്‍ന്ന് അബുല്‍ആസിന്റെ ആഗമനവും അതിലേക്കെത്തിച്ച കാരണങ്ങളും തന്റെ മക്കളുടെ പിതാവ് അകപ്പെട്ടിരിക്കുന്ന വിഷമസന്ധിയുമെല്ലാം സെയ്‌നബ് പിതാവിനു വിശദീകരിച്ചുകൊടുത്തു. കുറയ്ഷി വണിക്കുകളില്‍ പലരും തങ്ങളുടെ ധനം ഏല്‍പ്പിച്ചിരുന്നത് അബുല്‍ആസിനെയാണത്രെ. മക്കയിലെ ഏറ്റവും സത്യന്ധനായ വണിക്കായിരുന്നുവല്ലോ അയാള്‍. മക്കക്കാരേല്പിച്ചിരുന്ന ധനവും അതുപയാഗിച്ച് ഷാമിലെ ചന്തകളില്‍നിന്ന് അയാള്‍ വാങ്ങിക്കൊണ്ടുവന്ന വിലപിടിച്ച വസ്തുക്കളും ഒന്നൊഴിയാതെ സെയ്ദിന്റെ നേതൃത്വത്തിലുള്ള സേന പിടിച്ചെടുത്തിരിക്കുകയാണ്. മകളുടെ വാക്കുകള്‍ക്ക് സാകൂതം ചെവികൊടുത്ത പ്രവാചകന്റെ ഓര്‍മകളുടെ ഭിത്തിയിലപ്പോള്‍ അദ്വിതീയമായ ആര്‍ദ്രത പ്രതിഫലിച്ചിരുന്ന ഖദീജയുടെ തേജസ്സാര്‍ന്ന മുഖം തെളിഞ്ഞിരിക്കണം.
തുടര്‍ന്ന് അബുല്‍ആസിന്റെ സ്വത്ത് പിടിച്ചെടുത്ത സംഘാംഗങ്ങളുമായി അപ്പോള്‍തന്നെ നബി സംസാരിച്ചു: ‘നിങ്ങള്‍ക്കറിയാവുന്നതുപോലെ അബുല്‍ആസ് എന്റെ ബന്ധുവാണ്, അടുത്ത ബന്ധുവാണ്, അയാള്‍ വാഗ്‌ലംഘനം നടത്താത്തവനാണ്, ഒരിക്കല്‍പോലും പൊളിപറയാത്തവനാണ്. അയാളുടെ കച്ചവടച്ചരക്കുകള്‍ നിങ്ങള്‍ പിടിച്ചെടുത്തിരിക്കുന്നു.പിടിച്ചെടുത്ത ചരക്കുകള്‍ അയാള്‍ക്കുതന്നെ തിരിച്ചുനല്‍കുകയാണെങ്കില്‍ എനിക്ക് സന്തോഷം. ഇനി നല്‍കുന്നില്ലെങ്കിലോ, അവ അല്ലാഹു നിങ്ങള്‍ക്കു നല്‍കിയ പാരിതോഷികമായിരിക്കും. അതിന്മേലുള്ള അവകാശം നിങ്ങള്‍ക്കുള്ളതാണ്.’
സംഘാംഗങ്ങള്‍ പ്രവാചകന്റെ അനുയായികളാണ്, അദ്ദേഹത്തെപ്പോലെതന്നെ അവരും ആര്‍ദ്രഹൃത്തുക്കളാണ്. തങ്ങള്‍ പിടിച്ചെടുത്ത ചരക്കുകള്‍ അബുല്‍ആസിന് തിരിച്ചുനല്‍കാമെന്നവര്‍ നിമിഷാര്‍ധ നേരത്തെ ആലോചനപോലുമില്ലാതെ നബിയെ അറീച്ചു.
അബുല്‍ആസിന്റെ സമ്പത്ത് തിരിച്ചുലഭിച്ച വിവരം പ്രവാചകന്‍ മകളെ അറീച്ചു. സെയ്‌നബ് വീട്ടിലെത്തി, അവിടെ അബുല്‍ആസ് അതേ ഇരിപ്പാണ്, ഇപ്പോഴും താനൊരു ഒളിച്ചുതാമസക്കാരനാണെന്നാണയാള്‍ കരുതുന്നത്. പള്ളിയില്‍ നടന്നതെല്ലാം അവള്‍ അയാളോട് വിശദീകരിച്ചു. അല്പനേരത്തെ മൗനത്തിനുശേഷം അവള്‍ പതുക്കെ വിളിച്ചു, ‘അബുല്‍ആസ്…,’
‘ഉം…’
‘പ്രിയപ്പെട്ടവനേ, ഇത്രയുംകാലം ഞങ്ങളെ നിങ്ങളോര്‍ത്തിരുന്നില്ലേ?’
അബുല്‍ആസ് മൗനിയായി. വികാരങ്ങള്‍ പുകച്ചുരുളുകളായി മനസ്സില്‍ തങ്ങിനില്‍ക്കുന്നതായി അയാള്‍ക്കുതോന്നി. കൂമ്പിയ മിഴികളില്‍നിന്ന് കണ്ണീരടര്‍ന്നുവീണു.
‘നിങ്ങള്‍ മുസ്‌ലിമായി ഞങ്ങളോടൊപ്പം താമസിക്കാത്തതെന്ത്?’
അബുല്‍ആസ് വീണ്ടും മൗനത്തിലേക്കൂളിയിട്ടു. തെല്ലിട കഴിഞ്ഞ് സെയ്‌നബ് നീട്ടിയ സഹായഹസ്തത്തിനയാള്‍ നന്ദിപറഞ്ഞു. തൊണ്ടയുടെ മടക്കുകളിലൂടെ കയറിയിറങ്ങി വാക്കുകള്‍ ഇടറി. തീര്‍ച്ചയായും അയാള്‍ കടുത്ത മനസ്സംഘര്‍ഷമനുഭവിക്കുന്നുണ്ട്.
പഴയ തുകല്‍ക്കുടങ്ങളും ചെറിയ തോല്‍പ്പാത്രങ്ങളും മരക്കഷണങ്ങളുമടക്കം പിടിച്ചെടുക്കപ്പെട്ട തന്റെ ചരക്കുകള്‍ ഒന്നൊഴിയാതെ അബുല്‍ആസിന് തിരികെ ലഭിച്ചു. ‘നിങ്ങള്‍ ഇസ്‌ലാം സ്വീകരിക്കാത്തതെന്ത്? മുസ്‌ലിമായിക്കഴിഞ്ഞാല്‍ ഈ സമ്പത്ത് മുഴുവന്‍ നിങ്ങള്‍ക്ക് സ്വന്തമാക്കാമല്ലോ, ഇതെല്ലാം വിഗ്രഹാരാധകരുടെ മുതലല്ലേ?’ പിടിച്ചെടുക്കപ്പെട്ട ചരക്ക് തിരിച്ചുനല്‍കാനായി വന്നവരിലൊരാള്‍ അബുല്‍ആസിനോടു ചോദിച്ചു. ‘എന്റെ വിശ്വാസ്യത തകര്‍ത്തുകൊണ്ട് ഇസ്‌ലാമില്‍ പ്രവേശിക്കുകയാണെങ്കില്‍ ഇസ്‌ലാമിലെ എന്റെ അഹിതകരമായൊരു തുടക്കമായിരിക്കുമത്,’ അയാള്‍ പറഞ്ഞു.
മക്കക്കാര്‍ തന്നെ വിശ്വസിച്ചേല്പിച്ച മൂലധനവും അവയുടെ ലാഭവുമായി അബുല്‍ആസ് സ്വദേശത്തേക്കുള്ള യാത്ര തുടര്‍ന്നു. മക്കയിലെത്തി ഷാമില്‍നിന്ന് കൊണ്ട വസ്തുക്കളും പണവുമെല്ലാം അവയുടെ ഉടമസ്ഥരെ ഏല്പിച്ചു. വെയിലാറിയശേഷം കഅ്ബാലയത്തിലെത്തി. വിശുദ്ധഗേഹത്തിന്റെ ചാരെ വിശ്രമിക്കുകയായിരുന്ന കുബേരരായ മക്കക്കാരെ അഭിസംബോധന ചെയ്തുകൊണ്ട് അബുല്‍ആസ് പറഞ്ഞു: ‘പ്രിയജനമേ, നിങ്ങളുടെ പണമിതാ ഞാന്‍ തിരിച്ചേല്പിച്ചിരിക്കുന്നു, ഇനി ഞാന്‍ തിരിച്ചേല്പിക്കേണ്ടതായ, ആരുടെയെങ്കിലും എന്തെങ്കിലും ബാക്കിയുണ്ടോ?’
‘ഇല്ല അബുല്‍ആസ്, ഒന്നും അവശേഷിക്കുന്നില്ല.’ തങ്ങള്‍ക്കുവേണ്ടി ഷാമിലേക്കു നടത്തിയ വാണിജ്യയാത്രക്കും അയാളുണ്ടാക്കിക്കൊടുത്ത ലാഭത്തിനും, നഷ്ടപ്പെടുമായിരുന്ന തങ്ങളുടെ സമ്പത്ത് സാഹസികതയിലൂടെ തിരിച്ചുപിടിച്ചതിനും അബുല്‍ആസിനോടവര്‍ കലവറയില്ലാത്ത കൃതജ്ഞത രേഖപ്പെടുത്തി. അബുല്‍ആസിന്റെ മുഖം സംതൃപ്തിയില്‍ തിളങ്ങി. ഒരു ചില്ലിക്കാശിന്റെ ബാധ്യതപോലും ഇനി തനിക്കില്ല. തുടര്‍ന്ന്, അന്തരീക്ഷത്തെ വലയംചെയ്തുനിന്ന പരിപൂര്‍ണ നിശ്ശബ്ദതയെ ആട്ടിപ്പായിച്ചുകൊണ്ടയാള്‍ പ്രഖ്യാപിച്ചു: ‘അല്ലാഹുവല്ലാതെ ആരാധ്യനില്ലെന്നും മുഹമ്മദ് അവന്റെ ദൂതനാണെന്നും ഞാന്‍ സാക്ഷ്യപ്പെടുത്തുന്നു.’
വര്‍ഷങ്ങള്‍ നീണ്ടുനിന്ന വേര്‍പ്പാടിനുശേഷം വീണ്ടും തന്റെ പ്രിയതമക്കും മക്കള്‍ക്കുമൊപ്പം ചേരുകയാണ് അബുല്‍ആസ്; വിശ്വാസിയായി, പൂര്‍ണസംതൃപ്തനായി, തെളിമനസ്‌കനായി, ആനന്ദാതിരേകത്തോടെ അയാള്‍ മദീനയിലേക്കു മടങ്ങി. പ്രാര്‍ത്ഥനയോടെ പ്രവാചകന്റെ നഗരിയില്‍ പ്രവേശിച്ചു. ആഹ്ലാദം തിരതല്ലി വീര്‍പ്പുമുട്ടുന്ന മനസ്സോടെ നബിയുടെ സന്നിധിയിലെത്തി. ‘അല്ലാഹുവിന്റെ ദൂതരേ, ഇന്നലെ അങ്ങെന്നെ സ്വതന്ത്രനാക്കി, ഇന്നിതാ ഞാന്‍ സാക്ഷ്യം വഹിക്കുന്നു, അല്ലാഹുവല്ലാതെ ആരാധ്യനില്ല, അങ്ങ് അവന്റെ ദൂതനുമാണ്.’ അതേ ശ്വാസത്തില്‍തന്നെ അയാള്‍ ചോദിച്ചു, ‘ഇനി സെയ്‌നബിന്റെയടുത്തേക്ക് പോകാനുള്ള അനുമതി അങ്ങെനിക്ക് നല്‍കുമോ? ഒരിക്കല്‍കൂടി എനിക്കവളുടെ ഭര്‍ത്താവാകാന്‍ സാധിക്കുമോ?’
‘എന്റെ കൂടെ വരൂ,’ വര്‍ഷങ്ങളായി കാതുകള്‍ കൊതിച്ചിരുന്ന വാക്കുകള്‍ കേട്ട് അത്യന്തം ആഹ്ലാദവാനായി കണ്ണുകളില്‍ നനവും ചുണ്ടില്‍ പുഞ്ചിരിയുമായി പ്രവാചകന്‍ പറഞ്ഞു. നബിയും മരുമകനും സെയ്‌നബിന്റെ വീട്ടിലെത്തി വാതിലില്‍മുട്ടി. ‘സെയ്‌നബ്, നിന്റെ ബന്ധു ഇസ്‌ലാം സ്വീകരിച്ചിരിക്കുന്നു. ഭര്‍ത്താവായി വീണ്ടും നിനക്കരികിലെത്താന്‍ സാധിക്കുമോ എന്നവനാരായുന്നു.’ ഇരുപത് വര്‍ഷങ്ങള്‍ക്കു മുമ്പ് നവോഢയായിരുന്നപോലെ അവളുടെ മുഖം അരുണിമയാര്‍ന്ന് തുടുത്തു. ലജ്ജാസുന്ദരമായ മന്ദഹാസത്തോടെ അവളുടെ ശിരസ്സ് താഴ്ന്നു, ഇനി നിസ്സന്ദേഹമായി ഭര്‍ത്താവിനെ സ്‌നേഹിക്കാമെന്ന അറിവില്‍ മനസ്സ് തുഷ്ടിപ്പെട്ടു; ആനന്ദക്കണ്ണീര്‍ക്കണങ്ങള്‍ വീണ് കാല്‍വിരലുകള്‍ നനഞ്ഞു, അല്ലാഹുവിനവള്‍ സ്തുതിസഹസ്രങ്ങളര്‍പ്പിച്ചു. സെയ്‌നബ് അബുല്‍ആസുമാരുടെ പുനഃസമാഗമം പ്രവാചകന്റെ മനസ്സിലേക്കും കുടുംബത്തിനകത്തേക്കും കൊണ്ടുവന്ന ആനന്ദം അപരിമേയവും അവാച്യവുമായിരുന്നു.
എന്നാല്‍, അബുല്‍ആസിന്റെ ആഹ്ലാദത്തിന് അധികം ആയുസ്സുണ്ടായില്ല. പുനഃസമാഗമത്തിനുശേഷം ഒരുവര്‍ഷമേ അവര്‍ ഒരുമിച്ച് ജീവിച്ചുള്ളൂ. അപ്പോഴേക്കും സെയ്‌നബിനെ അല്ലാഹു തിരിച്ചുവിളിച്ചു. പ്രിയതമയുടെ വിയോഗത്തില്‍ അബുല്‍ആസ് ശിശുവിനെപ്പോലെ തേങ്ങി. പ്രവാചകനടക്കം കണ്ടുനിന്നവരുടെ ഹൃദയങ്ങളെ ആ കാഴ്ച ഈറനണിയിച്ചു. മരുമകനെ ചേര്‍ത്തുപിടിച്ച് സാന്ത്വനപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെ സ്‌നേഹനിധിയായ ആ പിതാവിനും വിതുമ്പലടക്കാനായില്ല; അന്നേരവും ഖദീജയെ അദ്ദേഹം ഓര്‍ത്തിരിക്കണം. പ്രവാചകന്‍തന്നെയാണ് മകളുടെ ജനാസ നമസ്‌കാരത്തിന് നേതൃത്വം നല്‍കിയത്.
‘എന്റെ സെയ്‌നബില്ലാതെ ജീവിക്കാനെനിക്കാവില്ല,’ അബുല്‍ആസ് ആവര്‍ത്തിച്ചുകൊണ്ടേയിരുന്നു. സെയ്‌നബിന്റെ മരണത്തിന്റെ ഒരു വര്‍ഷം കഴിഞ്ഞ് അബുല്‍ആസും മരണമെന്ന അലംഘ്യതക്ക് കീഴൊതുങ്ങി.
(ചരിത്രസംഭവങ്ങളുടെ ആസ്വാദനമാണിത്, ചരിത്രരേഖയല്ല.)
No comments yet.