
ചരിത്രാസ്വാദനം
ശിക്ഷ
അന്യാദൃശമായ മനസ്ഥൈര്യത്തോടെയാണ് ബനൂകുറയ്ദ ശിക്ഷയേറ്റുവാങ്ങിയത്. അന്തസ്‌തോഭമൊഴിഞ്ഞ് സാമാന്യയുക്തി കൈവരിച്ച പുരുഷന്മാര്‍ തോറ വായിച്ചും പരസ്പരം നിശ്ചഞ്ചലതയും ക്ഷമയുമനുശാസിച്ചും രാവ് ചെലവഴിച്ചു. സ്ത്രീജനങ്ങളെയും കുട്ടികളെയും നഗരത്തിലെ വീടുകളിലേക്ക് കൊണ്ടുപോയി. വീതികുറഞ്ഞതും ആഴമേറിയതുമായ കിടങ്ങുകള്‍ നഗരാതിര്‍ത്തിയില്‍ തയ്യാറായി. എഴുന്നൂറ് പേരുണ്ടായിരുന്നു അവര്‍. കൊച്ചു കൊച്ചു സംഘങ്ങളായി കിടങ്ങിന്റെ ഭാഗത്തേക്കവര്‍ ആനയിക്കപ്പെട്ടു.
‘ഇവര്‍ നമ്മളെ എന്താണു ചെയ്യാന്‍ പോകുന്നത്?’ ബനൂകുറയ്ദ നേതാവ് കഅ്ബ് ബിന്‍ അസദിനോട് ബന്ദിയായ സഹഗോത്രജന്‍ ചോദിച്ചു.
‘സാഹചര്യങ്ങളില്‍നിന്ന് നിങ്ങള്‍ക്കൊന്നും മനസ്സിലാകുന്നില്ലേ? വിളിച്ചുകൊണ്ടുപോകുന്നവരൊന്നും തിരിച്ചുവരുന്നില്ല, വധിക്കപ്പെടുകയാണവര്‍. ഇതിനെക്കാള്‍ നല്ല തിരഞ്ഞെടുപ്പ് നമ്മുടെ ആളുകള്‍ക്കായി ഞാന്‍ മുമ്പോട്ടുവെച്ചിരുന്നു, നിങ്ങളത് തള്ളിക്കളഞ്ഞു,’ ശാഠ്യത്താല്‍ കൈവിട്ടുകളഞ്ഞ അതിജീവനത്തിനുള്ള അവസരം ഓര്‍മ്മിപ്പിച്ചുകൊണ്ട് കഅ്ബ് പറഞ്ഞു.
അലിയുടെയും സുബയ്‌റിന്റെയും നേതൃത്വത്തിലുള്ള യുവാക്കളുടെ സംഘം ഓരോരുത്തരെയായി വധിച്ചു. കൈകള്‍ പിറകോട്ടു ബന്ധിക്കപ്പെട്ട് ബനൂന്നദീര്‍ നേതാവ് ഹുയയ്യ് ബിന്‍ അഖ്തബിനെ കിടങ്ങിനരികിലെത്തിച്ച സമയത്ത് പ്രായമായ അനുചരരോടൊപ്പമിരിക്കുകയായിരുന്നു നബി. ഹുയയ്യ് ഒട്ടും മനസ്ചാഞ്ചല്യമില്ലാതെ പ്രവാചകനെ നോക്കി, ‘എല്ലാ ആത്മാക്കള്‍ക്കും മരണമാസ്വദിക്കേണ്ടതുണ്ട്. താങ്കളെ എതിര്‍ത്തതില്‍ അധിക്ഷേപകരമായി ഒന്നും ഞാന്‍ കാണുന്നില്ല, എന്നാല്‍ ആര് ദൈവത്തെ പരിത്യജിച്ചോ, അയാള്‍ സ്വയം പരിത്യക്തനാകും.’ നിത്യവൈരം ശപഥംചെയ്തുകൊണ്ടയാള്‍ പറഞ്ഞു. പിന്നീട് തന്റെ അനുയായികള്‍ക്കുനേരെ തിരിഞ്ഞുകൊണ്ടയാള്‍ തുടര്‍ന്നു, ‘യഹോവയുടെ കല്പനകള്‍ തെറ്റുന്നില്ല, അവന്‍ വേദപുസ്തകത്തിലൂടെ പ്രവചിച്ച ഇസ്രയേല്‍ സന്തതികള്‍ക്കെതിരെയുള്ള ഒരു കല്പന, ഒരു വിധിവിഹിതം, ഒരു വംശച്ഛേദം, അതൊരിക്കലും തെറ്റിപ്പോവുകയില്ല.’ ശേഷം ഗളച്ഛേദം ചെയ്യപ്പെടുന്നതിനായി വാള്‍ത്തല വീശുന്നതും കാത്ത് ഹുയയ്യ് കിടങ്ങിന്റെ വിളുമ്പിലിരുന്നു. സ്വജനത്തിനുവേണ്ടി സ്വയംനഷ്ടപ്പെടുന്നതിന്റെ ആനന്ദം താനനുഭിവിക്കുന്നുവെന്ന് എതിരാളികളെ കാണിക്കുകയായിരിക്കാം അക്ഷോഭ്യനായി വിധിയേറ്റുവാങ്ങിയതിലൂടെ അയാള്‍ പകര്‍ന്നുനല്‍കാനുദ്ദേശിച്ച സന്ദേശം.
സ്വയംകൃതാനര്‍ത്ഥങ്ങളുടെ അനന്തര ഫലമെന്നോണം തന്റെ ഗോത്രമായ ബനുന്നദീറിനൊപ്പം ഖയ്ബറില്‍ കഴിയുകയായിരുന്ന ഹുയയ്യ് സഹായികളോടൊപ്പം കാതങ്ങള്‍ താണ്ടി മക്കയിലെത്തി കുറയ്ഷി നേതാക്കളുമായി കൂടിക്കാഴ്ച നടത്തി മദീനക്കെതിരെ പടനയിക്കാന്‍ അവരെ ഉത്സാഹിപ്പിച്ചു. മുസ്‌ലിംകള്‍ തീര്‍ത്ത കിടങ്ങിനോടും അത്യന്തം പ്രതികൂലമായ കാലാവസ്ഥയോടും പിടിച്ചുനില്‍ക്കാനാവാതെ കുറയ്ഷ് ഗത്ഫാന്‍ സൈനികര്‍ മദീനവിട്ടപ്പോള്‍ ബനൂകുറയ്ദയുടെ വാസസ്ഥലത്തെത്തിയ ഹുയയ്യ് പ്രവാചകനുമായി അവരുണ്ടാക്കിയിരുന്ന കരാര്‍ ലംഘിക്കാന്‍ നേതാക്കളെ നിര്‍ബന്ധിച്ചു.
പന്തങ്ങളില്‍നിന്ന് പരന്ന പ്രകാശവട്ടത്തിലായിരുന്നു അവസാനത്തെയാള്‍ വധിക്കപ്പെട്ടത്. പിറ്റേന്ന് പ്രഭാതത്തില്‍ സഹഗോത്രജര്‍ കൊല്ലപ്പെട്ട വിവരമറിഞ്ഞതും ബനൂകുറയ്ദയിലെ സ്ത്രീകള്‍ നിയന്ത്രണാതീതമാംവിധം കൂട്ടനിലവിളികളുയര്‍ത്തി. സബീര്‍ ബിന്‍ ബാതാ എന്ന പ്രായം ചെന്ന യഹൂദനെ താമസിപ്പിച്ചിരിക്കുന്നതും ആ വീടുകളിലൊന്നിലാണ്. അയാളെ വധിക്കണമോ വേണ്ടയോ എന്ന കാര്യത്തില്‍ തീരുമാനം പ്രഖ്യാപിക്കാനിരിക്കുന്നതേയുള്ളൂ. ‘ശാന്തരാകുവിന്‍! ലോകമാരംഭിച്ചതിനുശേഷം ബന്ദികളായി പിടിക്കപ്പെടുന്ന ആദ്യത്തെ യഹൂദസ്ത്രീകളാണോ നിങ്ങള്‍? നിങ്ങളുടെ പുരുഷന്മാരില്‍ എന്തെങ്കിലും തരത്തിലുള്ള നന്മയവശേഷിച്ചിരുന്നുവെങ്കില്‍ ഈ സ്ഥിതി നിങ്ങള്‍ക്കു വരുമായിരുന്നില്ലല്ലോ. നിങ്ങള്‍ യഹൂദ മതത്തോടു ചേര്‍ന്നുനില്‍ക്കുക, ആ മതത്തിലാണ് നാം മരിക്കുന്നത്, അതില്‍തന്നെയാണ് നാം പരലോകത്ത് ജീവിക്കുന്നതും,’ വാവിട്ടു കരയുന്ന സ്ത്രീകളോടായി സബീര്‍ പറഞ്ഞു. ഇസ്‌ലാമിനോടുള്ള എതിര്‍പ്പിന്റെ കാര്യത്തില്‍ സബീര്‍ എന്നും മുന്‍നിരയിലാണ്, പ്രവാചകനെതിരില്‍ ആളുകളെ ഇളക്കിവിടുന്നത് ജീവിതദൗത്യമായാണയാള്‍ കണക്കാക്കുന്നത്. അക്കാര്യത്തില്‍ താനാരുടെയും പിന്നിലല്ലെന്ന് പ്രവാചകന്‍ മദീനയിലെത്തിയ ആദ്യനാള്‍തൊട്ട് തെളിയിക്കാന്‍ അയാള്‍ ആവതു ശ്രമിച്ചിട്ടുണ്ട്. എന്നാല്‍, ഹിജ്‌റയെത്തുടര്‍ന്നുവന്ന നാളുകളിലെ ദൗര്‍ഭാഗ്യകരമായ ബുആസ് സംഘര്‍ഷങ്ങള്‍ക്കിടയിലൊരിക്കല്‍ ഖസ്‌റജി ഗോത്രജനായ സാബിത് ബിന്‍ കയ്‌സിനെ മരണത്തിന്റെ മുനമ്പില്‍നിന്നയാള്‍ തിരിച്ചുകൊണ്ടുവന്ന സുകൃതം അയാളുടെ പേരിലുണ്ട്. അതിനു പ്രത്യുപകാരം ചെയ്യാനുള്ള തന്റെ ഊഴം വന്നെത്തിയിരിക്കുന്നുവെന്ന് സാബിത് ഇപ്പോള്‍ കരുതുന്നു. അയാള്‍ തന്റെ ആവശ്യവുമായി പ്രവാചകനെ സമീപിച്ചു. ‘ശരി, സബീര്‍ ബിന്‍ ബാതാ നിങ്ങള്‍ക്കുള്ളതാണ്,’ നബി അറീച്ചു.
സാബിത് ചെന്ന് സബീറിനെ കണ്ടു. ‘നിങ്ങള്‍ക്കെന്നെ ഓര്‍മ്മയുണ്ടോ?’ സാബിത് സബീറിന്റെ നരച്ച നയനങ്ങളിലേക്ക് ഉറ്റുനോക്കിക്കൊണ്ട് ചോദിച്ചു.
‘അറിയാം, സഹോദരന്‍ സഹോദരനെ അറിയാതിരിക്കുമോ?’
‘ബുആസ് സംഘര്‍ഷവേളയില്‍ നിങ്ങളെന്നെ സഹായിച്ചതിന് തിരിച്ചു സഹായം ചെയ്യണമെന്നെനിക്കാഗ്രഹമുണ്ട്,’
‘മാന്യന്‍ മാന്യന് പ്രത്യുപകാരം ചെയ്യും.’
‘ഞാന്‍ പ്രവാചകനുമായി വിഷയം സംസാരിച്ചു, നിങ്ങളുടെ കാര്യം എനിക്കുവിട്ടുതന്നിരിക്കുകയാണദ്ദേഹം,’ എന്നു പറഞ്ഞുകൊണ്ട് സാബിത് വൃദ്ധനെ കൈവിലങ്ങുകളില്‍നിന്ന് മുക്തനാക്കി.
‘എനിക്കു പരിചാരകനില്ല, എന്റെ പെണ്ണിനെയും മകനെയും നിങ്ങളുടെയാളുകള്‍ കൊണ്ടുപോയിരിക്കുന്നു. ഞാനൊരു വൃദ്ധന്‍, പുത്രകളത്രങ്ങളില്ലാത്തൊരു ജീവിതംകൊണ്ട് ഞാനെന്തു ചെയ്യും?’ ആത്മഗതത്തോളം പതിഞ്ഞ സ്വരത്തിലയാള്‍ മന്ത്രിച്ചു. സാബിത് വീണ്ടും സബീറിന് ഭാര്യയെയും മക്കളെയും തിരിച്ചുനല്‍കാനുള്ള അനുമതി ചോദിച്ച് പ്രവാചകനെ സമീപിച്ചു. അദ്ദേഹമത് അംഗീകരിച്ചു. ‘അഗ്ദകില്‍ എനിക്കൊരു തോട്ടമുണ്ട്, സ്വത്തൊന്നുമില്ലാതെ ഹിജാസില്‍ ഒരാള്‍ എങ്ങനെയാണു ജീവിക്കുക!’ പ്രവാചകന്റെ തീരുമാനം കേട്ടപ്പോള്‍ സബീര്‍ നിസ്സംഗനായി പറഞ്ഞു. തിരിച്ചെത്തി വിവരമറീച്ച സാബിതിനോട് ആയുധങ്ങളും പടച്ചട്ടകളുമല്ലാത്ത അയാളുടെ സ്വത്തുക്കള്‍ മുഴുവന്‍ തിരിച്ചുനല്‍കാന്‍ നബി ഉത്തരവായി. എന്നാല്‍ തന്റെ സഹഗോത്രജരെല്ലാം വധിക്കപ്പെട്ടതിലുള്ള വ്യസനവും വിഷാദവും അയാളുടെ പ്രായംചെന്ന മനസ്സിനെയും ശരീരത്തെയും ഒരുപോലെ ഗ്രസിച്ചിരുന്നു. അയാള്‍ പറഞ്ഞു, ‘എന്റെ ജനങ്ങളോടൊപ്പം ചേരാന്‍ എന്നെയനുവദിക്കണമെന്ന് എനിക്ക് നിങ്ങളിലുള്ള അവകാശംവെച്ച് ഞാനാവശ്യപ്പെടുന്നു. അവരെല്ലാം പോയ നിലക്ക് ഇനിയീ ജീവിതത്തില്‍ കാര്യമായൊന്നും അവശേഷിക്കുന്നില്ല.’ വൃദ്ധന്റെ വാക്കുകളില്‍ വിശ്വാസംവരാതെ തന്റെ ആവശ്യം സാബിത് ആവര്‍ത്തിച്ചെങ്കിലും സബീറിന്റെ സ്വരത്തിലെ ഗൗരവംപിടികിട്ടിയതോടെ സാബിത് പിന്‍വാങ്ങി. സബീര്‍ ശിക്ഷ ഏറ്റുവാങ്ങുകയും ചെയ്തു.
യഹൂദ നിയമപ്രകാരം താനിനി ഭൂമുഖത്തവശേഷിക്കുന്നത് ദൈവഹിതത്തിനു നിരക്കുന്നതല്ലെന്ന് സബീറിനു തോന്നിയിരിക്കണം. ഉപരോധിത നഗരത്തിലെ പൗരനെ സംബന്ധിച്ച യഹൂദനിയമമനുശാസിക്കുന്നതെന്താണെന്ന് തോറയും തല്‍മൂദും വായിക്കുന്ന യഹൂദവിശ്വാസിയായ വയോധികനറിയാം. ആവര്‍ത്തനപുസ്തകത്തില്‍ ഇങ്ങനെ അയാള്‍ വായിക്കാറുണ്ട്: ‘നീ ഒരു നഗരത്തോട് യുദ്ധത്തിനു പോകുമ്പോള്‍, ആദ്യം സമാധാന നിര്‍ദേശങ്ങള്‍ വെക്കുക. സമാധാനം എന്ന് മറുപടി പറഞ്ഞ് അവര്‍ നിനക്കു വാതില്‍ തുറന്നുതന്നാല്‍ ആ നഗരത്തില്‍ കാണുന്ന ജനമെല്ലാം നിര്‍ബന്ധവേലക്കാരായി നിനക്കു സേവചെയ്യണം. എന്നാല്‍, സമാധാനമുണ്ടാക്കാതെ അവര്‍ നിനക്കെതിരെ യുദ്ധം ചെയ്യുന്നുവെങ്കില്‍ നീ അതിനെ ഉപരോധിക്കണം. നിന്റെ ദൈവമായ യഹോവ അതിനെ നിന്റെ കയ്യിലേല്പിച്ചശേഷം നീ അതിലെ പുരുഷപ്രജകളെയൊക്കെയും വാളിനിരയാക്കണം. എന്നാല്‍ സ്ത്രീകളെയും കുട്ടികളെയും കന്നുകാലികളെയും നഗരത്തിലുള്ള സകലത്തെയും, അതിലെ സമ്പത്തെല്ലാം കൊള്ളമുതലായി നീ സ്വന്തമാക്കിക്കൊള്ളുക. നിന്റെ ദൈവമായ യഹോവ നിനക്കു നല്‍കിയിരിക്കുന്ന, ശത്രുക്കളുടെ കൊള്ളമുതലെല്ലാം നിനക്ക് അനുഭവിക്കാം.’
എന്നാല്‍, സബീറിന്റെ ഭാര്യയെയും മക്കളെയും നബി വെറുതെവിട്ടു; അവരുടെ സ്വത്ത് തിരിച്ചുനല്‍കുകയും ചെയ്തു. ബാക്കിയുള്ള സ്ത്രീകളെ, അവരുടെ സ്വത്തടക്കം ഖന്ദക് ഉപരോധത്തില്‍ ഭാഗഭാക്കുകളായ വിശ്വാസികള്‍ക്കിടയില്‍ വീതിച്ചു. പ്രവാചകന്റെ വിഹിതമായി ലഭിച്ച റയ്ഹാന എന്ന സ്ത്രീ അദ്ദേഹത്തിന്റെ അധികാരത്തില്‍തന്നെ കഴിഞ്ഞു. ഇസ്‌ലാം സ്വീകരിക്കാന്‍ തുടക്കത്തിലവള്‍ തയ്യാറായില്ല. എന്നാല്‍ ബനൂഹദ്ല്‍ ഗോത്രജനായ രിഫാഅ ഇസ്‌ലാമിനെക്കുറിച്ചു നടത്തിയ സുദീര്‍ഘമായ സംഭാഷണത്തിനൊടുവില്‍ അവള്‍ മുസ്‌ലിമാവുകയായിരുന്നു. നബി അവരെ സ്വതന്ത്രയാക്കുകയും വിവാഹം ചെയ്യാന്‍ സമ്മതം ചോദിക്കുകയും ചെയ്തു. ‘പ്രവാചകരേ, എന്നെ അങ്ങയുടെ സംരക്ഷണയില്‍ നിര്‍ത്തുക, അങ്ങേക്കും എനിക്കും അതാണ് നല്ലത്.’ റയ്ഹാന പറഞ്ഞു.
ബനൂകുറയ്ദക്കുള്ള ശിക്ഷ നടപ്പിലാക്കപ്പെട്ടതോടെ ഒരു സമൂഹമെന്ന നിലയില്‍ മദീനയില്‍ ഇനി യഹൂദ സാന്നിധ്യമില്ല. നിരന്തരമായ ഗൂഢാലോചനകളിലൂടെയും വഞ്ചനകളിലൂടെയും പ്രവാചകന്റെ ആസ്ഥാന നഗരിയില്‍ ആഭ്യന്തര വെല്ലുവിളികള്‍ ഉയര്‍ത്താനിടയുള്ള വിഷദ്രുമത്തിന്റെ തായ്‌വേരറുക്കപ്പെട്ടിരിക്കുന്നു. മുസ്‌ലിംകളെ ലക്ഷ്യംവെച്ച് ഇടക്കിടെ തങ്ങള്‍ നടത്താറുള്ള ആക്രമണത്തിന് മദീനക്കകത്തുനിന്നു ലഭിച്ചുകൊണ്ടിരുന്ന പിന്തുണയും സഹായവും ഇല്ലാതായെന്ന് കുറയ്ഷ് മനസ്സിലാക്കിയ നിമിഷം വിദൂരഭാവിയിലെങ്കിലും മുഹമ്മദിനെയും കൂട്ടരെയും വിപാടനം ചെയ്യാനാകുമെന്ന അവരുടെ പ്രതീക്ഷകള്‍ കരിഞ്ഞുണങ്ങി. മുനാഫികുകള്‍ക്ക് തങ്ങളുടെ കാപട്യത്തിന്റെ കൊടിയുയര്‍ത്താന്‍ പാകത്തില്‍ നഗരത്തിനകത്തുനിന്നു ലഭിച്ചിരുന്ന പിന്തുണ ഇനിയുണ്ടാവില്ല. സമുദായം എന്ന നിലയില്‍ അകമെനിന്നുള്ളതും പുറമെനിന്നുള്ളതുമായ ഭീഷണികളില്‍നിന്ന് മുസ്‌ലിംകള്‍ മുക്തിനേടിയിരിക്കുന്നു.
ചരിത്രപരമായ വിധി പ്രസ്താവം നടത്തിയശേഷം സഅദ് ബിന്‍ മുആദ് പ്രവാചകന്റെ പള്ളിക്കരികിലെ അദ്ദേഹത്തിന്റെ രോഗശയ്യയിലേക്ക് തിരിച്ചുപോയി. മുസ്‌ലിം സമൂഹത്തിലെ ആദ്യത്തെ ആതുരാലയം മദീനയില്‍ പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. അഹ്‌സാബ് യുദ്ധത്തില്‍ പരിക്കേറ്റവരെ പരിചരിക്കാനായി നബിയുടെ നിര്‍ദേശ പ്രകാരം മദീനയിലെ പള്ളിയോടനുബന്ധിച്ച് തമ്പുയര്‍ന്നിരുന്നു; അസ്‌ലം ഗോത്രക്കാരിയായ റുഫയ്ദയെ അതിന്റെ മേല്‍നോട്ടക്കാരിയായി നിയമിക്കുകയും ചെയ്തു. റുഫയ്ദയാണ് ഇസ്‌ലാമിലെ ആദ്യത്തെ സൈനിക ശുശ്രൂഷക. ഇനിയും തന്റെയളവില്‍ അല്ലാഹുവിന്റെ ശത്രുക്കള്‍ക്കെതിരെയുള്ള സമരങ്ങളുണ്ടെങ്കില്‍ തന്നെ ജീവിപ്പിക്കണേ, ഇല്ലെങ്കില്‍ മരിപ്പിക്കേണമേ എന്നും ഖന്ദക് വേളയില്‍ പരിക്കേറ്റ സഅദ് അല്ലാഹുവിനോട് പ്രാര്‍ത്ഥിച്ചു. ‘ഞങ്ങള്‍ക്കും അവര്‍ക്കുമിടയിലുള്ളപോരാട്ടം അവസാനിച്ചുവെങ്കില്‍ നാഥാ, ഇന്നെനിക്കേറ്റ പരിക്കിലൂടെ എന്നെ രക്തസാക്ഷിയാക്കുക നീ, ബനൂകുറയ്ദക്കാരുടെ കാര്യത്തില്‍ എന്റെ മനംകുളിര്‍ക്കുന്നതുവരെ എന്നെ നീ മരിപ്പിക്കരുതേ,’ കരള്‍ വെന്തുള്ള പ്രാര്‍ത്ഥന സഅദ് അവസാനിപ്പിച്ചു; പ്രാര്‍ത്ഥന നാഥന്‍ കേള്‍ക്കുകയും ചെയ്തു. ആരോഗ്യനില നാള്‍ക്കുനാള്‍ വഷളായിവന്നു.
അഹ്‌സാബ് യുദ്ധം കഴിഞ്ഞ് ചന്ദ്രന്‍ ഭൂമിയെ ഒരുവട്ടം വലയംചെയ്തുവരുന്നതേയുള്ളൂ. പ്രജ്ഞനഷ്ടമായി കിടക്കുന്ന സഅദിനെയാണ് പ്രവാചകന്‍ തന്റെ ഇടക്കിടെയുള്ള സന്ദര്‍ശനത്തിനിടെ കണ്ടത്. ഇഷ്ടശിഷ്യന്റെ മരണതല്പത്തില്‍ പ്രവാചകനിരുന്നു. അയാളുടെ തല പതുക്കെ ഉയര്‍ത്തി തന്റെ നെഞ്ചോടു ചേര്‍ത്തുവെച്ചുകൊണ്ട് പതിഞ്ഞ സ്വരത്തില്‍ നബി പ്രാര്‍ത്ഥിച്ചു: ‘നാഥാ, നിന്റെ ദൂതനില്‍ പൂര്‍ണമായി വിശ്വാസമര്‍പ്പിച്ച് നേര്‍മാര്‍ഗത്തില്‍ പൊരുതിയിട്ടുണ്ട് സഅദ്. അയാള്‍ ചെയ്യേണ്ടതുണ്ടായിരുന്നതൊന്നും ബാക്കിവെച്ചിട്ടില്ല. നിന്റെ ശ്രേഷ്ഠരായ സൃഷ്ടികളെ തിരിച്ചെടുക്കുന്നപോലെ അയാളുടെ ആത്മാവിനെ നിന്നിലേക്കെടുക്കുക.’ അല്ലാഹുവിന്റെ പ്രിയങ്കരനായ അടിമയുടെ പ്രാര്‍ത്ഥിക്കുന്ന ശബ്ദം സഅദ് കേട്ടു. പതുക്കെ കണ്ണുതുറന്ന് പരിക്ഷീണമായ സ്വരത്തിലയാള്‍ പറഞ്ഞു, ‘പ്രിയദൂതരേ, അങ്ങയില്‍ സമാധാനമുണ്ടാകട്ടെ. അല്ലാഹുവിന്റെ സന്ദേശം അങ്ങ് കൃത്യമായെത്തിച്ചു തന്നിട്ടുണ്ട്.’ ഏതാനും നാഴികനേരം അവിടെ ചെലവഴിച്ച് നബി വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ ജബ്‌റാഈല്‍ വന്ന് ആ വിവരം പ്രവാചകനെ അറീച്ചു, ‘സഅദ് മരണപ്പെട്ടു.’
പ്രവാചകന്റെ പ്രത്യേക പ്രതിനിധിയായി ഹിജ്‌റപൂര്‍വ കാലത്ത് മദീനയിലെത്തിയ മുസ്അബ് ബിന്‍ ഉമയ്‌റിനെ കാണാനായി മച്ചുനന്‍ സഅദ് ബിന്‍ സറാറയുടെ ഭവനത്തിലെത്തിയതോടെ ആരംഭിച്ച സംഭവബഹുലവും സ്‌നേഹനിരതവുമായിരുന്ന ധീരമുജാഹിദിന്റെ ജീവിതത്തിന് അതോടെ തിരശ്ശീലവീണു. വെണ്‍മഞ്ഞില്‍ സ്‌നാതമായ പോരാളിയുടെ സംതൃപ്തമായ ആത്മാവിനി പറുദീസയുടെ അമൃതസുഗന്ധം ശ്വസിക്കും.
മുപ്പത്തിയേഴാം വയസ്സില്‍ രക്തസാക്ഷിത്വം വരിച്ച സഅദിന്റെ ഭൗതികശരീരമടങ്ങുന്ന മഞ്ചം ശ്മശാനത്തിലേക്കെടുത്തവരാണത് ശ്രദ്ധിച്ചത്. ഭാരിച്ച ശരീരമായിരുന്നു സഅദിന്റേത്, എന്നാല്‍ തങ്ങളേറ്റിയ മഞ്ചത്തിന്റെ അനിതരസാധാരണമായ ഭാരരാഹിത്യം അവര്‍ പ്രവാചകന്റെ ശ്രദ്ധയില്‍പെടുത്തി. ‘മാലാഖമാര്‍ സഅദിന്റെ മഞ്ചം ചുമക്കുന്നത് ഞാന്‍ കണ്ടതാണ്,’ നബി പറഞ്ഞു. ചലനമറ്റ ശരീരം കബ്‌റിന്റെ വിളുമ്പില്‍ വെച്ചു. പ്രവാചകന്‍തന്നെ നമസ്‌കാരത്തിനു നേതൃത്വംനല്‍കി. നിരവധിയാളുകള്‍ അദ്ദേഹത്തിനു പിന്നില്‍ അണിനിരന്ന് തങ്ങളുടെ പ്രിയങ്കരനായ സഖാവിന്റെ പരലോകത്തിലെ വിജയപ്രാപ്തിക്കായി പ്രാര്‍ത്ഥിച്ചു. തുടര്‍ന്ന് സഅദ് എന്ന ഇസ്‌ലാമിന്റെ എക്കാലത്തെയും കിടയറ്റ പോരാളിയുടെ ഭൗതികശരീരം പതുക്കെ കബ്‌റിലേക്കു താഴ്ന്നു. പ്രവാചകന്റെ മുഖം വിളറി, ‘സുബ്ഹാനല്ലാഹ്,’ അദ്ദേഹം ഉറക്കെ വിളിച്ചുപറഞ്ഞു. അല്ലാഹുവിന്റെ പരമമായ അതീതതയുടെ ഉദ്‌ഘോഷം. കബ്‌റിന്റെ പരിസരത്ത് സന്നിഹിതരായിരുന്നവരുടെ കണ്ഠങ്ങളില്‍നിന്ന് ബകീഇനെ പ്രകമ്പനം കൊള്ളിച്ചുകൊണ്ട് ഒന്നിച്ചൊരാരവമുയര്‍ന്നു, ‘സുബ്ഹാനല്ലാഹ്’. എന്നാറെ, പ്രവാചകന്‍ വിജയത്തിന്റെ ആ പ്രഖ്യാപനം നടത്തി, ‘അല്ലാഹു അക്ബര്‍.’ ആയിരം കണ്ഠങ്ങളില്‍നിന്ന് വീണ്ടും അല്ലാഹു അക്ബര്‍ ഉയര്‍ന്നു.
‘തിരുദൂതരേ, പെട്ടെന്ന് അങ്ങയുടെ മുഖം വിളര്‍ത്തതെന്ത്?’ അനുചരരില്‍ ചിലര്‍ പ്രവാചകനോടു ചോദിച്ചു. ‘സഅദിന്റെ ഭൗതികശരീരത്തെ കബ്ര്‍ ഏറ്റുവാങ്ങി. ആര്‍ക്കെങ്കിലും രക്ഷപ്പെടാനാകുമെങ്കില്‍ സഅദ് രക്ഷപ്പെടും എന്ന തരത്തിലുള്ള ഒരിടുക്കം അദ്ദേഹം അനുഭവിച്ചു, പിന്നെ അല്ലാഹു അദ്ദേഹത്തിന് ആനന്ദകരമായൊരാശ്വാസം നല്‍കി,’ പ്രവാചകന്‍ അവര്‍ക്ക് മറുപടി നല്‍കി. സഅദിന്റെ മരണത്തില്‍ അല്ലാഹുവിന്റെ സിംഹാസനം വിറച്ചു.’ എന്ന് പറഞ്ഞതും പ്രവാചകന്‍തന്നെ.
(ചരിത്രസംഭവങ്ങളുടെ ആസ്വാദനമാണിത്, ചരിത്രരേഖയല്ല.)
No comments yet.