നബിചരിത്രത്തിന്റെ ഓരത്ത് -90

//നബിചരിത്രത്തിന്റെ ഓരത്ത് -90
//നബിചരിത്രത്തിന്റെ ഓരത്ത് -90
സർഗാത്മക രചനകൾ

നബിചരിത്രത്തിന്റെ ഓരത്ത് -90

ചരിത്രാസ്വാദനം

ബനൂകുറയ്‌ദ

സഖ്യകക്ഷികള്‍ തിരിച്ചുപോയിരിക്കുന്നു, ഏറ്റുമുട്ടലിന്റെ കാര്‍മേഘമൊഴിഞ്ഞിരിക്കുന്നു. അല്ലാഹുവിന് സ്തുതി! അവനാണ് ശീതക്കാറ്റിന്റെ രൂപത്തില്‍ സ്വന്തം സൈന്യത്തെയയച്ച് മദീനയെയും വിശ്വാസികളെയും സമൂലനാശത്തില്‍നിന്ന് രക്ഷപ്പെടുത്തിയിരിക്കുന്നത്. ആകാശത്തുള്ളവന്റെ വിധിനിര്‍ണായകമായ ഇടപെടലില്ലായിരുന്നുവെങ്കില്‍ എന്താകുമായിരുന്നു വിശ്വാസിസമൂഹത്തിന്റെ ഭാവി! ശത്രുവിന്റെ വിജയതാണ്ഡവത്തില്‍ മദീനയുടെ മാനം ചീന്തിയെറിയപ്പെടുമായിരുന്നു, ജീവനുകള്‍ പൊലിയുമായിരുന്നു, സ്വത്തുക്കള്‍ പിടിച്ചെടുക്കപ്പെടുമായിരുന്നു. കുറയ്ഷും ഗത്ഫാനും യഹൂദഗോത്രങ്ങളും തങ്ങളുടെ കോപതാപങ്ങള്‍ മുസ്‌ലിംകള്‍ക്കുമേല്‍ ഇറക്കിവെക്കുമായിരുന്നു. ചകിതരായ ദുര്‍ബലവിശ്വാസികളെ എങ്ങനെ സമാശ്വസിപ്പിക്കുമെന്നറിയാതെ പ്രവാചകന്‍ ഉഴറിയ ഘട്ടത്തില്‍ മുമ്പ് പലപ്പോഴുമെന്നപോലെ തന്റെ നാഥന്‍ കൈപിടിച്ചിരിക്കുന്നു.

വിശ്രമിക്കാന്‍ വിശ്വാസികള്‍ക്കു സമയമുണ്ടായിരുന്നില്ല. കുറയ്ഷ് ഇനിയുമൊരു പടയോട്ടത്തിന് ധൃഷ്ടരാകാനുള്ള സാധ്യത വിദൂരമാണ്, എന്നാല്‍, മദീനയിലും ഖയ്ബറിലുമായുള്ള യഹൂദ ഗോത്രങ്ങള്‍ ഭാവിയിലും തങ്ങളുടെ വഞ്ചനാത്മസമീപനം തുടര്‍ന്നുകൂടായ്കയില്ല. ബനൂകുറയ്ദ തന്നെയും മുസ്‌ലിം ഉന്മൂലനം ആഗ്രഹിക്കുന്നുണ്ട്. അവസരം ലഭിച്ചപ്പോള്‍ അവരത് തെളിയിച്ചു പറയുകയും ചെയ്തിരിക്കുന്നു, സാഹചര്യങ്ങള്‍ എതിരായതിനാല്‍ തല്‍ക്കാലം സാധ്യമായില്ലെന്നുമാത്രം. അവര്‍ക്കെതിരെ പടനീക്കം നടത്തേണ്ടതുണ്ട്. പ്രവാചകന്‍ ഈ സാധ്യതയെക്കുറിച്ചാണ് പരിചിന്തനം നടത്തുന്നത്.

അന്നേരം അല്ലാഹുവിന്റെ സന്ദേശം വന്നണഞ്ഞു. പ്രൗഢമായ വേഷവിധാനങ്ങളോടെ ജിബ്‌റാഈല്‍ മാലാഖ പ്രാധാന്യമേറിയ സന്ദേശവുമായി വന്നെത്തുമ്പോള്‍ മധ്യാഹ്നപ്രാര്‍ത്ഥനയില്‍നിന്ന് വിരമിച്ച് പള്ളിയിലിരിക്കുകയായിരുന്നു പ്രവാചകനും അനുചരരും.
‘താങ്കള്‍ ആയുധം താഴെവെച്ചോ, ദൈവദൂതരേ?’ ജിബ്‌റാഈല്‍ ചോദിച്ചു, ‘മാലാഖമാര്‍ ഇനിയും ആയുധമഴിച്ചുവെച്ചില്ല, ശത്രുവിനെ പിന്തുടരുന്നതിനിടയിലാണ് ഞാനിപ്പോള്‍ വന്നിരിക്കുന്നത്. തീര്‍ച്ചയായും, അല്ലാഹു അവന്റെ ശക്തിയാലും മഹിമയാലും താങ്കളോട് ബനൂകുറയ്ദക്കെതിരെ നീങ്ങാനാവശ്യപ്പെട്ടിരിക്കുന്നു. ഞാനിപ്പോള്‍തന്നെ, അവരുടെ ആത്മാക്കളെ കിടുകിടെ വിറപ്പിക്കാനായി പുറപ്പെടുകയാണ്.’ തല്‍സമയം പ്രവാചകന്‍ അനുയായികളെ വിളിച്ചുചേര്‍ത്ത് ജിബ്‌റാഈല്‍ വന്നണഞ്ഞതും സന്ദേശം കൈമാറിയതും അവരെ അറീച്ചു. ബനൂകുറയ്ദക്കാരുടെ പ്രദേശത്തെത്തിയല്ലാതെ ആരും സയാഹ്നപ്രാര്‍ത്ഥന നിര്‍വഹിക്കുരുതെന്ന് നബി ഉത്തരവായി.

മുസ്‌ലിംകള്‍ ബനൂകുറയ്ദയുടെ വാസസ്ഥലത്തേക്കു പുറപ്പെട്ടു, അലിക്കാണ് നേതൃത്വം. കിടങ്ങിനിപ്പുറം കുറയ്ഷികളെ നേരിടാന്‍കാത്തുനിന്ന അതേ മൂവായിരം പേര്‍ സൂര്യാസ്തമയത്തിനു മുമ്പായി, ബനൂകുറയ്ദയുടെ കോട്ടകള്‍ വളഞ്ഞു. കോട്ടകള്‍ ബനൂകുറയ്ദക്ക് സംരക്ഷണം നല്‍കി എന്നതു നേര്, എന്നാല്‍, അകത്തുനിന്ന് പുറത്തേക്കൊരാക്രമണം നടത്താന്‍പോന്ന തരത്തിലുള്ളതായിരുന്നില്ല അവയുടെ നിര്‍മിതിയും കിടപ്പും. സഖ്യകക്ഷികളുടെ പിന്‍വാങ്ങലിനുശേഷം പ്രദേശവും അങ്ങോട്ടുള്ള ഭക്ഷ്യവിഭവങ്ങളുടെ വിതരണവും മുസ്‌ലിംകളുടെ നിയന്ത്രണത്തിലാണുള്ളത്. അതുകൊണ്ടുതന്നെ, ബനൂകുറയ്ദ സാഹസത്തിനു മുതിരില്ല. അലിയുടെ നേതൃത്വത്തിലുള്ള സേന അവിടെയെത്തുമ്പോള്‍ ബനുന്നദീര്‍ ഗോത്രത്തലവന്‍, ഹുയയ്യ് ബിന്‍ അഖ്തബ് നെറികെട്ട ഭാഷയില്‍ പ്രവാചക ഭര്‍ത്സനം നടത്തുകയാണ്. അവിടത്തെ പരിശുദ്ധരായ ധര്‍മദാരങ്ങളുടെ അഭിമാനവും ഹുയയ്യ് പരസ്യമായി പിച്ചിച്ചീന്തി. അയാള്‍ക്കറിയാം, ബനൂകുറയ്ദയുടെ ഭാഗധേയമെന്തായാലും തനിക്ക് മുഹമ്മദ് മരണം വിധിക്കും. തന്റെ വിധിയിലേക്ക് ബനൂകുറയ്ദയെക്കൂടി പിടിച്ചിറക്കുകയാണയാളുടെ ലക്ഷ്യം. അപ്പോഴേക്കും പ്രവാചകന്‍ സ്ഥലത്തെത്തി. യഹൂദരുടെ പ്രദേശത്തേക്ക് പ്രവേശിക്കാനാഞ്ഞ നബിയെ അലി തടഞ്ഞു, ‘ഇപ്പോഴങ്ങോട്ടു പോകരുത്,’ അയാള്‍ പറഞ്ഞു. ‘എന്തുണ്ടായി? ഹുയയ്യ് എന്നെ ഭര്‍ത്സിക്കുന്നത് നിങ്ങള്‍ കേട്ടുവോ?’ നബി ചോദിച്ചു. ‘എന്നെ കണ്ടിരുന്നുവെങ്കില്‍ അങ്ങനെയൊന്നുമയാള്‍ പറയുമായിരുന്നില്ല.’ ഇതും പറഞ്ഞ് അദ്ദേഹം കോട്ടക്കുനേരെ നടന്നുകൊണ്ട് ഉറക്കെ വിളിച്ചുപറഞ്ഞു: ‘നിര്‍ഘൃണരേ, അല്ലാഹു നിങ്ങള്‍ക്ക് പതിത്വം നല്‍കിയില്ലേ? അവന്റെ ശിക്ഷ നിങ്ങളിലിറക്കിയില്ലേ?’ ഈ സമയത്തെല്ലാം ബനൂകുറയ്ദ പ്രദേശത്ത് വന്നുചേര്‍ന്നുകൊണ്ടിരുന്ന മുസ്‌ലിംകളോട് നബി ആഹ്വാനം ചെയ്തു: ‘ബനൂകുറയ്ദയെ ഉപരോധിക്കുക.’

ഇരുപത്തിയഞ്ച് രാവുകള്‍ ബനൂകുറയ്ദ ഉപരോധത്തിലമര്‍ന്നു. അതിജീവന പ്രതീക്ഷ മങ്ങിവന്നതോടെ, കൂടിയാലോചനക്കായി അബൂലുബാബയെ തങ്ങളുടെ കോട്ടയിലേക്കയച്ചുകൊടുക്കാനാവശ്യപ്പെട്ടുകൊണ്ട് പ്രവാചകനരികിലേക്കവര്‍ ദൂതനെ അയച്ചു. ബനൂകുറയ്ദക്കും ഔസിനുമിടയില്‍ ചിരകാല സഖ്യബന്ധമുണ്ട്. ഇരു ഗോത്രങ്ങള്‍ക്കുമിടയിലെ അടുപ്പത്തില്‍ പ്രധാന കണ്ണിയായിരുന്നു ഔസ് ഗോത്രജനായ അബൂലുബാബ. യഹൂദരുടെ നിര്‍ദേശം പ്രവാചകന് സമ്മതമായിരുന്നു.

കോട്ടവാതില്‍ കടന്നെത്തിയ അബൂലുബാബയെ, അടിമുടി ഭയന്നിരുന്ന സ്ത്രീകളുടെയും കുട്ടികളുടെയും കൂട്ടവിലാപങ്ങളാണ് വരവേറ്റത്. അവരുടെ ഭീതരൂപഭാവങ്ങള്‍ കണ്ടതോടെ, വഞ്ചകരായ ശത്രുക്കളോടുള്ള അബൂലുബാബയുടെ മനസ്സിലെ കാര്‍ക്കശ്യം ഒരളവോളം അലിഞ്ഞുപോയി. നേതാക്കളുമായി സംസാരിച്ചു, അവരിപ്പോള്‍ ഏതുതരമുള്ള ഒത്തുതീര്‍പ്പിനും തയ്യാറാണ്. ‘അബൂലുബാബ, ഞങ്ങള്‍ മുഹമ്മദിനു കീഴടങ്ങിയാലോ?’ കഅ്ബ് ബിന്‍ അസദ് ആരാഞ്ഞു. ‘അങ്ങനെയാകട്ടെ,’ അബൂലുബാബ തലകുലുക്കി, എന്നാല്‍ അതേസമയം, ‘കീഴടങ്ങലെന്നാല്‍, ഗളച്ഛേദം ചെയ്യപ്പെടുക എന്നാണര്‍ത്ഥം,’ അബൂലുബാബ തന്റെ കഴുത്തിനു കുറുകെ കൈപ്പത്തി പായിച്ചുകൊണ്ട് പറഞ്ഞു. വാക്കുകളിലൂടെ പ്രതിഫലിപ്പിച്ച സമ്മതത്തിനു നേര്‍വിപരീതമായിരുന്നു അബൂലുബാബയുടെ അംഗവിക്ഷേപം. അന്നേരമയാളങ്ങനെ പറഞ്ഞെങ്കിലും മനസ്സില്‍ വല്ലാത്തൊരു കുറ്റബോധം കിനിയാന്‍തുടങ്ങി. സ്വന്തം ഭാഗത്തുനിന്നുണ്ടായ വീഴ്ചയുടെ പേരില്‍ മുമ്പും അയാള്‍ കുറ്റബോധമനുഭവിച്ചിട്ടുണ്ട്. തന്റെ ഉടമസ്ഥതയിലുള്ള ഈന്തപ്പന ഒരനാഥക്ക് ദാനംചെയ്യണമെന്ന പ്രവാചകന്റെ നിര്‍ദേശം ചെവിക്കൊള്ളാത്തതിന്റെ പേരിലുള്ള ആ മനസ്താപം ഇന്നുമയാളെ വേട്ടയാടുന്നുണ്ട്. എന്റെ ചരണങ്ങള്‍ രണ്ടും ഒരടിയിനി മുമ്പോട്ടുനീങ്ങില്ല, നേരത്തെതന്നെ ഞാന്‍ പ്രവാചകനോട് കൂറില്ലായ്മ കാണിച്ചിട്ടുണ്ട്.’ തുടര്‍ന്നയാള്‍ മന്ത്രിച്ചു, ‘നാം അല്ലാഹുവിനുള്ളവരാണ്, അവനിലേക്കാണു നമ്മുടെ തിരിച്ചുപോക്കും.’
‘താങ്കള്‍ക്ക് അസുഖം വല്ലതുമുണ്ടോ?’ കഅ്ബ് ചോദിച്ചു. ‘ഞാന്‍ അല്ലാഹുവിനെയും അവന്റെ ദൂതരെയും വഞ്ചിച്ചിട്ടുണ്ട്,’ അബൂലുബാബ പറഞ്ഞു. ബനൂകുറയ്ദ നേതാവിന്റെ ഭവനത്തിന്റെ മട്ടുപ്പാവില്‍നിന്ന് താഴെക്കിറങ്ങുമ്പോള്‍, അയാളുടെ കൈവിരലുകള്‍ താടിരോമങ്ങളിലൂടെ സഞ്ചരിച്ചു, രോമങ്ങള്‍ മിഴിനീരില്‍ കുതിര്‍ന്നിരുന്നു. അങ്ങോട്ടു കയറിപ്പോയ വഴിയിലൂടെയല്ല അയാള്‍ തിരിച്ചിറങ്ങിയത്. അങ്ങനെ, തന്റെ തിരിച്ചുവരവിനെ ആകാംക്ഷാപൂര്‍വ്വം കാത്തിരിക്കുന്ന ഔസുകാരായ സ്വഗോത്രജരുമായുള്ള അഭിമുഖം അയാള്‍ ഒഴിവാക്കി, അവരെ നേരിടാനുള്ള മനസ്ഥൈര്യം അന്നേരമയാള്‍ക്കുണ്ടായിരുന്നില്ല. അതിനാല്‍ കോട്ടയുടെ പിന്‍വശത്തെ കവാടത്തിലൂടെ പുറത്തുകടന്ന് നഗരത്തിലേക്ക് പോയി. നേരെ പ്രവാചകന്റെ പള്ളിയിലെത്തി പശ്ചാത്താപവിവശനായി ദിവസങ്ങളോളം അവിടെ കഴിച്ചുകൂട്ടി.

‘മുഹമ്മദ് പ്രവാചകനാണെന്ന് കൂടുതല്‍ കൂടുതല്‍ ആളുകള്‍ വിശ്വസിച്ചുവരുന്നു, അതിനാല്‍ നമുക്ക് അയാളുടെ മതത്തില്‍ ചേരാം.’ അബൂലുബാബ തിരിച്ചുപോയതിനുശേഷമുള്ള അനിശ്ചിതത്വത്തില്‍, സ്വഗോത്രജരുമായുള്ള കൂടിയാലോചനക്കിടെ കഅ്ബ് ബിന്‍ അസദ് അഭിപ്രായപ്പെട്ടു. ‘അതിലൂടെ നമുക്ക് നമ്മുടെ ജീവന്റെയും സ്വത്തിന്റെയും സംരക്ഷണം ഉറപ്പുവരുത്താം.’
‘അങ്ങനെയെങ്കില്‍ ഞങ്ങള്‍ മരണം തിരഞ്ഞെടുക്കുന്നു. നമുക്ക് തോറയും മോശെയുടെ ന്യായപ്രമാണവുമല്ലാതെ മറ്റൊരു വേദവും നിയമവുമില്ല,’ അവര്‍ പറഞ്ഞു. തുടര്‍ന്ന് കഅ്ബ് മറ്റുചില നിര്‍ദേശങ്ങള്‍ മുമ്പോട്ടുവെച്ചു. അവയിലൊന്നുപോലും അനുയായികള്‍ക്കു സ്വീകാര്യമായിരുന്നില്ല, മുഹമ്മദ് നിരുപാധികം മാപ്പുനല്‍കുകയാണെങ്കിലായിക്കോട്ടെ എന്നാണവരുടെ പൊതുവെയുള്ള സമീപനം. ഉപരോധ കാലത്തിലുടനീളം സഹോദരഗോത്രമായ ബനൂഹദ്‌ലില്‍നിന്നുള്ള മൂന്ന് ചെറുപ്പക്കാര്‍ ബനൂകുറയ്ദയുടെ കോട്ടക്കകത്തുണ്ടായിരുന്നു. ചര്‍ച്ചകളിലെല്ലാം ശ്രോതാക്കളായിരുന്ന അവര്‍ ഇടക്കിടപെട്ടുകൊണ്ട് കഅ്ബ് മുന്നോട്ടുവെച്ച ആദ്യത്തെ നിര്‍ദേശം പരഗണിക്കാനവരോടാവശ്യപ്പെട്ടു. ബനൂകുറയ്ദയോടൊപ്പം വന്നുതാമസിക്കുന്ന ഷാമില്‍നിന്നുള്ള വയോധികനായ ഇബ്‌നുഹയ്യബാനെ തങ്ങളുടെ കുട്ടിക്കാലം മുതല്‍തന്നെ അവര്‍ക്കറിയാമായിരുന്നു. വരാനിരിക്കുന്ന പ്രവാചകനെക്കുറിച്ച് അയാള്‍ പറയാറുള്ള കാര്യങ്ങള്‍ അവര്‍ ഓര്‍മ്മിപ്പിച്ചു: ‘ആ പ്രവാചകന്റെ സമയം അടുത്തെത്തിയിരിക്കുന്നു. യഹൂദരേ, അദ്ദേഹത്തിലേക്കെത്തുന്ന ആദ്യത്തെ കൂട്ടര്‍ നിങ്ങളാവുക. അദ്ദേഹത്തില്‍നിന്ന് നിങ്ങളൊരിക്കലും മുഖംതിരിച്ചുകളയരുത്.’
എന്നാല്‍, ബനൂകുറയ്ദക്കാര്‍ ആ ചെറുപ്പക്കാര്‍ക്ക് ചെവികൊടുക്കാന്‍ തയ്യാറായില്ല. ‘ഞങ്ങളൊരിക്കലും തോറ കൈവിടുകയില്ല,’ എന്ന് ആവര്‍ത്തിച്ചുകൊണ്ടിരുന്നു. ഇനിയധികം അവിടെ നില്‍ക്കുന്നത് പന്തിയല്ല എന്ന് യുവാക്കള്‍ക്കുതോന്നി. രായ്ക്കുരാമാനം മൂന്ന് യുവാക്കളും ഇറങ്ങിനടന്ന് കോട്ടവാതില്‍ക്കലെ ഉപരോധകരോട്, തങ്ങള്‍ ഇസ്‌ലാം സ്വീകരിക്കാനാഗ്രഹിക്കുന്നുവെന്നറീച്ചു. അവര്‍ പ്രവാചകനോടുള്ള തങ്ങളുടെ കൂറ് പ്രഖ്യാപിക്കുകയും ചെയ്തു. ബനൂകുറയ്ദക്കാര്‍തന്നെയായ മറ്റു രണ്ടുപേരും ബനൂഹദ്‌ലിലെ ചെറുപ്പക്കാരുടെ പാത പിന്തുടര്‍ന്ന് ഇസ്‌ലാമിലെത്തി. അതിലൊരാള്‍, അംര്‍ ബിന്‍ സുആദ, തുടക്കം മുതല്‍തന്നെ ബനൂകുറയ്ദ പ്രവാചകനുമായുണ്ടാക്കിയ ഉടമ്പടി ലംഘിച്ചുകൂടെന്ന് പേര്‍ത്തുംപേര്‍ത്തും കഅ്ബടക്കമുള്ള നേതാക്കളോടാവശ്യപ്പെടുന്നുണ്ട്. താന്‍ ആ തീരുമാനത്തോടൊപ്പമുണ്ടാകില്ലെന്നും അയാള്‍ അവരെ യഥാസമയം അറീച്ചിട്ടുണ്ട്. ഇസ്‌ലാം സ്വീകരിക്കുന്നില്ലെങ്കില്‍ മുസ്‌ലിംകള്‍ക്ക് കപ്പംകൊടുക്കേണ്ടിവരുമെന്ന് അയാളവരോടു പറഞ്ഞു, അപ്പോഴവര്‍ മൗനികളായിരുന്നുവെങ്കിലും തീരുമാനം പിന്നീടറീച്ചു: ‘തലപോയാലും മുഹമ്മദിന് കപ്പംകൊടുക്കില്ല.’ അതോടെ അയാള്‍ കോട്ടവിട്ടിറങ്ങി, കാവല്‍ക്കാര്‍ക്കിടയിലൂടെ പ്രവാചകന്റെ പള്ളിയിലെത്തി ആ രാത്രി അവിടെ ചെലവഴിച്ചു. എന്നാല്‍, അതിനുശേഷം എന്തുണ്ടായി എന്നറിഞ്ഞുകൂടാ. പിന്നീടാരും അയാളെ കണ്ടിട്ടില്ല. എങ്ങോട്ടുപോയെന്നോ, എവിടെ മരണമടഞ്ഞെന്നോ ആര്‍ക്കുമറിഞ്ഞുകൂടാ. രിഫാഅ ബിന്‍ സമൗഇലായിരുന്നു മറ്റൊരാള്‍. കാവല്‍ക്കാരെ വെട്ടിച്ച് പ്രവാചകന്റെ ബന്ധു സല്‍മാ ബിന്‍ത് കയ്‌സിന്റെ വീട്ടില്‍ അഭയംതേടി. അവിടെവെച്ച് അയാള്‍ ഇസ്‌ലാം സ്വീകരിച്ചു.

അടുത്ത ദിവസം അബൂലുബാബയുടെ മുന്നറീപ്പിനെ അവഗണിച്ച് ബനൂകുറയ്ദ തങ്ങളുടെ കോട്ടവാതില്‍ തുറന്ന് പ്രവാചകന്റെ വിധിപ്രസ്താവത്തിനായി സ്വയം സമര്‍പ്പിച്ചു. കൈകള്‍ പിന്നിലേക്ക് ബന്ധിതരായി പുരുഷന്മാരെ പുറത്തേക്ക് കൊണ്ടുവന്ന് താവളത്തിനൊരു വശത്തായി മാറ്റിയിട്ടിരുന്ന തുറന്ന സ്ഥലത്തു നിര്‍ത്തി. എതിര്‍വശത്തുള്ള മറ്റൊരു സ്ഥലത്ത് സ്ത്രീകളെയും കുട്ടികളെയും നിര്‍ത്തി. ബനൂകുറയ്ദക്കാരുടെ മുന്‍ റബായി അബ്ദുല്ലാഹ് ബിന്‍ സല്ലാമിനെ അവരുടെ മേൽനോട്ടത്തിനുള്ള ചുമതലയേല്പിച്ചു. കോട്ടകള്‍ക്കുള്ളില്‍നിന്ന് ആയുധങ്ങളും പടച്ചട്ടകളും മറ്റു വീട്ടുപകരണങ്ങളും ശേഖരിച്ച് മറ്റൊരിടത്തും കൂട്ടിയിട്ടു. വീഞ്ഞിന്റെയും പുളിപ്പിച്ച ഈത്തപ്പഴച്ചാറിന്റെയും വീപ്പകള്‍ അവിടെവെച്ച് തുറക്കപ്പെടുകയും അവയുടെ ഉള്ളടക്കങ്ങള്‍ മണലില്‍ ഒഴുക്കിക്കളയുകയും ചെയ്തു.

മദീനയില്‍നിന്ന് പണ്ട് പുറത്താക്കപ്പെട്ട ബനൂകയ്‌നുകാഇനോട് നബി കാണിച്ച ദാക്ഷിണ്യം ബനൂകുറയ്ദയോടും കാണിക്കണെന്നഭ്യര്‍ത്ഥിച്ചുകൊണ്ട് ഔസ് ഗോത്രത്തിലെ നിവേദകസംഘങ്ങള്‍ നബിയെ ചെന്നുകണ്ടു. ‘അത് നിങ്ങളെ തൃപ്തരാക്കുമോ, ഔസ് ഗോത്രജരേ? നിങ്ങളിലൊരാള്‍ക്ക് അവര്‍ക്കുള്ള ശിക്ഷ വിധിക്കാമോ?’ നബി ചോദിച്ചു. അവര്‍ക്കു സമ്മതമായിരുന്നു. നബി അവരുടെ നേതാവ് സഅദ് ബിന്‍ മുആദിനെ വിളിച്ചുവരുത്തി. ഖന്ദകിലേറ്റ സഅദിന്റെ മുറിവ് ഉണങ്ങാന്‍ കൂട്ടാക്കുന്നുണ്ടായിരുന്നില്ല, നാള്‍ക്കുനാള്‍ സ്ഥിതി വഷളായിവരികയാണ്. പള്ളിക്കടുത്തുള്ളൊരു തമ്പില്‍ ചികിത്സയിലായിരുന്നു അക്കാലമയാള്‍. പ്രവാചകന് ഇടക്കിടെ തന്റെ പ്രിയങ്കരനായ അനുചരനെ സന്ദര്‍ശിക്കാനും അയാള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കാനുമുള്ള സൗകര്യത്തിനും പുറമെ, അസ്‌ലം ഗോത്രക്കാരിയായ റുഫയ്ദ എന്ന ആരോഗ്യപരിചാരകയുടെ ശ്രദ്ധ വേണ്ടുവോളം ലഭ്യമാക്കാനുമായിരുന്നു ആ തമ്പുവാസം. ഔസിലെ പ്രമുഖരെല്ലാംചേര്‍ന്ന് സഅദിനെ ചെന്നുകണ്ടു. ‘താങ്കളുടെ സഖ്യകക്ഷിയോട് ദാക്ഷിണ്യം കാണിക്കുക, താങ്കളെയാണ് തിരുദൂതര്‍ അവരുടെ കാര്യത്തില്‍ വിധികല്പിക്കാനായി തിരഞ്ഞെടുത്തിരിക്കുന്നത്. താങ്കളവരെ പരിലാളനയോടെ പരിഗണിക്കുമെന്നതിനാലാണ് താങ്കളെത്തന്നെ അദ്ദേഹം നിയോഗിച്ചത്,’ അനുയായികള്‍ സഅദിനോടു പറഞ്ഞു. എന്നാല്‍, സഅദ് നീതിയുടെ മാത്രമാളാണ്, മറ്റൊന്നിനോടും അയാള്‍ക്ക് തല്‍ക്കാലം പ്രതിബദ്ധതയില്ല. ബദ്‌റില്‍ പിടിക്കപ്പെട്ട ബന്ദികളെ വെറുതെ വിടരുതെന്നഭിപ്രായപ്പെട്ട ഉമറിന്റെ പക്ഷക്കാരനായിരുന്നു അയാള്‍. അന്ന് വെറുതെവിട്ടവര്‍തന്നെ ഉഹുദിലും, ഇപ്പോള്‍ ഖന്ദകിലും മുസ്‌ലിംകള്‍ക്കെതിരില്‍ യുദ്ധത്തിനെത്തി എന്നത് ആ തീരുമാനം തെറ്റായിരുന്നുവെന്നതിനു തെളിവാണെന്നു ചൂണ്ടിക്കാട്ടി ചരിത്രമാവര്‍ത്തിക്കരുതെന്ന് വിശ്വാസികള്‍ ആഗ്രഹിക്കുന്നുണ്ട്. ഖയ്ബറില്‍ വിപ്രവാസം നയിക്കുന്ന ബനുന്നദീറിന് മാപ്പുനല്‍കിയതിനുള്ള കൃതജ്ഞതയവര്‍ കാണിച്ചില്ല, ഏറ്റവും അവസാനമവര്‍ ഖന്ദകിലെത്തി പ്രവാചകനെതിരെയുള്ള സഖ്യസേനയില്‍ പങ്കെടുത്തു. തീര്‍ന്നില്ല, കുറയ്ഷികളടക്കമുള്ള സേനയിലെ ഗോത്രങ്ങളെ പ്രചോദിപ്പിച്ച് പോര്‍മുഖത്തെത്തിച്ചത് ബനുന്നദീറിന്റെ നായകന്‍ ഹുയയ്യ് ബിന്‍ അഖ്തബാണ്. ബനുന്നദീറുകാരെ അന്നുതന്നെ വധിച്ചുകളഞ്ഞിരുന്നുവെങ്കില്‍ ഇന്ന് സഖ്യസേനയുടെ വലിപ്പം പകുതിയായി കുറയുകയുമായിരുന്നുവെന്നും, മുസ്‌ലിംകള്‍ ഒരു പ്രതിസന്ധിയുടെ മുനമ്പില്‍ നില്‍ക്കുമ്പോള്‍ ബനൂകുറയ്ദക്കാര്‍ ഉടമ്പടി ലംഘിക്കാന്‍ ധൃഷ്ടരാകുമായിരുന്നില്ലെന്നും മദീനക്കാര്‍ വിശ്വസിക്കുന്നു. മുന്‍കാല അനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ മാപ്പുനല്‍കുന്നതിനെതിരെയുള്ള വാദങ്ങള്‍ക്കാണ് മുന്‍തൂക്കമുള്ളത്. എല്ലാത്തിനുമപ്പുറം, ബനൂകുറയ്ദയെ ഉടമ്പടീലംഘനത്തില്‍നിന്ന് പിന്തിരിപ്പിക്കാനായി പ്രവാചകന്റെ നിര്‍ദേശപ്രകാരം അവരുടെ വാസസ്ഥലത്തേക്ക് ദൂതുപോയ സംഘത്തില്‍ സഅ്ദ് അംഗമായിരുന്നു. അന്നയാള്‍ കണ്ടതാണ് ബനൂകുറയ്ദയുടെ ശാഠ്യവും അഹങ്കൃതിയും. മുസ്‌ലിംകളുടെ പരാജയം സുനിശ്ചിതമാണെന്നായിരുന്നു അന്നവര്‍ കരുതിയിരുന്നത്.

ബനൂകുറയ്ദക്കാര്‍ക്ക് കടുത്ത ശിക്ഷവിധിച്ചാല്‍ സഅദ് സ്വന്തം ഗോത്രക്കാരാല്‍ അധിക്ഷിപ്തനാകും. എന്നാല്‍ ആക്കത്തൂക്കങ്ങള്‍ പരിശോധിച്ച് വിലയിരുത്തുമ്പോള്‍ അവരുടെ അധിക്ഷേപം അയാള്‍ക്ക് പ്രശ്‌നമേ അല്ല, മുമ്പോട്ടുള്ള ഗതിയില്‍ ഇസ്‌ലാമിന് പ്രയാസം സൃഷ്ടിക്കുന്ന യാതൊന്നും തന്റെ ഭാഗത്തുനിന്ന് തല്‍ക്കാലമുണ്ടാകില്ല, കാരണം, ഈ ദുനിയാവിലെ തന്റെ ദിനങ്ങള്‍ എണ്ണപ്പെട്ടിരിക്കുന്നുവെന്ന് അയാള്‍ക്കുറപ്പായിരുന്നു. അല്ലാഹുവിനുവേണ്ടി മരിക്കുന്നതിനായുള്ള സഅദിന്റെ ദിവസം വന്നെത്തിയിരിക്കുന്നു, അതുകൊണ്ടുതന്നെ അധിക്ഷേപകന്റെ യാതൊരാക്ഷേപവും അയാള്‍ വകവെച്ചുകൊടുക്കാന്‍ പോകുന്നില്ല.
‘പടയാളികളെയെല്ലാം വധിക്കുക, സ്ത്രീകളെയും കുട്ടികളെയും ബന്ധനസ്ഥരാക്കുക, സ്വത്തുക്കള്‍ വീതംവെക്കുക.’ സഅദ് പതിഞ്ഞ സ്വരത്തില്‍ വിധിപ്രസ്താവം നടത്തി.

(ചരിത്രസംഭവങ്ങളുടെ ആസ്വാദനമാണിത്, ചരിത്രരേഖയല്ല.)

print

No comments yet.

Leave a comment

Your email address will not be published.