നബിചരിത്രത്തിന്റെ ഓരത്ത് -89

//നബിചരിത്രത്തിന്റെ ഓരത്ത് -89
//നബിചരിത്രത്തിന്റെ ഓരത്ത് -89
സർഗാത്മക രചനകൾ

നബിചരിത്രത്തിന്റെ ഓരത്ത് -89

ചരിത്രാസ്വാദനം

തിരിച്ചുപോക്ക്

‘അല്ലാഹുവേ, വേദമിറക്കിയവനേ, ക്ഷണനേരത്തില്‍ കണക്കു തീര്‍ക്കുന്നവനേ, സഖ്യസേനയെ പരാജപ്പെടുത്തേണമേ… അല്ലാഹുവേ, സഖ്യസേനയ്ക്ക് പരാജയമേല്പിക്ക നീ, അവരെ കിടുകിടാ വിറപ്പിക്ക നീ.’

പ്രവാചകന്റെ അണമുറിയാത്ത പ്രാര്‍ത്ഥന ഫലംകാണുകയായി, ശത്രു സൃഷ്ടിച്ച ഭയപ്പാടുകളും അനിശ്ചിതത്വങ്ങളും നീങ്ങിപ്പോവുകയായി. പൊടുന്നനെ, മദീനയുടെ അന്തരീക്ഷം അസാധാരണമാംവിധം തണുത്തു തണുത്തുവന്നു. ശൈത്യവും ഈര്‍പ്പവും ജനജീവിതത്തെ ദുസ്സഹമാക്കുംവിധം പെരുകിപ്പെരുകിവന്നു. ശൈത്യത്തിന്റെ സൂചിമുനകള്‍ അസ്ഥികളിലേക്കാഴ്ത്തിക്കൊണ്ട് ശക്തമായ കിഴക്കന്‍കാറ്റിന്റെ പ്രവാഹം ക്രമാതീതമാംവിധം ശക്തിപ്പെട്ടു. ആകാശച്ചെരുവുകളില്‍നിന്ന് പുകച്ചുരുളുകള്‍പോലെ പിരിഞ്ഞുകേറിയ മേഘജാലം മദീനക്കുമേല്‍വന്ന് ഉരുണ്ടുറുച്ചു. സൂര്യന്‍ കാര്‍മുകില്‍മറക്കുള്ളിലൊളിച്ചതോടെ അന്തരീക്ഷം മുറ്റിക്കറുത്തു. ഇരുളിലും തണുപ്പിലും ഞെരിഞ്ഞ മനുഷ്യരുടെ ജീവിതം അക്ഷരാര്‍ത്ഥത്തില്‍ മരവിച്ചു.

ശത്രുസേനയെ പരിഭ്രാന്തരാക്കി പൊടുന്നനെ മഴപെയ്യാന്‍ തുടങ്ങി, ‘തുള്ളിക്കൊരുകുടം’ കോരിച്ചൊരിഞ്ഞ മഴ തോരാതെ പെയ്തു; ആകാശമേലാപ്പിനു തുളവീണതുപോലെ. തുടര്‍ച്ചയായുണ്ടായ ഇടിയിലും മിന്നലിലും രംഗം സംഭ്രമസാന്ദ്രമായി. ഭടനജനം അഭയമന്വേഷിച്ച് പരക്കംപാഞ്ഞു. നേതാക്കള്‍ക്ക് പരസ്പരം കണ്ട് കൂടിയാലോചന നടത്താന്‍ പോലുമാകാത്തവിധം ഇരുട്ട് കാഴ്ചയുടെ ദൂരങ്ങളെ ചുരുക്കിക്കളഞ്ഞു. മേഘപ്പടര്‍പ്പില്‍ ഇരുണ്ടുകഴിഞ്ഞിരുന്ന മണല്‍മേടിനുമേല്‍ സ്ഥിതി കൂടുതല്‍ ബീഭത്സമാക്കിക്കൊണ്ട് രാവ് അതിന്റെ കരിമ്പടം വലിച്ചിട്ടു. മുറ്റിയ ഇരുളില്‍ ഏതു ദിക്കില്‍നിന്നാണെന്നു തിരിച്ചറിയാനാവാത്തവിധം കൊടുങ്കാറ്റിന്റെ കാതടപ്പിക്കുന്ന ഹുങ്കാരം ഉയര്‍ന്നുപൊങ്ങി. ഇരുളും ശൈത്യവും ചെയ്യാതെ ബാക്കിവച്ചത് അജ്ഞാതമായ ദിവ്യകരങ്ങള്‍ പൂര്‍ത്തിയാക്കുന്നുണ്ടായിരുന്നു. വട്ടത്തില്‍ ചുഴറ്റിയടിച്ച കാറ്റില്‍ പിടിച്ചുനില്‍ക്കാന്‍ ശത്രുതാവളത്തിലെ ഒരു തമ്പിനുപോലുമായില്ല; അവ പറന്നുപോവുകയോ, നിലംപൊത്തുകയോ, നിലംപൊത്തിയതിനു ശേഷം പറന്നുപോവുകയോ, മഴവെള്ളത്തില്‍ ഒലിച്ചുപോവുകയോ ചെയ്തിട്ടുണ്ട്. വെളിച്ചം വമിക്കുന്ന ഒരു ചെറുനാളംപോലും അവരുടെ താവളത്തില്‍ എരിയാന്‍ കാറ്റനുവദിക്കുന്നില്ല. ഭടന്മാന്‍ നിലത്തുകിടന്ന് വിറച്ചു, ചൂടിനുവേണ്ടി പരസ്പരം പുണര്‍ന്ന് മനുഷ്യക്കൂനകളായി. പരിഭ്രാന്തിയിലായ കുതിരകള്‍ എങ്ങോട്ടെന്നില്ലാതെ ഇരുളിന്റെ പ്രളയത്തിലൂടെ വട്ടത്തിലോടി. തമസ്സിന്റെ അനാദ്യന്തമായ പരപ്പ് മാത്രമായി മദീനക്കുചുറ്റുമുള്ള ഭൂഭാഗം മാറി.

നുഅയ്ം ബിന്‍ മസ്ഊദിന്റെ തന്ത്രം പ്രവര്‍ത്തിക്കുന്നതിനും കാലാവസ്ഥ രൗദ്രതാളം കണ്ടെത്തുന്നതിനും മുമ്പുതന്നെ സഖ്യസേനയുടെ കാലിടറിക്കഴിഞ്ഞിരുന്നു. മദീനയിലേക്ക് കടന്നുകേറാനായി പുറത്തെ മരുഭൂമിയില്‍ ഇരുപതിലധികം നാളുകളായി കാത്തുകെട്ടിക്കിടക്കുകയാണ് മഹാവ്യൂഹം. എന്നിട്ടും ലക്ഷ്യമിട്ടതൊന്നും നേടാനാകാത്ത ഹതാശ അര്‍ബുദംപോലെ അവരുടെ മനസ്സിനെ ഗ്രസിച്ചു. കുറയ്ഷികളുടെയും ഗത്ഫാന്‍കാരുടെയും ഭക്ഷണശേഖരം തീര്‍ന്നുതുടങ്ങി, കുടിനീര്‍ക്ഷാമം രൂക്ഷമായി, നിത്യമെന്നോണം അവരുടെ കുതിരകള്‍ വിശന്നും വിശിഖങ്ങളേറ്റും ജീവനറ്റുവീണു, ഒട്ടകങ്ങളും ചത്തുവീണു, ഗത്ഫാനെയും സഹഗോത്രങ്ങളെയും പിടികൂടിയ പരാങ്മുഖത കുറയ്ഷി നേതൃത്വത്തെ വല്ലാത്ത പ്രതിസന്ധിയിലാക്കി, അതിവേഗമത് പടയാളികളിലേക്കും പടര്‍ന്നുകയറിയിട്ടുണ്ട്. മുഹമ്മദിനോടും പുതിയ മതത്തോടുമുള്ള എതിര്‍പ്പല്ലല്ലോ സഖ്യത്തില്‍ ചേരാന്‍ അവരെ പ്രേരിപ്പിച്ച ഘടകം. പരസ്പരവിശ്വാസം ഇരുഭാഗത്തുനിന്നും അതിവേഗം ചോര്‍ന്നുകൊണ്ടിരുന്നു. ദൗത്യം ശരിക്കും പരാജയപ്പെട്ടിരിക്കുമ്പോഴാണ്, പൊടുന്നനെ ആകാശത്തുനിന്നുള്ള ഇടപെടലുണ്ടാകുന്നത്. കുര്‍ആന്‍ പറഞ്ഞില്ലേ, ‘വിശ്വാസിച്ചവരേ, നിങ്ങളിലേക്ക് സേനവരികയും, അവരുടെ നേരെ നാമപ്പോള്‍ കാറ്റും നിങ്ങള്‍ കാണാത്ത സേനയെയും അയച്ച നേരം ഓര്‍ക്കുക.’

മുസ്‌ലിം കൈനില, പ്രചണ്ഡവാതത്തിന്റെ താണ്ഡവത്തില്‍നിന്ന് മിക്കവാറും സുരക്ഷിതമായിരുന്നു. അവരുടെ തമ്പുകളെ കവച്ചുവച്ചാണ് കാറ്റു കടന്നുപോയത്. എങ്കിലും അതിന്റെ രൗദ്രത അന്തരീക്ഷത്തില്‍ തങ്ങിനിന്നു. എന്നാല്‍, ഉപരോധം അവരുടെ മനസ്സിലേക്ക് ഉലയൂതിവിട്ടിരുന്ന തളര്‍ച്ചയുടെ വേവിനെ അത് തുലോം കുറച്ചുകളഞ്ഞു, വന്യമായ തങ്ങളുടെ ഭാവനയിലെവിടെയും കടന്നുവരാതിരുന്ന ദിവ്യമായ ഇടപെടലിലൂടെ അവര്‍ സുരക്ഷിതരായിരിക്കുകയാണ്. രാവേറെച്ചെല്ലുന്നതുവരെ പ്രവാചകന്‍ പ്രാര്‍ത്ഥനയില്‍ മുഴുകി. കാലാവസ്ഥയുടെ പ്രക്ഷുബ്ധ താളത്തിനിടെ എന്തു സംഭവിക്കുന്നെന്നന്വേഷിക്കേണ്ട ബാധ്യത അദ്ദേഹത്തിനുണ്ട്, അതനുസരിച്ചുവേണം മുന്നോട്ടുള്ള പരിപാടികള്‍ വരച്ചിടാന്‍. അദ്ദേഹം തന്റെ തമ്പിനു തൊട്ടടുത്തുള്ള തമ്പുകളില്‍ തങ്ങിയിരുന്ന അനുചരരിലേക്കിറങ്ങിച്ചെന്നു.

നടന്നതെന്താണെന്ന് അന്നേരം അവിടെ സന്നിഹിതനായിരുന്ന ഹുദയ്ഫ ബിന്‍ യമാന്‍ പിന്നീട് വിശദീകരിക്കുന്നുണ്ട്: ‘ശത്രു സേനയ്‌ക്കെന്തു സംഭവിച്ചുവെന്ന് അന്വേഷിച്ചുവരാനായി നിങ്ങളുടെ കൂട്ടത്തിലാരുണ്ട്? അയാള്‍ സ്വര്‍ഗത്തില്‍ എന്റെ കൂട്ടുകാരനായിരിക്കും,’ അനുചരരെ പ്രചോദിപ്പിക്കുന്നതിനായി മൂന്നു തവണ ഇതേ വാചകം പ്രവാചകന്‍ ആവര്‍ത്തിച്ചു. എന്നാല്‍, ശീതക്കാറ്റിന്റെ രൗദ്രതയില്‍ തമ്പുവിട്ട് ആരും പുറത്തിറങ്ങിവന്നില്ല. ‘അന്നേരം ഞങ്ങളെല്ലാം അധീരരായിപ്പോയി,’ എന്ന് ഹുദയ്ഫ പറയുന്നു. ‘ശൈത്യവും പൈദാഹവും കാരണം സ്വന്തം കാലിലെഴുന്നേറ്റു നില്‍ക്കാന്‍പോലും ഞങ്ങളിലാര്‍ക്കും അന്നേരം ആവതുണ്ടായിരുന്നില്ല.’ അതോടെ നബി ഹുദയ്ഫയെ പേരുചൊല്ലി വിളിച്ചു. തിരുദൂതരുടെ നാവില്‍നിന്ന് തന്റെ പേരുയര്‍ന്നതോടെ എഴുന്നേറ്റുചെല്ലുകയല്ലാതെ ഹുദയ്ഫക്കു മുമ്പില്‍ ഗത്യന്തരമുണ്ടായിരുന്നില്ല. ‘നിങ്ങള്‍ പോവുക,’ പ്രവാചകന്‍ അയാളോട് പറഞ്ഞു, ‘ശത്രുസേനയെ നിരീക്ഷിച്ച് അവരിപ്പോള്‍ എന്തുചെയ്യുന്നുവെന്ന് നോക്കി തിരിച്ചുവരിക, എന്നാല്‍, അവരെ ഭയപ്പെടുത്തരുത്.’

പ്രവാചകന്റെ നിര്‍ദേശം ശിരസ്സാവഹിക്കാനായി ഹുദയ്ഫ തമ്പു വിട്ടുപോയി, കാറ്റും കോളും തിമര്‍ത്താടിയ ഘോരഘനാന്ധകാര രാത്രിയില്‍ അയാള്‍ പതുക്കെ അവര്‍ക്കിടയിലേക്ക് ചെന്നു. അല്ലാഹുവിന്റെ സൈന്യം ശത്രുസേനക്കുനേരെ ഘോരയുദ്ധത്തിലാണ്. ഹുദയ്ഫ ശത്രുതാവളത്തിലെത്തി. പാത്തും പതുങ്ങിയും അയാളെത്തിയ ഒരിടത്തുനിന്നു കേട്ട പതുക്കെയുള്ള ശബ്ദം അബൂസുഫ്‌യാന്റേതാണെന്നയാള്‍ക്കു മനസ്സിലായി. വിറകുകളില്‍ തീക്കൂട്ടി തണുപ്പകറ്റാനുള്ള ശ്രമങ്ങളിലായിരുന്നു അയാളപ്പോള്‍, മകന്‍ മുആവിയ കൂടെയുണ്ടായിരുന്നുവെന്ന് അവിടെ നടന്ന സംഭാഷണത്തില്‍നിന്ന് ഹുദയ്ഫ മനസ്സിലാക്കിയെടുത്തു. തീ കത്തിപ്പിടിക്കാന്‍ പക്ഷേ, കാറ്റനുവദിച്ചില്ല. ശ്രമങ്ങളെല്ലാം പരാജയപ്പെട്ട് തണുപ്പില്‍ വിറച്ചുവിറച്ച് വിറങ്ങലിച്ചിരിക്കുകയായിരുന്നു അയാളപ്പോള്‍. ഇരുള്‍മുറ്റി, തണുത്തു മരവിച്ച ആ രാത്രി അവസാനത്തോടടുക്കുകയായിരുന്നു. കാറ്റ് അല്പം ശമിച്ചിട്ടുണ്ട്. ഹുദയ്ഫ അബൂസുഫ്‌യാനെ ലക്ഷ്യമാക്കി വില്ലുകുലച്ചു, ഒരസ്ത്രപ്പാടിന്റെ ദൂരമേ ഇനി അബൂസുഫ്‌യാനും മരണത്തിനുമിടയിലുള്ളൂ എന്ന ഘട്ടത്തില്‍ പെട്ടെന്ന് അയാള്‍ക്ക് പ്രവാചകന്റെ വാക്കുകകള്‍ ഓര്‍മവന്നു, ‘അവരെ ഭയപ്പെടുത്തരുത്,’ അതോടെ അയാള്‍ അമ്പെടുത്ത് ആവനാഴിയില്‍തന്നെ തിരുകി. അന്നേരം, കട്ടപിടിച്ച ഇരുളില്‍ അടയിരുന്ന നിശ്ശബ്ദതയെ പിളര്‍ന്നുകൊണ്ട് അബൂസുഫ്‌യാന്‍ വിറച്ച ശബ്ദത്തിലാണെങ്കിലും ഉറക്കെ വിളിച്ചു പറഞ്ഞു, ‘കുറയ്ഷികളേ, നിങ്ങള്‍ക്ക് തങ്ങാന്‍ പറ്റിയ ഇടമല്ലിത്. നമ്മുടെ കുതിരകളും ഒട്ടകങ്ങളും ചത്തൊടുങ്ങിക്കൊണ്ടിരിക്കുന്നു, ബനൂകുറയ്ദ നമ്മെ കൈവിട്ടിരിക്കുന്നു. നമ്മെ ഒറ്റുകൊടുക്കണമെന്നാണ് അവരുടെ താല്പര്യമെന്ന് അറിവു ലഭിച്ചിരിക്കുന്നു. ഇപ്പോള്‍ നിങ്ങള്‍ സ്വന്തം കണ്ണാലെ കണ്ടതുപോലെ കാറ്റ് നമ്മെ ദുരന്തത്തിലകപ്പെടുത്തിയിരിക്കുന്നു. അതിനാല്‍ ഈ സ്ഥലം വിട്ടുപോവുക, ഞാനിതാ പോവുകയായി.’ ഇതും പറഞ്ഞ് കുറയ്ഷി നായകന്‍ തന്റെ ഒട്ടകത്തിനുനേരെ നടന്ന് അതിനു പുറത്തേറി, ചാട്ടവാര്‍കൊണ്ട് അതിനെ ഉത്സാഹിപ്പിച്ചു. സ്ഥലം കാലിയാക്കാനുള്ള തത്രപ്പാടിലയാള്‍ തന്റെ ഒട്ടകത്തിന്റെ കാല്‍വിലങ്ങഴിക്കാന്‍പോലും മറന്നിരുന്നു. മൂന്ന് കാലില്‍ നിന്നുകൊണ്ട് അത് പതുക്കെ അമറിയപ്പോള്‍ മാത്രമാണയാളുടെ ശ്രദ്ധയിലത് പതിഞ്ഞത്.
‘അബൂസുഫ്‌യാന്‍, താങ്കള്‍ ഈ ജനങ്ങളുടെ തലവനും നായകനുമാണ്,’ ഇക്‌രിമ പറഞ്ഞു, ഇത്ര പെട്ടെന്ന് താങ്കള്‍ ഞങ്ങളെ ഒഴിവാക്കുകയാണോ? ഈ ജനങ്ങളെയൊക്കെ ഇവിടെയിട്ട് താങ്കള്‍ പോവുകയോ?’ അപ്പോഴാണ് തന്റെ ചെയ്തിയില്‍ എഴുന്നുനില്‍ക്കുന്ന അനൗചിത്യവും ഭീരുത്വവും അബൂസുഫ്‌യാന് ബോധ്യമായത്, അയാള്‍ തന്റെ ഒട്ടകത്തെ ഒരിക്കല്‍കൂടി മുട്ടുകുത്തിച്ചു. കാറ്റില്‍ പുഴകിയ തമ്പുകളുടെ, ചവറുപോലെ ചിതറിക്കിടന്ന അവശേഷങ്ങള്‍ പെറുക്കിക്കൂട്ടാന്‍ പരിജനങ്ങള്‍ക്കു നിര്‍ദേശം നല്‍കി. മുഴുവന്‍ സൈനികരും യാത്ര തുടങ്ങുന്നതുവരെ അബൂസുഫ്‌യാന്‍ അവിടെതന്നെ നിലകൊണ്ടു, പിന്നീടാണയാള്‍ പുറപ്പെട്ടത്. അതിനിടെ അവശേഷിച്ച ഇരുന്നൂറ് കുതിരകളെയുമായി പിന്നില്‍ വരാന്‍ ഖാലിദിനെയും അംറിനെയും ചട്ടംകെട്ടി.
ഇടവേളയില്‍ ഖാലിദ് പറഞ്ഞു, ‘മുഹമ്മദ് പൊളി പറയുകയായിരുന്നില്ല എന്ന് ബോധമുള്ളവര്‍ക്കെല്ലാം ഇപ്പോള്‍ മനസ്സിലായിരിക്കുന്നു.’
‘ഇതു പറയാതിരിക്കാനുള്ള ഏറ്റവും വലിയ ബാധ്യത നിങ്ങള്‍ക്കായിരുന്നു ഖാലിദ്,’ അബൂസുഫ്‌യാന്‍ ഇടപെട്ടു. ‘അതെന്തേ?’ ഖാലിദ് ചോദിച്ചു.
‘കാരണം, മുഹമ്മദാണ് നിങ്ങളുടെ കുടുംബത്തിന്റെ അഭിമാനത്തെ ശകലീകരിച്ചു കളഞ്ഞത്, നിങ്ങളുടെ കുടുംബത്തിന്റെ നേതാവ് അബൂജഹ്‌ലിനെ ഗളച്ഛേദം ചെയ്തത്.’

കുറയ്ഷിസേന താവളംവിട്ടു. അപ്പോഴും ചെറിയ നിലയില്‍ കാറ്റു വീശുന്നുണ്ടായിരുന്നു. ഹുദയ്ഫ അവിടംവിട്ട് ഗത്ഫാന്‍ താവളത്തിലെത്തി, അവിടെ എന്താണ് നടക്കുന്നതെന്നറിയാന്‍. എന്നാല്‍, ഗത്ഫാന്‍ താവളം അപ്പോഴേക്കും വിജനമായിക്കഴിഞ്ഞിരുന്നു. കാറ്റ് അവരുടെ പ്രതിരോധത്തെ കശക്കിയെറിഞ്ഞിരുന്നുവെന്നത് നേര്, എന്നാല്‍, അതിനു മുമ്പുതന്നെ അവര്‍ നജ്ദിലേക്കുള്ള വഴിപിടിച്ചുകഴിഞ്ഞിരുന്നു. ഹുദയ്ഫ മുസ്‌ലിം താവളത്തില്‍ തിരിച്ചെത്തുമ്പോള്‍ രാവ് അതിന്റെ അവസാന യാമത്തിലേക്ക് പ്രവേശിച്ചുകഴിഞ്ഞിരുന്നു. കിഴക്കെ ചക്രവാളത്തില്‍ കതിര്‍മ പ്രത്യക്ഷപ്പെടാന്‍ ഇനിയധികമില്ല. പ്രവാചകന്‍ അപ്പോഴും പ്രാര്‍ത്ഥനയിലാണ്. അദ്ദേഹം കമ്പളംകൊണ്ട് ശരീരം പൊതിഞ്ഞിട്ടുണ്ട്. തന്റെ അരികിലേക്കിരിക്കാന്‍ ആംഗ്യത്തിലൂടെ ഹുദയ്ഫയോട് നബി നിര്‍ദേശിച്ചു. തള്ളപ്പക്ഷി കുഞ്ഞിനുമേല്‍ സംരക്ഷണത്തിന്റെ ചിറകു വിടര്‍ത്തുന്നതുപോലെ പുതപ്പിന്റെ ഒരറ്റം നബി ശിഷ്യനുമേല്‍ ഞാത്തിയിട്ടു. ദീര്‍ഘനേരം സുജൂദില്‍ കിടന്നു, അവസാനം സലാംവീട്ടി നമസ്‌കാരമവസാനിപ്പിച്ചപ്പോള്‍ ഹുദയ്ഫ ശത്രുപാളയത്തില്‍നിന്ന് താന്‍ കൊണ്ടുവന്ന വൃത്താന്തം ഒന്നൊഴിയാതെ അദ്ദേഹവുമായി പങ്കുവെച്ചു.

പ്രഭാത പ്രാര്‍ത്ഥനക്കായുള്ള ബിലാലിന്റെ ബാങ്കൊലി ഉയര്‍ന്നു. പ്രാര്‍ത്ഥന പൂര്‍ത്തിയായ നേരത്തെ ഉഷസ്സന്ധ്യയില്‍, കിടങ്ങിനപ്പുറത്ത് തികച്ചും ശൂന്യമായിക്കിടക്കുന്ന മണല്‍മേട് വിശ്വാസികള്‍ കണ്ടു. വീടുകളിലേക്കു തിരിച്ചുപോകാന്‍ പ്രവാചകന്‍ എല്ലാവര്‍ക്കും അനുമതി നല്‍കി. എത്ര വേഗത്തിലാണെന്നോ അവര്‍ തങ്ങളുടെ വീടുകളിലേക്ക് മടങ്ങിയത്! അതിനിടെ, ചില ആശങ്കകള്‍ മുസ്‌ലിംകളുടെ മനസ്സിലുടലെടുത്തു, ചാരന്മാരെ മദീനയിലവശേഷിപ്പിച്ചാകുമോ കുറയ്ഷ് സ്ഥലംവിട്ടിട്ടുണ്ടാവുക? ബനൂകുറയ്ദ എല്ലാം നിരീക്ഷിക്കുന്നുണ്ടായിരിക്കുമോ, കിടങ്ങിനരികില്‍ ഈ സമയം കാവലൊന്നുമില്ല എന്ന് വിവരംകൊടുത്ത് തിരികെ വരാനായി കുറയ്ഷികളെയവര്‍ പ്രോത്സാഹിപ്പിച്ചുകൂടായ്കയില്ല. പ്രവാചകന്‍ ജാബിറിനെയും ഉമറിന്റെ പുത്രന്‍ അബ്ദുല്ലയെയും വിട്ട് വീടുകളിലേക്കു പോയവരോടെല്ലാം ഉടന്‍ തിരിച്ചുവരാനാവശ്യപ്പെട്ടു. അവര്‍ ചെന്ന് നഗരവീഥികളിലൂടെ ഉറക്കെ വിളിച്ചുപറഞ്ഞു. എന്നാല്‍, ആരും വിളികേള്‍ക്കുകയുണ്ടായില്ല. യുവാക്കള്‍ തിരിച്ചുചെന്ന് തങ്ങളുടെ ദൗത്യം പരാജയപ്പെട്ട വിവരം നബിയെ അറീച്ചു. നബി പതുക്കെ ചിരിച്ചു; അല്ലാഹുവിന്റെ കൃപക്കുള്ള കൃതജ്ഞതയെന്നോണം ദീപ്തമായ മന്ദഹാസം. തുടര്‍ന്ന് അദ്ദേഹവും വീടിനെ ലക്ഷ്യമാക്കി നടന്നു. ‘അല്ലാഹുവിലും ഒടുവുനാളിലും പ്രതീക്ഷയുള്ളവര്‍ക്കും അല്ലാഹുവിനെ ധാരാളമായി സ്മരിക്കുന്നവര്‍ക്കും അല്ലാഹുവിന്റെ ദൂതനില്‍ ഉത്തമമായ മാതൃകയുണ്ട്,’ എന്ന് സഖ്യകക്ഷികളുമായി ബന്ധപ്പെട്ട അധ്യായത്തില്‍ കുര്‍ആന്‍ പറയുന്നുണ്ട്. ഇനിയൊരിക്കലും കുറയ്ഷ് മുസ്‌ലിംകള്‍ക്കെതിരില്‍ യുദ്ധത്തിനു തുനിയില്ലെന്ന് നബി അനുചരരോട് പറഞ്ഞു: ‘ഇനി അവര്‍ക്കുനേരെ നാം പരാക്രമം നടത്തും, അവര്‍ നമ്മോട് യുദ്ധം ചെയ്യാന്‍വരില്ല, നാം അവരുടെ അടുത്തേക്ക് കടന്നുചെല്ലും.’

വിശ്വസികളെയും കപടവിശ്വാസികളെയും, തക്കംകിട്ടിയാല്‍ ശത്രുപാളയം ചേരാന്‍ കാത്തിരിക്കുന്നവരെയും പകല്‍വെളിച്ചത്തില്‍ കാണിച്ചുകൊടുത്ത യുദ്ധമായിരുന്നു ഖന്ദക്. കുര്‍ആന്‍ അക്കാര്യം ഇങ്ങനെ വ്യക്തമാക്കി: ‘സത്യവിശ്വാസികളില്‍ ചിലരുണ്ട്, ഏതൊരു കാര്യത്തില്‍ അല്ലാഹുവോടവര്‍ ഉടമ്പടി ചെയ്തുവോ, അതിനോടവര്‍ പ്രതിബദ്ധത പുലര്‍ത്തി. ചിലര്‍ പ്രതിജ്ഞ നിറവേറ്റി, മറ്റുചിലര്‍ യാതൊരു മാറ്റവും വരുത്താതെ ഊഴം കാത്തിരിക്കുന്നു…’
‘അല്ലാഹുവും അവന്റെ ദൂതനും നമ്മോട് വാഗ്ദാനം ചെയ്തത് മായമാത്രമാണെന്ന് കപടവിശ്വാസികളും രോഗാതുരഹൃദയമുള്ളവരും പറഞ്ഞ സന്ദര്‍ഭം. ‘യസ്‌രിബുകാരേ, നിങ്ങള്‍ക്ക് നില്‍ക്കക്കള്ളിയില്ല, അതിനാല്‍ നിങ്ങള്‍ മടങ്ങിപ്പോവുക’ എന്ന് അവരിലൊരു വിഭാഗം പറഞ്ഞ നേരം. തങ്ങളുടെ വീടുകള്‍ ഭദ്രമല്ലെന്നുപറഞ്ഞ് അവരിലൊരു വിഭാഗം യുദ്ധരംഗം വിട്ടുപോകാന്‍ നബിയോടനുവാദം തേടുകയും ചെയ്യുന്നു. യഥാര്‍ത്ഥത്തില്‍ ഭദ്രതയില്ലാത്തതൊന്നുമല്ല, അവര്‍ ഓടിക്കളയാന്‍ ഉദ്ദേശിക്കുന്നുവെന്ന് മാത്രം.’

(ചരിത്രസംഭവങ്ങളുടെ ആസ്വാദനമാണിത്, ചരിത്രരേഖയല്ല.)

print

1 Comment

  • മാർട്ടിൻ ലിംഗ്സിൻ്റെ കോപ്പിയടിച്ച ആസ്വാദനം. വിവർത്തനമെന്ന് പറയുന്നതാണ് മാന്യത.

    Abdul Gafoor 17.01.2025

Leave a comment

Your email address will not be published.