നബിചരിത്രത്തിന്റെ ഓരത്ത് -87

//നബിചരിത്രത്തിന്റെ ഓരത്ത് -87
//നബിചരിത്രത്തിന്റെ ഓരത്ത് -87
സർഗാത്മക രചനകൾ

നബിചരിത്രത്തിന്റെ ഓരത്ത് -87

ചരിത്രാസ്വാദനം

ഭയം

‘ഇന്നു രാത്രിയോടെ ബനൂകുറയ്ദയുടെ കോട്ടക്കകത്തേക്ക് ആയിരം ഭടന്മാരെ അയക്കുക.’ കുറയ്ഷ്-ഗത്ഫാന്‍ സേനാനായകരെ ലക്ഷ്യമാക്കി ഹുയയ്യ് ബിന്‍ അഖത്ബിന്റെ ദൂതുപോയി. അവിടന്നങ്ങോട്ട് നഗര മധ്യത്തിലേക്ക് മുന്നേറി മദീനയിലെ സ്ത്രീകളെയും കുട്ടികളെയും പിടികൂടുകയാണ് ലക്ഷ്യം. നഗരത്തിനകത്തെ മുസ്‌ലിംകളുടെ ഒരുക്കങ്ങളെക്കുറിച്ച കൃത്യമായ വിവരമൊന്നും ലഭിക്കാത്തതിനാലാകാം, മദീനയിലേക്ക് കടന്നുകേറാന്‍ നിശ്ചയിച്ച സമയം ഒന്നിലധികം തവണ സഖ്യസേന മാറ്റിവച്ചു; പിന്നീടൊരിക്കലുമത് നടന്നതുമില്ല.

ഇനിയിപ്പോള്‍ കിടങ്ങിനരികെ സേനാംഗങ്ങളെ നിര്‍ത്തിയിട്ട് പ്രത്യേകിച്ച് കാര്യമൊന്നുമില്ലെന്ന് പ്രവാചകന്‍ കരുതി. അവിടെനിന്ന് ഭടന്മാരെ പിന്‍വലിച്ച് പകരം നഗരത്തിനുള്ളിലെ കാവല്‍ ശക്തിപ്പെടുത്തുകയാണ് പ്രായോഗികം. കാവല്‍ഭടന്മാരില്‍ നൂറുപേരെ നബി നഗരമധ്യത്തിലേക്ക് പറഞ്ഞയച്ചു. മദീനയിലേക്ക് കടന്നുകയറാനുള്ള ഹുയയ്യ് ബിന്‍ അഖ്തബിന്റെ സന്ദേശത്തെക്കുറിച്ച വാര്‍ത്ത ലഭിച്ച മാത്രയില്‍ നബി സെയ്ദ് ബിന്‍ ഹാരിസയുടെ നേതൃത്വത്തിലുള്ള മുന്നൂറംഗ അശ്വസേനയെ നഗരത്തെരുവുകളിലൂടെ റോന്തുചുറ്റാനായി നിയോഗിച്ചു. ഈ നീക്കത്തിലൂടെ നഗരം മുഴുവന്‍ തടിമിടുക്കുള്ള സൈനികരാല്‍ നിറഞ്ഞിരിക്കുകയാണെന്ന പ്രതീതി കാഴ്ചക്കാരനില്‍ സൃഷ്ടിക്കാനായി. ഇങ്ങനെയൊരു വിവരം ഹുയയ്യിനും ലഭിച്ചതിനാലാകണം അധിനിവേശ പദ്ധതിയില്‍നിന്നവര്‍ പിന്‍വാങ്ങിയത്.

മദീനയിലെ സൈനിക്കത്താവളത്തില്‍ കുതിരകളെ ആവശ്യമില്ല, അതേസമയം, കിടങ്ങിനുളള കാവലില്‍ വീഴ്ചയോ അശ്രദ്ധയോ ഉണ്ടായിക്കൂടാ, ഉത്തരവാദിത്വമേല്പിക്കപ്പെട്ടവരുടെ സാന്നിധ്യം പതിവു സമയത്തെക്കാള്‍ കൂടുതല്‍ അവിടെയുണ്ടായിരിക്കണമെന്ന് നബി തീരുമാനിച്ചത് അതുകൊണ്ടാണ്. നാളുകള്‍ കഴിയുന്തോറും നഗരവാസികളുടെ സ്ഥിതി ദുഷ്‌കരമായിക്കൊണ്ടിരുന്നു. മദീനയുടെ ഭാഗത്ത് ചില അയവുകള്‍ കാണുന്നുവെന്ന് തോന്നിയതിനാലാകണം, ഖാലിദും ഇക്‌രിമയും അവസരം പാര്‍ത്തിരിക്കുന്നുണ്ട്. ഇക്‌രിമിതന്നെയാണൊരു പഴുത് കണ്ടെത്തിയത്, കിടങ്ങിന്റെ ഏറെ വീതി കുറഞ്ഞ ഭാഗത്ത് അധികം കാവല്‍ഭടന്മാരില്ല. സാഹസികതയുടെ പാരമ്യതയിലയാള്‍, ഇതിനെക്കാൾ മികച്ചൊരവസരം ലഭിക്കാനില്ലെന്ന പ്രായോഗിക ചിന്തയില്‍, തന്റെ കുതിരയെ കിടങ്ങുചാടിച്ച് നൊടിയിടയില്‍ മദീനയുടെ ഭാഗത്തെത്തി. അയാളെ തുടര്‍ന്ന് മറ്റു മൂന്നുപേരുടെയും കുതിരകള്‍ കിടങ്ങുചാടി മറുഭാഗത്തെത്തി. നാലാമത്തെയാള്‍ ചാടിക്കടന്നതും അലി ബിന്‍ അബൂതാലിബന്റെ നേതൃത്വത്തിലുള്ള സംഘം ആ ഭാഗത്തെ കാവലിലെ പഴുതുകളടച്ച് ഭദ്രമാക്കി. ഇതോടെ കിടങ്ങ് കടന്നെത്തിയവര്‍ക്ക് തിരിച്ചുചാടി രക്ഷപ്പെടാന്‍ പറ്റാതായി. അവരിലൊരാള്‍, അംറ് ബിന്‍ വുദ്ദ്, തൊണ്ടവിറപ്പിച്ച് മുസ്‌ലിം സൈനികരെ നോക്കി ദ്വന്ദ്വയുദ്ധത്തിനു വെല്ലുവിളിച്ചതും അലി മുമ്പോട്ടുചെന്നു.
‘നിങ്ങളെപ്പൊലൊരാളെ വധിക്കാന്‍ എനിക്കു താല്പര്യമില്ല,’ അംറ് ഒഴിഞ്ഞുമാറി. ‘നിങ്ങളെ വധിക്കാന്‍ എനിക്ക് കൊതിയാവുന്നു,’ അലി വിട്ടില്ല. തോറ്റുപോകാതിരിക്കാനായി അംറും തന്റെ കുതിരപ്പുറത്തുനിന്നിറങ്ങി മുമ്പോട്ടുവന്നു. നഗ്നമായ ഖഡ്ഗങ്ങളുമായി ഇരുവരും നേര്‍ക്കുനേര്‍ നടന്നടുക്കവെ, കാഴ്ചയെ മറച്ചുകൊണ്ട് വീശിയ കാറ്റില്‍ മണ്‍ധൂളികള്‍ അന്തരീക്ഷത്തിലുയര്‍ന്നു. അംറ് കൊല്ലപ്പെട്ടിട്ടുണ്ടാകാം അല്ലെങ്കിലിപ്പോളയാള്‍ മരണത്തോട് മല്ലിട്ടുകൊണ്ടിരിക്കുകയാവാം, ‘അല്ലാഹു അക്ബര്‍’ എന്ന അലിയുടെ ഉറക്കെയുള്ള ശബ്ദത്തില്‍നിന്നവര്‍ ഊഹിച്ചു. ഇതിനിടെ, കാവലാളുകളുടെ ശ്രദ്ധ അംറിലേക്കു തിരിഞ്ഞ നേരം, ഇക്‌രിമയും കൂട്ടരും കുതിരകളെ തിരിച്ചുചാടിപ്പിച്ച് മറുകരപിടിച്ചു, പക്ഷേ, മഖ്‌സൂം ഗോത്രജനായ നൗഫലിന്റെ കുതിര ചുവടുപിഴച്ച് കിടങ്ങില്‍ വീണു. മദീനയുടെ കാവല്‍സേന ഓടിവന്ന് നടത്തിയ ശിലാവര്‍ഷം അയാളുടെ അനക്കംപോലും അസാധ്യമാക്കി. ‘അറബികളേ,’ ദയനീയ സ്വരത്തിലയാള്‍ വിളിച്ചുപറഞ്ഞു, ‘മരണമാണ് ഇതിനെക്കാള്‍ മെച്ചം.’ അവര്‍ കിടങ്ങിലേക്കിറങ്ങിച്ചെന്ന് അയാളെ വധിച്ചു. നൗഫലിന്റെ മരണത്തില്‍ നൂറൊട്ടകം പ്രായശ്ചിത്തമാവശ്യപ്പെട്ട് അബൂസുഫ്‌യാന്‍ നബിയെ സമീപിച്ചെങ്കിലും അദ്ദേഹമത് അവഗണിച്ചു.

കിടങ്ങു മുറിച്ചുകടക്കാനുള്ള ശ്രമം പരാജയപ്പെട്ടെങ്കിലും അതൊരു വിദൂരസാധ്യതയല്ലെന്ന് സഖ്യസേനക്ക് ബോധ്യമായതാണ് ഇക്‌രിമ നടത്തിയ സാഹസത്തിന്റെ നീക്കിബാക്കി. പിറ്റെദിവസം സൂര്യനുദിക്കുന്നതിനു മുമ്പുതന്നെ കിടങ്ങിന്റെ വ്യത്യസ്ത ഭാഗങ്ങളില്‍ അവര്‍ ആക്രമണം നടത്തി. ‘മനസ്ഥൈര്യത്തോടെ നിലയുറപ്പിക്കുക, എങ്കില്‍ സുദീര്‍ഘമായ കാവലിരിപ്പിന്റെ വിഷമങ്ങളൊക്കെ തുടക്കത്തിലുണ്ടാവുമെങ്കിലും അന്തിമ വിജയം വിശ്വാസികള്‍ക്കായിരിക്കും,’ പ്രവാചകന്‍ അനുചരര്‍ക്ക് മനോബലമേകി. ആ പകലില്‍ സഖ്യസേനയിലെ കുതിരക്കാര്‍ കിടങ്ങ് ചാടിക്കടക്കാനുള്ള ശ്രമങ്ങള്‍ ഇടക്കിടെ തുടര്‍ന്നുകൊണ്ടിരുന്നുവെങ്കിലും ഒരിക്കല്‍പോലും വിജയം കണ്ടില്ല. തലേന്നത്തെപ്പോലെ ശരവിക്ഷേപങ്ങളിലൊതുങ്ങി പോരാട്ടങ്ങള്‍. ഇങ്ങനെ അങ്ങോട്ടുമിങ്ങോട്ടുമുള്ള അമ്പെയ്ത്തിനിടയിലാണ് സഅദ് ബിന്‍ മുആദിന്റെ കൈക്ക് അമ്പേറ്റത്. തിരിച്ചാക്രമണത്തില്‍ കുറയ്ഷ്-ഗത്ഫാന്‍ സേനയുടെ നിരവധി കുതിരകള്‍ക്ക് മുറിവേറ്റു.

ഇതിനിടെ, മസ്‌ലിംകളുടെ ആത്മവിശ്വാസം ചോര്‍ത്തിക്കളയാനായി ബനൂകുറയ്ദക്കാരും മുനാഫികുകളും തന്ത്രങ്ങള്‍ പുറത്തെടുക്കുന്നുണ്ടായിരുന്നു. കുറയ്ദക്കാരായ ചിലര്‍ തങ്ങളുടെ പാര്‍പ്പിടങ്ങളില്‍നിന്ന് പുറത്തിറങ്ങി മുസ്‌ലിം ഭവനങ്ങളിലെത്തി അവരെ ഭയപ്പെടുത്താന്‍ തുടങ്ങി. അഹിതമായതൊന്നും സംഭവിക്കാതിരിക്കാനായി സ്ത്രീജനങ്ങളെയും കുഞ്ഞുങ്ങളെയും പ്രായമായവരെയുമെല്ലാം സുരക്ഷിതമായ കെട്ടിടങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചിരിക്കുകയാണ് മുസ്‌ലിംകള്‍. ഫാരിയിലുള്ള കവി ഹസ്സാന്‍ ബിന്‍ സാബിതിന്റെ കോട്ടയിലാണ് പ്രവാചകന്റെ പിതൃസഹോദരി സഫിയ്യ താമസിക്കുന്നത്. കോട്ടക്കുള്ളിലുള്ള ആളുകളില്‍ ഭയപ്പാടു സൃഷ്ടിക്കാനെന്നവണ്ണം ഒരു യഹൂദി യുവാവ് അതിനുമുമ്പിലൂടെ ഉലാത്തുന്നുണ്ട്. ഇതു ശ്രദ്ധയില്‍പെട്ട സഫിയ്യ പറഞ്ഞു, ‘നോക്കൂ ഹസ്സാന്‍, യഹൂദര്‍ നമ്മുടെ കോട്ടയെ വലംവെക്കുന്നത് നിങ്ങള്‍ കാണുന്നില്ലേ? നമ്മുടെ രഹസ്യങ്ങള്‍ ചോര്‍ത്തി സ്വന്തം താവളത്തിച്ചുകൊടുക്കാനുള്ള ദൗത്യത്തിലാണയാള്‍ എന്നു തോന്നുന്നു, ഇറങ്ങിച്ചെന്ന് അയാളെ വകവരുത്തൂ.’
‘അബ്ദുല്‍ മുത്തലിബിന്റെ പുത്രീ,’ ഹസ്സാൻ പറഞ്ഞു, ‘അല്ലാഹു നിങ്ങളോട് പൊറുക്കട്ടെ, എന്നെക്കൊണ്ടത് പറ്റില്ലെന്ന് നിങ്ങള്‍ക്കറിഞ്ഞുകൂടേ?’ ഇതോടെ, സഫിയ്യ ഇറങ്ങിച്ചെന്ന് ഒരു തടിക്കഷണമുപയോഗിച്ച് ചാരന് കൊടുത്ത പ്രഹരത്തില്‍, അയാള്‍ ജീവനറ്റ് വീണു. തിരിച്ചുവന്ന് ഹസ്സാനോട് സഫിയ പറഞ്ഞു, ‘ചെന്ന് അയാളുടെ പക്കലുള്ളതെല്ലാം പിടിച്ചെടുത്തുകൊണ്ട് വരൂ, പുരുഷ ശരീരം പരതാനുള്ള മടികൊണ്ടാണ്, ഇല്ലെങ്കില്‍ ഞാന്‍ തന്നെ ചെയ്യുമായിരുന്നു,’
‘അബ്ദുല്‍ മുത്തലിബിന്റെ പുത്രീ, അയാളുടെ ധനംകൊണ്ട് എനിക്കൊരാവശ്യവുമില്ല.’ കവി സഹജമായ നിസ്സംഗതയോടെ ഹസ്സാന്‍ പ്രതിവചിച്ചു.

രാത്രികാലത്ത് കിടങ്ങിനരികെ കാവല്‍ക്കാരുണ്ടാവില്ല എന്ന പ്രതീക്ഷയില്‍ ഏതാനും കുതിരപ്പടയാളികളെയുമായി കിടങ്ങിനരികിലെത്തിയതാണ് ഖാലിദ്. ഉസയ്ദിന്റെ നേതൃത്വത്തിലുള്ള അമ്പെയ്ത്തുകാര്‍ അവരെ കിടങ്ങിനെ സമീപിക്കാൻപോലും വിട്ടില്ല. പ്രയാസം നിറഞ്ഞ ആ കാലത്തെക്കുറിച്ചാണ് വിശുദ്ധ കുര്‍ആന്‍ പറഞ്ഞത്: ‘മുകളില്‍നിന്നും കീഴെനിന്നുമായി അവര്‍ നിങ്ങളുടെ അടുത്തെത്തിയ നേരം. ദൃഷ്ടികള്‍ തെന്നിപ്പോവുകയും ഹൃദയങ്ങള്‍ തൊണ്ടയിലെത്തുകയും അല്ലാഹുവിനെക്കുറിച്ച് നിങ്ങള്‍ പലതും ധരിച്ചപോയതുമായ ആ നേരം. അവിടെ വിശ്വാസികള്‍ പരീക്ഷിക്കപ്പെടുകയും കിടുകിടെ കുലുക്കപ്പെടുകയുമുണ്ടായി.’

എത്രദിവസം ഇങ്ങനെ തുടരാനാകുമെന്ന പ്രശ്‌നം പല ഭാഗത്തുനിന്നും ഉയര്‍ന്നുവന്നു. ഭക്ഷണം തീര്‍ന്നുകൊണ്ടിരിക്കുന്നു, രാത്രികാലത്തെ ശൈത്യം അസഹനീയമായി. എവിടെയും അനിശ്ചിതത്വങ്ങളുടെ പെരുക്കങ്ങള്‍ മാത്രം. സാഹചര്യം മുതലെടുത്ത് കപടവിശ്വാസികള്‍ ഭയാശങ്കകള്‍ വീടകങ്ങളിലേക്ക് കടത്തിവിട്ടുകൊണ്ടിരുന്നു. ഭയാവഹവും അപ്രതിരോധ്യവുമായൊരു സൈന്യത്തെ വെറുമൊരു കിടങ്ങ് കുഴിച്ച് നേരിടാന്‍ സാധ്യമല്ലെന്നും മുസ്‌ലിംകള്‍ നഗരത്തിനുള്ളിലേക്ക് പിന്‍വാങ്ങുകയാണ് അതിജീവനമാഗ്രഹിക്കുന്നുണ്ടെങ്കില്‍ ചെയ്യേണ്ടതെന്നും അവര്‍ പ്രചരിപ്പിച്ചു. വിശപ്പും ശൈത്യവും നിര്‍നിദ്രയും മൂലം അസ്വസ്ഥരും ചപലമതികളുമായിത്തീര്‍ന്ന ചില വിശ്വാസികള്‍ -രോഗഗ്രസ്തമായ ഹൃദയമുള്ളവര്‍ എന്നാണവരെ കുര്‍ആന്‍ വിളിക്കുന്നത്- കപടവിശ്വാസികളുടെ ആ പ്രചാരണം ഏറ്റെടുക്കുകയും ചെയ്തു. കുര്‍ആന്‍ ആ സന്ദര്‍ഭം ഇങ്ങനെ ഓര്‍മപ്പെടുത്തി: ‘അല്ലാഹുവും അവന്റെ ദൂതനും നമ്മോടു ചെയ്ത വാഗ്ദാനം മായമാത്രമാണെന്ന് കപടവിശ്വാസികളും തങ്ങളുടെ ഹൃയങ്ങളില്‍ രോഗമുള്ള ചിലരും പറഞ്ഞ സന്ദര്‍ഭം ഓര്‍ത്തുനോക്കുക. യസ്‌രിബുകാരേ, നിങ്ങള്‍ക്കിനി രക്ഷയില്ല, അതിനാല്‍ മടങ്ങിപ്പോകൂ എന്ന് അവരിലൊരു വിഭാഗം പറഞ്ഞ സന്ദര്‍ഭം. ഞങ്ങളുടെ ഭവനങ്ങള്‍ സുരക്ഷിതമല്ലെന്ന് പറഞ്ഞ്, യുദ്ധരംഗം വിട്ടുപോകാന്‍, നബിയോടനുവാദം ചോദിക്കുന്ന ഇനിയുമൊരു വിഭാഗം, സുരക്ഷിതമല്ലാത്തതൊന്നുമല്ല, അവര്‍ ഓടിപ്പോകാനാഗ്രഹിക്കുന്നുവെന്ന് മാത്രം.’

ചകിതരും ഭഗ്നാശരുമായ മദീനക്കാരില്‍ ചിലര്‍ പറഞ്ഞു, ‘കയ്‌സറിന്റെയും ഖുസ്‌റുവിന്റെയും ഖജനാവുകളായിരുന്നു മുഹമ്മദ് നമുക്ക് വാഗ്ദാനം ചെയ്തിരുന്നത്, എന്നാലിപ്പോള്‍ ഭയമന്യെ ഒന്ന് പുറത്തിറങ്ങാന്‍പോലും നമുക്കാകുന്നില്ല.’ കുറയ്ഷികളുടെയും ഗത്ഫാന്‍കാരുടെയും കൈകളിലിരുന്ന് മിന്നുന്ന ഖഡ്ഗങ്ങളില്‍ തങ്ങള്‍ക്കുനേരെ പാഞ്ഞടുക്കുന്ന മരണത്തിന്റെ പിണറുകളെയാണവര്‍ കണ്ടത്. വഞ്ചകരായ ബനൂകുറയ്ദയുടെ ഭവനങ്ങളില്‍ പതിയിരിക്കുന്ന മരണം അവരുടെ ഹൃദന്തങ്ങളില്‍ ഭീതി നിറച്ചിരിക്കുന്നു. ‘യഹൂദികള്‍ തുലയട്ടെ, അന്ന് ബനുന്നദീര്‍ ഗോത്രക്കാരെ, അവരുടെ സമ്പത്തുമായി മദീന വിട്ടുപോകാനനുവദിക്കുന്നതിനു പകരം മുഹമ്മദ് ചെയ്യേണ്ടിയിരുന്നത് അവരെ ഉന്മൂലനാശം വരുത്തുകയായിരുന്നു. മുസ്‌ലിംകള്‍ക്കെതിരെ പടനയിക്കാനായി അറബ് ഗോത്രങ്ങളെ സംഘടിപ്പിക്കാന്‍ ഹുയ്യയ്യിനെപ്പോലൊരാളെ വെറുതെവിടാന്‍ പാടുണ്ടായിരുന്നില്ല. അന്നങ്ങിനെ ചെയ്തതിന്റെ ഫലമായിതാ നാം ഘോരമായ ആപത്തിനെ അഭിമുഖീകരിക്കാന്‍ പോകുന്നു. സര്‍വ്വശക്തനായ അല്ലാഹുവിനല്ലാതെ നമ്മെ രക്ഷിക്കുക സാധ്യമല്ല.’ അവര്‍ തമ്മില്‍ തമ്മില്‍ പറഞ്ഞു.

എന്നാല്‍, പ്രതിസന്ധികളുടെ ചക്രവാതച്ചുഴിയിലും യഥാര്‍ത്ഥ വിശ്വാസികളുടെ ഹൃദയത്തിന്റെ കൂടുതല്‍ ആഴങ്ങളിലേക്ക് വേരുകള്‍ വിടര്‍ത്തിയിരിക്കുകയാണ് വിശ്വാസം. ശക്തരായ അറബ് ഗോത്രങ്ങളൊന്നടങ്കം, തങ്ങളെ നിര്‍മൂലനം ചെയ്യാനായി വന്നെത്തിയ വിഷമസന്ധിയില്‍ ഈ മുസ്‌ലിംകള്‍ പുറത്തെടുത്ത നിശ്ചഞ്ചലമായ ധര്‍മനിഷ്ഠയെ കുര്‍ആന്‍ പ്രശംസിക്കുന്നുണ്ട്: ‘സത്യവിശ്വാസികള്‍ സഖ്യസേനയെ കണ്ടപ്പോള്‍ പറഞ്ഞു, ഇതാണ് അല്ലാഹും അവന്റെ ദൂതനും നമുക്ക് വാഗ്ദാനം നല്‍കിയിട്ടുള്ളത്, അല്ലാഹും അവന്റെ ദൂതനും പറഞ്ഞത് സത്യമാണ്, അതവര്‍ക്ക് വിശ്വാസവും അര്‍പ്പണവും വര്‍ധിപ്പിക്കുക മാത്രമേ ചെയ്തുള്ളൂ.’ രണ്ടുമൂന്ന് വര്‍ഷം മുമ്പ് അവതീര്‍ണമായൊരു സൂക്തം പതിവായവര്‍ പാരായണം ചെയ്യാറുണ്ടല്ലോ: ‘മുമ്പ് കഴിഞ്ഞുപോയവര്‍ക്കുണ്ടായതുപോലുള്ള അനുഭവങ്ങള്‍ വന്നെത്താതെ സ്വര്‍ഗത്തില്‍ പ്രവേശിക്കാമെന്ന് നിങ്ങള്‍ കരുതുന്നുവോ? പ്രയാസങ്ങളും ദുരിതങ്ങളും അവരെ ബാധിക്കുകയുണ്ടായി, അല്ലാഹുവിന്റെ സഹായം എപ്പോഴാണ് വന്നെത്തുകയെന്ന് അവരിലെ ദൈവദൂതനും കൂടെ വിശ്വസിച്ചവരും ചോദിച്ചുപോകുന്നത്ര അവര്‍ വിറപ്പിക്കപ്പെടുകയും ചെയ്തു, എന്നാല്‍, അല്ലാഹുവിന്റെ സഹായം അടുത്തുതന്നെയുണ്ട്.’

തങ്ങളുടെ അന്ത്യം ഏതാണ്ട് സുനിശ്ചിതമാണെന്ന് അനുയായികളിലൊരു വിഭാഗം കരുതുന്നുവെന്നും നാലുപാടുനിന്നും അവരെ ഭയം പിടികൂടിയിരിക്കുകയാണെന്നും പ്രവാചകന്‍ മനസ്സിലാക്കിയിട്ടുണ്ട്. അതേസമയം, ശത്രുവിന്റെ നിലയും ഒട്ടും വ്യത്യസ്തമല്ലെന്നും ദിനംചെല്ലുന്തോറും കടുത്ത ശൈത്യത്തെ അതിജീവിച്ച് എത്രനാള്‍ പിടിച്ചുനില്‍ക്കാനാകുമെന്ന ആശങ്കയവരെ ഗ്രസിച്ചുകൊണ്ടിരിക്കുകയാണെന്നും തളര്‍ച്ച അവരെയും ബാധിച്ചിരിക്കുന്നുവെന്നും അദ്ദേഹത്തിനറിയാം. അനിശ്ചിതത്വത്തിനൊരറുതി വരണം, അതിനാല്‍, സഖ്യസേനയില്‍നിന്ന് പിന്‍വാങ്ങി തിരിച്ചുപോവുകില്‍ മദീനയിലെ ഈന്തപ്പനത്തോട്ടങ്ങളില്‍നിന്നുള്ള വിളവെടുപ്പിന്റെ മൂന്നിലൊന്ന് നല്‍കാമെന്നറീച്ചുകൊണ്ട് ഗത്ഫാന്‍സംഘത്തിന്റെ തലയാള്‍ ഉയയ്‌ന ബിന്‍ ഹിസ്‌നിന് നബിയുടെ ദൂതുപോയി. എന്നാല്‍, മൂന്നിലൊന്നുകൊണ്ടയാള്‍ തൃപ്തനല്ല എന്ന് പ്രവാചകനു ലഭിച്ച മറുകുറിയില്‍നിന്ന് വ്യക്തമായി, ‘മദീനയുടെ ഈത്തപ്പഴ വിളവെടുപ്പിന്റെ പകുതി ഞങ്ങള്‍ക്കു നല്‍കുക.’ – ഇതാണാവശ്യം. എന്നാല്‍, മൂന്നിലൊന്നിനെക്കാള്‍ കൂടുതല്‍ വാഗ്ദാനംചെയ്യാന്‍ പ്രവാചകന്‍ സന്നദ്ധനല്ല. വെറും വിലപേശല്‍ ശ്രമം മാത്രമായിരുന്നു ഉയയ്‌നയുടേതെന്ന് വൈകാതെ വ്യക്തമായി, മൂന്നിലൊന്നിന് ഗത്ഫാന്‍കാര്‍ പിന്മാറ്റത്തിന് സന്നദ്ധരായി. നബി ഉസ്മാനെ വിളിച്ചുവരുത്തി, വിശ്വാസികള്‍ക്കും ഗത്ഫാന്‍ ഗോത്രത്തിനുമിടയില്‍ ഒപ്പുവെക്കാനായി ഒത്തുതീര്‍പ്പു കരാറെഴുതിയുണ്ടാക്കാനാവശ്യപ്പെട്ടു. തുടര്‍ന്ന് ഔസ്, ഖസ്‌റജുകളിലെ ഇരു സഅദുമാരെയും തന്റെ തമ്പിലേക്ക് വിളിച്ചുവരുത്തി അവരോട് വിഷയമവതരിപ്പിച്ചു. അമ്പേറ്റ് മുറിഞ്ഞ കയ്യുമായി വേദന താങ്ങിയാണ് ഔസ് നേതാവ് സഅദ് ബിന്‍ മുആദിന്റെ വരവ്.
‘അല്ലാഹുവിന്റെ ദൂതരേ,’ തെല്ലിട നേരത്തെ ആലോചനയ്ക്കുശേഷം അയാള്‍ പറഞ്ഞു, ‘ഇങ്ങനെ ചെയ്യണമെന്ന് അങ്ങേക്ക് തോന്നിയതാണോ, അതോ അല്ലാഹുവിന്റെ നിര്‍ദ്ദേശമോ, അതുമല്ലെങ്കില്‍ ഞങ്ങള്‍ക്കുവേണ്ടി അങ്ങ് ചെയ്യുന്നതോ?’
‘നിങ്ങള്‍ക്കുവേണ്ടി ചെയ്യുന്നതാണ്,’ നബി പറഞ്ഞു, ‘ഞാനങ്ങനെ ചെയ്യില്ലായിരുന്നു, എന്നാല്‍, ഒറ്റ വില്ലില്‍നിന്ന് അറബികള്‍ നിങ്ങള്‍ക്കെതിരെ അമ്പെയ്തിരിക്കുന്നു, എല്ലാ ദിക്കില്‍നിന്നുമവര്‍ നിങ്ങള്‍ക്കുനേരെ ആക്രമണമഴിച്ചുവിട്ടിരിക്കുന്നു, അവരുടെ ആക്രമണത്തിന്റെ മൂര്‍ച്ച ഒരുപരിധിവരെ കുറയ്ക്കാമെന്ന് ഞാന്‍ കരുതി.’ അറബികള്‍ ഒറ്റക്കെട്ടായി ആക്രമണമഴിച്ചുവിട്ടതിനെയാണ് ഒറ്റവില്ലില്‍നിന്ന് എന്നതുകൊണ്ട് നബി ഉദ്ദേശിച്ചത്. പ്രവാചകന്റെ മറുപടി കേട്ട് സഅദുമാര്‍ ഇങ്ങനെ പ്രതിവചിച്ചു, ‘അല്ലാഹുവിന്റെ ദൂതരേ, ഞങ്ങളും ഇവരും അല്ലാഹുവിനെ വിട്ട് വിഗ്രഹങ്ങളെ ഉപാസിച്ചവരായിരുന്നു, അല്ലാഹുവിനെ ആരാധിക്കുന്നവരോ, അവനെ അറിഞ്ഞവരോ ആയിരുന്നില്ല ഞങ്ങള്‍. ഞങ്ങളുടെ അതിഥികളായെത്തുമ്പോഴോ, സാധനങ്ങളുടെ കൈമാറ്റത്താലോ അല്ലാതെ, ഒരുചുള ഈത്തപ്പഴം പോലും ഞങ്ങളുടേത് അവര്‍ ഭക്ഷിക്കുമായിരുന്നില്ല. ഇന്ന്, അല്ലാഹു ഞങ്ങള്‍ക്ക് ഇസ്‌ലാമിനെ നല്‍കി അങ്ങയിലൂടെ ഞങ്ങള്‍ നേര്‍വീഥി കണ്ടെത്തുകയും അതിലൂടെ ഞങ്ങളെ ശക്തരാക്കുകയും ചെയ്തിരിക്കുന്ന വേളയിലാണോ ഞങ്ങളുടെ ധനം അവര്‍ക്ക് നല്‍കേണ്ടത്? ഞങ്ങളവര്‍ക്ക് ഖഡ്ഗമല്ലാതെ ഒന്നും നല്‍കാന്‍ പോകുന്നില്ല. അല്ലാഹു ഞങ്ങള്‍ക്കിടയില്‍ വിധിനിര്‍ണയിക്കട്ടെ.’
‘എങ്കില്‍.. നിങ്ങളുടെ ഇഷ്ടംപോലെയാകട്ടെ,’ നബി പറഞ്ഞു. ഉസ്മാന്റെ കയ്യില്‍നിന്ന് എഴുത്തുകോലും ചര്‍മടവും പിടിച്ചുവാങ്ങി, എഴുതിയതത്രയും സഅദ് വെട്ടിക്കളഞ്ഞു, ‘ചെയ്യാവുന്നതിന്റെ പരമാവധി അവര്‍ ചെയ്തുകൊള്ളട്ടെ,’ അയാള്‍ അറുത്തുമുറിച്ചു പറഞ്ഞു.

(ചരിത്രസംഭവങ്ങളുടെ ആസ്വാദനമാണിത്, ചരിത്രരേഖയല്ല.)

print

No comments yet.

Leave a comment

Your email address will not be published.