ചരിത്രാസ്വാദനം
കിടങ്ങ്
കിടങ്ങു കീറുന്ന ജോലി മുമ്പോട്ടു നീങ്ങുന്ന മുറയ്ക്ക് കുമിഞ്ഞുകൂടിയ കല്ലും മണ്ണും കുട്ടകളിലും തലപ്പാവഴിച്ച് രൂപപരിണാമം വരുത്തിയ സഞ്ചികളിലും ചുമന്ന് വിശ്വാസികള്‍ -അക്കൂട്ടത്തില്‍ അബൂബക്‌റും ഉമറുമുണ്ടായിരുന്നു- കിടങ്ങിന്റെ മദീന ഭാഗത്ത് അങ്ങിങ്ങായി കൂനകളാക്കി നിക്ഷേപിച്ചു. ഈ കൂനകളുടെ മറവില്‍നിന്നുകൊണ്ടാണ് പിന്നീട് ഏറ്റുമുട്ടല്‍ വേളയില്‍ ഭടന്മാര്‍ ശത്രുസേനക്കു നേരെ ഒളിയമ്പെയ്തത്.
കിടങ്ങു നിര്‍മാണത്തിന്റെ ഒന്നാം നാളില്‍തന്നെ അതീവ താല്പര്യത്തോടെ ജോലിക്കായെത്തിയ ബാലന്മാരില്‍നിന്ന് ചിലരെ അവരുടെ തുച്ഛപ്രായവും ആരോഗ്യസ്ഥിതിയും മുന്‍നിര്‍ത്തി തിരിച്ചയച്ചു. ബാക്കിയുള്ളവരെ ശത്രുവിന്റെ മുന്‍നിര ദൃശ്യമായാലുടന്‍ വീട്ടില്‍പോകണമെന്ന നിബന്ധനയില്‍ അവര്‍ക്കാവുന്ന ജോലികളില്‍, മിക്കവാറും മണ്ണുചുമക്കുന്ന ജോലിതന്നെ, വ്യാപൃതരാകന്‍ അനുവദിച്ചു. അതേസമയം, തുച്ഛപ്രായത്തിന്റെ പേരില്‍ ഉഹുദില്‍നിന്ന് മുമ്പ് തിരിച്ചയക്കപ്പെട്ടിരുന്ന സെയ്ദിന്റെ പുത്രന്‍ ഉസാമയും ഉമറിന്റെ പുത്രന്‍ അബ്ദുല്ലയും അവരുടെ ഏതാനും കൂട്ടുകാരും പതിനഞ്ച് വയസ്സ് പൂര്‍ത്തിയായ കായമിടുക്കുള്ള ബാല്യക്കാരാണിന്ന്. അവര്‍ക്ക് കിടങ്ങു നിര്‍മാണത്തില്‍ പങ്കാളികളാകാം, യോദ്ധാക്കളായി യുദ്ധത്തില്‍ പങ്കെടുക്കുകയും ചെയ്യാം. പുതിയ അംഗീകാരത്തിന്റെ നിറവില്‍ യുവാക്കള്‍ അതീവ സംതൃപ്തരായി. അവരിലൊരാളായ ഹാരിസയുടെ മകന്‍ ബറാഅ്, നെഞ്ചിന്റെ ഭാഗത്ത് പൊടിപുരണ്ട നീളന്‍ കുപ്പായം അരയില്‍ തെറുത്തുകെട്ടി, തോളുവരെ ഞാന്നുകിടക്കുന്ന കേശഭാരവുമായി ജോലിയിലേര്‍പ്പെടുന്ന പ്രവാചകനെക്കണ്ട് ആവേശഭരിതനായി. പില്‍ക്കാല കഥാകഥനങ്ങളിലൊരിക്കല്‍ ഖന്ദക് നിര്‍മാണവേളയില്‍ താന്‍ സാക്ഷിയായ പ്രവാചകന്റെ ചുറുചുറുക്ക് ബറാഅ് വിശദീകരിക്കുന്നുണ്ട്: ‘അവിടത്തെക്കാള്‍ സുന്ദരനായൊരാളെ ഞാനെന്റെ ജീവിതത്തില്‍ കണ്ടിട്ടില്ല.’ അദ്ദേഹത്തിന്റെ സൗന്ദര്യവും ചുറുചുറുക്കും മാത്രമല്ല, ലാളിത്യമാര്‍ന്ന പ്രകൃതവും സര്‍വരാലും ശ്രദ്ധിക്കപ്പെട്ടിരുന്നുവല്ലോ. ഇപ്പോള്‍ ഇവിടെ മുഹാജിറുകളോടൊപ്പമാണെങ്കില്‍, തെല്ലിട കഴിഞ്ഞ് അപ്പുറത്ത് അന്‍സാറുകളോടൊപ്പം, ഈ നിമിഷം പിക്കാസുപയോഗിച്ച് കുഴിവെട്ടുന്നു, പിറ്റെനിമിഷം, കൈക്കോട്ടെടുത്ത് മണ്ണ് നീക്കുന്നു. അടുത്ത നിമിഷം മണ്ണ് കുട്ടയില്‍ നിറച്ച് ദൂരസ്ഥലത്ത് കൊണ്ടുപോയി നിക്ഷേപിക്കുന്നു; വിശ്വാസികളോടൊപ്പം അവരിലൊരാളായി അദ്ദേഹം ജോലി ചെയ്തു. അസാധാരണമായ ജോലികള്‍പോലും പ്രയാസമേതുമില്ലാതെ ചെയ്തുകൊണ്ടിരുന്നു. അനിതരസാധാരണമായ ഊര്‍ജവും ഉത്സാഹവുമാണ് ഖന്ദക് നിര്‍മാണ വേളയില്‍ തിരുദൂതനില്‍ പ്രകടമായത്. സമൂഹത്തിന്റെ നേതാവ് അവരിലെ സേവകനാണല്ലോ.
സഹായമാവശ്യമുള്ളവരെ പ്രവാചകന്‍ ചെന്ന് സഹായിച്ചു. ആര്‍ക്കും ഇളക്കി മാറ്റാന്‍ സാധിക്കാനാവാത്തവിധം വിലങ്ങിനിന്ന പാറക്കല്ലുകള്‍ അദ്ദേഹമെത്തി ദിവ്യപ്രോക്തമായ അറിവുകളാലും കരുത്തിനാലും നിഷ്പ്രയാസം നീക്കിക്കൊടുത്തു. അത്തരമൊരു സഹായമാണ് ഉമര്‍ നബിയോടാവശ്യപ്പെട്ടത്. തന്നാല്‍ കഴിയുന്നതെല്ലാം ചെയ്തുനോക്കിയിട്ടും പാറ തെല്ലും ഇളകുന്നില്ലത്രെ. അവസാനമയാള്‍ പ്രവാചകനെതന്നെ സമീപിച്ചു. നബിയെത്തി പിക്കാസ് കയ്യിലെടുത്ത് ദൈവനാമം ഉരുവിട്ട് ഒറ്റ വെട്ട്, ശിലാപ്രതലത്തില്‍ വിള്ളല്‍വീണ് ഒരു കഷണം അടര്‍ന്നു. ‘അല്ലാഹു അക്ബര്‍,’ അദ്ദേഹം പറഞ്ഞു, ‘ഷാം ദേശത്തിന്റെ താക്കോലുകള്‍ എനിക്ക് നല്‍കിയിരിക്കുന്നു, അല്ലാഹുവാണ, ഞാനിപ്പോഴവിടത്തെ അരുണാഭമായ ദുര്‍ഗങ്ങള്‍ ദര്‍ശിക്കുന്നു. ഒരിക്കല്‍കൂടി പിക്കാസുയര്‍ത്തി വെട്ടി. മറ്റൊരു കഷണം പാറ അടര്‍ന്നുപോന്നു. ‘അല്ലാഹു അക്ബര്‍,’ നബി വിളിച്ചുപറഞ്ഞു, ‘പേര്‍സ്യ എനിക്ക് നല്‍കിയിരിക്കുന്നു. മദാഇന്‍ ദേശത്തെ വെളുത്ത അരമനകള്‍ ഞാനിപ്പോള്‍ കാണുന്നു.’ ‘ബിസ്മില്ലാഹ്,’ എന്നുരുവിട്ട് മൂന്നാമതും നബി വെട്ടി. പാറയുടെ അവശേഷിക്കുന്ന കഷണവും അടര്‍ന്നു. ‘അല്ലാഹു അക്ബര്‍, യമന്‍ ദേശത്തിന്റെ താക്കോലുകളെനിക്ക് നല്‍കിയിരിക്കുന്നു.’ അദ്ദേഹം പറഞ്ഞു, ‘ഞാന്‍ നില്‍ക്കുന്ന സ്ഥലത്തുനിന്ന് സന്‍ആയുടെ കവാടങ്ങള്‍ എനിക്കിപ്പോള്‍ കാണാം.’
ഖന്ദക് ജോലിയിലേര്‍പ്പെട്ട വിശ്വാസികളില്‍ അധികപേര്‍ക്കും ഭക്ഷണം കഴിക്കാന്‍ കാര്യമായൊന്നുമുണ്ടായിരുന്നില്ല. അബൂതല്‍ഹ പറയുന്നുണ്ട്, വിശപ്പ് സഹിക്കാനാവാതെ വയറിനുമേല്‍ ഓരോ കല്ലുകെട്ടി ആമാശയത്തിലെ കത്തലിനവര്‍ തടയിടാന്‍ ശ്രമിച്ചു. പ്രവാചകനരികിലെത്തി ആളുന്ന ജഠരാഗ്നിയെക്കുറിച്ച് ആവലാതി ബോധിപ്പിക്കാനെന്നവണ്ണം അവരില്‍ ചിലര്‍ തങ്ങളുടെ കുപ്പായം മാറ്റി വയറിനു പുറത്തു ബന്ധിച്ച കല്ല് അദ്ദേഹത്തെ കാണിച്ചു, നബിയപ്പോള്‍ തന്റെ കുപ്പായം ഉയര്‍ത്തി. അവിടെ ഒന്നിനു പകരം രണ്ടു കല്ലുകളുണ്ടായിരുന്നു. ഒരു കൈക്കുടന്ന നിറയെ വാല്‍ക്കോതമ്പും കാറിയ എണ്ണയുമായിരുന്നു വിശപ്പടക്കാന്‍ അവര്‍ക്കു ലഭ്യമായിരുന്നത്.
കിടങ്ങുവെട്ടുന്ന സമയത്ത് പ്രവാചകന്റെ കൈക്ക് നടന്ന ധാരാളം ചമത്കാരങ്ങള്‍ക്ക് സഹാബികള്‍ സാക്ഷികളായി. ഒട്ടിയ വയറുമായി നില്‍ക്കുന്ന തിരുദൂതരെക്കാണാനിടയായ ജാബിര്‍ ബിന്‍ അബ്ദുല്ല വല്ലാതായി. നേരെ വീട്ടിലെത്തി എന്തെങ്കിലും ഭക്ഷണം പാകംചെയ്യാനാകുമോ എന്ന് വീട്ടുകാരിയോടാരാഞ്ഞു. ‘ഈ ആട്ടിന്‍കുട്ടിയല്ലാതെ ഇവിടെയൊന്നുമില്ലല്ലോ,’ വേദനയാര്‍ന്ന സ്വരത്തില്‍ അവള്‍ പറഞ്ഞു, ‘കുറച്ച് ഗോതമ്പുമുണ്ട്.’
ജാബിര്‍ ആട്ടിനെയറുക്കുകയും സഹധര്‍മിണി ഗോതമ്പുപയോഗിച്ച് റൊട്ടി ചുടുകയും ചെയ്തു. പകലറുതിയില്‍ ജോലി തുടരാനാകാത്തവിധം മദീനയ്ക്കുമേല്‍ ഇരുള്‍ പരന്നപ്പോള്‍ ജാബിര്‍ പ്രവാചകനടുത്തെത്തി, തയ്യാറായ ഭക്ഷണം കഴിക്കാനായി അദ്ദേഹത്തെ രഹസ്യമായി ക്ഷണിക്കുന്നു. നബിയെ മാത്രമാണ് ജാബിര്‍ ക്ഷണിച്ചത്, തയ്യാറാക്കിയ ഭക്ഷണം ഒരാള്‍ക്ക് കഴിക്കാന്‍ മാത്രമാണല്ലോ തികയുക. തിരുദൂതന് അക്കാര്യം മനസ്സിലായിക്കാണുമെന്നാണ് ജാബിര്‍ കരുതിയത്. എന്നാല്‍, തീര്‍ത്തും അപ്രതീക്ഷിതമായി അദ്ദേഹം, അനേകം അനുചരരുടെ കാതുകള്‍ക്ക് പിടിച്ചെടുക്കാവുന്നത്ര ഉച്ചത്തില്‍ വിളിച്ചുപറഞ്ഞു, ‘ജാബിറിന്റെ വീട്ടിലേക്ക് ദൈവദൂതനെ അനുഗമിക്കുക, ജാബിറിന്റെ ക്ഷണം സ്വീകരിക്കുക.’ ജാബിര്‍ പരിഭ്രമിച്ചു, അത്തരം സന്ദര്‍ഭങ്ങളില്‍ വിശ്വാസികള്‍ ചെയ്യാറുള്ളതുപോലെ, ‘നാമെല്ലാം അല്ലാഹുവിനുള്ളതല്ലൊ, അവനിലേക്കല്ലോ നമ്മുടെ മടക്കം,’ എന്ന് മന്ത്രിച്ചു. ജാബിര്‍ തിടുക്കപ്പെട്ട് വീട്ടിലെത്തി സഹധര്‍മിണിയെ വിവരമറീച്ചു.
‘നിങ്ങളാണോ അവരെയെല്ലാം ക്ഷണിച്ചത്, അതൊ, തിരുദൂതരോ?’ അവള്‍ ചോദിച്ചു.
‘അദ്ദേഹമാണ് ക്ഷണിച്ചത്,’ ജാബിര്‍ പറഞ്ഞു.
‘എങ്കിലവര്‍ വരട്ടെ, കാര്യങ്ങള്‍ അദ്ദേഹത്തിന് നന്നായറിയാം.’ പ്രിയപ്പെട്ടവളുടെ വാക്കുകളില്‍ ജാബിര്‍ ആശ്വസിച്ചു. ഭക്ഷണത്തളിക തിരുദൂതര്‍ക്കു മുമ്പില്‍ വച്ചു. അദ്ദേഹം ബിസ്മി ചൊല്ലി ഭക്ഷണം കഴിക്കാനാരംഭിച്ചു. പത്തുപേര്‍ ആദ്യം കഴിച്ചു, അവര്‍ക്കുശേഷം പുതിയ പത്തുപേര്‍, അങ്ങനെ ആയിരം പേര്‍ കഴിച്ചതിനു ശേഷവും മാംസവും റൊട്ടിയും പാത്രങ്ങളില്‍ ശേഷിച്ചിരുന്നു.
നുഅ്മാന്‍ ബിന്‍ ബഷീറിന്റെ സഹോദരി, പിതാവ് ബഷീറിനും അമ്മാവന്‍ അബ്ദുല്ലാഹ് ബിന്‍ റവാഹക്കും കൈമാറാനായി ഒരുപിടി ഈത്തപ്പഴവുമായി പ്രവാചകനരികിലെത്തി.
‘എന്താണ് മകളേ കയ്യില്‍?’ അദ്ദേഹം ചോദിച്ചു. ‘തിരുദൂതരേ, ഇത് എന്റെ ഉപ്പക്കും അമ്മാവനും കൊടുക്കാനായി വീട്ടില്‍നിന്ന് ഉമ്മ തന്നുവിട്ടതാണ്,’ അവള്‍ പറഞ്ഞു. നബിയത് തനിക്ക് കൈമാറാനാവശ്യപ്പെട്ടു. ഈത്തപ്പഴം മൊത്തം അവള്‍ അദ്ദേഹത്തിന്റെ പാണീതലത്തിലേക്ക് ചൊരിഞ്ഞു, ഒരു കൈക്കുമ്പിൾ നിറക്കാന്‍ പോലും അവള്‍ കൊണ്ടുവന്ന ഈത്തപ്പഴം തികയുമായിരുന്നില്ല. ഒരു തുണികൊണ്ടുവന്ന് നിലത്തു വിരിക്കാന്‍ നബി ആവശ്യപ്പെട്ടു. വിരിച്ച തുണിയുടെ നാലു മൂലയിലും എത്താവുന്ന വിധം കൈയ്യിലുള്ള ഈത്തപ്പഴം അദ്ദേഹം വിതറി. അവിടെ കൂടിയിരുന്നവരോട് അതില്‍നിന്ന് കഴിക്കാനാവശ്യപ്പെട്ടു. തുടര്‍ന്ന് കിടങ്ങു കീറുന്ന മുഴുവനാളുകളോടും അവിടെയെത്താനും ഭക്ഷണം കഴിക്കാനും നിര്‍ദ്ദേശിച്ചു. കഴിക്കുന്തോറും ഈത്തപ്പഴത്തിന്റെ അളവ് കൂടിക്കൂടി വന്നു. അനുചരരെല്ലാം കഴിച്ചതിനു ശേഷവും തുണിയുടെ അറ്റങ്ങൾ ഈത്തപ്പഴം നിറഞ്ഞുകിടന്നു.
പത്തുപേര്‍ ആറടി എന്ന തോതില്‍ ആറ് നാള്‍ക്കകം അത്യന്തം കഠിനമായിരുന്ന കിടങ്ങിന്റെ ജോലി ഏകദേശം പൂര്‍ത്തിയാക്കാന്‍ പ്രവാചകനും അനുചരര്‍ക്കും സാധിച്ചു. തുടര്‍ന്ന് ശത്രുക്കള്‍ കടന്നുവരാനിടയുള്ള കിടങ്ങിനോടു ചേര്‍ന്ന വഴികളിലെ വീടുകള്‍ തമ്മില്‍ ചുമര്‍ കെട്ടി ബന്ധിപ്പിച്ച് കോട്ടപോലെയാക്കി. മദീനയുടെയും പരിസരത്തെയും പാടങ്ങള്‍ പൂര്‍ണമായും പാകമാകുന്നതിനു മുമ്പേ കൊയ്‌തെടുക്കാന്‍ പ്രവാചകന്‍ മദീനാ നിവാസികള്‍ക്ക് നേരത്തെ നിര്‍ദ്ദേശം നല്‍കിയിരുന്നു. അതല്ലെങ്കില്‍ ശത്രുസേനയുടെ ഒട്ടകങ്ങള്‍ക്കും കുതിരകള്‍ക്കും മാസങ്ങളോളം മേയാനുള്ള വിഭവം അവിടെയവശേഷിക്കും.
ഉഹുദില്‍ വച്ച് മുസ്‌ലിംകളെ നേരിടാനാണ് കുറയ്ഷ് പദ്ധതിയിട്ടിരിക്കുന്നത്. രണ്ടു മൂന്നു വത്സരങ്ങള്‍ കടന്നുപോയെങ്കിലും ഇന്നും ഉഹുദിന്റെ ഓര്‍മകളെ ഓമനിച്ചുകൊണ്ടിരിക്കുകയാണ് മക്കയിലെ ആണും പെണ്ണും, ബാലനും വൃദ്ധനും. പുതുതായി രൂപപ്പെട്ട മഹാസഖ്യത്തിന്റെ ആള്‍ബലവും ആയുധാധിക്യവും നല്‍കിയ ആത്മവിശ്വാസത്തില്‍ അഭിരമിക്കുകയായിരുന്ന കുറയ്ഷ്. അതിനാല്‍തന്നെ, ഉഹുദിലെപ്പോലെ ഒറ്റ ദിവസംകൊണ്ട് വിജയം കൊയ്ത് സാഘോഷം തിരിച്ചുപോകാമെന്നാണവര്‍ പ്രതീക്ഷിക്കുന്നത്.
‘കുറയ്ഷ് അകീക് താഴ്‌വരയില്‍ പ്രവേശിക്കാനിരിക്കുകയാണത്രെ,’ മദീന ദിവസങ്ങളായി കാതോര്‍ത്തുനിന്ന വാര്‍ത്ത വന്നെത്തി. നഗരത്തിന്റെ തെക്ക് പടിഞ്ഞാറാണിപ്പോള്‍ സേനയുള്ളത്. ഗത്ഫാനടക്കമുള്ള നജ്ദി ഗോത്രങ്ങള്‍ കിഴക്കുനിന്ന് ഉഹുദിന്റെ ഭാഗത്തേക്ക് നീങ്ങിക്കൊണ്ടിരിക്കുന്നു. അവിടെയവര്‍ കുറയ്ഷി സേനയുമായി സന്ധിക്കും. മദീനയുടെ ബാഹ്യാതിര്‍ത്തിയിലുള്ള താമസക്കാരെയെല്ലാം കിടങ്ങിനാല്‍ സംരക്ഷിതമായ നഗരസീമക്കുള്ളിലേക്കു മാറ്റിപ്പാര്‍പ്പിക്കാന്‍ പ്രവാചകന്‍ നിര്‍ദ്ദേശം നല്‍കി. സ്ത്രീകളെയും കുട്ടികളെയും കോട്ടയായി സംരക്ഷിച്ചുനിര്‍ത്തിയ വീടുകളുടെ മുകള്‍നിലയിലെ മുറികളില്‍ താമസിപ്പിക്കാനും അദ്ദേഹം ഉത്തരവായി. തുടര്‍ന്ന്, മുവ്വായിരം വരുന്ന തന്റെ സൈനികരുമൊത്ത് സല്‍അ് കുന്നിനു മുകളിലേക്കു നീങ്ങി, അവിടെയായിരിക്കും അവരുടെ സൈനികത്താവളം. ശത്രുവിന്റെ നീക്കങ്ങള്‍ ഈ ഗിരിശീര്‍ഷത്തില്‍ നിലയുറപ്പിച്ചാല്‍ വീക്ഷിക്കാനാകും. അവിടെ തിരുദൂതര്‍ക്കുള്ള തമ്പൊരുങ്ങി. ആഇഷയും ഉമ്മു സലമയും സെയ്‌നബും ഊഴമിട്ട് അദ്ദേഹത്തോടൊപ്പം അവിടെ ചെലവഴിക്കും.
ഉഹുദില്‍നിന്ന് വളരെയകലെയല്ലാതെ വ്യത്യസ്ത താവളങ്ങളിലായി മക്കാസേന തമ്പുകളുയര്‍ത്തി. കൊയ്‌തൊഴിഞ്ഞ പാടങ്ങള്‍ കണ്ട് കുറയ്ഷ് ഭഗ്നാശരായി. തങ്ങളുടെ ഒട്ടകങ്ങള്‍ക്കിനി അകീക് താഴ്‌വാരത്തിലെ വേലമരത്തിന്റെ ഇലകളും മന്നച്ചെടികളും ചവച്ച് ജീവന്‍ നിലനിര്‍ത്തേണ്ടിവരും. കുതിരകളുടെ കാര്യമാണ് കഷ്ടം, അവയ്ക്കു ഭക്ഷിക്കാനായി സേന മക്കയില്‍നിന്ന് പുറപ്പെടുമ്പോള്‍ കൂടെക്കരുതിയ തീറ്റതന്നെ ആശ്രയിക്കേണ്ടിവരും, അതുതന്നെ ഗത്ഫാന്‍കാരുടെ കുതിരകളുമായി പങ്കുവെക്കുകയും വേണം. അതിനാല്‍ കഴിയുന്നത്ര വേഗത്തില്‍ ശത്രുവിന് താങ്ങാനാവാത്ത പരാജയമേല്പിച്ച് യുദ്ധമുതലുമായി തിരിച്ചുപോകണം. ഈ ലക്ഷ്യത്തോടെ ഇരട്ടസേന മദീനയ്ക്കുനേരെ നീങ്ങി. അബൂസുഫ്‌യാനാണ് സര്‍വ്വസേനാധിപന്‍. അതൊടൊപ്പം ഊഴമനുസരിച്ച് വ്യത്യസ്ത ഗോത്രങ്ങളിലെ നായകര്‍ക്ക് പല ദിവസങ്ങളിലായി സൈനിക നേതൃത്വം കയ്യാളാനുള്ള അവസരമുണ്ടായിരിക്കും. മക്കയുടെ കാലാള്‍പ്പടയെ ഖാലിദ് ബിന്‍ വലീദും ഇക്‌രിമ ബിന്‍ അബൂജഹ്‌ലും നയിക്കും. അംറ് ബിന്‍ ആസ്വ് ഖാലിദിന്റെ സേനയിലാണുള്ളത്.
നഗരത്തിനു പുറത്തുവച്ചുതന്നെ മദീനയുടെ മോഹഭഞ്ജകമായ ദൃശ്യം തെളിഞ്ഞതോടെ മക്കക്കാരുടെ ആത്മവിശ്വാസം ശരവേഗത്തില്‍ ചോര്‍ന്നുതുടങ്ങി. നഗരസീമയ്ക്കകത്ത് നിലയുറപ്പിച്ചിരിക്കുന്ന മുഹമ്മദും സൈന്യവും കോട്ടക്കുള്ളില്‍ സുരക്ഷിതരാണ്. നഗരാതിര്‍ത്തിക്ക് പുറത്ത് തങ്ങള്‍ക്കിനി എന്തു ചെയ്യാനാകും? അഭൂതപൂര്‍വ്വമായ എണ്ണപ്പെരുപ്പം പറഞ്ഞ് വൃഥാഭിമാനം കൊള്ളുകയോ? നഗരത്തോട് കൂടുതലടുത്തതോടെ അവരുടെ പേശികളഖിലം തളര്‍ന്നുപോയി. പട്ടണത്തിലേക്കുള്ള പ്രവേശനം അസാധ്യമാക്കി മുന്നിലതാ കിടക്കുന്നു വലിയൊരു കിടങ്ങ്! അതിനപ്പുറത്തെ മണ്‍കൂനകള്‍ക്ക് മുകളിലും പിന്നിലുമൊക്കെയായി അമ്പും വില്ലുമേന്തിയ സൈനികര്‍ ശരപ്രയോഗത്തിന് സന്നദ്ധരായി നില്‍ക്കുന്നു. അറുനൂറോളം വരുന്ന തങ്ങളുടെ കുതിരകള്‍ക്ക് കിടങ്ങിനെ സമീപിക്കാന്‍ പോലുമാകില്ല, പിന്നെയല്ലേ അത് ചാടിക്കടക്കുക! അമ്പരപ്പില്‍നിന്ന് അവരെ ഉണര്‍ത്തിയത് ഇടതടവില്ലാതെ തങ്ങളുടെ സൈനികരുടെ നടുവിലിറങ്ങിയ ശരമാരിയാണ്. ഇപ്പോള്‍തന്നെ ശത്രുവിന്റെ ആക്രമണപരിധിയിലാണെന്ന് മനസ്സിലാക്കിയ കുറയ്ഷ് സുരക്ഷിതമായ അകലത്തിലേക്ക് തല്‍ക്കാലം പിന്‍വാങ്ങി.
‘ഇതു ചതിയാണ്, അറബികള്‍ക്ക് പരിചയമില്ലാത്ത പുതിയതരം യുദ്ധതന്ത്രം പുറത്തെടുക്കുന്നത് തികഞ്ഞ ഭീരുത്വമാണ്,’ നിരാശയുടെ പാരമ്യത്തില്‍ സല്‍അ് ഗിരിശീര്‍ഷത്തിലേക്ക് നോക്കി അവര്‍ വിളിച്ചുപറഞ്ഞു. കൂനിന്മേല്‍ പെരുങ്കുരു തീര്‍ത്തുകൊണ്ട് കാലാവസ്ഥയും അവര്‍ക്കെതിരെയുള്ള സഖ്യത്തില്‍ ചേര്‍ന്നിരിക്കുന്നു! ശരീരത്തിലെ മാംസം മരവിപ്പിക്കുന്ന കഠിന ശൈത്യത്തെ ചെറുത്ത്, ഹിമകണങ്ങള്‍ പൊഴിക്കുന്ന ആകാശമല്ലാതെ തലയ്ക്കു മുകളില്‍ മറ്റൊരു മേല്‍ക്കൂരയില്ലാത്ത മരുഭൂമിയുടെ തുറസ്സില്‍ എത്രദിനം പിടിച്ചുനില്‍ക്കാനാകുമെന്നവര്‍ ഉള്‍ക്കിടിലത്തോടെ ആലോചിച്ചു. ‘മുഹമ്മദ്, ഇത് ഭീരുത്വമാണ്,’ കൈത്തലംകൊണ്ട് ചുണ്ടുകള്‍ക്ക് ചുറ്റും കുമ്പിള്‍ തീര്‍ത്ത് തൊണ്ടപൊട്ടിച്ച് സല്‍അ് കുന്നിലേക്ക് തിരിഞ്ഞ് അവര്‍ വിളിച്ചുപറഞ്ഞു. അവര്‍ക്കറിയാം, ചൂളം കുത്തിയൊഴുകിയെത്തുന്ന മരുക്കാറ്റിനെതിരെ ആ ശബ്ദം എവിടെയുമെത്താന്‍ പോകുന്നില്ല. ഖയ്ബറിലെ ഈന്തപ്പനത്തോപ്പുകളില്‍നിന്നുള്ള ഒരു വര്‍ഷത്തെ വരുമാനം മുഴുവന്‍ വാഗ്ദാനം ചെയ്ത് ബനുന്നദീര്‍ കൂടെക്കൂട്ടിയ ഗത്ഫാന്‍കാര്‍ ശൈത്യത്തിന്റെ ശത്രുതയില്‍ തോപ്പും വരുമാനവുമെല്ലാം മറന്നേപോയി. കിടങ്ങും തണുപ്പും മദീനയിലെ അവശേഷിക്കുന്ന യഹൂദഗോത്രം, ബനൂകുറയ്ദ, മുസ്‌ലിംകള്‍ക്ക് നല്‍കുന്ന കലവറയില്ലാത്ത സഹായവും കൂടാതെ, പെയ്യാനൊരുങ്ങിനില്‍ക്കുന്ന കരിങ്കാറുകളും ക്ഷിപ്രജയം പ്രതീക്ഷിച്ചെത്തിയ മക്കാ സൈനികരെ നിരാശയുടെ പുതിയ താഴ്ചയിലേക്ക് വലിച്ചിറക്കി. ഭയം അവരെ വരിഞ്ഞു. മരുഭൂമിയിലെ ചെറുശബ്ദം പോലും അവരുടെ മനസ്സില്‍ പെരുമ്പറയായി വിവര്‍ത്തനം ചെയ്യപ്പെട്ടു. എന്തെങ്കിലും ചെയ്‌തേ പറ്റൂ. മഹാസഖ്യത്തിന്റെ തന്ത്രശാലിയായ നേതാവ് അബൂസുഫ്‌യാന്റെയും ബനുന്നദീറിന്റെ പ്രാജ്ഞനായ തലയാള്‍ ഹുയയ്യ് ബിന്‍ അഖ്തബിന്റയും തലക്കകത്ത് എന്തെങ്കിലും ഉപായങ്ങള്‍ തെളിഞ്ഞുവരാതിരിക്കില്ല.
(ചരിത്ര സംഭവങ്ങളുടെ ആസ്വാദനമാണിത്, ചരിത്രരേഖയല്ല.)
No comments yet.