നബിചരിത്രത്തിന്റെ ഓരത്ത് -84

//നബിചരിത്രത്തിന്റെ ഓരത്ത് -84
//നബിചരിത്രത്തിന്റെ ഓരത്ത് -84
സർഗാത്മക രചനകൾ

നബിചരിത്രത്തിന്റെ ഓരത്ത് -84

ചരിത്രാസ്വാദനം

സഖ്യസേന

ഹിജ്‌റയ്ക്കുശേഷമുള്ള അഞ്ചാമാണ്ടിന്റെ അറുതിയിലാണത്. ഖൈബറില്‍ വിപ്രവാസത്തിലായിരുന്ന ബനൂന്നദീര്‍ ഗോത്രം മദീനയിലെ തങ്ങളുടെ നഷ്ടപ്പെട്ട നിലം ഏതുവിധേനയും തിരിച്ചെടുക്കണമെന്ന ദൃഢനിശ്ചയത്തിലാണ്. മുസ്‌ലിംകളോടുള്ള പകയുടെ കനല്‍ നീറിയെരിയുന്ന നെരിപ്പോടുകളായിരുന്നു ബനൂന്നദീറിലെ ഓരോ അംഗത്തിന്റെയും ഉള്ളകം. തെക്ക് കുറയ്ഷും ഹുദയ്ല്‍ അടക്കമുള്ള അനുബന്ധ ഗോത്രങ്ങളും, വടക്ക് ഗത്ഫാന്‍, ഷാം ദേശത്തിനു ചുറ്റുമായി താമസമുറപ്പിച്ച മറ്റു ഗോത്രങ്ങള്‍ എല്ലാം, പൊയ്‌പോയ തങ്ങളുടെ ഭൂതകാലം തിരികെപ്പിടിക്കുന്നതിനായി മുസ്‌ലിംകള്‍ക്കു നേരെയുള്ള ആക്രമണത്തിന് അവസരം പാര്‍ത്തിരിക്കുകയാണ്.

അറബികള്‍ക്കു പരിചയമില്ലാത്ത പുതുവിശ്വാസം മുമ്പോട്ടുവച്ചതിന്റെ പേരില്‍, നിസ്വരും നിഷ്‌കാസിതരുമായ ഒരുകൂട്ടം അനുയായികളുമായി മക്ക വിട്ട്, കേവലം അഞ്ചു വര്‍ഷത്തിനുള്ളില്‍ അമ്പരപ്പിക്കുന്ന പ്രവേഗത്തോടെ അറേബ്യയിലെ ഉഗ്രപ്രതാപികളുടെ കുഞ്ചിപിടിച്ച് വിറപ്പിക്കാന്‍ പോന്ന ബലശാലിയായിക്കഴിഞ്ഞിരിക്കുന്ന മുഹമ്മദിനു മേലുള്ള അന്തിമവും നിര്‍ണായകവുമായ ഒരാക്രമണത്തിനായി കുറയ്ഷ് സന്നാഹങ്ങള്‍ ശേഖരിക്കുന്നതിനെക്കുറിച്ച് ലഭിച്ചുകൊണ്ടിരിക്കുന്ന വാര്‍ത്തകളില്‍ ബനുന്നദീറിന്റെ പ്രതീക്ഷ ഉണര്‍ന്നിരിക്കുകയാണ്. തങ്ങളുടെ മനംകുളിര്‍പ്പിച്ച് വന്നുകൊണ്ടിരിക്കുന്ന വിവരങ്ങളുടെ നിജസ്ഥിതി നേരിട്ടു മനസ്സിലാക്കുന്നതിനും കൂടുതല്‍ കൂടിയാലോചനയ്ക്കുമായി ഹുയയ്യ് ബിന്‍ അഖ്തബിന്റെ നേതൃത്വത്തിലുള്ള ബനുന്നദീര്‍ യഹൂദരുടെ സംഘം ഖയ്ബറില്‍നിന്ന് മക്കയിലെത്തി. ഹുയയ്യിനെക്കൂടാതെ സലാം ബിന്‍ അബൂഹുകയ്ക്, കിനാന ബിന്‍ അബൂഹുകയ്ക് തുടങ്ങിയ പ്രമുഖരും സംഘത്തിലുണ്ട്.
‘നിങ്ങളുടെ ഗോത്രത്തില്‍നിന്നുള്ള പുതുവിവരങ്ങളെന്തൊക്കെയാണ്?’ ഹിജാസിന്റെ വടക്കു ഭാഗത്ത് തങ്ങള്‍ക്ക് നൂറു ശതമാനം വിശ്വസിക്കാം എന്നുറപ്പുള്ള സംഘത്തെ സ്വീകരിച്ചുകൊണ്ട് അബൂസുഫ്‌യാന്‍ ചോദിച്ചു.

‘ഖയ്ബറിനും യസ്‌രിബിനുമിടയില്‍ നിര്‍ത്തിയിരിക്കുകയാണവരെ. മുഹമ്മദിനെതിരില്‍ പൊരുതാനായി നിങ്ങളുടെ വരവും പ്രതീക്ഷിച്ചിരിക്കുകയാണവര്‍,’ ഹുയയ്യ് ബിന്‍ അഖ്തബ് മറുപടി പറഞ്ഞു.
‘ബനൂകുറയ്ദ എന്തു നിലപാട് സ്വീകരിക്കും?’ നിര്‍ണായകമായ ഘട്ടത്തില്‍ ബനുന്നദീറിനെ കയ്യൊഴിഞ്ഞ യഹൂദ ഗോത്രം മുഹമ്മദിനെ സഹായിക്കുന്ന നിലപാട് സ്വീകരിക്കുമോ എന്ന അബൂസുഫ്‌യാന്റെ ആശങ്ക ഹുയയ്യ് ഇങ്ങനെ ശമിപ്പിച്ചു: ‘മുഹമ്മദിനെ കെണിയില്‍ വീഴ്ത്താനായി മദീനയില്‍തന്നെ നില്‍ക്കുകയാണ് ബനൂകുറയ്ദ. നിങ്ങളവിടെ എത്തുകയേവേണ്ടൂ, അവരും നമ്മോടൊപ്പം ചേരും. എല്ലാവരും ഒറ്റക്കെട്ടായി നിങ്ങളോടൊപ്പമുണ്ട്, മുഹമ്മദിനെയും അനുയായികളെയും നമുക്ക് വേരോടെ പിഴുതെറിയാം.’
‘ഞങ്ങളുടെ ഹൃദയങ്ങളോട് ഏറ്റവും അടുത്തവര്‍ മുഹമ്മദിനെതിരെ ഞങ്ങളെ സഹായിക്കുന്നവരാണ്,’ അബൂസുഫ്‌യാന്‍ പറഞ്ഞു. തുടര്‍ന്ന് അയാളും ഉമയ്യ ബിന്‍ ഖലഫിന്റെ മകന്‍ സഫ്‌വാനും ചേര്‍ന്ന് യഹൂദ സംഘത്തെ കഅ്ബാലയത്തിനുള്ളിലേക്ക് കൂട്ടി. അവിടെവച്ച് തങ്ങളുടെ ലക്ഷ്യം കൈവരിക്കുന്നതുവരെ ഒരുകൂട്ടര്‍ മറ്റൊരു കൂട്ടരെ കൈവിടുകയില്ലെന്ന് ഇരുകൂട്ടരും ചേര്‍ന്ന് പ്രതിജ്ഞയെടുത്തു. അന്നേരം തങ്ങളുടെ മതത്തെയും മുഹമ്മദിന്റെ മതത്തെയും യഹൂദര്‍ എങ്ങനെ കാണുന്നുവെന്നറിയാന്‍ അബൂസുഫ്‌യാന് കൗതുകം, അയാളത് ചോദിക്കുകയും ചെയ്തു: ‘യഹൂദി നേതാക്കളേ, പഴയ വേദക്കാരായവരാണല്ലോ നിങ്ങള്‍; അങ്ങേയറ്റം അറിവാളികളുമാണ്. മുഹമ്മദിനോട് ഞങ്ങള്‍ സ്വീകരിച്ചിരിക്കുന്ന നിലപാടെന്താണെന്ന് നിങ്ങള്‍ക്കറിയാം. അതിനാല്‍ പറയൂ, ഞങ്ങളുടെ മതമാണോ അയാളുടെ മതമാണോ മെച്ചം?’ തങ്ങള്‍ ഏകദൈവവിശ്വാസികളാണെന്നഭിമാനിക്കുകയും, അക്കാലംവരെ യസ്‌രിബിലെ അറബികളെ അവരുടെ ബഹുദൈവവിശ്വാസത്തിന്റെ പേരില്‍ പദവിയിൽ താഴ്ന്നവരായി കാണുകയും ചെയ്തിരുന്നവരാണ് യസ്‌രിബിലെ യഹൂദര്‍. ഏകദൈവവിശ്വാസികളായതിന്റെ പേരില്‍മാത്രം തരാതരം പീഡനങ്ങളുടെ തീച്ചൂളകളിലേക്ക് വലിച്ചെറിയപ്പെട്ട ഭൂതകാലമുള്ള യഹൂദരുടെ പിന്മുറക്കാര്‍ മുസ്‌ലിംകളോടുള്ള അടങ്ങാത്ത പകകൊണ്ടുമാത്രം ഇങ്ങനെ പറഞ്ഞു: ‘അയാളുടെ മതത്തെക്കാള്‍ മെച്ചം നിങ്ങളുടെ മതംതന്നെ, നിങ്ങളാണ് അയാളെക്കാള്‍ സത്യത്തോട് അടുത്തുനില്‍ക്കുന്നത്.’

വിരളമായി സംഭവിക്കുന്ന വര്‍ഷപാതത്തെ മരുഭൂമിയെങ്ങിനെ വരവേല്‍ക്കുന്നുവോ, അങ്ങനെയാണ് മുഹമ്മദിനെയും അയാളുടെ മതത്തെയും അറേബ്യ സ്വാംശീകരിച്ചത്. അതിനാല്‍തന്നെ വിശ്വാസകാര്യത്തില്‍ തങ്ങളിതുവരെ അറേബ്യയില്‍ നിലനിര്‍ത്തിപ്പോന്ന മികവും ഏകദൈവവിശ്വാസികളെന്ന ഖ്യാതിയും മണ്ണോടു ചേർക്കാൻ ഇസ്‌ലാമിന് കെല്പുണ്ടെന്ന് അവര്‍ ആശങ്കപ്പെട്ടു. ചുരുങ്ങിയ കാലത്തിനുള്ളില്‍ അറബികളുടെ ഹൃദന്തങ്ങളുടെ ആഴങ്ങളില്‍ ഇസ്‌ലാം നങ്കൂരമിറക്കിയിരിക്കുന്നു. ത്രിയേകത്വംകൊണ്ട് നേര്‍ത്തുപോയ ക്രിസ്തുമതത്തിന് അറബികള്‍ക്കിടയില്‍ വലിയ ആദരവൊന്നും നേടാനായിട്ടില്ല എന്നും അവര്‍ക്കറിയാം. ഇസ്‌ലാം അതിവേഗം വളര്‍ച്ച നേടിയാല്‍ അറേബ്യയില്‍ തങ്ങള്‍ക്കുള്ള രാഷ്ട്രീയ സാമ്പത്തിക മേല്‍ക്കോയ്മ തകര്‍ച്ചയ്ക്ക് വഴിമാറിയേക്കാമെന്നുള്ള യഹൂദരുടെ കണക്കുകൂട്ടലിന്റെ അടിസ്ഥാനത്തിലാണ് കുറയ്ഷുമായുള്ള അവരുടെ പുതിയ സൗഹൃദം ഉരുവംകൊണ്ടത്. ഇക്കാര്യം കുര്‍ആന്‍ ഇങ്ങനെ വിവരിച്ചു: ‘വേദത്തില്‍നിന്നൊരു വിഹിതം നല്‍കപ്പെട്ടവരെ താങ്കള്‍ കണ്ടില്ലേ, അവര്‍ ക്ഷുദ്രവേലകളിലും ദുര്‍മൂര്‍ത്തികളിലും വിശ്വാസമര്‍പ്പിക്കുന്നു. അവരാണ് വിശ്വാസികളെക്കാള്‍ സന്മാര്‍ഗം പ്രാപിച്ചവരെന്ന് അവിശ്വാസികളായവരോടിവര്‍ പറയുന്നു, എന്നാല്‍, ഇവരെയാണ് അല്ലാഹു ശപിച്ചിട്ടുള്ളത്. അല്ലാഹു ശപിച്ചതാരോ അയാള്‍ക്കൊരു സഹായിയെയും താങ്കള്‍ക്ക് കണ്ടെത്താനാവില്ല.’

സൗഹാര്‍ദ്ദത്തിന്റെ പുതിയ പരിസരത്തുവച്ച് ഇരുകൂട്ടരും തങ്ങളുടെ ഭാവിപദ്ധതി ആവിഷ്‌കരിച്ചു. മദീനക്കുനേരെ തങ്ങളുടേതായ പ്രശ്‌നങ്ങളുള്ള നജ്ദിലെ നാടോടികളെ ഇളക്കിവിടുന്ന കാര്യം യഹൂദര്‍ ഏറ്റു. പ്രതികാരദാഹം വേണ്ടത്ര പ്രവര്‍ത്തിക്കാത്ത ഇടങ്ങളിലവര്‍ ഗോത്രനേതാക്കളുടെ ഉള്ളങ്കൈകളില്‍ വെണ്ണപുരട്ടും. ബനൂഅസദ് ഉപാധികളില്ലാതെ സഖ്യത്തെ സഹായിക്കാമെന്നേറ്റിട്ടുണ്ട്. സഖ്യത്തില്‍ ചേരുന്നതിനായി ഗത്ഫാന്‍കാര്‍ക്ക് ഖയ്ബറിലെ തോട്ടങ്ങളില്‍നിന്നുള്ള ഒരു വര്‍ഷത്തെ വരുമാനം മുഴുവന്‍ വാഗ്ദാനം ചെയ്യപ്പെട്ടു. ഇപ്പോള്‍ സഖ്യത്തിലേകദേശം രണ്ടായിരം സൈനികരുണ്ട്. പുറമെ, ബനൂസുലയ്മില്‍നിന്നുള്ള എഴുന്നൂറ് സൈനികരെക്കൂടി യഹൂദര്‍ സംഘടിപ്പിച്ചു. ബിഅ്ര്‍മഊന സംഭവത്തിനുശേഷം ഈ ഗോത്രത്തില്‍നിന്നുള്ള ചെറുതും, അതേസമയം, ക്രമാനുഗതമായി വളര്‍ച്ച നേടിക്കൊണ്ടിരിക്കുന്നതുമായൊരു സംഘം ഇസ്‌ലാമിനോട് അനുഭാവം പുലര്‍ത്തുന്നുണ്ടായിരുന്നു. ബനൂസുലയ്മിന്റെ ദക്ഷിണ ദിക്കില്‍ വസിക്കുന്ന ബനൂആമിര്‍ പ്രവാചകനുമായി തങ്ങളേര്‍പ്പെട്ടിരിക്കുന്ന കരാര്‍ ഒരുനിലക്കും ലംഘിക്കുകയില്ല എന്നറുത്തുമുറിച്ച് പറഞ്ഞു.

കുറയ്ഷികളും യഹൂദരും അവരുടെ പുതിയ സഖ്യകക്ഷികളും ചേര്‍ന്ന് ചമച്ചുകൊണ്ടിരിക്കുന്ന വ്യൂഹം കാണക്കാണെ തിടംവച്ചുവന്നു. ഹിജാസിന്റെ ദക്ഷിണഭാഗത്തുനിന്ന് കൂടുതല്‍ സഹായ സൈന്യങ്ങള്‍ എത്തിച്ചേര്‍ന്നതോടെ, നാലായിരം കാലാള്‍പ്പടയും മുന്നൂറ് അശ്വഭടന്മാരും ആയിരത്തഞ്ഞൂറ് ഒട്ടകങ്ങളുമായി ഇന്നോളം അറേബ്യ കണ്ടതില്‍വെച്ചേറ്റവും വലിയ സൈന്യങ്ങളിലൊന്നായി സഖ്യസേന മദീനയെ ലക്ഷ്യമാക്കി മക്കയില്‍നിന്ന് പടനീക്കമാരംഭിച്ചു. ദാറുന്നദ്‌വയില്‍വച്ച് ഉസ്മാന്‍ ബിന്‍ തല്‍ഹ കുറയ്ഷിസേനയുടെ പതാക ഏറ്റുവാങ്ങി. മുമ്പവർ ഉഹുദിലേക്കു നീങ്ങിയ, തീരദേശത്തെ തഴുകിപ്പോകുന്ന അതേ സഞ്ചാരപാതയിലൂടെയാണ് യാത്ര. ആയിരം ഒട്ടകങ്ങളും അസംഖ്യം കാലാള്‍പ്പടയുമായി ഉയയ്‌ന ബിന്‍ ഹിസ്‌നിന്റെ നേതൃത്വത്തിലുള്ള ഫസാറ ഗോത്രത്തിന്റെ സഹായസേന നജ്ദില്‍നിന്ന് പുറപ്പെട്ട് മദീനയോടടുക്കുന്നുണ്ട്. ശത്രുസേനയുടെ അംഗബലം ഉഹുദിലെ കുറയ്ഷി സേനയുടെ മൂന്നിരട്ടിയുണ്ട്. കുറയ്ഷികളുടെ മുന്നൂറും ഗത്ഫാനികളുടെ മുന്നൂറും ചേര്‍ന്ന് അറുന്നൂറ് വരുന്ന കുതിരപ്പട സഖ്യസേനയുടെ ആത്മവിശ്വാസത്തെ ഇരട്ടിപ്പിച്ചു.

ചുരുങ്ങിയ കാലത്തിനുള്ളില്‍ ഹിജാസിലെയും അനുബന്ധദേശങ്ങളിലെയും അവഗണിക്കാനാവാത്ത രാഷ്ട്രീയ ശക്തിയായിക്കഴിഞ്ഞിരുന്ന മദീനയ്ക്കുവേണ്ടി ഈ പ്രദേശങ്ങളിലെല്ലാം സക്രിയമായ ചാരശൃംഖലയുണ്ട്. കുറയ്ഷ് മദീനയില്‍നിന്ന് പുറപ്പെട്ട അതേസമയത്തുതന്നെ, അബ്ബാസിന്റെ മൗനാനുവാദത്തോടെയാകാം, ബനൂഖുസാഅക്കാരായ ചെറുസംഘം അശ്വാരൂഢര്‍ അതിവേഗം മദീനയിലേക്ക് തിരിച്ചു; ആസന്നമായ വലിയൊരാക്രമണത്തിന്റെ വിവരം തിരുദൂതനെ അറീക്കുകയായിരുന്നു അവരുടെ ലക്ഷ്യം. നാലു നാളുകളെടുത്ത് അവര്‍ നഗരത്തിലെത്തി, സഖ്യസേനയെക്കുറിച്ച വിശദമായ വിവരം അദ്ദേഹത്തിനു കൈമാറി. പ്രതിരോധത്തിനായുള്ള ഒരുക്കങ്ങള്‍ക്കായി പ്രവാചകന് ഒരാഴ്ചത്തെ സാവകാശം ലഭിച്ചു. തങ്ങളിന്നോളം സാക്ഷികളാകാത്ത സര്‍വ്വായുധസജ്ജമായ സഖ്യസേനയുടെ വരവറിഞ്ഞതോടെ മദീനയിലെ മുസ്‌ലിംകള്‍ പരിഭ്രാന്തരായി. തോല്പിക്കുക മാത്രമല്ല വരുന്നവരുടെ ലക്ഷ്യം, തങ്ങളെ ഭൂമുഖത്തുനിന്ന് പാടെ വിപാടനം ചെയ്യുക എന്നതു കൂടിയാണ്. ഉഹുദില്‍ മുവ്വായിരം പേരടങ്ങുന്ന കുറയ്ഷിപ്പടയുടെ മുന്നില്‍ തോറ്റുപോയ മുസ്‌ലിംസേനക്ക് പതിനായിരംപടയുടെ മുമ്പിലെന്ത് ചെയ്യാനാകും! അവരുടെ ഭയപ്പാടിന് ന്യായമായ കാരണങ്ങളുണ്ടായിരുന്നു.

സമയം പാഴാക്കാതെ പ്രവാചകന്‍ അനുയായികള്‍ക്ക് വിവരമെത്തിച്ചു, സഖ്യകക്ഷികളിലേക്ക് ദൂതുപോയി. അല്ലാഹുവിനെ സൂക്ഷിക്കുകയും കല്പനകള്‍ അനുസരിക്കുകയും ചെയ്താല്‍ വിജയം തങ്ങളുടെ പക്ഷത്തുതന്നെയെന്ന് നബി അവര്‍ക്കുറപ്പുനല്‍കി. ഉഹുദില്‍ ചെയ്തതുപോലെ അനുചരരെയെല്ലാം ഒരുഭാഗത്ത് വിളിച്ചുവരുത്തി എന്തായിരിക്കണം രണനീതിയെന്നതിനെക്കുറിച്ചുള്ള കൂടിയാലോചനകളിലേര്‍പ്പെട്ടു. കോട്ടകെട്ടി നഗരത്തെ സംരക്ഷിക്കുന്നതടക്കം അഭിപ്രായങ്ങള്‍ പലതുയര്‍ന്നു. മുന്‍യുദ്ധങ്ങളിലെ മികവുകളും പിഴവുകളും ചര്‍ച്ചയായി, തദനുസൃതമായ പദ്ധതികള്‍ പലരും അവതരിപ്പിച്ചു. സദസ്സില്‍ ഹാജരുണ്ടായിരുന്ന പേര്‍സ്യക്കാരനായ സല്‍മാന്‍ സ്വരമുയര്‍ത്തി: ‘തിരുദൂതരേ, പേര്‍സ്യാദേശത്ത് ഞങ്ങള്‍ക്കെതിരില്‍ അശ്വാക്രമണത്തിന്റെ ഭീഷണിയുണ്ടാകുമ്പോള്‍ പ്രദേശത്തിനു ചുറ്റും കിടങ്ങു കുഴിക്കാറാണ് പതിവ്. നമുക്ക് ഇപ്പോള്‍തന്നെ കുഴിച്ചുതുടങ്ങാം.’ സല്‍മാന്റെ പുതുമയേറിയ പ്രതിരോധതന്ത്രം വിശ്വാസികള്‍ ആവേശപൂര്‍വം അംഗീകരിച്ചു. ഉഹുദിലെ രീതി വീണ്ടും പയറ്റാന്‍ അവര്‍ക്ക് താല്പര്യവുമുണ്ടായിരുന്നില്ല. കിടങ്ങ് കടന്നുപോകേണ്ട ഭാഗങ്ങളിലൂടെ നബിയും സല്‍മാനുമടങ്ങുന്ന സംഘം സൂക്ഷ്മപരിശോധന നടത്തി. മദീനക്കാരുടെ സുരക്ഷയാണ് പരമപ്രധാനമായി നബി കണക്കാക്കിയത്. തങ്ങളുടെ സ്ത്രീകളും കുട്ടികളും വയോധികരും സുരക്ഷിതരായാല്‍ മനസ്സാന്നിധ്യത്തോടെ യുദ്ധത്തിലേര്‍പ്പെടാന്‍ പോരാളികള്‍ക്ക് സാധിക്കും.

സമയം വളരെ വളരെ പരിമിതമാണ്, വൈകാതെ കുറയ്ഷിപ്പട മദീനയിലെത്തും. പ്രതിരോധത്തില്‍ അപകടകരമായ വിള്ളലുകള്‍ വന്നുകൂടാ. ചുറ്റുപാടും മുട്ടിനില്‍ക്കുന്ന കിടങ്ങു വേണമെന്നില്ല. കുതിരകള്‍ക്ക് ചാടിക്കടക്കാനാവാത്തവിധം വലുതും ബലിഷ്ഠവുമായ വീടുകള്‍ അടുത്തടുത്ത് നില്‍ക്കുന്നുണ്ട് നഗരാതിര്‍ത്തിയില്‍ ചിലയിടങ്ങളില്‍. പ്രതിരോധ കാര്യത്തില്‍ സാധാരണ കോട്ടകള്‍ക്കുള്ള ധര്‍മം അവ നിര്‍വ്വഹിച്ചുകൊള്ളും. നഗരത്തിനു വടക്കുപടിഞ്ഞാറായി ഭീമന്‍ പാറക്കെട്ടുകളുണ്ട്. അവ സ്വയം പ്രതിരോധനിരയായി നിലകൊള്ളും. അവയ്ക്കിടയിലെ വിടവ് നികത്താന്‍ മാത്രമായി കിടങ്ങുകള്‍ വേണം. സല്‍അ് എന്ന് വിളിക്കപ്പെടുന്ന നഗരത്തോടേറ്റവുമടുത്ത പാറക്കെട്ട് കിടങ്ങിനാല്‍ സംരക്ഷിക്കപ്പെടുന്ന ഭാഗത്തിനുള്ളിലാണ് വരിക. അതിനു മുമ്പിലുള്ള നിലം സേനാതാവളത്തിന്റെ ഒന്നാംതരം നിരീക്ഷണസ്ഥാനമായി നിലകൊള്ളും. വടക്ക് ഭാഗത്തുള്ള ഉയര്‍ന്ന പാറക്കെട്ടില്‍നിന്ന് തുടങ്ങി, സേനാ താവളത്തെ ചൂഴ്ന്നുപോകുന്ന വിശാലമായ ഭാഗം ഉള്‍പ്പെടെ നഗരത്തിന്റെ കിഴക്കുവശത്ത് ചെന്നവസാനിക്കുന്നതാണ് കിടങ്ങിന്റെ ഏറ്റവും വലുതും പ്രാധാനവുമായ ഭാഗം.

കിടങ്ങു തന്ത്രത്തിന്റെ നിര്‍ദേശകന്‍ എന്നതിനു പുറമെ, എവിടെ, എത്ര ആഴം വേണം, വീതി വേണം എന്ന കൃത്യമായ ധാരണ സല്‍മാനുണ്ടായിരുന്നു. ബനൂകുറയ്ദക്കാരനായ പഴയ യജമാനനുവേണ്ടി പണിയെടുത്തിരുന്നയാള്‍ എന്ന നിലയില്‍, കിടങ്ങു തീര്‍ക്കാനാവശ്യമായ സാമഗ്രികള്‍ ഒന്നൊഴിയാതെ അവരുടെ ശേഖരത്തിലുണ്ടെന്നയാള്‍ക്കറിയാം. പ്രവാചകനോടവര്‍ക്ക് ഉള്ളാലെ ഇഷ്ടക്കേടുണ്ടെങ്കിലും പൊതുശത്രുവിനെ നേരിടാനെന്ന നിലയില്‍ സാമഗ്രികള്‍ കൈമാറുന്നതില്‍ എതിര്‍പ്പൊന്നുമുണ്ടായിരുന്നില്ല. മുഹമ്മദുമായുള്ള തങ്ങളുടെ കരാര്‍ ഏതു നിലയ്ക്കും തങ്ങള്‍ക്കു മെച്ചമാണെന്നും അത് ലംഘിച്ചുകൂടെന്നുമായിരുന്നു അവരിലെ ഭൂരിപക്ഷ മതം. മണ്‍വെട്ടിയും പിക്കാസും പാരയുമെല്ലാം അവരില്‍നിന്ന് കടംവാങ്ങി. ഈന്തപ്പനനാരില്‍ നെയ്ത ബലവത്തായ കുട്ടകളും അവര്‍ നല്‍കി.

പ്രവാചകന്‍ തന്റെ അനുചരന്മാര്‍ക്കെല്ലാം പ്രത്യേകം പ്രത്യേകം ഉത്തരവാദിത്വങ്ങളേല്പിച്ചു. അദ്ദേഹവും കളത്തിലിറങ്ങി ശാരീരികാധ്വാനങ്ങളിലേര്‍പ്പെട്ടു. തളര്‍ച്ചയറിയാതെ അദ്ധ്വാനിച്ച തിരുദൂതന്‍ അനുചരരിലേക്ക് ഊര്‍ജ്ജവും ആത്മവിശ്വാസവും പ്രവഹിപ്പിച്ചു. അവരനുഭവിച്ച വിശപ്പടക്കം പ്രയാസങ്ങള്‍ അദ്ദേഹവും പങ്കിട്ടെടുത്തു. ശിശിരത്തിലെ കോച്ചുന്ന തണുപ്പ് നന്നായി പ്രയാസപ്പെടുത്തിയെങ്കിലും കിടങ്ങുകുഴിച്ച ഭാഗത്തെ മണ്ണും കല്ലും മുതുകിലേറ്റി വിശ്വാസികള്‍ നിശ്ചിത സ്ഥലങ്ങളില്‍ നിക്ഷേപിച്ചു. പ്രവാചകന്‍ അവര്‍ക്ക് ഉത്തേജനമേകി ഇങ്ങനെ പാടി:
‘അല്ലാഹുവേ, പരലോകത്തെതല്ലാത്ത മറ്റൊരു ജീവിതമില്ല,
മുഹാജിറുകളോടും അന്‍സാറുകളോടും നീ പൊറുക്കേണമേ.’
മറുപടിയായി അനുചരര്‍ പാടി:
‘മുഹമ്മദിനുവേണ്ടി അനുസരണ പ്രതിജ്ഞയെടുത്തവര്‍ ഞങ്ങള്‍, എന്നെന്നും ശാന്തിമതത്തിലാണു ഞങ്ങള്‍.’
നബിയപ്പോള്‍ ഇങ്ങനെ പാടി:
‘അല്ലാഹുവേ, നിന്നുതവിയില്ലായിരുന്നെങ്കില്‍ ഞങ്ങള്‍ നേര്‍വഴി നേടില്ലായിരുന്നു; ദാനം ചെയ്യുകയോ നമസ്‌കരിക്കുകയോ ചെയ്യില്ലായിരുന്നു. അതിനാല്‍ ഞങ്ങള്‍ക്കു മേല്‍ ശാന്തിയിറക്കുക നീ, ഏറ്റുമുട്ടല്‍ വേളയില്‍ ഞങ്ങളുടെ ചരണങ്ങളെ ഉറപ്പിച്ചുനിര്‍ത്തുക നീ, ഞങ്ങള്‍ക്കുമേല്‍ ശത്രുക്കള്‍ അതിക്രമിച്ചിരിക്കുന്നു, അവര്‍ കുഴപ്പമാഗ്രഹിക്കുകില്‍ ഞങ്ങളതിനെ നിരാകരിക്കുന്നു.’

ശത്രുസന്നാഹത്തിന്റെ വിവരം ലഭിച്ചതിനു ശേഷമുള്ള എല്ലാ പുലര്‍ക്കാലങ്ങളിലും പ്രഭാതപ്രാര്‍ത്ഥന കഴിഞ്ഞാലുടന്‍ മദീനക്കാര്‍ കിടങ്ങുനിര്‍മ്മാണത്തിന്റെ ജോലികളിലേര്‍പ്പെടും, പകലന്തിയില്‍ തിരിച്ചെത്തും. ‘സമയമില്ല, സമയമില്ല,’ ഇടക്കിടെ അവര്‍ പരസ്പരം ഓര്‍മ്മിപ്പിച്ചുകൊണ്ടിരുന്നു. വൈകാതെ ശത്രു ഇങ്ങെത്തും. ആരെങ്കിലുമൊന്ന് ‘ഉഴപ്പിയാല്‍’ അയാള്‍ പിന്നെയവരുടെ തമാശാപാത്രമായി. സല്‍മാന്‍ അവരുടെ പ്രശംസാപാത്രമായത് കിടങ്ങെന്ന ആശയം മുന്നോട്ടുവച്ചതുകൊണ്ടു മാത്രമല്ല, ഉറച്ച കായബലത്താലും ബനൂകുറയ്ദക്കാരുടെ തോട്ടത്തില്‍ കുഴിയെടുത്തും കിടങ്ങുകള്‍ കീറിയും നല്ല പരിചയമുള്ളയതിനാലും കൂടിയാണ്. പത്തുപേര്‍ ചെയ്യുന്ന ജോലി അയാളൊറ്റക്ക് നിഷ്പ്രയാസം ചെയ്തു. അയാള്‍ക്കുവേണ്ടി അവര്‍ക്കിടയില്‍ ചില സൗഹാര്‍ദത്തര്‍ക്കങ്ങളൊക്കെയുണ്ടായി.
‘സല്‍മാന്‍ ഞങ്ങളുടെയാളാണ്,’ ജന്മനാടുപേക്ഷിച്ച് പലപല നാടുകളിലൂടെ കടന്നുപോന്ന സല്‍മാന്റെ പൂര്‍വകാലം ഓര്‍ത്ത് പലായിതര്‍ പറഞ്ഞു.
‘സല്‍മാന്‍ ഞങ്ങളുടെയാളാണ്,’ അന്‍സാറുകള്‍ പറഞ്ഞു, ‘അയാളില്‍ ഞങ്ങള്‍ക്കാണ് കൂടുതല്‍ അവകാശം.’
‘സല്‍മാന്‍ എന്റെ കുടുംബാംഗമാണ്,’ കേട്ടുനിന്ന നബി അവരെ തിരുത്തി.

(ചരിത്രസംഭവങ്ങളുടെ ആസ്വാദനമാണിത്, ചരിത്രരേഖയല്ല.)

print

No comments yet.

Leave a comment

Your email address will not be published.