![](http://www.snehasamvadam.org/wp-content/uploads/2024/12/nabi-charithram-83.jpg)
ചരിത്രാസ്വാദനം
സെയ്‌നബ്
സെയ്‌നബ് എന്നാണവളുടെ പേര്. പ്രവാചകന്റെ പിതൃസഹോദരി ഉമയ്മ ബിന്‍ത് അബ്ദുല്‍മുത്തലിബിന്റെ മകള്‍. അബ്ദുല്ലാഹ് ബിന്‍ ജഹ്ഷിന്റെ ഉടപ്പിറപ്പ്. മഹാപലായന കാലത്ത് ആദ്യം മദീനയിലെത്തിയ മുഹാജിറുകളിലൊരാള്‍. അതീവ ഭക്ത, ധര്‍മിഷ്ഠ. തുകലുല്പന്നങ്ങള്‍ നിര്‍മിക്കാനുള്ള കരവിരുതിനാല്‍ അവള്‍ നിര്‍മ്മിച്ചിരുന്ന പാദുകങ്ങള്‍ക്ക് മക്കയിലും മദീനയിലും ആവശ്യക്കാരേറെയാണ്. അതിലൂടെ ലഭിച്ച വരുമാനമുപയോഗിച്ച് ദാരിദ്ര്യം ഭയക്കാതെയവള്‍ ദാനം ചെയ്തുകൊണ്ടിരുന്നു. ‘സെയ്‌നബിനോളം മതനിഷ്ഠയും ഭക്തിയും ഉദാരതയുമുള്ളൊരു സ്ത്രീയെ ഞാന്‍ വേറെ കണ്ടിട്ടില്ല, അവള്‍ ബന്ധങ്ങള്‍ ചേര്‍ക്കുകയും ദാനങ്ങള്‍ നിര്‍വഹിക്കുകയും ചെയ്യുന്നു,’ സെയ്‌നബിനെക്കുറിച്ച് ആഇഷ പറഞ്ഞ വാക്കുകള്‍തന്നെ അവളുടെ വ്യക്തിത്വത്തിനുള്ള വിലമതിക്കാനാവാത്ത സാക്ഷിമൊഴിയാണ്.
ജാഹിലി കാലത്ത് സെയ്‌നബ് ഒരു വിവാഹത്തിലേര്‍പ്പെട്ടിരുന്നുവെങ്കിലും പിന്നീട് വേര്‍പ്പിരിയുകയാണുണ്ടായത്. സെയ്‌നബിന്റെ രണ്ടാം വിവാഹമാകട്ടെ വിപ്ലവമായിരുന്നു. പ്രിയപത്‌നി ഖദീജ പ്രവാചകന് സമ്മാനമായി നല്‍കിയ സെയ്ദ് ബിന്‍ ഹാരിസ എന്ന അടിമബാലനെ പിന്നീട് നബി സ്വതന്ത്രനാക്കി. തിരുദൂതരുടെ ദത്തുപുത്രനായി മുഹമ്മദിന്റെ മകന്‍ സെയ്ദ് എന്ന പേരില്‍ അദ്ദേഹത്തിന്റെ വീട്ടില്‍ വളര്‍ന്നു; സെയ്‌നബിനും റുകയ്യക്കും ഉമ്മുകുല്‍സൂമിനും കുഞ്ഞു ഫാത്വിമക്കും സഹോദരനായി, പ്രവാചകന്റെ ഏറ്റവും അടുത്ത സഹായിയായി.
അറബികള്‍ക്കിടയില്‍ നിലനിന്ന വര്‍ഗചിന്തയുടെയും കുലമഹിമയുടെയും അക്ഷന്തവ്യമായ ഉച്ചനീചത്വങ്ങളുടെ ഫലമെന്നോണം മുഹമ്മദിന്റെ വിമുക്ത അടിമ എന്നതില്‍ കവിഞ്ഞ മാന്യതയൊന്നും സെയ്ദിനു കല്പിക്കപ്പെട്ടില്ല. പ്രവാചകന്റെ ദത്തുപുത്രനായി, ആരായി, അടിമ എന്നും അടിമയാണെന്നും വിമുക്തനായതുകൊണ്ടൊന്നും കാര്യമില്ലെന്നുമുള്ള ജാഹിലീബോധം മനസ്സുകളില്‍ ബലാത്കാരമായി പിടിമുറുക്കിയിട്ടുണ്ട്. നൂറ്റാണ്ടുകളെടുത്ത് അവരുടെ സമൂഹ മനസ്സില്‍ അട്ടിയിലട്ടിയില്‍ അടിഞ്ഞുകൂടിയ ആചാരങ്ങളുടെ ബാക്കിപത്രമാണത്. തറവാടിയെന്നും ചെറ്റയെന്നും, ഉടമയെന്നും അടിമയെന്നും ജനപദത്തിന്റെ ഒത്തനടുവിലൂടെ ജാഹിലീ പൈതൃകങ്ങള്‍ കോറിയിട്ട ക്രൂരമായ വിഭജനരേഖയെ മായിച്ചു കളയേണ്ടത് പ്രവാചകന്‍ എന്ന നിലയില്‍ അദ്ദേഹത്തിന്റെ ഉത്തരവാദിത്വമാണ്. ഭക്തിയെന്ന ഒരൊറ്റ മാനദണ്ഡമല്ലാതെ യാതൊരു വിഭാജനവും വിശ്വാസികള്‍ തമ്മിലുണ്ടായിക്കൂടാ. കുലമഹിമയുള്ളവര്‍ക്കുമെത്രയോ താഴെ, അടിമയ്ക്കു തൊട്ടുമുകളിലായിരുന്നു സാമൂഹ്യ തരംതിരിവു വ്യവസ്ഥയില്‍ വിമുക്ത അടിമയുടെ ഇടം.
സെയ്ദ് നേരത്തെ വിവാഹിതനായിരുന്നു, പ്രവാചകന്റെ ധാത്രി ബറക എന്ന ഉമ്മുഅയ്മനില്‍ അയാള്‍ക്കൊരു മകനുണ്ട്, ഉസാമ. ഉമ്മുഅയ്മന് പ്രായമായി, യൗവനയുക്തനായ സെയ്ദിന് ഒരു വിവാഹംകൂടി വേണം. വധുവായി പ്രവാചകന്‍ തെരഞ്ഞെടുത്തിരിക്കുന്നത് സ്വന്തം അമ്മായി ഉമയ്മയുടെ പുത്രി സെയ്‌നബിനെയാണ്. മനുഷ്യബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കുന്നതില്‍ കുലമഹിമ ഒരു ഘടകമേയല്ല എന്ന വിപ്ലവകരമായ ആശയം സ്വന്തം അനുയായികള്‍ക്കിടയില്‍ നടപ്പിലാക്കുകയാണ്. തന്റെ തന്നെ ദത്തുപുത്രനെയും കുറയ്ഷി തറവാട്ടുകാരിയായ സെയ്‌നബിനെയുമാണ് അതിനുവേണ്ടി തെരഞ്ഞെടുത്തിരിക്കുന്നത്.
ജനനം മുതല്‍ ബാലികയായും കൗമാരക്കാരിയായും യുവതിയായുമുള്ള സെയ്‌നബിന്റെ വളര്‍ച്ചയുടെ വിവിധ ഘട്ടങ്ങള്‍ പ്രവചകന്റെ കണ്‍മുന്‍പിലൂടെയാണ് കടന്നുപോന്നിട്ടുള്ളത്. സുന്ദരിയായ സെയ്‌നബിനെ സെയ്ദിന്റെ വധുവാക്കാന്‍ അദ്ദേഹം ആഗ്രഹിച്ചു; സമൂഹം അടിച്ചേല്പിച്ച വിഭജനരേഖകളെ സ്വന്തം കുടുംബത്തില്‍നിന്നുതന്നെ മായിച്ചുകളയാം എന്ന ഉദാത്തമായ ലക്ഷ്യമാണ് മനസ്സില്‍. പ്രവാചകനില്‍നിന്ന് മാതൃകകള്‍ സ്വീകരിക്കുന്ന മുസ്‌ലിംകള്‍ പിന്നീട് അതുവഴി ചരിക്കും, അവരില്‍ നിന്ന് അടുത്ത തലമുറ, അങ്ങനെയങ്ങനെ… ഒരു പ്രവാചകനല്ലാതെ മറ്റാര്‍ക്കും കൈവെക്കാന്‍ ധൈര്യം ലഭിക്കാത്തത്ര ഉറഞ്ഞുപോയ സമ്പ്രദായമാണീ വര്‍ണവ്യവസ്ഥ.
ഭക്തിയും മതനിഷ്ഠയും അത്ഭുതകരമായി മേളിച്ച സെയ്‌നബിന്റെ മനസ്സില്‍പോലും ഈ വര്‍ണചിന്ത വേരിറങ്ങി നില്‍ക്കുന്നുണ്ട്. ‘തിരുദൂതരേ, ഞാനങ്ങയുടെ അമ്മായിയുടെ പുത്രിയാണ്, ഞാനയാളെ വിവാഹം ചെയ്യാന്‍ പോകുന്നില്ല,’ സെയ്ദുമായുള്ള വിവാഹത്തിന് സമ്മതം ചോദിച്ചുചെന്ന മച്ചുനനോട് സെയ്‌നബ് അറുത്തുമുറിച്ചു പറഞ്ഞു. താന്‍ കുറഷിയാണെന്നും സെയ്ദ് വിമുക്ത അടിമയാണെന്നുമുള്ള സെയ്‌നബിന്റെ ഗോത്രബോധം അവളില്‍ വമനേച്ഛ സൃഷ്ടിച്ചു. സഹോദരന്‍ അബ്ദുല്ലാഹ് ബിന്‍ ജഹ്ഷ് അടക്കം കുടുംബാംഗങ്ങളുടെ പിന്തുണയും അവള്‍ക്കിക്കാര്യത്തില്‍ നിര്‍ലോഭം ലഭിക്കും. പ്രവാചകന്‍ പക്ഷേ, അവളെ സെയ്ദുമായുള്ള വിവാഹത്തിനു പ്രേരിപ്പിച്ചു. ജാഹിലീ ഗോത്രീയതയുടെ ഔദ്ധത്യഭാവന ആമൂലാഗ്രം പിഴുതുമാറ്റേണ്ടതുണ്ട്. ഒരു വിമുക്ത അടിമയെ ഇസ്‌ലാം കുറയ്ഷിയുടെ നിലവാരത്തിലേക്കുയര്‍ത്തുന്ന മഹനീയവും നിസ്തുലവുമായ മാതൃക ലോകത്തിനു മുമ്പില്‍ സമര്‍പ്പിക്കുക കൂടിയാകണം അദ്ദേഹത്തിന്റെ ലക്ഷ്യം. അവര്‍ തമ്മില്‍ സംസാരിച്ചുകൊണ്ടിരിക്കെ ജിബ്‌രീല്‍ മാലാഖ ആഗതനായി ഇങ്ങനെ ഓതിക്കേള്‍പിച്ചു: ‘അല്ലാഹുവും അവന്റെ ദൂതനും ഒരു കാര്യത്തില്‍ തീരുമാനമെടുത്തു കഴിഞ്ഞാല്‍പിന്നെ, വിശ്വാസിക്കോ വിശ്വാസിനിക്കോ തങ്ങളുടെ കാര്യത്തില്‍ മറ്റൊരു തെരഞ്ഞെടുപ്പ് ഭൂഷണമേയല്ല. അല്ലാഹുവിനെയും പ്രവാചകനെയും ആരെങ്കിലും ധിക്കരിക്കുകില്‍ അയാള്‍ സുതരാം വഴികേടിലാണ് നൂനം.’
ജബ്‌റാഈല്‍ പോയതിനുശേഷം നബി ആ സൂക്തങ്ങള്‍ സെയ്‌നബിനെ കേള്‍പ്പിച്ചു. ‘അല്ലാഹുവിന്റെ ദൂതരേ,’ അവള്‍ വിളിച്ചു, ‘എനിക്കുവേണ്ടി അവനെ താങ്കള്‍ ഇണയായി തൃപ്തിപ്പെട്ടുവോ?’ സെയ്‌നബ് ചോദിച്ചു. ‘അതെ,’ നബി പറഞ്ഞു. ‘ഞാന്‍ അല്ലാഹുവിന്റെ ദൂതരെ ധിക്കരിക്കുന്നില്ല,’ ഗാഢമായ നിരാനന്ദം മുറ്റിനിന്ന അല്പ നേരത്തെ മൗനത്തിനു ശേഷം സെയ്‌നബ് പറഞ്ഞു. ഇനി മുതല്‍ സെയ്‌നബ് നബിയുടെ പുത്രന്‍ സെയ്ദ് ബിന്‍ മുഹമ്മദിന്റെ വധുവാണ്, പ്രവാചകന്റെ മരുമകളും.
എന്നാല്‍ വിധി അവര്‍ക്കുവേണ്ടി കരുതിവച്ചത് മറ്റൊന്നാണെങ്കിലൊ! മുമ്പോട്ടു പോകുന്തോറും ആ വിവാഹത്തിന്റെ വഴിയില്‍ ഒത്തുചേരായ്മയുടെ മുള്ളുകള്‍ എഴുന്നുനിന്നു. തനിക്ക് നിയന്ത്രിക്കാനാവാത്ത പങ്കാളിയെയാണ് സെയ്‌നബില്‍ സെയ്ദിന് കാണാനായത്. ഒരു വിമുക്ത അടിമയെ താനെന്തിനനുസരിക്കണം എന്ന അറബികള്‍ക്കിടയില്‍ സാര്‍വത്രികമായ ധാര്‍ഷ്ട്യം കൊണ്ടാകണം ഒളിഞ്ഞും തെളിഞ്ഞും അവള്‍ ഭാര്യാഭര്‍തൃ ബന്ധത്തിലെ മര്യാദകളുടെ സീമകള്‍ ലംഘിക്കാനുള്ള ഒരവസരവും വെറുതെ കളഞ്ഞില്ല. അവള്‍ക്കുള്ളിലെ കുലമഹിമയുടെ നീറിത്തിളങ്ങുന്ന കനലുകള്‍ നിഷ്‌കരുണം കോരിയിട്ട് സെയ്ദിന്റെ മനസ്സിനെയവള്‍ നീറ്റി. ജീവിത പങ്കാളിയെക്കുറിച്ച പരാതികളുമായി സെയ്ദ് പലതവണ പ്രവാചകനരികില്‍ വന്നു. തനിക്കിനി സെയ്‌നബുമായി ദാമ്പത്യം തുടരാനാവില്ലെന്നയാള്‍ പ്രവാചകനെ ഉണര്‍ത്തി. അപ്പോഴെല്ലാം തന്റെ ഭാര്യയെ കൂടെനിര്‍ത്താനും അവളുടെ കാര്യത്തില്‍ അല്ലാഹുവിനെ സൂക്ഷിക്കാനുമുപദേശിച്ച് നബി അയാളെ തിരിച്ചയച്ചു. സെയ്ദ് തിരിച്ചു പോയെങ്കിലും ഭര്‍ത്താവിനോടുള്ള സമീപനത്തില്‍ സെയ്‌നബ് മാറ്റമൊന്നും വരുത്തിയില്ല. അനുവദനീയമായ കാര്യങ്ങളില്‍ ഏറ്റവും വെറുക്കപ്പെട്ടത് വിവാഹമോചനമാകുന്നുവെന്ന് മുമ്പൊരിക്കല്‍ നബി പറഞ്ഞിട്ടുണ്ട്. ഒടുവില്‍ സെയ്‌നബില്‍നിന്ന് വിവാഹമോചനം നേടാന്‍ സെയ്ദിന് അല്ലാഹു അനുമതി നല്‍കി. ഒരാണ്ടോ അഥവാ, അല്പം കൂടുതലോ ആയ കുറഞ്ഞ കാലം മാത്രമേ പ്രശ്‌നസങ്കുലമായ ആ ബന്ധം നീണ്ടുനിന്നുള്ളൂ.
വിവാഹം മുമ്പോട്ടു കൊണ്ടുപോകാന്‍ സെയ്ദിന് താല്പര്യമേ ഇല്ല, അത്യന്തം മാന്യനും അഭിമാനിയുമാണ് പ്രവാചക ശിക്ഷണത്തില്‍ വളര്‍ന്ന സെയ്ദ്. മറ്റുള്ളവരുടെ പ്രയാസങ്ങള്‍ക്കും ദുരിതങ്ങള്‍ക്കും മേല്‍ പടുത്തുയര്‍ത്തേണ്ടതല്ല തന്റെ സ്വസ്ഥതയും സൗഭാഗ്യവുമെന്നയാള്‍ക്ക് നല്ല നിശ്ചയമുണ്ട്; ആരെയും ബുദ്ധിമുട്ടിച്ചുമാകരുതത്. അതിനാലാണയാള്‍ വിവാഹമോചനം തേടുന്നത്. വിവരണാതീതമാംവിധം മാനസിക പിരിമുറുക്കത്തിലും അസ്വസ്ഥതയിലുമാണ് തന്റെ പങ്കാളി പകലന്തി കഴിച്ചുകൂട്ടുന്നതെന്ന തികഞ്ഞ അറിവയാള്‍ക്കുണ്ട്. ആ വിവാഹബന്ധം അവസാനിക്കുന്നതില്‍ മാത്രമാണ് നന്മ. സെയ്ദിന്റെ സ്വന്തം തെരഞ്ഞെടുപ്പാണത്. പ്രവാചകന്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടും ആ വിവാഹത്തില്‍നിന്നുള്ളൊരു വിടുതല്‍ എന്ന ആവശ്യത്തില്‍ അയാള്‍ ഉറച്ചുനിന്നു.
ദത്തു സമ്പ്രദായം അറബികള്‍ക്കിടയില്‍ ആഴത്തില്‍ തായ്‌വേരിറങ്ങിയ പാരമ്പര്യമാണ്. അതിനെ മറികടക്കുന്നതും അതിന്റെ പ്രഭാവം ഇല്ലാതാക്കുന്നതും ക്ഷിപ്രസാധ്യല്ല. തുടക്കത്തില്‍ മക്കയിലും ഹിജ്‌റയുടെ ആദ്യവര്‍ഷങ്ങളില്‍ മദീനയിലും മുസ്‌ലിംകള്‍ക്കിടയില്‍ ദത്തു സമ്പ്രദായം അനുവദിക്കപ്പെട്ടു. പിന്നീട്, സ്വന്തം രേതസ്സില്‍ പിറന്നവര്‍ മാത്രമേ യഥാര്‍ത്ഥത്തില്‍ മക്കളാകൂ എന്നും സ്വന്തം പേരുകളോട് ചേര്‍ത്ത് മക്കള്‍ എന്നുവിളിച്ചതുകൊണ്ടുമാത്രം ദത്തുപുത്രര്‍ മക്കള്‍ അകുന്നില്ലെന്നും പ്രഖ്യാപിച്ച് കുര്‍ആന്‍ സൂക്തമിറങ്ങി: ‘ഒരാള്‍ക്കുള്ളില്‍ രണ്ട് ഹൃദയങ്ങള്‍ അല്ലാഹു വച്ചിട്ടില്ല. നിങ്ങള്‍ നിങ്ങളുടെ ഉമ്മമാരെപ്പോലെയാണെന്ന് പ്രഖ്യാപിക്കുന്ന സ്വന്തം ഭാര്യമാരെ അവന്‍ നിങ്ങളുടെ മാതാക്കളാക്കിയിട്ടില്ല, നിങ്ങളിലേക്കു ചേര്‍ത്തുവിളിക്കപ്പെടുന്ന നിങ്ങളുടെ ദത്തുപുത്രരെ അവന്‍ നിങ്ങളുടെ പുത്രരുമാക്കിയിട്ടില്ല. അതെല്ലാം നിങ്ങളുടെ വായ്‌ക്കൊണ്ടുള്ള നിങ്ങളുടെ ഉദീരണം മാത്രമാകുന്നു. അല്ലാഹു നേര് പറയുന്നു, അവന്‍ നേരായ മാര്‍ഗം കാണിച്ചുതരികയും ചെയ്യുന്നു.’
ദത്തുപുത്രരെ എന്തുവിളിക്കണമെന്ന് കുര്‍ആന്‍ തുടര്‍ന്ന് പറയുന്നുണ്ട്, ‘അവരുടെ പിതാക്കളിലേക്കു ചേര്‍ത്ത് നിങ്ങള്‍ അവരെ വിളിക്കുക, അതാണ് അല്ലാഹുവിന്റെയടുക്കല്‍ ഏറ്റവും നീതിപൂര്‍വ്വകമായിട്ടുള്ളത്. ഇനി അവരുടെ പിതാക്കളെ നിങ്ങള്‍ക്കറിയില്ലെങ്കില്‍, അവര്‍ മതത്തിലെ നിങ്ങളുടെ സഹോദരങ്ങളും മിത്രങ്ങളുമാകുന്നു, പിശകായി ചെയ്തുപോയതില്‍ നിങ്ങള്‍ക്ക് കുറ്റമൊന്നുമില്ല, മറിച്ച്, നിങ്ങള്‍ മനഃപൂര്‍വ്വം പ്രവര്‍ത്തിച്ചതിലാണ് കുറ്റം. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാണ്.’
മുഹമ്മദിന്റെ മകന്‍ സെയ്ദ്, സെയ്ദ് ബിന്‍ മുഹമ്മദ് എന്നായിരുന്നു പ്രവാചകന്റെ അനുചരര്‍ ഇതുവരെ സെയ്ദിനെ വിളിച്ചിരുന്നത്. ഈ സൂക്തം അവതീര്‍ണമായശേഷം പ്രവാചകന്‍ സെയ്ദിനോടു പറഞ്ഞു, ‘സെയ്ദ്, നിങ്ങള്‍ എന്റെ സഹോദരനും മിത്രവുമാകുന്നു,’ പിന്നീടയാള്‍ സെയ്ദ് ബിന്‍ ഹാരിസ എന്ന പേരില്‍ വിളിക്കപ്പെടാന്‍ തുടങ്ങി ആ പേരില്‍തന്നെ അറിയപ്പെടുകയും ചെയ്തു. അങ്ങനെ ദത്തുപുത്രന്മാരെ സ്വീകരിക്കുന്നത്, പ്രവാചകന്റെ ജീവിതത്തില്‍തന്നെ കാണിച്ചുകൊണ്ട്, വിലക്കുകയായിരുന്നു ഇസ്‌ലാം. ഇസ്‌ലാമില്‍ ദത്തെടുക്കലോ ദത്തുപുത്രരോ ഇല്ല.
സെയ്‌നബിനെ പ്രവാചകന്‍ വിവാഹം കഴിക്കണമെന്ന് സെയ്ദുമായുള്ള അവരുടെ വിവാഹം അപരിഹാര്യമാംവിധം തകര്‍ച്ചയുടെ വക്കിലാണെന്ന് വ്യക്തമായ സന്ദര്‍ഭത്തില്‍തന്നെ അല്ലാഹു വഹ്‌യിലൂടെ അദ്ദേഹത്തെ അറീച്ചിട്ടുണ്ട്. എന്നാല്‍, സമൂഹത്തില്‍ നിലനില്‍ക്കുന്ന ധാരണപ്രകാരം സെയ്ദ് തന്റെ മകനും സെയ്‌നബ് മരുമകളുമാണ്. പുത്രഭാര്യയായിരുന്ന ഒരാളെ മുഹമ്മദ് വിവാഹം ചെയ്തുവെന്ന ജനങ്ങളുടെ അധിക്ഷേപങ്ങളെ എങ്ങനെ നേരിടുമെന്നാലോചിച്ച് പ്രയാസപ്പെട്ടതിനാലാകണം നബി അക്കാര്യം ആരോടും വെളിപ്പെടുത്തിയില്ല. അക്കാര്യം കുര്‍ആന്‍ ഇങ്ങനെ പരാമര്‍ശിച്ചു: ‘അല്ലാഹു വെളിപ്പെടുത്താന്‍ പോകുന്നൊരു കാര്യം താങ്കള്‍ മനസ്സിലൊളിപ്പിക്കുകയും, ജനങ്ങളെ താങ്കള്‍ പേടിക്കുകയും ചെയ്യുന്നു. എന്നാല്‍ താങ്കള്‍ പേടിക്കേണ്ടത് അല്ലാഹുവിനെയാകുന്നു.’
സെയ്‌നബിന്റെ ദീക്ഷാകാലം കഴിഞ്ഞു, നബി സെയ്ദ് ബിന്‍ ഹാരിസയെ വിളിച്ചു സെയ്‌നബിനോട് ചെന്ന് അവളെ വിവാഹം കഴിക്കാന്‍ തനിക്ക് അനുമതി ലഭിച്ചിരിക്കുന്നുവെന്നറീക്കാനാവശ്യപ്പെട്ടു. സെയ്ദ് അവിടെയെത്തുമ്പോള്‍ മാവ് കൂട്ടിക്കൊണ്ടിരിക്കുകയായിരുന്നു സെയ്‌നബ്. അയാള്‍ക്ക് അവളുടെ മുഖത്തുനോക്കാനായില്ല, മറ്റൊരു ദിക്കിലേക്ക് നോക്കിക്കൊണ്ടയാള്‍ പറഞ്ഞു, ‘സെയ്‌നബ്, തിരുദൂതര്‍ക്ക് നിങ്ങളെ വിവാഹം കഴിക്കാനനുമതി ലഭിച്ചിരിക്കുന്നു.’ അവള്‍ വീട്ടിനുള്ളിലേക്ക് കേറിപ്പോയി. അക്കാര്യമാണ് കുര്‍ആന്‍ സൂക്തത്തിന്റെ അവസാനത്തില്‍ പറയുന്നത്: ‘അങ്ങനെ സെയ്ദ് അവളില്‍നിന്ന് മുക്തനായിക്കഴിഞ്ഞപ്പോള്‍ അവളെ നാം താങ്കള്‍ക്ക് ഇണയാക്കിത്തന്നു. സ്വന്തം ദത്തുപുത്രന്മാര്‍ തങ്ങളുടെ ഭാര്യമാരില്‍നിന്ന് വിവാഹമുക്തരായതിനുശേഷം അവരെ വിവാഹം കഴിക്കുന്ന കാര്യത്തില്‍ വിശ്വാസികള്‍ക്ക് യാതൊരു പ്രയാസവും ഉണ്ടാകാതിരിക്കാന്‍ വേണ്ടിയത്രെ ഇത്. അല്ലാഹുവിന്റെ കല്പന പ്രാവര്‍ത്തികമാക്കാനുള്ളതാകുന്നു. തനിക്ക് അല്ലാഹു നിശ്ചയിച്ച കാര്യത്തില്‍ പ്രവാചകന് യാതൊരു വിഷമവും തോന്നേണ്ടതില്ല. മുമ്പ് കഴിഞ്ഞുപോയിട്ടുള്ളവരില്‍ അല്ലാഹു നടപ്പിലാക്കിയ നടപടിക്രമം തന്നെയത്. അല്ലാഹുവിന്റെ കല്പന കണിശമായ വിധിയാകുന്നു.’
പ്രവാചകനും സെയ്‌നബും തമ്മിലുള്ള വിവാഹം നടന്നു. ‘സ്വന്തം ബന്ധുക്കളാണ് നിങ്ങളെയൊക്കെ പ്രവാചകന് വിവാഹം ചെയ്തുകൊടുത്തുത്, എന്നെ ഏഴാകാശങ്ങള്‍പ്പുറത്തുനിന്ന് അല്ലാഹുവാണ് അദ്ദേഹത്തിനു വിവാഹം ചെയ്തുകൊടുത്തത്,’ എന്ന് വിവാഹത്തിനുശേഷം സെയ്‌നബ് സഹകളത്രകളോട് അഭിമാനപൂര്‍വ്വം പറയാറുണ്ടായിരുന്നു. പുരുഷന് വിവാഹം കഴിക്കാനുള്ള നാല് ഭാര്യമാര്‍ എന്ന പരിധി പ്രവാചകന് ബാധകമല്ല എന്ന പാഠവും ഇവിടെ പഠിപ്പിക്കപ്പെട്ടു. സെയ്‌നബടക്കം അദ്ദേഹത്തിന് നിലവില്‍ അഞ്ച് പേര്‍ ഭാര്യമാരായുണ്ടല്ലോ.
പ്രവാചകനും സെയ്‌നബും തമ്മിലുള്ള വിവാഹം നടന്നതോടെ അദ്ദേഹം ഭയപ്പെട്ടതുതന്നെ സംഭവിക്കുകയായിരുന്നു. മദീനയിലെ അപവാദപ്രചാരകരുടെയും പരദൂഷകരുടെയും മാത്രമല്ല, ലോകത്തെമ്പാടും പിന്നീട് ജന്മമെടുക്കാനിരിക്കുന്ന കാഥികരുടെയും ദുഷ്പ്രചാരകരുടെയും ഇഷ്ടവിഷയമായി മാറാന്‍ മാത്രമുള്ള ശക്തിവഹിക്കുന്നുണ്ടായിരുന്നു ഈ വിവാഹം. മുഹമ്മദ് സ്വന്തം പുത്രനെക്കൊണ്ട് അയാളുടെ ഭാര്യയെ വിവാഹമോചനം ചെയ്യിച്ച് മരുമകളെ തന്റെ ഭാര്യയാക്കിയിരിക്കുന്നുവെന്നും അയാള്‍ അഗമ്യഗാമിയാണെന്നും മഹത്തായ അറബ് മൂല്യങ്ങളെ തന്റെ കാമനകള്‍ക്കുവേണ്ടി ബലികഴിച്ചിരിക്കുകയാണെന്നുമുള്ള യഹൂദരും വിശ്വാസനാട്യക്കാരും അവിശ്വാസികളായ അറബികളും അഴിച്ചുവിട്ട നിര്‍ദ്ദയമായ അപാദം പ്രചണ്ഡവാതംപോലെ നാടായ നാടുകളില്‍ മുഴുവന്‍ പ്രചരിച്ചു. ഊഹപടലങ്ങളിലൂടെ നൂണ്ടുകടന്ന ഇല്ലാക്കഥകള്‍ സഭ്യതയുടെ സീമാന്തരേഖകളെ നിഷ്‌കരുണം ഉല്ലംഘിച്ചു. മനുഷ്യത്വത്തിന്റെ പരിപൂര്‍ത്തിയായ പ്രാവചകന്‍ അന്തരാ വ്യഥിതനായി.
(ചരിത്ര സംഭവങ്ങളുടെ ആസ്വാദനമാണിത്, ചരിത്രരേഖയല്ല.)
No comments yet.