നബിചരിത്രത്തിന്റെ ഓരത്ത് -82

//നബിചരിത്രത്തിന്റെ ഓരത്ത് -82
//നബിചരിത്രത്തിന്റെ ഓരത്ത് -82
സർഗാത്മക രചനകൾ

നബിചരിത്രത്തിന്റെ ഓരത്ത് -82

ചരിത്രാസ്വാദനം

ദൂമതുല്‍ജന്ദല്‍

മദീനയ്ക്ക് വീണ്ടും സമാധാനത്തിന്റെ ഒരു മാസക്കാലത്തെ ഇടവേള. അതിനിടയിലാണ് നഗരത്തില്‍ നിന്ന് മുന്നൂറ് നാഴിക വടക്കുമാറി, പേർഷ്യന്‍ ഉള്‍ക്കടലിനും ചെങ്കടലിനും മധ്യേ, ഹിജാസ്, ഷാം ദേശങ്ങള്‍ അതിരു പങ്കിടുന്ന ദൂമതുല്‍ജന്ദല്‍ മരുപ്പച്ചയില്‍ നിന്ന് അസുഖകരമായ ചില വിവരങ്ങള്‍ വന്നെത്തുന്നത്. കെല്‍ബ് ഗോത്രജരായ കൊള്ളക്കാരുടെ ശല്യം അനുദിനം കടുത്തുവരുന്നു. എണ്ണയും ധാന്യപ്പൊടികളുമടങ്ങുന്ന ഭക്ഷ്യവസ്തുക്കളുമായി ഷാമില്‍നിന്ന് മദീനയിലേക്കു പോകുന്ന വണിക്‌സംഘങ്ങളെ ഒന്നിലധികം തവണയവര്‍ പതിയിരുന്നാക്രമിച്ചിരിക്കുന്നു. വഴിയാത്രക്കാരും പലപ്പോഴായി കൊള്ളയടിക്കപ്പെട്ടു. ഈ നില തുടര്‍ന്നാല്‍ വാണിജ്യപാതയിലെ സുരക്ഷിതത്വം പഴങ്കഥയാകാന്‍ അധിക കാലമെടുക്കില്ല.

അതിനിടെ മറ്റൊരു വാര്‍ത്തകൂടി വന്നിട്ടുണ്ട്. കെല്‍ബ് അടക്കമുള്ള, മേഖലയിലെ ഗോത്രങ്ങള്‍ കുറയ്ഷികളുമായി പരസ്പരസഹകരണത്തിനുള്ള കരാറിലേര്‍പ്പെട്ടിരിക്കുന്നു. എന്നുവച്ചാല്‍, കുറയ്ഷ് പദ്ധതിയിടുന്ന മദീനയ്ക്കുനേരെയുള്ള വമ്പിച്ച പടനീക്കം നടക്കുമ്പോള്‍ വടക്കുനിന്ന് കെല്‍ബ് പിടിമുറുക്കും. നിലനില്പിനും നാശത്തിനുമിടയില്‍ തൂങ്ങിനില്ക്കുന്ന അപകടം പ്രവാചകനെയും അനുയായികളെയും ജാഗ്രത്താക്കിയിരിക്കുന്നു. കെല്‍ബുകാരെ നിലയ്ക്കുനിര്‍ത്തുകയല്ലാതെ മാര്‍ഗമില്ല എന്ന തീരുമാനപ്രകാരം ആയിരം പേരടങ്ങുന്ന ദ്രുതസേനയെ ദൂമതുല്‍ജന്ദലിലേക്ക് പ്രവാചകന്‍ നയിച്ചു. നടക്കാന്‍ പോകുന്ന മിന്നലാക്രമണത്തിന്റെ പ്രത്യക്ഷ ലക്ഷ്യം കൊള്ളസംഘത്തെ തുരത്തുക എന്നതാണെങ്കിലും അറേബ്യയില്‍ അതിദ്രുതം വളര്‍ന്നുവരുന്നൊരു പുതുശക്തിയുടെ സാന്നിധ്യം വടക്കന്‍ ഗോത്രങ്ങളെ ബോധ്യപ്പെടുത്തുക എന്ന വലിയൊരു രാഷ്ട്രീയ തന്ത്രംകൂടി അതില്‍ അന്തര്‍ലീനമാണ്. പകല്‍ ഒളിഞ്ഞിരുന്നും രാത്രി സഞ്ചരിച്ചും പതിനാറ് ദിനങ്ങള്‍ക്കുശേഷം അവര്‍ റോമാക്കാരുടെ അതിര്‍ത്തിയുടെ മുപ്പത്തിയാറ് നാഴിക അടുത്തെത്തി. തങ്ങളുമായി അതിരുപങ്കിടുന്ന ഹിജാസില്‍ രൂപപ്പെട്ടുവരുന്ന കരുത്തുറ്റൊരു രാഷ്ട്രീയ ശക്തിയുടെ ഉദയം റോമാക്കാരെ അറീക്കുകകൂടിയായിരുന്നില്ല ഈ മിന്നലാക്രമണത്തിന്റെ ലക്ഷ്യമെന്നാരറിഞ്ഞു !

പുറത്തുനിന്നുള്ള ആക്രമണങ്ങള്‍ക്ക് എളുപ്പത്തില്‍ വിധേയമാവുക എന്ന അവസ്ഥ യസ്‌രിബിന്റെ വിഹിതത്തില്‍ നിന്ന് അപ്രത്യക്ഷമായിരിക്കുന്നു. മദീനയുടെ പൂര്‍വകാല ദൗര്‍ബല്യത്തിന്റെയും ക്ഷിപ്രവശംവദത്വത്തിന്റെയും സ്ഥാനം ഇന്ന് അസാമാന്യ പ്രഹരശേഷിയുള്ളതും അത്യന്തം ശീഘ്രഗതവും ഇഴയടുപ്പത്തോടെ നെയ്‌തെടുക്കപ്പെട്ടതുമായൊരു വിപുലീകരണ ശക്തി കയ്യടക്കിയിരിക്കുന്നു. ആ ശക്തിയെ അറേബ്യ ഇന്ന് ഭയപ്പെടുന്നു, ആദരിക്കുന്നു. ആക്രമണമാണ് ഏറ്റവും നല്ല പ്രതിരോധമെന്ന് മനസ്സിലാക്കിയ സമൂഹമാണവരുടേത്. മുഹമ്മദിന്റെയും അനുയായികളുടെയും പോരാട്ടവീര്യവും കരുത്തും തെളിയിക്കുന്ന പര്യടനമാണിത്. നാഴികകള്‍ക്കപ്പുറത്ത് കിടക്കുന്ന ദൂമതുല്‍ജന്ദല്‍ പ്രദേശത്തെ കലാപകാരികള്‍ പ്രവാചകന്റെയും സംഘത്തിന്റെയും വരവറിഞ്ഞതോടെതന്നെ ഉള്‍നാടുകളിലേക്ക് പിന്‍വലിഞ്ഞുവെങ്കില്‍, മേഖലയില്‍ ഇതിനകം മദീന നേടിയെടുത്തിരിക്കുന്ന വിപുലമായ പ്രഭാവം മനസ്സിലാക്കാവുന്നതേയുള്ളൂ. മുഹമ്മദ് എന്ന നാമം കേള്‍ക്കുന്ന മാത്രയില്‍ ഉപദ്വീപിലെ കലാപകാരികളും കൊള്ളക്കാരുമായ ഗോത്രങ്ങളുടെ സംഘടിത മനസ്സിലൂടെ അതീവ ഭയപ്പാടിന്റെ വിദ്യുല്ലത പാഞ്ഞു. തിരിച്ച് മദീനയിലേക്കുള്ള വഴിയില്‍ ഗത്ഫാന്‍ ഗോത്രങ്ങളിലൊന്നായ ഫസാറ ഉപഗോത്രത്തിന്റെ നിരാര്‍ദ്രനായ യുദ്ധപ്രഭുവും തലയാളുമായ ഉയയ്‌ന ബിന്‍ ഹിസ്ന്‍ പ്രവാചകനുമായി സന്ധിക്കുവരുന്നു. മദീനയുടെ പ്രാന്തങ്ങള്‍വരെയുള്ള പ്രദേശങ്ങളില്‍ തന്റെ കന്നുകാലികള്‍ക്ക് മേയാന്‍ അനുമതി നല്‍കണമെന്നയാള്‍ പ്രവാചകനോടഭ്യര്‍ത്ഥിച്ചു. പ്രദേശത്തിന്റെ അനിഷേധ്യനായ അധികാരിയായി പ്രവാചകന്‍ മാറുകയാണ്.

ഇതാണ് പുതുചരിത്രം രചിച്ചുകൊണ്ടിരിക്കുന്ന ആ സമൂഹത്തിന്റെ പുറമേക്കു ദൃശ്യമായ രാഷ്ട്രീയ സ്ഥിതിയെങ്കില്‍ കൂടുതല്‍ അടുത്തുനിന്ന് നിരീക്ഷിക്കാന്‍ പ്രാപ്തിയുളളവര്‍ക്കാകട്ടെ, പുറമേക്ക് കാണുന്നതിനെക്കാള്‍ ശതഗുണം കരുത്തുണ്ടായിരുന്നു അതിലെ അംഗങ്ങളുടെ ഉള്ളകങ്ങള്‍ക്ക്. ഏകദൈവത്വത്തിന്റെയും ഐകമത്യത്തിന്റെയും അസ്ഥിവാരത്തിനുമേല്‍ പടുത്തുയര്‍ത്തപ്പെട്ടതായിരുന്നു അവരുടെ ശക്തി. അതാകട്ടെ സ്വയം ഒരമാനുഷികമായ അത്ഭുതവുമാണ്. കുര്‍ആന്‍ അതിങ്ങനെ സംക്ഷേപിച്ചു: ‘അവരുടെ ഹൃത്തടങ്ങളെ പരസ്പരമവന്‍ ഇണക്കിച്ചേര്‍ക്കുകയും ചെയ്തിരിക്കുന്നു. ഭൂമിയിലുള്ളത് മുഴുവന്‍ ചെലവഴിക്കുകിലും അവരുടെ ഹൃദയങ്ങള്‍ തമ്മില്‍ ഇണക്കിച്ചേര്‍ക്കാന്‍ താങ്കള്‍ക്കാകുമായിരുന്നില്ല. എന്നാല്‍, അല്ലാഹു അവരെ തമ്മിലിണക്കിച്ചേര്‍ത്തിരിക്കുന്നു. അവന്‍ പ്രതാപിയും യുക്തിമാനുമാണ്, തീര്‍ച്ച.’

പ്രവാചകന്റെ സാന്നിധ്യമാണ് വിശ്വാസികള്‍ക്കിടയിലെ ഈ ഐക്യം സാധ്യമാക്കിയത്. ദിവ്യമായ ഇടപെടലിലൂടെ സാധാരണ മനുഷ്യന് ചെറുത്തുനില്പ് അസാധ്യമാക്കും വിധം കരുത്തുറ്റതായിരുന്നു ആ സാന്നിധ്യം. ‘എന്നോടുള്ള ഇഷ്ടം സ്വന്തം മകനോടോ, പിതാവിനോടോ, മുഴുവന്‍ മനുഷ്യരോടോ ഉള്ളതിനെക്കാള്‍ മികച്ചു നില്ക്കുന്നതുവരെ നിങ്ങളാരും വിശ്വാസികളാകുന്നില്ല,’ എന്ന് പ്രവാചകന്‍ പറയുന്നുണ്ട്. എന്നാലിത് സ്‌നേഹം നിര്‍ബന്ധപൂര്‍വം പിടിച്ചുവാങ്ങുന്ന മനോനിലയല്ല. നേരത്തെതന്നെ, ചരിത്രത്തില്‍ തുല്യതയില്ലാത്തവിധം അനുയായികളില്‍നിന്നദ്ദേഹത്തിന് സ്‌നേഹാദരങ്ങള്‍ ലഭിച്ചുകൊണ്ടിരിക്കുന്നുണ്ട്. ‘എന്റെ മാതാവും പിതാവും താങ്കള്‍ക്കുള്ള പണയമായിരിക്കട്ടെ’ എന്ന് എത്ര തവണയാണ് അനുയായികള്‍ നബിയോടുള്ള സ്‌നേഹാതിരേകത്താല്‍ പറഞ്ഞിട്ടുള്ളത്!

ശാമനകാലം പ്രവാചകന് വിശ്രമത്തിന്റെയോ, വെറുതെയിരിപ്പിന്റെയോ വേളയല്ല. ഒരു ദിനവും രാത്രിയുമടങ്ങുന്ന സമയത്തെ മൂന്നായി വിഭജിച്ച് മൂന്നിലൊന്ന് ആരാധനയ്ക്കും മൂന്നിലൊന്ന് അദ്ധ്വാനത്തിനും മൂന്നിലൊന്ന് കുടുംബത്തിനുമായി നീക്കിവച്ചിരിക്കുകയാണ്. ഉറങ്ങാനുമുണ്ണാനും വേണ്ടി നീക്കിവെക്കുന്നത് മൂന്നാമത്തെ ഓഹരിയില്‍നിന്നാണ്. ആരാധനയ്ക്കു നീക്കിവച്ച നേരമധികവും രാത്രികാലങ്ങളിലാണ് കടന്നുവരുന്നത്.

ആദ്യകാല വെളിപാടുകളില്‍ ദീര്‍ഘനേരത്തെ ആരാധന ഒരു മാതൃകയായി സ്ഥാപിക്കപ്പെട്ടിരുന്നു. ആ മാതൃക സ്വീകരിച്ചവരാകട്ടെ മക്കയിലെ ആത്മീയമായി സവിശേഷം തെരഞ്ഞെടുക്കപ്പെട്ട സമൂഹമായിരുന്നുതാനും. മദീനയിലും അത്തരം സവിശേഷ സമൂഹത്തിന്റെ സാന്നിധ്യമുണ്ട്. എന്നാല്‍, പുതുവിശ്വാസത്തിന്റെ അതിശീഘ്രമായ വളര്‍ച്ചയോടെ ഈ പ്രത്യേക വിഭാഗം ന്യൂനപക്ഷമായിത്തീര്‍ന്നു. ദീര്‍ഘനേര നമസ്‌കാരങ്ങള്‍ ലഘൂകരിച്ചുകൊണ്ട് ഇപ്പോള്‍ അവതീര്‍ണമായ സൂക്തങ്ങളില്‍ ഈ ന്യൂനപക്ഷം ‘താങ്കളോടൊപ്പമുള്ളവര്‍’ എന്നാണ് പരാമര്‍ശിക്കപ്പെട്ടിരിക്കുന്നത്. ‘താങ്കളും താങ്കളോടൊപ്പമുള്ളവരിലൊരു വിഭാഗവും രാവിന്റെ ഏകദേശം മൂന്നില്‍ രണ്ടു ഭാഗവും പകുതിയും മൂന്നിലൊന്നുമൊക്കെയായി നിന്നു നമസ്‌കരിക്കുന്നുണ്ടെന്ന് തീര്‍ച്ചയായും താങ്കളുടെ നാഥന്നറിയാം. അല്ലാഹുവാണ് ഇരവിനെയും പകലിനെയും തിട്ടപ്പെടുത്തുന്നത്. നിങ്ങള്‍ക്കത് ക്ലിപ്തപ്പെടുത്താനാവുകയില്ലെന്നവന്നറിയാം. അതിനാലവന്‍ നിങ്ങള്‍ക്കായി ഇളവു ചെയ്തിരിക്കുന്നു. ആകയാല്‍ നിങ്ങള്‍ക്കാകുന്നത് കുര്‍ആനില്‍ നിന്ന് പാരായണം ചെയ്തുകൊണ്ട് നമസ്‌കരിക്കുക. നിങ്ങളുടെ കൂട്ടത്തില്‍ രോഗികളും ഊഴിയിലൂടെ നടന്ന് അല്ലാഹുവിന്റെ അനുഗ്രഹം തേടിക്കൊണ്ടിരിക്കുന്ന വേറെച്ചിലരും, അല്ലാഹുവിന്റെ മാര്‍ഗത്തില്‍ യുദ്ധം ചെയ്യുന്ന മറ്റു ചിലരുമുണ്ടാകുമെന്ന് അല്ലാഹുവിന്നറിയാം. അതിനാല്‍ അതില്‍നിന്ന് സൗകര്യപ്പെടുന്നത് നിങ്ങള്‍ പാരായണം ചെയ്തുകൊള്ളുക, നമസ്‌കാരം നിലനിര്‍ത്തുക, സകാത്ത് നല്‍കുക, അല്ലാഹുവിന്ന് ഉത്തമമായ കടം നല്‍കുക. സ്വദേഹങ്ങള്‍ക്കുവേണ്ടി നിങ്ങള്‍ മുന്‍കൂട്ടിച്ചെയ്യുന്ന നന്മയൊക്കെയും അല്ലാഹുവിങ്കല്‍ ഗുണകരവും മഹത്തരമായ പ്രതിഫലമുള്ളതുമായി നിങ്ങള്‍ക്കു കാണാം. നിങ്ങള്‍ അല്ലാഹുവോട് പാപവിമുക്തി തേടുക അല്ലാഹു ഏറെപ്പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു, തീര്‍ച്ച.’ എന്നാല്‍, കുര്‍ആന്‍ സവിശേഷം പ്രതിപാദിച്ചവര്‍ പഴയതുപോലെ, രാത്രിയില്‍ സുദീര്‍ഘം നമസ്‌കരിച്ചു. രാവിന്റെ അവസാന മൂന്നിലൊന്ന് യാമങ്ങളാണതിനേറ്റവും മികച്ചതെന്ന് പ്രവാചകന്‍ എടുത്തുപറഞ്ഞു.

ആരാധനയ്ക്കും ജോലിക്കും കുടുംബത്തിനുമിടയിലെ സമയത്തിന്റെ വീതംവെപ്പ് തുല്യമായിരുന്നില്ല. കുടുംബത്തില്‍ പ്രവാചകനു മാത്രമായി മുറികളൊന്നുമില്ല. ഓരോ ഭാര്യമാരുടെയടുത്തും തങ്ങാന്‍ നിശ്ചയിക്കപ്പെട്ട ദിവസങ്ങളില്‍ പ്രവാചകന്‍ അവരുടെ താമസസ്ഥലങ്ങളിലുണ്ടാകും. പകല്‍ സമയത്ത് അമ്മായി സഫിയയും സ്വന്തം പെണ്‍മക്കളും വീട്ടില്‍ സന്ദര്‍ശകരായെത്തും. അല്ലെങ്കില്‍ അദ്ദേഹം അവരെ അങ്ങോട്ടുചെന്ന് കാണും. ഫാത്വിമ വരുമ്പോള്‍ കൂടെ രണ്ടു മക്കളുമുണ്ടാകും. മൂത്തവന്‍ ഹസനിപ്പോള്‍ ഒന്നര വയസ്സ് പ്രായമുണ്ട്. കൊച്ചു മകള്‍ ഉമാമയെ പ്രവാചകന് എന്തൊരിഷ്ടമാണെന്നൊ! ഓര്‍ക്കുന്നില്ലേ, മക്കയില്‍നിന്നുള്ള പലായന വേളയില്‍ കുറയ്ഷ് വളഞ്ഞ് ഗതിമുട്ടിച്ച നേരത്ത് ഉമ്മ സെയ്‌നബിന്റെ മടിയിലിരുന്ന് ചിണുങ്ങിയ കുഞ്ഞു ഉമാമയെ? സെയ്‌നബ് പിതാവിനെ സന്ദര്‍ശിക്കാനെത്തുന്ന വേളയിലെല്ലാം ഉമാമ കൂടെയുണ്ടാകും. ഒന്നോ രണ്ടോ തവണ നബി അവളെയുമായി പള്ളിയില്‍ വന്നിട്ടുണ്ട്. അദ്ദേഹം കുര്‍ആന്‍ പാരായണം ചെയ്യുമ്പോള്‍ അവള്‍ അദ്ദേഹത്തിന്റെ തോളിലിരിക്കും. സുജൂദിലേക്ക് പോകുമ്പോള്‍ എടുത്തു നിലത്തുവെക്കും. വീണ്ടും നിവരുമ്പോള്‍ തോളില്‍തന്നെ വെക്കും.

സെയ്ദിന്റെയും ഉമ്മുഅയ്മന്റെയും മകന്‍ പതിനഞ്ചുകാരനായ ഉസാമയാണ് നബിയുടെ പ്രത്യേക വാത്സല്യമേറ്റുവാങ്ങിയ മറ്റൊരു ശിശു. അവന്റെ മാതാപിതാക്കളോടുള്ള സ്‌നേഹം മാത്രമല്ല, ഉസാമതന്നെയും നേടിയെടുത്തതായിരുന്നു ആ വാത്സല്യം. പൗത്രന്‍ എന്ന നിലയില്‍ അവനെ പലപ്പോഴും പ്രവാചകന്റെ ഭവനത്തിനു ചുറ്റിലുമായി കാണാം.

മക്കയില്‍വച്ചുതന്നെ പതിവാക്കിയതായിരുന്നു വൈകുന്നേരങ്ങളില്‍ അബൂബക്‌റിന്റെ വീട്ടിലേക്കുളള പ്രവാചകന്റെ സന്ദര്‍ശനം. ചിലപ്പോഴെല്ലാം നാടിന്റെ ഭരണാധിപന്റെ ജോലിയും കുടുംബത്തിനായി നീക്കിവച്ച സമയവും ഇഴപിരിഞ്ഞ് ഒന്നുതന്നെയാകാറുണ്ട്. പലപ്പോഴും അബൂബക്‌റുമായി അദ്ദേഹത്തിന് സംസാരിക്കാനുണ്ടാവുക രാജ്യകാര്യങ്ങളാകും. സെയ്ദിനോടൊപ്പവും മരുമക്കളായ അലിയോടും ഉസ്മാനോടുമെല്ലാമൊപ്പം അദ്ദേഹത്തിന് അക്കാര്യങ്ങള്‍ ചര്‍ച്ചചെയ്യേണ്ടതുണ്ടായിരുന്നു. പലപ്പോഴും ജോലിഭാരം അദ്ദേഹത്തിന്റെ ജീവിതത്തിലെ മൊത്തം സമയവും കവര്‍ന്നെടുത്തു. കാരണം, പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിലും സംശയങ്ങള്‍ക്ക് മറുപടി നല്‍കുന്നതിലും തര്‍ക്കങ്ങള്‍ പറഞ്ഞുതീര്‍ക്കുന്നതിലും പ്രവാചകന്റേതിന് സമശീര്‍ഷം നില്‍ക്കുന്ന ഒരു വ്യക്തിത്വവും മദീനയിലില്ല. മുഹമ്മദ് പ്രവാചകനാണെന്ന് വിശ്വസിച്ചിട്ടില്ലാത്തവരും, ദുരഭിമാനികളല്ലെങ്കില്‍, തങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം തേടി അദ്ദേഹത്തെ സമീപിച്ചു. മുസ്‌ലിംകളും പ്രദേശത്തെ യഹൂദരും തമ്മിലുള്ള വക്കാണങ്ങള്‍ അത്ര അപൂര്‍വമായിരുന്നില്ല. അസ്ഥാനത്തുള്ള ആവേശമായിരുന്നു പലപ്പോഴും ശണ്ഠകളിലെത്തിച്ചിരുന്നത്. ഒരിക്കല്‍, അദ്ദേഹത്തിന്റെ അന്‍സാരിയായ അനുചരന്‍ ഒരു യഹൂദനെ പ്രഹരിച്ചു. യഹൂദി ഉരുവിട്ട ഒരു സത്യവാചകമാണ് കാരണം. ‘സകല ലോകര്‍ക്കും ശ്രേഷ്ഠനായി മോശെയെ തെരഞ്ഞെടുത്തവനാരോ അവന്റെ പേരില്‍ സത്യം,’ എന്ന് യഹൂദി പറയുന്നതയാള്‍ കേട്ടു, അന്‍സാരിയെ അത് പ്രകോപിതനാക്കി, ‘പ്രവാചകന്‍ നമുക്കിടയില്‍ ജീവിച്ചിരിക്കെയാണോ താനിങ്ങനെ പറയുന്നത്,’ എന്ന് ചോദിച്ചതും അടിയും ഒപ്പം സംഭവിച്ചു. അഭിമാനം വ്രണപ്പെട്ട യഹൂദി നേരെ പ്രവാചക സന്നിധിയിലെത്തി പരാതി ബോധിപ്പിച്ചു. അദ്ദേഹം അന്‍സാരിയെ വിളിച്ചുവരുത്തി, അയാളങ്ങനെ ചെയ്‌തോ എന്നാരാഞ്ഞു. ‘ഇന്ന് അങ്ങാടിയില്‍വെച്ച്, ‘മൂസായെ സര്‍വ്വലോകര്‍ക്കും മേല്‍ ശ്രേഷ്ഠനാക്കിയവനാരോ അവന്‍തന്നെ സത്യം’ എന്ന് ഇയാള്‍ പറയുന്നതു കേട്ടപ്പോള്‍ എനിക്കു സഹിക്കാനായില്ല.’ അന്‍സാരി തന്റെ ഭാഗം ന്യായീകരിച്ചു. തനിക്കനുകൂലമായിരിക്കും പ്രവാചകന്റെ പ്രതികരണമെന്നാണയാള്‍ ഊഹിച്ചത്. എന്നാല്‍ കുറ്റസമ്മതം കേട്ടതോടെ പ്രവാചകന്റെ മുഖം കോപത്താല്‍ തുടുത്തു. അയാളെ രൂക്ഷമായി ഗുണദോഷിക്കുകയും ചെയ്തു.

ഒരുദിവസം, പേര്‍സ്യക്കാരനായ സല്‍മാന്‍ പ്രവാചകന്റെ പള്ളിയിലെത്തി, താന്‍ അഭിമുഖീകരിക്കുന്നൊരു വിഷയത്തിലയാള്‍ക്ക് നബിയുടെ ഉപദേശവും സഹായവും വേണം. ബനൂകുറയ്ദക്കാരനായ സല്‍മാന്റെ യജമാനന്‍, മദീനയുടെ ദക്ഷിണ ദിക്കിലുള്ള അയാളുടെ തോട്ടത്തിലെ കഠിനമായ ജോലികള്‍ അയാളെക്കൊണ്ട് ചെയ്യിക്കുന്നു. അതിനാല്‍ താന്‍ ഉള്‍പ്പെട്ട മുസ്‌ലിം സമൂഹവുമായി അയാള്‍ക്ക് ഇടപഴകലുകള്‍ നടത്താനാകുന്നില്ല. അതുകൊണ്ടുതന്നെ ബദ്‌റിലോ ഉഹുദിലോ ഇടക്കിടയുണ്ടാകുന്ന മറ്റേതെങ്കിലും ദൗത്യത്തിലോ പങ്കെടുക്കുക എന്ന പ്രശ്‌നം സല്‍മാനെ സംബന്ധിച്ചിടത്തോളം അചിന്ത്യമായിരുന്നു. ഈ അവസ്ഥയില്‍നിന്ന് അയാള്‍ക്ക് മുക്തിയില്ലേ? മോചനത്തിനായി താന്‍ എന്തു നല്‍കേണ്ടതുണ്ടെന്നയാള്‍ ഇതിനിടെ ദുരയുടെ ആള്‍രൂപമായ യജമാനനോട് ചോദിച്ച് മനസ്സിലാക്കിയിട്ടുണ്ട് സല്‍മാന്‍. അയാള്‍ക്ക് സ്വപ്‌നം കാണാന്‍ പോലും കഴിയാത്ത ഭീമമായ ദ്രവ്യമാണാവശ്യപ്പെടുന്നത്. നാല്പത് റാത്തല്‍ സ്വര്‍ണത്തിനു പുറമെ, മുന്നൂറ് ഈന്തപ്പന മരങ്ങള്‍ അയാളുടെ തോട്ടത്തില്‍ നട്ടുപിടിപ്പിക്കണം. ‘ഇപ്പറഞ്ഞത് മുഴുവന്‍ കൊടുക്കാമെന്നേറ്റെടുത്ത് നിങ്ങളുടെ യജമാനനുമായൊരു കരാര്‍ തയ്യാറാക്കുക,’ പ്രവാചകന്‍ പറഞ്ഞു. തുടര്‍ന്നദ്ദേഹം അനുചരരെ വിളിച്ച് ഈന്തപ്പനത്തൈകള്‍ നടുന്നതിനായി സല്‍മാനെ സഹായിക്കാനാവശ്യപ്പെട്ടു. അവരങ്ങനെതന്നെ ചെയ്തു. ഒരാള്‍ മുപ്പത് തൈകള്‍ നല്കിയപ്പോള്‍, മറ്റൊരാള്‍ ഇരുപത്, ഇനിയുമൊരാള്‍ പത്ത്, അങ്ങനെയങ്ങനെ… ‘ഇനി കുഴിവെട്ടുക,’ നബി സല്‍മാനോടു പറഞ്ഞു. അക്കാര്യത്തിലും വിശ്വാസികള്‍ സഹായിച്ചു. ഏതാനും നാഴിക നേരത്തിനുള്ളില്‍ മുന്നൂറു കുഴികള്‍ തയ്യാര്‍. മുന്നൂറ് തൈകളും പ്രവാചകന്‍ സ്വന്തം കൈകള്‍കൊണ്ടുതന്നെ നട്ടു. അവയെല്ലാം പിന്നീട് തഴച്ച് വളര്‍ന്നു. വിലയായി നിശ്ചയിച്ച സ്വര്‍ണം പ്രവാചകന്‍ സംഘടിപ്പിച്ചു നല്‍കുകയും ചെയ്തു. സല്‍മാന്‍ ഇപ്പോള്‍ സ്വതന്ത്രനായൊരു മനുഷ്യനാണ്. വരുംകാല ചരിത്രത്തില്‍ ഈ സല്‍മാനുവേണ്ടി കാലം പലതും കരുതിവച്ചിട്ടുണ്ട്.

(ചരിത്രസംഭവങ്ങളുടെ ആസ്വാദനമാണിത്, ചരിത്രരേഖയല്ല.)

print

No comments yet.

Leave a comment

Your email address will not be published.