നബിചരിത്രത്തിന്റെ ഓരത്ത് -8

//നബിചരിത്രത്തിന്റെ ഓരത്ത് -8
//നബിചരിത്രത്തിന്റെ ഓരത്ത് -8
സർഗാത്മക രചനകൾ

നബിചരിത്രത്തിന്റെ ഓരത്ത് -8

Print Now
ചരിത്രാസ്വാദനം

ഹലീമ

ബാദിയയില്‍ നിന്നുള്ള ചടച്ച് മെലിഞ്ഞ പെണ്ണുങ്ങള്‍ ചടച്ച് മെലിഞ്ഞ കഴുതപ്പുറത്തേറി മക്കയിലെത്തി. ഭര്‍ത്താക്കന്‍മാര്‍ അവരെ അനുഗമിച്ചു. അക്കൊല്ലം അവര്‍ വല്ലാതെ ക്ലേശിച്ചിരുന്നു. ഇരട്ടകളായി വന്ന വരള്‍ച്ചയും പട്ടിണിയും ക്ലേശങ്ങളെ ഗുണിച്ചു കൂട്ടി. പതിവുപോലെ അവര്‍ മക്കയിലെത്തിയിരിക്കുകയാണ്. കുലീനരും സമ്പന്നരുമായ കുറയ്ഷികളുടെ മക്കളെ മുലയൂട്ടാനായി നാട്ടിന്‍പുറങ്ങളിലേക്ക് കൊണ്ടുപോവുകയാണ് വരവിന്റെ ലക്ഷ്യം. അതുമുഖേന അവര്‍ ജീവിക്കാനുള്ള വക കണ്ടെത്തുന്നു.

ജനിച്ച് അധികം കഴിയുന്നതിനു മുമ്പ് ശിശുക്കളെ ബാദിയ എന്നു വിളിക്കപ്പെടുന്ന മരുഭൂമിയിലെ നാട്ടിന്‍പുറങ്ങളിലേക്കയക്കുന്നത് അറേബ്യന്‍ പട്ടണങ്ങളിലെ വലിയ കുടുംബങ്ങളിലെ പതിവു രീതിയാണ്. അവിടത്തെ സ്വച്ഛവും നിര്‍മലവുമായ അന്തരീക്ഷത്തില്‍ ഏതെങ്കിലും ബദവീ ഗോത്രത്തിന്റെ പരിലാളനയേറ്റ് വേണം ആ കുട്ടികള്‍ക്ക് വളരാന്‍. ബദവിപ്പെണ്ണുങ്ങള്‍ പട്ടണത്തില്‍ ചെന്ന് കൂട്ടിക്കൊണ്ടുവരുന്ന കുട്ടികള്‍ വളര്‍ത്തു മാതാക്കളുടെ കുട്ടികള്‍ക്കൊപ്പം മുലപ്പാലും മടിത്തട്ടും പങ്കിട്ട് ബാല്യം ആ നാട്ടിന്‍പുറത്തു കഴിച്ചുകൂട്ടുന്നു. പ്രാചീന നഗരമായ മക്കയും ഈ മുഖ്യധാരയില്‍ നിന്നൊഴിഞ്ഞുനിന്നില്ല; ഒഴിഞ്ഞു നില്‍ക്കാന്‍ കാരണവുമുണ്ടായിരുന്നില്ല.

നടപ്പുദീനങ്ങളും തജ്ജന്യമായ ശരീരശോഷണവും മക്കയിലെ ക്ഷണിക്കപ്പെടാത്ത പതിവു സന്ദര്‍ശകരായിരുന്നു; അതുകൊണ്ടുതന്നെ ശിശുമരണങ്ങള്‍ സാധാരണവും. ബാദിയകളിലെ സ്വച്ഛമായ വായുവും നിര്‍മലമായ വെള്ളവും മാത്രമായിരുന്നില്ല അറബികളെ തങ്ങളുടെ കുട്ടികളെ നാട്ടിന്‍പുറങ്ങളിലേക്കയക്കാന്‍ പ്രേരിപ്പിച്ചത്. അവരുടെ ശരീരത്തെ പരിരക്ഷിച്ചു നിര്‍ത്തിയതുപോലെ തന്നെ ആ അന്തരീക്ഷം അവരുടെ മനസ്സിനേയും പരിപോഷിപ്പിച്ചു.

കുറയ്ഷികള്‍തന്നെയും അടുത്തകാലം വരെ പിതാമഹന്‍ കുസയ്യ് മക്കയില്‍ സ്ഥിരം വീടുകള്‍ വെക്കാന്‍ അവരോടാവശ്യപ്പെടുന്നതുവരെ ഏതാണ്ട് ഒരുതരം നാടോടി ജീവിതമായിരുന്നു നയിച്ചിരുന്നത്. അതുകൊണ്ടുതന്നെയായിരിക്കാം പൂര്‍വജരുടെ അസ്ഥിരമായ ജീവിതരീതിയോട് ഓരോ കുറയ്ഷിയും എന്നും ആഭിമുഖ്യം പുലര്‍ത്തി.

സ്വാതന്ത്ര്യവും ആഭിജാത്യവും അഭേദ്യമായി ബന്ധപ്പെട്ടു കിടക്കുന്നു. നാടോടി സ്വതന്ത്രനാണ്. എന്നാല്‍, നഗരവാസി പരതന്ത്രനാണ്. അയാള്‍ ഒരു സ്ഥലത്ത് തളച്ചിടപ്പെടുന്നു; ഇന്നലെയും ഇന്നും നാളെയും. സമയത്തിന്റെ തടവുകാരനാണയാള്‍. ദൂഷ്യങ്ങളുടെ കേന്ദ്രസ്ഥാനമാണ് നഗരം. അലസതയും മെല്ലെപ്പോക്കും അവിടത്തെ ചുമരുകളുടെ നിഴലുകളില്‍ പോലും പടർന്നിരിക്കുന്നു. നഗരം, അവിടെയെത്തുന്നവന്റെ ഊര്‍ജ്ജസ്വലതയും ഉന്മേഷവും പിടിച്ചെടുത്ത് അത്ഭുതകരമായ വേഗത്തില്‍ അയാള്‍ക്ക് അകര്‍മണ്യതയും നിശ്ചലതയും സമ്മാനിക്കുന്നു. അവിടെ എല്ലാം വാടിക്കരിയുന്നു; ഭാഷപോലും- മനുഷ്യന്റെ ഏറ്റവും വിലപിടിപ്പുള്ള സൂക്ഷിപ്പുമുതല്‍.

വളരെ കുറച്ച് അറബികള്‍ക്കേ വായിക്കാനറിഞ്ഞുകൂടൂ. അതു നേടിയെടുക്കാന്‍ അവര്‍ കാര്യമായി മെനക്കെടാറുമില്ല. എന്നാല്‍, വാഗ്‌വിലാസത്തിന്റെ സൗരഭ്യം തങ്ങളുടെ മക്കള്‍ക്ക് വേണ്ടുവോളമുണ്ടായിക്കാണാന്‍ ആഗ്രഹിക്കാത്ത ഒരറബിയുമില്ല. ഒരാളുടെ വിലയും നിലയും വിലയിരുത്തപ്പെടുന്നത് അയാളുടെ വാഗ്‌വൈഭവം കൊണ്ടാണ്, വാഗ്‌വൈഭവത്തിന്റെ കിരീടമായിരുന്നു കവിത. സ്വന്തം കുടുംബത്തില്‍ ഒരു കവിയുണ്ടായിരിക്കുന്നത് തീര്‍ച്ചയായും അലങ്കാരം മാത്രമല്ല അഭിമാനവും, പലപ്പോഴും, ദുരഭിമാനവുമായിരുന്നു. നല്ല കവികള്‍ മിക്കവരും നാട്ടിന്‍പുറങ്ങളില്‍ നിന്നുള്ളവരായിരുന്നു. കാരണം, നാട്ടിന്‍പുറത്തെ സംസാരഭാഷ കവിതയുമായി ഒട്ടിനില്‍ക്കുന്നതാണ്. അഥവാ, നാട്ടിന്‍പുറത്തെ കാവ്യമയമായ അന്തരീക്ഷം അവരുടെ മനസ്സില്‍ കവിത വിടര്‍ത്തി.

ഈ പശ്ചാത് ഭൂമികയില്‍, മരുഭൂമിയുമായുള്ള തങ്ങളുടെ കരാര്‍ വര്‍ഷാവര്‍ഷം പുതുക്കേണ്ടതുണ്ട്. ശ്വസിക്കാന്‍ സ്വച്ഛമായ വായു, സംസാരിക്കാന്‍ നിര്‍മലമായ ഭാഷ, ആത്മാവിന് അതിരുകളില്ലാത്ത സ്വാതന്ത്യം. കുറയ്ഷി കുടുംബങ്ങളില്‍ നിന്നുള്ള കുട്ടികള്‍ പലപ്പോഴും എട്ടു വയസ്സുവരെ മരുഭൂമിയില്‍ ജീവിച്ചു. മുലകുടി ബന്ധം പൊക്കിള്‍കൊടി ബന്ധം പോലെ പവിത്രമായിരുന്നു അവര്‍ക്ക്.

കുട്ടികളെ പരിരക്ഷിക്കുന്നതിലും പരിപോഷിപ്പിക്കുന്നതിലും ചില കുടുംബങ്ങള്‍ പേരെടുത്തിട്ടുണ്ട്. ഹവാസിന്‍ ഗോത്രത്തിന്റെ ഉപശാഖയായ സഅദ്ബിന്‍ ബക്‌ര്‍ അക്കൂട്ടത്തിലൊന്നായിരുന്നു. മകനെ ഈ ഗോത്രക്കാരെ ഏല്‍പ്പിക്കണമെന്ന് ആമിന ആഗ്രഹിച്ചു.

മൂലയൂട്ടാനുമുള്ള കുഞ്ഞുങ്ങളെത്തേടി അവര്‍ ഇടക്കിടെ കുറയ്ഷി ഭവനങ്ങളിലെത്താറുണ്ട്. അധികം താമസിയാതെ അവര്‍ വീണ്ടും വന്നെത്തും.

അവര്‍ വന്നെത്തി. ഭർത്താക്കന്മാർ നേരെ കഅ്ബയിലെത്തി പ്രദക്ഷിണം ചെയ്തു. കുബേരരായ കുറയ്ഷികളുടെ കൺവെട്ടത്തിലെത്തി അവർ കാണെ നിലയിറപ്പിച്ചു. അന്നേരം അവരുടെ ഭാര്യമാർ നവജാത ശിശുക്കളുള്ള ഭവനങ്ങൾ കേറിയിറങ്ങി. മക്കയിലേക്കുള്ള അത്തവണത്തെ യാത്രയെക്കുറിച്ച് അക്കൂട്ടത്തില്‍ ഒരംഗമായിരുന്ന ഹലീമ; അബൂ ദുഐബിന്റെ മകള്‍ ഹലീമ വിവരിച്ചത് ‘അതൊരു വരള്‍ച്ചയുടെ വര്‍ഷമായിരുന്നു’ എന്ന മുഖവുരയോടെയാണ്. ഭര്‍ത്താവ് ഹാരിസിന്റെ അകമ്പടിയിൽ, ജനിച്ച് അധികം കഴിയാത്ത തന്റെ കൈക്കുഞ്ഞിനെയുമായാണവള്‍ അവിടെയെത്തുന്നത്. പട്ടിണികൊണ്ട് ചടച്ച് വെറികൊണ്ട ഒരു പെണ്‍കോലം. ഇനി അവള്‍തന്നെ പറയട്ടെ, ”ഞങ്ങളുടെ പക്കല്‍ ഒന്നുമുണ്ടായിരുന്നില്ല. ഒരു നരച്ച പെണ്‍കഴുതപ്പുറത്തേറി ഞാന്‍ യാത്രയായി. നേരെ നടക്കാന്‍ അതിനാകുമായിരുന്നില്ല. വേഗം കുറഞ്ഞ ആ കഴുത ഒപ്പമെത്താൻ സഹയാത്രികര്‍ക്ക് പലപ്പോഴും ദീര്‍ഘനേരം കാത്തിരിക്കേണ്ടിവന്നു. ഒരു തുള്ളി പോലും പാലു ചുരത്താത്ത പ്രായംചെന്ന ഒരു പെണ്ണൊട്ടകവും ഞങ്ങള്‍ക്കൊപ്പമുണ്ടായിരുന്നു”.

പിടഞ്ഞു തീർന്ന ഒരു പകലിനു ശേഷം രാവ് വന്നെത്തി. വല്ലാത്തൊരു കാളരാത്രിയായിരുന്നുവത്രെ അത്. നിദ്രയും സ്വപ്‌നവുമൊഴിഞ്ഞ ആ രാത്രിയിലുടനീളം, അകത്തൊന്നും ചെല്ലാതെ മെലിഞ്ഞ് വിളറിയ ഞങ്ങളുടെ കുഞ്ഞ് കരഞ്ഞ് കരഞ്ഞ് ഞങ്ങളെ ഉണര്‍ത്തിക്കൊണ്ടിരുന്നു. എന്റെ നെഞ്ചില്‍ ഒരു തുള്ളിപോലും ജീവജലം കണ്ടെത്താനാവാതെ അവന്‍ വിശന്ന് നിലവിളിച്ചു.”

മധ്യാഹ്നങ്ങള്‍ വീണുരുകിയ മണല്‍പരപ്പുകളെ നോക്കി അവള്‍ നിസ്സഹായയായി നിന്നു. ധൂസരമായ ആകാശപ്പരപ്പിലൂടെ അലക്ഷ്യം പാറിനടക്കുന്ന വന്ധ്യമേഘങ്ങള്‍ പെട്ടെന്ന് കനത്ത് മഴ പെയ്‌തെങ്കിലോ എന്ന വിദൂരസാധ്യമായ ഒരഭിലാഷമല്ലാതെ മറ്റൊരു പ്രതീക്ഷയുമില്ല. അതുമുഖേന ഒട്ടകത്തിന്റെ അകിടൊന്ന് തുടുക്കുകയും കഴുതയുടെ ക്ഷീണം തെല്ലൊന്ന് ശമിക്കുകയും ചെയ്‌തെങ്കിലോ. അത് വ്യര്‍ത്ഥ പ്രതീക്ഷയായിരുന്നു. ഒരു മഴത്തുള്ളിപോലും കനിയാതെ അവര്‍ മക്കയിലെത്തി.

കുറയ്ഷി ഭവനങ്ങളിലെത്തിയ ഓരോ മാതാവിനോടും തന്റെ മകനെ വളര്‍ത്താനായി നല്‍കാമെന്ന് ആമിന പറഞ്ഞു നോക്കി. അവര്‍ക്കാകട്ടെ ഒരനാഥ ശിശുവില്‍ യാതൊരു താല്‍പര്യവുമുണ്ടായിരുന്നില്ല. ഹലീമയും ആ അനാഥക്കുട്ടിയെപ്പറ്റി കേട്ടു. അവളും ശങ്കിച്ചു. കുട്ടി അനാഥനാണ്. അവനെ സ്വീകരിച്ചിട്ട് പ്രതിഫലമായി എന്തു ലഭിക്കാൻ! പിതാമഹന്‍ പ്രസിദ്ധനും ഉദാരനുമാണെന്നത് ശരി. പക്ഷേ, വയോധികനായ അബ്ദുല്‍ മുത്തലിബ് എത്രകാലം ആയുസ്സോടെയിരിക്കും, അദ്ദേഹത്തിന്റെ മരണശേഷം മക്കളായിരിക്കും അനന്തരാവകാശികള്‍; പേരക്കിടാവായിരിക്കില്ല. ഒരുപാട് മക്കളുള്ള അദ്ദേഹത്തിന് ഈയൊരു പേരക്കിടാവ് മാത്രമല്ല ഉള്ളത്. ആമിനയോ? അവള്‍ അനാഥയും തികഞ്ഞ ദരിദ്രയും. സമ്പാദിച്ച് വല്ലതും നേടുന്നതിനുള്ള പ്രായമാകുന്നതിനു മുമ്പുതന്നെ കുട്ടിയുടെ പിതാവ് മരണപ്പെട്ടിട്ടുമുണ്ടത്രെ! അയാള്‍ തന്റെ മകനുവേണ്ടി അവശേഷിപ്പിച്ചിരിക്കുന്നത് അഞ്ചൊട്ടകങ്ങളേയും ഏതാനും ആടുകളേയും ഒരടിയാത്തിപ്പെണ്ണിനെയുമാണ്. അബ്ദുല്ലയുടെ മകന്‍, തീര്‍ച്ചയായും, ഒരാഭിജാത കുടുംബത്തിലെ ഓമനയാണ്. എന്നാൽ, മുലയൂട്ടാൻ ശിശുക്കളെത്തേടിയിറങ്ങിയ ബദവിപ്പെണ്ണുങ്ങള്‍ അക്കൊല്ലം കണ്ട ഏറ്റവും ദരിദ്രനായ ശിശുവും അവൻ തന്നെ.

മറുവശത്ത്, വളര്‍ത്തുരക്ഷിതാക്കള്‍ ധനികരാകണമെന്നില്ല. എന്നാല്‍ അവര്‍ തീരെ ദരിദ്രരായിക്കൂടാ. ഹലീമയും ഭര്‍ത്താവും അക്കൊല്ലം മുലക്കുഞ്ഞുങ്ങളെത്തേടി മക്കയിലെത്തിയവരില്‍ വെച്ചേറ്റവും ദരിദ്രരായിരുന്നുവെന്ന് പറഞ്ഞറിയിക്കേണ്ടിയിരുന്നില്ല. ഹലീമയ്ക്കും മറ്റൊരുത്തിക്കുമിടയില്‍ ഒരു തെരഞ്ഞെടുപ്പ് വേണ്ടിവന്നപ്പോഴെല്ലാം അപര തെരഞ്ഞെടുക്കപ്പെട്ടു. ഇത് തന്റെ വിധി വിഹിതമെന്നോര്‍ത്ത് അവള്‍ നെടുവീര്‍പ്പിട്ടു. സഅദ് ഗോത്രക്കാരായ പെണ്ണുങ്ങള്‍ക്കെല്ലാം വളര്‍ത്താനായി ഓരോ കുഞ്ഞിനെ ലഭിച്ചു, അഥവാ, മക്കയിലെ കുഞ്ഞുങ്ങളെല്ലാം ഏറ്റെടുക്കപ്പെട്ടു. ദരിദ്രരില്‍ ദരിദ്രയായ പാവം ഹലീമയ്ക്കു മാത്രം കുഞ്ഞിനെ ലഭിച്ചില്ല. ദരിദ്രരില്‍ ദരിദ്രനായ പൈതലിനു മാത്രം പോറ്റമ്മയെ ലഭിച്ചില്ല. ഹലീമയും ആമിനയും അവരവരുടെ ഉദാസീനമായ കാത്തിരിപ്പ് ഇനിയും അവസാനിപ്പിച്ചിട്ടുമില്ല. ഹലീമയും ഭര്‍ത്താവ് ഹാരിസും പ്രതീക്ഷാനാളത്തിന്റെ അവസാന ദീപ്തിയും വറ്റി മക്ക വിടാനൊരുങ്ങുകയാണ്. ഏതോ ഉള്‍വിളിയാലെന്ന പോലെ അവള്‍ ഭര്‍ത്താവിനോട് പറഞ്ഞു, ”മുലയൂട്ടാനായി ഒരു കുഞ്ഞിനെ ലഭിക്കാതെ ഞാന്‍ ബാദിയയിലേക്കില്ല. ഞാന്‍ ആ അനാഥ ശിശുവിനെ ഏറ്റെടുക്കാന്‍ പോവുകയാണ്.”

“എങ്കിലങ്ങനെ” – ഹാരിസ് പറഞ്ഞു.

അവള്‍ ചെന്നു. പരശ്ശതം വേദനകള്‍ സമ്മാനിച്ച ഒരു യുദ്ധത്തിലെ നഷ്ടാവശിഷ്ടം പോലെ ആ കുഞ്ഞിനെ ഏറ്റുവാങ്ങി അവൾ ഭര്‍ത്താവിന്റടുത്ത് തിരിച്ചെത്തി. അവന്‍ അവളുടെ മുലത്തടത്തില്‍ ജീവജലം തേടിയതും ഹലീമയുടെ മാറിടം നിറഞ്ഞു. അവള്‍ കുഞ്ഞില്‍ ഏതോ അസാധാരണത്വത്തിന്റെ സാന്നിധ്യം അറിഞ്ഞുവോ! അവന്‍ വയറു നിറയെ കുടിച്ചു; അവളുടെ സ്വന്തം മകന്‍ ഇതാദ്യമായി മതിവരുവോളം കുടിച്ചു. ഇരുവരേയും തളീർകാറ്റ് പോലെയുള്ള ഉറക്കം ഏറ്റുവാങ്ങി. ശുഭകാര്യങ്ങളുടെ വെളിച്ചം അന്തരീക്ഷത്തില്‍ നിറഞ്ഞു. ഹാരിസ് വയസ്സായ ആ പെണ്ണൊട്ടകത്തിനടുത്തെത്തി. അത്ഭുതം എന്നല്ലാതെന്തു പറയാന്‍, അതിന്റെ അകിട് നിറഞ്ഞു തൂങ്ങിയിരിക്കുന്നു. അയാള്‍ അത്ഭുതസ്മിതനായി നിന്നു, ശേഷം അതിനെ കറന്നു. ഹലീമയോടൊപ്പം ആ പാല്‍ കുടിച്ചു. ഇനി ഒരു തുള്ളിപോലും അകത്താക്കാനാകാത്ത വിധം അവരുടെ വിരൽതുമ്പു വരെ നിറഞ്ഞു, ദാഹമകന്നു, വിശപ്പടങ്ങി. ഇരുവരും അനുഗൃഹീതമായൊരു സുന്ദര രാവിന്റെ കനിവറിഞ്ഞു. ഉണ്ടുറങ്ങിയൊരു രാവിന്റെ നിറഞ്ഞ സംതൃപ്തിയില്‍ പിറ്റേന്ന് പ്രഭാതത്തില്‍ ഹാരിസ് പത്‌നിയോട് പറഞ്ഞു. ”ഹലീമാ, നീ കൊണ്ടുവന്ന കുഞ്ഞ് ആകാശത്തിരിക്കുന്നവന്‍ കനിഞ്ഞനുഗ്രഹിച്ചവനാണ്.”

“എനിക്കും അങ്ങനെ തോന്നുന്നു.”, അവള്‍ പറഞ്ഞു.

നിറഞ്ഞു തൂവിയ അനുഗ്രഹത്തിന്റെ അടങ്ങാത്ത വര്‍ഷാമൃതപാതത്തില്‍ കൃതജ്ഞരായി അവർ ബാദിയയിലേക്ക് പുറപ്പെട്ടു. ആ നരച്ച പെണ്‍കഴുത സഹയാത്രികരെ ബഹുദൂരം പിന്നിലാക്കി; കൂട്ടത്തിലെ ഒരൊറ്റ മൃഗത്തിനും അതിനോടൊപ്പം ചുവടുപിടിക്കാനായില്ല.

”ഹലീമാ, ഞങ്ങളെ കാത്തുനില്‍ക്കൂ, ഈ കഴുതയെതന്നെയല്ലേ അങ്ങോട്ടു പോയപ്പോള്‍ ഞങ്ങള്‍ കാത്തുനിന്ന് മടുത്തത്?”

”തീര്‍ച്ചയായും അതുതന്നെ.”

”എങ്കില്‍ ഏതോ അത്ഭുതം നിന്നെ പൊതിഞ്ഞിരിക്കുന്നു.” – അവര്‍ പറഞ്ഞു.

ആനന്ദോല്ലാസത്തിന്റെ അതിരുകളില്ലാത്ത അതീന്ദ്രിയ പഥങ്ങളിലൂടെ കുടുംബത്തോടൊപ്പം അവള്‍ യാത്ര ചെയ്തു.

(ഇത് ചരിത്രത്തിന്റെ ആസ്വാദനം മാത്രമാണ്; ചരിത്രരേഖയല്ല.)

വിഷയവുമായി ബന്ധപ്പെട്ട വീഡിയോ

No comments yet.

Leave a comment

Your email address will not be published.